Thursday, September 10, 2026

ad

Homeകവര്‍സ്റ്റോറിവനിതാസംവരണവും ബിജെപിയുടെ കുതന്ത്രങ്ങളും

വനിതാസംവരണവും ബിജെപിയുടെ കുതന്ത്രങ്ങളും

കെ പി അക്ഷയ്‌

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂ‍ടുതൽ സീറ്റുകൾ നേടിക്കൊണ്ടാണ്‌ 2019ൽ ബിജെപിയും നരേന്ദ്ര മോദിയും വീണ്ടും അധികാരത്തിലെത്തിയത്‌. എന്നാൽ, 2024ൽ ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി. ഭരണമാറ്റമുണ്ടായില്ലെങ്കിലും തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം കരുത്തുകാട്ടി.‍ ഇതോടെ 2029ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും ബിജെപി ആലോചിച്ചുതുടങ്ങി. ആ ആലോചനയിൽ വിരിഞ്ഞ കുതന്ത്രത്തിന്റെ ഭാഗമായാണ്‌, വനിതാ സംവരണത്തെ മണ്ഡലപുനർനിർണയവുമായി ബിജെപി ബന്ധിപ്പിക്കുന്നത്‌. 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനെ മണ്ഡല പുനർനിർണയത്തിന്റെയും ലോക്‌സഭാ സീറ്റുകളുടെ വർധനയുടെയും വ്യവസ്ഥകളുമായി ബിജെപി സർക്കാർ ബന്ധിപ്പിക്കുകയായിരുന്നു. ബിജെപിയുടെയും സംഘപരിവാറിന്റെയും മുൻകാല പ്രവർത്തനങ്ങളും പ്രത്യയശാസ്ത്രവും പരിശോധിച്ചാൽ വനിതാ സംവരണത്തിന്റെ കാര്യത്തിൽ അവരുടെ നിലപാടിലെ വൈരുധ്യം മനസ്സിലാക്കാവുന്നതേയുള്ളൂ.

വനിതാ സംവരണത്തോടൊപ്പം ലോക്‌സഭാ–നിയമസഭാ സീറ്റുകൾ വർധിപ്പിക്കുകയും മണ്ഡല പുനർനിർണയം മുൻവ്യവസ്ഥയാക്കുകയും ചെയ്യുന്ന 131-–ാം ഭരണഘടനാ ഭേദഗതി ബിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാതെ ഏപ്രിലിലെ സമ്മേളനത്തിൽ പരാജയപ്പെട്ടു. നിലവിലെ ഭരണഘടനാ വ്യവസ്ഥപ്രകാരം 2026നുശേഷമുള്ള സെൻസസ്‌ കണക്കുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇനി മണ്ഡല പുനർനിർണയം സാധ്യമാകൂ. സെൻസസ്‌ നടപടികളിലേക്ക്‌ രാജ്യം കടന്നെങ്കിലും 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുമ്പായി നടപടികൾ പൂർത്തീകരിച്ച്‌ മണ്ഡലപുനർനിർണയം നടപ്പാക്കുകയെന്നത് പ്രായോഗികമല്ല. ഇത്‌ തിരിച്ചറിഞ്ഞ്‌, 2011 ലെ സെൻസസ്‌ കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡലപുനർനിർണയം നടത്താനും ലോക്‌സഭാ, നിയമസഭാ സീറ്റുകൾ അമ്പത്‌ ശതമാനം വർധിപ്പിക്കാനും മോദി സർക്കാർ നീക്കംനടത്തുകയായിരുന്നു.

തങ്ങൾക്കാവശ്യമായ രീതിയിൽ മണ്ഡലപുനർനിർണയം നടത്തി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണം കുത്തനെ വർധിപ്പിക്കുകയെന്നത്‌ മാത്രമാണ്. മോദി സർക്കാരിന്റെ ലക്ഷ്യം. ലോക്‌സഭാ സീറ്റുകൾ കുത്തനെ ഉയർത്തുന്നതിനോടുള്ള പ്രതിപക്ഷത്തിന്റെ വിയോജിപ്പ്‌ മറികടക്കാനാണ്‌ വനിതാ സംവരണത്തോടെയുള്ള മണ്ഡല പുനർനിർണയമെന്ന നീക്കത്തിലേക്ക്‌ ബിജെപി കടന്നത്‌. എന്നാൽ, പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തതോടെ ഇ‍ൗ നീക്കം പാളി. പക്ഷേ, പിന്മാറാൻ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. പ്രതിപക്ഷ കക്ഷികളിൽ ഭിന്നിപ്പുണ്ടാക്കി വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടപ്പിലാക്കാനുള്ള ശ്രമം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലും സർക്കാർ തുടർന്നു. ബിജെപിയുടെ ഇ‍ൗ ഇരട്ടത്താപ്പ്‌, വനിതാ സംവരണത്തെ സംബന്ധിച്ച്‌ പാർലമെന്റിനകത്തും പുറത്തും അവരെടുത്ത മുൻനിലപാടുകൾ പരിശോധിച്ചാൽ വ്യക്തമാവുന്നതാണ്‌.

