സമീപകാല തിരഞ്ഞെടുപ്പുകളിൽ കണ്ടുവരുന്ന ഒരു പ്രതിഭാസം, സ്ത്രീകളെ സ്വാധീനിക്കുന്നതിനുവേണ്ടി ബൂർഷ്വാ പാർട്ടികൾ സ്വീകരിക്കുന്ന അടവുകളാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച കോൺഗ്രസിനും ഇപ്പോൾ ഭരിക്കുന്ന ബിജെപിക്കും സ്ത്രീകൾക്കു വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നതിനു തെളിവാണ് ഇന്ത്യയിലെ ഉയർന്ന ജെൻഡർ ഗ്യാപ്. സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ വലിയ തോതിൽ വർദ്ധിക്കുന്നു. ഒരു മണിക്കൂറിൽ 18 സ്ത്രീകൾ ഇന്ത്യയിൽ ആക്രമണത്തിന് ഇരയാകുന്നു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംഘർഷങ്ങളുടെ ഏറ്റവും വലിയ ഇരകളും സ്ത്രീകളാണ്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും തൊഴിൽ രംഗത്തുമെല്ലാം സ്ത്രീകളോട് കാണിക്കുന്ന വിവേചനം കൂടിവരുകയാണ്. തീരുമാനമെടുക്കുന്ന വേദികളിൽ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലും ഭരണഘടന നിർമാണ സഭയിലും സ്ത്രീകളുടെ സംഭാവന വളരെ വലുതായിരുന്നു. 1952 ൽ നിയമ, നിർമാണ സഭയിൽ സ്ത്രീകളുടെ പ്രതിനിധ്യം 22 ആയിരുന്നു. 2024ൽ എത്തിയപ്പോൾപോലും അവരുടെ പ്രാതിനിധ്യം 74 പേരെ ഉള്ളൂ. 1.8% മാത്രമാണ് വർദ്ധനവ്. ഇങ്ങനെ പോയാൽ നിയമ നിർമ്മാണസഭയിൽ സ്ത്രീകൾക്ക് 33% സംവരണം കിട്ടാൻ 150 വർഷം എടുക്കും. 4,666 നിയമസഭാ സീറ്റുകളിൽ 460 സീറ്റുകൾ മാത്രമാണ് സ്ത്രീകൾക്കുള്ളത്. കേരളത്തിൽ 140 സീറ്റുകളിൽ 11 സ്ത്രീകൾ (7.6%) മാത്രമാണ് ഉള്ളത്. ഇ കെ നായനാർ നിയമസഭയിലാണ് 13 പേർ ജയിച്ചു വന്നത്. സ്ത്രീ പ്രാതിനിധ്യത്തിൽ ദേശീയ ശരാശരി 10% ആണ്. കേരളം പോലുള്ള സംസ്ഥാനം അതിനേക്കാൾ താഴെയാണ് എന്നുള്ളത് അതീവ ഗൗരവമായിട്ടാണ് കാണേണ്ടത്. ഇത്തരമൊരു അവസ്ഥയ്ക്ക് കാരണം നമ്മുടെ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തെറ്റായ നയങ്ങളാണ്.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സ്ത്രീകളുടെ വോട്ടിനെ സ്വാധീനിക്കാൻ യുഡിഎഫ് ഇന്ദിരാ ഗ്യാരന്റി പ്രഖ്യാപിച്ചു. സൗജന്യ ബസ് യാത്ര ഉൾപ്പെടെ നടത്തിയ പ്രഖ്യാപനങ്ങൾ ഒരു വിഭാഗം സ്ത്രീകളെ സ്വാധീനിച്ചു എന്നുള്ളതാണ് തിരഞ്ഞെടുപ്പിന്റെ ഫലം സൂചിപ്പിക്കുന്നത്. താരതമ്യേന ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്ത്രീകളെക്കാൾ മുന്നിലെത്താൻ കേരളത്തിലെ സ്ത്രീകൾക്ക് സാധിച്ചിട്ടുണ്ട്. നവോത്ഥാന പോരാട്ടങ്ങളുടെയും, തുടർന്ന് ഇഎംഎസ് ഗവണ്മെന്റ് മുതൽ നടപ്പിലാക്കിയ സ്ത്രീപക്ഷ നയങ്ങളുടെയും ഫലമായിട്ടാണ് ഏതു സൂചിക എടുത്തുനോക്കിയാലും കേരളത്തിലെ സ്ത്രീകൾ വളരെ മുന്നിലായത്. കഴിഞ്ഞ 10 വർഷക്കാലത്തെ എൽഡിഎഫ് ഗവൺമെന്റ് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിച്ചത് സ്ത്രീകൾക്കാണ്. രാജ്യത്ത് ആദ്യമായി ജെൻഡർ ബജറ്റ് അവതരിപ്പിച്ച് മാതൃക കാണിച്ചു (22.2%). 62 ലക്ഷം പേർക്ക് സാമൂഹ്യക്ഷേമ പെൻഷൻ നൽകി. രാജ്യത്ത് സ്ത്രീകൾ ജിഡിപിയുടെ 6.5 % രാജ്യത്തിന് സംഭാവന ചെയ്യുന്നു. ഒരിക്കലും ഇത് അംഗീകരിക്കാൻ ഇന്ത്യൻ ഭരണകൂടം തയ്യാറായിട്ടില്ല. ഈയൊരു ഘട്ടത്തിലാണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റ് സ്ത്രീ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചത്. 31.34 ലക്ഷം സ്ത്രീകൾക്ക് 1000 രൂപ നൽകുന്നതിനു വേണ്ടി 3720 കോടി രൂപ ബജറ്റിൽ വെച്ചു. കുട്ടികൾക്കുള്ള കണക്ട് ടു വർക്ക് പ്രോഗ്രാമിന്റെ ഭാഗമായി 1000 രൂപ കൊടുക്കാനുള്ള തീരുമാനമെടുത്തു. ഈ പദ്ധതി പെൺകുട്ടികൾക്കടക്കം ഏറെ സഹായകരമായുള്ളതായിരുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തിൽ 1000 കോടി രൂപ നീക്കിവെക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തയ്യാറായി. കുടുംബശ്രീയെ സഹായിക്കാനും മികച്ച തുക ബജറ്റിൽ നീക്കിവെച്ചു. അംഗൻവാടി, ആശ, പാചക തൊഴിലാളികൾ അടക്കമുള്ള സ്കീം വർക്കർമാരെ സഹായിക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന് സാധിച്ചിരുന്നു. സ്ത്രീകൾക്കു വേണ്ടി ഇത്തരത്തിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടും എന്തുകൊണ്ട് നമ്മൾ പരാജയപ്പെട്ടു എന്നതും ഇതിന്റെ രാഷ്ട്രീയം സ്ത്രീകളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നതും പരിശോധിക്കണം. വികസന നേട്ടങ്ങളുടെ രാഷ്ട്രീയം വേണ്ടത്ര ചർച്ചചെയ്യാൻ കഴിയാത്തത് വലിയ പോരായ്മയാണ്.
