തങ്ങളുടെ ഹിന്ദുത്വ അജൻഡ നടപ്പിലാക്കുന്നതിന് വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കുകയെന്നത് ആർഎസ്എസിനെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തതാണ്. ആർഎസ്എസിന്റെ രാഷ്ട്രീയമുഖമായ ജനസംഘം പിരിച്ചുവിട്ടാണ് അവർ ജനതാ പാർട്ടിയിൽ ചേർന്നത്. ജനസംഘം ജനതാ പാർട്ടിയിൽ ലയിച്ചെങ്കിലും ആർഎസ്എസ് സജീവമായി സ്വന്തം നിലയിൽ പ്രവർത്തിച്ചിരുന്നു. ജനതാ പാർട്ടിയിലെ ആർഎസ്എസുകാരായ അംഗങ്ങളിലൂടെ അവർ ഈ അജൻഡ നടപ്പാക്കാൻ ശ്രമിക്കുകയാണുണ്ടായത്.
ജനതാ ഗവൺമെന്റിന്റെ കാലത്ത് പിൻവാതിലിലൂടെ ആർഎസ്എസ് അജൻഡ നടപ്പാക്കാൻ നോക്കിയപ്പോഴാണ് ഇരട്ട അംഗത്വത്തിന്റെ പ്രശ്നം ഉയർന്നുവന്നത്. അത് ജനതാ പാർട്ടിയിലെയും ആ മുന്നണിയിലെയും മതനിരപേക്ഷ ശക്തികളോടുള്ള വെല്ലുവിളിയായി കണക്കാക്കപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് നുഴഞ്ഞുകയറാനും അങ്ങനെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ആധിപത്യം സ്ഥാപിക്കാനും ആർഎസ്എസ് നടത്തിയ ഗൂഢനീക്കമാണ് ജനതാ ഗവൺമെന്റിന്റെതന്നെ പതനത്തിന് വഴിയൊരുക്കിയത്.
പിന്നീട് കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തിയപ്പോഴെല്ലാം അവരുടെ മുഖ്യ അജൻഡകളിലൊന്ന് വിദ്യാഭ്യാസമേഖല പിടിച്ചടക്കലായിരുന്നു. പല സംസ്ഥാനത്തും ബിജെപി മാറി കോൺഗ്രസോ പ്രാദേശിക പാർട്ടികളോ അധികാരത്തിൽ എത്തിയപ്പോഴും ആർഎസ്എസ് അജൻഡയിൽ നിന്ന് പിന്നോട്ടു പോകാൻ തയ്യാറായില്ല.
എന്നാൽ, ഈ പ്രവണതയിൽനിന്നും വ്യത്യസ്തമായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് അധിനിവേശത്തെ ചെറുത്തുനിൽക്കാൻ ഇടതുപക്ഷ ശക്തികൾക്ക് കഴിഞ്ഞു. 2014 ൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതുമുതൽ ഗവർണർമാരിലൂടെ ആർഎസ്എസ് അജൻഡ അടിച്ചേൽപ്പിക്കാനുള്ള നീക്കംതുടങ്ങി. കഴിഞ്ഞ 10 വർഷവും എൽഡിഎഫിന് അതിനെ ചെറുക്കാൻ കഴിഞ്ഞു.
പക്ഷേ 2026 ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ ഈ സ്ഥിതി പാടെ മാറിയിരിക്കുകയാണ്. സർവകലാശാല വിസിമാരായും സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും നാമനിർദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധികളായും ആർഎസ്എസ് ആധിപത്യം സ്ഥാപിക്കാനുള്ള നീക്കം ആർഎസ്എസുകാരനായ ഗവർണർ ശക്തിപ്പെടുത്തിയിരിക്കുകയാണ്. യുഡിഎഫ് ഗവൺമെന്റ്- അതിനു വഴങ്ങി പഞ്ചപുച്ഛമടക്കി നിൽക്കുകയുമാണ്. ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പുയർത്തുന്ന പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തെ അടിച്ചമർത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് ഈ ലക്കത്തിൽ കവർസ്റ്റോറിയായി ഈ വിഷയം അവതരിപ്പിക്കുന്നത്. പിണറായി വിജയൻ, കെ.ജെ ജേക്കബ്, പി.എം മനോജ്, നിതീഷ് നാരായണൻ, ശ്രീജൻ ഭട്ടാചാര്യ, കെ. അനുശ്രീ, യു സുകേഷ്, മുഹമ്മദ് സുഹൈൽ, ആര്യ പ്രകാശ് എന്നിവരാണ് ലേഖകർ.
ഡോ. ടി എം തോമസ് ഐസക്



