കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി രാഷ്ട്രീയ പണ്ഡിതർ വിലയിരുത്തുന്നത് അഞ്ചു വർഷം കഴിയുമ്പോൾ മാറിമാറിവരുന്ന എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളാണ്. ഈ രണ്ട് മുന്നണികളിലായി കേരള രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, ഒരു മുന്നണിക്കും ഭൂരിപക്ഷം വോട്ടർമാരുടെയും സ്ഥിരമായ പിന്തുണയില്ല. രണ്ട് മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം സാധാരണഗതിയിൽ 5 ശതമാനത്തിൽ താഴെയാണ്. 3-–4 ശതമാനം വോട്ട് മറുചേരിയിലേക്ക് മാറിയാൽ മറ്റേ ചേരി പരാജയപ്പെടും.
സാധാരണഗതിയിൽ അഞ്ച് വർഷത്തെ ഭരണം കഴിയുമ്പോൾ ചെറിയൊരു ശതമാനം ജനവിഭാഗങ്ങളിൽ ഭരണവിരുദ്ധ വികാരം ഉണ്ടാവുക സ്വാഭാവികമാണ്. അതുമതി ഭരണമാറ്റത്തിന്. 1980-ൽ ഇന്നത്തെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ രൂപപ്പെട്ടതിനുശേഷമുള്ള അവസ്ഥ ഇതാണ്.
വളർച്ചയ്ക്കുള്ള ഘടനാപരമായ പ്രതിബന്ധങ്ങൾ
ഈയൊരു അവസ്ഥയിൽ മാറ്റംവരുത്തി ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി എൽഡിഎഫിനെ മാറ്റുകയെന്ന ലക്ഷ്യംവച്ചാണ് കഴിഞ്ഞ ദശാബ്ദങ്ങളിൽ നമ്മൾ പ്രവർത്തിച്ചത്. ഈ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്ന ഘടകങ്ങളെക്കുറിച്ച് ഒട്ടേറെ ചർച്ചകൾ സിപിഐ എമ്മിൽ നടന്നിട്ടുണ്ട്. അതുസംബന്ധിച്ച രേഖകളും അംഗീകരിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവയെക്കുറിച്ച് സൂചിപ്പിക്കട്ടെ.
ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം, ജനസംഖ്യയിൽ ഏതാണ്ട് പകുതിയോളം വരുന്ന ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വാധീനക്കുറവാണ്. 2004 മുതൽ 2021 വരെയുള്ള നാല് ലോക്-സഭാ തിരഞ്ഞെടുപ്പുകളുടെയും നാല് നിയമസഭ തിരഞ്ഞെടുപ്പുകളുടെയും ശരാശരി എടുത്താൽ മുസ്ലീം ജനവിഭാഗത്തിൽനിന്ന് നമുക്ക് 31 ശതമാനം വോട്ടാണ് ലഭിച്ചത്. യുഡിഎഫിന് 60.8 ശതമാനവും. ക്രിസ്ത്യൻ മതവിഭാഗത്തിൽ നിന്നാകട്ടെ ഇതേകാലയളവിൽ നമുക്ക് ലഭിച്ചത് 29.5 ശതമാനം വോട്ട് മാത്രമാണ്. യുഡിഎഫിന് 63.38 ശതമാനം വോട്ടും. ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ കണക്കു മാത്രം എടുത്താൽ മുസ്ലീം വിഭാഗത്തിൽ നിന്നുള്ള വോട്ട് നിയമസഭാ തിരഞ്ഞെടുപ്പിലെ 34.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായി കുറയും. ക്രിസ്ത്യൻ ജനവിഭാഗത്തിൽ നിന്നാവട്ടെ 32 ശതമാനത്തിൽ നിന്ന് 27 ശതമാനമായി കുറയും. ഈ കണക്കുകൾ ഓരോ തിരഞ്ഞെടുപ്പ് സംബന്ധിച്ചും ദി ഹിന്ദു പത്രത്തിലെ സിഎസ്ഡിഎസ് – ലോക്-നീതി സർവ്വേകളിൽ നിന്ന് കണക്കു കൂട്ടിയെടുത്തതാണ്.
