കേരളത്തിന്റെ സ്വന്തം തുറമുഖമാണ് വിഴിഞ്ഞം. സ്വാതന്ത്ര്യപ്പിറവിക്കു മുൻപുതന്നെ വിഴിഞ്ഞത്തിന്റെ വികസന സാധ്യത കണ്ടറിഞ്ഞ് ചില വിദഗ്ദ്ധർ ഒരു തുറമുഖത്തിനു വേണ്ട പ്രകൃതിദത്തമായ സൗകര്യങ്ങൾ ഇവിടെയുണ്ടെന്ന് ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ അന്ന് സർക്കാർ തലത്തിൽ നടപടികളൊന്നുമുണ്ടായില്ല. എന്നാൽ കേരളപ്പിറവിയെ തുടർന്ന് കേരള വികസനം സംബന്ധിച്ച് 1956ൽ കമ്യൂണിസ്റ്റു പാർട്ടി തയ്യാറാക്കിയ രേഖയിലാണ് വിഴിഞ്ഞം പദ്ധതിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് വിഴിഞ്ഞം തുറമുഖ നിർമാണം ഇടംപിടിച്ചത്. എന്നാൽ വിമോചനസമരം തുടർനടപടികൾക്ക് തടസ്സമായി.
പിന്നീട് 1990കളിലാണ് വിഴിഞ്ഞം തുറമുഖം സംബന്ധിച്ച ചർച്ച വീണ്ടും സജീവമാകുന്നത്. 1996ൽ അധികാരത്തിൽ വന്ന നായനാർ ഗവൺമെന്റ് വിഴിഞ്ഞം തുറമുഖ നിർമാണത്തിനുവേണ്ട പ്രാഥമിക നടപടികൾക്ക് തുടക്കമിട്ടു. നിർമാണ കരാറിനുള്ള ടെൻഡർ ക്ഷണിക്കുന്നതിനും കേന്ദ്രസർക്കാരിന്റെ അനുമതി നേടുന്നതിനും വേണ്ട നടപടികൾ ആരംഭിച്ചു. എന്നാൽ തുടർന്നുവന്ന, യുഡിഎഫ് സർക്കാർ അക്കാര്യത്തിൽ തുടർനടപടികളൊന്നും സ്വീകരിക്കാതെ പദ്ധതി മുടക്കുന്ന നിലപാടാണ് സ്വീകരിച്ചത‍്.
2006ൽ വി എസിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരാണ് മുൻഗണന നൽകി വിഴിഞ്ഞം തുറമുഖത്തിനുവേണ്ട ടെൻഡർ ക്ഷണിക്കുകയും തുടർ നടപടികളിലേക്ക് കടക്കുകയും ചെയ്തത്. നിർമാണ കരാർ സൂം ഡെവലപ്പേഴ്സിന്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യത്തിന് നൽകുകയും സ്ഥലമെടുക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങുകയും ചെയ്തു. എന്നാൽ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രത്യേകിച്ചും പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണി, വിഴിഞ്ഞം കരാർ ഏറ്റെടുത്ത കൺസോർഷ്യത്തിൽ ഒരു ചെെനീസ് കമ്പനിയും ഉണ്ടെന്നും ഇത് സുരക്ഷാപ്രശ്നം സൃഷ്ടിക്കുമെന്നും പറഞ്ഞാണ് ആ കരാർ റദ്ദാക്കിയത്. ചെെനീസ് കമ്പനിയെ ഒഴിവാക്കി വീണ്ടും പുതിയ പദ്ധതി തയ്യാറാക്കി കേന്ദ്രാനുമതിക്കായി സമർപ്പിച്ചെങ്കിലും ജയ്റാം രമേശിന്റെ പരിസ്ഥിതി മന്ത്രാലയമാണ് തടസ്സവുമായെത്തിയത്. വിഴിഞ്ഞം തുറമുഖ പദ്ധതി തടസ്സപ്പെടുത്തുന്നതിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് കാര്യമായ പങ്കുണ്ടായിരുന്നുവെന്ന് വ്യക്തമാണ്.
