Tuesday, June 23, 2026

ad

Homeകവര്‍സ്റ്റോറിരണ്ടാം വിമോചനസമരം ലക്ഷ്യം എൽഡിഎഫിനെ പുറത്താക്കൽ മാത്രമല്ല

രണ്ടാം വിമോചനസമരം ലക്ഷ്യം എൽഡിഎഫിനെ പുറത്താക്കൽ മാത്രമല്ല

എം വി നികേഷ്-കുമാർ

സംസ്ഥാന ഭരണത്തിൽ നിന്ന് എൽഡിഎഫിനെ പുറത്താക്കുക മാത്രമല്ല രണ്ടാം വിമോചന സമരത്തിന്റെ ലക്ഷ്യം. കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽനിന്ന് ഇടതുപക്ഷത്തെ മാറ്റി പകരം ബിജെപിയെ സ്ഥാപിക്കാനുള്ള ഗൂഢപദ്ധതിയുമാണത്. 1959-ലേതുപോലെ നിയമസഭാ തിരഞ്ഞെടുപ്പോടെ ഈ വിമോചനസമരം അവസാനിക്കുന്നില്ല. കൂടുതൽ ആക്രമണോത്സുകമായി യുഡിഎഫ്–സംഘപരിവാർ–മാദ്ധ്യമ–ജമാഅത്തെ ഇസ്ലാമി വിശാല സിപിഐഎം വിരുദ്ധ ശക്തികൾ നീങ്ങും.

മാധ്യമങ്ങൾ ഈ വിശാല സഖ്യത്തിലെ 
പ്രധാന ഘടകം
മാധ്യമങ്ങൾ ഈ വിശാല സഖ്യത്തിലെ പ്രധാന ഘടകമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും യുഡിഎഫ്–ബിജെപി ബൈനറി സൃഷ്ടിക്കുകയായിരുന്നുലക്ഷ്യം. പണത്തിന് ഒരു പഞ്ഞവുമില്ല. പരസ്യങ്ങളായി കേന്ദ്ര സർക്കാരിലൂടെ കോടികളാണ് ഒഴുക്കിക്കൊണ്ടിരിക്കുന്നത്.

രാജീവ് ചന്ദ്രശേഖരന് 90 ശതമാനം ഓഹരിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്, ഞാനീ ലേഖനം എഴുതുന്ന സമയത്തു മാത്രം, ഒറ്റ ഡീലിലൂടെ കോടികളാണ് കിട്ടിയിരിക്കുന്നത്. പരസ്യം എന്ന നിലയിലല്ല, വാർത്ത എന്ന നിലയിലാണ് പരസ്യം വരുന്നത്. പിആർഡി അങ്ങനെ പരസ്യം ചെയ്യാമോ, ഇങ്ങനെ പരസ്യം ചെയ്യാമോ എന്ന് ചോദിച്ച് ദിവസവും ചർച്ച നടത്തിയവർ കേന്ദ്ര സർക്കാർ ഏജൻസിയായ ഡിഎവിപിയുടെ പരസ്യം വാർത്താ രൂപത്തിൽ നൽകുകയാണ്.

ലീഗ്, ജമാഅത്തെ ഇസ്ലാമി, ആർഎസ്എസ്
ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനമുള്ള മുസ്ലിം ലീഗ് സംസ്ഥാനം ഭരിക്കുന്നതാണ് തങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയെന്ന് ആർഎസ്എസിന് അറിയാം. ഭരണപരിചയമില്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് വർഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടിയിരിക്കുന്നവരെ കൂടുതൽ സന്തോഷിപ്പിച്ചു.

