Tuesday, June 23, 2026

ad

Homeകവര്‍സ്റ്റോറിതെറ്റുകൾ തിരുത്തി 
തിരിച്ചുവരികതന്നെ ചെയ്യും

തെറ്റുകൾ തിരുത്തി 
തിരിച്ചുവരികതന്നെ ചെയ്യും

എം വി ജയരാജൻ

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് എല്‍ഡിഎഫിനുണ്ടായത്. 10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ മികവ് കാരണം മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്നായിരുന്നു പൊതുവില്‍ വിലയിരുത്തപ്പെട്ടത്.

2016 മുതല്‍ അഞ്ചുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മികച്ച വികസന–ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ജനങ്ങള്‍ 2021ലും എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചു. തുടര്‍ച്ചയായി അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ഭരണം നഷ്ടപ്പെടുന്ന ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും യുഡിഎഫിന് സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം എല്‍ഡിഎഫിന് അനുകൂലമാണെന്ന് മനസ്സിലായപ്പോള്‍ തുടക്കം മുതൽതന്നെ യുഡിഎഫ് നേതൃത്വം സര്‍ക്കാര്‍ വിരുദ്ധ വികാരം ജനങ്ങളില്‍ ഉണ്ടാക്കാന്‍ ശ്രമം ആരംഭിച്ചു. അതിനായി യുഡിഎഫിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ മാത്രമല്ല, എല്ലാ ഇടതുപക്ഷ വിരുദ്ധരെയും സര്‍ക്കാരിനെതിരെ അണിനിരത്താന്‍ അവർ ശ്രമിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ വികസനക്ഷേമ നേട്ടങ്ങള്‍ വലതുപക്ഷ മാധ്യമങ്ങള്‍ തമസ്കരിക്കുകയും യുഡിഎഫിന്റെ സര്‍ക്കാര്‍വിരുദ്ധ പ്രചാരവേല ഏറ്റെടുക്കുകയും ചെയ്തു.

കോടികള്‍ മുടക്കി സോഷ്യല്‍ മീഡിയ വഴി സര്‍ക്കാരിനും അന്നത്തെ മുഖ്യമന്ത്രിക്കും മറ്റ് ഇടതുപക്ഷ നേതാക്കള്‍ക്കുമെതിരെ കള്ളപ്രചരണം സംഘടിപ്പിക്കുകയും നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. വികസന–ക്ഷേമ പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ എല്‍ഡിഎഫിന് പോരായ്മയും സംഭവിച്ചു. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിന് ഇതെല്ലാം പ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിലും സംഘടനാപരമായി പരിശോധിക്കേണ്ടതും പരിഹരിക്കേണ്ടതുമായ മറ്റു ചില പോരായ്മകളും ഉണ്ടായി എന്നാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ചചെയ്ത് അംഗീകരിച്ച റിവ്യൂ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം മെയ് 13, 14 തീയതികളില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗം തിരിച്ചടിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ പാളിച്ചകളെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കണമെന്നാണ് തീരുമാനിച്ചത്. അതുകൊണ്ട് പതിവില്‍നിന്നും വ്യത്യസ്തമായി തിരഞ്ഞെടുപ്പ് റിവ്യൂ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമുമ്പ് പാര്‍ട്ടി ഘടകങ്ങളുടെയും ഘടകങ്ങളിലെ സഖാക്കളുടെയും അഭിപ്രായങ്ങള്‍ തേടുകയുണ്ടായി. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയ്ക്കാവശ്യമായ ഒരു മാര്‍ഗരേഖ തയ്യാറാക്കുക മാത്രമാണ് അന്ന് സംസ്ഥാന കമ്മിറ്റി ചെയ്തത്.

