Thursday, September 10, 2026

ad

Homeകവര്‍സ്റ്റോറിസംഘപരിവാറിന്‌ ബലാൽസംഗവും രാഷ്ട്രീയായുധം

സംഘപരിവാറിന്‌ ബലാൽസംഗവും രാഷ്ട്രീയായുധം

എം പ്രശാന്ത്

പെൺകുട്ടികൾ ബലാൽസംഗം ഇഷ്ടപ്പെടുന്നുവെന്ന പ്രസ്‌താവനയിലൂടെ സംഘപരിവാർ നേതാവ്‌ ടി ജി മോഹൻദാസ്‌ മുന്നോട്ടുവെയ്‌ക്കുന്നത്‌ മനുസ്‌മൃതിയുടെ സ്‌ത്രീവിരുദ്ധ ചിന്താധാരയാണ്‌. 200 ബിസി മുതൽ 300 എഡി വരെയുള്ള കാലഘട്ടങ്ങളിലായി ചിട്ടപ്പെടുത്തിയ മനുസ്‌മൃതിയെ ഹിന്ദുത്വ ജീവിതത്തിന്റെ ആധാരശിലയായാണ്‌ സംഘപരിവാറും തീവ്രഹിന്ദുത്വ വലതുപക്ഷവും പരിഗണിക്കുന്നത്‌. മനുസ്‌മൃതി അടിമുടി സ്‌ത്രീവിരുദ്ധമാണ്‌, ദളിത്‌ വിരുദ്ധവും.

പുരുഷൻമാരെ വശീകരിക്കുകയെന്നത്‌ സ്ത്രീകളുടെ സഹജമായ പ്രകൃതമാണെന്ന്‌ മനുസ്‌മൃതി അടിവരയിടുന്നു. പുരുഷൻമാരോടുള്ള അഭിനിവേശവും മാറിമറിയുന്ന മനോവികാരവും പ്രകൃതിദത്തമായ ഹൃദയശൂന്യതയുമെല്ലാം കാരണം സ്‌ത്രീകളെ എത്രയൊക്കെ ശ്രദ്ധാപൂർവ്വം സംരക്ഷിച്ചാലും അവർ ഭർത്താക്കൻമാരെ വഞ്ചിക്കുമെന്നാണ് മനുസ്‌മൃതി നിരീക്ഷിക്കുന്നത്. ‘നഃ സ്‌ത്രീ സ്വാതന്ത്ര്യമർഹതി’ എന്നതും മനുസ്‌മൃതിയിലെ ശ്രദ്ധേയമായ പ്രസ്‌താവനയാണ്‌.

രാത്രിയോ പകലെന്നോ വ്യത്യാസമില്ലാതെ പുരുഷൻമാരുടെ ആശ്രയത്വത്തിൽ സ്‌ത്രീകൾ കഴിയണം. സ്വന്തം വീടുകളിൽപോലും സ്‌ത്രീകൾക്ക്‌ സ്വാതന്ത്ര്യം അനുവദിക്കരുത്‌. സ്‌ത്രീയ്‌ക്ക്‌ വിവാഹമോചനത്തിന്‌ അവകാശമില്ല. സ്വത്തവകാശവുമില്ല. ശൂദ്രരെപോലെതന്നെ വേദം പഠിക്കാനുമവകാശമില്ല. വേദം പഠിക്കാത്തവരായതിനാൽ സ്‌ത്രീകൾ അശുദ്ധരാണ്‌. സ്‌ത്രീ നിലവും പുരുഷൻ വിത്തുമാണ്‌. ശരീരപ്രകൃതമുള്ള എല്ലാ ചരാചരങ്ങളും സൃഷ്ടിക്കപ്പെടുന്നത്‌ നിലവും വിത്തുമായുള്ള സമാഗമത്തിലൂടെയാണ്‌. ഇങ്ങനെ നീളുന്നു മനുസ്‌മൃതിയിലെ സ്‌ത്രീവിരുദ്ധത.