കഴിഞ്ഞ പത്തുകൊല്ലം കേരളത്തിന് പുറത്ത് ബിജെപി കാൻസർ സെല്ലുകൾ പോലെ വളർന്നിട്ടുണ്ട്. ഒഡീഷയിൽ ദുർബലമായിരുന്ന മൂന്നാം സ്ഥാനത്തു നിന്ന് ഇന്ന് ഒന്നാം സ്ഥാനത്തെത്തി. ബംഗാളിൽ ഭരണം പിടിച്ചു. മഹാരാഷ്ട്രയിലും ബിഹാറിലും ഘടകകക്ഷികളെ ഭക്ഷിക്കുന്ന ഇത്തിൾക്കണ്ണിയായി മുഖ്യമന്ത്രിസ്ഥാനം പിടിച്ചു. ആദ്യം ‘ബനിയ പാർട്ടി’യും, പിന്നീട് ഗുജറാത്ത് പാർട്ടിയും, അതിനുശേഷം വടക്കേ ഇന്ത്യൻ പാർട്ടിയുമായ ബിജെപി ഇന്ന് ‘പാൻ ഇന്ത്യൻ പാർട്ടി’യാണ്. പക്ഷേ കേരളത്തിൽ വേണ്ടത്ര വേരു പിടിക്കുന്നില്ല. കാരണം ഇടതുപക്ഷമാണ്. അപ്പോൾ ഇടതിന്റെ വേരറുക്കണം.

തങ്ങൾക്ക് വളരാനുള്ള ഏറ്റവും നല്ല മാർഗം മുസ്ലിം സമുദായത്തിനുള്ളിലെ തീവ്ര ആശയക്കാരെ വളർത്തുക എന്നതാണ്. രാജ്യമെങ്ങും അസ്വസ്ഥത പടരുമ്പോഴും കേരളത്തിലെ മുസ്ലീങ്ങൾ ക്ഷമാപൂർവം മുന്നോട്ടുപോയത് ബിജെപിയുടെ വളർച്ചയ്ക്ക് തടസ്സമായി. ഈ സാഹചര്യം മനസിലാക്കിയാണ് 2023 ജനുവരി പതിനാലിന് ആർഎസ്എസ് ദില്ലിയിൽ അടച്ചിട്ട മുറിയിൽ ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തിയത്. ആർഎസ്എസിന് വളരാൻ മുസ്ലീം മതമൗലിക–വർഗീയ ശക്തികളും, തിരിച്ച് മുസ്ലീം വർഗീയതയ്ക്ക് വളരാൻ ആർഎസ്എസും ആവശ്യമാണ്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള ചില തീർച്ചപ്പെടുത്തലുകൾ ഈ യോഗത്തിൽ നടന്നിട്ടുണ്ട്. അതിനു ശേഷം ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുന്ന മാധ്യമങ്ങളിൽ പ്രകടമായ മാറ്റം കാണാം. സിപിഐഎം മുഖ്യശത്രുവായി. ആർഎസ്എസിനെപ്പറ്റി മിണ്ടാതായി. തങ്ങൾക്കെതിരെ സംശയം ഉന്നയിക്കുന്നവരെ അവർ മുസ്ലീം വിരുദ്ധരും ‘സംഘാക്കളു’മാക്കി.

ഒരു പക്ഷത്തുമാത്രം ഓഡിറ്റിംഗ്
ആലപ്പുഴയിലെ ഒരു വാർത്താസമ്മേളനത്തിൽ വി ഡി സതീശനെ കെപിസിസി പ്രസിഡന്റ് അഭിസംബോധന ചെയ്തത് പൊതുരംഗത്ത് ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത അശ്ലീല വാക്കുകൊണ്ടാണ്. കോട്ടയത്ത് മൈക്കിനു വേണ്ടി ഇരുവരും കടിപിടി കൂടുന്നത് തത്സമയം കണ്ടു. സ്വന്തം പാർട്ടിക്കാർ കൂടോത്രം ചെയ്ത് തന്നെ കൊല്ലാൻ നോക്കിയ കാര്യം കെ. സുധാകരൻ തന്നെ വെളിപ്പെടുത്തി.

പക്ഷേ, മാധ്യമ പ്രചാരണത്തിൽ നിറഞ്ഞത് എൽഡിഎഫിനെ ലക്ഷ്യം വെച്ചുള്ള ചില കെണികൾ ആയിരുന്നു. അത്തരം ഏകപക്ഷീയമായ പരിശോധനകൾ ഒരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിച്ചു.

