Thursday, August 13, 2026

ad

Homeകവര്‍സ്റ്റോറികേരളത്തിന്റെ വികസന സ്വപ്നങ്ങളെ അടിയറവെക്കുന്ന കോർപ്പറേറ്റ് - യുഡിഎഫ് ഒത്തുകളി

കേരളത്തിന്റെ വികസന സ്വപ്നങ്ങളെ അടിയറവെക്കുന്ന കോർപ്പറേറ്റ് – യുഡിഎഫ് ഒത്തുകളി

പിണറായി വിജയൻ

കേരളത്തിന്റെ വികസന ചരിത്രത്തിലെ സുവർണ അധ്യായമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ യുഡിഎഫ് സർക്കാർ കോർപ്പറേറ്റുകൾക്കും വിദേശ കുത്തകകൾക്കും മുന്നിൽ അടിയറവെക്കുകയാണ്. നാടിന്റെ വിഭവങ്ങളും ജനങ്ങളുടെ നികുതിപ്പണവും ഉപയോഗിച്ച് കഴിഞ്ഞ പത്തു വർഷംകൊണ്ട് നമ്മൾ നിശ്ചയദാർഢ്യത്തോടെ പടുത്തുയർത്തിയ തുറമുഖമാണ് യുഡിഎഫ് ഭരണത്തിലേറി രണ്ടാം മാസംതന്നെ അദാനി ഗ്രൂപ്പിന് തീറെഴുതി നൽകാനുള്ള ശ്രമങ്ങളുണ്ടാവുന്നത്. കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുന്നതിൽ ഇക്കഴിഞ്ഞ ദശകത്തിൽ എൽഡിഎഫ് സർക്കാർ എടുത്ത ഓരോ ചുവടും സൂക്ഷ്മതയോടെയും സുതാര്യതയോടെയും ആയിരുന്നു. നിരവധി വെല്ലുവിളികൾ തരണംചെയ്തുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാടിന് സമർപ്പിക്കാൻ കഴിഞ്ഞത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ ദൃഷ്ടാന്തമാണ്. ഇന്ത്യയിൽ തന്നെ ഇത്രയും ഭീമമായ നിക്ഷേപം ഒരു പോർട്ടിന്റെ വികസനത്തിൽ നടത്തിയ ആദ്യ സംസ്ഥാന സർക്കാരാണ് കേരളത്തിന്റേത്.

വിഴിഞ്ഞത്തെ ടെർമിനൽ വികസനം അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിലറ്റഡ് പൂർത്തീകരിക്കുമ്പോഴും അതടക്കമുള്ള വിഴിഞ്ഞം പോർട്ട് സമ്പൂർണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലാണ്. പി.പി.പി മാതൃകയിൽ (Design- Build- Finance- Operate- Transfer) അദാനി കമ്പനിക്ക് പോർട്ട് നിർമാണച്ചുമതലയും നിശ്ചിത കരാർ കാലയളവിൽ തുറമുഖത്തിന്റെ നടത്തിപ്പും പരിപാലന അധികാരവും മാത്രമാണുള്ളത്.

​​വിഴിഞ്ഞം പോർട്ടിന്റെ 49 ശതമാനം ഓഹരി കൈമാറുന്നതിൽ അദാനി ഗ്രൂപ്പ് സെബിയെ (SEBI) സമീപിച്ച വിവരം പുറത്തുവന്നിട്ടും, ഇതിനെതിരെ ശക്തമായ നിലപാടെടുക്കാൻ യുഡിഎഫ് സർക്കാർ മടിച്ചുനിൽക്കുകയാണ്. ​വിഴിഞ്ഞം പദ്ധതിക്കായി ഒപ്പിട്ട കൺസെഷൻ കരാറിലെ ക്ലോസ് 5.2, 5.3, 5.3.1 എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നത്. ഉടമസ്ഥാവകാശം മാറുന്നതിനോ, ഒറ്റയ്ക്കോ കൂട്ടായോ 25 ശതമാനത്തിനു മുകളിൽ ആർക്കെങ്കിലും ഓഹരി കൈമാറുന്നതിനോ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് കരാറിൽ കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ചിനും അപേക്ഷ നൽകിയിട്ടും ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാകാത്തതെന്താണ് എന്ന ചോദ്യമാണ് ഇന്നും ഉത്തരംകിട്ടാതെ തുടരുന്നത്.