സ്ത്രീകളെ ഭോഗവസ്‌തുവായി മാത്രം കാണുന്ന മനുസ്‌മൃതിയിലെ കാഴ്‌ചപ്പാടുകളെയാണ്‌ മോഹൻദാസിനെ പോലുള്ള സംഘപരിവാർ നേതാക്കൾ പിൻപറ്റുന്നത്‌. ആർഎസ്‌എസ്‌ തലവനായിരുന്ന എം എസ്‌ ഗോൾവാൾക്കറും സംഘപരിവാർ ഏറെ ആദരിക്കുന്ന വി ഡി സവർക്കറുമെല്ലാം സമാനമായ നിരീക്ഷണങ്ങളും പ്രസ്‌താവനകളും നടത്തിയിട്ടുണ്ട്‌. ഇസ്ലാമികവിരുദ്ധതയാണ്‌ സവർക്കറുടെ മുഖമുദ്ര. ബലാൽസംഗത്തെ ഒരു രാഷ്ട്രീയായുധമായി ഉപയോഗിക്കാമെന്ന്‌ ഒരു മടിയുമില്ലാതെ സവർക്കർ പറഞ്ഞിട്ടുണ്ട്‌. 1966 ൽ മരിക്കുന്നതിന്‌ ഏതാനും വർഷം മുമ്പ്‌ മറാത്തിയിൽ എഴുതിയ ‘ഇന്ത്യൻ ചരിത്രത്തിന്റെ ആറ്‌ സുവർണ യുഗങ്ങൾ’ എന്ന പുസ്‌തകത്തിലാണ്‌ ബലാൽസംഗം എങ്ങനെ രാഷ്ട്രീയായുധമായി മാറുന്നുവെന്ന്‌ സവർക്കർ വിശദീകരിക്കുന്നത്‌.

മുസ്ലീം ഭരണാധികാരികൾ ജയിച്ച യുദ്ധങ്ങളിലെല്ലാം അവരുടെ സൈന്യം ഹിന്ദു സ്‌ത്രീകളെ കൂട്ടമായി തട്ടിക്കൊണ്ടുപോയി, ബലാൽസംഗത്തിനും മറ്റ്‌ പീഡനങ്ങൾക്കും ഇരയാക്കി അവരെ ഇസ്ലാം മതത്തിന്റെ ഭാഗമാക്കിയെന്ന്‌ സവർക്കർ അവകാശപ്പെടുന്നു. ഇന്ത്യയിൽ മുസ്ലീങ്ങളുടെ എണ്ണം വലിയതോതിൽ വർധിക്കാൻ ഇതൊരു കാരണമാണെന്നും സവർക്കർ പറയുന്നു. മറിച്ച്‌, ഹിന്ദു രാജാക്കൻമാർ ജയിച്ച യുദ്ധങ്ങളിൽ ഒരിക്കൽപോലും മുസ്ലീം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുകയോ അപമാനിക്കുകയോ ചെയ്‌തിരുന്നില്ലെന്ന്‌ സവർക്കർ പരിതപിക്കുന്നുണ്ട്‌. ഹിന്ദു രാജാക്കൻമാരുടെയും സൈന്യത്തിന്റെയും ഇ‍ൗ ‘നന്മ’ യഥാർത്ഥത്തിൽ ഹിന്ദുമതത്തോടു ചെയ്‌ത പാപമായാണ്‌ സവർക്കർ വിശേഷിപ്പിക്കുന്നത്‌. ശത്രുരാജ്യത്തെ സ്‌ത്രീകളെ ബലാൽസംഗത്തിനിരയാക്കണമെന്ന തന്റെ വാദഗതി ശരിവെയ്‌ക്കാൻ രാമായണത്തെയും സവർക്കർ കൂട്ടുപിടിക്കുന്നു. ലങ്കയിലേക്ക്‌ തട്ടിക്കൊണ്ടു വന്ന്‌ പാർപ്പിച്ച സീതയെ രാമന്‌ മടക്കിക്കൊടുക്കാൻ യുദ്ധത്തിനുമുന്പായി ചില വിശ്വസ്‌തർ രാവണനോട്‌ അഭ്യർത്ഥിച്ചു. സീതയെ തട്ടികൊണ്ടു വന്നത്‌ മതവിരുദ്ധമാണെന്ന വാദമാണ്‌ അവർ ഉയർത്തിയത്‌. ശത്രുവിന്റെ സ്‌ത്രീകളെ തട്ടിക്കൊണ്ടു വരുന്നതും ബലാൽസംഗം ചെയ്യുന്നതും മതവിരുദ്ധമാണെന്ന ഉപദേശത്തെ രാവണൻ പുച്‌ഛിച്ചുതള്ളിയതായി സവർക്കർ പറയുന്നു. യുദ്ധം ജയിച്ച ഹിന്ദു രാജാക്കൻമാർ മുസ്ലീം സ്‌ത്രീകളുടെ കാര്യത്തിൽ സമാന നിലപാട്‌ സ്വീകരിച്ചിരുന്നെങ്കിൽ ഹിന്ദു സ്‌ത്രീകളെ തൊടാൻ സുൽത്താൻമാരും നവാബുമാരും മറ്റും ഭയപ്പെടുമായിരുന്നുവെന്നും സവർക്കർ തന്റെ പുസ്‌തകത്തിൽ നിരീക്ഷിക്കുന്നു.