എന്തുകൊണ്ട് ഈ സ്ഥിതിവിശേഷമെന്ന് ഈ ലേഖനത്തിൽ വിശദീകരിക്കാൻ ഒരുമ്പെടുന്നില്ല. മതവിശ്വാസപരവും ചരിത്രപരവുമായ ഒരു വിശകലനം അനിവാര്യമാണ്. ഇതിൽ വിമോചനസമരത്തിന്റെ മസ്തിഷ്കപ്രക്ഷാളനം പ്രധാനപ്പെട്ടൊരു സ്വാധീനമാണെന്നു കാണാം. കാരണം എന്തുതന്നെ ആയാലും ന്യൂനപക്ഷങ്ങൾക്കിടയിലുള്ള സ്വാധീനക്കുറവ് പരിഹരിക്കുന്നതിന് പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
രണ്ടാമത്തെ ഘടകം, ഭൂപരിഷ്കരണത്തിനുശേഷമുള്ള കേരളത്തിന്റെ കാർഷിക ഘടനയാണ്. ചെറുകിട ഭൂവുടമസ്ഥരാണ് ബഹുഭൂരിപക്ഷമെങ്കിലും അവരും കൃഷിപ്പണിക്ക് കൂലിപ്പണിക്കാരെ ആശ്രയിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. കാർഷിക പ്രശ്നം സംബന്ധിച്ച നമ്മുടെ വിശകലന മാതൃകയിൽ കർഷകമുതലാളിമാരും ധനിക കൃഷിക്കാരും മാത്രമല്ലേ കർഷകത്തൊഴിലാളികളെ കൂലിവേലയ്ക്ക് നിർത്തുകയുള്ളു. കേരളത്തിലെ സ്ഥിതിവിശേഷം ഇതല്ല. ഈ പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ ബഹുഭൂരിപക്ഷത്തെ നമുക്കൊപ്പം അണിനിരത്തുക സങ്കീർണതകൾ നിറഞ്ഞ കടമയായി മാറുന്നു.
കേരളത്തിലെ സാമൂഹ്യഘടനയിൽ വന്ന മാറ്റവും പ്രധാനപ്പെട്ട ഘടകമാണ്. നമ്മുടെ സാമൂഹ്യ അടിത്തറയായിരുന്ന കർഷകത്തൊഴിലാളികൾ, പരമ്പരാഗത വ്യവസായ തൊഴിലാളികൾ, നാട്ടിൻപുറത്തെ മറ്റു കൂലിവേലക്കാർ തുടങ്ങിയവരുടെ പ്രാധാന്യം കുറഞ്ഞുവരികയാണ്. നിർമാണ തൊഴിലാളികൾ മാത്രമാണ് ഇതിന് അപവാദം. അതേസമയം, ഇടത്തരക്കാരുടെ പ്രാധാന്യം വർദ്ധിച്ചുവരുകയും ചെയ്യുന്നു.
ജാതി-മത ശക്തികളുടെ തിരിച്ചുവരവും ഒരു പ്രധാന വെല്ലുവിളിയാണ്. കുടുംബപരവും സാമൂഹ്യവുമായ കാര്യങ്ങളിൽ അവർക്കാണ് മുൻകൈ. രാഷ്ട്രീയ മണ്ഡലത്തിലും അവരുടെ സ്വാധീനം ഏറുന്നു. ഇടത്തരക്കാരുടെ വളർച്ചയും ദേശീയരാഷ്ട്രീയത്തിലെ ജാതി-മത ശക്തികളുടെ ഉയർച്ചയും ഇതിനു കാരണമാണ്. സ്വത്വബോധാടിസ്ഥാനത്തിലുള്ള ഈ രാഷ്ട്രീയം വർഗാടിസ്ഥാനത്തിലുള്ള നമ്മുടെ ഇടപെടലുകളെ ദുർബലപ്പെടുത്തുന്നു.
2026ലെ തിരിച്ചടി
2021-ലെ തുടർഭരണം നമ്മുടെ സ്വാധീന വളർച്ചയ്ക്ക് കേരളത്തിലുള്ള ഘടനാപരമായ പ്രതിബന്ധങ്ങളെ മറികടക്കാനാകുമെന്ന പ്രതീക്ഷ വർദ്ധിപ്പിച്ചു. എന്നാൽ അതല്ല സംഭവിച്ചത്. 2026-ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ നമ്മുടെ സ്വാധീനം വീണ്ടും ഇടിഞ്ഞുവെന്നാണ് തെളിയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നമുക്ക് ലഭിച്ചിട്ടുള്ള വോട്ടുകളുടെ ശതമാന കണക്ക് താഴെ പട്ടിക 1- ൽ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.
