കഴിഞ്ഞ കേരള അസംബ്ലി തിരഞ്ഞെടുപ്പിൽ, എൽഡിഎഫിനുണ്ടായ പരാജയം അപ്രതീക്ഷിതമായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ ഭരണ നടപടികളും വികസന പ്രവർത്തനങ്ങളും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളിൽ പൊതുവിൽ എൽഡിഎഫിനനുകൂലമായ നിലപാട് ഉയർത്തുന്നതായിരുന്നു. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക ഉപരോധം നിലനിൽക്കുമ്പോൾതന്നെ, നിരവധി ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാൻ കഴിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി നാനാമേഖലകളിലും വലിയ മുന്നേറ്റമുണ്ടായി.
സംസ്ഥാനത്തെ തൊഴിൽ മേഖല, തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതികരിച്ചു എന്നത് സംബന്ധിച്ച ഒരു വിശകലനത്തിനാണ് ഇവിടെ ശ്രമിക്കുന്നത്. 2014 മുതൽ അധികാരത്തിലുള്ള മോദി സർക്കാർ, കോർപ്പറേറ്റനുകൂല ഉദാരവൽക്കരണ നയങ്ങളാണ് നടപ്പാക്കിയത്. തൊഴിൽ മേഖല തൊഴിലുടമകൾക്കനുകൂലമാക്കി മാറ്റാനായിരുന്നു അവരുടെ ശ്രമം.
തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും തീരുമാനങ്ങളെടുക്കാനും ‘‘ഇന്ത്യൻ ലേബർ കോൺഫറൻസ്’’ (ഐഎൽസി) എന്ന പേരിലുള്ള ഒരു ത്രികക്ഷി വേദി നിലവിലുണ്ടായിരുന്നു. കേന്ദ്ര സർക്കാരാണ്, ഓരോ വർഷവും ഐഎൽസി വിളിച്ചു ചേർക്കാറുള്ളത്. 2014 മുതൽ ഐഎൽസി വിളിച്ചു ചേർക്കുന്നത് അവസാനിപ്പിച്ചു. തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നങ്ങൾ, അവരുടെ സംഘടനകളുമായി ചർച്ച ചെയ്യുക എന്ന സമ്പ്രദായം അവസാനിപ്പിച്ചു. ‘‘കാളയുടെ കഴുത്തിൽ നുകം വെക്കാൻ, കാളയുടെ സമ്മതം ചോദിക്കാറില്ല’’ എന്ന നയമാണ് മോദി സർക്കാർ നടപ്പാക്കിയത്. തൊഴിലാളി സംരക്ഷണത്തിനായി നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച്, പുതിയ 4 നിയമങ്ങൾ (ലേബർ കോഡുകൾ) ഉണ്ടാക്കി. ഈ നിയമങ്ങൾ, തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യം ഉൾപ്പെടെ, മൗലികമായ എല്ലാ അവകാശങ്ങളും തകർത്തു. ഐഎൽഒ അംഗീകരിച്ച തത്വങ്ങളും കാറ്റിൽപറത്തി. തൊഴിലാളിസംരക്ഷണം മുൻനിർത്തി ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകളും, ലേബർ കോഡുകൾ നിഷേധിച്ചു.
തൊഴിലാളി താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും, എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചു. ബിജെപി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകളും, കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളും തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കാൻ ഒരു മടിയും കാണിച്ചില്ല. രാജ്യവ്യാപകമായ തൊഴിലാളികൾ നടത്തിയ പണിമുടക്കുകളും പ്രക്ഷോഭങ്ങളും വകവെയ്-ക്കാതെയാണ് ബൂർഷ്വാ പാർട്ടികളുടെ സർക്കാരുകൾ, ഈ നടപടി സ്വീകരിച്ചത്.
തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ, സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന്, എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത് രാജ്യത്താകെയുള്ള തൊഴിലാളികളിൽ ചലനം സൃഷ്ടിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ലേബർ കോൺക്ലേവിലും, ഇതേ നിലപാട് ഉയർത്തിപ്പിടിച്ചു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്ക് ബദൽ സൃഷ്ടിക്കാനാവുമെന്ന ആത്മവിശ്വാസം, തൊഴിലാളികളിൽ ജനിപ്പിക്കുന്നതായിരുന്നു എൽഡിഎഫ് സർക്കാരിന്റെ നടപടി.
സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായങ്ങൾ സംരക്ഷിക്കുന്നതിൽ എൽഡിഎഫ് സർക്കാർ ഉറച്ച നിലപാടെടുത്തു. കേന്ദ്ര സർക്കാർ വിൽപനയ്ക്കുവെച്ച ‘ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി’ ഏറ്റെടുത്ത് പ്രവർത്തനക്ഷമമാക്കിയ നടപടി എടുത്തു പറയത്തക്കതാണ്. അസംഘടിത മേഖലയിലും, പരമ്പരാഗത മേഖലയിലും നിലവിലുള്ള ‘‘മിനിമം വേതനം’’ എന്ന തത്വം എൽഡിഎഫ് സർക്കാർ കാര്യക്ഷമമായി നടപ്പാക്കി. ത്രികക്ഷി വേദികളെല്ലാം ചലനാത്മകമാക്കി. തോട്ടം തൊഴിലാളികളുടെ തൊഴിൽ സംരക്ഷണവും കൂലി വർദ്ധനവും കാര്യക്ഷമമായി നടപ്പാക്കി.
സ്കൂൾ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം ഉണ്ടാക്കാനുള്ള തുണി, പരമ്പരാഗത കെെത്തറി മേഖലയിൽ ഉൽപാദിപ്പിക്കാൻ സർക്കാർ എടുത്ത തീരുമാനം, പരമ്പരാഗത കെെത്തറി മേഖലയ്-ക്ക് ആശ്വാസകരമായി. കശുവണ്ടി, മത്സ്യം തുടങ്ങിയ പരമ്പരാഗത തൊഴിൽ മേഖലയിലും ആകാവുന്നത്ര ആശ്വാസം നൽകാൻ സർക്കാർ ശ്രമിച്ചു. ആശ, അംഗൻവാടി, സ്കൂൾ ഉച്ചഭക്ഷണം, എൻഎച്ച്എം തുടങ്ങിയ മേഖലകളിലും ജീവനക്കാർക്ക് ആശ്വാസം നൽകുന്ന നടപടികൾ സർക്കാർ സ്വീകരിച്ചു.
തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ, ത്രികക്ഷി സമിതികൾ പ്രവർത്തിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചു. തൊഴിൽ പ്രശ്നങ്ങൾ, കെെകാര്യം ചെയ്യുന്നതിൽ മാതൃകാപരമായ നിലപാട് സ്വീകരിച്ചു. കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കെഎസ്ആർടിസി ജീവനക്കാരുടെയും പെൻഷൻകാരുടെയും സംരക്ഷണത്തിനായി, പ്രതിമാസം 120 കോടി രൂപ വീതം സർക്കാർ നൽകി. ഇതെല്ലാം, മുൻകാലത്തെ യുഡിഎ-ഫ് സർക്കാരുകളുടെ നടപടികളിൽനിന്നും പാടേ വ്യത്യസ്തമായിരുന്നു. ഈ നയങ്ങൾമൂലം, സംസ്ഥാനത്ത് തൊഴിൽ മേഖലയിൽ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു.
എന്നാൽ, താരതമേ-്യന വരുമാനം കുറഞ്ഞ അസംഘടിത പരമ്പരാഗത മേഖലകളിലെ തൊഴിലാളികൾ, സ്കീം തൊഴിലാളികൾ എന്നിവരുടെ വേതനം, മറ്റാനുകൂല്യങ്ങൾ എന്നിവ തൃപ്തികരമാംവിധം നിറവേറ്റാൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴായി ‘ഓണറേറിയം’ വർദ്ധിപ്പിച്ചുവെങ്കിലും, തൊഴിലാളികളെ തൃപ്തികരമായ നിലവാരത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവസ്ഥയാണ് ഇതിന്റെ കാരണം. സംസ്ഥാനത്തിന് ലഭ്യമാകേണ്ട ‘കേന്ദ്ര സാമ്പത്തിക വിഹിത’ത്തിൽ മോദി സർക്കാർ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയത്, സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ – സ്വകാര്യവൽക്കരണ – വർഗീയവൽക്കരണ നയങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിർത്തുകൊണ്ടിരുന്ന എൽഡിഎഫ് സർക്കാരിനോട് കടുത്ത നിഷേധാത്മക നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. കേന്ദ്ര നയത്തിനെതിരെ സർക്കാരും, എൽഡിഎഫും വലിയ പ്രക്ഷോഭം ഉയർത്തുമ്പോഴെല്ലാം പ്രതിപക്ഷത്തുള്ള കോൺഗ്രസ്സും സഖ്യകക്ഷികളും മൗനം ദീക്ഷിക്കുകയാണ് ചെയ്തത്.