സിപിഐഎം നിരന്തരം തെറ്റ് ചെയ്യുന്നവരാണ് എന്ന പ്രതീതി സൃഷ്ടിച്ചു. ഒരുദാഹരണം പറയാം. കഥാപാത്രങ്ങളിലൂടെ നിരന്തരം ക്രൂരത കാട്ടുന്ന ചില സീരിയൽ നടിമാരെ കാണുമ്പോൾ തല്ലാൻ തോന്നുന്നു എന്ന് ചിലർ പറയുന്നത് കേട്ടിട്ടില്ലേ? ഈ സ്ഥിതി സൃഷ്ടിക്കുവാനാണ് സിപിഐഎം വിരുദ്ധ മാധ്യമങ്ങൾ അഹോരാത്രം പണിയെടുത്തത്.

ചാനൽ ചർച്ചകളിലെ ചില പാനലിസ്റ്റുകൾ ഇത് നിരന്തരം വിളമ്പി. സിപിഐഎം വിരുദ്ധ ഭ്രാന്ത് പിടിച്ച മൂന്നോ നാലോ പേരെ ഇരുത്തി സ്ഥിരമായി ചർച്ച നടത്തുന്ന ചാനൽ വരെ കേരളത്തിലുണ്ട്.

ഇസ്ലാമിക തീവ്രവാദ ശക്തികളും ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്ന മാധ്യമങ്ങളും ഒറ്റക്കെട്ട്. എല്ലാ വർഗീയ കോമരങ്ങൾക്കും ഒരേ ഉള്ളടക്കം മതിയായിരുന്നു. ഒന്നുകിൽ പിണറായി വിരുദ്ധത, അല്ലെങ്കിൽ സിപിഐഎമ്മിനോടുള്ള കടുത്ത ശത്രുത.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ വീണ്ടും എൽഡിഎഫ് അധികാരത്തിൽ വന്നതോടെയാണ് പാർട്ടിവിരുദ്ധ ശക്തികളുടെ യോജിപ്പ് സാധ്യമായത്. പിന്നീട് അവർ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒറ്റ അജൻഡയിൽ നീങ്ങി.

കനഗോലു തന്ത്രവും മാദ്ധ്യമ പിന്തുണയും
സുനിൽ കനഗോലു എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ സേവനം യുഡിഎഫ് ഉപയോഗിച്ചിരുന്നു. കനഗോലുവിന് കേരളത്തിൽ കിട്ടിയത് സമ്പൂർണ്ണ മാധ്യമ പിന്തുണയാണ്. കനഗോലു ആസൂത്രണം ചെയ്ത എല്ലാ പരിപാടികളും മാധ്യമങ്ങൾ വൻ വിജയമാക്കിക്കൊടുത്തു. ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളുമായിരുന്നു എൽഡിഎഫ് സർക്കാരിന്റെ മുഖമുദ്ര. ഇതിനെയായിരുന്നു യുഡിഎഫിന് ആദ്യം തകർക്കേണ്ടത്. എൽഡിഎഫ് ദുർബ്ബല വിഭാഗങ്ങൾക്കെതിരാണ് എന്നു തോന്നൽ ജനങ്ങളിലുളവാക്കണമായിരുന്നു. ആ ദൗത്യമാണ് ആശാ വർക്കർമാരുടെ സമരത്തിലൂടെ കനഗോലു–മാധ്യമ സംഘം ഏറ്റെടുത്തത്.

എല്ലാ വീടുകളിലും ചെന്നുകയറുന്നവരാണ് ആശാ വർക്കർമാർ. അവരുടെ കാര്യത്തിൽ എല്ലാ മനുഷ്യർക്കും സഹാനുഭൂതി തോന്നുന്നത് സ്വാഭാവികം. ഇടതുപക്ഷം ദുർബല വിഭാഗങ്ങൾക്കെതിരാണ് എന്ന പ്രതീതിയുണ്ടാക്കാൻ ആശാ വർക്കർമാരുടെ സമരത്തെ യുഡിഎഫ് ഉപയോഗിച്ചു. ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുന്നത് കേരളത്തിലാണ് എന്ന വസ്തുത മാധ്യമങ്ങൾ മറച്ചു പിടിച്ചു. കേന്ദ്ര സർക്കാരാണ് ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കേണ്ടത് എന്ന സത്യം കണ്ടില്ലെന്നു നടിച്ചു. യുഡിഎഫുമായി ധാരണയിലെത്തിയ സാംസ്കാരിക പ്രവർത്തകർക്ക് അണിനിരക്കാനുള്ള വേദി കൂടിയായി ഇത്.