സംസ്ഥാനത്താകെയുള്ള 41,256 ഘടകങ്ങളുടെ യോഗങ്ങള്‍ മൂന്നാഴ്ചയ്ക്കകം ഉപരിക്കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ചേരുകയുണ്ടായി. നിരവധി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമാണ് 5,70,940 അംഗങ്ങള്‍ നടത്തിയ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. അവയില്‍ സ്വീകരിക്കാവുന്നത് മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് റിവ്യൂ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സിപിഐ എം ഭരണഘടനയില്‍ പാര്‍ട്ടി അംഗങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ഇപ്രകാരം പറയുന്നു: “പാര്‍ട്ടി നയങ്ങളും പാര്‍ട്ടി തീരുമാനങ്ങളും രൂപീകരിക്കുന്നതിന് സംഭാവന നല്‍കാനായി ചര്‍ച്ചകളില്‍ പങ്കെടുക്കുക” വകുപ്പ് 12–1 (ബി). ഈ കാഴ്ചപ്പാടോടെയാണ് റിവ്യൂ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കകത്ത് ഉള്ളുതുറന്ന് നടത്തിയത്. പാര്‍ട്ടി ഭരണഘടനയുടെ പതിമൂന്നാം വകുപ്പില്‍ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്ത്വങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത നേതൃത്വമെന്നും, കേന്ദ്രീകൃത നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളോടുകൂടിയ ജനാധിപത്യമെന്നുമാണ് ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അര്‍ത്ഥം. അതുകൊണ്ടാണ് ‘ജനാധിപത്യ കേന്ദ്രീകരണ’മെന്ന് വിശേഷിപ്പിക്കുന്നത്.

ശത്രുക്കളോടൊപ്പം ചേര്‍ന്ന് സിപിഐ എമ്മിന്റെ മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നതുപോലെ, ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാത്ത പാര്‍ട്ടിയല്ല സിപിഐ എം. അതു തെളിയിക്കുന്ന ഒന്നാണ് 41,256 പാര്‍ട്ടി ഘടകങ്ങളില്‍ നടന്ന ഉള്ളുതുറന്ന ചര്‍ച്ചകള്‍. 23–ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കരട് രാഷ്ട്രീയ പ്രമേയത്തോടൊപ്പം രാഷ്ട്രീയ–സംഘടനാ റിപ്പോര്‍ട്ടും ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയ്ക്കായി പാര്‍ട്ടി ഘടകങ്ങള്‍ക്കെല്ലാം നല്‍കിയിരുന്നു. അവരുടെ നിര്‍ദ്ദേശങ്ങളും ഭേദഗതികളും ഒപ്പം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളുടെ ഭേദഗതികളും പരിഗണിച്ചുകൊണ്ടാണ് രണ്ടു രേഖകളും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചത്. വിമര്‍ശനം പാര്‍ട്ടിയെ തകര്‍ക്കാനല്ല, ശക്തിപ്പെടുത്താനാണ്. സ്വയംവിമര്‍ശനം കുമ്പസാരമല്ല, പറ്റിയ തെറ്റുകളും കുറവുകളും കണ്ടെത്തി പരിഹരിക്കാനാണ്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കകത്ത് ഉയരുകയുണ്ടായി എന്ന് വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പികുന്നത്, വിമര്‍ശനങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കുന്നതാണെന്ന കാഴ്-ചപ്പാടോടുകൂടിയാണ്.

പാര്‍ട്ടി ഭരണഘടനയിലെ 13 – 1 (ഡി) വകുപ്പില്‍ ഇപ്രകാരം പറയുന്നു: ‘‘എല്ലാ പാർട്ടി കമ്മിറ്റികളും നേതൃസ്ഥാനത്തുള്ളവ പ്രതേ-്യ
കിച്ചും കീഴ്-കമ്മിറ്റികളുടെയും കീഴ്സംഘടനകളുടെയും പാർട്ടി അണികളിലെ അംഗങ്ങളുടെയും അഭിപ്രായങ്ങളും വിമർശനങ്ങളും നിരന്തരശ്രദ്ധയോടെ പരിഗണിക്കേണ്ടതാണ്.’’ “ഇത്തരത്തില്‍ കീഴ്-ക്കമ്മിറ്റികളുടെയും പാര്‍ട്ടി അംഗങ്ങളുടെയും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിരന്തരം ശ്രദ്ധയോടെ പരിഗണിക്കേണ്ടതാണെന്ന് വ്യക്തമായി പറയുന്നു.

