Tuesday, June 23, 2026

ad

Homeകവര്‍സ്റ്റോറിതിരിച്ചുവരവ് 
അനിവാര്യമാണ്

തിരിച്ചുവരവ് 
അനിവാര്യമാണ്

കെ കെ ശെെലജ

ഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത പരാജയമാണുണ്ടായത്. കേരളത്തില്‍ ഇടതുപക്ഷം പലപ്പോഴായി വിജയിക്കുകയും, പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. വലിയ പരാജയങ്ങള്‍ക്കു ശേഷം വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയ നിരവധി സന്ദര്‍ഭങ്ങള്‍ കേരള രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. എന്നാല്‍, അടുത്ത കാലത്ത് രാഷ്ട്രീയ രംഗത്തുണ്ടാകുന്ന ഉത്കണ്ഠയുളവാക്കുന്ന വ്യതിയാനങ്ങള്‍ ഗൗരവതരമായി പരിശോധിക്കേണ്ടതുണ്ട് എന്ന് നാം കാണണം. ഇന്ത്യയിലും കേരളത്തിലും രാഷ്ട്രീയ രംഗത്തുണ്ടാവുന്ന വലതുപക്ഷ വ്യതിയാനത്തിന്റെ ആപത്ത് സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

കഴിഞ്ഞ പത്തു വര്‍ഷക്കാലം (2016 മുതല്‍ 2026 വരെ) കേരളം ഭരിച്ച എല്‍ഡിഎഫ് ഗവണ്‍മെന്റ് നടപ്പിലാക്കിയ വികസന –ക്ഷേമ പദ്ധതികള്‍ കേരളീയ സമൂഹത്തിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങള്‍ നിഷ്-പക്ഷമായി വിലയിരുത്തിയാല്‍ സമാനതകളില്ലാത്തതാണ്. 1957 മുതല്‍ കേരളത്തില്‍ ഇടതുപക്ഷം സ്വീകരിച്ച ജനപക്ഷ കാഴ്ചപ്പാടുകളുടെ തുടര്‍ച്ചയാണ് അത് എന്ന് കാണാന്‍ കഴിയും. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 78 വര്‍ഷത്തിലേറെയായെങ്കിലും ജനങ്ങളുടെ ജീവിത വികസന സൂചികയിലും വികസനത്തിലും ഏറ്റവും മുന്നിലെത്താന്‍ കഴിഞ്ഞത് കേരളത്തിനാണ്. 1947ന് മുമ്പ് മറ്റെല്ലാ സംസ്ഥാനങ്ങളിലേയുംപോലെ പട്ടിണിയും, വിവേചനവും നടമാടിയ പ്രദേശങ്ങളായിരുന്നു മലബാറും കൊച്ചിയും തിരുവിതാംകൂറുമെല്ലാം. കടുത്ത ജാതി വിവേചനവും അയിത്താചാരവും നിലനിന്ന ഇടമായിരുന്നു ഇത്. മലബാറിനെ ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചതും ഈ അവസരത്തില്‍ ഒാര്‍ക്കേണ്ടതുണ്ട്.