ചുരുക്കത്തിൽ, ബലാൽസംഗത്തെ ഒരു രാഷ്ട്രീയായുധമായി തന്നെയാണ്‌ സംഘപരിവാർ എക്കാലവും കണക്കാക്കുന്നത്‌. ന്യൂനപക്ഷങ്ങളെ വർഗീയമായി ആക്രമിച്ച ഘട്ടങ്ങളിലെല്ലാം അതിക്രൂരമായി ഇ‍ൗ രാഷ്ട്രീയായുധം നടപ്പാക്കപ്പെട്ടു.

വിഭജനകാലത്തെ വേദനകൾ
ഇന്ത്യ–പാകിസ്ഥാൻ വിഭജന ഘട്ടത്തിൽ സ്‌ത്രീകൾ കൂട്ടമായി ബലാൽസംഗത്തിനിരയാക്കപ്പെട്ടു. ഇന്ത്യയിൽനിന്ന്‌ പാകിസ്ഥാനിലേക്കും കിഴക്കൻ പാകിസ്ഥാനിലേക്കും (ബംഗ്ലാദേശ്‌) പലായനം ചെയ്‌ത മുസ്ലീം സ്‌ത്രീകളും പാകിസ്ഥാനിൽ നിന്നും കിഴക്കൻ പാകിസ്ഥാനിൽനിന്നും ഇന്ത്യയിലേക്ക്‌ പലായനം ചെയ്‌ത ഹിന്ദു–സിഖ്‌ സ്‌ത്രീകളും വ്യാപകമായി ഉപദ്രവിക്കപ്പെട്ടു. ഒരു ലക്ഷത്തോളം സ്‌ത്രീകൾ കൂട്ടബലാൽസംഗത്തിനും മതപരിവർത്തനത്തിനും മറ്റു വിധത്തിലുള്ള ക്രൂരതകൾക്കും ഇരയാക്കപ്പെട്ടുവെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. അഭയാർത്ഥിസ്‌ത്രീകളെ ഇന്ത്യയിൽ പലവിധത്തിൽ ദ്രോഹിച്ചതിൽ തീവ്രഹിന്ദുത്വ സംഘടനകൾക്ക്‌ വലിയ പങ്കുണ്ട്‌. ഇത്തരം ആക്രമണങ്ങളെ അവർ പലരൂപങ്ങളിൽ പ്രോത്‌സാഹിപ്പിച്ചു. അഭയാർത്ഥികൾ സഞ്ചരിച്ച ട്രെയിനുകൾ പലയിടങ്ങളിൽ ആക്രമിക്കപ്പെട്ടു. സംഘംചേർന്ന്‌ കാൽനടയായി അതിർത്തി കടക്കാൻ ശ്രമിച്ചവർക്കുനേരെയും വ്യാപകമായ ആക്രമണമുണ്ടായി. അഭയാർത്ഥികളിലെ പുരുഷൻമാരെ കൊന്നൊടുക്കിയപ്പോൾ സ്‌ത്രീകളെ കൂട്ടബലാൽസംഗത്തിനും മതപരിവർത്തനത്തിനും വിധേയമാക്കി. സ്‌ത്രീകളെ വിൽക്കുകയും ക്രൂരമായി ഉപദ്രവിച്ചതിനു ശേഷം ഉപേക്ഷിക്കുകയും ചെയ്‌ത സംഭവങ്ങളുമുണ്ട്‌.

ഇത്തരത്തിൽ തട്ടിയെടുക്കപ്പെട്ടവരെ കണ്ടെത്തുന്നതിനും കൈമാറുന്നതിനുമായി ഇന്ത്യയിലെയും പാകിസ്ഥാനിലെയും സർക്കാരുകൾ നിയമം പാസാക്കി. 1948 മുതൽ 1951 വരെയുള്ള കാലയളവിൽ ഇരുപതിനായിരത്തോളം മുസ്ലീം സ്‌ത്രീകളെ കണ്ടെത്തി പാകിസ്ഥാനിലേക്ക്‌ അയച്ചു. ഒമ്പതിനായിരത്തിലേറെ ഹിന്ദു– സിഖ്‌ സ്‌ത്രീകൾ ഇന്ത്യയിലേക്കുമെത്തി.

