കഴിഞ്ഞ പത്തു വർഷം കേരളത്തിൽ അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാരുകൾ നടത്തിയത് നിയോലിബറൽ നയങ്ങൾക്കെതിരെയുള്ള സമാനതകളില്ലാത്ത പോരാട്ടമായിരുന്നു. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുമ്പോൾ, വെള്ളൂർ എച്ച്എൻഎൽ പോലെയുള്ള സ്ഥാപനങ്ങളെ ലേലത്തിൽ പിടിച്ച് സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു. പൊതുജനാരോഗ്യ മേഖലയെയും, പൊതുവിദ്യാഭ്യാസത്തെയും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞത് വലിയ നിക്ഷേപങ്ങളിലൂടെയാണ്. സർക്കാർ സ്‌കൂളുകളെ ഹൈടെക് ആക്കിയതും, താലൂക്ക് ആശുപ്രതികളിൽപ്പോലും ആധുനിക ചികിത്സാ സൗകര്യങ്ങൾ കൊണ്ടുവന്നതും ഇതിന്റെ ഭാഗമാണ്.
ദാരിദ്ര്യമുക്തിയും, വീടും ജനങ്ങളുടെ അവകാശമാക്കി. കിഫ്ബി പോലെയുള്ള നൂതന ധനകാര്യ സംവിധാനങ്ങളിലൂടെ അടിസ്ഥാന സൗകര്യ മേഖലകളിൽ അഭൂതപൂർവ്വമായ മുന്നേറ്റവും എൽഡിഎഫ് സർക്കാർ സാധ്യമാക്കി. ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്ലൈൻ, ഇടമൺ-–കൊച്ചി പവർ ഹൈവേ തുടങ്ങിയ വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാക്കി. മുതലാളിത്ത വ്യവസ്ഥയുടെ പരിമിതികൾക്കകത്തു നിന്നുകൊണ്ട് ജനകീയ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്.
യുഡിഎഫ് സർക്കാർ ഭരണത്തിലെത്തിയതോടെ ഈ നയങ്ങൾക്ക് വലിയ മാറ്റങ്ങളുണ്ടാവുകയാണ്. ആ നയംമാറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂചകമാണ് ധവളപത്രത്തിലൂടെ പുറത്തുവന്നത്. യഥാർത്ഥത്തിൽ എൽ ഡിഎഫ് സർക്കാർ ഉയർത്തിക്കൊണ്ടുവന്ന ജനകീയ നയത്തിൽ നിന്ന് നവലിബറൽ നയങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന്റെ രാഷ്ട്രീയ കാര്യപരിപാടിയാണ് യുഡിഎഫ് സർക്കാർ നടപ്പിലാക്കാൻ പോകുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണത്.
ധവളപത്രം പരിശോധിച്ചാൽ ആഗോളവൽക്കരണ വക്താക്കൾ മുന്നോട്ടുവെക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങൾക്കനുസൃതമായ വിധത്തിൽ കേരളത്തെ രൂപപ്പെടുത്തുന്നതിനുള്ള നയപരിപാടിയാണ് ഇതിലൂടെ മുന്നോ ട്ടുവെക്കുന്നത് എന്ന് വ്യക്തമാണ്. ധവളപത്രം രൂപപ്പെടുത്തുമ്പോൾ നിലവിലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുകയെന്നത് ഏറെ പ്രധാനമാണ്. എന്നാൽ, ഈ കാലഘട്ടത്തിൽ കേരളം നേരിട്ട 2018-ലെ മഹാപ്രളയത്തെക്കുറിച്ചും, കോവിഡ് മഹാമാരിയെക്കുറിച്ചും ധവളപത്രത്തിന് പരിപൂർണ മൗനമാണ്. 31,000 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമാണ് പ്രളയം മൂലം കേരളത്തിനുണ്ടായത്. പ്രളയം എന്നത്, അനുബന്ധത്തിൽ ഒരിക്കൽ മാത്രമാണ് ധവളപത്രത്തിൽ പരാമർശിക്കപ്പെട്ടത്.