സർക്കാരിന് ഓഹരി കൈമാറ്റത്തെപ്പറ്റി ഒരറിയിപ്പും ലഭിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ഈ വിഷയത്തെക്കുറിച്ച് അടിയന്തര സബ്മിഷൻ ഉന്നയിച്ചപ്പോൾ പറഞ്ഞത്. സംസ്ഥാന സർക്കാരിന് പുല്ലുവില പോലും കൽപ്പിക്കാതെ തങ്ങൾക്ക് തോന്നുംപടി എന്തുമാവാം എന്ന നിലയിലേക്ക് അദാനി ഗ്രൂപ്പ് എത്തിയത് യുഡിഎഫ് ഭരണകൂടം നൽകുന്ന വഴിവിട്ട സംരക്ഷണംകൊണ്ടാണ്. കച്ചവടം മുൻകൂട്ടി ഉറപ്പിച്ചതുകൊണ്ടാണ് അദാനി ഗ്രൂപ്പിന് ഈ ആത്മവിശ്വാസം ഉണ്ടായത് എന്ന് വ്യക്തമാണ്.

അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റ നീക്കത്തിൽ മുഖ്യമന്ത്രിയും സർക്കാരും പുലർത്തുന്ന സെലക്റ്റീവ് മൗനവും ലാഘവത്വവും അണിയറയിലെ ഒത്തുകളിയുടെ വ്യക്തമായ തെളിവാണ്. കൺസെഷൻ എഗ്രിമെന്റിലെ ക്ലോസ് 5 (9) പ്രകാരം വിഴിഞ്ഞം തുറമുഖത്തിന് 250 കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു തുറമുഖത്തിലും 25 ശതമാനത്തിലധികം ഓഹരി എടുക്കാൻ അദാനി കമ്പനിക്കോ സഹോദര സ്ഥാപനങ്ങൾക്കോ അധികാരമില്ല. മാത്രമല്ല, 250 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ സ്ഥിതിചെയ്യുന്ന സമീപ തുറമുഖങ്ങളിൽ 25 ശതമാനത്തിലധികം ഓഹരി ഉടമസ്ഥതയുള്ള ഒരു കമ്പനിക്കോ, വ്യക്തിക്കോ വിഴിഞ്ഞം തുറമുഖത്തിന്റെ 25 ശതമാനത്തിലധികം ഓഹരി വാങ്ങാനും അധികാരമില്ല.

എം.എസ്.സി കമ്പനിക്ക് വിഴിഞ്ഞത്തുനിന്ന് 187 കിലോമീറ്ററകലെ സ്ഥിതിചെയ്യുന്ന തൂത്തുക്കുടി തുറമുഖത്തിൽ ഒരു ടെർമിനലിന്റെ പൂർണ അവകാശമുണ്ട്. അതുകൊണ്ടുതന്നെ എം.എസ്.സിയുമായി ഒരുവിധ നീക്കുപോക്കിനും അദാനി ഗ്രൂപ്പിന് കഴിയില്ല. അത്തരം നിയമപരമല്ലാത്ത ഒരാവശ്യം മെയ് 4ന് ഭരണമാറ്റത്തിനു ശേഷം മാത്രമാണ് മുന്നോട്ടുകൊണ്ടുവന്നത് എന്ന് അദാനി ഗ്രൂപ്പ് സെബി മുമ്പാകെ സമർപ്പിച്ച രേഖകളിൽ നിന്നു വ്യക്തമാണ്.

ഈ കരാർ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നതിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. 08.07.2026-ന് ചേർന്ന മന്ത്രിസഭാ യോഗം ഈ വിഷയം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ധനകാര്യ, നിയമ, തുറമുഖം വകുപ്പുകൾ മുഖ്യമന്ത്രിയെത്തന്നെ കൈകാര്യം ചെയ്യുകയും തുറമുഖ വകുപ്പ് സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ സെക്രട്ടറി തന്നെ അവരോധിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരം കമ്മിറ്റികൾ പ്രഹസനമാണ് എന്നാരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ കരാർ ലംഘിച്ചുകൊണ്ട് ഇപ്പോൾ നടക്കുന്ന ഏകപക്ഷീയമായ ഓഹരി വിൽപ്പന തടയാൻ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ദേശീയ സുരക്ഷയും പൊതുജന താല്പര്യവും കണക്കിലെടുത്തു മാത്രമേ അനുമതി നൽകാനാവൂ എന്ന് കരാറിൽ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. നിലവിൽ ആർമി, നേവി, എയർഫോഴ്സ് തുടങ്ങി ഇന്ത്യയുടെ സായുധസേനകൾ വിഴിഞ്ഞത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുവാൻ അഭ്യർത്ഥിച്ചിരിക്കുന്നതും, അതിന് പോർട്ട് ഓപ്പറേറ്റർമാരായ അദാനി ഗ്രൂപ്പ് താല്പര്യമില്ലായ്മ പ്രകടിപ്പിച്ചിട്ടുള്ളതും ഇവിടെ കൂട്ടിവായിക്കണം.