സ്വാതന്ത്ര്യ സമരത്തോടൊപ്പം ഉയര്‍ന്നുവന്ന കര്‍ഷകമുന്നേറ്റവും തൊഴിലാളി സമരവും നവോത്ഥാന ആശയങ്ങളുടെ പ്രചാരണവും കേരളം രൂപീകരിക്കുമ്പോഴേക്കും സമൂഹത്തില്‍ പുരോഗമന ആശയത്തിന്റെ വിത്ത് പാകിയിരുന്നു. ഇതാകട്ടെ ഇടതുപക്ഷ ആശയങ്ങളുടെ പിന്‍ബലത്തോടെ ഉണ്ടായ സമൂഹ്യ പരിവര്‍ത്തനവുമായിരുന്നു. നിരവധി സമരങ്ങളും രക്തസാക്ഷിത്വങ്ങളും അവയില്‍ നിന്നും ഉരുത്തിരിഞ്ഞ സമത്വ ചിന്തയും തൊഴിലവകാശ ബോധവും കേരളത്തില്‍ നന്നായി വേരുറച്ചു. സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടതിനെതുടർന്ന് ഐക്യ കേരളത്തില്‍ ആദ്യമായി നടന്ന തിരഞ്ഞടുപ്പില്‍ 1957 ല്‍ ഇടതുപക്ഷത്തെ ജനങ്ങള്‍ ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിച്ചു. അതുവരെ ഇടതുപക്ഷമുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഉത്തരവാദിത്വം ആ ഗവണ്‍മെന്റിനുണ്ടായിരുന്നു. അതുപാലിച്ചുകൊണ്ട് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കേരളത്തിലെ ഒന്നാമത്തെ നിയമമായി സ്റ്റേ ഓഫ് എവിക്ഷന്‍ ഓര്‍ഡിനന്‍സ് ആക്ട് 1957 (Act 1 of 1957) കൊണ്ടുവന്നു. സമഗ്രമായ നിയമനിര്‍മാണത്തിനെടുക്കുന്ന കാലതാമസം പോലും ഉണ്ടാകാതെ പാവപ്പെട്ട കുടികിടപ്പുകാര്‍ക്ക് താല്‍ക്കാലികമായ ആശ്വാസം നല്‍കുക എന്നതായിരുന്നു ഗവണ്‍മെന്റിന്റെ അടിയന്തര ലക്ഷ്യം. അവര്‍ കുടികിടക്കുന്ന ഭൂമിയില്‍ നിര്‍ഭയമായി കൃഷി നടത്താനും താമസിക്കാനുമുള്ള സ്വാതന്ത്ര്യം അങ്ങനെ ലഭ്യമായി. സാധാരണക്കാരുടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള പൊതു വിദ്യാലയങ്ങളും പൊതുജനാരോഗ്യകേന്ദ്രങ്ങളും ആ ഗവണ്‍മന്റിന്റെ ഇടപെടലിലൂടെ നിലവില്‍ വന്നു. ആരോഗ്യ– വിദ്യാഭ്യാസ മേഖലകളില്‍ ഇന്ന് കേരളം നേടിയ മുന്നേറ്റത്തിന് അടിസ്ഥാനമായത് 1957 ലെ ഈ നിയമങ്ങളായിരുന്നു. എന്നാല്‍, അന്നും മതസ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നു എന്ന വ്യാജപ്രചരണം അഴിച്ചുവിടാന്‍ കോണ്‍ഗ്രസ് തയ്യാറായി. സ്ഥാപിത താല്‍പര്യക്കാരുടെകൂടെ നിന്നുകൊണ്ട് വിമോചന സമരം സംഘടിപ്പിച്ച് മതത്തെ സംരക്ഷിക്കാന്‍ എന്ന പേരില്‍ ജനങ്ങളെ അണിനിരത്തി. ഇടതുപക്ഷത്തിന്റെ തീരുമാനങ്ങളില്‍ ആശ്വാസമുണ്ടായ സാധാരണ ജനങ്ങളില്‍ ചിലരെ പോലും എതിര്‍ ചേരിയിലാക്കാന്‍ അവര്‍ ശ്രമിച്ചു. ഇടതുപക്ഷം അധികാരത്തില്‍ വന്നതിൽ അസ്വസ്ഥതയിലായ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയിലെത്തി നെഹ്-റുവിനെ സമ്മര്‍ദത്തിലാക്കി കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ പിരിച്ചുവിടാന്‍ നീക്കം നടത്തി. ഒടുവിൽ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 അനുസരിച്ച് 1959 ജൂലൈ 31 ന് കേരള ഗവണ്‍മെന്റിനെ കേന്ദ്ര ഗവണ്‍മെന്റ് പിരിച്ചുവിട്ടു. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന ഗവണ്‍മെന്റിനെയാണ് പിരിച്ചുവിട്ടത്. യൂണിയന്‍ ഗവണ്‍മെന്റ് ജനാധിപത്യവിരുദ്ധമായി പിരിച്ചുവിടുന്ന ആദ്യത്തെ സംസ്ഥാന ഗവണ്‍മെന്റാണ് കേരളം.

ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസ നിയമവുമായിരുന്നു കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. ഭൂപരിഷ്കരണത്തിന്റെ ഭാഗമായി ലഭിച്ച ഭൂമിയുടെ മാറിയ പതിനായിരക്കണക്കിന് മനുഷ്യരുടെ തൊട്ടടുത്ത തലമുറകളാണ് ഇന്ന് കേരളത്തില്‍ ഇടത്തരവും ഉയര്‍ന്ന ഇടത്തരവുമായി ഉയര്‍ന്നുവന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ അധികം കാണാന്‍ കഴിയാത്ത പ്രത്യേകതയാണ് ഇത്. ഇന്ന് കേരള വികസനത്തില്‍ പൊതുവെ ഉണ്ടായിട്ടുള്ള നഗരവല്‍ക്കരണവും പുരോഗമനപരമായിട്ടുള്ള ജീവിതാവസ്ഥയും എല്ലാം അതിന്റെ വെളിച്ചത്തിലാണുണ്ടായത്. പൊതുവിദ്യാലയങ്ങളില്‍ താഴ്ന്ന ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം നടത്തുന്നതിന് സാധ്യമായി. അതോടൊപ്പം തന്നെ മത സംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുവെന്നും നമുക്ക് കാണാന്‍ സാധിക്കും. അപ്പോള്‍ വിമോചന സമരംകൊണ്ട് സാധാരണക്കാര്‍ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല; വ്യാജമായി മത ബോധം സൃഷ്ടിക്കാനുള്ള പ്രചരണമായിരുന്നു അത്. ഇടതുപക്ഷ വിരോധം പ്രചരണായുധമാക്കി അടുത്ത തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് വിജയിച്ചുവരാനും സാധിച്ചു.

