Tuesday, July 7, 2026

ad

Homeആമുഖംആമുഖം

ആമുഖം

സാമ്രാജ്യത്വം അതിന്റെ നികൃഷ്ടവും ഭീകരവുമായ സ്വരൂപം ലോകത്തിനുമുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. സാമ്രാജ്യത്വം ഉയർത്തുന്ന വെല്ലുവിളികൾക്കെതിരായി കാമ്പെ യ്ൻ നടത്താൻ സിപിഐ എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ ലക്കം ചിന്തയുടെ കവർസ്റ്റോറി പലസ്തീനുമായി ബന്ധപ്പെട്ടതാക്കാൻ നിശ്ചയിച്ചത്.

ഡോ. സന്തോഷ് കുമാർ എസ് എസ്, എ എം ഷിനാസ്, എ ശ്യാം, രേണു രാമനാഥ്, ജി പി രാമചന്ദ്രൻ, ലിയാന ബദർ, ഫായസ് സർസാവി, നാസർ റബാഹ്, ഹാലി അൽ സാൽമി, ജി വിജയകുമാർ എന്നിവരാണ് എഴുതുന്നത്. സാമ്രാജ്യത്വവും അതിന്റെ കൂലിത്തല്ലുകാരായ സിയോണിസ്റ്റുകളും പലസ്തീൻ ജനതയെ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കാൻ നടത്തുന്ന കൊടുംക്രൂരതകളെ വെളിപ്പെടുത്തുന്നതാണ് ഈ ലേഖനങ്ങളും കഥയും കവിതകളുമെല്ലാം.

ചരിത്രത്തിലൊരിടത്തും നടന്നതായി കേട്ടുകേൾവി പോലുമില്ലാത്തത്ര കൊടുംക്രൂരതകളാണ് അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേലിലെ സിയോണിസ്റ്റ് ഭരണകൂടം പലസ്തീനിൽ ചെയ്തുകൊണ്ടിരിക്കുന്നത്. പലസ്തീൻ ജനതയെ ഈ ഭൂമുഖത്തുനിന്ന് ഭൗതികമായി തുടച്ചുനീക്കുക മാത്രമല്ല, അവരുടെ ചരിത്രവും ഓർമകളുമെല്ലാം നിഷ്കാസനം ചെയ്യാനുള്ള ശ്രമം നടത്തുകയുമാണ്. പിഞ്ചുകുഞ്ഞുങ്ങളെയടക്കം കൂട്ടത്തോടെ കൊന്നൊടുക്കുന്ന, അത്യന്തം ഹീനമായ കുറ്റകൃത്യമാണ് ഇസ്രയേൽ എന്ന സിയോണിസ്റ്റ് രാജ്യം നടത്തുന്നത്.

ഇസ്രയേൽ എന്ന രാജ്യംതന്നെ സാമ്രാജ്യത്വ താൽപര്യങ്ങൾക്കനുസരിച്ച് സൃഷ്ടിക്കപ്പെട്ടതാണ്. പശ്ചിമേഷ്യയിൽ സമൃദ്ധമായുള്ള എണ്ണ നിർബാധം കൊള്ളയടിക്കണമെങ്കിൽ സാമ്രാജ്യത്വശക്തികളുടെ സെെനിക സാന്നിധ്യം അവിടെ അനിവാര്യമാണ്. അതിന് ആ പ്രദേശം നിരന്തരസംഘർഷ മേഖലയാക്കി മാറ്റണം; ആ ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഒന്നാം ലോക യുദ്ധകാലത്ത് അന്നത്തെ മുഖ്യ സാമ്രാജ്യത്വശക്തിയായ ബ്രിട്ടൻ, തങ്ങൾ കോളനിയാക്കി കെെവശംവെച്ചിരുന്ന പലസ്തീൻ പ്രദേശത്ത് ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത് – ബാൽഫോർ പ്രഖ്യാപനം. യഥാർഥത്തിൽ, ജൂത വംശീയവാദികളായ സിയോണിസ്റ്റുകൾ ആഫ്രിക്കയിലോ ദക്ഷിണ അമേരിക്കയിലോ എവിടെയെങ്കിലും ആൾപാർപ്പില്ലാത്ത ഭൂമി വിലയ്ക്കെടുത്ത് ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ബാൽഫോർ പ്രഖ്യാപനം വരുന്നത്. ഇതിൽനിന്നുതന്നെ ഇസ്രയേൽ സ്ഥാപിക്കുന്നതിനു പിന്നിലെ സാമ്രാജ്യത്വ അജൻഡ വ്യക്തമാകും. ഇതിനായി, വാഗ്ദത്ത ഭൂമിയെന്ന ബെെബിളിലെ മിത്തിനെ അവർ ഉപയോഗപ്പെടുത്തുകയായിരുന്നു.

ഹിറ്റ്ലർ നടത്തിയ ജൂതവംശഹത്യയാണ് ഇസ്രയേൽ സ്ഥാപിക്കുന്നതിനിടയാക്കിയതെന്ന ആഖ്യാനവും വസ്തുതാവിരുദ്ധമാണ്. 1920 മുതൽ യൂറോപ്പിൽനിന്നും – ജർമനിയിൽനിന്നു മാത്രമല്ല, ബ്രിട്ടനിൽനിന്നും ഫ്രാൻസിൽനിന്നുമെല്ലാം – അമേരിക്കയിൽനിന്നും വലിയ പ്രചാരണം നടത്തി ജൂതരെ കൂട്ടമായി പലസ്തീനിലേക്ക് കയറ്റിയയയ്ക്കുകയായിരുന്നു. ആൾപാർപ്പില്ലാത്ത പ്രദേശമെന്നാണ് പ്രചരിക്കപ്പെട്ടത്. ക്രിസ്ത്യാനികളും ജൂതരും മുസ്ലീങ്ങളുമടക്കമുള്ള അറബ് ജനത കൃഷി ചെയ്ത് ജീവിച്ചിരുന്ന പലസ്തീനിലേയ്ക്കാണ് ജൂതരെ കൂട്ടത്തോടെ കയറ്റിയയച്ചത്. അന്നു തുടങ്ങിയതാണ് പലസ്തീനിലെ സംഘർഷം. ഒടുവിൽ സംഘർഷത്തിനു പരിഹാരമായി, പലസ്തീൻ കീറിമുറിച്ച് ഇസ്രയേൽ സ്ഥാപിച്ചു. പക്ഷേ അതുകൊണ്ടൊന്നും സംഘർഷവും സംഘട്ടനവും അവസാനിക്കുകയായിരുന്നില്ല, മറിച്ച് കൂടുതൽ രൂക്ഷമാവുകയാണുണ്ടായത്.സാമ്രാജ്യത്വശക്തികൾ ആഗ്രഹിച്ചതും അതുതന്നെയായിരുന്നു. ചുരുക്കത്തിൽ, സാമ്രാജ്യത്വത്തിന്റെയും അതിന്റെ പിണിയാളായ സിയോണിസ്റ്റുകളുടെയും കൊടുംക്രൂരതകൾക്കാണ് ലോകം ഇന്ന് സാക്ഷ്യംവഹിക്കുന്നത്. പലസ്തീൻ ജനതയുടെ സമാനതകളില്ലാത്ത ദുരിതജീവിതത്തിന് നിദാനവും അതുതന്നെയാണ്. l

Previous article
Next article
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − three =

Most Popular