പരമ്പരാഗത വ്യവസായങ്ങൾ–കയർ, കെെത്തറി, കശുവണ്ടി, ബീഡി, മത്സ്യബന്ധനം തുടങ്ങിയ മേഖലകൾ– ആധുനികവൽക്കരിക്കാനും, ആഗോള സാമ്പത്തികനയങ്ങൾ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ പ്രതിരോധിക്കാനും സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല. കേന്ദ്ര സർക്കാർ സമീപനം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരിക്കിയതാണിതിന് കാരണം. കേന്ദ്ര സർക്കാർ നയങ്ങൾ, ഈ അവസ്ഥയെ കൂടുതൽ ഗുരുതരമാക്കുകയും ചെയ്തു.
കേന്ദ്ര സർക്കാർ ‘ആസിയാൻ കരാർ’ അംഗീകരിച്ചതുമുതൽ തോട്ടം മേഖല പ്രതിസന്ധിയിലായി. റബ്ബർ വില കുത്തനെ ഇടിഞ്ഞു. സംസ്ഥാന സർക്കാർ, റബ്ബർ കൃഷിക്കാർക്ക് സഹായം ചെയ്യാൻ നിർബന്ധിതമായി. ഈ പ്രതിസന്ധി തൊഴിലാളികളുടെ തൊഴിലിനെയും വരുമാനത്തെയും ബാധിച്ചു; നിരവധി തോട്ടങ്ങൾ അടച്ചുപൂട്ടി, ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി. താരത-മേ-്യന കുറഞ്ഞ കൂലി ലഭിക്കുന്ന ഈ മേഖല പുതിയ തലമുറ തൊഴിലാളികൾക്ക് ആകർഷകമല്ലാതായി.
ആധുനിക തുണിവ്യവസായങ്ങളോട് മത്സരിക്കാനാവാതെ, കെെത്തറി, ഖാദി മേഖല തകർച്ചയിലായി. ഉൽപ്പന്നങ്ങൾക്ക് റിബേറ്റ് നൽകി, ഈ മേഖലകളെ തകർച്ചയിൽനിന്ന് സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചുവെങ്കിലും, സഹായങ്ങൾ മതിയാവാതെ വന്നു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തികഞെരുക്കം കാരണം, കൂടുൽ പണം നൽകാൻ കഴിയാതെ വന്നു.
അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമപദ്ധതികൾ പലതും കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നു. ക്ഷേമനിധി ബോർഡുകളുടെ മേൽനോട്ടം വഹിക്കുന്നത്, ട്രേഡ് യൂണിയൻ പ്രതിനിധികളടങ്ങുന്ന ബോർഡുകളാണ്. ലക്ഷക്കണക്കിന് തൊഴിലാളികൾ ഉൾക്കൊള്ളുന്ന ക്ഷേമനിധി ബോർഡുകളെ മുഴുവൻ കാര്യക്ഷമമാക്കൽ, സർക്കാരിന്റെ കഴിവിന് അതീതമായിരുന്നു.
