നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ കനത്ത തിരിച്ചടിയാണ് എല്‍ഡിഎഫിനുണ്ടായത്. 35 സീറ്റുകളിലാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. സിപിഐ എമ്മിന് 26 സീറ്റുകളാണ് ലഭിച്ചത്. യുഡിഎഫിന് 102 ഉം, ബി.ജെ.പിക്ക് 3 ഉം സീറ്റുകൾ ഈ തിരഞ്ഞെടുപ്പിൽ ലഭിക്കുകയുണ്ടായി. വോട്ടിങ് ശതമാനം പരിശോധിച്ചാല്‍ എല്‍ഡിഎഫിന് 37.69 ശതമാനം വോട്ടാണ് ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 45.28 ശതമാനം വോട്ടു ലഭിച്ച സ്ഥാനത്താണ് ഈ സ്ഥിതിയിലേക്ക് എത്തിയത്. യുഡിഎഫിന് 2021 ലെ തിരഞ്ഞെടുപ്പിൽ 39.40 ശതമാനം വോട്ട് ലഭിച്ച സ്ഥാനത്ത്, ഇത്തവണ അത് 46.06 ശതമാനമായി വര്‍ദ്ധിക്കുകയാണ് ചെയ്തത്. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വോട്ട് എൽഡിഎഫിന് ലഭിച്ചത് 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലാണ്. ബിജെപിക്ക് 3 നിയമസഭാ സീറ്റ് ലഭിച്ചുവെന്നതും ഗൗരവതരമാണ്.
തിരഞ്ഞെടുപ്പിലുണ്ടായ ഈ പരാജയം ദേശീയ രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തുന്ന ഒന്നാണ്. ആഗോളവല്‍ക്കരണ നയത്തിനെതിരെ ബദലുയര്‍ത്തിയ എൽഡിഎഫ് സർക്കാരിനാണ്, വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഇടപെടലുകള്‍ രാജ്യത്ത് നടക്കുന്ന ഈ ഘട്ടത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത നാടായി കേരളത്തെ മാറ്റാൻ കഴിഞ്ഞ സര്‍ക്കാരിനാണ് ഈ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. ഇന്ത്യയില്‍ നിലവിലുള്ള ഏക ഇടതുപക്ഷ സര്‍ക്കാരിനുണ്ടായ പരാജയം ഇന്ത്യയിലെ ജനകീയ പോരാട്ടത്തിനുതന്നെ തിരിച്ചടിയായി മാറിയിട്ടുണ്ട്.
കേരളത്തിലെ എല്‍ഡിഎഫിനേറ്റ ഈ പരാജയത്തില്‍ നിന്നു തിരിച്ചുവരികയെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിനും, ഭാവി കേരളത്തിന്റെ മുന്നേറ്റത്തിനും ഏറെ പ്രധാനമാണ്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ പതിവില്‍നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിക്കണമെന്ന് നിശ്ചയിക്കപ്പെട്ടത്. അതിന്റെ ഭാഗമായാണ് 2026 മെയ് 13, 14 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിനെ സംബന്ധിച്ച പൊതുവായ പരിശോധന നടത്തി അതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനയിലേക്ക് കടന്നത്.
സാധാരണ സംഘടനാരീതിയില്‍നിന്നും വ്യത്യസ്തമായി പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും തിരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ച് മുന്‍വിധികളില്ലാത്ത ചര്‍ച്ച നടത്തണമെന്ന് നിശ്ചയിച്ചതും അതുകൊണ്ടാണ്. അതിന് സഹായകരമായ ഒരു കുറിപ്പ് പാർട്ടി സംസ്ഥാന കമ്മിറ്റി തയാറാക്കി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ സംസ്ഥാന സെന്ററില്‍ നിന്നും സഖാക്കള്‍ പങ്കെടുത്തുകൊണ്ട് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ മനസ്സിലാക്കി പാർട്ടി സംസ്ഥാന കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ഏരിയാ കമ്മിറ്റി യോഗങ്ങള്‍ ചേർന്നു. അതിനുശേഷം, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് ലോക്കല്‍ കമ്മിറ്റികളും ഏരിയാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് ബ്രാഞ്ചുകളും യോഗം ചേര്‍ന്നു.
