എം എസ് ഗോൾവാൾക്കർ വിചാരധാരയിൽ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നുണ്ട്. കുട്ടിക്കാലത്ത് നീണ്ടു ചുരുണ്ട മുടിയായിരുന്നു തന്റേതെന്നും അതിനെ അമ്മ ഉച്ചിയിൽ മെടഞ്ഞുകെട്ടി ഒരു മയിൽപീലി കുത്തിവെച്ചിരുന്നുവെന്നും ഓർമിക്കുന്നുണ്ട്; ആർഎസ്-എസിന്റെ ശോഭായാത്രകളുടെ പ്രചോദനം ഇതുമാകാം. ഉച്ചിയിൽ മെടഞ്ഞു കെട്ടി മയിൽപീലി കുത്തിയ ഗോൾവാൾക്കർ ആർ എസ് എസിന്റെ സന്ദേശം കൃത്യമായി പ്രചരിപ്പിക്കുന്നുണ്ട്. കൃഷ്ണൻ ഭഗവദ്ഗീതയിലുടെ അവതരിപ്പിക്കുന്ന സനാതന ധർമത്തിന്റെ, രാമന്റെ വർണാശ്രമധർമത്തിൽ അധിഷ്ഠിതമായ ഹിന്ദുരാഷ്ട്രത്തിന്റെ സന്ദേശമാണത്.
ഗോൾവാൾക്കർ തന്റെ പ്രധാന ശത്രുക്കളെ വിചാരധാരയിൽതന്നെ പരാമർശിക്കുന്നുണ്ട് – അത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ്. ഗോൾവാൾക്കറിന്റെ ശത്രുക്കൾ ബ്രിട്ടീഷ് കൊളോണിയലിസമോ സാമ്രാജ്യത്വമോ മുതലാളിത്തംപോലുള്ള സാമ്പത്തിക ഘടനയോ ഇന്ത്യയിലെ ദേശീയവാദികൾ അടക്കമുള്ളവർ ശത്രുക്കളായി കണ്ടവരോ ആരുമായിരുന്നില്ല. അതൊന്നും ഗോൾവാൾക്കറിന്റെ വിഷയമായിരുന്നില്ല.
ആർ എസ് എസിന്റെ സാംസ്കാരിക നിലപാടുകൾ ആവർത്തിച്ച് പരിശോധിക്കേണ്ടതാണ്. ക്ഷേത്ര സംസ്‌കാരത്തെയും ആചാര വിശ്വാസങ്ങളെയും മുൻനിർത്തിയാണ് ഇതു വിലയിരുത്തപ്പെടാറുള്ളത്. ജനങ്ങളിൽ ഭൂരിഭാഗവും വിശ്വാസികളായി തുടരുന്ന സമൂഹത്തിൽ ഇതിലെന്താണ് തെറ്റ് എന്നു ചോദിക്കുന്നവരുണ്ട്. എന്നാൽ ക്ഷേത്ര പരിപാലനവും പുനരുദ്ധാരണവും ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം ദൈവവിശ്വാസത്തിനു നൽകുന്ന അംഗീകാരമല്ല മറിച്ച് അത് ആർഷ ഭാരതത്തിന്റെ, അത് സൃഷ്ടിച്ച വർണാശ്രമധർമത്തിന്റെ പുനഃസ്ഥാപനമാണ്; ക്ഷേത്രങ്ങളുടെ പ്രസക്തി വർണാശ്രമധർമത്തിന്റെ കാവലാളുകൾ എന്നനിലയിലാണ്.
