Thursday, September 10, 2026

ad

Homeകവര്‍സ്റ്റോറിചില പ്രതികരണങ്ങൾ

ചില പ്രതികരണങ്ങൾ

പി കെ ശ്രീമതി (അഖിലേന്ത്യാ പ്രസിഡന്റ്, AIDWA)

‘‘ഈ കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കി എങ്ങനെ മോഹൻദാസ് എന്നു പറയുന്ന മനുഷ്യന് ഇത്രയും മ്ലേച്ഛമായ കാര്യം പറയാൻ തോന്നി? പഠിക്കാൻ മിടുമിടുക്കരായ കുട്ടികൾക്ക് മാത്രമാണ് ഡൽഹിയിലുള്ള വിവിധ സർവകലാശാലകളിൽ അഡ്മിഷൻ ലഭിക്കുന്നത്. അവകാശ സമരത്തിൽ അവർ എസ്എഫ്ഐയോടൊന്നിച്ച് പ്രവർത്തിക്കുന്നതായിരിക്കും ആ മനുഷ്യനെ വിഷം ചീറ്റാൻ പ്രേരിപ്പിച്ചത്.

 

ഷാഹിന കെ കെ

‘‘വെടിവെച്ചു കൊല്ലണമെന്ന് മാത്രമല്ല അയാൾ പറഞ്ഞത്. സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകളെ ബലാൽസംഗം ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്. കേസെടുക്കുമോ യു ഡി എഫ് സർക്കാർ?

പ്രിയപ്പെട്ടവരേ, ഇവനെതിരെ നടപടി എടുക്കുന്നതുവരെ ഇതൊരു ക്യാമ്പയിൻ ആയി നമ്മൾ ഏറ്റെടുക്കണം.

എസ് ശാരദക്കുട്ടി

‘‘അങ്ങാടിയിൽത്തോറ്റാലമ്മയോട് എന്നത് മുഷ്കന്മാരുടെ എല്ലാക്കാലത്തേയും ശീലമാണ്. അതേ, തോറ്റാൽ ഉടൻ തേറ്റയിറക്കി അമ്മേടെ മെക്കിട്ട് കയറി ശീലിച്ചവരെ തിരുത്താനാവില്ല. ജന്തർ മന്തറിൽ തോറ്റതിന് പെണ്ണുങ്ങടെ മെക്കിട്ട് കേറാൻ വരുന്നു !!

പേര് പറയാനോ കേൾക്കാനോ ശബ്ദം പോലും കേൾക്കാനോ ഇഷ്ടപ്പെടാത്ത, മനുഷ്യരൂപത്തിൽ ജനിച്ചുപോയ, നികൃഷ്ട ജന്മങ്ങളോട് യുദ്ധം ചെയ്യാനുമാവില്ല.
ആ ജന്മത്തിനെ ഭൂമിയിലേക്ക് ഇറക്കിവിട്ടതിന് കാരണഭൂതയായ ആ സ്ത്രീ എത്ര ശപിക്കുന്നുണ്ടാകും ആ നിമിഷത്തെ !! അയാളുടെ കൂടെ ജീവിക്കുന്ന സ്ത്രീകളോട്, നിങ്ങൾക്കിയാളെ ഭയമാകുന്നില്ലേ എന്നു മാത്രം ചോദിക്കുന്നു.

സുധ മേനോൻ

‘‘ഫാസിസ്റ്റ് അധികാരഘടനയുടെ ഭാഗമാണെന്നു സ്വയം സങ്കല്‍പ്പിക്കുമ്പോള്‍ ഉടലെടുക്കുന്ന അതിരില്ലാത്ത ഉന്മാദത്തിന്റെ ലോകത്താണ് ടി. ജി. മോഹന്‍ദാസെന്നു തോന്നുന്നു.