1960 ല്‍ അധികാരത്തില്‍വന്ന കോണ്‍ഗ്രസിന്റെ ചെയ്തികള്‍ ഇന്നത്തെ കാലത്തും എല്ലാവരും ഓര്‍ക്കേണ്ടതാണ്. കോണ്‍ഗ്രസ് വന്ന ഉടനെതന്നെ കുടി ഒഴിപ്പിക്കല്‍ ആരംഭിക്കുകയും അശരണരായ നൂറുകണക്കിന് മനുഷ്യരെ ആശ്രയമില്ലാത്തവരാക്കി മാറ്റുകയും ചെയ്തു. ഇടുക്കി ജില്ലയിലെ അമരാവതിയിലും കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരുമെല്ലാം കുടിയൊഴിപ്പിക്കപ്പെട്ട പാവപ്പെട്ടവരായ മനുഷ്യര്‍ അനുഭവിച്ച പ്രയാസങ്ങള്‍ കേരളത്തിന്റെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. അന്ന് ആ പാവങ്ങളെ രക്ഷിക്കാന്‍ എ കെ ഗോപാലന്‍ എന്ന കമ്യൂണിസ്റ്റ് നേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ് ഉറച്ചുനിന്നത്. കേരളത്തിലെ ഇടതുപക്ഷം കുടിയൊഴിപ്പിക്കലിനെ അതിശക്തമായി ചേറുത്തുനിന്നു. മാത്രമല്ല, തുടര്‍ന്ന് അധികാരത്തില്‍ വന്നപ്പോള്‍ ഭൂപരിഷ്കരണ നിയമം പൂര്‍ണമായും തയ്യാറാക്കുന്നതിനും നിരവധി പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിനും ഇടതുപക്ഷം ശ്രമിച്ചു.

1967, 1980, 1987, 1996, 2006, 2016, 2021 എന്നീ വർഷങ്ങളിൽ നടന്ന തിരഞ്ഞടുപ്പുകളിലെല്ലാം ഇടതുപക്ഷം വിജയിച്ചു. ഒരോ തവണ ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോഴും ഫ്യൂഡല്‍ അടിമത്തത്തിനെതിരെയും മുതലാളിത്ത ചൂഷണം ചെറുക്കുന്നതിനും വേണ്ടിയുള്ള പദ്ധതികളാണ് നടപ്പിലാക്കാന്‍ ശ്രമിച്ചത്. കേന്ദ്ര ഗവണ്‍മെന്റിന്റെ നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരായ, ഫ്യൂഡല്‍ അടിമത്വത്തിനെതിരായ ചില ബദല്‍ സമീപനങ്ങള്‍ സ്വീകരിക്കാന്‍ കേരളത്തിൽ ഇടതുപക്ഷം ശ്രമിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്ക് വിധേയരായി നില്‍ക്കേണ്ടതുകൊണ്ട് ഒരു മുതലാളിത്ത രാജ്യത്തിനകത്ത് സംസ്ഥാന ഗവണ്‍മെന്റിന് ഭരണഘടനാദത്തമായ ജനാധിപത്യവും സോഷ്യലിസവും നടപ്പിലാക്കാന്‍ ഒട്ടേറെ തടസങ്ങളുണ്ട്. എങ്കിലും ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങള്‍ സ്വീകരിച്ചുകൊണ്ട് ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം എത്തിക്കുന്നതിന് ഈ ഇടതുപക്ഷ ഗവണ്‍മെന്റുകളെല്ലാം ശ്രമിച്ചതായി കാണാന്‍ സാധിക്കും. ജില്ലാ കൗണ്‍സില്‍ നിയമം, സമഗ്രമായ ജനകീയാസൂത്രണം, കുടുംബശ്രീ രൂപീകരണം, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യ മിഷന്‍ (ആര്‍ദ്രം), ലൈഫ് മിഷന്‍, ഹരിത കേരള മിഷന്‍ തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമാണ്. അവയെല്ലാം കേരളീയ സമൂഹത്തിലുണ്ടാക്കിയ പുരോഗതി ആര്‍ക്കാണ് നിഷേധിക്കാന്‍ സാധിക്കുക. ഇതോടൊപ്പംതന്നെ കേരളത്തെ വന്‍കിട വികസന കുതിപ്പുള്ള സംസ്ഥാനമാക്കി മാറ്റി. കേരളത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നിക്ഷേപവും ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ കണ്ടെത്തി. കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതി വിഹിതം, ടാക്സ് വിഹിതം തുടങ്ങിയവയില്‍ നിന്നും ലഭ്യമാക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് സമഗ്രമായ മാറ്റം ഉണ്ടാക്കാന്‍ കഴിയില്ല എന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ സമാന്തരമായ മറ്റൊരു വഴി കേരള ഗവണ്‍മെന്റ് സ്വീകരിച്ചു. കിഫ് ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) ഉപയോഗപ്പെടുത്തി ദീര്‍ഘകാല വായ്പകള്‍ ബജറ്റിന് വെളിയില്‍ സംഘടിപ്പിക്കുകയും അത് മൂലധന നിക്ഷേപത്തിനു വേണ്ടി ഉപയോഗിച്ചുകൊണ്ട് വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റ് പരിഷ്കരണ പ്രവര്‍ത്തനങ്ങളും നടത്തുകയും ചെയ്തു. വന്‍തോതില്‍ പൊതുമരാമത്ത് മേഖലയിലെ യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടി നാം പണം വകയിരുത്തുകയും അവയില്‍ കുറേയേറെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു– വിഴിഞ്ഞം പദ്ധതിയും ഹൈവേകളും അതുപോലെ വ്യവസായ ഇടനാഴിയും. ഇതെല്ലാം നിര്‍മിച്ചെടുക്കുന്നതിന് കേരള ഗവണ്‍മെന്റ് കേന്ദ്ര ഗവണ്‍മെന്റിന് വിഹിതമായി നല്‍കേണ്ട വലിയതുക ഇത്തരത്തിലാണ് നാം സമാഹരിച്ച് നല്‍കിയത്. കേന്ദ്ര സർക്കാരാകട്ടെ അവര്‍ നല്‍കേണ്ട വിഹിതംപോലും ഇത്തരം പദ്ധതികള്‍ക്ക് നല്‍കിയില്ല എന്നുള്ളതും കാണാന്‍ സാധിക്കും. ഇതിന്റെ കൂടെ കേരളത്തില്‍ വന്നിട്ടുള്ള പ്രകൃതിക്ഷോഭങ്ങളെയും മറ്റ് ദുരന്തങ്ങളെയും നേരിടാന്‍ കേരളത്തിന്റെ ഖജനാവില്‍ നിന്ന് പണം ചെലവഴിക്കേണ്ടതായി വരികയും ചെയ്തു. ഇതെല്ലാം തനതായ വ്യക്തിത്വത്തോടെ ജനങ്ങള്‍ക്കുവേണ്ടി കേരളത്തിലെ ഗവണ്‍മെന്റ് ഏറ്റെടുത്ത സാഹസിക പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു.