ആർഷഭാരത സംസ്കാരം വ്യത്യസ്തമായ ഒന്നാണ്. അതിൽ മുസ്ലീം –ക്രിസ്ത്യൻ പാരമ്പര്യങ്ങൾ മാത്രമല്ല, ജൈന ബൗദ്ധ പാരമ്പര്യങ്ങളും ഇന്ത്യയിലെ പ്രാദേശികസംസ്‌കൃതികളും (ഉദാഹരണത്തിന്, തമിഴരുടെ സംഘകാലം) പോലുമില്ല. ഗോത്രസംസ്കൃതിയും അതിലില്ല. വർണാശ്രമധർമത്തെയും ജാതിക്രമത്തെയും ന്യായീകരിക്കുന്നതിനുതകുന്ന കുറച്ച് കഥകളിലും ഐതിഹ്യങ്ങളിലും മാത്രമാണ് ഇവർ ഊന്നുന്നത്. യഥാർത്ഥ ചരിത്രാംശങ്ങൾ വളരെ കുറച്ചുമാത്രമേ ഇവർ ഉപയോഗിക്കുന്നുള്ളൂ. ഉദാഹരണത്തിന് അശോകൻ ഇവർക്ക് പ്രധാനപ്പെട്ട ഭരണാധികാരിയല്ല. അതിനേക്കാൾ പ്രധാനപ്പെട്ട സ്ഥാനമാണ് അലക്സാണ്ടറിനെ നേരിട്ട ഒരു ചെറുകിട ഭരണാധികാരിയായ പൗരവന് (പോറസ് ) നൽകുന്നത്. ഗുപ്തന്മാരിൽ, ശകന്മാരെ നേരിട്ട ചന്ദ്രഗുപ്-ത വിക്രമാദിത്യനാണ് സ്ഥാനം. പിന്നെ വരുന്നത് ഹൂണരെ നേരിട്ട ചെറുകിട ഭരണാധികാരിയായ യശോധർമ്മനാണ്. ഇതേ വിധത്തിൽ പൃഥ്വിരാജനും റാണാ പ്രതാപിനും സ്ഥാനം ലഭിക്കുന്നു. ചോളന്മാർക്കും രാഷ്ട്രകൂടന്മാർക്കും സ്ഥാനം ലഭിക്കുന്നുമില്ല.
ഇതേ വിധത്തിലുള്ള തിരഞ്ഞെടുപ്പ് പുരാണേതിഹാസ കഥകളിലും കാണാം. പുരാണേതിഹാസങ്ങളിൽ ഘോഷിക്കപ്പെടുന്ന പ്രധാന കഥാപാത്രങ്ങളെല്ലാം രാക്ഷസന്മാരെയും അസുരന്മാരെയും കീഴടക്കുന്നവരാണ്. ഈ രണ്ടു വിഭാഗവും വർണാശ്രമ ധർമ്മത്തെ അംഗീകരിക്കാത്തവരാണ്. ഗീതയിൽ സനാതനധർമത്തിന്റെ വക്താവായി കൃഷ്ണൻ പ്രത്യക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ അദ്ദേഹം കന്നുകാലി മേയ്ക്കുന്നവരുടെ ദൈവമായി (തമിഴരുടെ തിരുമാൽ, ഉത്തരേന്ത്യയിലെ കൻഹൈയ്യ ) മാറിയേനെ. മഹാഭാരതത്തിൽ, ശന്തനുവിന്റെ പത്‌നിയായിരിക്കുമ്പോഴും കുരുക്കളുടെ രാഷ്ട്രമോഹത്തെ എതിർക്കുന്ന ഗംഗ, രാഷ്ട്രീയത്തിൽ പരസ്യമായി ഇടപെടുന്ന ദ്രൗപദി എന്നിവരേക്കാൾ ആർഎസ്എസിനു പ്രധാനം കേവലം പതിവ്രതയായി മാത്രം നിൽക്കുന്ന, വർണാശ്രമധർമത്തിന്റെ അഗ്‌നിപരീക്ഷയ്-ക്കുപോലും തയ്യാറാകുന്ന സീതയാണ്. സ്വന്തം ഭർത്താവിനെ മരണത്തിൽനിന്ന് മോചിപ്പിക്കാനായി യമന്റെ മുമ്പിൽ തപസ്സിരിക്കുന്ന സാവിത്രി, ആർഎസ്എസുകാർക്ക് പ്രിയപ്പെട്ട മിത്താണ്. സ്-ത്രീകൾ യുദ്ധം ചെയ്യുന്നതിലോ രാഷ്ട്രീയത്തിൽ ഇടപെടുന്നതിലോ തെറ്റില്ല; എന്നാൽ അത് ധർമ സംരക്ഷണത്തിനും കുടുംബത്തിന്റെയും പാതിവ്രത്യത്തിന്റെയും സംരക്ഷണത്തിനു വേണ്ടി ആയിരിക്കണം എന്നത് നിർബന്ധമാണ്. രാമരാജ്യത്തെക്കാൾ രാഷ്ട്രനീതിയുടെ പേരിൽ ഭരതന് രാജ്യം ആവശ്യപ്പെടുന്ന കൈകേയി ഉദാത്ത സ്ത്രീ അല്ല. അർജുനനിൽ നിന്നുണ്ടായ സ്വന്തം മകനെ തിരസ്‌കരിച്ചതിന്റെ പേരിൽ അർജുനനെ നിരാകരിക്കുന്ന ഉലൂപിയും ആർഎസ്എസിന് ആദർശ സ്ത്രീയല്ല; കുടുംബം ഉപേക്ഷിച്ച് ബുദ്ധ തേരികളാകുന്ന ഗൗതമിയും ക്ഷേമയും ഇവർക്ക് തല്പരരല്ല.