അഹിംസാത്മകമായ സമരത്തെ നേരിടുന്നതിനെക്കുറിച്ച് പറയുമ്പോഴും തോക്കും വെടിവെയ്പും കൂട്ടക്കൊലയും കൂട്ടിയിട്ട ശവങ്ങളും ബലാല്‍സംഗവും ഒക്കെയാണ് അയാളുടെ മനസ്സില്‍ വളരെ സ്വാഭാവികമായി വരുന്നത്! ഫാസിസ്റ്റുകള്‍ക്കല്ലാതെ സാധാരണ മനുഷ്യരുടെ മനസില്‍ ഒരിക്കലും ഇത്തരം ഹിംസാത്മകമായ ഭാവനകള്‍ കടന്നുവരില്ല. മഹാത്മാഗാന്ധിയെ ക്രൂരമായി വധിച്ചതിന് ഗോഡ്സെയുടെ ന്യായീകരണങ്ങളിലൊന്ന് അദ്ദേഹം അഹിംസയെ സാര്‍വലൗകികമാക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു എന്നും നമ്മള്‍ ഓര്‍ക്കണം.

ലോകത്തെമ്പാടും ഹിംസാത്മകമായ ദേശീയതയില്‍ വിശ്വസിക്കുന്നവര്‍ എതിരാളികള്‍ക്ക് മുകളില്‍ ഉപയോഗിക്കുന്ന ഏറ്റവും ക്രൂരമായ ആയുധമാണ് ബലാല്‍സംഗം.. പലപ്പോഴും ദേശീയതയെ അടിച്ചേല്‍പ്പിക്കുന്നതും, അപരദേശീയതകളെ മുറിവേല്‍പ്പിക്കുന്നതും സ്ത്രീ ശരീരത്തെ ലൈംഗികമായി കീഴടക്കിക്കൊണ്ടാണ്.. അഹമ്മദാബാദ് മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെയും, സുഡാന്‍ മുതല്‍ നേപ്പാള്‍ വരെയും ബലാല്‍സംഗം ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായി അധികാരശക്തികള്‍ ഉപയോഗിക്കുന്നുണ്ട്. ഇതൊന്നും അറിയാത്ത ഒരാളല്ല, ഉന്മാദത്തെ സാധൂകരിക്കാന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഭാവനയെ കൂട്ടുപിടിക്കുന്ന മോഹന്‍ദാസ്! അയാളുടെ ശരികളാണ് അയാൾ പറഞ്ഞത് എന്നതാണ് പേടിപ്പിക്കുന്നത്…

ക്രൂരമായ ഈ വയലന്‍സിന് ഇരകളായ നിരവധി സ്ത്രീകളെ നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍. ആ ട്രോമ സഹിക്കാന്‍ കഴിയാതെ ദിവസങ്ങളോളം ഉറങ്ങിയിട്ടില്ല.

‘ചരിത്രം അദൃശ്യമാക്കിയ മുറിവുകളില്‍’ ഞാൻ വായനക്കാർക്ക് പരിചയപ്പെടുത്തിയ ജീവലത ചോദിച്ച ഒരു ചോദ്യം ഇപ്പോഴും പൊള്ളിക്കുന്നുണ്ട്..

‘ആത്മാക്കളുടെ ചരിത്രം എഴുതാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ? എങ്കില്‍ എളുപ്പമാണ്. മോക്ഷം കിട്ടാതെ അലയുന്ന അത്രയേറെ പെണ്‍കുട്ടികളുടെ ആത്മാക്കള്‍ ഈ മണ്ണില്‍ ഉണ്ടാകും. ഓരോ ആത്മാവിന്റെയും ഓര്‍മകളില്‍ ബാക്കിയാകുന്നത് അതിക്രൂരമായ പീഡനത്തിന്റെ ബാക്കിപത്രം മാത്രമാകും. വൈക്കോല്‍ക്കൂനകള്‍ക്കിടയില്‍, ചെമ്മീന്‍ കെട്ടിനടുത്ത്, വയല്‍വരമ്പില്‍, കടല്‍ത്തീരത്ത്, സ്വന്തം വീട്ടില്‍ അച്ഛനമ്മമാരുടെ മുന്‍പില്‍ വെച്ച്… ഒക്കെയും റേപ്പ് ചെയ്യപ്പെട്ട നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ ആത്മാക്കള്‍ പറയുന്ന കഥ ആയിരിക്കും ഒരുപക്ഷെ, ഈ ലോകം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മഹത്തായ ജീവല്‍സാഹിത്യം..അവരാണ് ശരിക്കും ഈ യുദ്ധത്തിന്റെയും കലാപത്തിന്റെയും നിശബ്ദസാക്ഷികള്‍…’.