പാര്‍ട്ടിക്കകത്ത് നടത്തിയ ഈ ചര്‍ച്ചകളെല്ലാം ക്രോഡീകരിച്ചുകൊണ്ടാണ് സംസ്ഥാന കമ്മിറ്റി 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് റിവ്യൂ നടത്തിയത്. ഇതു സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ജൂണ്‍ 7, 8 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം റിവ്യൂ റിപ്പോര്‍ട്ട് ഏകകണ്ഠേന അംഗീകരിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് എല്ലാ ഘടകങ്ങളിലും അവതരിപ്പിക്കും. അതില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്ത് ആഗസ്ത് മാസത്തില്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ചേരണമെന്നും നിശ്ചയിച്ചു. തുടര്‍ന്ന് ജില്ലാ തലത്തിലും, ഏരിയാ തലത്തിലും സമാനമായ യോഗങ്ങള്‍ നടത്തി, സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര ഉള്‍ക്കാഴ്ചയോടെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് പാർട്ടി ഇടപെടുകയും ചെയ്യും.
പാർട്ടി സംഘടനയ്-ക്കകത്തു മാത്രം ഈ ചര്‍ച്ച ഒതുക്കിനിര്‍ത്തേണ്ടതില്ലെന്ന തീരുമാനവും സംസ്ഥാന കമ്മിറ്റി സ്വീകരിക്കുകയുണ്ടായി. പാർട്ടി അനുഭാവികള്‍ക്കും, നാടിനെ സ്നേഹിക്കുന്നവര്‍ക്കും അഭിപ്രായം രേഖപ്പെടുത്താനുള്ള സാഹചര്യവും ഒരുക്കിയിരിക്കുകയാണ്. പൊതുജനങ്ങളില്‍ നിന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിപ്രായങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനമാണ് സംസ്ഥാന കമ്മിറ്റി ഒരുക്കിയത്. അതിന്റെ ഭാഗമായി 7994777168 എന്ന നമ്പറിലും, puthuvazhikal @gmail.com എന്ന ഇ മെയിലിലും അഭിപ്രായം അറിയിക്കാനുള്ള സംവിധാനമാണ് പാർട്ടി സംസ്ഥാന കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. ആയിരക്കണക്കിന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഓരോ ദിവസവും ലഭിക്കുന്നുണ്ട്.
സംസ്ഥാന അവലോകനത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍ സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനവും, സ്വയംവിമര്‍ശനവുമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന, മറ്റ് ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ അതാത് ഘടകങ്ങളില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നിലപാടുകള്‍ സ്വീകരിക്കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ പാര്‍ട്ടിയെ രാഷ്ട്രീയമായും സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും കരുത്തുറ്റതാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് സിപിഐ എം ലക്ഷ്യംവെക്കുന്നത്.
