Thursday, September 10, 2026

ad

Homeകവര്‍സ്റ്റോറിസനാതനധര്‍മ്മവും സ്ത്രീകളും

സനാതനധര്‍മ്മവും സ്ത്രീകളും

പി ജയരാജന്‍

നാതനധര്‍മ്മത്തില്‍നിന്നാണ് ഭാരതം രൂപമെടുത്തതെന്നും അതിന് തടസ്സം നേരിട്ടാല്‍ ഭാരതത്തിന്റെ തിരോഭാവത്തിന് കാരണമാവുമെന്നും പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തെ ബഹളമയമാക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ കൊണ്ടുപിടിച്ചു പരിശ്രമിച്ചുവരികയാണ്. മതനിരപേക്ഷതയുടെ സംരക്ഷിത തുരുത്തായി ഉയര്‍ന്നുനില്‍ക്കുന്ന കേരളക്കരയില്‍ ഇതിന്റെ പ്രചാരണമുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 2023ല്‍ സനാതനധര്‍മ്മത്തിന്റെ ഉള്ളറകളിലെ അസമത്വത്തെക്കുറിച്ച് തമിഴ്നാട് പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ഫോറത്തിന്റെ സമ്മേളനത്തില്‍ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് സംഘപരിവാര്‍ശക്തികള്‍ ഉയര്‍ത്തിയത്. 2024 ഡിസംബറില്‍ ശിവഗിരി തീര്‍ത്ഥാടക സമ്മേളനത്തില്‍, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍ സനാതനധര്‍മ്മം വര്‍ണ്ണാശ്രമവ്യവസ്ഥയാണെന്നും അതിന്റെ തുടര്‍ച്ചയായി ഭാരതത്തില്‍ രൂപപ്പെട്ട വര്‍ണ്ണജാതിവ്യവസ്ഥയുടെ ദര്‍ശനമാണ് സനാതനധര്‍മ്മമെന്നും ശ്രീനാരായണഗുരുവിനെപ്പോലും സനാതനധര്‍മ്മ സന്ന്യാസിയായി ചിത്രീകരിക്കുന്നുണ്ടെന്നും യഥാര്‍ത്ഥത്തില്‍ ഗുരു, സനാതനധര്‍മ്മത്തിലെ അസമത്വത്തിനെതിരെ പോരാടി മാനവിക ധാര്‍മ്മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നവോത്ഥാനത്തിലേക്ക് നയിച്ച മഹദ്-വ്യക്തിയാണെന്നും വിശദീകരിച്ചതിനെത്തുടര്‍ന്ന് വലിയകോലാഹലമാണ് സംഘപരിവാര്‍ ഉയര്‍ത്തിയത്.

