നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള യുവജനപ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ആർഎസ്‌എസിന്റെയും ബിജെപിയുടെയും മോദി സർക്കാരിന്റെയും നീക്കങ്ങൾ അവർക്കുള്ളിലെ സ്‌ത്രീവിരുദ്ധത എത്രത്തോളം മാരകമാണെന്ന വസ്‌തുത വെളിച്ചത്തുകൊണ്ടുവന്നു. 12 വർഷംനീണ്ട ഭരണത്തിനിടെ മോദിസർക്കാർ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഡൽഹി ജന്തർമന്തറിൽ സിജെപിയുടെയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടന്ന വിദ്യാർഥി, യുവജനപ്രക്ഷോഭം. ഇൗ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ സവിശേഷത എല്ലാ മുൻധാരണകളെയും കണക്കുകൂട്ടലുകളെയും മറികടന്നുള്ള സ്ത്രീപങ്കാളിത്തമായിരുന്നു. ബാഹ്യസമ്മർദ്ദങ്ങളോ രാഷ്ട്രീയ പ്രേരണയോ ഇല്ലാതെയാണ് പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതെന്ന വസ്‌തുത പകൽപോലെ വ്യക്തമാക്കുന്നതായിരുന്നു സ്‌ത്രീകളുടെ വലിയ രീതിയിലുള്ള പങ്കാളിത്തം. സാധാരണഗതിയിൽ ഇത്തരം പ്രക്ഷോഭങ്ങളെയും പ്രതിഷേധങ്ങളെയും കാര്യമായി ശ്രദ്ധിക്കാത്ത മധ്യവർഗ, അരാഷ്ട്രീയ ഇടങ്ങളിൽപോലും ജന്തർമന്തർ പ്രക്ഷോഭം വലിയ ചർച്ചാവിഷയമാകാനും സ്‌ത്രീകളുടെ വൻപങ്കാളിത്തം കാരണമായി.
പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പെൺകുട്ടികൾ ജന്തർമന്തറിലെ സമരഭൂമിയിൽ നിലയുറപ്പിക്കുകയും കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ ഇടതടവില്ലാതെ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്‌തു. കിടക്കാൻ ഒരിടമോ ശുചിമുറിയോ മറ്റ് സൗകര്യങ്ങളോ ഒന്നുമില്ലാതെയാണ് അവർ ഒരുമാസത്തിലധികം പോരാടിയത്. ഇൗ സമരത്തിൽ തുടക്കംമുതൽ ഒടുക്കംവരെ സജീവമായി പങ്കെടുത്ത യുവതികൾക്കുനേരെ വലിയ രീതിയിലുള്ള ആസൂത്രിത വേട്ടയാടലുകളാണ് സംഘപരിവാർ, ബിജെപി കേന്ദ്രങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. സമൂഹമാധ്യമങ്ങളിൽ നിന്നും യുവതികളുടെ ചിത്രങ്ങളും വിവരങ്ങളും തപ്പിപ്പിടിച്ച് അതെല്ലാം വ്യാപകമായി പ്രചരിപ്പിച്ചു. വിദ്യാർഥിനികളുടെ ഫോട്ടോകൾ ക്രോപ്പ് ചെയ്‌ത് വികൃതമാക്കിയും നിർമിതബുദ്ധി (എഐ) സങ്കേതങ്ങൾ ഉപയോഗിച്ച് വ്യാജഫോട്ടോകൾ ഉണ്ടാക്കിയും നിരന്തരം അവഹേളിച്ചു. സമരത്തിൽ പങ്കെടുത്ത നിരവധി യുവതികൾക്കുനേരെ സമൂഹമാധ്യമങ്ങളിൽ ലൈംഗികാതിക്രമ ആഹ്വാനങ്ങൾ ഉണ്ടായി. കേരളത്തിൽ സംഘപരിവാറിന്റെ ആശയപ്രചാരകനായ ടി ജി മോഹൻദാസിനെ പോലെയുള്ളവർ നടത്തിയ കുറ്റകൃത്യങ്ങൾ ഉദാഹരണം. നിരവധി കുടുംബങ്ങൾക്ക് ‘പെൺമക്കളെ നിലയ്‌ക്ക് നിർത്തിയില്ലെങ്കിൽ വിവരമറിയും’ എന്ന ഭീഷണി ലഭിച്ചു. അധികാരകേന്ദ്രങ്ങളുമായി പ്രത്യക്ഷ, പരോക്ഷ ബന്ധം പുലർത്തുന്നവരും ബിജെപിയെയും കേന്ദ്രസർക്കാരിനെയും നരേന്ദ്രമോദിയെയും പരസ്യമായി പിന്തുണയ്‌ക്കുന്നവരുമാണ് ഇത്തരം ക്രിമിനൽകുറ്റങ്ങളിൽ ഏർപ്പെട്ടത്.