ഒരുകാലത്ത്, ലോകമാകെ ശ്രദ്ധിച്ചിരുന്ന കേരളത്തിലെ കശുവണ്ടി മേഖല, പല കാരണങ്ങളാൽ ദുർബലപ്പെട്ടു. സംസ്ഥാനത്തുൽപ്പാദിപ്പിക്കുന്ന കശുവണ്ടി പരിപ്പിനേക്കാൾ, വില കുറച്ച്, കമ്പോളത്തിലെത്തിക്കാൻ, പല രാജ്യങ്ങൾക്കും സാധിച്ചു. ഈ അവസ്ഥ സംസ്ഥാനത്തെ കശുവണ്ടി ഉൽപ്പാദനത്തെ ഗുരുതരമായി ബാധിച്ചു. സംസ്ഥാനത്തെ കശുവണ്ടി വ്യവസായം ആശ്രയിച്ചിരുന്നത് വിദേശരാജ്യങ്ങളിൽനിന്നുള്ള തോട്ടണ്ടിയായിരുന്നു. തോട്ടണ്ടി പഴയതുപോലെ ലഭ്യമല്ലാതായി. തോട്ടണ്ടി വിലയും വർധിച്ചു. ഈ സാഹചര്യത്തിൽ അന്തർദേശീയ കമ്പോള മത്സരത്തിൽ പ്രതിസന്ധി നേരിട്ട നിരവധി ഉൽപ്പാദന വ്യവസായങ്ങൾ തകർന്നു. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടു. പൊതുമേഖലയിലെ കശുവണ്ടി കമ്പനികൾക്കും, വർഷംപ്രതി മുഴുവൻ പ്രവൃത്തി ദിവസങ്ങളിൽ ജോലി നൽകാൻ കഴിയാത്ത സ്ഥിതി ഉണ്ടായി. ഇത് തൊഴിലാളികളുടെ ജീവിതം ദുഷ്കരമാക്കി. സംസ്ഥാന സർക്കാരിന്റെ പരിമിതമായ സാമ്പത്തിക സ്രോതസ്സിൽനിന്ന് ഉദാരമായ സഹായങ്ങൾ നൽകിയെങ്കിലും പ്രതിസന്ധി പരിഹരിക്കാനായില്ല.
പരിസ്ഥിതി പ്രശ്നങ്ങൾമൂലം, മണൽ ഖനനം, ക്വാറി ഖനനം, ചെങ്കൽ ഖനനം തുടങ്ങിയവ തടസ്സപ്പെട്ടു. ഗ്രീൻ ട്രിബ്യൂണലുകളും, കോടതികളും ഇടപെടുന്നതുമൂലം, പഴയതുപോലെ ഖനനത്തിന് അനുമതി നൽകാൻ സർക്കാരിന് കഴിയാതെ വന്നു. ഇത് നിർമാണമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. സംസ്ഥാന സർക്കാരിന് മാത്രമായി പരിഹരിക്കാനാവാത്തതായിരുന്നു ഈ പ്രശ്നം.
പല കാരണങ്ങളാൽ, സംസ്ഥാനത്ത്, വൻതോതിലുള്ള അസംഘടിത –പരമ്പരാഗത തൊഴിൽ മേഖലയിലെ തൊഴിലാളികൾക്ക്, അവരുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാനായില്ല. സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായങ്ങളിൽ ഭൂരിപക്ഷവും, പഴയ സാങ്കേതികവിദ്യയെയും ഉൽപ്പാദനരീതികളെയുമാണ് അവലംബിച്ചിരുന്നത്. ഇവയെല്ലാം ആധുനികവൽക്കരിച്ച്, അന്തർദേശീയ മത്സരങ്ങളെ അതിജീവിക്കാൻ കഴിയുന്ന അവസ്ഥയിലെത്തിക്കാൻ, സംസ്ഥാന സർക്കാരിന്റെ പരിമിതമായ സാമ്പത്തിക സ്രോതസ്സുകൾക്ക് കഴിഞ്ഞില്ല. സാഹചര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി നിലപാടെടുക്കാൻ പല തൊഴിലാളികൾക്കും സാധിച്ചില്ല.
എൽഡിഎഫിന്റെ നിർണായക പങ്കാളികളായ, പാവപ്പെട്ട തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ശരിയാംവണ്ണം മനസ്സിലാക്കുന്നതിനും പ്രശ്നങ്ങൾക്ക് കാരണമായ നയങ്ങൾ മനസ്സിലാക്കുന്നതിനും തദനുസൃതമായ നിലപാട് സ്വീകരിക്കുന്നതിനും ഭൂരിപക്ഷം തൊഴിലാളികൾക്കും സാധിച്ചില്ല.
തൊഴിലാളികളുടെ ദെെനംദിന ജീവിതപ്രശ്നങ്ങൾക്ക് ഉത്തരവാദിയായ നിയോലിബറൽ നയങ്ങൾ ശരിയാംവണ്ണം ഉൾക്കൊണ്ടിട്ടില്ലാത്ത തൊഴിലാളികളിൽ, നിരാശപടർന്നു. തങ്ങളുടെ സർക്കാർ എന്ന് അവർ ഉറച്ചുകരുതുന്ന, സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന് തങ്ങളെ സഹായിക്കാൻ കഴിയുന്നില്ല എന്ന തരത്തിലാണ് അവർ ചിന്തിച്ചത്.