ആര്‍എസ്എസ് പ്രസിദ്ധീകരണമായ ‘കേസരി’യുടെ 2024 ഓണപ്പതിപ്പില്‍ സനാതനധര്‍മ്മത്തെക്കുറിച്ച് പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിച്ച് 13 ലേഖനങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഹൈന്ദവമുന്നേറ്റം’ എന്ന തലക്കെട്ടില്‍ കേരളത്തില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ട പ്രചരണബോര്‍ഡുകളില്‍ സനാതനധര്‍മ്മം സംരക്ഷിക്കണമെന്ന മുദ്രാവാക്യം ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയില്‍ ഭരണ – പ്രതിപക്ഷ വാദപ്രതിവാദത്തിനിടയില്‍ സനാതനധര്‍മ്മത്തിന്റെ മാനിഫെസ്റ്റോ ആയി കണക്കാക്കപ്പെടുന്ന മനുസ്മൃതിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍തന്നെ ബിജെപി അംഗങ്ങള്‍ ചാടിയെഴുന്നേറ്റു. നീറ്റ് പരീക്ഷയിലെ ചോദ്യക്കടലാസ് ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നടന്ന വിദ്യാര്‍ത്ഥി ആത്മഹത്യകളുടെയും അതിനെത്തുടര്‍ന്നുണ്ടായ ജന്തര്‍മന്തര്‍ പ്രക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ ചോദ്യക്കടലാസ് ചോര്‍ച്ച തടയല്‍ ബില്ലിന്റെ ചര്‍ച്ചാവേളയിലാണ് മനുസ്മൃതിയെക്കുറിച്ചുള്ള വിമര്‍ശനമുന്നയിക്കപ്പെട്ടത്. മനുസ്മൃതിയാണ് കേന്ദ്ര സര്‍ക്കാരിന്റെ വഴിവിളക്കെന്നും അത് പിന്തുടര്‍ന്നതിന്റെ ഫലമായി, മൊത്തം നാലരക്കോടി വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം പ്രവേശനം നേടുമ്പോള്‍ പട്ടികവിഭാഗം വിദ്യാര്‍ത്ഥികളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു, എന്നാല്‍, മനുസ്മൃതിയെപ്പറ്റി കേട്ടപാതി ബിജെപി അംഗങ്ങള്‍ ശബ്ദായമാനമായ അന്തരീക്ഷമുണ്ടാക്കി. ഇന്ത്യന്‍ പാരമ്പര്യത്തില്‍ ഉള്‍ച്ചേര്‍ന്ന അസമത്വത്തിനെതിരെ എപ്പോഴെല്ലാം യുക്തിബോധത്തെ അടിസ്ഥാനപ്പെടുത്തി ചോദ്യങ്ങളുയര്‍ന്നുവോ അപ്പോഴെല്ലാം ദൈവാധികാരത്തിന്റെ പ്രത്യയശാസ്ത്രമുയര്‍ത്തി മേധാവിത്വശക്തികള്‍ എതിര്‍പ്പുയര്‍ത്തിയത് കാണാന്‍ കഴിയും. ഭരണഘടനാനിര്‍മ്മാണസഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചപ്പോള്‍ 1949 നവംബര്‍ 30ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഇങ്ങനെ എഴുതി, ‘നമ്മുടെ ഭരണഘടനയില്‍ പുരാതനഭാരതത്തിലെ അതുല്യമായ ഭരണഘടനാ വികാസത്തെപ്പറ്റി പരാമര്‍ശമില്ല…. മനുസ്മൃതിയില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങള്‍ ലോകത്തിന്റെ പ്രശംസക്ക് പാത്രമാവുകയും സ്വാഭാവിക അനുസരണയും അനുരൂപതയും ഉളവാക്കുകയും ചെയ്തു. പക്ഷേ നമ്മുടെ ഭരണഘടനാ പണ്ഡിതന്മാര്‍ക്ക് അത് മനസിലാകുന്നില്ല’.

സനാതനധര്‍മ്മം എന്ന സങ്കല്‍പ്പത്തിന്റെ അടിത്തറതന്നെ മനുസ്മൃതിയാണ്. അത് ജാതിപരവും ലിംഗപരവുമായ അടിച്ചമര്‍ത്തലുകളെ സാധൂകരിക്കുന്ന വ്യവസ്ഥകള്‍ അടങ്ങിയതാണ്. ജാതിവിവേചനത്തിനും അസ്പൃശ്യതക്കും കാരണമായ മനുസ്മൃതി ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ കത്തിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.

പുരുഷകേന്ദ്രീകൃതമായി എഴുതപ്പെട്ട മനുസ്മൃതിയില്‍ നിറയെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ മാത്രമാണുള്ളത്. എല്ലാ അറിവിന്റെയും ഉറവിടമെന്ന് കരുതപ്പെട്ടിരുന്ന വേദമന്ത്രങ്ങള്‍ സ്ത്രീകള്‍ ഉച്ചരിക്കരുതെന്ന് മനുസ്മൃതി ആജ്ഞാപിച്ചു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചു. വര്‍ണ്ണസങ്കരം തടയുന്നതിന് സങ്കരവിവാഹങ്ങളും വിവാഹേതരബന്ധങ്ങളും വിലക്കി, സ്ത്രീകളെ ശിക്ഷിക്കുന്നതിന് അതവസരമാക്കി. എന്നാല്‍ പുരുഷന്മാര്‍ക്ക് ഈ നിയമം ബാധകമാക്കിയില്ല. പൊതു ഇടങ്ങളില്‍നിന്നെല്ലാം സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെട്ടു. ജനനം മുതല്‍ മരണംവരെ എല്ലാ സ്വാതന്ത്ര്യവും സ്ത്രീകള്‍ക്ക് വിലക്കപ്പെട്ടു. 12–ാം വയസ്സില്‍ രജസ്വലയാവുമ്പോള്‍ വിവാഹം കഴിപ്പിക്കുന്നില്ലെങ്കില്‍ കര്‍ക്കശമായ ശിക്ഷാവ്യവസ്ഥ ഏര്‍പ്പെടുത്തി. വളരെ ചെറുപ്പത്തില്‍ത്തന്നെ തങ്ങളേക്കാള്‍ നാലിരട്ടി പ്രായമുള്ള പുരുഷന്റെ ഭാര്യയാകേണ്ടിവരുന്ന പെണ്‍കുട്ടികളുടെ ജീവിതദുരിതങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.

