സ്ത്രീകളെ സ്വാധീനിച്ച് വോട്ടുനേടാനും അധികാരത്തിലെത്തിയാൽ സ്‌ത്രീപീഡകർക്ക് നിർലജ്ജം പ്രതിരോധക്കോട്ട കെട്ടാനും അസാമാന്യശേഷിയുള്ള രാഷ്‌ട്രീയ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി. സ്‌ത്രീകളെ കേവലം സന്താനോൽപ്പാദനത്തിനുള്ള ഉപകരണമായി കാണുകയും മനുസ്‌മൃതിയെന്ന ഏറ്റവും സ്‌ത്രീവിരുദ്ധമായ മിത്തിനെ താലോലിക്കുകയും ചെയ്യുന്ന ആർഎസ്‌എസിന്റെ രാഷ്‌ട്രീയമുഖമാണ് ബിജെപി. ഗുജറാത്ത് കലാപമടക്കമുള്ള വംശഹത്യകളിൽ ഗർഭിണിയുടെ വയറുകീറി ഭ്രൂണത്തെപ്പോലും കുത്തിയെടുത്ത് കൊന്നുകളഞ്ഞ തീവ്രഹിന്ദുത്വവാദികളുടെ കാവിനിറത്തിന് തീർച്ചയായും സ്‌ത്രീവിരുദ്ധതയെന്ന അർഥതലംകൂടി അവകാശപ്പെടാനാകും. 2014ൽ അധികാരസിംഹാസനത്തിലേക്കുള്ള നരേന്ദ്രമോദിയുടെ ആരോഹണത്തിന് സ്‌ത്രീവോട്ടർമാരുടെ പിന്തുണ നിർണായകമായിരുന്നു. രാജ്യത്തെ പിടിച്ചുലച്ച നിർഭയ കൂട്ടബലാത്സംഗം കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെതിരായ സ്‌ത്രീരോഷം ആളിക്കത്താനിടയാക്കിയത് ബിജെപി മുതലെടുത്തു. പക്ഷേ അധികാരത്തിലേറിയ ശേഷം ബിജെപിയുടെ തനിനിറം രാജ്യം കണ്ടു. ഉത്തരേന്ത്യയിലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി നേതാക്കളുടെ ബലാത്സംഗം പതിവ് സംഭവങ്ങളായി മാറി. സ്ത്രീ പീഡകർക്ക് സംരക്ഷണമൊരുക്കാൻ രാജ്യത്തിന്റെ പ്രധാനമന്ത്രി മുതൽ താഴോട്ട് എല്ലാ ബിജെപി നേതാക്കളും നിർലജ്ജം മത്സരിക്കുകയാണ്. ഇരകളുടെ ജീവനുപോലും സുരക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറി. അങ്ങനെ എത്രയോ സ്‌ത്രീകളുടെ കണ്ണീരിനാൽ കുതിർന്നുപോയ പതാകയാണ് ബിജെപിയുടേത്.
പ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ
ഉന്നാവ് കൂട്ടബലാത്സംഗം
2017 ജൂൺ മാസത്തിൽ യുപിയിലെ ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ഉന്നാവ് സംഭവം രാജ്യത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ബിജെപി എംപി കുൽദീപ് സിങ് സെൻഗറായിരുന്നു തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനും നേതൃത്വം നൽകിയത്. ബിജെപി നേതാവിനെ രക്ഷിക്കാൻ ആദിത്യനാഥിന്റെ പൊലീസ് തുടക്കംമുതലേ ശ്രദ്ധിച്ചു. ഒടുവിൽ മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ഇരയായ പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇതിനിടെ പെൺകുട്ടിയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കി പൊലീസ് മർദ്ദിച്ചുകൊന്നു. പെൺകുട്ടിയെ 2019 ജൂലൈയിൽ ലോറിയിടിച്ചുകൊല്ലാനും ശ്രമം നടന്നു. അവളുടെ രണ്ടു ബന്ധുക്കൾ അന്ന് കൊല്ലപ്പെട്ടു. ധീരമായി പോരാടാൻ പെൺകുട്ടി തുനിഞ്ഞിറങ്ങിയതോടെ സുപ്രീംകോടതി ഇടപെട്ട് അന്വേഷണം സിബിഐക്ക് കൈമാറി. വിചാരണ യുപിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി. വിചാരണക്കോടതി സെൻഗറിനെ കുറ്റക്കാരനായി കണ്ടെത്തി 2019ൽ ജീവപര്യന്തം തടവിന് വിധിച്ചു. പെൺകുട്ടിയുടെ പിതാവിനെ പൊലീസ് കസ്‌റ്റഡിയിൽ മർദ്ദിച്ചുകൊന്നതിന് 2020ൽ പത്തുവർഷം തടവും വിധിച്ചു. ശിക്ഷ മരവിപ്പിക്കണമെന്ന സെൻഗറിന്റെ ആവശ്യം സുപ്രീംകോടതി അടുത്തിടെ തള്ളിയിരുന്നു. പൊതുജനരോഷം ആളിക്കത്തിയപ്പോഴും സെൻഗറിനെ തള്ളിപ്പറയാൻ ബിജെപി തയ്യായിരുന്നില്ല.