​ജനസംഘവും എതിർത്തു
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് കാൽനൂറ്റാണ്ട് പൂർത്തിയായ വേളയിൽ സ്ത്രീകളുടെ സാമൂഹിക-, സാമ്പത്തിക, -രാഷ്ട്രീയ അവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്ന തിരിച്ചറിവിലും ഐക്യരാഷ്ട്രസഭ 1975 അന്താരാഷ്ട്ര വനിതാ വർഷമായി പ്രഖ്യാപിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലും 1971 സെപ്തംബറിൽ കേന്ദ്രസർക്കാർ ‘കമ്മിറ്റി ഓൺ ദി സ്റ്റാറ്റസ് ഓഫ് വിമൺ ഇൻ ഇന്ത്യ’(സിഎസ്‌ഡബ്ല്യുഐ) എന്ന സമിതി രൂപീകരിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന സമത്വം സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കലായിരുന്നു സമിതിയുടെ ചുമതല. സ്‌ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ, നിയമപരമായ അവകാശങ്ങൾ, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനും സമിതിയോട്‌ ആവശ്യപ്പെട്ടു.

സിഎസ്‌ഡബ്ല്യുഐ രാജ്യത്തുടനീളം സഞ്ചരിച്ച് സ്‌ത്രീകളെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും കണ്ട് വിവരങ്ങൾ ശേഖരിച്ചു. 1974 ഡിസംബർ 31-ന് സമിതി ‘ടുവേർഡ്സ് ഇക്വാളിറ്റി’ എന്ന പേരിൽ സർക്കാരിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. പാർലമെന്റിലും നിയമസഭകളിലും സ്‌ത്രീ പ്രാതിനിധ്യം പേരിനു മാത്രമായി ചുരുങ്ങുന്നുവെന്ന്‌ റിപ്പോർട്ട് കണ്ടെത്തി. തുടർന്ന് പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് സംവരണം വേണമെന്ന്‌ സമിതിയിലെ അംഗങ്ങൾ നിർദേശിച്ചു. എന്നാൽ, സ്‌ത്രീകളുടെ രാഷ്‌ട്രീയ പ്രാതിനിധ്യത്തെ സംബന്ധിച്ച്‌ ബിജെപിയുടെ പ‍ൂർവ്വര‍ൂപമായ ജനസംഘം കടുത്ത വിയോജിപ്പ്‌ രേഖപ്പെടുത്തി. സ്ത്രീകളുടെ പ്രാഥമിക ഇടം കുടുംബമാണെന്നും രാഷ്ട്രനിർമാണത്തിൽ സ്ത്രീകളുടെ പങ്ക് ‘മാതൃത്വ’ത്തിലൂടെയും കുടുംബ സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെയുമാണെന്നുമുള്ള പരമ്പരാഗത നിരീക്ഷണമാണ് സംഘപരിവാറുകാർ മുന്നോട്ടുവെച്ചത്.

​1996ൽ സംഭവിച്ചത്‌ എന്ത്‌?
​1996ൽ എച്ച് ഡി ദേവഗൗഡ സർക്കാർ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന 81-–ാമത് ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചു. എന്നാൽ സഭയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ബിൽ വിശദമായ പഠനത്തിനായി സംയുക്ത പാർലമെന്ററി സമിതിക്ക്(ജെപിസി) വിട്ടു. സംവരണം ഉടനടി നടപ്പിലാക്കണം എന്നതായിരുന്നു കമ്മിറ്റിയുടെ പ്രധാന നിർദേശം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഭരണഘടന നൽകുന്ന സംവരണത്തിനുള്ളിൽതന്നെ ആ വിഭാഗത്തിലുൾപ്പെടുന്ന വനിതകൾക്കും സംവരണം ഉറപ്പാക്കണമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. റിപ്പോർട്ടിൻമേൽ ചർച്ച നടക്കവെ ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട സ്ത്രീകൾക്കും സംവരണത്തിനുള്ളിൽ ഉപസംവരണം വേണമെന്ന ആവശ്യം ശക്തമായി ഉയർന്നു. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ പ്രത്യേക മുൻഗണന നൽകിയില്ലെങ്കിൽ, സംവരണത്തിന്റെ നേട്ടം മുഴുവൻ ഉയർന്ന സാമൂഹിക, സാമ്പത്തിക പശ്ചാത്തലമുള്ള വിഭാഗങ്ങളിലെ സ്ത്രീകൾക്കു മാത്രമേ ലഭിക്കൂവെന്ന ന്യായമായ വാദമാണ് അന്നുയർന്നത്. ഇവിടെയും ബിജെപി എതിർപ്പുമായി രംഗത്തെത്തി. സവർണ വോട്ടു ബാങ്ക് സംരക്ഷിക്കാനും പിന്നാക്ക സ്ത്രീകളുടെ രാഷ്ട്രീയ കടന്നുവരവ് തടയാനും ബിജെപി ഉയർത്തിയ ഈ എതിർപ്പ്, ആ ഘട്ടത്തിൽ ബിൽ നിയമമാകാതെ അട്ടിമറിക്കപ്പെടുന്നതിലേക്ക് വഴിതെളിച്ചു.