പട്ടിക 1
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് ലഭിച്ച വോട്ടും വോട്ട് ശതമാനവും
| തിരഞ്ഞെടുപ്പ് | ലഭിച്ച എൽഡിഎഫ് വോട്ട് | വോട്ട് ശതമാനം |
| 2006 | 75,58,832 | 48.81 |
| 2011 | 78,47,303 | 45.13 |
| 2016 | 87,25,939 | 43.35 |
| 2021 | 94,07,682 | 45.28 |
| 2026 | 81,22,438 | 37.61 |
കഴിഞ്ഞ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും താഴ്ന്ന വോട്ട് ശതമാനമാണ് എൽഡിഎഫിന് ഇത്തവണ ലഭിച്ചിരിക്കുന്നത്- – 37.61 ശതമാനം. ഏറ്റവും കുറവ് സീറ്റ് കിട്ടിയ 1977-ലെ തിരഞ്ഞെടുപ്പിൽപ്പോലും നമുക്ക് 40 ശതമാനം വോട്ട് ഉണ്ടായിരുന്നു. ഇത് വോട്ടിന്റെ എണ്ണത്തിലും പ്രകടമാണ്. പട്ടിക 1-ൽ കാണുന്നതുപോലെ, എൽഡിഎഫിന് 2016-ൽ 87 ലക്ഷം വോട്ട് ലഭിച്ചു. 2021-ൽ 94 ലക്ഷവും, 2026-ൽ 81 ലക്ഷവും. പോൾ ചെയ്ത വോട്ട് കൂടിയിട്ടും നമ്മുടെ വോട്ട് കുറഞ്ഞു.
ഇതിന്റെ ഫലമായി നമുക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. എല്ലാ ജില്ലകളിലും ഈ കുറവുണ്ടായി. അഞ്ച് ജില്ലകളിൽ ഒരു സീറ്റും ലഭിച്ചില്ല. പട്ടിക 2-ൽ ഇതു സംബന്ധിച്ച കണക്കുകൾ കാണാം.
പട്ടിക 2 2021നെ അപേക്ഷിച്ച് ഓരോ ജില്ലയിലും എൽഡിഎഫിന് സീറ്റുകളുടെ എണ്ണത്തിലുണ്ടായ കുറവ്
| ജില്ല | ആകെ മണ്ഡലം | 2021 | 2026 |
| കാസര്‍കോട് | 5 | 3 | 1 |
| കണ്ണൂര്‍ | 11 | 9 | 6 |
| വയനാട് | 3 | 1 | 0 |
| കോഴിക്കോട് | 13 | 11 | 1 |
| മലപ്പുറം | 16 | 3 | 0 |
| പാലക്കാട് | 12 | 10 | 7 |
| തൃശ്ശൂര്‍ | 13 | 12 | 9 |
| എറണാകുളം | 14 | 5 | 0 |
| ഇടുക്കി | 5 | 4 | 0 |
| കോട്ടയം | 9 | 5 | 0 |
| പത്തനംതിട്ട | 5 | 5 | 1 |
| ആലപ്പുഴ | 9 | 8 | 3 |
| കൊല്ലം | 11 | 9 | 2 |
| തിരുവനന്തപുരം | 14 | 13 | 5 |
| ആകെ | 140 | 98 | 35 |
പട്ടിക 2 2021-നെ അപേക്ഷിച്ച് ഓരോ ജില്ലയിലും എൽഡിഎഫിന് സീറ്റുകളുടെ എണ്ണത്തിലുണ്ടായ കുറവ്
എൽഡിഎഫ് വിജയിച്ച സീറ്റുകളിലുണ്ടായ ഇടിവ് മുന്നണി ഘടകകക്ഷികളുടെ നിയമസഭാ പ്രാതിനിധ്യത്തെയും പ്രതികൂലമായി ബാധിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ സിപിഐ എമ്മും സിപിഐയും ഒഴിച്ചുനിർത്തിയാൽ പിന്നെ ആർജെഡിക്ക് മാത്രമാണ് ഒരു സീറ്റ് ലഭിച്ചത്. മറ്റു ഘടകകക്ഷികൾക്ക് ഒരു സീറ്റിൽപ്പോലും വിജയിക്കാനായില്ല. എന്നാൽ പട്ടിക 3-ൽ കാണാവുന്നതുപോലെ, യുഡിഎഫിലെ എല്ലാ ഘടകകക്ഷികൾക്കും നിയമസഭയിൽ പ്രാതിനിധ്യം നേടാനായി.