നിയോലിബറൽ നയങ്ങൾക്കെതിരായ ദേശീയ പ്രഷോഭങ്ങളിലും, പണിമുടക്കുകളിലും സജീവമായി പങ്കെടുക്കുന്നവരാണെങ്കിലും, ബഹുഭൂരിപക്ഷം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും തങ്ങളുടെ യഥാർഥ ശത്രുവിനെ വേണ്ടവിധം തിരിച്ചറിഞ്ഞില്ല. ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ ഇക്കാര്യത്തിലുണ്ടായ വീഴ്ചകൾ തൊഴിലാളികളെ ശരിയായ ധാരണയിലെത്തിക്കുന്നതിൽ വിഘാതമായി.
പരമ്പരാഗത –അസംഘടിത മേഖലകളിലെ ലക്ഷക്കണക്കായ തൊഴിലാളികളിൽ രാഷ്ട്രീയബോധം വളർത്താനുള്ള പ്രവർത്തനങ്ങളിൽ ട്രേഡ് യൂണിയനുകൾ വിജയിച്ചില്ല. ദെെനംദിന പ്രവർത്തനങ്ങളിൽ മാത്രമാണ് പല സംഘടനകളും കേന്ദ്രീകരിച്ചത്. തൊഴിലാളികളുടെ മനസ്സുകളിലുളവായ അസംതൃപ്തികളുടെ ആഴം മനസ്സിലാക്കി ഇടപെടുന്നതിൽ വീഴ്ചയുണ്ടായി.
എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ വികസനപദ്ധതികൾ, വിദ്യാഭ്യാസ– ആരോഗ്യമേഖലകളിലുണ്ടായ മുന്നേറ്റങ്ങൾ, അതിദാരിദ്ര്യമുക്തമാക്കിയത് തുടങ്ങിയ നേട്ടങ്ങൾ മാത്രം മതിയായിരുന്നില്ല, ഈ തൊഴിലാളിവിഭാഗത്തിന്റെ അസംതൃപ്തികൾ പരിഹരിക്കാൻ.
ഒരു ബൂർഷ്വാ ഭരണകൂടത്തിനുകീഴിൽ, പരിമിതമായ അധികാരവും സാമ്പത്തിക സ്രോതസ്സുകളും മാത്രമുള്ള സംസ്ഥാന സർക്കാരിന്റെ പരിമിതികൾ തൊഴിലാളികളിൽ ഭൂരിപക്ഷത്തെയും ബോധ്യപ്പെടുത്തുന്നതിൽ വലിയ വീഴ്ചയുണ്ടായി. ബൂർഷ്വാ വർഗത്തിന്റെ അധീനതയിലുള്ള മാധ്യമപ്രചരണങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയാതെപോയി. തൊഴിലാളികളിൽ ബഹുഭൂരിപക്ഷത്തേയും തെറ്റിദ്ധരിപ്പിക്കാൻ അവരുടെ പ്രചരണങ്ങൾക്ക് സാധിച്ചു.
നാഷണൽ ഹെെവേ വികസനം, കെ– ഫോൺ, സേവനങ്ങൾ ഓൺലെെൻ വഴി നൽകൽ തുടങ്ങി, ഒരു സംസ്ഥാന സർക്കാരിൽനിന്ന് ലഭിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത നേട്ടങ്ങളാണ് ലഭിച്ചത്. നിയമസമാധാനപാലനത്തിൽ കേരളം മുൻപന്തിയിലെത്തി. എങ്കിലും, കണ്ണഞ്ചിപ്പിക്കുന്ന ഈ നേട്ടങ്ങൾക്കപ്പുറം തങ്ങളുടെ ജീവിതപ്രശ്നങ്ങളാണ്, വലിയൊരു വിഭാഗത്തെയും അലട്ടിയത്.