രാംദുലാർ ഗോണ്ട് കേസ്
ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തിലെ ബിജെപി എംഎൽഎയായിരുന്ന രാംദുലാർ ഗോണ്ട് പ്രതിയായ കേസാണിത്. 2014 ൽ 15 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ, 25 വർഷം കഠിനതടവാണ് വിചാരണക്കോടതി 2023ൽ വിധിച്ചത്. ഒരു വർഷത്താളം പെൺകുട്ടി പീഡനത്തിന് ഇരയായി. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ഗോണ്ട് ജയിച്ചുവെങ്കിലും ശിക്ഷിക്കപ്പെട്ടതോടെ എംഎൽഎ സ്ഥാനം തെറിച്ചു.
ഷാജഹാൻപുർ കേസ്
യുപിയിലെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന സ്വാമി ചിന്മയാനന്ദ് സരസ്വതി ഒരു നിയമവിദ്യാർഥിനിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവം. ചിന്മയാനന്ദിന്റെ ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള കോളേജിലെ വിദ്യാർഥിനി 2019ൽ വെളിപ്പെടുത്തൽ നടത്തിയതിനുപിന്നാലെ അപ്രത്യക്ഷയായത് രാജ്യത്തിന്റെ ശ്രദ്ധ നേടി. വിഷയത്തിൽ സ്വമേധയാ സുപ്രീംകോടതി ഇടപെടുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ഉത്തരവിടുകയും ചെയ്‌തു. സെപ്തംബറിൽ ചിന്മയാനന്ദ് അറസ്‌റ്റിലായി. അയാൾക്ക് മന്ത്രിസ്ഥാനവും നഷ്‌ടപ്പെട്ടു. 2011ൽ ആശ്രമത്തിൽവെച്ച് ശിഷ്യയെ ബലാത്സംഗം ചെയ്‌ത കേസും ഇയാൾക്കെതിരെയുണ്ട്. ആ കേസ് ആദിത്യനാഥ് സർക്കാർ പിൻവലിക്കാൻ ശ്രമിച്ചുവെങ്കിലും കോടതി നിരസിച്ചു.