തെറ്റുകള്‍ പറ്റുകയെന്നത് മനുഷ്യസഹജമാണ്. ഗര്‍ഭസ്ഥ ശിശുവിനും ജഡത്തിനും മാത്രമേ തെറ്റുകള്‍ സംഭവിക്കാതിരിക്കുകയുള്ളൂ. പറ്റുന്ന തെറ്റുകളും ന്യൂനതകളും തിരുത്തിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസ്റ്റുകാരും മുന്നോട്ടുപോകുന്നത്. അത്തരത്തിലാണ് തിരഞ്ഞെടുപ്പ് റിവ്യൂ നടത്തിയത്. ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളിലും നിര്‍ദ്ദേശങ്ങളിലും സംസ്ഥാനതലത്തില്‍ പരിശോധിക്കേണ്ടവയെല്ലാം പരിശോധിച്ചിട്ടുണ്ട്. കീഴ്ഘടകങ്ങള്‍ സ്വയംവിമര്‍ശനപരമായി അംഗീകരിക്കേണ്ടവ അത്തരത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

11 സ്വതന്ത്രര്‍ ഉള്‍പ്പെടെ 86 സീറ്റുകളിലാണ് സിപിഐ എം മത്സരിച്ചത്. ആകെയുള്ള 140 എണ്ണത്തിൽ അവശേഷിക്കുന്ന സീറ്റുകളില്‍ ഘടകകക്ഷികള്‍ മത്സരിച്ചു. അതില്‍ 26 സീറ്റുകളില്‍ സിപിഐ എം ജയിക്കുകയും ഘടകകക്ഷികളുടേത് ഉള്‍പ്പെടെ 35 സീറ്റുകള്‍ എല്‍ഡിഎഫ് നേടുകയും ചെയ്തു. 37.69 ശതമാന വോട്ടും നേടി. അത് 2006 മുതല്‍ നടന്നിട്ടുള്ള അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് ലഭിച്ച ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണിത്. അതുകൊണ്ടാണ് കനത്ത പരാജയമാണ് ഉണ്ടായത് എന്ന് പാര്‍ട്ടി വിലയിരുത്തിയത്.

10 വര്‍ഷം ഭരണം നഷ്ടപ്പെട്ട യുഡിഎഫ് 2021 ലെ എല്‍ഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചുകൊണ്ടാണ് സര്‍ക്കാര്‍വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ തുടങ്ങിയത്. അതിനായി എല്ലാ ഇടതുപക്ഷവിരുദ്ധ ശക്തികളുമായും യുഡിഎഫ് കൈകോര്‍ത്തു. മാത്രമല്ല, വര്‍ഗീയ ശക്തികളുമായി രാഹുല്‍ ഗാന്ധി മോദിയെ ആലിംഗനം ചെയ്തതുപോലെ കൂട്ടുകെട്ടുണ്ടാക്കി. സ്ഥാപിത താല്‍പര്യക്കാരും കച്ചവട മനസ്സുള്ളവരും എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ യുഡിഎഫുമായി കൈകോര്‍ത്തു. ഇതൊക്കെയാണ് വിജയിക്കുമെന്ന് കരുതിയ പല മണ്ഡലങ്ങളും പരാജയപ്പെടാനുണ്ടായ പ്രധാന കാരണങ്ങള്‍.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പയ്യന്നൂരിലും തളിപ്പറമ്പിലുമുണ്ടായ വീഴ്ചകള്‍ സ്വയം വിമര്‍ശനപരമായി സംസ്ഥാന – ജില്ലാ കമ്മിറ്റികള്‍ അംഗീകരിക്കുകയുണ്ടായി. അതോടൊപ്പം കോഴിക്കോട്, കൊല്ലം എന്നീ കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള പ്രധാന ജില്ലകളില്‍ നിന്നും വനിതകളെ സ്ഥാനാര്‍ത്ഥികളായി നിശ്ചയിക്കാതിരുന്നത് രണ്ട് ജില്ലാ കമ്മിറ്റികളുടെയും പോരായ്മകളാണെന്ന് വിലയിരുത്തി. ഘടകകക്ഷികള്‍ മത്സരിക്കേണ്ടുന്ന സീറ്റുകളില്‍ അതത് കക്ഷികളാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാറുള്ളത്. ഇത്തവണ, ഘടകകക്ഷികളുടെ ചില സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പോരായ്മയുണ്ടായി.