2019-–20 വർഷത്തിൽ കേരളത്തിന്റെ മൊത്തം കടഭാരം ജിഎസ്ഡിപി യുടെ 32.02% ഉം, ധനകമ്മി 2.8% ഉം മാത്രമായിരുന്നു എന്നത് മാതൃകാപരമായ സാമ്പത്തിക അച്ചടക്കത്തെയാണ് കാണിക്കുന്നത്. ജനക്ഷേമത്തിനുവേണ്ടി ചെലവഴിക്കുന്നതിനെ ധൂർത്തായി കാണുന്ന നിയോലിബറൽ യുക്തിയാണ് ധവളപത്രം മുന്നോട്ടുവയ്ക്കുന്നത്.
കേരളത്തിന്റെ കടഭാരം ചരിത്രത്തിൽ ഏറ്റവും ഉയർന്നു നിന്നത് യുഡിഎഫ് ഭരിച്ചിരുന്ന 2002–-05 കാലഘട്ടത്തിലാണ്. അത് ജിഎസ്ഡിപിയുടെ 40 ശതമാനത്തോളമായിരുന്നു. അന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളു ടെ ശരാശരി കടഭാരം വെറും 31 % മാത്രമായിരുന്നു. ഇപ്പോൾ കേരളത്തിന്റെ കടഭാരം കോവിഡിന് ശേഷം 35 % ആയി കുറഞ്ഞിട്ടുണ്ട്. പുതിയ കടങ്ങൾ എടുക്കുന്നത് മൂലധന നിക്ഷേപങ്ങൾക്കാണെങ്കിൽ അത് ഭാവിയിൽ വലിയ വരുമാനം കൊണ്ടുവരും. ആ യാഥാർത്ഥ്യത്തെ മറച്ചുവെച്ച് വെറും കണക്കുകൾ കൊണ്ട് ജനങ്ങളെ ഭയപ്പെടുത്തുകയാണ് ഈ രേഖ.
സർക്കാരിന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം ശമ്പളത്തിനും പെൻഷനും വേണ്ടിയാണ് ചെലവഴിക്കുന്നത് എന്നതാണ് ധവളപത്രത്തിന്റെ മറ്റൊരു വലിയ ആരോപണം. ഇതിനെ അവർ ‘ഉത്പാദനരഹിതമായ ഉപഭോഗ’മായി ചുരുക്കിക്കാണുന്നു. ഇന്ത്യയിൽ ഒരു ലക്ഷം ജനങ്ങൾക്ക് ഏകദേശം 85 അധ്യാപകർ മാത്രമുള്ളപ്പോൾ കേരളത്തിൽ അത് 350 ആണ്. യു.പി യിലോ ഗുജറാത്തിലോ ഒരു സ്‌കൂളിൽ ശരാശരി 5 ഉം 6 ഉം അധ്യാപകരുള്ളപ്പോൾ കേരളത്തിൽ അത് 18 ആണ്. ഇന്ത്യയിലെ 7 % സ്‌കൂളുകൾ ഏകാധ്യാപക വിദ്യാലയങ്ങളാണ്. കേരളത്തിൽ വ്യത്യസ്‌തമായ സ്ഥിതി സംജാതമായത് സർക്കാരിന്റെ ഇടപെടൽ വിദ്യാഭ്യാസ മേഖലയിൽ ഉള്ളതുകൊണ്ടു മാത്രമാണ്.
നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും എണ്ണത്തിലും കേരളം ദേശീയ ശരാശരിയേക്കാൾ ബഹുദൂരം മുന്നിലാണ്. പാലിയേറ്റീവ് കെയർ സിസ്റ്റം, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരടങ്ങുന്ന ബൃഹത്തായ ശൃംഖലയാണ് കേരളത്തിന്റെ ആരോഗ്യ–സാമൂഹിക സുരക്ഷയുടെ അടിത്തറ. മൂലധന ചെലവുകൾ കോൺക്രീറ്റ് കെട്ടിടങ്ങളും, പാലങ്ങളും പോലെയുള്ള ‘ഭൗതിക അടിസ്ഥാനസൗകര്യങ്ങൾ’ നിർമിക്കുമ്പോൾ, ഈ റവന്യൂ ചെലവുകൾ ആരോഗ്യവും വിദ്യാഭ്യാസമുമുള്ള മാനവിക മൂലധനമാണ് നിർമിക്കുന്നത്. മാനവ വികസന സൂചികയിൽ കേരളം ഒന്നാമതെത്തിയത് ഈ ചെലവുകൾ കൊണ്ടാണ്. ഈ ചെലവുകൾ വെട്ടിക്കുറയ്ക്കുകയോ മരവിപ്പിക്കുകയോ ചെയ്യുകയെന്നാൽ, കേരളത്തിന്റെ ക്ഷേമ നേട്ടങ്ങളെ തച്ചുടയ്ക്കുക എന്നാണ് അർത്ഥം. ധവളപത്രം പരോക്ഷമായി ലക്ഷ്യമിടുന്നതും സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ കേരള മോഡലിന്റെ നട്ടെല്ലൊടിക്കാനാണ്.
നിതി ആയോഗ് വന്നതിനുശേഷവും സംസ്ഥാന ആസൂത്രണ ബോർ ഡ് നിലനിർത്തിയതും, പദ്ധതി-–പദ്ധതിയേതര വ്യത്യാസം ബജറ്റിൽ തുടർന്നതുമാണ് കഴിഞ്ഞ ഒരു ദശകത്തിനിടയിൽ കേരളം കൈവരിച്ച സാമൂഹ്യ മുന്നേറ്റത്തിന്റെ മറ്റൊരു പ്രധാന കാരണം. 1996-ൽ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ വികേന്ദ്രീകൃത ആസൂത്രണത്തിന് ലോകത്തിനുതന്നെ മാതൃകയായ നാടാണ് കേരളം. എന്നാൽ, ഇതേ ആസൂത്രണ ബോർഡിനെ വെറുമൊരു ഉപദേശക സമിതി അഥവാ ‘തിങ്ക് ടാങ്ക്’ മാത്രമായി ചുരുക്കണം എന്നാണ് ധവളപത്രം ആവശ്യപ്പെടുന്നത്. ആസൂത്രണ പ്രക്രിയയെ ഉദ്യോഗസ്ഥ തലത്തിലേക്ക് മാത്രം ചുരുക്കുകയാണ് ലക്ഷ്യം.
നെഹ്റു ഉൾപ്പെടെ അംഗീകരിച്ച ആസൂത്രണ സങ്കൽപ്പങ്ങളെ തകർക്കാൻ ‘നെഹ്റുവിയൻ ലെഫ്റ്റുകാർ’ തന്നെ വരുന്നുവെന്നത് കാലത്തിന്റെ കാവ്യനീതിയാകാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുനിസിപ്പൽ ബോണ്ടുകളെ ആശ്രയിക്കണമെന്ന നിയോലിബറൽ വാദവും ധവളപത്രം മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ത്യയിലെ പല വൻകിട നഗരങ്ങളിലും പരീക്ഷിച്ച് പരാജയപ്പെട്ടതും വലിയ അസമത്വങ്ങൾ സൃഷ്ടിച്ചതുമായ ഒന്നാണിത്.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം കേന്ദ്ര –സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ വന്ന അതിരൂക്ഷമായ അസമത്വങ്ങളാണ് എന്ന യാഥാർത്ഥ്യത്തെക്കുറിച്ച് ഒരു വരി പോലും ധവളപത്രം ഉരിയാടുന്നില്ല. രാജ്യത്തിന്റെ ഫെഡറൽ ഘടനയെത്തന്നെ തകർക്കുന്ന മോദി സർക്കാരിന്റെ സാമ്പത്തിക ഉപരോധം ഏറ്റവും രൂക്ഷമായ രീതിയിൽ നടപ്പാക്കപ്പെട്ട സംസ്ഥാനമാണ് കേരളം. സംസ്ഥാന സർക്കാരുകളുമായി പങ്കിടേണ്ടതില്ലാത്ത സെസ്സുകളുടെയും സർചാർജുകളുടെയും വൻ വർദ്ധനവ്, ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയത്, കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്‌പകളെ സംസ്ഥാനത്തിന്റെ പൊതുകടമായി കണക്കാക്കി വായ്പാ പരിധി വെട്ടിക്കുറച്ചത് എന്നിവയൊന്നും ധവളപത്രം ഗൗരവമായി ചർച്ചചെയ്യുന്നതേയില്ല.