ബിജെപി കേരളത്തിലെ ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കുകയും ജാതിസ്വത്വബോധത്തിന് കീഴ്പ്പെടുത്തുകയും ഹൈന്ദവ ഇന്ത്യ എന്ന മതവര്‍ഗീയ ബോധത്തിലേക്ക് അവരെയെല്ലാം ക്രമേണ ആകര്‍ഷിക്കുകയും ചെയ്യുന്നതിനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നത്. ഏതെങ്കിലുമൊരു മതത്തിലെ എണ്ണത്തില്‍ കുറവുവരുന്നവരാണെങ്കിലും വര്‍ഗീയവാദത്തെ എതിര്‍ത്താല്‍ മതത്തെയാകെ എതിര്‍ക്കുന്നുവെന്ന അസത്യം പുതിയ ടെക്നോളജികളുപയോഗിച്ച് സമര്‍ത്ഥമായി പ്രചരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ഇസ്ലാം രാഷ്ട്രവാദത്തെ എതിര്‍ത്താല്‍ അത് ഇസ്ലാം മതവിശ്വാസത്തെ എതിര്‍ക്കുന്നു എന്ന തെറ്റിദ്ധരിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ ഹിന്ദു രാഷ്ട്രവാദത്തെ ഇടതുപക്ഷം എതിര്‍ത്താല്‍ ഹിന്ദുമതവിശ്വാസികളെയാകെ എതിര്‍ക്കുന്നു എന്ന ധാരണ പരത്താന്‍ അവരും ശ്രമിക്കുന്നു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആരാധാന രീതികളില്‍ എല്ലാ മതങ്ങളിലും കാലികമായ പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യ ആത്മാഹൂതി ചെയ്യുന്ന ഉടന്തടിചാട്ടം (സതി) ഇന്ത്യയില്‍ നിയമംമൂലം നിരോധിച്ചിട്ടുണ്ട്. നരബലിയും മൃഗബലിയും അന്ധവിശ്വാസങ്ങളാണെന്ന് ആധുനിക സമൂഹം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭക്തിയുടെ പേരില്‍ നടത്തുന്ന മനുഷ്യത്വഹീനമായ ഒരു നടപടിയേയും വിമര്‍ശിക്കാന്‍ പാടില്ല, ഒരു നടപടിയേയും വിമര്‍ശിക്കാന്‍ പാടില്ല, അവരെല്ലാം വിമര്‍ശനത്തിന് അതീതരാണ് എന്ന് സ്ഥാപിച്ചെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ തടയാന്‍ ചാണകം പൂശിയാല്‍ മതിയെന്നു പറയുന്ന അപക്വതയിലേക്കാണ് സമൂഹം നീങ്ങുന്നത്. ഇത് വെറുതെ കണ്ടിരിക്കാന്‍ യഥാര്‍ത്ഥ ശാസ്ത്രബോധമുള്ളവര്‍ക്കും മനുഷ്യസ്നേഹികള്‍ക്കും കഴിയില്ല. ഞാന്‍ ആരോഗ്യമന്ത്രിയായിരിക്കുമ്പോള്‍ ഡിഫ്തീരിയ (തൊണ്ടമുള്ള്) രോഗം ചില പ്രദേശങ്ങളില്‍ പൊട്ടിപുറപ്പെട്ടിരുന്നു. അതിനെ പെട്ടെന്ന് പ്രതിരോധിക്കുന്നതിനു വേണ്ടി പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. എന്നാല്‍ ചില പ്രദേശങ്ങളിൽ ചെറിയ ശതമാനമാണെങ്കിലും ചിലയാളുകള്‍ കുത്തിവെപ്പിന് എതിരായിരുന്നു. അത് അവരുടെ അന്ധവിശ്വാസമായിരുന്നു.

പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കാതിരിക്കുക, രോഗം വന്നാല്‍ ആശുപത്രിയില്‍ പോകാതിരിക്കുക, മരുന്ന് ഉപയോഗിക്കാതിരിക്കുക, പ്രാര്‍ത്ഥനകൊണ്ട് രോഗം മാറുമെന്നുകരുതി കുട്ടികളേയും രോഗികളേയുമെല്ലാം വീട്ടിനകത്ത് തന്നെ നിര്‍ത്തുന്ന ചിലരെങ്കിലും നമ്മുടെയിടയിലുമുണ്ടെന്ന് അന്നു എനിക്കു മനസ്സിലായി. ഇതില്‍ വളരെ പെട്ടെന്ന് ഇടപെടുകയും കേരളത്തിലെ പ്രമുഖ മത– സാമുദായിക നേതാക്കളെയെല്ലാം ബന്ധപ്പെട്ട് ഈ ചെറിയ വിഭാഗത്തെ ഈ അന്ധവിശ്വാസത്തില്‍ നിന്ന് മോചിപ്പിച്ചുകൊണ്ട് പ്രതിരോധ കുത്തിവെപ്പിനെ പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ അവരെല്ലാം കൂടെനിന്നു. ഒന്നു രണ്ടു മാസംകൊണ്ട് പ്രതിരോധ കുത്തിവെപ്പ് 90 ശതമാനത്തോളം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. ഡിഫ്തീരിയ പടരുന്നത് തടയാനും നമുക്ക് കഴിഞ്ഞു.

എന്നാല്‍ തിരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനെതിരെ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്തുന്നതില്‍ നിന്ന് അത്തരം പ്രചാരകരെ മാറ്റിനിര്‍ത്താന്‍ പലരും തയ്യാറാകുന്നില്ല. ഇത് കേരളീയ സമൂഹത്തില്‍ ദൂരവ്യാപകമായ ദോഷഫലമുണ്ടാക്കുമെന്ന് കാണാന്‍ സാധിക്കും.

മതവിശ്വാസത്തെയും ആരാധനാ സമ്പദ്രായത്തെയും ആരാധനാലയങ്ങളെയും സംരക്ഷിക്കാന്‍ ഏറ്റവും മുന്നണിയില്‍ നില്‍ക്കുന്നത് ഇടതുപക്ഷമാണെന്ന് എത്രയോ അനുഭവങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. ഒരു മതത്തിന്റെയും ആരാധനാലയങ്ങളെ ആക്രമിക്കുന്നതിനോ നശിപ്പിക്കുന്നതിനോ ഇടതുപക്ഷത്തിന് കൂട്ടുനില്‍ക്കാന്‍ കഴിയില്ല. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസവും പ്രാര്‍ത്ഥനയും സംരക്ഷിക്കാന്‍ സാധിക്കണം. അത് ആക്രമിക്കപ്പെടുമ്പോള്‍ സംരക്ഷണ കവചമായി നിന്നിട്ടുള്ളത് ഇടതുപക്ഷമാണ്. പ്രത്യേകിച്ചും കേരളത്തില്‍. എന്നാല്‍ അതെല്ലാം മറന്നുകൊണ്ട് ഇടതുപക്ഷം മതത്തിനും വിശ്വാസത്തിനും എതിരാണെന്ന ദുഷ്-പ്രചരണത്തിൽ വീണുപോകുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകുമെന്നതാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