2021ൽ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ച സാഹചര്യത്തെ അംഗീകരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിന്റെ ഭാഗമായിട്ടാണ് സത്യപ്രതിജ്ഞാ ചടങ്ങു തന്നെ ബഹിഷ്കരിക്കാന്‍ ആണ് അവര്‍ തയ്യാറായത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു തന്നെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരുമായി സഹകരിക്കാതിരുന്ന സമീപനത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ എൽഡിഎഫ് സര്‍ക്കാരിന്റെ എല്ലാ പദ്ധതികളേയും എതിര്‍ത്ത് സര്‍ക്കാരിനെതിരായ വികാരം നിലനിര്‍ത്തുകയെന്ന നയമാണ് അവര്‍ സ്വീകരിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ പദ്ധതികള്‍ ആ രംഗത്തുള്ള സ്ഥാപിത താല്‍പര്യക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ, അത്തരം വിഭാഗങ്ങള്‍ സര്‍ക്കാരിനെതിരെ അണിനിരക്കുന്ന സ്ഥിതിയുണ്ടായി. ഇന്ത്യയിലെ തന്നെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറുകയുണ്ടായി. എന്നാല്‍, സ്ഥാപിത താല്‍പര്യക്കാര്‍ക്ക് വഴിവിട്ട് തങ്ങളുടെ കാര്യങ്ങള്‍ നേടിയെടുക്കാനായിരുന്നു താല്‍പര്യം. അത്തരം വിഭാഗങ്ങളും എൽഡിഎഫ് സര്‍ക്കാരിനെതിരായി നിലകൊണ്ടു.
മതനിരപേക്ഷമായ രാഷ്ട്രീയമാണ് കേരളത്തിന്റെ ഇടതുപക്ഷ ബോധത്തിന്റെ അടിസ്ഥാനം. എന്നാല്‍, ആ കാഴ്ചപ്പാടിനെ ദുര്‍ബലപ്പെടുത്തുന്നതിന് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഇടപെടലാണ് യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. സ്വത്വരാഷ്ട്രീയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചുകൊണ്ട് സമൂഹത്തെ അറകളായി തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുമായി കൂടിച്ചേരുന്നതിനും യാതൊരു മടിയും അവർ കാണിച്ചില്ല.
ജനപക്ഷ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോയ എൽഡിഎഫ് സര്‍ക്കാരിനെതിരെ എല്ലാ സ്ഥാപിത താല്‍പര്യക്കാരും യോജിച്ചുനില്‍ക്കുന്ന സ്ഥിതിയുണ്ടായി. അതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധവും ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തുന്നതുമായ നയങ്ങള്‍ക്കെതിരെപ്പോലും യുഡിഎഫ് ശബ്ദിച്ചില്ല. ഇത്തരത്തില്‍ എല്‍ഡിഎഫിനെതിരായ ശക്തികളെയാകെ യോജിപ്പിച്ചുകൊണ്ടാണ് അവര്‍ മുന്നോട്ടുപോയത്.
കേരളത്തെ അതിദാരിദ്ര്യം പരിഹരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കി മാറ്റിക്കൊണ്ട് ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പ്രവര്‍ത്തനമാണ് എൽഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. സ്കൂളുകള്‍, ആശുപത്രികള്‍, പശ്ചാത്തലസൗകര്യങ്ങള്‍, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ എന്നീ മേഖലകളിലെല്ലാം വലിയ കുതിപ്പ് നേടാന്‍ നമുക്ക് സാധിച്ചു. രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങളും ജനാധിപത്യവാദികളും വേട്ടയാടപ്പെട്ടപ്പോള്‍ അതില്‍നിന്നും വ്യത്യസ്തമായി ജനാധിപത്യ സമൂഹമായി കേരളത്തെ മുന്നോട്ടുനയിക്കാനും കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം ഏകദേശം രണ്ടുലക്ഷം കോടിയോളം രൂപയാണ് എൽഡിഎഫ് സര്‍ക്കാരിന് നഷ്ടമായത്. നിയമസഭ പാസാക്കിയ ബില്ലുകള്‍പോലും ഗവര്‍ണറെ ഉപയോഗിച്ച് തടഞ്ഞുവച്ചു. ഇതിനെതിരായ പ്രക്ഷോഭങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍തന്നെ നടത്തി. ഇത്തരത്തിലുള്ള പോരാട്ടങ്ങളും മുന്നോട്ടുവെച്ചുകൊണ്ടാണ് എൽഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്.