കേരളത്തിന്റെ ആദരണീയനായ ആഭ്യന്തരമന്ത്രിയോടാണ് എനിക്ക് അപേക്ഷിക്കാനുള്ളത്..അന്വേഷണത്തിന് ഉത്തരവിട്ടതിനു നന്ദി… ഇയാള്‍ക്കെതിരായ പരാതി അതീവഗൗരവമായി പരിഗണിക്കണം. നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പുവരുത്തണം. വെറുപ്പ് വിതച്ചുകൊണ്ട് വെറുപ്പ് കൊയ്യുന്ന സംസ്കാരത്തെ മുളയിൽതന്നെ നുള്ളിക്കളയാന്‍ ശ്രമിക്കേണ്ടത് അങ്ങയുടെ ഏറ്റവും പ്രാഥമികമായ ഉത്തരവാദിത്വമായി മാറേണ്ടതുണ്ട്.

കേരളത്തില്‍, കൊറോണയേക്കാൾ വേഗത്തിൽ പടർന്നുപിടിക്കുന്ന ഒന്നായി ‘വെറുപ്പിന്റെ പ്രത്യയശാസ്ത്രം’ ഇന്ന് മാറിയിരിക്കുന്നു. ഏതൊക്കെയോ കേന്ദ്രങ്ങളിൽ നിന്ന് കൃത്യമായ ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെടുന്ന പച്ചക്കള്ളങ്ങൾ നിറഞ്ഞ സന്ദേശങ്ങളും നുണവീഡിയോകളും അപരവൽക്കരണവും പലവിധ ഫോബിയകളും ഒക്കെച്ചേർന്ന് ഒടുവിൽ മനുഷ്യനെ എത്തിക്കുന്നത് സഹജീവിയോടുള്ള കടുത്ത വെറുപ്പിലേക്കും ഹിംസയിലേക്കുമാണ്…..കാരുണ്യവും സഹാനുഭൂതിയും ഇല്ലാത്ത നരകകാലത്തിലേക്കുള്ള അപകടകരമായ വഴിയിലൂടെയാണ് നമ്മള്‍ ഇന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അവിടേക്ക് സ്ഫോടകവസ്തുക്കളുമായി വരുന്ന മനുഷ്യരെ വെറുതെ വിടരുത്…അപേക്ഷയാണ്…

ഷെർളി കുമാർ പാങ്ങോട്

‘‘ചില വാക്കുകൾ ചെവിയിൽ പതിക്കില്ല നമ്മുടെ മനസ്സിനെ കീറിമുറിക്കും.

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥിനികളെക്കുറിച്ച് ടി ജി മോഹൻദാസ് നടത്തിയ അശ്ലീലം കേട്ടപ്പോൾ ഒരു സ്ത്രീയെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും ഞാൻ നടുങ്ങിപ്പോയി. അയാൾ പറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ തോന്നിയത് മറ്റൊന്നാണ്. ഒരു സ്ത്രീയുടെ ശരീരത്തെയും അന്തസ്സിനെയും ലക്ഷ്യമിട്ട് നടത്തുന്ന വാക്കുകൾ കൊണ്ടുള്ള അതിക്രമം ഇതിലും ക്രൂരമാകുമോ എന്ന് ഞാൻ സ്വയം ചോദിച്ചുപോയി.

