Thursday, September 10, 2026

ad

Homeകവര്‍സ്റ്റോറിആർഎസ്എസിന് ഒത്താശചെയ്ത് 
യുഡിഎഫ് സർക്കാർ

ആർഎസ്എസിന് ഒത്താശചെയ്ത് 
യുഡിഎഫ് സർക്കാർ

ആര്യ ജിനദേവൻ

ന്തർമന്തറിൽ സമരംചെയ്യുന്ന വിദ്യാർത്ഥികളെ കൂട്ടക്കൊല ചെയ്യണമെന്നും അവരിലെ പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്യണമെന്നുമുള്ള ടി ജി മോഹൻദാസിന്റെ പ്രസ്താവന കേവലം അയാളുടെ വ്യക്തിപരമായ നിലപാടല്ല. രൂപീകരണം മുതലിങ്ങോട്ട് ഫാസിസ്റ്റാശയങ്ങൾ പിൻപറ്റുന്ന ആർഎസ്എസിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടാണത്. സ്ത്രീ അടിച്ചമർത്തപ്പെടേണ്ടവളും പുരുഷന്റെ സംരക്ഷണത്തിൻ കീഴിൽ കഴിയേണ്ടവളുമാണെന്ന പ്രാകൃത കാഴ്ചപ്പാടിൽ അഭിരമിക്കുന്ന ആർഎസ്എസിന്, മുഷ്ടിചുരുട്ടി ചെറുത്തുനിൽപ്പിന്റെ മുദ്രാവാക്യങ്ങൾ ഉറക്കെയുറക്കെ വിളിക്കുന്ന പെണ്ണിനെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ ടി ജി മോഹൻദാസ് ഒരു പ്രതീകമാണ്; ബലാത്സംഗത്തെയും ആയുധമാക്കുന്ന വർഗീയ ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസിന്റെ അസൽ പ്രതീകം.

കൂട്ടക്കൊലയ്ക്കും കൂട്ടബലാത്സംഗത്തിനും ആഹ്വാനം ചെയ്തുകൊണ്ട് ഒരാൾ അത്യന്തം ഹീനവും കേട്ടാലറയ്ക്കുന്നതുമായ ഭാഷയിൽ പ്രതികരണം നടത്തിയിട്ടും കേരളത്തിലെ യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട് കൂടുതൽ ഭീതിദമാണ്. ജൂലൈ 26നാണ് പത്രിക എന്ന യൂട്യൂബ് ചാനലിലൂടെ മോഹൻദാസ് ഈ പ്രസ്താവനയിറക്കുന്നത്. കേരളത്തിലെ പൊതുസമൂഹത്തിൽ നിന്നും വ്യാപകമായ എതിർപ്പുണ്ടായതിനെ തുടർന്ന് ജൂലൈ 31നാണ് പൊലീസ് മോഹൻദാസിനെതിരെ കേസ് എടുത്തത്. 11 ദിവസം കഴിഞ്ഞ്, അതായത് ആഗസ്ത് 9ന്, മോഹൻദാസിനെ അറസ്റ്റുചെയ്ത കേരള പൊലീസ് ആഗസ്ത് 10ന് കോടതിയിൽ ഹാജരാക്കി. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താതെ അയാൾക്ക് ജാമ്യം കിട്ടുന്നതിനുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുകയായിരുന്നു കേരളത്തിലെ പൊലീസ്. തിരുവനന്തപുരം സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.