ഇതോടൊപ്പം കേരളീയ സമൂഹത്തില്‍ വന്നിട്ടുള്ള പരിവര്‍ത്തനവും അതിന്റെ ഭാഗമായി പുതിയ തലമുറയിലുണ്ടായിട്ടുള്ള മാറ്റവും ഇടതുപക്ഷം സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്. 2016 ല്‍ 8 വയസുള്ള ഒരു കുട്ടി 2026 ല്‍ വോട്ടവകാശമുള്ള ഒരു പൗരനായി മാറിയിട്ടുണ്ട്. 2016 ന് മുമ്പുള്ള ഒരു കേരളത്തെക്കുറിച്ചോ കേരളം കടന്നുവന്ന പാതകളെക്കുറിച്ചോ പുതിയ തലമുറയില്‍ പലര്‍ക്കും അറിയാൻ കഴിഞ്ഞെന്നുവരില്ല. കേരളത്തിന്റെ സാധ്യതകളേക്കാള്‍ കൂടുതലായിരിക്കും അവരുടെ പ്രതീക്ഷകള്‍. പ്രതീക്ഷകളില്‍ എന്തെങ്കിലും കുറവുവരുമ്പോള്‍ അവര്‍ സ്വാഭാവികമായിട്ടും ഭരിക്കുന്നവര്‍ക്കെതിരായിട്ട് ചിന്തിക്കാന്‍ തുടങ്ങിയേക്കും. ഇതുവരെയുണ്ടായിട്ടുള്ള നേട്ടങ്ങളും കേരളത്തിലെ ജെന്‍ സിക്കുവേണ്ടി ഇടതുപക്ഷ ഗവണ്‍മെന്റ് ചെയ്ത പുതിയ പ്രവര്‍ത്തനങ്ങളും (വിജ്ഞാനകേരളം പദ്ധതിയടക്കം) അവരെ പഠിപ്പിക്കാന്‍ പൂര്‍ണ്ണമായും ഇടതുപക്ഷത്തിന് കഴിഞ്ഞില്ല എന്നുവേണം പറയാന്‍. ഫെഡറല്‍ ജനാധിപത്യത്തെക്കുറിച്ചോ രാജ്യത്തിന്റെ ധനവിനിയോഗത്തിലെ പാളിച്ചകളെക്കുറിച്ചോ അവരില്‍ പലരും ചിന്തിച്ചെന്നുവരില്ല. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന സംസ്ഥാന ഗവണ്‍മെന്റുകളുടെ മേലുള്ള കടന്നുകയറ്റത്തെയും കേന്ദ്രത്തിന്റെ അവഗണനയേയും അവര്‍ക്കുകൂടി ബോധ്യപ്പെടുത്താന്‍ കഴിയുമ്പോഴെ യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല, ശാസ്ത്ര സാങ്കേതികവിദ്യകളിലും മാധ്യമരംഗത്തും സാമൂഹിക മാധ്യമങ്ങളിലുമൊക്കെയുണ്ടായ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ജെന്‍സിയുടെ ഭാഷയില്‍ അവരെ സമീപിക്കാന്‍ ഇടതുപക്ഷത്തിന് വേണ്ടത്ര കഴിഞ്ഞില്ല എന്നതും വസ്തുതയാണ്.

മറ്റൊന്ന് അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാക്കാന്‍ നാം ശ്രമിക്കുകയും അതിലൊരളവോളം വിജയിക്കുകയും ചെയ്തപ്പോഴും പരമ്പരാഗത തൊഴിലാളികളുടേയും സാധാരണ തൊഴിലാളികളുടേയും മേഖലയിൽ ചില അസംതൃപ്തികളുണ്ടായിട്ടുണ്ട്.

പൊതുവേ പറയുമ്പോള്‍ കേരളത്തില്‍ ഇടതുപക്ഷം ദുര്‍ബലമായിക്കൂടാ എന്ന് എല്ലാവരും പറയുന്നതായിട്ടുകാണാം. എന്നാല്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആ ഇടതുപക്ഷത്തെ സംരക്ഷിച്ചുനിര്‍ത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നത് പലരും മറന്നുപോകുന്നു. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ സാന്നിധ്യമാണ് ഒരു മതേതര സമൂഹത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനമെന്നുള്ളത് ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയുടെ മറ്റുപല ഭാഗങ്ങളില്‍ നിന്നുമുള്ള സംഭവങ്ങളും അക്രമ പരമ്പരകളും വ്യക്തമാക്കുന്നത് അതുതന്നെയാണ്. കഴിഞ്ഞ പത്തു വര്‍ഷക്കാലം വര്‍ഗീയ ലഹളകള്‍ കേരളത്തിലുണ്ടായിട്ടില്ല. ഏതെങ്കിലും മതസ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണങ്ങളുണ്ടായിട്ടില്ല. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ നിര്‍ണായകമായ സ്വാധീനം തന്നെയാണ് ഈ അതിക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കാരണമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. പൊതുവെ അംഗീകരിക്കുമ്പോഴും തിരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ടര്‍മാരുടെ മനസ്സില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തി മാറ്റമുണ്ടാക്കാന്‍ ഒരു പരിധിവരെ സാധിക്കുന്നുവെന്നുള്ളത് നാം കാണണം. ജനങ്ങളെ സമീപിച്ചുകൊണ്ട് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയല്ലാതെ മറ്റു കുറുക്കുവഴികളൊന്നും ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനില്ല എന്നതാണ് വസ്തുത.