എന്നാൽ, സാമ്പത്തിക രംഗത്തെ ഈ യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പുതിയ സർക്കാരിന് താൽപര്യമില്ല. ധവളപത്രത്തിലോ സർക്കാർ അധികാരമേറ്റ ശേഷമുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലോ കേന്ദ്ര സർക്കാരിന്റെ ഈ സാമ്പത്തിക ഉപരോധത്തിനെതിരെ ഒരക്ഷരം പോലും ഉരിയാടാൻ യുഡിഎഫ് സർക്കാർ തയ്യാറായില്ല. രാഷ്ട്രീയമായി എതിർക്കാൻ കഴിയാത്ത ഒരു സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുക എന്ന സംഘപരിവാർ അജൻഡയ്ക്ക് മൗനാനുവാദം നൽകുകയാണ് ഇതിലൂടെ പുതിയ സർക്കാർ ചെയ്യുന്നത്. കേന്ദ്രത്തിനെതിരെ ശബ്ദിച്ചാൽ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് സംസാരിക്കേണ്ടി വരും; അത് തങ്ങൾ നടപ്പിലാക്കാൻ പോകുന്ന നവലിബറൽ അജൻഡകളെ ന്യായീകരിക്കാൻ തടസ്സമാകും എന്നതുകൊണ്ടാണ് യുഡിഎഫ് സർക്കാർ ഈ കീഴടങ്ങൽ നയം സ്വീകരിച്ചിരിക്കുന്നത്.
ചുരുക്കത്തിൽ, വസ്‌തുനിഷ്‌ഠമായ സാമ്പത്തിക വിശകലനങ്ങൾക്കുപകരം കടത്തിന്റെ കേവല കണക്കുകൾ നിരത്തി ജനങ്ങൾക്കിടയിൽ ഒരു ഭയാന്തരീക്ഷം സൃഷ്ടിക്കാനും, സാമ്പത്തിക അടിയന്തരാവസ്ഥയാണെന്ന് വരുത്തിത്തീർത്ത് അതിന്റെ മറവിൽ കടുത്ത ജനദ്രോഹ നടപടികൾ അടിച്ചേൽപ്പിക്കാനുമാണ് ധവളപത്രം ശ്രമിക്കുന്നത്. കേരളത്തിന്റെ തനത് സാമൂഹ്യ സ്വഭാവങ്ങളെയും സർക്കാരിന്റെ ക്ഷേമകാര്യങ്ങളിലുള്ള സജീവ ഇടപെടലുകളെയും തകർത്ത് വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കുന്ന അതിതീവ്ര നിയോലിബറൽ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ തന്ത്രമാണ് അണിയറയിൽ ധവളപത്രം മുന്നോട്ടുവെക്കുന്നത്.
2011ൽ യുഡിഎഫ് ഭരണത്തിലിരുന്ന ഘട്ടത്തിൽ, ഇടതുപക്ഷ സർക്കാരുകളുടെ നയങ്ങളുടെ ഫലമായി കേരളം നേടിയ നേട്ടങ്ങളെല്ലാം തകർക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ എല്ലാ രംഗത്തും കേരളം പിന്നിൽ നിൽക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അത്തരമൊരു അവസ്ഥയിൽ നിന്നാണ് എൽഡിഎഫ് സർക്കാർ കേരളത്തെ ഇന്ത്യയിലാദ്യമായി അതിദാരിദ്ര്യം പരിഹരിക്കുന്ന സംസ്ഥാനമാക്കി മാറ്റിയെടുത്തത്.