ആറു പേരാണ് സിപിഐ എം വിട്ട് യുഡിഎഫുമായും ബിജെപിയുമായും സഹകരിച്ച് മത്സരിച്ചത്. പാര്‍ലമെന്ററി വ്യാമോഹമാണ് ഇവരെ പിടികൂടിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്തതാണ് പാര്‍ലമെന്ററി വ്യാമോഹം. പാര്‍ട്ടിയുടെ പൊതുവായ സംഘടനാ നിലപാടുകളില്‍നിന്നും വ്യതിചലിക്കുന്നതായി തോന്നിയപ്പോള്‍ ഈ നേതാക്കളെ തിരിച്ചു കൊണ്ടുവരാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിച്ചിരുന്നു. എന്നാല്‍, പാര്‍ലമെന്ററി വ്യാമോഹം ഇക്കൂട്ടരെ ശത്രുപാളയത്തില്‍ എത്തിച്ചു. പാര്‍ലമെന്ററി വ്യാമോഹത്തിനെതിരെ നല്ല ജാഗ്രത പാര്‍ട്ടിയിലാകെ ഉണ്ടാവേണ്ടതുണ്ട്. പാര്‍ലമെന്ററി – പാര്‍ലമെന്റേതര മാര്‍ഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്ററി രംഗത്തിന്റെ പരിമിതികളും സാധ്യതകളും ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന മുതലാളിത്ത സാമൂഹ്യ വ്യവസ്ഥയില്‍ ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ നയിക്കുന്ന സര്‍ക്കാര്‍ ഉണ്ടായാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന വ്യാമോഹമോ ഒന്നും നടത്താന്‍ കഴിയില്ല എന്ന കാഴ്ചപ്പാടോ സിപിഐ എമ്മിന് ഇല്ല. കോര്‍പ്പറേറ്റ് അനുകൂല ആഗോളവല്‍ക്കരണ നയം കേന്ദ്ര ബിജെപി സര്‍ക്കാരും, കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളും നടപ്പാക്കുമ്പോള്‍ ജനപക്ഷ വികസന – ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിൽ 10 വര്‍ഷം ഭരിച്ചത്. അതാകട്ടെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക ഫെഡറലിസത്തെ തകര്‍ത്ത്, അര്‍ഹതപ്പെട്ടതുപോലും നല്‍കാതെ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടും അതിനെ അതിജീവിച്ച് ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിക്കൊണ്ടാണു താനും. അത്തരമൊരു സാഹചര്യത്തില്‍ പാര്‍ലമെന്റേതര സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ പാര്‍ട്ടി കുറേക്കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന സ്വയം വിമര്‍ശനവും സംസ്ഥാന കമ്മിറ്റി നടത്തുകയുണ്ടായി. മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ നടത്തിയ സമരം ശ്രദ്ധേയമായിരുന്നു. അതുപോലെ ശക്തമായ കേന്ദ്രവിരുദ്ധ സമരം തുടര്‍ന്നും പാര്‍ട്ടിയുടെയും വര്‍ഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തണമായിരുന്നു.

ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡാണ് സംഘടിപ്പിച്ചത്. ശബരിമല വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമല വികസനത്തിനായി 450 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നു. അത് ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കാനായിരുന്നില്ല. ഇതിനുമുമ്പും അയ്യപ്പ സംഗമങ്ങള്‍ ദേവസ്വം ബോര്‍ഡുകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ മതനിരപേക്ഷതയെ തകര്‍ക്കുന്ന ആര്‍.എസ്.എസ് നിലപാടുകളുടെ പ്രതീകമായ യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ സന്ദേശം അയ്യപ്പ സംഗമത്തില്‍ അവതരിപ്പിച്ചത് ഒഴിവാക്കേണ്ടതായിരുന്നു. ഇത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടവരുത്തി.