2011 – 2016 വരെയുള്ള കാലത്ത് കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് കേരളത്തെ തകര്‍ക്കുകയായിരുന്നു. വർഗീയശക്തികളെ താലോലിക്കുന്ന നിലപാടുകളുടെ ഭാഗമായി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുന്ന നിലപാടും അവർ സ്വീകരിച്ചു. ഇക്കാലത്ത് സംസ്ഥാനത്തുണ്ടായ പ്രതിസന്ധികളെയെല്ലാം മറികടന്ന്, അതിദാരിദ്ര്യം പരിഹരിക്കുന്ന ഒരു സംസ്ഥാനമെന്ന നിലയിലേക്ക് കേരളത്തെ വികസിപ്പിക്കുകയാണ് എൽഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. അതുകൊണ്ടുതന്നെ എൽഡിഎഫ് സര്‍ക്കാര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നത്. അതാണ് തകര്‍ക്കപ്പെട്ടത്.
എൽഡിഎഫ് സര്‍ക്കാരിന്റെ ഈ നേട്ടങ്ങള്‍ ജനങ്ങളില്‍ വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ യുഡിഎഫാകട്ടെ ജനങ്ങളില്‍ ഉയര്‍ന്നുവന്ന ഈ പിന്തുണയെ രാഷ്ട്രീയമായ ഇടപെടല്‍കൊണ്ട് മറികടക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രൊഫഷണല്‍ സംവിധാനത്തിന്റെ ഇടപെടല്‍ കൊണ്ടുവരാൻ അവർ നിശ്ചയിച്ചത്. കള്ളപ്രചാരവേലകളും അപവാദ പ്രചാരണങ്ങളും എങ്ങനെ വ്യാപകമായി സംഘടിപ്പിക്കാനാവും എന്ന പരിശോധനയാണ് ഈ സംഘം നടത്തിയത്. തെലങ്കാന– കര്‍ണാടക സംസ്ഥാനങ്ങളിലെ ഭരണസംവിധാനത്തെ ഉപയോഗപ്പെടുത്തി കോടിക്കണക്കിന് രൂപയാണ് യുഡിഎഫ് പ്രചരണത്തിനായി കേരളത്തിലേക്കൊഴുക്കിയത്. എല്ലാവിധ മാധ്യമങ്ങളേയും പണം കൊടുത്ത് ഇത്തരം പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന രീതിയും അവര്‍ സ്വീകരിച്ചു. അപൂര്‍വ്വം മാധ്യമങ്ങളൊഴിച്ച് മറ്റുള്ളവയെല്ലാം ഇത്തരം കുതന്ത്രങ്ങള്‍ക്ക് കീഴ്പ്പെടുകയും ചെയ്തു. വര്‍ഗീയവും വ്യാജവുമായ പ്രചാരണങ്ങളുടെ പരമ്പര തന്നെ അരങ്ങേറി. പിണറായി വിജയനാണ് എസ്ഐആര്‍ കൊണ്ടുവന്നത് എന്നതുള്‍പ്പെടെയുള്ള പ്രചാരണം അവർ നടത്തി. വര്‍ഗ്ഗീയമായ പ്രചാരണവും ലീഗിനെ മുന്‍നിര്‍ത്തി ഇവര്‍ നടത്തി. ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങളും ഇവര്‍ക്ക് തണലായി.