തങ്ങൾ നേരിടുന്ന ജീവിതപ്രയാസങ്ങൾക്ക് കാരണമാകുന്ന മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചും, ഭരണകൂടനയങ്ങളെക്കുറിച്ചും ബോധമുള്ളവരായി തൊഴിലാളികളെ മാറ്റാൻ കഴിയാതെ പോയതാണ് മുഖ്യപ്രശ്നം. തിരഞ്ഞെടുപ്പിൽ ആരെ വിജയിപ്പിക്കണം എന്ന ചോദ്യത്തിനു മുമ്പിൽ, എൽഡിഎഫ് ആണ് തങ്ങളുടെ യഥാർഥ സംരക്ഷകർ എന്ന ബോധ്യം അവരിൽ ഒരു വിഭാഗത്തിൽ ഉറപ്പിക്കാൻ കഴിയാതെപോയതാണ് എൽഡിഎഫിന്റെ തോൽവിയിലേക്ക് നയിച്ചത്.
ഇപ്പോഴത്തെ തോൽവി കണക്കിലെടുത്ത് തൊഴിലാളിവർഗം ശാശ്വതമായി എൽഡിഎഫിൽനിന്നും അകന്നു എന്ന വിലയിരുത്തലിൽ എത്തേണ്ടതില്ല ജീവിതക്ലേശത്തിൽ നിന്നുളവായ, വികാരമാണ് ഒരു വിഭാഗത്തെ ‘‘വെെകാരിക’’ നിലപാട് സ്വീകരിക്കുന്നതിൽ എത്തിച്ചത്.
ഒരു മുതലാളിത്ത വ്യവസ്ഥയിൽ, ഭരണഘടനാപരമായ പരിമിതമായ അധികാരങ്ങളും ചുരുങ്ങിയ വിഭവങ്ങളും മാത്രമുള്ള ഒരു സംസ്ഥാന സർക്കാരിന്റെ പരിമിതികളെ സംബന്ധിച്ച് പഠിപ്പിക്കാൻ കഴിയാതെ പോയതാണ് എൽഡിഎഫിന് ലഭിക്കണ്ട വോട്ടുകളിൽ ചോർച്ചയുണ്ടാക്കിയത്. എൽഡിഎഫ് നേതാക്കൾ, ഭരണനേട്ടങ്ങളെക്കുറിച്ച് പ്രസംഗിക്കുമ്പോൾ, അത് ശരിയാംവണ്ണം ഉൾക്കൊള്ളാൻ കഴിയാത്ത മാനസികാവസ്ഥയിൽ ഒരു കൂട്ടം തൊഴിലാളികളെത്തിയത് ഈ സാഹചര്യത്തിലാണ്.
തൊഴിലാളികളെ പൊതുവിൽ ബാധിക്കുന്ന മുതലാളിത്ത–ചൂഷണ വ്യവസ്ഥയ്-ക്കെതിരെ, പരമാവധി ബദൽ ഉയർത്തിയ സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനെതിരെ, ഒരു ചെറിയ വിഭാഗം ‘ആശ’വർക്കർമാരുടെ സമരം സംഘടിപ്പിച്ച്, എല്ലാ കമ്യൂണിസ്റ്റ് ഇടതുപക്ഷ വിരുദ്ധരും ചേർന്നു നടത്തിയ പ്രചരണം ഓർക്കുക! ഏത് സമരത്തെയും അധിക്ഷേപിക്കുന്ന ‘മ’ മാധ്യമങ്ങൾക്ക്, ഈ സമരം എങ്ങനെയാണ് ‘ശ്രേഷ്ഠ’ മായത്? അതാണ്, ബൂർഷ്വാ വർഗത്തിന്റെ പ്രചരണത്തിനുള്ള മേൽക്കെെ!
ചരിത്രപ്രധാനമായ ‘‘കുടിയൊഴിപ്പിക്കൽ നിരോധന നിയമം’’ നടപ്പിലാക്കിയ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ 1957ലെ സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വിമോചനസമരത്തിൽ ഭൂപ്രഭുക്കളും നാടുവാഴികളും ജന്മികളും മാത്രമല്ലല്ലോ അണിനിരന്നത്. ചരിത്രത്തിൽ ഇത്തരം നിരവധി വെല്ലുവിളികളെ, തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. തൊഴിലാളിവർഗ മുന്നേറ്റം ഒരു ‘നേർരേഖ’യാവണമെന്ന് ശാഠ്യം പിടിക്കരുത് ! l