എട്ട് തരത്തിലുള്ള വിവാഹം മനുസ്മൃതിയടക്കം നിര്‍ദ്ദേശിക്കുന്നുണ്ട്. വരനെ ക്ഷണിച്ച് വധുവിന് നല്‍കുന്ന ബ്രഹ്മവിവാഹം, വരനില്‍നിന്ന് പശുക്കളെ പ്രതിഫലമായി വാങ്ങി വധുവിനെ നല്‍കുന്ന ആര്‍ഷം, പ്രണയത്തിലൂടെയുള്ള ഗാന്ധര്‍വ്വവിവാഹം, പുത്രിയെ പുരോഹിതന് നല്‍കുന്ന ദൈവീകം, ധര്‍മ്മമാചരിക്കാന്‍ അനുഗ്രഹം നല്‍കി പുത്രിയെ സമര്‍പ്പിക്കുന്ന പ്രജാപത്യം, പെണ്‍കുട്ടിയെ ബലമായി അപഹരിച്ചുകൊണ്ടുപോകുന്ന ആസുരം, ദുഷ്ടമാര്‍ഗ്ഗത്തിലൂടെ പെണ്‍കുട്ടിയെ സ്വന്തമാക്കുന്ന പൈശാചം എന്നിവയാണവ. ഇതില്‍ ആസുരം, പൈശാചം എന്നിവയൊക്കെ ശൂദ്രരായ ജനവിഭാഗങ്ങള്‍ക്ക് വിധിച്ചിട്ടുള്ളവയാണ്. വൈദികകാലത്ത് നടപ്പായിരുന്ന സ്വയംവരത്തെ സനാതനധര്‍മ്മം അംഗീകൃതവിവാഹമായി കണക്കാക്കാന്‍ തയ്യാറല്ല. കാരണം സ്വയംവരത്തില്‍ പുരുഷനെ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം സ്ത്രീക്കാണ്. ബ്രാഹ്മണന് ശൂദ്ര സ്ത്രീയില്‍ ജനിക്കുന്നവന്‍ ചണ്ഡാള കര്‍മ്മം അനുഷ്ഠിക്കണമെന്ന് മനു നിഷ്കര്‍ഷിക്കുന്നു. പാരമ്പര്യ സ്വത്തില്‍ സ്ത്രീക്കുള്ള അവകാശം പരിമിതമാക്കി.