കർഫ്യൂ പ്രഖ്യാപിച്ച് വിദ്യാർഥികളെ വളഞ്ഞിട്ട് ആക്രമിച്ച് കൂട്ടക്കൊല ചെയ്യണമെന്നും സമരം ചെയ്യുന്ന പെൺകുട്ടികൾ കൂട്ടബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നുമുള്ള പ്രഖ്യാപനത്തിനെതിരെ സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ എഫ്ഐആറിൽ സ്ത്രീത്വത്തെ അപമാനിക്കലിനെതിരായ വകുപ്പ് ചേർത്തിരുന്നില്ല. ഇത് പിന്നീട് കൂട്ടിച്ചേർക്കുകയോ റിമാൻഡ് ആവശ്യപ്പെടുന്ന വേളയിൽ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയോ ചെയ്തില്ല. അറസ്റ്റിനുള്ള നോട്ടീസ് മുൻകൂറായി നൽകുന്നതിലും വീഴ്ചവരുത്തിയ പൊലീസ് മോഹൻദാസിന് ജാമ്യം നൽകുന്നതിനുള്ള സാഹചര്യങ്ങൾ സ്വമേധയാ സൃഷ്ടിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ യുഡിഎഫ് സർക്കാർ പൂർണ്ണമായും ആർഎസ്എസിനും മോദി സർക്കാരിനും വിധേയമായി നിൽക്കുകയും അവരുടെ നയസമീപനങ്ങൾ അതേപടി നടപ്പിലാക്കുകയുമാണ് ചെയ്യുന്നത്. പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന തീരുമാനത്തിലുമെല്ലാം നാം കണ്ടത് ഈ വിധേയത്വമാണ്. തിരഞ്ഞെടുപ്പിൽ ജയിക്കുന്നതിന് ആർഎസ്എസും ബിജെപിയുമായി ഡീൽ ഉണ്ടാക്കിയവരിൽനിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്തുതന്നെയായാലും പുരോഗമന കേരളത്തിന്റെ ആത്മാഭിമാനത്തിന് കളങ്കമേൽപ്പിക്കുന്ന പ്രസ്താവന നടത്തിയ മോഹൻദാസിന് ചുളുവിൽ ജാമ്യം ലഭിക്കുവാനുള്ള എല്ലാ ഒത്താശകളും ചെയ്ത യുഡിഎഫ് സർക്കാർ കേരളത്തിന്റെ പുരോഗമന സമൂഹത്തിന് യാതൊരു വിലയും നൽകുന്നില്ല എന്നതാണ് തെളിഞ്ഞു വരുന്നത്. ഇത്തരത്തിൽ സാമൂഹ്യവിദ്വേഷം പടർത്തുന്ന ഒരാൾക്കൊപ്പം അടിയുറച്ച് നിൽക്കുന്ന യുഡിഎഫ് സർക്കാർ രാജ്യത്തിനുതന്നെ അപമാനമാണ്.

ഇത്രയും മനുഷ്യത്വവിരുദ്ധമായ പ്രസ്താവനകൾ ഭാവഭേദമേതുമില്ലാതെ വന്നിരുന്നു വിളിച്ചുപറയുവാൻ ടി ജി മോഹൻദാസിനെ പ്രാപ്തമാക്കുന്ന ഇന്ത്യയിലെ സാഹചര്യം ഏറെ ഭയാനകമാണ്. അത് ഫാസിസത്തിന്റെ അടയാളപ്പെടുത്തലാണ്. വർഗീയത ആയുധമാക്കുന്ന ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം ബലാത്സംഗവും അതുപോലെതന്നെ ഒരായുധമാണ്. അവരെ സംബന്ധിച്ചിടത്തോളം തങ്ങൾക്കെതിരു നിൽക്കുന്ന വിഭാഗങ്ങളെ കൂട്ടക്കൊല ചെയ്യുന്നതുപോലെ തന്നെ അവരിലെ സ്ത്രീകളെ അപമാനിക്കുന്നതും അജൻഡയാണ്. ഗുജറാത്തിലും മുസഫർ നഗറിലും സൂറത്തിലുമെല്ലാം നടന്ന കലാപങ്ങൾ അതിനു തെളിവാണ്. ഈ കലാപങ്ങളിലെല്ലാം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ന്യൂനപക്ഷ വിഭാഗങ്ങളിലെ പുരുഷന്മാരെ അപമാനിക്കുവാനും തരംതാഴ്ത്താനുമുള്ള ആയുധമായാണ് ആർഎസ്എസ് ഉപയോഗിച്ചത്.