നാം അവതരിപ്പിച്ച പ്രകടനപത്രികയും വേണ്ടത്ര രീതിയിൽ സ്ത്രീകളെ ഫോക്കസ് ചെയ്യുന്ന നിലയിലേക്ക് എത്തിയിട്ടില്ല. വനിതാ സംവരണം രാഷ്ട്രീയ പ്രശ്നമായി രാജ്യത്ത് നിലനിൽക്കുന്ന സമയത്ത് സ്ഥാനാർത്ഥി നിർണയത്തിൽ സ്ത്രീകൾക്ക് വേണ്ടത്ര പരിഗണന നൽകിയില്ല എന്ന വിമർശനം ശക്തമായി ഉയർന്നുവന്നു. കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ നമ്മുടെ സ്ഥാനാർത്ഥി പട്ടികയിൽ ഒരു സ്ത്രീ പോലും ഇല്ലായിരുന്നു എന്നത് പോരായ്മയാണ്.
യുഡിഎഫ് സ്ത്രീകളെ കബളിപ്പിക്കുന്നതിനും വേണ്ടിയാണ് പ്രകടനപത്രികയിൽ പല വാഗ്ദാനങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ളത് എന്ന് നമുക്കു കാണാം. കെഎസ്-ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്നും അവർ പുറകോട്ടുപോയി. നാമമാത്രമായി ഓർഡിനറി ബസ്സിൽ മാത്രമാണ് യാത്ര അനുവദിച്ചിട്ടുള്ളത്. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കുന്നതിന്റെ ഭാഗമായി രണ്ടുമാസമായി തുക നൽകിയില്ല. ഇതിനെതിരായി ശക്തമായ സമരം AIDWAയുടെ നേതൃത്വത്തിൽ സ്ത്രീകളെ സംഘടിപ്പിച്ച് നടത്തുന്നതാണ്. മനുവാദ ആശയങ്ങൾ സ്ത്രീകളിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള അതിശക്തമായ പ്രവർത്തനമാണ് ആർഎസ്എസ് നടത്തുന്നത്. എല്ലാ വർഗീയ ശക്തികളും സമാനമായ പ്രവർത്തനമാണ് തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ നടത്തിയത്.
വലതുപക്ഷ മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും സ്ത്രീകളുടെ ഇടയിൽ നടത്തുന്ന ഈ ആശയപ്രചരണത്തെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്. പാർലമെന്ററി രംഗത്തും പാർലമെന്റേതര രംഗത്തും സ്ത്രീകളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ പാർട്ടിക്ക് കഴിയണം.
ജനസംഖ്യയിൽ പകുതിയുള്ള സ്ത്രീകളെ ഒഴിവാക്കി നിങ്ങൾക്ക് ഒരു വിപ്ലവവും വിജയിക്കാൻ കഴിയില്ല എന്നു പറഞ്ഞത് സഖാവ് ലെനിൻ ആയിരുന്നു. ലോകത്ത് നടന്ന എല്ലാ വിപ്ലവങ്ങളിലും മഹത്തായ സംഭാവനകൾ സ്ത്രീകൾ നൽകിയിട്ടുണ്ട്. സ്ത്രീകൾക്ക് വോട്ടവകാശം, ഭരണത്തിൽ പങ്കാളിത്തം, ബഹിരാകാശത്ത് പോകാൻ അവസരം, ജോലിഭാരം കുറയ്ക്കാൻ പൊതു അടുക്കള, അലക്കു കേന്ദ്രം എന്നിവയെല്ലാം യാഥാർത്ഥ്യമാക്കിയത് വിപ്ലവാനന്തര കാലത്തെ സോവിയറ്റ് യൂണിയൻ ആയിരുന്നു. പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥ നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാവണമെങ്കിൽ സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥ നിലവിൽ വരണം. അതിനായി സ്ത്രീകളെ നമുക്ക് സജ്ജരാക്കാം. അതുകൊണ്ടുതന്നെ സ്ത്രീകളുടെയിടയിൽ നടത്തുന്ന പ്രതിലോമകരമായ ആശയപ്രചരണത്തെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്. l