ഇപ്പോഴുണ്ടായ തിരഞ്ഞെടുപ്പ് പരാജയത്തില്‍ മറ്റൊരു കാര്യംകൂടി ഇടതുപക്ഷം ഗൗരവമായി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് അവലോകനം ചൂണ്ടിക്കാണിക്കുന്നു. അത് അടുത്തകാലത്തുണ്ടായ സംഘടനാ ദൗര്‍ബല്യമാണ്. വളരെ ചിട്ടയോടുകൂടിയ സംഘടനാ പ്രവര്‍ത്തനം നടത്തുന്ന സി.പിഐ എം സംഘടനാ രംഗത്ത്- ഏതു മേഖലയിലായാലും ഉണ്ടായ ദൗര്‍ബല്യങ്ങളെ വ്യക്തമായിട്ട് പരിശോധിക്കുകയാണ്. പാര്‍ലമെന്ററി – പാര്‍ലമെന്റേതര പ്രവര്‍ത്തനങ്ങളെ ഒരുമിച്ചുകൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഐ എം. ഇന്ത്യാ രാജ്യത്ത് പൂര്‍ണ ജനാധിപത്യം സ്ഥാപിച്ചെടുക്കുകയെന്നതാണ് ആത്യന്തികമായി സിപിഐ എം ലക്ഷ്യം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയില്‍ അധികാരത്തില്‍ വന്ന ഗവണ്‍മെന്റ് ആ കൃത്യം നിര്‍വ്വഹിച്ചിട്ടില്ല. അതുകൊണ്ട് തൊഴിലാളികള്‍ വര്‍ഗ സമരത്തിലൂടെ ഗവണ്‍മെന്റ് നടത്താതിരുന്ന ആ കര്‍ത്തവ്യം നടത്തുന്നതിനുവേണ്ടി ആവശ്യമായ ജനകീയ –ജനാധിപത്യ വിപ്ലവത്തിനുവേണ്ടിയുള്ള പോരാട്ടമാണ് നടത്തേണ്ടതെന്നാണ് സി.പി.ഐ എം തീരുമാനിച്ചിട്ടുള്ളത്. അങ്ങനെയൊരു സമരം നടത്തുന്നതിന് ജനങ്ങളെ അണിനിരത്തുന്നതിന് സഹായകമായ രീതിയില്‍ പ്രാദേശികമായും മുകള്‍ത്തട്ടിലും അതിശക്തമായ സംഘടനാ പ്രവര്‍ത്തനം ചിട്ടയോടെ നടക്കണം. എന്നാല്‍ കുറച്ചുകാലമായി പാര്‍ട്ടി ബ്രാഞ്ചുകള്‍, ലോക്കല്‍ കമ്മിറ്റികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളില്‍ അല്‍പ്പം പിന്നോക്കാവസ്ഥയുണ്ടായിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് അനുഭവങ്ങള്‍കൂടിവെച്ചുകൊണ്ട് സിപിഐ എം വിലയിരുത്തകയാണ്. നല്ല ഇടപെടലിലൂടെ അത് പരിഹരിച്ചെടുക്കാന്‍ സാധിക്കൂവെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, വര്‍ഗസമരത്തിലുള്ള നമ്മുടെ ഊന്നലും അതിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനാചിട്ടയും ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം അടിവരയിട്ട് സൂചിപ്പിക്കുകയാണ്.

കേന്ദ്ര ഗവണ്‍മെന്റ് നയങ്ങള്‍ സൃഷ്ടിക്കുന്ന ജീവിത യാതനകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് സംഘടനാപരമായ ചിട്ട ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ കഴിയൂ. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഗുണകരമായ പദ്ധതികള്‍ ആട്ടിമറിക്കുന്ന സമീപനമാണ് പുതിയ യുഡിഎഫ് ഗവണ്‍മെന്റ് സീകരിക്കുന്നത്. അതിനെതിരായി ശക്തമായ ചെറുത്തുനില്‍പ്പ് ഉയരണം. ഇതോടൊപ്പം തന്നെ തിരഞ്ഞെടുപ്പ് റിവ്യൂ ചൂണ്ടിക്കാണിക്കുന്ന രീതിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടപെടല്‍ രീതിയും സാധ്യതയുമെല്ലാം പരിശോധിക്കേണ്ടതുണ്ട്. പ്രവത്തകരുടെയും നേതാക്കളുടെയുമെല്ലാം പെരുമാറ്റവും ഭാഷാശൈലിയും ജീവിതരീതിയും പരിശോധിക്കുകയും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടകില്‍ തിരുത്തുകയും വേണം.