ഒരു സ്ത്രീയെ അപമാനിക്കാൻ ബലാത്സംഗത്തിന്റെ ഭാഷ ഉപയോഗിക്കുന്നത് വെറും അസഭ്യപ്രയോഗമല്ല. സ്ത്രീയുടെ ആത്മാഭിമാനത്തെ ആക്രമിക്കുന്ന രാഷ്ട്രീയമാണത്. നമ്മുടെ പെൺമക്കളുടെ ശരീരത്തെ പൊതുവേദിയിൽ വലിച്ചിഴച്ച് അവരെ അപമാനിക്കാനുള്ള മനോഭാവമാണ്. സ്ത്രീകളുടെ പ്രതിഷേധത്തോട് വിയോജിക്കാം; അവളുടെ രാഷ്ട്രീയത്തെ എതിർക്കാം. പക്ഷേ അവരെ ലൈംഗിക അതിക്രമത്തിന്റെ ഭീഷണിയിലൂടെയോ അതിന്റെ സൂചനകളിലൂടെയോ അധിക്ഷേപിക്കുന്നവർ ജനാധിപത്യത്തിന്റെ ഭാഷയല്ല സംസാരിക്കുന്നത്. സ്ത്രീകളെ മനുഷ്യരായി പോലും കാണാൻ വിസമ്മതിക്കുന്ന പുരുഷാധിപത്യത്തിന്റെ ഭാഷയാണവർ സംസാരിക്കുന്നത്.

ഈ രാജ്യത്ത് ലൈംഗിക അതിക്രമം നേരിട്ട അനേകം സ്ത്രീകൾ ഇന്നും നീതിക്കായി പോരാടുകയാണ്. അത്തരമൊരു സമൂഹത്തിൽ ബലാത്സംഗത്തെ രാഷ്ട്രീയ പരിഹാസത്തിന്റെ ഭാഷയാക്കി മാറ്റുന്നത് ഇരകളോടുള്ള ക്രൂരമായ അവഹേളനമാണ്.

സ്ത്രീകളെ ഇങ്ങനെ അപമാനിക്കുന്ന ഭാഷയോട് നിശബ്ദത പാലിക്കുന്നതുപോലും ആ അതിക്രമത്തെ സാധൂകരിക്കുന്നതാണ്. സ്ത്രീയുടെ ശരീരം നിങ്ങളുടെ രാഷ്ട്രീയ വിദ്വേഷത്തിന്റെ യുദ്ധഭൂമിയല്ല. സ്ത്രീയുടെ അന്തസ് നിങ്ങളുടെ പ്രസംഗങ്ങളുടെ ഇരയുമല്ല.
ഈ ഭാഷയെ ശക്തമായി അപലപിക്കുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിനും മനുഷ്യാന്തസ്സിനും വേണ്ടി ശബ്ദമുയർത്തുന്ന എല്ലാവരും ഇതിനെതിരെ പ്രതികരിക്കണം.

മോഹൻദാസേ താൻ പറഞ്ഞ വാക്കുകൾക്ക് അതേ രീതിയിൽ മറുപടി തരാൻ എന്റെ ആത്മാഭിമാനം അനുവദിക്കുന്നില്ല.

കെ ജെ ജേക്കബ്

‘‘പ്രക്ഷോഭകരെ വെടിവച്ചു കൊല്ലണം എന്ന് ടി ജി മോഹൻദാസ് അഭിപ്രായപ്പെട്ടതിൽ എനിക്ക് വലിയ അദ്‌ഭുതമില്ല. മനുഷ്യർക്കുപയോഗമുള്ള ഏതെങ്കിലും കാര്യത്തിനായി വലതുപക്ഷം സമരം ചെയ്തതായി ലോകത്തിൽ ഒരു ചരിത്രമില്ല. അങ്ങനെയൊരു വലതുപക്ഷവുമില്ല. മറിച്ച് അവർക്കെതിരായാണ് അത്തരം സമരങ്ങളെല്ലാം ഉയർന്നുവന്നിട്ടുള്ളത്. അവർക്കു പരിചയമുള്ള രീതികളും അതൊക്കെത്തന്നെ.