യുഡിഎഫ് നേതൃത്വത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉപയോഗിച്ച് ദ്വാരപാലക പീഠം കാണാതായി എന്ന പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരികയും ആഗോള അയ്യപ്പ സംഗമത്തെ വിവാദമാക്കുകയും ചെയ്തു. ദ്വാരപാലകപീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് പിന്നീട് വിജിലൻസ് കണ്ടെത്തി. സ്വര്‍ണ്ണക്കൊള്ള കേസില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പലരും പ്രതികളായി. അതോടൊപ്പം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഐ എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറും കേസില്‍ പ്രതിയായി. ജയിലിലായ എ. പത്മകുമാറിന്റെ പേരില്‍ ആ സമയത്ത് പാര്‍ട്ടി അച്ചടക്ക നടപടി എടുക്കാത്ത പ്രശ്നം ഗൗരവമായി തിരഞ്ഞെടുപ്പുകാലത്ത് ഉയര്‍ന്നു വന്നു. ജയിലില്‍ നിന്നും ജാമ്യം കിട്ടി പുറത്തുവന്നപ്പോള്‍ പത്മകുമാറിനെ എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും മാറ്റിനിര്‍ത്തിയെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത്, ജയിലില്‍ കഴിയുമ്പോള്‍ തന്നെ നടപടി എടുക്കാതിരുന്നത് പോരായ്മയാണ്.

വെള്ളാപ്പള്ളി നടേശന്റെ മുസ്ലീംവിരുദ്ധ പ്രസ്താവന മതനിരപേക്ഷ കേരളത്തിന് ഒരിക്കലും അംഗീകരിക്കാവുന്ന ഒന്നല്ല. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളാപ്പള്ളിയുടെ പ്രതികരണത്തിനെതിരെ ഒരു പ്രസ്താവന അന്നുതന്നെ നല്‍കിയിരുന്നെങ്കിലും കൂടുതല്‍ ശക്തമായ പ്രതികരണം നല്‍കേണ്ടതായിരുന്നു എന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. അതു നല്‍കാത്തത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്കിടയാക്കി. പിന്നീട് തിരഞ്ഞെടുപ്പ് റിവ്യൂ ചര്‍ച്ച ചെയ്യുന്ന സമയത്ത് പത്തനംതിട്ട പാര്‍ട്ടി ജില്ലാ കമ്മിറ്റി പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. പാര്‍ട്ടി ഭരണഘടനയില്‍ ഏറ്റവും ഉയര്‍ന്ന അച്ചടക്ക നടപടികളാണ് സസ്പെന്‍ഷനും അംഗത്വത്തില്‍ നിന്ന് പുറത്താക്കലും. അതില്‍ ഒന്നാണ് സ്വീകരിച്ചത്. എന്നിട്ടും ചില വലതുപക്ഷ മാധ്യമങ്ങള്‍ സിപിഐ എം വിരോധം മൂലം അത് വിവാദമാക്കി.

അതേസമയം, കേസില്‍ പ്രതികളായ കോണ്‍ഗ്രസ് – ബിജെപി നേതാക്കളുടെ പേരില്‍ യാതൊരു അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, മുഖ്യ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധൻ എന്നിവര്‍ സോണിയ ഗാന്ധിയുടെ വീട്ടില്‍ നിരവധി സന്ദര്‍ഭങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ രണ്ട് എം.പിമാരായിരുന്നു. യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോഴാവട്ടെ, സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയായ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനെ ദേവസ്വം ബോര്‍ഡില്‍ ഇല്ലാത്ത തസ്തിക യുണ്ടാക്കി സര്‍ക്കാര്‍ സ്-പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിക്കുകയും ചെയ്തു. നിയമന ഉത്തരവ് കിട്ടിയയുടന്‍ പ്രതിയുടെ അഭിഭാഷകന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അഭിഭാഷകനായി ചുമതല ഏറ്റെടുക്കുകയും ചെയ്തു. വിവാദമായപ്പോള്‍ ബന്ധുനിയമനംപോലെ രാജിവെച്ചെങ്കിലും സ്വര്‍ണക്കൊള്ളക്കേസിലെ ഏതൊക്കെ രേഖകളും ഫയലുകളുമാണ് പ്രതിയുടെ അഭിഭാഷകന്‍ കൈവശപ്പെടുത്തിയത് എന്നതിനെക്കുറിച്ച് ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.