പട്ടിക 3 മുന്നണി കക്ഷിനില – 2026
| രാഷ്ട്രീയ പാർട്ടി | സീറ്റുകളുടെ എണ്ണം |
| സിപിഐ എം | 26 |
| സിപിഐ | 8 |
| ആർജെഡി | 1 |
| എൽഡിഎഫ് | 35 |
| കോൺഗ്രസ് | 63 |
| മുസ്ലീം ലീഗ് | 22 |
| കേരള കോൺഗ്രസ് | 7 |
| സ്വതന്ത്രർ | 4 |
| ആർഎസ്‌പി | 3 |
| ആർഎംപി | 1 |
| കേരള കോൺഗ്രസ് (ജേക്കബ്) | 1 |
| സിഎംപി | 1 |
| സിഎംപി | 1 |
| യുഡിഎഫ് | 102 |
| ബിജെപി | 3 |
യുഡിഎഫിന്റെ വോട്ട് വർദ്ധന
എല്ലാ ജില്ലകളിലും നമുക്ക് വോട്ട് കുറഞ്ഞുവെന്ന് കണ്ടുവല്ലോ. അതേസമയം യുഡിഎഫിന് എല്ലാ ജില്ലകളിലും വോട്ട് ശതമാനം വർദ്ധിച്ചു. എൻഡിഎയ്ക്കും തൃശ്ശൂർ ഒഴികെ മറ്റെല്ലാ ജില്ലകളിലും വോട്ടിന്റെ ശതമാനത്തിൽ ചെറിയ തോതിലെങ്കിലും വർദ്ധനയുണ്ടായിട്ടുണ്ടെന്നു പട്ടിക 4-ൽ കാണാം.
എന്തുകൊണ്ട് വികസനനേട്ടങ്ങൾ വോട്ടായില്ല?
കഴിഞ്ഞയാഴ്ച തൃശ്ശൂരും അരീക്കോടും നടന്ന ഇഎംഎസ് സ്മൃതി സമ്മേളനങ്ങളിൽ സദസ്സിൽനിന്ന് പലരും എഴുതിത്തന്ന ഒരു ചോദ്യമുണ്ട്. “കഴിഞ്ഞ പത്തു വർഷക്കാലത്തെ കണ്ണഞ്ചിപ്പിക്കുന്ന വികസനനേട്ടങ്ങൾ എന്തുകൊണ്ട് വോട്ടായില്ല? വികസനനേട്ടങ്ങൾ ഉണ്ടായിട്ടും ജനങ്ങൾ എന്തുകൊണ്ട് നമുക്ക് എതിരായി വിധിയെഴുതി?”
ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സമസ്യ ഇതുതന്നെയാണ്. കഴിഞ്ഞ പത്തുവർഷം ജനങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങളിൽ വലിയ വർദ്ധനവുണ്ടായി. അതോടൊപ്പം റോഡ്, പാലം, കെട്ടിടം, വൈദ്യുതി, വ്യവസായ പാർക്ക് തുടങ്ങിയ പശ്ചാത്തലസൗകര്യങ്ങളിൽ വലിയ കുതിപ്പും നേടാൻ കഴിഞ്ഞു. ഈ വികസനനേട്ടങ്ങൾ ഉയർത്തിപ്പിടിച്ചാണ് തിരഞ്ഞെടുപ്പിനെ നമ്മൾ അഭിമുഖീകരിച്ചത്. ആർക്കും നിഷേധിക്കാനാകാത്ത വസ്തുതകളുടെ പിൻബലമുണ്ടായിരുന്നു. ജനങ്ങൾ അവയുടെ ഗുണഭോക്താക്കളും ആയിരുന്നു. എന്നാൽ പ്രതീക്ഷയ്ക്കു വിരുദ്ധമായി അവ വോട്ടായി മാറിയില്ല. എന്തുകൊണ്ട് എന്നതാണ് ചോദ്യം.