ഗ്രാമക്കഴുത, പൂച്ച, സ്ത്രീ, ചണ്ഡാളന്‍ എന്നിങ്ങനെയുള്ളവര്‍ക്ക് തൊട്ടുകൂടായ്മ ബാധകമാണ്. സ്ത്രീകള്‍ക്ക് പുരുഷനില്‍നിന്ന് നേരിടുന്ന പീഡനങ്ങള്‍ക്ക് സ്ത്രീ തന്നെയാണ് കാരണമെന്ന പ്രാകൃതചിന്തയാണ് മനുസ്മൃതി മുന്നോട്ടുവെക്കുന്നത്. മാതൃത്വം, സാഹോദര്യം, സ്നേഹം, ദയ തുടങ്ങിയ മാനുഷിക വികാരങ്ങളൊന്നുമില്ലാത്ത വെറും കാഴ്ചപ്പണ്ടങ്ങളായി സ്ത്രീകളെ മാറ്റുന്നു. പാപ്പാന്‍ തോട്ടികൊണ്ട് മദഗജത്തെ കീഴ്പ്പെടുത്തിനിര്‍ത്തുന്നതുപോലെ സ്ത്രീകളെ സൂക്ഷിക്കണമെന്നും, കൗമാരത്തില്‍ പിതാവും, യൗവ്വനത്തില്‍ ഭര്‍ത്താവും, വാര്‍ദ്ധക്യത്തില്‍ മകനും സ്ത്രീയെ രക്ഷിക്കണമെന്നുമാണ് മനുസ്മൃതിയില്‍ എഴുതപ്പെട്ടിട്ടുള്ളത്. സ്വര്‍ഗ്ഗസ്ഥയാവണമെങ്കില്‍ ഭര്‍ത്താവ് മരിച്ചാല്‍ ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യ സ്വയം ദഹിക്കണം. എന്നാല്‍ അവിടെയും വര്‍ണ്ണവ്യത്യാസം പ്രകടമാണ്. ബ്രാഹ്മണസ്ത്രീ ഭര്‍ത്താവിന്റെ ചിതയില്‍ ചാടിയാല്‍ ആത്മഹത്യാദോഷം പറ്റുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. സനാതനധര്‍മ്മമെന്നപേരില്‍ ബ്രാഹ്മണ്യം നിര്‍ദ്ദേശിച്ച ക്രൂരമായ ശിക്ഷകളുടെ ഇരകള്‍ ബ്രാഹ്മണേതരരായ മുഴുവന്‍ സ്ത്രീകളുമായിരുന്നു. പരപുരുഷസംഗമത്തിനുള്ള ശിക്ഷ തീയില്‍ ചാടുക എന്നുള്ളതാണ്. സ്ത്രീകള്‍ക്ക് സര്‍വ പാപങ്ങളും നശിക്കാന്‍ അഗ്നിപ്രവേശമാണ് പ്രായശ്ചിത്തം.

അടിമത്തം സ്വമേധയാ തിരഞ്ഞെടുക്കുന്ന ഒരു വലിയ വിഭാഗത്തെത്തന്നെ സനാതനധര്‍മ്മം സൃഷ്ടിച്ചു. വര്‍ണ്ണസങ്കരംവഴി ഉണ്ടാകാനിടയുള്ള സാമൂഹിക ഐക്യത്തെ ബ്രാഹ്മണാധിപത്യം ആശങ്കയോടെയാണ് വീക്ഷിച്ചത്. രജസ്വലകളും പതിതരുമായ സ്ത്രീകളോട് ഒരിക്കലും സംസാരിക്കരുത് എന്ന വിലക്കേര്‍പ്പെടുത്തി. ബ്രാഹ്മണന്‍ ഒരു ശൂദ്ര സ്ത്രീയെ സ്വീകരിച്ചാലും അത് കാമപൂര്‍ത്തീകരണത്തിന് മാത്രമായിരിക്കണം. ചുരുക്കത്തില്‍, സ്ത്രീയെ ഒരു ഭോഗവസ്തുവായാണ് സനാതനധര്‍മ്മം വിലയിരുത്തിയത്. ആജീവനാന്ത രക്ഷാകര്‍തൃത്വം സ്ത്രീകളുടെ വ്യക്തിത്വത്തെ ഇല്ലാതാക്കി; പ്രത്യുല്‍പാദനത്തിനും പുരുഷന്മാര്‍ക്ക് സേവനം ചെയ്യുന്നതിനും വേണ്ടി മാത്രമുള്ളവരാക്കി സ്ത്രീകളെ മാറ്റുന്ന പ്രത്യയശാസ്ത്രം സനാതനികള്‍ മുന്നോട്ടുവെക്കുന്നു. ‘ഭര്‍ത്താവിന്റെ അനുമതി കൂടാതെ വ്രതമോ ഉപവാസമോ പാടില്ല, ഭര്‍ത്താവ് സദാചാരശൂന്യനോ പരനാരി ആസക്തനോ ഗുണരഹിതനോ ആയാലും പതിവ്രതയായ ഭാര്യക്ക് ദേവനെപ്പോലെ പൂജ്യനാകുന്നു’. ‘മുപ്പത് വയസ്സുള്ളവന്‍ മനസിനിണങ്ങിയ 12 വയസുള്ള കന്യകയെ വേള്‍ക്കേണ്ടതാണ്. ഇരുപ്പത്തിനാലുകാരന്‍ എട്ട് വയസുള്ളവളെയും’. ‘വരന്റെ മൂന്നിലൊന്ന് വയസായിരിക്കണം വധുവിന്’.

