കേരളത്തിൽ കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷവും വലതുപക്ഷവും മാറി മാറി അധികാരത്തിൽ വരുന്ന പ്രവണതയാണ് നിലനിന്നിരുന്നത്. ഇതിൽ മാറ്റം വന്ന ആദ്യ തിരഞ്ഞെടുപ്പ് 1977ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്നതായിരുന്നു. അന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി 111 സീറ്റുനേടി അധികാരത്തിൽ വന്നെങ്കിലും അന്നത്തെ ആ മുന്നണിയുടെ മുഖ്യമന്ത്രിക്ക് ഒരു മാസത്തിനകം രാജിവച്ചൊഴിയേണ്ടതായി വന്നു. തൽസ്ഥാനത്തെത്തിയ അന്നത്തെ വിമതകോൺഗ്രസ് നേതാവാകട്ടെ, ഏറെ കഴിയും മുൻപ് പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതമൂലം രാജിവച്ചു. രണ്ടുവർഷത്തിനകം ആ മുന്നണിതന്നെ ശിഥിലമായി തകർന്നടിഞ്ഞു. പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു. അതുകൊണ്ട് 1977ൽ കേരളത്തിൽ വലതുപക്ഷത്തിന‍് ഭരണത്തുടർച്ചയുണ്ടായിയെന്ന് പറയാനാവില്ല. വലതുപക്ഷത്തിനനുകൂലമായ ജനവിധിയുണ്ടായതാകട്ടെ അടിയന്തരാവസ്ഥയുടെ കാലത്തെ ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയത്തെ മാധ്യമങ്ങൾ കൊട്ടിഘോഷിച്ച ‘അച്ചടക്ക’ത്തിന്റെ കാലം എന്ന ആഖ്യാനത്തിന്റെ പശ്ചാത്തലത്തിലുമായിരുന്നു. എന്നാൽ, അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടതിനെത്തുടർന്ന്, ആ കാലത്ത് എന്താണ് യഥാർത്ഥത്തിൽ നടന്നത് എന്നതു സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് സ്ഥിതിയാകെ മാറി. അതുകൊണ്ടുതന്നെയാണ് ജനവിധിയെത്തുടർന്ന് അധികാരമേറ്റെടുത്ത, അടിയന്തരാവസ്ഥക്കാലത്തെ ആഭ്യന്തരമന്ത്രി കെ കരുണാകരന് ദിവസങ്ങൾക്കുള്ളിൽ രാജിവച്ചൊഴിയേണ്ടതായി വന്നത്; ആറു മാസത്തിനുള്ളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ പരാജയത്തിന്റെ പടുകുഴിയിലേക്ക് ആ മുന്നണി വീണതും.
ഈ പശ്ചാത്തലമുള്ളതുകൊണ്ടാണ്, 2021ലാണ് കേരളത്തിൽ ആദ്യമായി ഭരണത്തുടർച്ച ഉണ്ടായതെന്ന് പറയുന്നത്. എൽഡിഎഫ് ഉയർത്തിയ രാഷ്ട്രീയത്തിനനുകൂലമായ തരംഗമായിരുന്നു 2021ലെ ജനവിധിയിൽ കണ്ടത്. അതുകൊണ്ടാണ് വലതുപക്ഷ കേന്ദ്രങ്ങളെയാകെ ആ ജനവിധി അന്ധാളിപ്പിച്ചത്. പ്രതേ-്യകിച്ചും, ആ തിരഞ്ഞെടുപ്പിനു മുൻപുള്ള ഒരു വർഷത്തിലേറെക്കാലം തുടർച്ചയായി സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം നടത്തപ്പെട്ട വേട്ടയാടലുകൾക്കു പിന്നാലെ, നിരന്തരം ആരോപണങ്ങളും നുണപ്രചരണങ്ങളും