വികസനനേട്ടങ്ങളുടെ അടിസ്ഥാനത്തിൽമാത്രം വോട്ട് കിട്ടില്ല. തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ വിലയിരുത്തൽ കൂടിയാണ്. വികസനത്തിന്റെ രാഷ്ട്രീയം ഫലപ്രദമായി ജനങ്ങളിൽ എത്തിക്കുന്നതിൽ എൽഡിഎഫ് പരാജയപ്പെട്ടു. അതിലുപരി, വിപുലമായ വലതുപക്ഷ ഏകീകരണം തിരഞ്ഞെടുപ്പിൽ ഉണ്ടാവുകയും ചെയ്തു.
പട്ടിക 4
2021-ലെയും 2026-ലെയും ജില്ല തിരിച്ചുള്ള വോട്ടിങ് ശതമാനം
| ജില്ല | 2021 – നിയമസഭ | 2026 – നിയമസഭ | ||||
| LDF | UDF | NDA | LDF | UDF | NDA | |
| കാസര്‍കോട് | 39.33 | 38.52 | 20.79 | 33.20 | 45.7 | 20.93 |
| കണ്ണൂര്‍ | 39.33 | 38.52 | 20.79 | 33.20 | 45.7 | 20.93 |
| വയനാട് | 43.74 | 45.44 | 8.99 | 35.21 | 48.32 | 13.60 |
| കോഴിക്കോട് | 47.05 | 39.8 | 11.35 | 39.65 | 46.77 | 12.41 |
| മലപ്പുറം | 42.43 | 49.06 | 5.86 | 33.99 | 58.42 | 6.25 |
| പാലക്കാട് | 47.49 | 34.14 | 16.58 | 40.12 | 38.55 | 16.25 |
| തൃശ്ശൂര്‍ | 47.22 | 34.07 | 19.09 | 40.32 | 40.21 | 17.94 |
| എറണാകുളം | 39.31 | 42.80 | 8.69 | 33.43 | 52.42 | 12.46 |
| ഇടുക്കി | 47.96 | 42.74 | 7.77 | 34.81 | 53.99 | 8.96 |
| കോട്ടയം | 43.70 | 40.32 | 9.77 | 34.29 | 48.60 | 15.61 |
| പത്തനംതിട്ട | 43.40 | 37.52 | 17.45 | 36.72 | 42.80 | 19.47 |
| ആലപ്പുഴ | 45.96 | 39.34 | 13.54 | 39.79 | 45.68 | 14.40 |
| കൊല്ലം | 46.17 | 39.86 | 12.12 | 38.75 | 45.50 | 14.28 |
| തിരുവനന്തപുരം | 45.16 | 33.44 | 19.65 | 38.05 | 37.05 | 23.75 |
വലതുപക്ഷ ഏകീകരണം
ഈ തിരഞ്ഞെടുപ്പിൽ മുന്നിട്ടുനിന്ന രാഷ്ട്രീയം മൂന്നാം ഊഴം ഇടതുപക്ഷത്തിന് നിഷേധിക്കുന്നതിനു വേണ്ടിയുള്ള വലതുപക്ഷ രാഷ്ട്രീയ–-സാമൂഹിക ശക്തികളുടെ ഏകോപനമാണ്. 1959-ലെ വിമോചനസമര കാലത്തുമാത്രമേ ഇതിനു സമാനമായ ഒരു അനുഭവം കാണാൻ കഴിയൂ.
മൂന്നാംതവണയും കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വരുന്നത് കേരളത്തിലെ വലതുപക്ഷത്തിന് സഹിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല. ഇതിനായി ജാതി-മത വികാരങ്ങളെ ഉപയോഗപ്പെടുത്തി. ഇതിൽ ഏറ്റവും പ്രകടമായത് ലീഗിന്റെ വർഗീയ ഇടപെടലാണ്. മതരാഷ്ട്രവാദക്കാരായ ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നതിന് ഒരുമടിയും യുഡിഎഫിന് ഉണ്ടായില്ല. ക്രൈസ്തവ സഭകൾ പൊതുവിൽ സൗഹാർദ്ദപരമായ സമീപനമാണ് എൽഡിഎഫ് സർക്കാരിന്റെ നിലപാടുകളോട് സ്വീകരിച്ചുവന്നതെങ്കിലും കമ്യൂണിസ്റ്റുകാർ തുടർച്ചയായി മൂന്നാംതവണയും കേരളം ഭരിക്കുന്നതിനോട് അവർക്കും യോജിപ്പുണ്ടായിരുന്നില്ല.