കുടുംബത്തിന്റെയും പാതിവ്രത്യത്തിന്റെയും ഇത്തരത്തിലുള്ള ആദർശവൽക്കരണത്തിന് മറ്റൊരു വശവുമുണ്ട്. പ്രാചീന ഇന്ത്യൻ സമൂഹം ഗോത്രങ്ങളായി വിഭജിക്കപ്പെട്ടപ്പോൾ ഗോത്രങ്ങൾ തമ്മിലുള്ള ബഹിർവിവാഹങ്ങൾ (exogamy ) ആണ് നിലവിലിരുന്നത്. ഈ സാഹചര്യങ്ങളിൽ ഗോത്രങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനും സ്വത്തവകാശം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിർണയിക്കുന്നതിനും വിവാഹം മുഖ്യഘടകമായി. ദ്രൗപദിയും പാണ്ഡവരും തമ്മിലുള്ള വിവാഹം ഇത്തരത്തിലുള്ളതാണ്. പാണ്ഡവർ ഹസ്തിനപുരം കയ്യടക്കുമ്പോൾ കുരുപാഞ്ചാല ദേശങ്ങൾ ഒന്നാകുന്നു. കോസലനും കാശിയും തമ്മിലും കോസലനും മഗധരും തമ്മിലും ഇത്തരത്തിലുള്ള വിവാഹങ്ങൾ നടക്കുന്നുണ്ട്. ഇത്തരമൊരു വിവാഹത്തിൽ ജനിച്ച അജാതശത്രു മഗധത്തിന്റെയും കാശിയുടെയും കോസലത്തിന്റെയും രാജാവാകുന്നുണ്ട്. ഇങ്ങനെ കുടുംബത്തിന്റെ സംരക്ഷണം ജാതിയുടെയും രാഷ്ട്രത്തിന്റെയും സംരക്ഷണമാകുന്നുണ്ട്. കുടുംബവും അല്ലെങ്കിൽ കുലവും ജാതിയുമില്ലാതെ വർണാശ്രമധർമമോ ഹിന്ദുരാഷ്ട്രമോ ഉണ്ടാകില്ല, ഹിന്ദുരാഷ്ട്രത്തിന്റെ നിലനില്പിന് കുടുംബത്തിന്റെ നിലനിൽപും പാതിവ്രത്യവും അനിവാര്യമാണെന്നർത്ഥം.
ഇതിന്റെ നല്ല ഉദാഹരണം രാമായണത്തിൽ തന്നെയുണ്ട്. കഥയനുസരിച്ച് സീത കുറെക്കാലം രാവണന്റെ ഉദ്യാനത്തിൽ കഴിഞ്ഞവളാണ്. തിരിച്ചുവന്നപ്പോൾ പാതിവ്രത്യം അഗ്നിസാക്ഷിയായി തെളിയിച്ചവളുമാണ്. എങ്കിലും സീത ഗർഭിണിയായപ്പോൾ പിതൃത്വത്തെച്ചൊല്ലി പഴിപറച്ചിൽ ഉണ്ടാകുന്നു. അവൾ ബഹിഷ്‌കരിക്കപ്പെടുന്നു. രാമന്റെ ധർമ്മരാജ്യത്തിൽ പിന്തുടർച്ചാവകാശം കൃത്യമായിരിക്കണം. പിതൃമേധാവിത്വത്തിൽ പിതൃത്വത്തെച്ചൊല്ലി സംശയം ജനിച്ചാൽ സ്ത്രീ പുറത്താകും. ഒരു മന്ത്രി മണ്ടത്തരം പറഞ്ഞതുപോലെ രാമൻ സോഷ്യലിസ്റ്റായതുകൊണ്ടല്ല സീതയെ ഉപേക്ഷിച്ചത്. രാമരാജ്യം വർണാശ്രമധർമത്തിൽ അധിഷ്ഠിതമായതു കൊണ്ടാണ് . ഈ ധർമത്തിന്റെ പുനഃസ്ഥാപനമാണ് കുലസ്ത്രീകളുടെ ആദർശവൽക്കൃത രൂപങ്ങളിലൂടെ ആർഎസ്എസ് ലക്ഷ്യമിടുന്നത്..