ബിജെപിയുമായും ഇവര്‍ കൂട്ടുചേര്‍ന്നു. ഇടതുപക്ഷം ശക്തിപ്പെട്ടാല്‍ ബിജെപിയുടെ വര്‍ഗീയ അജൻഡകള്‍ കേരളത്തില്‍ നടപ്പിലാക്കാനാവില്ലെന്ന് ഇക്കൂട്ടര്‍ തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തുകയെന്നത് പ്രധാന അജൻഡയായി അവര്‍ സ്വീകരിച്ചു. 30 ഓളം മണ്ഡലങ്ങളില്‍ യുഡിഎഫിന് ബിജെപി വോട്ടുകള്‍ നല്‍കി. ബിജെപി വിജയിച്ച മൂന്നു മണ്ഡലങ്ങളില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായത് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് നൽകിയതുകൊണ്ടാണ്.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകര്‍ക്കാൻ വലതുപക്ഷം നടത്തിയ കൂട്ടായ പ്രവർത്തനമാണ് ഈ പരാജയത്തിന് അടിസ്ഥാനപരമായ രാഷ്ട്രീയ കാരണം. അതേസമയം, ഇതിനെ മറികടന്ന് ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കുന്നതിന് തടസ്സമായിത്തീര്‍ന്ന കാര്യങ്ങളും പരിശോധിച്ച് നാം അവ തിരുത്തേണ്ടതുണ്ട്. രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ ഈ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് വ്യത്യസ്തമായ ഈ അവലോകനത്തിലൂടെ നടത്തുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അദ്ധ്യായം തുറക്കുന്നതുകൂടിയാണ് ഈ ഇടപെടല്‍. എന്നാല്‍, അതിനെപ്പോലും വക്രീകരിക്കുന്നതിനുള്ള ശ്രമമാണ് വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ എൽഡിഎഫ് തകര്‍ന്നുവെന്ന് മനപ്പായസമുണ്ണുന്നവര്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അറിയാത്തവരാണ്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്നത്. 1948 ല്‍ ഈ പാർട്ടി നിരോധിക്കപ്പെട്ടു, 1964 ല്‍ ചൈനാ ചാരന്മാരെന്ന് ആരോപിച്ച് പാർട്ടി നേതാക്കളെ ജയിലിലടച്ചു. 1975 ല്‍ അടിയന്തരാവസ്ഥക്കാലത്തും സമാന അനുഭവമുണ്ടായി. 1977ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെമ്പാടും കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ കേരളത്തിലാണ് അവര്‍ക്ക് മുന്നേറ്റമുണ്ടാക്കാനായത്. എല്ലാ ലോക്-സഭാ സീറ്റിലും സിപിഐ എമ്മും, മുന്നണിയും പരാജയപ്പെട്ടു. നിയമസഭയില്‍ ലഭിച്ചത് 17 സീറ്റ് മാത്രമാണ്. അതൊക്കെ പിന്നിട്ടാണ് 18 ലോക്-സഭാ സീറ്റില്‍ ജയിക്കുന്നിടത്തേക്കും, 99 നിയമസഭാ സീറ്റിൽ ജയിക്കുന്നിടത്തേക്കും പാർട്ടിയും മുന്നണിയും എത്തിച്ചേര്‍ന്നത്.
1957, 1967, 1980 എന്നീ വര്‍ഷങ്ങളില്‍ 2 വര്‍ഷം മാത്രമാണ് പാര്‍ട്ടിക്ക് ഭരണത്തിലിരിക്കാന്‍ സാധിച്ചത്. 1987 ല്‍ അത് 4 വര്‍ഷമായി. 1996þലാണ് 5 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിക്കാന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞത്. 2016 നുശേഷമാണ് തുടര്‍ച്ചയായി 10 വര്‍ഷം എൽഡിഎഫ് ഭരിച്ചത്. തിരിച്ചടികളെ അതിജീവിച്ച് കരുത്തോടെ മുന്നേറിയ അനുഭവമാണ് പാര്‍ട്ടിക്കുള്ളത്. വിമര്‍ശനവും സ്വയംവിമര്‍ശനവും നടത്തിക്കൊണ്ട് ജനാധിപത്യ കേന്ദ്രീകരണ തത്വത്തിന്റേയും ഉള്‍പ്പാർട്ടി ജനാധിപത്യത്തിന്റേയും സംഘടനാരീതി ഉപയോഗിച്ചാണ് പാർട്ടി മുന്നേറിയത്. ഈ തിരിച്ചടിയേയും പാർട്ടി അതിജീവിക്കും എന്ന കാര്യത്തിൽ സംശയമില്ല. l