ഒരുതവണകൂടി ഭരണത്തിനു പുറത്ത് കോൺഗ്രസ് നിന്നാൽ കോൺഗ്രസ് ഇല്ലാതാകുമെന്ന് അവർ ഭയപ്പെട്ടു. ഇത്തരമൊരു അവസ്ഥ ഒഴിവാക്കുന്നതിന് എൽഡിഎഫിനെതിരെ വോട്ട് ചെയ്യണമെന്ന പ്രചാരണം ന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഈ വലതുപക്ഷ ഏകീകരണത്തെ വേണ്ടവിധം തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നതിൽ ഇടതുപക്ഷത്തിന് വലിയ പോരായ്മയുണ്ടായി.
കോൺഗ്രസ്- ബിജെപി ഡീൽ
വലതുപക്ഷ ഏകീകരണത്തിന്റെ മറ്റൊരു മുഖമാണ് ബിജെപി- – കോൺഗ്രസ് ഡീൽ. കണക്കുകൾ പരിശോധിക്കുമ്പോൾ 30 മണ്ഡലങ്ങളിൽ ബിജെപി വോട്ട് യുഡിഎഫിനു നൽകിയിട്ടുണ്ട്. ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. വലിയ വോട്ട് വർദ്ധന നേടിയ ഈ തിരഞ്ഞെടുപ്പിൽപ്പോലും 2021-ലെ വോട്ട് യുഡിഎഫിന് ഈ മൂന്ന് മണ്ഡലങ്ങളിൽ നേടാൻ കഴിഞ്ഞിട്ടുമില്ല. എന്നാൽ ജനങ്ങളുടെ പൊതുബോധ്യമായി തീർന്നത് മറിച്ചുള്ള പ്രചാരണമാണ്. രാഹുൽ ഗാന്ധി മുതൽ മുഴുവൻ യുഡിഎഫ് നേതാക്കളും പ്രചരിപ്പിക്കാൻ ശ്രമിച്ചത് സിപിഐ എം – -ബിജെപി ഡീൽ എന്നാണ്. ഇടതുപക്ഷത്തിന് ശക്തമായ മതനിരപേക്ഷ പാരമ്പര്യം ഉണ്ടായിട്ടും ഇത്തരം വ്യാജപ്രചാരണം ഏശിയത് എന്തുകൊണ്ടാണെന്നകാര്യം വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്.
ഇത്തരത്തിൽ വ്യാജപ്രചാരണത്തിനു സഹായകമായ ചില വീഴ്ചകൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നകാര്യം തിരഞ്ഞെടുപ്പ് റിവ്യൂ ചൂണ്ടിക്കാണിക്കുന്നുണ്ട്. പാർട്ടിയുടെ സംഘടനാപരമായ വലിയ ദൗർബല്യങ്ങളും പ്രകടമാണ്. എല്ലാറ്റിലുമുപരി, നമ്മുടെ സ്വാധീനാടിത്തറയായ പാവപ്പെട്ട സാമൂഹ്യവർഗങ്ങളിൽ ഒരു വിഭാഗത്തിനുണ്ടായ അതൃപ്തിയും ഒരു ഘടകമാണ്. ലോക്-സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇത് വളരെ പ്രകടമായിരുന്നു.
നമ്മുടെ അടിത്തറയിൽ നിന്നും ചോർച്ച
ലോക്-സഭാ തിരഞ്ഞെടുപ്പ് റിവ്യൂവിന്റെ ഭാഗമായി പാവപ്പെട്ടവരുടെ ആനുകൂല്യങ്ങളും മറ്റും സമയത്ത് നൽകുന്നതിലുണ്ടായ വീഴ്ച പ്രത്യേകം വിലയിരുത്തപ്പെട്ടു. മുഖ്യമന്ത്രി തന്നെ നിയമസഭയിൽ മുൻഗണനകളിൽ മാറ്റംവരുത്തി പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ പൂർണ്ണമായും സമയബന്ധിതമായി നൽകുമെന്ന് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനങ്ങൾ നടപ്പാക്കുകയും ചെയ്തു. എന്നാൽ ചില കാര്യങ്ങൾ ബാക്കിയായി. ഭരണത്തിന്റെ ചില രീതികളോടും അതൃപ്തിയുണ്ടായി.