ഒരു നാടിന്റെ പുരോഗതിക്ക് ഏറ്റവും പ്രധാനമാണ് സമാധാനപരമായ ജീവിതം. മതനിരപേക്ഷമായ ജീവിതക്രമം വികസിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. സംഘപരിവാറിന്റെ ഇടപെടൽ രാജ്യത്തെങ്ങും ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ പ്രത്യേകിച്ച് മുസ്ലീം വിഭാഗങ്ങളിൽ വലിയ തോതിലുള്ള അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിൽ അതിൽ നിന്നും വ്യത്യസ്തമായ അന്തരീക്ഷം നിലനിൽക്കുന്നത് നവോത്ഥാനപ്രസ്ഥാനവും, ദേശീയ പ്രസ്ഥാനവും, തുടർന്ന് തൊഴിലാളി – കർഷക പ്രസ്ഥാനവും നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ്.
കേരളത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ വർഗ്ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന വലതുപക്ഷ രാഷ്ട്രീയ നയമാണ് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളെ പ്രതിരോധിക്കുന്നില്ലെന്ന് മാത്രമല്ല, വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തെ പിന്തുണയ്ക്കുന്ന സമീപനവുമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. എം.ജി സർവ്വകലാശാലയുടെ സെനറ്റിലേക്ക് 19 ആർഎസ്എസുകാരെ ഗവർണർ നോമിനേറ്റ് ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തിൽ യാതൊരു പ്രതിഷേധവും യുഡിഎഫിനില്ല.
അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ ഔന്നത്യം ഉയർത്തിപ്പിടിക്കേണ്ട സർവ്വകലാശാല വി.സിമാർ ആർ.എസ്.എസിന്റെ യോഗങ്ങളിൽ പങ്കെടുക്കുന്ന സ്ഥിതി ഉണ്ടായിരിക്കുകയാണ്. പി.എം ശ്രീ പദ്ധതിക്കെതിരെ സംസാരിച്ചിരുന്നവർ അതിന്റെ വക്താക്കളായി മാറുന്ന നിലയും ഉണ്ടായിരിക്കുകയാണ്. ഇടതുപക്ഷത്തെ തകർക്കാൻ കോ-ലീ-ബി സഖ്യമുണ്ടാക്കിയവരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ല.
യുഡിഎഫ് ഭരണത്തിൽ വന്നാൽ വലിയ തോതിലുള്ള വാഗ്ദാനങ്ങളാണ് മുന്നോട്ടുവെച്ചിരുന്നത്. ആദ്യ ക്യാബിനറ്റിൽ തന്നെ ആശ വർക്കർമാരുടെ ഓണറേറിയം 21,000 ആക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, അത് നടപ്പിലാക്കിയില്ല. കെഎസ്ആർടിസിയിലെ എല്ലാ ബസുകളിലും സ്ത്രീകളുടെ സൗജന്യ യാത്രയും തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അവ മെയ്-മാസത്തിൽ തന്നെ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഇപ്പോഴത് ഓർഡിനറി ബസ്സുകളിലേക്ക് മാത്രം പരിമിതപ്പെടുത്തുന്ന സ്ഥിതിയാണുണ്ടായത്.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി യുഡിഎഫിനകത്ത് നടന്ന തമ്മിലടി അവരെ അനുകൂലിക്കുന്നവർക്കുപോലും ന്യായീകരിക്കാൻ കഴിയുന്നതായിരുന്നില്ല. കോൺഗ്രസിന്റെ നേതാവിനെ നിശ്ചയിക്കുന്നതിന് ലീഗും, ജമാഅത്തെ ഇസ്ലാമിയും മറ്റും ഇടപെടുന്ന സാഹചര്യത്തിനും കേരളം സാക്ഷിയായി. കോൺഗ്രസിലെ തർക്കങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന സ്ഥിതിയും തുടക്കത്തിലേ നാം കണ്ടതാണ്.