വൈകാരിക വിഷയങ്ങൾ രാഷ്ട്രീയ 
ആയുധമാകുമ്പോൾ
വൈകാരിക വിഷയങ്ങൾ തിരഞ്ഞുപിടിച്ച് പുതിയ ആഖ്യാനങ്ങൾ ഉണ്ടാക്കി അതിശയിപ്പിക്കുന്ന സങ്കല്പ കഥകളാണ് യുഡിഎഫ് ഇറക്കിയത്.

അരിക്കൊമ്പൻ എന്ന കാട്ടാന റേഷൻ കടകളും വീടിന്റെ അടുക്കളയും തകർത്ത് ഭക്ഷണം തേടുന്നത് മാധ്യമങ്ങളിൽ ആഴ്ചകൾ നീണ്ട വാർത്തയായിരുന്നു. അരി തിന്നുന്ന കൊമ്പൻ നാട്ടുകാരെ മുഴുവൻ ആക്രമിച്ചു. അരിക്കൊമ്പനെ തളച്ച് ഉൾക്കാട്ടിലേക്ക് വിടുക എന്നത് പൊതുജനാവശ്യമായിരുന്നു.

അരിക്കൊമ്പൻ വിഷയം സാമൂഹ്യ മാധ്യമങ്ങളിലൂടെ സർക്കാരിനെതിരെ തിരിച്ചു. അരിക്കൊമ്പനെ സ്വാഭാവിക ആവാസവ്യവസ്ഥയിൽനിന്ന് പിണറായി അകറ്റി എന്നും, അരിക്കൊമ്പനും ചക്കക്കൊമ്പനും തമ്മിൽ കാണാൻ പറ്റാതാക്കി എന്നുമായി കഥ.

ഇതേ രീതി തന്നെയാണ് റോബിൻ ബസ്സിന്റെ കാര്യത്തിലും ഉപയോഗിച്ചത്.

ആറു മണിക്കൂർ നേരം തുടർച്ചയായി ഫോണിൽ സംസാരിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവിന്റെ കാര്യത്തിലും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമുണ്ടായി. അയാളുടെ പൂർവ്വകാലമോ നിയമലംഘനമോ അശ്ലീല ആംഗ്യമോ മാധ്യമങ്ങൾക്ക് വിഷയമായില്ല. ആര്യാ രാജേന്ദ്രൻ സിപിഐഎം ആയതുകൊണ്ടുമാത്രം യദു മാധ്യമങ്ങൾക്ക് സ്വീകാര്യനായി.

അഞ്ച് കേന്ദ്രങ്ങളിൽ നിന്നുള്ള 
സോഷ്യൽ മീഡിയ ആക്രമണം
ഇടതുപക്ഷത്തിനെതിരെ പ്രവർത്തിച്ച മാധ്യമങ്ങൾ പ്രതിദിന അജൻഡ ഉണ്ടാക്കി. തുടർച്ചയായി അഞ്ച് കേന്ദ്രങ്ങളിൽ നിന്ന് ഒരേ പ്രഹരശേഷിയിൽ സോഷ്യൽ മീഡിയ ആക്രമണങ്ങളുണ്ടായി. ലീഗ്, കോൺഗ്രസ്, ജമാഅത്തെ ഇസ്ലാമി, സംഘപരിവാർ, കാസ എന്നീ സംവിധാനങ്ങൾക്ക് ഒരേ ഉള്ളടക്കം മതിയായിരുന്നു. ടാർഗറ്റ് ചെയ്യുന്ന ജനവിഭാഗങ്ങളിലേക്ക് ഉള്ളടക്കം എത്തിക്കാൻ ഒരു നൂലിൽ കോർത്ത പോലെ ഇവർ പ്രവർത്തിച്ചു. 2021-ൽ കേരളത്തിന്റെ രക്ഷകനായി ജനം കണ്ട പിണറായിയെ ഇവർ ചതിക്കുഴികൾ പണിത് ജനവിരുദ്ധനെന്ന് ചിത്രീകരിച്ചു.

