ഫാസിസ്റ്റുകളെ സംബന്ധിച്ചിടത്തോളം, അധികാരത്തിലേറാനുള്ള ഉപാധിയോ ഉപകരണമോ ആണ് വിശ്വാസം. വിശ്വാസ സംരക്ഷണമെന്ന് പറഞ്ഞ് ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ വാളെടുക്കുകയും ഉറഞ്ഞുതുള്ളുകയും ചെയ്യുമ്പോൾ, അതിനുപിന്നിൽ അവർക്ക് ആളെ കൂട്ടാൻ കഴിയുമ്പോൾ, ഫാസിസത്തിലേക്കുള്ള വഴി തുറക്കപ്പെടുകയാണെന്ന് നാം കാണണം; ജാഗ്രത പാലിക്കണം.
വിശ്വാസത്തിന്റെ പേരിൽ തടുത്തുകൂട്ടപ്പെടുന്ന മനുഷ്യരെ കൊള്ളയടിക്കാനും ഈ ഫാസിസ്റ്റുകൾ മടിക്കില്ലെന്ന് ഇപ്പോൾ നമ്മുടെ കൺമുന്നിൽ തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ നിയോ ഫാസിസ്റ്റ് പ്രൊജക്ടിന്റെ ആധാരശിലയായി ഉയർത്തപ്പെട്ടത് രാമജന്മഭൂമിയെ സംബന്ധിച്ച മിത്താണ്. നാല് നൂറ്റാണ്ടിനുമുൻപ് നിർമിക്കപ്പെട്ട ബാബ്റി മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം പണിയണമെന്നതായിരുന്നു ആ പ്രൊജക്ടിന്റെ കേന്ദ്ര ബിന്ദു. സ്വാതന്ത്ര്യാനന്തരം രണ്ടുവർഷംപോലും പിന്നിടും മുൻപ്, 1949ൽ, മസ്ജിദിനുള്ളിൽ രാമന്റെ വിഗ്രഹമെന്ന പേരിൽ ഒരു ശില സ്ഥാപിക്കപ്പെട്ടതിൽ തുടങ്ങുന്നു ആ പ്രൊജക്ട്.
1970കളോടെ ഇന്ത്യൻ ഭരണവർഗത്തിന്, സ്വന്തം അധികാരം നിലനിർത്താനും ആഗോള മൂലധനവുമായി കൂട്ടുകെട്ടുണ്ടാക്കി നിയോലിബറൽ കൊള്ളകൾക്ക് അവസരമൊരുക്കാനും നഗ്നമായ സേ-്വച്ഛാധിപത്യം അടിച്ചേൽപിക്കേണ്ടത് അനിവാര്യതയായി മാറി. അത്തരമൊരു ഘട്ടത്തിലാണ് വർഗീയതയുടെ ശക്തിപ്പെടൽ ഉണ്ടാകുന്നത്. ജനങ്ങളുടെ, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യം തകർക്കുന്നതിന് മത, ജാതി മേധാവിത്വങ്ങളുടെ അഴിഞ്ഞാട്ടമുണ്ടാകണം. 1980കളോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗീയതയും ജാതീയതയും ഉറഞ്ഞുതുള്ളാൻ തുടങ്ങിയത് ഭരണവർഗത്തിന്റെ ഈ അനിവാര്യതയിൽനിന്നാണ്.
വർഗീയ സേ-്വച്ഛാധിപത്യവും ധനമൂലധനവും കെെകോർത്തു മുന്നേറുമ്പോൾ പണത്തോടുള്ള ആർത്തിയും അഴിമതിയും കൊടികുത്തി വാഴുന്നതിൽ അസ്വാഭാവികതയേ ഇല്ല. അപരവിദേ-്വഷത്തിന്റെയും തീവ്രവിശ്വാസത്തിന്റെയും മറപറ്റി രാജ്യത്ത് സമ്പത്ത് കൊള്ളയടിക്കാൻ ഫാസിസത്തിന്റെ കെെകാര്യകർത്താക്കളായ ആർഎസ്എസുകാർക്ക് അവസരമൊരുങ്ങുകയും ചെയ്യുന്നു.
വിശ്വാസത്തിന്റെ പേരിൽ കണ്ണുകെട്ടപ്പെട്ട ഒരു സമൂഹത്തെ ഫാസിസ്റ്റുകളായ ആർഎസ്എസ് കൊള്ളയടിക്കുന്നതിന്റെ നേർസാക്ഷ്യമാണ് അയോധ്യ. തലമുറകളായി അയോധ്യയിൽ കൃഷി ചെയ്ത് ജീവിച്ചിരുന്ന ജനതയെ അവരുടെ ഭൂമി കിട്ടുന്ന വിലയ്ക്ക് വിട്ടെറിഞ്ഞുപോകാൻ നിർബന്ധിതരാക്കി; ടൂറിസ്റ്റ് പ്രൊജക്ടുകൾ പടുത്തുയർത്താൻ കോർപ്പറേറ്റുകൾക്ക് സഹായമൊരുക്കി; ഇതെല്ലാം ചെയ്ത ആർഎസ്എസ് തന്നെയാണ് വിശ്വാസി സമൂഹം രാമക്ഷേത്രത്തിൽ സമർപ്പിക്കുന്ന പൊന്നും പണവും കൊള്ളയടിക്കുന്നത്. ക്ഷേത്രഭരണം വിശ്വാസികൾക്കായിരിക്കണമെന്ന, അവിടെ ഭരണകൂടത്തിന്റെ ഇടപെടൽ വേണ്ടെന്ന ചിന്ത വേരുറപ്പിച്ച്, വിശ്വാസികളുടെ പേരിൽ ക്ഷേത്രങ്ങളുടെ നിയന്ത്രണം കെെക്കലാക്കിയ ആർഎസ്എസ് ഭരണാധികാരികളുടെ ഒത്താശയോടെ തന്നെ ക്ഷേത്രങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നതാണ് അയോധ്യയിൽ കാണുന്നത്. കാശിയിലും ബദ്രിനാഥിലും മഥുരയിലുമെല്ലാം ഇതുതന്നെയാണ് നടക്കുന്നത്. ഭരണത്തിന്റെ ഉന്നതതലങ്ങളിലുള്ളവരടക്കം ചേർന്ന് സംഘപരിവാർ നടത്തുന്ന തീവെട്ടിക്കൊള്ളയാണ് അയോധ്യയിൽ കാണുന്നത്. ഈ വിഷയത്തിലേക്ക് വെളിച്ചംവീശുന്ന കവർസ്റ്റോറിയിൽ എഴുതുന്നത് എം വി ഗോവിന്ദൻ, കെ എൻ ഗണേശ്, എം അഖിൽ, കെ പി അക്ഷയ്, റിതിൻ പൗലോസ്, ഗിരീഷ് ചേനപ്പാടി, ആര്യ ജിനദേവൻ, ആർ സീത എന്നിവരാണ്. l