പി.എം ശ്രീയെക്കുറിച്ചുള്ള ചര്‍ച്ച സിപിഐ ഉയര്‍ത്തിക്കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലായിരുന്നു. സിപിഐ എം – ബിജെപി ഡീലാണെന്ന പ്രചരണം നടത്താന്‍ യുഡിഎഫിന് ഇത് സഹായകമായി. രാജസ്താനിലും മറ്റും കോണ്‍ഗ്രസ് ഭരണകാലത്ത് പിഎം ശ്രീ ഒപ്പിട്ടതാണ്. പാഠ്യപദ്ധതി കാവിവല്‍ക്കരിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയവും പി.എം ശ്രീയുടെ വ്യവസ്ഥകളും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. എന്നിട്ടും ഉപാധികളോടു കൂടിമാത്രം ഒപ്പിട്ട എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അവര്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. അര്‍ഹതപ്പെട്ട 1,600 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചപ്പോഴാണ് പി എം ശ്രീ ഒപ്പിടാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. അതാവട്ടെ, പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും ആര്‍എസ്എസ് അജൻഡയനുസരിച്ച് മാറ്റം വരുത്തില്ല എന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണുതാനും. എല്‍ഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് അജൻഡയായ വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുക എന്ന നയം കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ല. 2022ൽ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർ നടപ്പിലാക്കിയപ്പോഴും കേരളത്തിലെ എൽഡിഎഫ് സർക്കാർ അത് നടപ്പിലാക്കാൻ തയ്യാറായില്ല. എങ്കിലും സിപിഐയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി പി.എം ശ്രീയുടെ കാര്യത്തില്‍ വ്യക്തത വരുത്തി തീരുമാനമെടുക്കുന്നതില്‍ പോരായ്മയുണ്ടായി.

ലോക്-സഭാ തിരഞ്ഞെടുപ്പ് റിവ്യൂ ചെയ്യുമ്പോള്‍, പാര്‍ട്ടിയുടെ നേതൃനിരയിലുള്ള ചിലരുടെ പ്രസ്താവനകള്‍ യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും വിവാദമാക്കി എല്‍ഡിഎഫിനെതിരെ പ്രചരണായുധമാക്കുന്നത് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ ജാഗ്രതയോടുകൂടി കാണണമെന്ന് പാര്‍ട്ടി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, ഈ ജാഗ്രത നേതൃനിരയിലുള്ള ചിലര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പിലും പുലര്‍ത്താന്‍ കഴിഞ്ഞില്ല. അനവസരത്തിലുള്ള അത്തരം ചില പ്രസ്താവനകള്‍ വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിന് എതിരായി യുഡിഎഫ് വലിയ പ്രചാരവേലയാക്കി മാറ്റിയത് തിരിച്ചടിക്കിടയാക്കി. വികസനവും ക്ഷേമവുമാണ് എല്‍ഡിഎഫിന്റെ മുഖമുദ്ര. 10 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വന്‍ വികസന കുതിപ്പാണുണ്ടായത്. ഇതൊക്കെ തമസ്കരിച്ചുകൊണ്ട് സിപിഐ എം നേതാക്കള്‍ ജനസൗഹൃദപരമല്ലെന്ന് തിരഞ്ഞെടുപ്പ് കാലത്ത് വരുത്തിത്തീര്‍ക്കാനാണ് വലതുപക്ഷ മാധ്യമങ്ങള്‍ നേതൃനിരയിലുള്ള ചിലരുടെ പ്രതികരണങ്ങളെ വക്രീകരിച്ചും നിറംപിടിപ്പിച്ചും വാര്‍ത്തയാക്കിയത്.