യുഡിഎഫിന്റെ നേതാക്കളെല്ലാവരും അതിരാവിലെ തന്നെ മൈക്കിനുമുന്നിൽ വന്നു. ചാനൽ മൈക്കിന് മുന്നിൽ തട്ടിവിടുന്ന കള്ളങ്ങൾ പുതിയ മാധ്യമ രീതിയായി. ഒരു നുണ എത്ര തവണ ആവർത്തിക്കാമോ അത്രയും തവണ ആവർത്തിക്കുന്നതിന് ഒരു ജാള്യതയും ഉണ്ടായില്ല. നുണ തുടർച്ചയായി പറയുക എന്നത് ഒരു തന്ത്രമായിരുന്നു. നുണകൾ പൊളിക്കാൻ മാധ്യമങ്ങൾ മുന്നിട്ടിറങ്ങുമോ എന്ന് യുഡിഎഫ് നേതാക്കൾ സംശയിച്ചിട്ടുണ്ടാകും. ഇല്ല എന്ന് മാദ്ധ്യമങ്ങൾ ഉറപ്പു നൽകിയിരുന്നു. ഒരു നുണയും അവർ പൊളിച്ചില്ല. വി ഡി സതീശൻ തന്നെ ആ നുണപരമ്പരകൾക്ക് നേതൃത്വം നൽകി.

മാധ്യമങ്ങൾ തിരുത്തിയില്ലെന്ന് മാത്രമല്ല, എല്ലാ നുണപ്രചാരണങ്ങൾക്കും കൂട്ടുനിൽക്കുന്ന അസാധാരണ സാഹചര്യവുമുണ്ടായി.

‘എൽഡിഎഫ്–ബിജെപി ഡീൽ’ 
എന്ന നുണ
ലോക ചരിത്രത്തിൽ ആദ്യമായല്ല നുണ ഒരു മാധ്യമമായി ഉപയോഗിക്കപ്പെടുന്നത്. ഇക്കൂട്ടത്തിൽ വന്ന ഒരു പ്രധാന നുണയായിരുന്നു ‘എൽഡിഎഫ്–ബിജെപി ഡീൽ’. ബിജെപിയുമായി ധാരണയുണ്ടാക്കാതെ ഭൂരിപക്ഷം മണ്ഡലങ്ങളിൽ ജയിക്കാൻ ആകില്ല എന്ന ഉറപ്പ് യുഡിഎഫിനുണ്ടായിരുന്നു. എന്നാൽ അത് കണ്ടുപിടിക്കപ്പെട്ടാൽ 1991-ലെപ്പോലെ നാറുമെന്നത് സാമാന്യ രാഷ്ട്രീയ ധാരണയാണ്. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങിയപ്പോൾതന്നെ എൽഡിഎഫ്–ബിജെപി ഡീൽ എന്ന ആരോപണം യുഡിഎഫ് ഉന്നയിച്ചു.

പോളിംഗ് കഴിഞ്ഞ മണിക്കൂറിൽ തന്നെ യുഡിഎഫ് കരണംമറിഞ്ഞു. ഡീലിനെപ്പറ്റി ചോദിച്ചപ്പോൾ ഡീൽ ജനങ്ങൾ പൊളിച്ചു എന്ന് പറഞ്ഞൊഴിഞ്ഞു. റിസൾട്ട് വന്നപ്പോൾ ബിജെപി ജയിച്ച മൂന്നു മണ്ഡലങ്ങളിലും യുഡിഎഫ് മൂന്നാമത്. പത്തനാപുരം പോലെ സ്വാധീനമുള്ള മണ്ഡലങ്ങളിൽപോലും ബിജെപിക്ക് ആകെ ഏഴായിരം വോട്ട്. ദോഷം പറയരുതല്ലോ, കള്ളം പറഞ്ഞ് ഫലിപ്പിക്കുക എന്നതിനും വേണം ഒരു മിടുക്ക്.