കപടദേശീയ അഹന്തയിൽ പുളയുന്ന ആണത്തഭ്രാന്തിന്റെ കാടത്തം എല്ലാ സീമകളും ലംഘിച്ചിട്ടും അവർക്കെതിരെ ചെറുവിരലനക്കാൻ പോലും നാഴികയ്‌ക്ക് നാൽപതുവട്ടം ‘ബേട്ടീ ബച്ചാവോ’ (മകളെ രക്ഷിക്കൂ) മുദ്രാവാക്യം മുഴക്കാറുള്ള മോദിയുടെ സർക്കാരോ പൊലീസോ തയ്യാറായില്ല. പകരം, അക്രമികളെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്.
പാർലമെന്റ് വർഷകാലസമ്മേളനം തുടങ്ങിയ ജൂലൈ 20ന് വിദ്യാർഥികളും യുവജനങ്ങളും സംഘടിപ്പിച്ച റാലിക്കുനേരെ ഡൽഹി പൊലീസും സിആർപിഎഫും അവരുടെ പ്രത്യേക സംഘമായ ആർഎഎഫും നടത്തിയ എല്ലാ പരിധികളും ലംഘിച്ചുള്ള കടന്നാക്രമണങ്ങൾ ഇതിന്റെയെല്ലാം പരിണതഫലമായിരുന്നു. സമരരംഗത്തുള്ള യുവതികളെ തെരഞ്ഞുപിടിച്ച് മർദ്ദിച്ചും ശാരീരികമായി ഉപദ്രവിച്ചും തെരുവിലൂടെ വലിച്ചിഴച്ചും പൊലീസ് നടത്തിയ അതിക്രമങ്ങൾക്ക് സമീപകാലത്തോ ചരിത്രത്തിലോ സമാനതകളില്ല. എന്തുവിലകൊടുത്തും പ്രക്ഷോഭത്തെ അടിച്ചമർത്തുകയെന്ന ‘മുകളിൽ നിന്നുള്ള നിർദേശത്തി’ന്റെ അടിസ്ഥാനത്തിൽ എന്ത് നിഷ്‌ഠുരതയും കാണിക്കാനുള്ള ലൈസൻസ് കിട്ടിയ മട്ടിലായിരുന്നു പൊലീസിന്റെ അഴിഞ്ഞാട്ടം. ഒരു പ്രകോപനവുമില്ലാതെ നിരപരാധികളായ പെൺകുട്ടികളെ പൊലീസുകാർ ലാത്തികൊണ്ട് അടിച്ചുവീഴ്‌ത്തി. എന്തിനാണ് ഒന്നും ചെയ്യാത്ത ഞങ്ങളെ നിങ്ങൾ ഇങ്ങനെ ആക്രമിക്കുന്നതെന്ന ചോദ്യത്തിന് ‘ഞങ്ങൾക്ക് അതിനുള്ള അധികാരമുണ്ട്’ – എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് സന്ദീപ് ലാംബ ഒരു യുവതിയെ കരണത്തടിക്കുന്നതിന്റെയും പിടിച്ചുതള്ളുന്നതിന്റെയും ദൃശ്യങ്ങൾ ജന്തർമന്തറിൽ പൊലീസ് കാണിച്ചുകൂട്ടിയ അധികാരദുർവിനിയോഗത്തിന്റെ തെളിവാണ്.
