Thursday, September 10, 2026

ad

Homeകവര്‍സ്റ്റോറിയുഡിഎഫിന്റെ ആർഎസ്എസ്
 വിധേയത്വം

യുഡിഎഫിന്റെ ആർഎസ്എസ്
 വിധേയത്വം

സി എസ് സുജാത (അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി)

ആർഎസ്എസിന്റെ ഔദ്യോഗിക വക്താവ് ടി ജി മോഹൻദാസ് ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ച് പറയുന്ന വീഡിയോയിൽ വളരെ നികൃഷ്ടമായ ഭാഷയിൽ സ്ത്രീകളെയാകെ അപമാനിച്ചിരിക്കുകയാണ്. ഗുജറാത്ത് കാലാപത്തിലും മറ്റും ആർഎസ്എസ് നടപ്പിലാക്കിയ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന രീതി തങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളുടെ നേരെയും പ്രയോഗിക്കണം എന്നാണ് ടി ജി മോഹൻദാസ് പറയുന്നത്. സമരത്തിൽ അണിനിരന്ന പെൺകുട്ടികളെല്ലാം, പ്രത്യേകിച്ച് ഇടതുപക്ഷ മനോഭാവമുള്ള പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്ന തരത്തിൽ വളരെ നികൃഷ്ടമായ പ്രസ്താവനയും മോഹൻദാസ് നടത്തി. ആർഎസ്എസിന്റെ യഥാർത്ഥ മനോനിലയാണ് ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. സ്ത്രീയെ ഉപഭോഗവസ്തുവായല്ലാതെ വ്യക്തികളായി കാണാനുള്ള മാനവികതയോ ധാർമികതയോ ഇല്ലാത്ത കൂട്ടമാണ് ആർഎസ്എസ് എന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്.

സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും അതിയായ പ്രാധാന്യം നൽകുന്ന ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് ഇത്തരത്തിൽ പരസ്യപ്രസ്താവന നടത്താൻ ചില നികൃഷ്ട ജീവികൾക്ക് സാധിക്കുന്നു എന്നുള്ളത് വളരെയധികം ആശങ്കയോടുകൂടി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ആണധികാര വ്യവസ്ഥിതി നിലനിൽക്കുന്ന ഒരു സമൂഹത്തിൽ സ്ത്രീയെ ഇത്തരത്തിൽ ഉപഭോഗവസ്തുവായി ചിത്രീകരിക്കുന്ന പ്രവണത അരാജകത്വം സൃഷ്ടിക്കുകയും സ്ത്രീകളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യും.

സ്ത്രീസമൂഹത്തെയാകെ അറപ്പുളവാക്കുന്ന രീതിയിൽ അധിക്ഷേപിക്കുകയും ബലാൽസംഗ ആഹ്വാനം നടത്തുകയും ചെയ്ത ടി ജി മോഹൻദാസിനെതിരെ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും മഹിള അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റി പരാതി നൽകി. എന്നാൽ അതിന്മേൽ ഒരു നിയമനടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല, ദുർബലമായ വകുപ്പുകൾ ചുമത്തി നിയമത്തിൽനിന്നും രക്ഷപ്പെടാനുള്ള പഴുതുകൾ ഒരുക്കിക്കൊടുത്തുകൊണ്ട് യുഡിഎഫ് ആർഎസ്എസിനോടുള്ള തങ്ങളുടെ വിധേയത്വം പുറത്തുകാട്ടി. തികച്ചും പ്രതിഷേധാർഹമായ നടപടിയാണിത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − 4 =

Most Popular