നടത്തിക്കൊണ്ടിരിക്കവെ, നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉയർത്തിപ്പിടിച്ച നിയോലിബറൽവിരുദ്ധ, ബദൽ അജൻഡയ്ക്കനുകൂലമായ ജനവിധിയായിരുന്നു ആ ഭരണത്തുടർച്ചയെന്നതാണ് മൂലധനശക്തികളെയാകെ വിറളിപ്പിടിപ്പിച്ചത്. ഇനിയും കേരളത്തിൽ ഇടതുപക്ഷ ഭരണത്തുടർച്ച ഉണ്ടാകാതിരിക്കണമെന്ന അജൻഡയോടുകൂടിയുള്ള ആസൂത്രിത പ്രചരണമാണ് തുടർന്നുണ്ടായത്. എൽഡിഎഫിനെതിരായി പൊതുവിലും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ ഒറ്റതിരിച്ചും നടത്തിയ ആസൂത്രിതാക്രമണങ്ങൾ തങ്ങൾക്കനുകൂലമായ ജനവിധി ഉണ്ടാകാൻ സഹായകമായില്ലെങ്കിലോയെന്ന ആശങ്കയെതുടർന്ന് ഇടതുപക്ഷക്കാരെന്ന് സ്വയം കൊട്ടിഘോഷിച്ചിരുന്ന അവസരവാദികളായ ചില ബുദ്ധിജീവികളെ അണിനിരത്തിയുള്ള ‘‘മാറ്റം വേണം’’ എന്ന പ്രചരണം വരെ നടത്തി. അത്തരം പ്രചരണങ്ങളെ ഫലപ്രദമായി നേരിടാൻ എൽഡിഎഫിന് കഴിഞ്ഞതുമില്ല. ഈ സാഹചര്യത്തിലാണ് എൽഡിഎഫിനെതിരായ 2026ലെ ജനവിധി ഉണ്ടായത്.
2026 ജൂൺ 7, 8 തീയതികളിൽ ചേർന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയോഗം ഈ ജനവിധിയെക്കുറിച്ച് സമഗ്രമായി വിലയിരുത്തുകയുണ്ടായി. അത്തരമൊരു വിലയിരുത്തലിന് അന്തിമരൂപം നൽകിയതാകട്ടെ പാർട്ടിയുടെ കീഴ്ഘടകങ്ങളുടെയാകെ അഭിപ്രായങ്ങൾ കേട്ടതിനു ശേഷവുമാണ്. ഈ വിലയിരുത്തലോടു കൂടി അവസാനിക്കുന്ന ഒരു പ്രക്രിയയായല്ല ഇപ്പോൾ നടന്ന ചർച്ചകളെ പാർട്ടി കാണുന്നത്. സ്വയംവിമർശനപരമായ പരിശോധന തുടരുന്നതിനൊപ്പം ഇനിയെന്തു ചെയ്യണമെന്നതിനെക്കുറിച്ചുള്ള ചർച്ചയിലേർപ്പെട്ടിരിക്കുകയുമാണ് പാർട്ടി. പാർട്ടിക്കുള്ളിൽ മാത്രമല്ല, പാർട്ടിയെ സ്നേഹിക്കുന്ന പൊതുസമൂഹത്തിന്റെയാകെ അഭിപ്രായങ്ങൾകൂടി കേട്ടുകൊണ്ട് ആഗസ്ത് മാസത്തിൽ ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ വച്ച് ഈ ചർച്ചകൾക്കാകെ അന്തിമരൂപം നൽകാനാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ഈ ചർച്ചകൾക്ക് സഹായകമായ വിധത്തിലാണ് ഈ ലക്കം കവർസ്റ്റോറി തയ്യാറാക്കിയിട്ടുള്ളത്. പിണറായി വിജയൻ, എം വി ഗോവിന്ദൻ, ഡോ. ടി എം തോമസ് ഐസക്, കെ കെ ശെെലജ, എളമരം കരീം, സി എസ് സുജാത, പി കെ ബിജു, എം സ്വരാജ്, വത്സൻ പനോളി, എം വി നികേഷ് കുമാർ എന്നിവരാണ് എഴുതുന്നത്. അവശ്യംവേണ്ട തിരുത്തലുകൾ വരുത്തി, ബിജെപി–യുഡിഎഫ് ജനവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായി പൊരുതിക്കൊണ്ട് സിപിഐ എമ്മും എൽഡിഎഫും പൂർവാധികം ശക്തിയോടെ മുന്നേറുകതന്നെ ചെയ്യും. l