വിദേശ ശക്തികള്‍ ചവിട്ടിമെതിച്ചിട്ടും നശിക്കാതെ നിന്നതാണ് സനാതനധര്‍മ്മമെന്ന് അവര്‍ അവകാശപ്പെടുന്നുണ്ട്. ഈ അവകാശവാദം ചരിത്രസത്യങ്ങളുമായി പൊരുത്തപ്പെടാത്തതാണ്. ഇത് കേരളീയ പശ്ചാത്തലത്തില്‍ നോക്കുമ്പോഴും കൂടുതല്‍ വ്യക്തമാവും. ബ്രിട്ടീഷ് റസിഡന്റായും ദിവാനായും കേണല്‍ മണ്‍റോ അധികാരമേല്‍ക്കുന്നതിനുമുന്‍പ് തിരുവിതാംകൂറിലും കൊച്ചിയിലും വ്യവഹാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്നതുപോലും മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തിയുള്ള വ്യവഹാരമാലയാണ്. അതനുസരിച്ച് സ്ത്രീകളെ വ്യവഹാര പ്രശ്നങ്ങളില്‍ സാക്ഷിയാക്കരുത് എന്ന് നിഷ്കര്‍ഷിച്ചിരുന്നു. ബ്രാഹ്മണന്‍ ഒഴികെ ക്ഷത്രിയ വൈശ്യ ശൂദ്രന്മാരില്‍ ഒരുത്തന്‍ അന്യസ്ത്രീ സംഭാഷണം, സംസര്‍ഗ്ഗം മുതലായത് ചെയ്തുവെങ്കില്‍ ആയവനെ വധംവരേക്കുള്ള ദണ്ഡം ചെയ്യിക്കണമെന്ന് മനുസ്മൃതി നിര്‍ദേശിക്കുന്നു. ‘ബ്രാഹ്മണന്റെ സ്ത്രീയോട് സംയോഗം ചെയ്യുന്ന ശൂദ്രനെ തൃണവിശേഷങ്ങള്‍കൊണ്ട് ചുറ്റിക്കെട്ടി ജ്വലിക്കുന്ന അഗ്നിയിലിടണം’. ‘മേലെഴുതിയ പ്രകാരം ചെയ്ത ബ്രാഹ്മണ സ്ത്രീയുടെ തല മുണ്ഡനം ചെയ്ത് കഴുതപ്പുറത്ത് കയറ്റി തലയില്‍ വിളക്കും വെച്ച് പെരുവഴിയില്‍ തള്ളിക്കളയണം’. ‘സ്ത്രീകളെ അസ്വതന്ത്രകളായിട്ട് വെച്ച് സൂക്ഷിക്കണം’… ഇങ്ങനെ പോകുന്നു വ്യവഹാരമാലയിലെ ദണ്ഡനീതി.