കഴിഞ്ഞ 3 തിരഞ്ഞെടുപ്പുകളിലും– തദ്ദേശ, നിയമസഭ, പാര്‍ലമെന്റ് –ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി കൃത്യമായി നാം വിലയിരുത്തണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണ്, 37.61 ആണ്. ഇത്തവണ എല്‍ഡിഎഫിന് ലഭിച്ചത്(37.64). എല്‍ഡിഎഫിന് 99 സീറ്റിൽനിന്ന് ഇത്തവണ 35 ലേക്ക് ചുരുങ്ങേണ്ടിവന്നു. നമ്മുടെ കൂടെയുള്ള പല ഘടകകക്ഷികള്‍ക്കും ഒരു സീറ്റുപോലും ലഭ്യമായില്ല; അവര്‍ക്കെല്ലാം പഴയസ്ഥിതി വീണ്ടെടുക്കാന്‍ കഴിയണം. ബിജെപി 3 സീറ്റുകൾ നേടിയത് ഗൗരവതരമായ കാര്യമാണ്. ആ മൂന്ന് സീറ്റുകളിൽ നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയി എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് വിജയിച്ച ചില മണ്ഡലങ്ങളില്‍ ബിജെപി വോട്ടും കുത്തനെ കുറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ കാരണം പരിശോധിക്കുമ്പോള്‍, കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പരസ്പര ധാരണ പലയിടത്തും ഉണ്ടായിരുന്നൂ എന്നകാര്യം വ്യക്തമാവുകയാണ്. ഇടതുപക്ഷത്തെ പരാജയപെടുത്തുക എന്ന പൊതു അജൻഡ അവര്‍ സ്വീകരിച്ചതായി കാണാന്‍ കഴിയും. അതേസമയം ബിജെപിയുമായി ഇടതുപക്ഷത്തിന് ഡീൽഉണ്ട് എന്ന് വ്യാജപ്രചരണം കോൺഗ്രസ് നടത്തുകയും ചെയ്തു.

ഈ സമയം ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയും പരിശോധിക്കപ്പെടണം. ഒരു കാരണവശാലും ഇടതുപക്ഷത്തിനല്ലാതെ വോട്ട് ചെയ്യാത്ത കുറെപ്പേർ തെറ്റിദ്ധാരണകളുടെ പുറത്ത് ചിലർ ഇടതുപക്ഷത്തില്‍ നിന്നും മാറിയിട്ടുണ്ട്. പ്രാദേശികമായി ഉണ്ടായ ചില പ്രശ്നങ്ങളും അസംതൃപ്തിയും ഇതിന് കാരണമായിട്ടുണ്ട് അത്തരം ആളുകളെ തിരിച്ചുകൊണ്ടുവരാന്‍ നമുക്കു സാധിക്കണം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിച്ചു കാര്യങ്ങള്‍ അപ്പപ്പോള്‍ പരിഹരിക്കാത്തത് കേരളത്തിന്റെ പല ഭാഗങ്ങളിലും കാണാന്‍ സാധിക്കും. ജനങ്ങളെ ബോധ്യപ്പെടുത്താനും നമുക്ക് കഴിയണം. കേരളത്തിലെ ചില നിയോജക മണ്ഡലങ്ങളില്‍ സിപിഐ എം പ്രമുഖരായിരുന്ന ചിലർ പാര്‍ട്ടി വിട്ടുപോകുകയും യുഡിഎഫുമായി ചേര്‍ന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. അതുകൊണ്ട് ഇടതുപക്ഷ അനുഭാവികളെയും പാര്‍ട്ടി മെമ്പര്‍മാരെയുമെല്ലാം കാര്യങ്ങള്‍ ധരിപ്പിച്ചുകൊണ്ട് നമുക്ക് ഉണ്ടായിട്ടുള്ള വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകാൻ കഴിയണം. എന്നാല്‍ അതോടൊപ്പം നമുക്കെതിരായി നടക്കുന്ന നുണ പ്രചരണങ്ങളെ അതിജീവിക്കാന്‍ സാധിക്കണം. പാര്‍ട്ടിക്കെതിരെയും പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും പ്രചരിപ്പിക്കുന്ന നുണക്കഥകളും കള്ളപ്രചരണങ്ങളും ചെറുക്കാന്‍ നമുക്ക് സാധിക്കണം. തെറ്റുകള്‍ തിരുത്തി ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തു മുന്നോട്ടുപോകുമ്പോള്‍ ഇടതുപക്ഷത്തിന്റെ ആവശ്യകത ഉള്‍ക്കൊണ്ടുകൊണ്ട് മഹാഭൂരിപക്ഷം ആളുകളും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നുനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇത് നാം നടത്തേണ്ടത് കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് നടത്തുന്ന വലിയ ആക്രമണങ്ങളെ നേരിട്ടുകൊണ്ടാണ്. സത്യസന്ധമായി രാഷ്ട്രീയ പ്രശ്നങ്ങള്‍ ജനങ്ങളില്‍ അവതരിപ്പിച്ചും നുണ പ്രചരണങ്ങളെ അപ്പപ്പോള്‍ ചെറുത്തും പ്രശ്നങ്ങളെല്ലാം അപ്പപ്പോള്‍ പരിഹരിച്ചും സുസംഘടിതമായി മുന്നോട്ടുപോകും; കേരളത്തില്‍ ഇടതുപക്ഷം ശക്തമായി തിരിച്ചുവരിക തന്നെ ചെയ്യും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 5 =

Most Popular