ഇവരൊഴികെ ബാക്കിയുള്ള മനുഷ്യരെല്ലാം അണിനിരന്ന ഒരു സമരത്തിൽ ഒന്ന് തോറ്റുകൊടുക്കേണ്ടിവന്നപ്പോൾ ലോകത്തിലെ തന്നെ പരിഷ്കൃതസമൂഹങ്ങളിലൊന്നായ കേരളത്തിലിരുന്ന് മലയാളത്തിൽ സംഘികൾ പ്രകടിപ്പിച്ച ഫ്രസ്‌ട്രേഷൻ ഇന്ത്യയിൽത്തന്നെ അപൂർവ്വമാണ്. എങ്ങനെ തിരിച്ചടിക്കണം എന്ന കാര്യം ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ടാകും; അതുണ്ടാകും എന്നുതന്നെയാണ് എന്റെ തോന്നൽ; അവർ അതങ്ങനെയങ്ങു വിട്ടുകളയാൻ സാധ്യതയില്ല.

എന്നാൽ ഏറ്റവും അപരിഷ്കൃതമായ രീതിയിൽ സ്വന്തം നിരാശ വിളിച്ചുപറയുന്നതിൽ മലയാളി സംഘി ആരുടേയും പിറകിലല്ല. 22 ലക്ഷം കുട്ടികളെഴുതിയ ഒരു സുപ്രധാന പരീക്ഷ ആകെ അലമ്പായി ഇവരുടെ തന്നെ പിന്തുണക്കാരായ കോടിക്കണക്കിനു മനുഷ്യരെ നിരാശരാക്കുകയും 23 കുട്ടികൾ ആത്മഹത്യ ചെയ്യുകയും ചെയ്ത വിഷയത്തിൽ ബന്ധപ്പെട്ട മന്ത്രിയുടെ രാജി എന്ന വെറും സ്വാഭാവികമായ ആവശ്യം മാത്രമാണ് സമരക്കാരുടെ ഭാഗത്തുനിന്നുണ്ടായത്. ആ സമരക്കാർക്കെല്ലാം ദേശീയ സുരക്ഷാ നിയമം കൊണ്ടുവന്ന് തിഹാർ ജയിലിൽ താമസമുറപ്പാക്കിയ പാർട്ടികളാണ് മലയാളി സംഘികൾ; ഡൽഹി പൊലീസിനുതന്നെ അത് നിഷേധിക്കേണ്ടി വന്നു എന്നോർത്താൽ മതി ഈ കഴുതകളുടെ കാമം എത്ര ദയനീയമാണ് എന്ന് മനസിലാകും.

രാഷ്ട്രീയപാർട്ടികൾ മുൻനിരയിലില്ലാതിരുന്ന ഒരു സമരത്തെ, വിദ്യാർത്ഥികളും ചെറുപ്പക്കാരും മാത്രം തെരുവിലിറങ്ങിയ ഒരു പ്രക്ഷോഭത്തെ, ഈ ഊളകളെല്ലാം കൂടി സർക്കാരിനെ അട്ടിമറിക്കാനുള്ള സമരമാക്കി ചിത്രീകരിക്കാൻ ശ്രമിച്ചു. ചൈന, അമേരിക്ക, സോറോസ്, പാകിസ്‌ഥാൻ, ജിഹാദി, കുരിശുകൃഷി, എഫ് സി ആർ എ എന്നിങ്ങനെ ഭാവന മുഴുവൻ ഇറക്കി കഥകളുത്പാദിപ്പിച്ചു. എല്ലാം പൊളിഞ്ഞു പണ്ടാരമടങ്ങിയതിന്റെ ചളിപ്പ് ചെറുതല്ല. പണ്ട് നോട്ടുനിരോധന സമയത്തു പറഞ്ഞ ഏകദേശം എല്ലാ വാദങ്ങളും ഇക്കൂട്ടർ ഇപ്പോൾ പറയുന്നുണ്ട്. ചാണക്യന്മാർ എന്തോ വലുത് കണ്ടിട്ടുണ്ട്; ഒക്കെ പിന്നെ വരും, പുലി പതുങ്ങുന്നതു കുതിക്കാനാണ് എന്ന് തുടങ്ങി ഏതാണ്ടെല്ലാ വാദങ്ങളും പുറത്തുചാടിയിട്ടുണ്ട്. മന്ത്രിയെ കൊടുത്ത് രാജ്യത്തെ രക്ഷിച്ചു എന്ന കഥകളൊക്കെ സീരിസായി ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട് ഇക്കൂട്ടർ.