എന്നാൽ ഏതു സാഹചര്യത്തിലും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു വി എസ് സർക്കാർ. അതിനുള്ള നടപടികളിലേർപ്പെടുകയും ചെയ്തു. 2011ലെ തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാർ വീണ്ടും നിഷ്-ക്രിയത്വത്തിൽ അമരുകയാണുണ്ടായത്.
സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും നേതൃത്വത്തിൽ നടന്ന നിരന്തര പ്രക്ഷോഭത്തെ തുടർന്നാണ് 2013 ഓടുകൂടി എന്തെങ്കിലും നടപടിക്ക് തുടക്കമിട്ടത്. അതുതന്നെ ഒച്ചിന്റെ വേഗതയിലും. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതോടെ മോദിയുടെയും ബിജെപിയുടെയും ഉറ്റവനായ അദാനി വിഴിഞ്ഞത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. അങ്ങനെയാണ് കേന്ദ്ര സർക്കാരിന്റെ കൂടി ഇടപെടലോടുകൂടി ഉമ്മൻചാണ്ടി സർക്കാർ കേരളത്തിന്റെ താൽപര്യങ്ങൾ ബലികഴിച്ചുകൊണ്ട് 2015 ആഗസ്തിൽ കരാറുണ്ടാക്കിയത്. അതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചത് സിപിഐ എം മാത്രമായിരുന്നില്ല, സിഎജി തന്നെ യുഡിഎഫ് സർക്കാരിനെ നിശിതമായി വിമർശിച്ചിട്ടുണ്ട്. 2016ൽ പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ അദാനിയുമായുള്ള കരാറിൽനിന്ന് പിന്മാറുന്നത് തുറമുഖ നിർമാണം പിന്നെയും വെെകിപ്പിക്കുമെന്നതും അത് കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാകും എന്നതുംകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത്.
പിണറായി സർക്കാർ വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ കാണിച്ച ജാഗ്രത മൂലം 2024ൽ പണിപൂർത്തിയാക്കി വിഴിഞ്ഞത്ത് കൂറ്റൻ ചരക്കുകപ്പലുകൾ അടുക്കുന്ന സ്ഥിതിയുണ്ടായി. പക്ഷേ, അതിന്റെ ലാഭം, 2015ലെ ഉമ്മൻചാണ്ടിക്കാലത്തെ കരാറിന്റെ പോരായ്മമൂലം, പൂർണമായും അദാനിക്കാണ് ലഭിക്കുന്നത്. ഇപ്പോൾ വി ഡി സതീശൻ സർക്കാർ അദാനിയുടെ ഓഹരി വിദേശ കമ്പനിക്ക് കെെവശം വെക്കാനുള്ള അനുമതിയും നൽകിയിരിക്കുകയാണ്; അഥവാ സർക്കാരിന്റെ അനുവാദമില്ലാതെ അദാനി ഓഹരി കെെമാറ്റം നടത്തിയിരിക്കുകയാണ്. ഇത് കേരളത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ നീക്കമാണ്. ഇതിനെതിരെ ഇടതുപക്ഷം ശക്തമായ ചെറുത്തുനിൽപ്പുയർത്തുന്നതും അതുകൊണ്ടുതന്നെയാണ്. ഈ പശ്ചാത്തലത്തിലാണ് ഞങ്ങൾ ഈ ലക്കം കവർസ്റ്റോറി വിഴിഞ്ഞം തുറമുഖം സംബന്ധിച്ച വിഷയമാക്കുന്നത്. പിണറായി വിജയൻ, ഡോ. ടി എം തോമസ് ഐസക്, വി നമശിവായം, ആർ രാംകുമാർ, ടി ബാലകൃഷ്ണൻ, ഡോ. ജയകുമാർ എന്നിവരാണ് എഴുതുന്നത്. l