ആധുനിക കാലഘട്ടത്തിലും സ്ത്രീകളുടെ പോരാട്ടം രാഷ്ട്രത്തിനുവേണ്ടി മാത്രമല്ല ഹിന്ദു കുടുംബമഹിമ നിലനിർത്തുന്നതിനു വേണ്ടിക്കൂടിയാണ് എന്നത് ആർഎസ്എസിന്റെ നിലപാടാണ്. തകർന്നുപോയ ഹോൾക്കർ രാജ്യത്തെയും വംശത്തെയും നിലനിർത്താൻ അഹല്യാ ബായി ഹോൾക്കറുടെ പോരാട്ടം ഉദാഹരണമാണ്. വംശനാശം സംഭവിച്ച ഝാൻസിയുടെ രാജ്യപദവി നിലനിർത്താൻ റാണി ലക്ഷ്മിബായിയുടെ പോരാട്ടം മറ്റൊന്നാണ്. എന്നാൽ, സമാനമായ പോരാട്ടങ്ങൾ നടത്തിയ അഹമ്മദ്നഗറിലെ ചാന്ദ് ബീബിയും അവധിലെ ബീഗം ഹസ്രത് മഹലും ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം നല്ല ഉദാഹരണങ്ങളല്ല. അവർ ഹിന്ദു ധർമത്തിനു വേണ്ടി പോരാടുന്നില്ലല്ലോ. ഇതേ വേർതിരിവ് ആർ എസ് എസ് പ്രചരിപ്പിക്കുന്ന ദേശീയ ചരിത്രത്തിലുടനീളം കാണാം. 1857 ലെ ദേശീയ കലാപത്തിൽ നാനാസാഹിബിനും ലക്ഷ്മി ബായിക്കും കിട്ടുന്ന പ്രാധാന്യം ബക്‌ത് ഖാനും മൗലവി ഫൈസുള്ളയ്-ക്കും കിട്ടുകയില്ല.
അനാക്രോണിസം എന്നൊരു ഇംഗ്ലീഷ് പദമുണ്ട്. കാലഘട്ടവുമായി പൊരുത്തപ്പെടാത്തത് എന്നാണതിന്റെ അർത്ഥം. വർണാശ്രമധർമവും ഹിന്ദുരാഷ്ട്രവും മറ്റേതു മതസംഹിതയെയുംപോലെതന്നെ ഇന്നത്തെ ഇന്ത്യൻ ജനതയുടെ ആഗ്രഹാഭിലാഷങ്ങളുമായി പൊരുത്തപ്പെടാത്ത പ്രാകൃതകൽപനകളാണ്. ഇവയുടെ ധാർമിക പരികല്പനകളനുസരിച്ചാണ് ഇന്ത്യയിലെ ജനത സമകാലിക സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളിൽ ജീവിതം കെട്ടിപ്പടുക്കേണ്ടത് എന്നു വന്നാൽ അതിനേ ക്കാൾ ഭീതിദവും പ്രാകൃതവുമായ അവസ്ഥ ഉണ്ടാകാനില്ല. തൊഴിലെടുക്കുന്നവരുടെയും ഉൽപ്പാദകരുടെയും വിദ്യാർത്ഥികളുടെയും സ്-ത്രീകളുടെയും ജീവിത സങ്കല്-പത്തെപ്പോലും ബാധിക്കുന്ന ഇത്തരം ആശയസംഹിതകളാണ് ഫാസിസത്തിന് തുടക്കമിടുന്നത്. l