ഇവരെ അങ്കലാപ്പിലാക്കിയ മറ്റൊരു കാര്യം മാധ്യമങ്ങൾക്ക് ഈ സമരത്തിലേറ്റ സാരമായ പരിക്കാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എന്ത് ക്രൂരതയും അസംബന്ധവും വെളുപ്പിച്ചുകൊടുക്കാനും പ്രതിപക്ഷത്തെ ഏകപക്ഷീയമായും അനുപാതരഹിതമായും പ്രഹരിക്കാനും എന്നെന്ന ത്തേക്കും ഉപകരിക്കും എന്ന് ഇവർ കരുതിയ മുഴുവൻ ഉച്ചഭാഷിണികളും തുണിയുരിഞ്ഞു നാണംകെട്ട് നിൽക്കുന്ന കാഴ്ച ചെറിയ അലോസരമല്ല ഇവർക്കുണ്ടാക്കുന്നത്.

കേരളത്തിലെ സംഘി എന്നാൽ അവരുടെ കൂട്ടത്തിലെത്തന്നെ ഏറ്റവും വിലകുറഞ്ഞ കൂട്ടമാണ്. അവരുടെ കരച്ചിൽ കഴുതക്കാമം തീർക്കുന്നതായി കണ്ടാൽ മതി.
അങ്ങനെയല്ലാത്തവർ അക്കൂട്ടത്തിലുണ്ട്. അറപ്പുമാറിയവർ.

സൂക്ഷിക്കേണ്ടത് അവരെയാണ്.
അവരെമാത്രം.

എതിർത്തുനിൽക്കുന്നവരെ വെടിവച്ചുകൊല്ലണം എന്ന് ഒരു സംഘി പറയുന്നത് എനിക്ക് മനസിലാകും. അതവരുടെ തത്വശാസ്ത്രമാണ്, രാഷ്ട്രീയമാണ്.

എന്നാൽ പെൺകുട്ടികളുടെ ഉടുപ്പിന്റെ അകത്തേക്ക് നോക്കുന്നതും കൂട്ടബലാൽസംഗത്തെക്കുറിച്ചു പറയുന്നതും ആ വകുപ്പിലല്ല വരിക.
അതൊരു ഡോഗ് വിസിലാണ്.

സമരം ചെയ്യാൻ വരുന്ന ഓരോ സ്ത്രീയ്ക്കും പെൺകുട്ടിയ്ക്കുമെതിരെ നടത്തുന്ന ആഹ്വാനമാണത്.

അതിനയാൾ നിയമത്തിനുമുന്പിൽ വന്നേ പറ്റൂ.

ഷിബു ഗോപാലകൃഷ്ണൻ

‘‘ഫാസിസത്തിന് വാക്കിൽനിന്നും തോക്കിലേക്ക് അധികം ദൂരമില്ല.

വാക്ക് എടുക്കേണ്ടിടത്ത് വാക്കും, തോക്ക് എടുക്കേണ്ടിടത്ത് തോക്കും, അത് എടുത്തിട്ടുണ്ട്.

ഒരു ടി ജി മോഹൻദാസ് പറഞ്ഞു എന്നതുകൊണ്ട്, ഇതൊരു ടി ജി മോഹൻദാസിന്റെ മാത്രം അഭിപ്രായമാണെന്ന് കരുതണ്ട; അതൊരു ജനിതകമാണ്.