ഭരണവിരുദ്ധ വികാരം പൊതുവില്‍ ഉണ്ടായിട്ടില്ലെങ്കിലും ചില മേഖലകളിലെ പ്രശ്നങ്ങള്‍ പൂര്‍ണതോതില്‍ പരിഹരിക്കാത്തത് വിമര്‍ശനവിധേയമാവുകയും ആ വിഭാഗം ജനങ്ങളില്‍ അസംതൃപ്തിക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിനെക്കുറിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമായി അംഗീകരിച്ചത്. അന്യായമായി പൊലീസിലോ മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലോ സിപിഐ എം നേതാക്കളോ പ്രവര്‍ത്തകരോ ഇടപെടാന്‍ പാടില്ലെന്ന മാര്‍ഗരേഖ ഒരിക്കലും ജനങ്ങളുടെ ന്യായമായ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് വിലക്കായി മാറാനും പാടില്ല. ചില പൊലീസ് ഉദ്യോഗസ്ഥന്മാര്‍ സര്‍ക്കാരിന്റെ ജനപക്ഷ പൊലീസ് നയത്തിന് വിരുദ്ധമായി സ്വീകരിച്ച നിലപാടുകള്‍ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത പരാജയത്തെക്കുറിച്ച് ആഴത്തിലുള്ള പരിശോധന വിപുലമായ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയിലൂടെ നടത്തിയത് വിമര്‍ശന – സ്വയംവിമര്‍ശന കാഴ്ചപ്പാടോടു കൂടിയാണ്. പറ്റിയ വീഴ്ചകളും കുറവുകളും കണ്ടെത്തി തിരുത്താനാണ്. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്രയമാണ് സിപിഐഎമ്മും ഇടതുപക്ഷവും. സമീപകാലത്ത് നോയിഡ അടക്കമുള്ള നൂറോളം വ്യവസായ കേന്ദ്രങ്ങളില്‍ തുച്ഛമായ കൂലിക്ക് അടിമപ്പണി ചെയ്യേണ്ടിവന്ന തൊഴിലാളികളുടെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവന്നപ്പോള്‍ അവരോടൊപ്പം ഉണ്ടായത് സിപിഐ എം, സിഐടിയു നേതാക്കള്‍ മാത്രമാണ്, നരേന്ദ്രമോദിയെ വാരിപ്പുണരുന്ന രാഹുല്‍ ഗാന്ധി അല്ല. സിപിഐ എം – ബിജെപി ഡീലെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച കോണ്‍ഗ്രസുകാരുടെ ബി.ജെ.പിയുമായി തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ഡീലുകള്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു.

മംഗലാപുരം ദുരൂഹ യാത്രയില്‍ എന്‍ഡിഎ നേതാക്കളുമായി വി.ഡി. സതീശന്‍ കൂടിക്കാഴ്ച നടത്തിയത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി സംഘപരിവാര്‍ നേതാവിനെ നിയമിച്ചത്, 19 ആര്‍എസ്എസുകാരെ സെനറ്റ് അംഗങ്ങളാക്കി നോമിനേറ്റ് ചെയ്തതില്‍ ഗവര്‍ണറെ വിമര്‍ശിക്കാത്തത്, ബിജെപിയുടെ ബിനാമിയായി പ്രവര്‍ത്തിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും സംഘപരിവാര്‍ മാധ്യമപ്രവര്‍ത്തകനെ പ്രസ് സെക്രട്ടറിയായും നിയമിച്ചത്, പി.എം ശ്രീയെകുറിച്ചുള്ള മൗനം, ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്തത്, പ്രതിഭാഗം അഭിഭാഷകനെ സര്‍ക്കാര്‍ അഭിഭാഷകനായി നിശ്ചയിച്ചത് എന്നിവ ഉള്‍പ്പെടെ ഒരു മാസത്തിനിടയില്‍ യുഡിഎഫ് സർക്കാർ എടുത്ത നിരവധി തീരുമാനങ്ങളും നടപടികളും ഡീൽ യഥാർഥത്തിൽ യുഡിഎഫും ബിജെപിയും തമ്മിലാണെന്ന യാഥാര്‍ത്ഥ്യം വെളിവാക്കുന്നതാണ്. അത് കേരളീയ സമൂഹം തിരിച്ചറിയുന്നുണ്ട്.