​തുറമുഖം ഒരു കമ്പനിയുടെ മാത്രം കുത്തകയായാൽ നമ്മുടെ നാട്ടിലെ കയറ്റുമതിക്കാർക്ക് ആ കമ്പനിയുടെ കപ്പലുകളെയും അവർ നിശ്ചയിക്കുന്ന നിരക്കുകളെയും മാത്രം ആശ്രയിക്കേണ്ട ഗതികേടുണ്ടാകും. വിപണിയിലെ മത്സരക്ഷമത ഇല്ലാതാക്കുന്ന ഇത്തരം കുത്തകവൽക്കരണ നീക്കങ്ങൾക്ക് യുഡിഎഫ് സർക്കാർ കൂട്ടുനിൽക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളായ കോൺകോർ (CONCOR), സി.ഡബ്ല്യു.സി (CWC) എന്നിവയുമായി 5,000 കോടി രൂപയുടെ ധാരണാപത്രം എൽഡിഎഫ് സർക്കാർ ഒപ്പുവെച്ചിട്ടുള്ളതാണ്. ഒരു വിദേശ കുത്തക കമ്പനി വിഴിഞ്ഞം പിടിച്ചെടുത്താൽ ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് ലോജിസ്റ്റിക്സ് കമ്പനികൾക്കും നമ്മുടെ നാട്ടിൽ വളരാനുള്ള സാഹചര്യം ഇല്ലാതാകും എന്ന കാര്യവും വിസ്മരിക്കപ്പെട്ടുപോവരുത്.

​രാജ്യത്തെ നിർണായക പ്രധാന്യമുള്ള പശ്ചാത്തല സംവിധാനമായ വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ദേശീയ സുരക്ഷാ താല്പര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കൂടാതെ, 2035 മുതൽ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട വരുമാന വിഹിതത്തിൽ കൃത്രിമമായി കുറവു വരുത്താൻ ഇത്തരം കോർപ്പറേറ്റ് സാമ്പത്തിക ക്രമീകരണങ്ങൾ ഇടയാക്കും.

ഇന്ന് രാജ്യത്തിനുതന്നെ വലിയ മുതൽക്കൂട്ടായി മാറിയിരിക്കുന്ന വിഴിഞ്ഞം പോർട്ട്, ഒരു കുത്തകശക്തിയുടെയും വലയത്തിൽപ്പെടാതെ നമ്മുടെ നാടിനും ജനങ്ങൾക്കും ഉപകാരപ്രദമായി തുടർന്നും വളരണം എന്ന് ഉറപ്പുവരുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണ്. ​സംസ്ഥാന സർക്കാർ പ്രകടിപ്പിക്കേണ്ട ജാഗ്രത പ്രതിപക്ഷത്തിന് കാണിക്കേണ്ടിവരുന്നത് ഗവൺമെന്റിന്റെ വീഴ്ചയാണ് കാണിക്കുന്നത്.

വിഴിഞ്ഞം കേരളത്തിന്റെ ഭാവി വികസനത്തിന്റെ താക്കോലാണ്. അതിനെ ഒരു കമ്പനിയുടെയും കുത്തകയാക്കി മാറ്റാൻ എൽഡിഎഫ് അനുവദിക്കില്ല. അദാനിയുടെ നിയമലംഘനങ്ങൾക്ക് സംരക്ഷണം നൽകാനും സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ അടിയറവെക്കാനുമുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കങ്ങളെ പ്രതിപക്ഷം രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടും. നാടിന്റെ വികസനവും പൊതുസ്വത്തും സംരക്ഷിക്കാൻ പ്രബുദ്ധരായ കേരള ജനതയെ അണിനിരത്തിക്കൊണ്ട് ശക്തമായ ജനകീയ പ്രതിരോധം എൽഡിഎഫിന്റെ നേതൃത്വത്തിൽ ഉയർത്തുമെന്ന കാര്യം ഓർമിപ്പിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 3 =

Most Popular