നുണയെ അവർ ഒരു വിഭാഗം ജനങ്ങളിലേക്ക് കടക്കാനുള്ള ആയുധമാക്കി. കള്ളങ്ങൾ പറയാൻ യുഡിഎഫിന് ധൈര്യം ലഭിച്ചത് മാധ്യമങ്ങളുടെ അടിയുറച്ച പിന്തുണയിൽനിന്നാണ്. യുഡിഎഫ് അധികാരത്തിൽ വന്നതിനു ശേഷവും അവർ നുണകൾ തുടരുന്നു; അതിനുള്ള മാധ്യമ പിന്തുണയും. പിഎം ശ്രീയിലും ശബരിമല വക്കീൽ നിയമനത്തിലും എല്ലാം നുണപ്രവാഹമാണ്.

രണ്ടാം ഘട്ടം: വർഗീയ ധ്രുവീകരണം
കേരളത്തെ വർഗീയമായി ധ്രുവീകരിക്കുക എന്ന ലക്ഷ്യമാണ് യുഡിഎഫും ബിജെപിയും ഇനി മുന്നോട്ടുവെക്കുക. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കുക എന്നതായിരുന്നു ഒന്നാം ഘട്ടമെങ്കിൽ, രണ്ടാം ഘട്ടം സംഘപരിവാറിന് കൂടുതൽ ആക്കം കിട്ടുന്ന വിഷയങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്താൻ ഇതിനകം തന്നെ സംഘപരിവാറിന് സാധിച്ചിട്ടുണ്ട്.

സിനിമ എന്ന മാദ്ധ്യമത്തെ ഉപയോഗിച്ചുകൊണ്ട് കേരളത്തെ ധ്രുവീകരിക്കാനും, കേരളം എന്ന പ്രദേശത്തെ ലോകത്തിനു മുന്നിൽ അപകീർത്തിപ്പെടുത്താനും വേണ്ടിയായിരുന്നു ‘ദി കേരള സ്റ്റോറി’ തയ്യാറാക്കിയത്. ഒരു സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന സിനിമയ്ക്ക് മറ്റു സംസ്ഥാനങ്ങളിൽ നികുതി ഇളവ് നൽകുമെന്നും ആ വഷളൻ സിനിമയ്ക്ക് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം നൽകുമെന്നുമൊക്കെ വിശ്വസിക്കാനാകുന്നുണ്ടോ? ഏതാനും മാസങ്ങൾക്ക് മുൻപോ കുറച്ചു വർഷങ്ങൾക്ക് മുൻപോ സംഭവിച്ച കാര്യങ്ങളാണിതെല്ലാം.

കേരളം അടക്കമുള്ള ബിജെപി സ്വാധീനത്തിൽ വന്നിട്ടില്ലാത്ത സംസ്ഥാനങ്ങൾക്ക് വേണ്ടി ഇറക്കിയ ഒരു നമ്പരാണ് ജനസംഖ്യാ വ്യതിയാനം പഠിക്കാൻ നിയോഗിച്ച ഹൈ ലെവൽ കമ്മിറ്റി ഓൺ ഡെമോഗ്രാഫിക് ചേഞ്ചസ്. മത സാമുദായിക വിഭാഗങ്ങളുടെ വ്യതിയാനം സമൂഹത്തിൽ ഒരു വിഷയമാക്കി ഇട്ടു കൊടുത്ത് ചർച്ച ചെയ്യാനാണ് പ്ലാൻ.

2027– 28 കാലഘട്ടം ലോക-്സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ അജൻഡകൾ തീരുമാനിക്കുന്ന വർഷങ്ങളായിരിക്കും. അതായത് ജാതി സെൻസസ്, ഉന്നത തല സമിതി എന്നിങ്ങനെയുള്ള വിഷയങ്ങളാണ് വരാനിരിക്കുന്ന കാലഘട്ടം ചർച്ച ചെയ്യാനിരിക്കുന്നത്.