ആരാണ് നമ്മളിൽനിന്ന് അകന്നുപോയവരെന്ന് കണക്കുകളുടെ അടിസ്ഥാനത്തിൽ കൃത്യമായി കണ്ടെത്തുക സാധ്യമല്ല. അത്തരത്തിലുള്ള പോസ്റ്റ്പോൾ സർവ്വേ ഫലങ്ങൾ ലഭ്യമായിട്ടില്ല. ഇപ്പോൾ ലഭ്യമായിട്ടുള്ളത് ജില്ലാടിസ്ഥാനത്തിലും മണ്ഡലാടിസ്ഥാനത്തിലുമുള്ള വോട്ടു കണക്കാണ്. അവ പരിശോധിക്കുമ്പോൾ വോട്ടിലുണ്ടായ തിരിച്ചടി ഏതെങ്കിലുമൊരു മേഖലയിൽ ഒതുങ്ങുന്നില്ലെന്നു കാണാം. ഏറ്റക്കുറച്ചിലുകളുണ്ട്. എങ്കിലും എല്ലായിടത്തും വോട്ട് കുറഞ്ഞു. താഴെ പട്ടിക 5-ൽ ജില്ലതിരിച്ച് 2021-നെ അപേക്ഷിച്ച് 2026-ൽ എത്ര ശതമാനം വോട്ടിൽ കുറവുണ്ടായിയെന്നത് നൽകിയിട്ടുണ്ട്.
പട്ടിക 5
2021-നെ അപേക്ഷിച്ച് ഓരോ ജില്ലയിലും എൽഡിഎഫിന് കുറഞ്ഞ വോട്ട് (ശതമാനത്തിൽ)
| ജില്ല | വോട്ടിംഗ് ശതമാനം |
| കാസര്‍കോട് | 6.13 |
| കണ്ണൂര്‍ | 9.26 |
| വയനാട് | 8.53 |
| കോഴിക്കോട് | 7.40 |
| മലപ്പുറം | 8.40 |
| പാലക്കാട് | 7.37 |
| തൃശ്ശൂര്‍ | 6.90 |
| എറണാകുളം | 5.88 |
| ഇടുക്കി | 13.15 |
| കോട്ടയം | 9.41 |
| പത്തനംതിട്ട | 6.69 |
| ആലപ്പുഴ | 6.17 |
| കൊല്ലം | 7.42 |
| തിരുവനന്തപുരം | 7.11 |
എല്ലാ ജില്ലകളിലും വോട്ട് ശതമാനം കുറഞ്ഞിട്ടുണ്ട്. ഏറ്റവും ഇടിവുണ്ടായത് ഇടുക്കി ജില്ലയിലാണ്-. 13.15%. അതുകഴിഞ്ഞാൽ കണ്ണൂർ (9.26), കോട്ടയം (9.41) എന്നീ ജില്ലകളാണ്. ഇതിനേക്കാൾ താഴെയാണ് മലപ്പുറം, കോഴിക്കോട്, കാസർകോഡ് ജില്ലകളിൽ ഉണ്ടായിട്ടുള്ള ഇടിവ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ 6-–7 ശതമാനം വോട്ടിന്റെ കുറവുണ്ടായിട്ടുണ്ട്.
മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിച്ചാലും ലളിതമായ യുക്തികൊണ്ട് വിശദീകരിച്ചു തീർക്കാനാവില്ല. 2021-ലെ തിരഞ്ഞെടുപ്പിൽ എല്ലാ സാമൂഹ്യവിഭാഗങ്ങളിൽ നിന്നുമുള്ള പിന്തുണ എൽഡിഎഫിന് വർദ്ധിച്ച തോതിൽ ലഭിച്ചിരുന്നു. എന്നാൽ 2026-ലെ തിരഞ്ഞെടുപ്പിൽ, ഇങ്ങനെ നമ്മളിലേക്കുവന്ന വോട്ടുകൾ തിരിച്ചുപോയിയെന്നതു വ്യക്തമാണ്. മാത്രമല്ല, നമ്മുടെ അടിത്തറയിൽനിന്നും ചോർച്ചയുണ്ടായിട്ടുമുണ്ട്.
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തിരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട് വ്യത്യസ്ത ജനവിഭാഗങ്ങളെ സ്വാധീനിച്ച ഘടകങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഒരോ ജില്ലയിലും മണ്ഡലങ്ങളിലും വിശദമായ വിലയിരുത്തൽ നടത്തേണ്ടതുണ്ട്. ആ ഒരു കടമയാണ് ഇപ്പോൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. l