ധവളപത്രത്തിലൂടെ കോര്‍പ്പറേറ്റുവല്‍ക്കരണ അജൻഡയാണ് മറനീക്കി പുറത്തുവന്നത്. എല്ലാം സ്വകാര്യവല്‍ക്കരിക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. സ്ത്രീ സുരക്ഷാ പെന്‍ഷനും കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പും രണ്ടുമാസമായി നല്‍കിയിട്ടില്ല. മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ എല്‍ഡിഎഫിന്റെ കാലത്ത് ഈ രണ്ടു പദ്ധതികളും നടപ്പാക്കാതിരുന്നിട്ടില്ല. രണ്ടുമാസത്തെ ആനുകൂല്യം വിതരണം ചെയ്തത് എല്‍ഡിഎഫാണ്. പിന്നീട് യുഡിഎഫ് അധികാരത്തിലേറുകയാണുണ്ടായത്.

36 ലക്ഷം പേരെയാണ് സര്‍ക്കാര്‍ നിരാശരാക്കിയത്. കെഎസ്ആര്‍ടി സിയിലെ സൗജന്യയാത്ര നടപ്പാക്കിയത് നല്ല കാര്യമാണെന്ന് പറയുമ്പോള്‍തന്നെ എല്ലാ ബസിലും എല്ലാ യാത്രയ്ക്കും എന്ന വാഗ്ദാനത്തില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടി. കിഫ്ബി വഴിയുള്ള വികസനം ഇനി ഉണ്ടാവില്ലെന്ന് വ്യക്തമായി കഴിഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന പാലങ്ങളുടെയും റോഡുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലതും നിര്‍ത്തിവെച്ചു.

സാര്‍വദേശീയ വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലക്കയറ്റത്തിലൂടെ ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഇല്ല. ഇത്തരമൊരു സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പരാജയത്തില്‍നിന്നും പാഠം പഠിച്ച് തിരുത്തേണ്ടത് തിരുത്തി എല്‍ഡിഎഫ് കൂടുതല്‍ കരുത്തോടെ തിരിച്ചുവരേണ്ടത് അനിവാര്യതയാണ്. തിരിച്ചടി എന്നെന്നേക്കുമുള്ള ഒന്നല്ല. ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളും ഏറ്റെടുത്തുകൊണ്ട് തിരിച്ചുവരികതന്നെ ചെയ്യും. അതിന് സഹായകരമായ കര്‍മപദ്ധതികള്‍ 2026 ആഗസ്തിറ്റില്‍ നടത്തുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം തയ്യാറാക്കും. കര്‍മ പദ്ധതികള്‍ തയ്യാറാക്കുന്നതിന് പാര്‍ട്ടി അംഗങ്ങളുടെയും ബഹുജനങ്ങളുടെയും അഭിപ്രായം തേടുമെന്ന് പ്രഖ്യാപിക്കുകയും അഭിപ്രായങ്ങള്‍ ക്ഷണിക്കുകയും ചെയ്തപ്പോള്‍ ആദ്യ ദിവസങ്ങളില്‍തന്നെ ആയിരക്കണക്കിന് നിര്‍ദ്ദേശങ്ങളാണ് പാര്‍ട്ടി സംസ്ഥാന കേന്ദ്രത്തില്‍ ലഭിച്ചത്. അത്തരം കര്‍മപദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് തെറ്റുകളും കുറവുകളും കണ്ടെത്താന്‍ വേണ്ടിയുള്ള പരിശോധന പാര്‍ട്ടിക്കകത്ത് നടന്നത്. തിരിച്ചടികള്‍ ശാശ്വതമല്ല, അന്തിമ വിജയം തൊഴിലാളിവര്‍ഗത്തിനുമാത്രം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − ten =

Most Popular