അധികാരത്തിലെത്തിയപ്പോൾ 
എന്തു ചെയ്തു ?
1998ൽ എ ബി വാജ്‌പേയ്‌യുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തി. അധികാരത്തിലെത്തിയാൽ വനിതാ സംവരണം നടപ്പിലാക്കുമെന്നത്‌ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ബിൽ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ, ഫലപ്രദമായുള്ള ഇടപെടൽ നടത്താതെ സംവരണം വീണ്ടും വെെകിപ്പിച്ചു.

2014ലും വനിതാ സംവരണം നടപ്പാക്കുമെന്ന്‌ വാഗ്‌ദാനം ചെയ്താണ്‌ ബിജെപി അധികാരത്തിലെത്തിയത്‌. ഒൻപത്‌ വർഷം ആ വാഗ്‌ദാനം പാലിക്കുന്നതിനായുള്ള യാതൊരു നടപടിയും മോദി സർക്കാർ കൈക്കൊണ്ടില്ല. എന്നാൽ, 2023ൽ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ 106-–ാം ഭരണഘടനാ ഭേദഗതിയായി വനിതാ സംവരണത്തിനുള്ള ‘നാരീ ശക്തി വന്ദൻ’ ബിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ഉൾപ്പെടെ പിന്തുണയോടെയാണ്‌ ബിൽ പാസായത്‌. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽതന്നെ സംവരണം പ്രാബല്യത്തിൽ വരുത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ബിൽ പാസായതിനുശേഷം ബിജെപി തങ്ങളുടെ തനിസ്വരൂ‍പം പുറത്തുകാണിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട്‌ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും സംവരണം നടപ്പായില്ല. ഇതിനുശേഷമാണ്‌ ഇ‍ൗ വർഷം, 2011-ലെ സെൻസസ് കണക്കുകൾ വെച്ച് മണ്ഡല പുനർനിർണയം നടത്താനും ലോക്‌സഭാ സീറ്റുകൾ ഗണ്യമായി വർധിപ്പിക്കാനും സർക്കാർ 131-–ാമത് ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവന്നത്‌.

വനിതാസംവരണത്തോടുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും ഈ അടവുകൾ കേവലമൊരു തിരഞ്ഞെടുപ്പ് തന്ത്രം മാത്രമല്ല. സംഘപരിവാറിന്റെ പ്രത്യയശാസ്‌ത്രംതന്നെ സ്‌ത്രീവിരുദ്ധമാണ്‌. അതിനാൽ, സംവരണം നടപ്പിലാക്കാതിരിക്കാൻ മാത്രമേ ബിജെപി ശ്രമിക്കുകയുള്ളൂ. സ്ത്രീകൾക്ക്‌ രാഷ്ട്രീയ പ്രാതിനിധ്യമോ, ഭരണ പങ്കാളിത്തമോ അനുവദിക്കാത്ത മനുവാദ നയമാണ് ബിജെപിയെ എന്നും നയിച്ചിട്ടുള്ളത്. മണ്ഡല പുനർനിർണയമെന്ന വ്യവസ്ഥ വെച്ച് സംവരണം അനിശ്ചിതകാലത്തേക്ക് തളച്ചിട്ടത്‌ ഈ മനുവാദ ചിന്താഗതിയുടെ പ്രതിഫലനമാണ്. ചുരുക്കത്തിൽ, നിലവിൽ മോദി ഗവൺമെന്റ് നടപ്പാക്കാനുദ്ദേശിക്കുന്ന വനിതാ സംവരണം എന്നത് സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണത്തിനുള്ള മാർഗമല്ല, മറിച്ച്, ജനാധിപത്യത്തെയും ഫെഡറലിസത്തെയും അട്ടിമറിച്ച് തങ്ങളുടെ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനായി ബിജെപിയും സംഘപരിവാറും നിർമിച്ചെടുത്ത വെറുമൊരു പുകമറ മാത്രമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 1 =

Most Popular