ഇതിന് മാറ്റം വന്നത് പാശ്ചാത്യ ഭരണാധികാരികള്‍ അധികാരം കയ്യാളിയതോടെയാണ്. അതായത്, ആയിരത്താണ്ടുകളായി മാറ്റമില്ലാത്ത തത്വങ്ങളായി സനാതനികള്‍ വിലയിരുത്തുന്ന മൂല്യബോധത്തെ പാശ്ചാത്യര്‍ മാറ്റിമറിക്കുകയാണുണ്ടായത്. സനാതനത്വമാണ് ഇവിടെ തകര്‍ന്നുവീഴുന്നത്. പുതിയ നിയമസംഹിതകള്‍ രൂപമെടുത്തു. സതിയനുഷ്ഠാനമടക്കം നിരോധിച്ചു. സ്ത്രീപുരുഷസമത്വം നിയമപരമായി നിലവില്‍ വന്നു. സ്ത്രീയവകാശങ്ങള്‍ക്ക് നിയമപരമായ പരിരക്ഷകള്‍ നല്‍കി. അങ്ങനെ മാറ്റിയെഴുതപ്പെട്ട സവര്‍ണ്ണജാതി മൂല്യബോധത്തിന്റെ പുനഃസ്ഥാപനത്തിനുവേണ്ടിയാണ് സനാതനികള്‍ ഇപ്പോഴും വാദിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി സനാതനധര്‍മ്മതത്വങ്ങളെക്കുറിച്ച് വാതോരാതെ അവകാശവാദങ്ങളുന്നയിക്കുന്നുണ്ട്. സംഘപരിവാര്‍ പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്. ‘‘ഭാരതീയമായ നീതിന്യായവീക്ഷണവും നിര്‍വ്വഹണ പദ്ധതിയും ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയവയാണ്. ഉചിതമായ ശിക്ഷാനുഭവത്തിലൂടെ ദുഷ്കര്‍മ്മഫലം മാറിക്കിട്ടുമെന്നും ശിക്ഷവിധിക്കാന്‍ നിയുക്തനായ അധികാരി അതുവേണ്ടപോലെ നടപ്പാക്കിയില്ലെങ്കില്‍ പ്രതിയുടെ ആ ദുഷ്കര്‍മ്മഫലം അയാള്‍ അനുഭവിക്കേണ്ടി വരുമെന്നും രാമായണം, മനുസ്മൃതി തുടങ്ങിയവയില്‍ പറയുന്ന ആശയം പഠനവിധേയമാക്കേണ്ടതാണ്’’. (പേജ് 90, കേസരി, ഓണപ്പതിപ്പ് 2024).

നവോത്ഥാന കാലഘട്ടത്തോടെയാണ് മനുസ്മൃതിയുടെ ആശയങ്ങളിൽനിന്ന് സമൂഹം മോചനം നേടാനാരംഭിച്ചത്. ഹിന്ദുദർശനത്തെ ഉയർത്തിപ്പിടിച്ച സ്വാമി വിവേകാനന്ദൻ മനുസ്മൃതിയിലെ ആശയങ്ങളെ തള്ളിക്കളഞ്ഞു. ശ്രീനാരായണഗുരുവും മനുസ്മൃതിക്കെതിരെ കർക്കശമായ നിലപാടാണ് സ്വീകരിച്ചത്. ഭരണഘടനാ ശിൽപ്പിയായ ഡോ. അംബേദ്ക്കറാകട്ടെ തന്റെ അനുയായികളെ കൂട്ടി മനുസ്മൃതി കത്തിച്ചാണ് അതിലെ സ്ത്രീ വിരുദ്ധവും മനുഷ്യ വിരുദ്ധവുമായ ആശയങ്ങൾക്കെതിരായ പോരാട്ടത്തിന് തുടക്കമിട്ടത്.സംഘപരിവാര്‍ ശക്തികള്‍ ഇപ്പോഴും അസമത്വത്തിന്റെയും അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും സ്ത്രീവിരുദ്ധതയുടെയും സര്‍വ്വോപരി ജനാധിപത്യവിരുദ്ധതയുടെയും മാനിഫസ്റ്റോ ആയ മനുസ്മൃതി പൊക്കിപ്പിടിച്ചു തന്നെയാണ് നില്‍ക്കുന്നത് എന്നതിന് വേറെ തെളിവ് ആവശ്യമില്ല. അതിന്റെ ദൃഷ്ടാന്തമാണ് സംഘപരിവാർ നേതാക്കളിൽനിന്നുയരുന്ന തുടർച്ചയായ സ്ത്രീവിരുദ്ധ പരാമർശങ്ങൾ. കാമപൂർത്തീകരണത്തിനുള്ള ഉപകരണം മാത്രമാണ് സ്ത്രീയെന്ന, മനുസ്മൃതിയിൽനിന്നുള്ള കാഴ്ചപ്പാടാണ് ഇത്തരം പരാമർശങ്ങൾ നടത്താൻ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്. അതിനാല്‍തന്നെ പ്രാകൃത കാലത്തേക്ക് മടങ്ങണമെന്ന വാദത്തിന്റെ പുതിയ ആഖ്യാനങ്ങളെ ജനസമക്ഷം തുറന്നുകാട്ടുകയെന്നത് നവോത്ഥാനത്തിന്റെ പക്ഷത്ത് നില്‍ക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്തമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × five =

Most Popular