നിരപരാധികളായ യുവതികളെ കടന്നാക്രമിച്ച പൊലീസുകാരിൽ കൂടുതൽപേരും തിരിച്ചറിയപ്പെടാതിരിക്കാൻ അവരുടെ നെയിംപ്ലേറ്റുകൾ ഉൗരിമാറ്റിയിരുന്നു. യൂണിഫോമില്ലാതെ ഹെൽമെറ്റ് ധരിച്ച് ലാത്തിയുമായെത്തിയ നിരവധി പേരും പെൺകുട്ടികളെ ആക്രമിക്കാൻ മുന്നിലുണ്ടായിരുന്നു. ഇവരിൽ പലരും പൊലീസുകാരല്ലെന്നും ആർഎസ്‌എസ് – ബിജെപി പ്രവർത്തകരാണെന്നും ആക്ഷേപമുണ്ട്. കരുതിക്കൂട്ടിയും അല്ലാതെയും പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽപോലും കടന്നുപിടിച്ചും വസ്‌ത്രങ്ങൾ വലിച്ചുകീറിയും അവർ യുവതികളെ അപമാനിച്ചു. അടിയേറ്റ് നിലത്തുവീണ പലരെയും നിലത്തിട്ട് തല്ലിച്ചതച്ചു. പെൺകുട്ടികളോട് മോശമായി പെരുമാറുന്ന കാര്യത്തിൽ വനിതാപൊലീസും പിന്നിലായിരുന്നില്ല. പെൺകുട്ടികളെ ശാരീരികമായും മാനസികമായും തകർക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പൊലീസ് പ്രവർത്തിച്ചത്. സമരവേദിക്ക് ഇരുപുറവും പരമാവധി ബാരിക്കേഡുകൾ വിന്യസിച്ച് പൊലീസുകാർതന്നെ കൃത്രിമമായ ഉന്തുംതള്ളുമുണ്ടാക്കി ലാത്തിച്ചാർജിന് തുടക്കമിട്ടു. ഓർക്കാപ്പുറത്തുണ്ടായ ആക്രമണത്തിൽ നിരവധി പെൺകുട്ടികൾക്ക് ബോധം നഷ്ടപ്പെട്ടു. കസ്‌റ്റഡിയിലെടുത്ത യുവതികളെ പൊലീസ് സ്‌റ്റേഷനുകളിൽ എത്തിച്ചതിനുശേഷവും ആക്രമണം തുടർന്നു. ദാഹിച്ചവർക്ക് വെള്ളമോ പരിക്കേറ്റവർക്ക് പ്രാഥമികശുശ്രൂഷയോ നൽകിയില്ല. ‘സമരത്തിന് ഒരുന്പെട്ടാൽ ഇതെല്ലാം നേരിടണം’ എന്നായിരുന്നു പൊലീസുകാരുടെ മറുപടി.
ജന്തർമന്തർ പ്രക്ഷോഭം ധർമേന്ദ്രപ്രധാന്റെ രാജിയെ തുടർന്ന് അവസാനിച്ചെങ്കിലും സമരത്തിൽ പങ്കെടുത്ത വനിതകളെ ഉന്നമിട്ടുള്ള വേട്ട അവസാനിച്ചില്ല. സമരത്തിന് നേതൃത്വം നൽകിയ എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ സിപിഐ എം ആസ്ഥാനമായ എകെജിഭവനിൽ അതിക്രമിച്ച് കയറി അറസ്‌റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസിന്റെ നീക്കം രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടയാക്കി. വർഷങ്ങൾ പഴക്കമുള്ള കേസിൽ കോടതി പുറപ്പെടുവിച്ച വാറണ്ട് പൊക്കിപ്പിടിച്ചാണ് യൂണിഫോമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥർ സ്വകാര്യവാഹനത്തിൽ ഐഷിയെ അറസ്‌റ്റ് ചെയ്യാനെത്തിയത്. ജോൺബ്രിട്ടാസ് എംപിയുടെ നേതൃത്വത്തിൽ പ്രവർത്തകർ നിയമവിരുദ്ധ നീക്കത്തെ തടഞ്ഞതിനെ തുടർന്ന് ഡൽഹി