മതത്തിന്റെ വളർച്ചയും തളർച്ചയും, ജാതി സമവാക്യങ്ങൾ, അവയ്ക്ക് ലഭിച്ച അധികാരസ്ഥാനങ്ങൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ സംഘപരിവാറും യുഡിഎഫും മുഖാമുഖം നിൽക്കണം എന്ന് മാധ്യമങ്ങൾ ആഗ്രഹിക്കും. ബിജെപി മാധ്യമങ്ങളെ പോറ്റി വളർത്തുന്നത് അതിനാണ്.

പ്രതീതി നിർമാണവും ഇവിഎമ്മും
ഇനി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ. രാജ്യം ഏറ്റവും അവിശ്വസിക്കുന്ന സംവിധാനമായി ഇവിഎം മാറിയിരിക്കുകയാണ്. 2019-ൽ പുൽവാമ–ബാലകോട്ട്, 2024-ൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ എന്നിവയിലൂടെ പ്രതീതി സൃഷ്ടിക്കുകയും ഇവിഎം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുകയും ചെയ്തു. 2029-ൽ മണ്ഡല പുനർനിർണയം ഇല്ലാതെ ജയിക്കാൻ ആകില്ല എന്ന് ബിജെപിക്ക് ഇപ്പോൾ ഉറപ്പായിട്ടുണ്ട്.

ആദ്യം പ്രതീതി സൃഷ്ടിക്കുക. അതിനു ശേഷം ജയം മോഷ്ടിക്കുക എന്നതാണ് ബിജെപി രീതി എന്ന് പരക്കെ ആക്ഷേപം ഉണ്ട്. പ്രതീതി നിർമ്മാണത്തിനാണ് മാധ്യമങ്ങളെ ബിജെപി ഉപയോഗിക്കുന്നത്.

2014 മുതൽ ആസൂത്രിതമായി ബിജെപി മാധ്യമങ്ങളെയെല്ലാം കാൽചുവട്ടിലാക്കി. അവർ വാർത്തകൾ മാത്രമല്ല, തിരഞ്ഞെടുപ്പ് സർവേകളും എക്സിറ്റ് പോളും വരെ ബിജെപിക്ക് വേണ്ടി നിർമ്മിച്ചു. നാണം കെട്ടുപോയെങ്കിലും മാധ്യമങ്ങൾ കൂറ് തുടരുന്നു.

കേരളത്തിലും പ്രതീതി നിർമ്മാണത്തിലൂടെ ഇടതുപക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടാകും. വാർത്തകളും ചർച്ചകളും പലവഴിക്കും തിരിയും. മാദ്ധ്യമങ്ങൾ അതിനൊക്കെ കുടപിടിച്ചു കൊണ്ടിരിക്കും. ഇടതുപക്ഷത്തെ വികലമാക്കി അവതരിപ്പിച്ചുകൊണ്ടേയിരിക്കും.

ആർഎസ്എസിന്റെ മുഖ്യ ശത്രു കമ്യൂണിസ്റ്റ് പാർട്ടിയാണ്. മോദി നിരവധി തവണ പറഞ്ഞു കഴിഞ്ഞ കാര്യമാണത്. കമ്യൂണിസ്റ്റ് പാർട്ടിയെ മുഖ്യ ശത്രുവായി കാണുന്ന ബിജെപി ലീഗിന്റെ തണലിൽ കഴിയുന്ന യുഡിഎഫിനെയാണ് പ്രതിയോഗിയായി ആഗ്രഹിക്കുന്നത്.

ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വം
ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സിപിഐഎമ്മിൽ അർപ്പിതമായ ഉത്തരവാദിത്വത്തങ്ങൾ ഏറെയാണ്. മാധ്യമങ്ങളുടെ ഈ അമിത പ്രഹരംമൂലം കൂടുതൽ നന്നാവാനായുള്ള പ്രേരണ ഓരോ ഇടതുപക്ഷ പ്രവർത്തകനിലും ഉണ്ടായാൽ നന്ന്. അല്ലാതെ മാധ്യമങ്ങൾ നന്നാകും എന്ന മൂഢവിചാരം വേണ്ട. അവരുടെ വർഗതാൽപര്യം അതിന് അവരെ സമ്മതിക്കില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 − 7 =

Most Popular