ശബരിമല സ്വർണ്ണക്കൊള്ള കേസിനെ കുറിച്ച് വാതോരാതെ നുണകൾ പ്രചരിപ്പിക്കുകയാണ് യുഡിഎഫ് ചെയ്‌തത്. എന്നാൽ, ഭരണത്തിൽ വന്നയുടനെ ഈ കേസിലെ പ്രതിഭാഗം വക്കീലിനെ തന്നെ ദേവസ്വം ബോർഡ് അഭിഭാഷകനായി നിയമിക്കുന്ന വിചിത്രമായ അനുഭവത്തിനും കേരളം സാക്ഷിയായി. വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനുമുമ്പായി ചാർട്ടേഡ് വിമാനത്തിൽ നടത്തിയ യാത്ര ഉൾപ്പെടെ വിവാദത്തിലാവുന്ന അവസ്ഥയാണ് ഉണ്ടായത്. അധികാരമേറ്റയുടനെ ജീവനക്കാരുടെ സ്ഥലം മാറ്റത്തിൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് സർക്കാർ ഇടപെടുന്ന രീതികളും വളർന്നുവന്നിരിക്കുകയാണ്. ഇല്ലാത്ത കേസുകൾ കുത്തിപ്പൊക്കി രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്ന സമീപനവും വ്യാപകമായിരിക്കുകയാണ് കേസിൽ. സിപിഐ എമ്മിനെ പോലും പ്രതിയാക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്. ഇത്തരം ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ കേരളത്തിന്റെ സൗഹാർദപരമായ അന്തരീക്ഷത്തെ തകർക്കാനാണ് ഇടയാക്കുക.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരായി എല്ലാ പിന്തിരിപ്പൻ ശക്തികളേയും, വർഗീയ ശക്തികളേയും കൂടെ നിർത്തിക്കൊണ്ടാണ് യുഡിഎഫ് മത്സരിച്ചത്. അത്തരം വിഭാഗങ്ങളുടെയെല്ലാം സമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്നതിന്റെ ഫലമായി തെറ്റായ നിരവധി കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വിവിധയിടങ്ങളിൽ പലരേയും നിയമിക്കുകയും പുറത്താക്കുകയും ചെയ്യുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നത് അതിനാലാണ്.
ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു മാസക്കാലം അതിനെ വിലയിരുത്തുന്നതിനുള്ള കാലയളവല്ല. എന്നാൽ, ഈ കാലയളവിനുള്ളിൽ ഈ സർക്കാർ സ്വീകരിച്ച നയസമീപനങ്ങൾ വ്യക്തമാക്കുന്നത് 2011-ലെ അവസ്ഥയിലേക്ക് കേരളം അതിവേഗം എത്തിച്ചേരുമെന്നാണ്. വികസന പദ്ധതികൾ തടയപ്പെടുമെന്നു മാത്രമല്ല, തിരഞ്ഞെടുപ്പ് വിജയത്തിനായി വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നയം കേരളത്തിന്റെ മതനിരപേക്ഷതയ്ക്കു കടുത്ത വെല്ലുവിളി സൃഷ്ടിക്കും.
സംസ്ഥാന സർക്കാരിന്റെ എല്ലാ ഗുണപരമായ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുമെന്ന കാര്യം എൽഡിഎഫ് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ, എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മാതൃകാപരമായ പദ്ധതികൾ തകർക്കുകയും, ആഗോളവൽക്കരണ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ ജനജീവിതത്തെ പിന്നോട്ടു വലിക്കുകയും ചെയ്യുന്ന നയങ്ങളാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ഇത് കേരളം നേടിയ നേട്ടങ്ങളെയെല്ലാം തകർക്കുന്നതാണ്. ഇതിനെതിരായി ശക്തമായ ചെറുത്തുനിൽപ്പ് നടത്തിക്കൊണ്ടു മാത്രമേ കേരളത്തിന്റെ നേട്ടങ്ങളെ സംരക്ഷിക്കാനാവൂ. l