കത്‌വ ബലാത്സംഗക്കൊല
ജമ്മുകശ്‌മീരിലെ കത്-വയിൽ എട്ടുവയസുള്ള മുസ്ലീം പെൺകുട്ടിയെ ക്ഷേത്രത്തിനുള്ളിൽ പൂജാരിയടക്കമുള്ളവർ ബലാത്സംഗം ചെയ്‌തുകൊന്ന സംഭവം. ബിജെപിയുടെ ക്രൂരത രാഷ്‌ട്രം ഒരിക്കൽക്കൂടി കത്-വയിൽ കണ്ടു. 2018 ജനുവരിയിലാണ് രാജ്യത്തെ ഞെട്ടിച്ച കത്-വ സംഭവം സിപിഐ എം
എംഎൽഎ മുഹമ്മദ് യൂസഫ് താരിഗാമിയിലൂടെ പുറംലോകമറിഞ്ഞത്. തുടർന്ന് മുഖ്യപ്രതികളായ പൂജാരി സഞ്ജി റാം, പർവേഷ് കുമാർ, ദീപക് ഖജൂരിയ, എന്നിവർ അറസ്‌റ്റിലായി. ഒരാഴ്‌ച ക്ഷേത്രത്തിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായ കുട്ടിയെ തലയ്ക്ക് കല്ലുകൊണ്ടിടിച്ചും കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയത്. ബിജെപി–പിഡിപി സർക്കാർ അധികാരത്തിലുണ്ടായിരുന്ന ജമ്മു കശ്മീരിൽനിന്ന് കേസ് പഞ്ചാബിലേക്ക് സുപ്രീംകോടതി മാറ്റി. 2019 ജൂൺ 10ന് ആറുപേരെ പത്താൻകോട്ടിലെ വിചാരണക്കോടതി കുറ്റക്കാരായി കണ്ടെത്തി. സഞ്ജി റാം, ദീപക് ഖജൂരിയ, പർവേഷ് കുമാർ എന്നിവർക്ക് ജീവപര്യന്തവും തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്ന പൊലീസുകാർക്ക് 5 വർഷം തടവുമാണ് വിധിച്ചത്. അതേസമയം പ്രതികളെ പിന്തുണച്ച് പ്രാദേശിക സംഘപരിവാർ നേതാക്കളുടെ സാന്നിധ്യത്തിൽ ദേശീയ പതാകയുമായി ബിജെപി മന്ത്രിയായിരുന്ന ലാൽ സിങ് മാർച്ച് നയിച്ചു. ഇത് രാജ്യവ്യാപകമായി അപലപിക്കപ്പെട്ടതോടെ ലാൽ സിങ്, മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. പിന്നീട് കോൺഗ്രസിലെത്തുകയും ചെയ്‌തു.
നലിയ പീഡനക്കേസ്
നാല് പ്രാദേശിക ബിജെപി നേതാക്കൾ പ്രതിയായ ഗുജറാത്തിലെ കച്ച് പീഡനക്കേസ് അവരുടെ സ്‌ത്രീവിരുദ്ധതയുടെ മറ്റൊരു സാക്ഷ്യമാണ്. നലിയ പീഡനക്കേസ് എന്നും ഇതറിയപ്പെടുന്നു. മുംബൈയിൽനിന്ന് കച്ചിലെ നലിയയിലെത്തിയ 24 കാരിയായ യുവതിയാണ് താൻ കൂട്ടബലാത്സംഗത്തിനിരയായെന്ന് കാണിച്ച് 2017 ജനുവരി 25-ന് പൊലീസിൽ പരാതി നൽകിയത്. ബിജെപി പ്രാദേശിക നേതാക്കളടക്കം ഉൾപ്പെട്ട സംഭവം ഗുജറാത്തിൽ വൻ കോളിളക്കം സൃഷ്‌ടിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനുശേഷം പൊലീസ് നിഷ്‌ക്രിയത്വം കാണിച്ചുവെന്ന് ഇരയായ പെൺകുട്ടി ഹൈക്കോടതിയിൽ പറഞ്ഞു. ബിജെപി പിന്നാക്ക വിഭാഗം സെൽ കൺവീനർ ശാന്തിലാൽ സോളങ്കി, ബിജെപി ഗാന്ധിധാം യൂണിറ്റ് സെക്രട്ടറി ഗോവിന്ദ് പരുൾമണി, ഗാന്ധിധാമിലെ ബിജെപി കൗൺസിലർമാരായ അജിത് രാംവാനി, വസന്ത് ഭാനുശാലി എന്നിവരടക്കം അറസ്‌റ്റിലായി. സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. അന്പതിലേറെ സ്‌ത്രീകൾ ഇരകളായ സെക്‌സ് റാക്കറ്റിലേയ്‌ക്ക് അന്വേഷണം എത്തിനിന്നു. ബിജെപി സംഘടനയായ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൻ മഹാഭിയാന്റെ പേരിൽ ബിജെപി കച്ച് യൂണിറ്റ് തനിക്ക് ഒരു കാർഡുപോലും നൽകിയിരുന്നതായി ഒരു അതിജീവിത ഹൈക്കോടതിയിൽ വെളിപ്പെടുത്തി. എന്നാൽ കടുത്ത സമ്മർദ്ദത്തെ തുടർന്ന് പരാതിക്കാരി മൊഴിമാറ്റിയതോടെ കേസ് എങ്ങുമെത്താതെ പോകുകയായിരുന്നു. പത്രസമ്മേളനത്തിൽ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ കച്ച് ബിജെപി പ്രസിഡന്റിനെതിരെ ഒരു നടപടിയും സ്വീകരിക്കാൻ ബിജെപി സർക്കാർ കൂട്ടാക്കിയില്ല.