ഗുജറാത്ത്‌ എന്ന സംഘപരിവാർ 
പരീക്ഷണശാല
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും രൂക്ഷമായ വർഗീയ കലാപങ്ങൾക്കും ന്യൂനപക്ഷ സ്‌ത്രീകൾക്കുനേരെയുള്ള വേട്ടയാടലിനും വേദിയായ സംസ്ഥാനമാണ്‌ ഗുജറാത്ത്‌. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ വർഗീയ കലാപം 1969 ൽ ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായി. ഒ‍ൗദ്യോഗിക കണക്കുപ്രകാരം 660 മരണം. 90 ശതമാനവും ന്യൂനപക്ഷങ്ങൾ. അന‍ൗദ്യോഗിക കണക്കുകൾപ്രകാരം മരണം രണ്ടായിരത്തിനുമുകളിലാണ്‌. കലാപം അന്വേഷിച്ച ജസ്‌റ്റിസ്‌ ജഗൻമോഹൻ റെഡ്ഡി കമ്മീഷൻ സംഘപരിവാർ സംഘടനകളുടെ പങ്ക്‌ അക്കമിട്ട്‌ നിരത്തുന്നുണ്ട്‌. കലാപത്തിനുമുമ്പ്‌ അന്നത്തെ ആർഎസ്‌എസ്‌ തലവൻ ഗോൾവാൾക്കറും ജനസംഘം നേതാവ്‌ ബൽരാജ്‌ മഥോക്കും അഹമ്മദാബാദിലെത്തി പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയിരുന്നു.

കലാപഘട്ടങ്ങളിൽ സ്‌ത്രീകളെ പ്രത്യേകമായി ലക്ഷ്യംവെയ്‌ക്കുന്ന പതിവിന്‌ തുടക്കമായതും അഹമ്മദാബാദ്‌ വർഗീയാക്രമണത്തിലാണ്‌. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആയിരക്കണക്കിന്‌ സ്‌ത്രീകൾ ബലാൽസംഗത്തിനിരയായി. തെരുവുകളിലും വീടുകളിലും സ്‌ത്രീകൾ പീഡിപ്പിക്കപ്പെട്ടു. അവരെ തെരുവിലൂടെ നഗ്‌നരായി നടത്തി. വീടുകൾ കൊള്ളയടിച്ചശേഷം സ്‌ത്രീകളെയും കുട്ടികളെയും ചുട്ടുകൊന്നു. കലാപബാധിതർക്കായി തയ്യാറാക്കിയ താൽക്കാലിക ക്യാമ്പുകളിലെ അന്തേവാസികളിൽ ഭൂരിഭാഗവും ബന്ധുക്കളെയും മറ്റും നഷ്ടമായ സ്‌ത്രീകളായിരുന്നു.

1985ലെ അഹമ്മദാബാദ്‌ കലാപം
സംഘപരിവാർ ഗുജറാത്തിൽ വേരുറപ്പിച്ചത്‌ 1985 ലെ അഹമ്മദാബാദ്‌ കലാപത്തിലൂടെയാണ്‌. പിന്നാക്കവിഭാഗക്കാർക്ക്‌ കൂടുതൽ സംവരണം അനുവദിക്കാനുള്ള അന്നത്തെ കോൺഗ്രസ്‌ സർക്കാരിന്റെ നീക്കത്തിനെതിരായ പ്രതിഷേധമാണ്‌ കലാപത്തിന്‌ വഴിവെച്ചത്‌. എബിവിപിയായിരുന്നു സംവരണവിരുദ്ധ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ. പ്രക്ഷോഭം നീണ്ടുപോകുന്നത്‌ സവർണ– അവർണ ഹിന്ദുവിഭാഗങ്ങളിൽ ചേരിതിരിവിന്‌ കാരണമാകുമെന്ന് ബോധ്യപ്പെട്ട സംഘപരിവാർ ന്യൂനപക്ഷവിരുദ്ധതയുടെ പാതയിലേക്ക്‌ കലാപത്തെ എത്തിച്ചു. 1985 ഫെബ്രുവരി മുതൽ ആഗസ്‌തുവരെ നീണ്ട കലാപത്തിൽ ഇരുന്നൂറിലേറെ പേർ കൊല്ലപ്പെട്ടു. 2500 വീടുകൾക്ക്‌ തീയിട്ടു. പതിനായിരത്തിലേറെ പേർ ഭവനരഹിതരായി. സ്‌ത്രീകൾ വ്യാപകമായി ബലാൽസംഗത്തിനും പീഡനങ്ങൾക്കും ഇരയാക്കപ്പെട്ടു. ഒരു ഘട്ടത്തിൽ പൊലീസും കലാപകാരികൾക്കൊപ്പം ചേർന്ന്‌ ന്യൂനപക്ഷങ്ങളെ വേട്ടയാടി. ഇ‍ൗ കലാപത്തോടെ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയശക്തിയായി മാറിയ ബിജെപി 1995 ൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരം പിടിച്ചു.