2002ൽ ഗുജറാത്തിൽ ആർഎസ്എസ് കലാപകാരികൾ നടത്തിയ തേർവാഴ്ച എത്രത്തോളം ഭീകരമായിരുന്നു എന്നതിന് തെളിവാണ് അവിടുത്തെ സ്ത്രീകൾ നേരിട്ട പൈശാചികവും അത്യസാധാരണവുമായ ആക്രമണങ്ങൾ. ഈ നിഷ്ഠുരതകൾ മുസ്ലിം സ്ത്രീകൾക്കുനേരെ മാത്രമായിരുന്നില്ല. മറിച്ച് മുസ്ലിം വിഭാഗവുമായി എന്തെങ്കിലും ബന്ധം പുലർത്തുന്ന ഹിന്ദു സ്ത്രീകൾക്കുനേരെയും നടത്തിയിരുന്നു. ഗൗരി ഒരുദാഹരണമാണ്. മുസ്ലിം വിഭാഗത്തിൽപ്പെട്ട ഒരു പുരുഷനുമായി പ്രണയത്തിലായ ഗൗരി അദ്ദേഹത്തോടൊന്നിച്ച് ജീവിക്കുകയായിരുന്നു. തങ്ങളുടെ ഗ്രാമം ആർഎസ്എസ് അക്രമി സംഘം ആക്രമിച്ചപ്പോൾ തന്റെ ജീവിതപങ്കാളിയോട് വീടുവിട്ട് പാടത്തെങ്ങാനും പോയി ഒളിക്കാനാവശ്യപ്പെട്ട ഗൗരിക്ക് മുന്നിലുണ്ടായിരുന്ന പ്രതീക്ഷ താൻ ഹിന്ദു വിഭാഗത്തിൽപ്പെട്ട സ്ത്രീയായതുകൊണ്ട് ആർഎസ്എസുകാർ തന്നെ ആക്രമിക്കില്ല എന്നതായിരുന്നു. എന്നാൽ 7 ആർഎസ്എസ് കാപാലികർ ചേർന്ന് ഗൗരിയെ ഗ്രാമവാസികളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്തു. ഗ്രാമവാസികളിൽ ആരുംതന്നെ അവരെ എതിർത്തില്ല. പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിൽ വച്ച് നടന്ന ഈ ക്രൂരതയ്ക്ക് പിന്നീട് സാക്ഷി പറയുവാനും അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിചാരണ വേളയിൽ കോടതിപോലും തങ്ങളോട് ശത്രുതാപരമായാണ് നിലകൊണ്ടത് എന്നും താൻ കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ടു എന്ന് ജഡ്ജിപോലും വിശ്വസിച്ചില്ല എന്നും ഗൗരി പറയുന്നു. പഞ്ച്-മഹൽ ജില്ലയിലെ ഗ്രാമത്തിൽ കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെടുകയും കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒരു സ്ത്രീ തന്റെ അനുഭവം പറയുന്നുണ്ട്. ബോധം വന്നപ്പോൾ പൂർണ്ണ നഗ്നയായിരുന്നു അവൾ. ശരീരം മറയ്ക്കുവാൻ ഒരു തുണ്ട് തുണിപോലുമില്ലാതെ കിലോമീറ്ററുകളോളം നടക്കേണ്ടി വന്നു അവൾക്ക്.

അപ്പോൾ ആർഎസ്എസിന്റെ അടിസ്ഥാനംതന്നെ സ്ത്രീവിരുദ്ധതയിൽ വേരാഴ്ത്തിയിട്ടുള്ളതാണ്. അത് ഏതെങ്കിലും ഒരു വിഭാഗത്തിലെ സ്ത്രീകളോട് മാത്രമല്ല, സ്വാതന്ത്ര്യബോധത്തോടെ ഈ സമൂഹത്തിൽ ജീവിക്കുന്ന എല്ലാ സ്ത്രീകൾക്കും എതിരാണ്. ആർഎസ്എസ് അഴിഞ്ഞാടിയ കലാപങ്ങളിൽ വൻതോതിലുള്ള ലൈംഗികാതിക്രമങ്ങൾ നടന്നുവെന്ന് സിവിൽ സൊസൈറ്റി സംഘടനകളും മറ്റും നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെയും ഗാന്ധിയുടെയും നെഹ്റുവിന്റെയും പാരമ്പര്യവും ചുമലിലേറ്റിനടക്കുന്ന കോൺഗ്രസിന്റെ ചരിത്രം അധികാരത്തിനുവേണ്ടിയും കേവലമായ തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടിയും എല്ലാകാലത്തും ഈ വർഗീയ സംഘടനയുമായി ധാരണ ഉണ്ടാക്കിയതിന്റേതുമാണ്. അത്തരത്തിലൊരു ധാരണയുടെ പുറത്താണ് കേരളത്തിൽ വി ഡി സതീശൻ മുഖ്യമന്ത്രിയായതും. ഇന്ത്യയിലെ സ്ത്രീകളെ അപമാനിക്കുകയും നരഹത്യയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്ത ടി ജി മോഹൻദാസ് എന്ന സാമൂഹികവിരുദ്ധനെ, എല്ലാ ഒത്താശയും ചെയ്തുകൊടുത്തുകൊണ്ട് നിയമത്തിന്റെ മുന്നിൽനിന്നും രക്ഷപ്പെടുത്തിയെടുക്കാൻ യുഡിഎഫ് സർക്കാർ കാണിച്ച ഉത്സാഹം അതിന്റെ തെളിവാണ്. ആർഎസ്എസിനും ബിജെപിയ്ക്കുമെതിരായി ഒരു ചെറുവിരലനക്കാൻപോലും കേരളത്തിലെ യുഡിഎഫ് സർക്കാർ തയ്യാറല്ല എന്നതിന്റെ തെളിവാണ് മോഹൻദാസിന് ലഭിച്ച ജാമ്യം. കേരളത്തിലെ പുരോഗമന സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു താക്കീത് കൂടിയാണ്. ഇനിയുള്ള നാളുകളിൽ കേരളം സാക്ഷ്യംവഹിക്കാനിടയുള്ള ഭയാനകമായ സാഹചര്യത്തെ ചെറുക്കുന്നതിനുള്ള ജാഗ്രത അനിവാര്യമാണെന്ന താക്കീത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − fourteen =

Most Popular