ഹാഥ്‌റസ് സംഭവം
ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ 2020 സെപ്തംബറിൽ 19 വയസ്സുള്ള ദളിത് പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത് രാജ്യത്തിന്റെ മനഃസാക്ഷിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ച സംഭവമാണ്. സെപ്തംബർ 14-ന് നാലുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയെ ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സെപ്തംബർ 29-ന് അവൾ മരണത്തിന് കീഴടങ്ങി. പിന്നീട് ബിജെപി സർക്കാർ ചെയ്‌തത് കേട്ടുകേൾവിയില്ലാത്ത ഹീനകൃത്യമാണ്. പെൺകുട്ടിയുടെ കുടുംബത്തെ ബന്ദിയാക്കി മൃതദേഹം പിടിച്ചെടുത്ത് പൊലീസ് കത്തിച്ചുകളഞ്ഞത് രാജ്യം ടെലിവിഷൻ ചാനലുകളിലൂടെ തരിപ്പോടെ കണ്ടു. ബലാത്സംഗം നടന്നിട്ടില്ലെന്നും പെൺകുട്ടിയെ വീട്ടുകാർതന്നെ കൊന്നതാണെന്നുമായിരുന്നു പൊലീസിന്റെയും ബിജെപി നേതാക്കളുടെയും അവകാശവാദം. ഹാഥ്‌റസ് സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം മാത്രം ചുമത്തി പ്രധാന പ്രതിയായ സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ചു.
ബിഎച്ച്‌യു കൂട്ടബലാത്സംഗം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ ബിജെപി ഐടി സെൽ പ്രവർത്തകർ 20 വയസ്സുള്ള ഐഐടി–ബിഎച്ച്‌യു വിദ്യാർഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. 2023 നവംബർ ഒന്നിന് രാത്രി പെൺസുഹൃത്തുമായി ഹോസ്‌റ്റലിനു സമീപം നിൽക്കവേ കുനാൽ പാണ്ഡെ, അഭിഷേക് ചൗഹാൻ, സക്ഷം പട്ടേൽ എന്നിവർ ബലമായി സമീപത്തുള്ള കുറ്റിക്കാട്ടിലേയ്‌ക്ക് കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ഉത്തർപ്രദേശിനെ ഇളക്കിമറിച്ചു. ആയിരക്കണക്കിന് വിദ്യാർഥികൾ മോദിയുടെ മണ്ഡലത്തിൽ തെരുവിലിറങ്ങി. ഇവരെ എബിവിപിക്കാർ ആക്രമിച്ച സംഭവവും ഉണ്ടായി. അറസ്‌റ്റു ചെയ്യുന്നതിന് തൊട്ടുമുന്പുവരെ മൂന്നു പ്രതികളും സമൂഹമാധ്യമത്തിൽ ബിജെപി പ്രചാരണം നടത്തിയെന്നതാണ് ഞെട്ടിക്കുന്നത്. കേസിൽ വിചാരണ നടപടികൾ തുടരുന്നു.