2002ലെ ഗുജറാത്ത്‌ വംശഹത്യ
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ വംശഹത്യയാണ്‌ 2002 ൽ ഗുജറാത്തിലുണ്ടായത്‌. ഗോധ്രയിൽ ട്രെയിനിൽ തീവെയ്‌പ്പുണ്ടായതിന്‌ പിന്നാലെയാണ്‌ കലാപകാരികൾ അഴിഞ്ഞാടിയത്‌. ഒ‍ൗദ്യോഗിക കണക്കുകൾ പ്രകാരം മരണം ആയിരത്തിന്‌ മുകളിലാണ്‌. രണ്ടായിരത്തിലേറെ പേർ കൊല്ലപ്പെട്ടുവെന്ന്‌ മനുഷ്യാവകാശ സംഘടനകളും മറ്റും ചൂണ്ടിക്കാട്ടുന്നു. ഇരുന്നൂറിലേറെ പേരെ കാണാതായി. പതിനയ്യായിരം പേർ ഭവനരഹിതരായി.

സ്‌ത്രീകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. നൂറുകണക്കിനു പേർ കൂട്ടബലാൽസംഗത്തിനിരയായി. ഗർഭിണികളെയടക്കം ക്രൂരമായി ഉപദ്രവിച്ചു. പൂർണ ഗർഭിണിയായിരുന്ന ക‍ൗസർബാനു എന്ന ഇരുപതുകാരിയുടെ നിറവയറ്‌ ശൂലംകൊണ്ട്‌ പിളർത്തിയ അക്രമികൾ ഭ്രൂണം കുത്തിയെടുത്തു. അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽക്കിസ്‌ ബാനുവെന്ന 21 കാരിയും കൂട്ടബലാൽസംഗത്തിനിരയായി. രണ്ടു വയസ്സുള്ള പെൺകുഞ്ഞിനെയടക്കം ബിൽക്കിസിന്റെ 24 ബന്ധുക്കളെ കൊലപ്പെടുത്തി. ബിൽക്കിസ് ബാനുവിന്റെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 11 പേർ ശിക്ഷിക്കപ്പെട്ടു. 2022 ൽ സംസ്ഥാന ബിജെപി സർക്കാർ കുറ്റക്കാരായ സംഘപരിവാർ ക്രിമിനലുകളെ, ശിക്ഷ ഇളവുചെയ്‌ത് മോചിതരാക്കി. എന്നാൽ 2024 ൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം റദ്ദുചെയ്‌തു.

ബീഹാർ ഭഗൽപ്പുർ കലാപം
1989 ഒക്‌ടോബർ– നവംബർ മാസങ്ങളിലായാണ്‌ ഭഗൽപ്പുർ വർഗീയ കലാപം നടന്നത്. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി ഇഷ്ടികകൾ ശേഖരിക്കുന്നതിനുള്ള വിഎച്ച്‌പിയുടെ രാംശില പ്രകടനങ്ങളാണ്‌ കലാപത്തിന്‌ വഴിവെച്ചത്‌. ഭഗൽപ്പുർ നഗരത്തിലും സമീപത്തുള്ള ഇരുന്നൂറിലേറെ ഗ്രാമങ്ങളിലേക്കും കലാപം പടർന്നു. ന്യൂനപക്ഷ വിഭാഗക്കാർ വ്യാപകമായി ആക്രമിക്കപ്പെട്ടു. ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടു. സ്‌ത്രീകൾ വ്യാപകമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; നഗ്‌നരാക്കി റോഡുകളിലൂടെ നടത്തിച്ചു. ലൈംഗികമായി ആക്രമിച്ചശേഷം സ്‌ത്രീകളെ കൂട്ടത്തോടെ കൊന്നൊടുക്കി. പൊലീസും അക്രമികൾക്ക്‌ കൂട്ടുനിന്നു.