അധികാരം അങ്ങനെയും വിനിയോഗിക്കാനുള്ളതാണ്, എല്ലാ ജനകീയ പ്രതിഷേധങ്ങളും അടിച്ചമർത്താനുള്ളതാണ്, വേണ്ടിവന്നാൽ കൊന്നുതള്ളാനുള്ളതുമാണ് എന്നു കരുതിയവരെ നമ്മൾ ചരിത്രത്തിൽ കണ്ടുമുട്ടിയിട്ടുണ്ട്. കൂട്ടക്കൊലകളുടെയും വംശഹത്യകളുടെയും ചോരയിൽ ചവിട്ടിനിന്ന അവരുടെ കൈയിലും തോക്കുണ്ടായിരുന്നു.

കർഫ്യു പ്രഖ്യാപിക്കുമെന്നും, പിരിഞ്ഞുപോകാത്ത ജനങ്ങളെ വെടിവയ്ക്കുമെന്നും, ആളുകൾ ചിതറിയോടുമെന്നും, കുറച്ചുപേർ മരിക്കുമെന്നും, കുറച്ചുപേർക്ക് അംഗഭംഗം വരുമെന്നും, ശവങ്ങൾ ആശുപത്രിയിൽ എത്തിക്കുമെന്നും യാതൊരു അറപ്പുമില്ലാതെ പറയുമ്പോൾ, നിങ്ങൾ ശ്രദ്ധിച്ചുവോ എന്നറിയില്ല, ആ മുഖം ശാന്തമായിരുന്നു.

ആധുനിക സമൂഹത്തിനു ചിന്തിക്കാൻ കഴിയാത്ത ഒരു ക്രൂരതയെ, ജനാധിപത്യവിരുദ്ധതയെ, യാതൊരു അസ്വാഭാവികതയും ഇല്ലാത്ത ഒരു പുണ്യപ്രവൃത്തിപോലെ വിറയില്ലാതെ വിശദീകരിക്കാൻ കഴിയണമെങ്കിൽ, ചില്ലറ ഫാസിസം പോരാ!

ആളുകളെ വെടിവച്ചു കൊല്ലുന്നതിനെക്കുറിച്ചും, സ്ത്രീകളെ കൂട്ടബലാൽസംഗം ചെയ്യുന്നതിനെക്കുറിച്ചും, അപ്പോൾ അവർ മരിച്ചുപോകുന്നതിനെക്കുറിച്ചും, രക്തസാക്ഷി ആവുന്നതിനെക്കുറിച്ചും പറയുമ്പോൾ അനുഭവിക്കുന്ന ആനന്ദം, യാതൊരു ഇടർച്ചയുമില്ലാതെ, പതർച്ചയുമില്ലാതെ, അങ്ങനെ തന്നെയാണ് വേണ്ടത് എന്നുള്ള അപാരമായ ഉറപ്പിൽ ഒരാൾ ഇരുന്നു പറയുകയാണ്.

പ്രാകൃതമായ ഒരു ആശയത്തെ പാവനവത്കരിക്കുന്ന ആ മനസ്സ്, അതാണ് അപ്പോൾ നിർവഹിക്കേണ്ടുന്ന കർമമെന്നും ധർമമെന്നും കരുതുന്ന രാഷ്ട്രീയ മനസ്സ്.
എത്രയൊക്കെ അടക്കിപ്പിടിച്ചു വച്ചാലും, ഒരു നിർണായക നിമിഷത്തിൽ തള്ളിക്കേറി വരുന്ന അടിസ്ഥാന ആശയമാണത്.

ഒരു ടി ജി മോഹൻദാസ് പറഞ്ഞു എന്നതുകൊണ്ട്, ഇതൊരു ടി ജി മോഹൻദാസിന്റെ മാത്രം അഭിപ്രായം ആണെന്ന് കരുതണ്ട; അതൊരു ജനിതകമാണ്.
എപ്പോൾ വേണമെങ്കിലും തോക്കായി മാറാൻ കഴിയുന്ന വാക്കാണ്.

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 4 =

Most Popular