പൊലീസിന് നാണംകെട്ട് മടങ്ങേണ്ടി വന്നു. മുംബൈയിൽ ശിവജി പാർക്കിൽ ജന്തർമന്തർപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധത്തിനിടെ നിയമവിരുദ്ധമായി വിദ്യാർഥികളെയും മറ്റും കൂട്ടത്തോടെ അറസ്‌റ്റുചെയ്‌ത് നീക്കാനുള്ള ശ്രമത്തെ ധൈര്യപൂർവ്വം തടഞ്ഞ മോഡൽ റിയ അഹിറിനെയും ആസൂത്രിതമായി വേട്ടയാടാനുള്ള ശ്രമങ്ങളുണ്ടായി. പൊലീസ് വാഹനത്തിനു മുന്നിൽ കയറിനിന്ന് അതിനെ തടയുന്ന റിയയുടെ ചിത്രം യുവജനപ്രക്ഷോഭത്തിന്റെ ശക്തമായ ചിഹ്നമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് അവരെ ക്രൂരമായ സൈബർ ആക്രമണത്തിന് ഇരയാക്കിയത്. സമൂഹമാധ്യമങ്ങളിലെ ലൈംഗികാധിക്ഷേപത്തിനു പുറമേ നിരവധി വധഭീഷണികളും അവർക്ക് നേരിടേണ്ടി വന്നു. ജന്തർമന്തറിൽ സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാരസമരം നടത്തിയ ഐസ ജനറൽസെക്രട്ടറി നേഹ ബോറയുടെ മുഖത്തേക്ക് റാഞ്ചിയിൽ ഒരാൾ മഷി കുടഞ്ഞതും വാർത്തയായിരുന്നു. ‘രാജ്യദ്രോഹി’ എന്നാക്രോശിച്ചാണ് തനിക്കുനേരെ ആക്രമണമുണ്ടായതെന്ന് നേഹ ബോറ പിന്നീട് പ്രതികരിച്ചു.
ജന്തർമന്തറിലെ സമരത്തിൽ പങ്കെടുത്തവരെ നിരീക്ഷണവലയത്തിലാക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മുഖം തിരിച്ചറിയൽ സംവിധാനം ഉൾപ്പെടെ ഡൽഹി പൊലീസ് ഉപയോഗിച്ചിരുന്നു. സമരവേദിക്ക് ചുറ്റും ഹൈ റെസലൂഷൻ ക്യാമറകൾ വിന്യസിച്ച് പ്രതിഷേധക്കാരുടെ ഫോട്ടോ എടുത്തശേഷം അതുപയോഗിച്ച് യുവതികളെ ഉൾപ്പെടെ നിരീക്ഷണവലയത്തിലാക്കാനായിരുന്നു പൊലീസിന്റെ നീക്കം. നിയമവിരുദ്ധമായ ഇൗ നീക്കത്തിനെതിരെ എ എ റഹീം എംപിയും ഐഷിഘോഷും നൽകിയ ഹർജികൾ സുപ്രീംകോടതിയുടെയും ഡൽഹി ഹൈക്കോടതിയുടെയും പരിഗണനയിലാണ്. മോദി സർക്കാരിന്റെ അടിത്തറ കുലുക്കിയ പ്രക്ഷോഭത്തിൽ അണിനിരന്ന യുവതികളെ ഭരണഘടനയും രാജ്യത്തിന്റെ നിയമസംവിധാനവും ഉറപ്പുനൽകിയിട്ടുള്ള അവകാശങ്ങൾപോലും ഹനിക്കുന്ന രീതിയിൽ ആസൂത്രിതമായി അവഹേളിക്കാനും വേട്ടയാടാനും പൊതുരംഗത്തുനിന്നും അകറ്റിനിർത്താനുമുള്ള നീക്കങ്ങളാണ് സംഘപരിവാർ സംഘടനകളുടെയും ഡൽഹി പൊലീസിന്റെയും ഭാഗത്തു നിന്നുണ്ടായത്. ആർഎസ്‌എസിന്റെയും ബിജെപിയുടെയും ആശയങ്ങൾക്കനുസൃതമായ രീതിയിൽ രാജ്യത്തെ ചിന്തിക്കുന്ന യുവതികളെ ‘നിലയ്‌ക്കു നിർത്താനുള്ള’ അധികാരദുർവിനിയോഗം കൂടിയാണ് ജന്തർമന്തറിലും സൈബറിടങ്ങളിലും അരങ്ങേറിയത്. l