1992 – മുംബൈ കലാപം
ബാബറിമസ്‌ജിദ്‌ പൊളിച്ചതിനുപിന്നാലെ മുംബൈ സംഘർഷഭൂമിയായി. കലാപങ്ങളിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു. ഒന്നര ലക്ഷം പേർ നഗരത്തിൽനിന്ന്‌ പലായനം ചെയ്‌തു. സ്‌ത്രീകൾ വ്യാപകമായി കൂട്ടബലാൽസംഗത്തിനിരയായെന്ന്‌ കലാപം അന്വേഷിച്ച ജസ്‌റ്റിസ്‌ ബി എൻ ശ്രീകൃഷ്‌ണ കമ്മീഷൻ റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി. പൊലീസിന്റെ പക്ഷപാതിത്വം ക്രിമിനലുകൾക്ക്‌ സഹായകമായി. ലൈംഗികാതിക്രമ സംഭവങ്ങളിൽ കേസെടുക്കാൻ പൊലീസ്‌ കൂട്ടാക്കിയില്ല.

1992 – സൂറത്ത്‌ കലാപം
ബാബറിമസ്‌ജിദ്‌ തകർക്കൽ തന്നെയാണ്‌ സൂറത്തിലും കലാപത്തിന്‌ വഴിവെച്ചത്‌. ഇരുന്നൂറിലേറെ പേർ കൊല്ലപ്പെട്ടു. സ്‌ത്രീകൾക്കുനേരെ വ്യാപകമായി ലൈംഗികാതിക്രമമുണ്ടായി. കുടുംബാംഗങ്ങൾക്കും ആൾക്കൂട്ടത്തിനും മുന്നിൽ സ്‌ത്രീകൾ കൂട്ടബലാൽസംഗത്തിന്‌ ഇരയായി. പെൺകുട്ടികളെ വിവസ്‌ത്രരാക്കുകയും പീഡിപ്പിക്കുകയും അംഗഭംഗം വരുത്തുകയും ചെയ്‌തു. നഗരത്തിലെ വിജയനഗർ മേഖലയിൽ സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൂട്ടമായി കൊന്നൊടുക്കി. സാധാരണ തൊഴിലാളി കുടുംബങ്ങളിലെ സ്‌ത്രീകളാണ്‌ കൂടുതലും പീഡനങ്ങൾക്കിരയായത്‌. സൂറത്തിലും ലൈംഗിക പീഡന സംഭവങ്ങളിൽ കേസെടുക്കാൻ പൊലീസ്‌ കൂട്ടാക്കിയില്ല.

മുസഫർനഗർ കലാപം
2013 ലാണ്‌ യുപിയിലെ മുസഫർനഗറിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്‌. ഇരുവിഭാഗത്തിലെയും യുവാക്കൾ തമ്മിലുള്ള ചെറിയ വാക്കുതർക്കമാണ്‌ ദിവസങ്ങൾ നീണ്ട കലാപത്തിന്‌ വഴിവെച്ചത്‌. 62 പേർ കൊല്ലപ്പെട്ടു. മുസഫർനഗറിലും ന്യൂനപക്ഷ വിഭാഗക്കാരായ ഒട്ടനവധി സ്‌ത്രീകൾ കൂട്ടബലാൽസംഗത്തിനും ലൈംഗിക ചൂഷണത്തിനും ഇരയായി. എന്നാൽ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട്‌ ആകെ ഏഴ്‌ കേസുകൾ മാത്രമാണ്‌ പൊലീസ്‌ എടുത്തത്‌.
1984 ലെ ഡൽഹി സിഖ് വിരുദ്ധ കലാപത്തിലും 2023 ലെ മണിപ്പൂർ വംശീയ– വർഗീയ കലാപത്തിലുമെല്ലാം സ്‌ത്രീകൾ വ്യാപകമായി ലൈംഗികാതിക്രമത്തിനിരയായി. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതിനും അപമാനത്തിൽ നിർത്തുന്നതിനുമുളള ഒരു രാഷ്ട്രീയായുധമായിത്തന്നെയാണ്‌ ബലാൽസംഗത്തെ സംഘപരിവാർ സംഘടനകളും തീവ്ര മതസംഘടനകളും നോക്കിക്കാണുന്നത്‌ എന്നതിന്‌ ഉദാഹരണമാണ്‌ ഗുജറാത്ത്‌ കലാപമടക്കം രാജ്യം കണ്ട ചെറുതും വലുതുമായ കലാപങ്ങൾ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + 8 =

Most Popular