ഗുസ്‌തി താരങ്ങളുടെ സമരം
യുപി ഗോണ്ടയിൽ നിന്നുള്ള ബിജെപി എംപി ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിനെതിരെ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയടക്കം ഏഴ് ഗുസ്‌തി താരങ്ങൾ ഡൽഹി ജന്തർ മന്തറിൽ പ്രത്യക്ഷസമരം തുടങ്ങി. 2012 മുതൽ 2022വരെ രാജ്യത്തും വിദേശത്തും, ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ്‌ഭൂഷൺ ചെയ്‌തുകൂട്ടിയ ലൈംഗികാതിക്രമങ്ങൾ രാജ്യത്തിന്റെ അഭിമാന താരങ്ങൾ തെരുവിൽ വിളിച്ചുപറഞ്ഞു. 2023 ജനുവരിയിൽ താരങ്ങൾ സമരമാരംഭിച്ചു. എന്നിട്ടും ബ്രിജ് ഭൂഷണെതിരെ കേസെടുക്കാൻ പോലും ഡൽഹി പൊലീസ് തയ്യാറായില്ല. കൊണാട്ട്‌പ്ലേസ് പൊലീസ് ഏപ്രിൽ 28ന് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടുവർഷം മുന്പേ ഇക്കാര്യങ്ങൾ അറിയാമായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരകളാക്കപ്പെട്ട അഭിമാനതാരങ്ങളെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു നടപടിയും കെെക്കൊണ്ടില്ല. കേന്ദ്രകായിക മന്ത്രാലയം വിഷയത്തിൽ ഇടപെടുമെന്നും വൈകാതെ മന്ത്രാലയത്തിൽ നിന്ന് ഫോൺകോൾ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞുവെങ്കിലും ഒന്നും സംഭവിച്ചില്ല. ബ്രിജ്‌ഭൂഷണെ അറസ്‌റ്റുചെയ്യാൻ ഡൽഹി പൊലീസ് ഒരു ഘട്ടത്തിലും തയ്യാറായില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റി്ച്ചതോടെ ബ്രിജ്‌ഭൂഷണെതിരെ പോക്‌സോ ഭീഷണി ഇല്ലാതായി. പിന്നീട് നിസാര കുറ്റം ചുമത്തുന്ന കുറ്റപത്രമാണ് വിചാരണക്കോടതിയിൽ സമർപ്പിക്കപ്പെട്ടത്. ഒടുവിൽ ഇൗ ആഗസ്‌ത് 8ന് റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വിനി പൻവാർ, ബ്രിജ് ഭൂഷണെ കുറ്റവിമുക്തനാക്കി. വിധിപ്പകർപ്പ് കിട്ടിയാലുടൻ അപ്പീൽ പോകുമെന്ന് സമരംനയിച്ച ഗുസ്‌തിതാരം വിനേഷ് ഫോഗട്ട് പ്രതികരി്ച്ചിട്ടുണ്ട്.
നാരീശക്തിയ്‌ക്കായി തിരഞ്ഞെടുപ്പു വേദികളിൽ ഗിരിപ്രഭാഷണം നടത്തുന്ന നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യയിൽ സംഘപരിവാറുകാർ നടത്തുന്ന ക്രൂരതകളിൽ ചിലത് മാത്രമാണിത്. കേന്ദ്രസർക്കാർ രൂപീകരിച്ച നിർഭയ ഫണ്ട് ചെലവഴിക്കാതെയും സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക അതിവേഗ കോടതികൾക്ക് രൂപംനൽകാതെയും അവർക്കുള്ള നീതി വൈകിക്കുകയാണ് ബിജെപി. പ്രധാനമന്ത്രിയുടെ മാതൃകാസംസ്ഥാനമായ യുപിയിൽ മാത്രം 61,339 പോക്‌സോ കേസുകളാണ് കെട്ടിക്കിടക്കുന്നത്. ബിജെപി ഭരിക്കുന്ന ഡൽഹി, സ്‌ത്രീകൾക്ക് സുരക്ഷയില്ലാത്ത ഏറ്റവും ഭയാനകമായ നഗരമായി ദേശീയ ക്രൈംറെക്കോർഡ്‌സ് ബ്യൂറോയും ചൂണ്ടിക്കാട്ടുന്നു. വോട്ടിനുവേണ്ടിയുള്ള വാചാടോപങ്ങൾ മാത്രമാണ് ബിജെപിക്ക് സ്‌ത്രീസുരക്ഷയെന്നാണ് ഇത് തെളിയിക്കുന്നത്. l



