സാമുദായിക മേൽവിലാസത്തോടെ രൂപമെടുത്ത സംഘടനകൾ സമുദായോദ്ധാരണത്തോടൊപ്പം സാമൂഹ്യ പരിഷ്കരണത്തിനും സംഭാവനകൾ നൽകിയ ചരിത്രമാണ് കേരളത്തിന്റേത്. എസ്എൻഡിപി യോഗത്തിനും സാധുജന പരിപാലന സംഘത്തിനും എൻ എസ് എസിനും തുടർന്നുവന്ന പിൽക്കാല സമുദായ സംഘടനകൾക്കുമെല്ലാം ഏറിയോ കുറഞ്ഞോ മേൽപ്പറഞ്ഞ കാര്യം ബാധകമാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിലും രൂപമെടുത്ത വിവിധ സംഘടനകൾ സാമുദായികവും വിശ്വാസപരവുമായ കാര്യങ്ങൾക്കൊപ്പം സാമൂഹ്യ വളർച്ചയ്ക്കും സംഭാവനകൾ നൽകിയിട്ടുണ്ട്.
എന്നാൽ മുൻകാലങ്ങളിലേതുപോലെ മത സാമുദായിക സംഘടനകളിൽനിന്നും സാമൂഹ്യ പരിഷ്കരണപരമായ ഇടപെടലുകൾ ഇപ്പോൾ ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത. പലരും നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടാനാണ് ഉത്സാഹം കാണിക്കുന്നത്. വിലപേശൽ ശക്തിയായി നിലനിൽക്കാനോ, വോട്ടുബാങ്ക് രാഷ്ട്രീയം സജീവമാക്കുന്നതിനോ ഉള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും കാണാം. ജാതീയവും മതപരവുമായ അനഭിലഷണീയ പ്രവണതകൾക്കും നമ്മുടെ നാട് സാക്ഷ്യംവഹിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ വർഗീയതയ്ക്ക് ലഭിച്ച മേൽക്കെെ എല്ലാത്തരം വർഗീയ ചിന്താഗതികളെയും പുഷ്ടിപ്പെടുത്തിയിട്ടുണ്ട്.
വർഗീയത ഉയർത്തുന്ന വെല്ലുവിളികളെ നേരിട്ട്, നാടിന്റെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വത്തിൽനിന്നും കോൺഗ്രസ് ഏറെക്കാലമായി വിട്ടുനിൽക്കുകയാണ്. അധികാരത്തിലെത്താൻ ഏതു ഹീനമാർഗവും അവലംബിക്കുന്നതിൽ തെറ്റില്ലെന്ന് ചിന്തിക്കുന്ന വലതുപക്ഷം ഓരോ വ്യക്തിയെയും ഓരോ വോട്ടായാണ് പരിഗണിക്കുന്നത്. ഓരോ സമുദായവും അവർക്ക് ഒരു കൂട്ടം വോട്ടുകൾ മാത്രമാണ്.
പത്തുവർഷം തുടർച്ചയായി അധികാരത്തിലിരുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന്റെ നേതൃത്വത്തിൽ യാഥാർത്ഥ്യമായ വൻകിട വികസന പ്രവർത്തനങ്ങളും ചരിത്രം സൃഷ്ടിച്ച ക്ഷേമ പദ്ധതികളും ഒരിക്കൽക്കൂടി തുടർഭരണത്തിന് വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെട്ട ഘട്ടത്തിലാണ് എല്ലാത്തരം ഇടതുപക്ഷവിരുദ്ധ ശക്തികളെയും ഒരുമിപ്പിച്ചു കൂടെ നിർത്താൻ യുഡിഎഫ് ശ്രമമാരംഭിച്ചത്. അക്കൂട്ടത്തിൽ കടുത്ത വർഗീയ നിലപാടുകൾ സ്വീകരിക്കുന്നവരുമായി കൈകോർക്കാനും യുഡിഎഫ് മടിച്ചില്ല. ഒരേസമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും പുണരാനാണ് കോൺഗ്രസ് ശ്രമിച്ചത്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലുടനീളം ഇത്തരത്തിലുള്ള വലതുപക്ഷ – വർഗീയസഖ്യം ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചതായി കാണാൻ കഴിയും.
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് ഗോൾവാൾക്കറുടെ ചിത്രത്തിന്റെ മുൻപിൽ നിലവിളക്ക് കൊളുത്തി താണുവണങ്ങിയ വി ഡി സതീശനും, ആർഎസ്എസ് ശാഖയ്ക്ക് കാവൽനിന്നിട്ടുള്ള കാര്യം വെളിപ്പെടുത്തിയ കെ സുധാകരനും, എല്ലാദിവസവും മോദിയെ പുകഴ്ത്തി പ്രസ്താവനകളിറക്കുന്ന ശശി തരൂരും ഉൾപ്പെടുന്ന കോൺഗ്രസ് നേതൃത്വമാകെ ആർഎസ്എസിനെ പ്രീണിപ്പിച്ചു. മറുഭാഗത്ത് മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് പരസ്യബാന്ധവത്തിൽ ഏർപ്പെട്ടു. യുഡിഎഫിലെ ഒരു അനൗപചാരിക ഘടകകക്ഷിയായാണ് വെൽഫെയർ പാർട്ടി ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇടതുപക്ഷവിരുദ്ധ നുണപ്രചാരവേലയുടെ കേന്ദ്രം ഇക്കൂട്ടരായിരുന്നു. അവർ മുസ്ലീം ലീഗിന്റെ രാഷ്ട്രീയ നേതൃത്വമെന്ന നിലയിലേക്കെത്തി.
സംഘപരിവാർ വർഗീയതയെ ചെറുക്കുന്നതിന്റെ ഭാഗമായി നൂറുകണക്കിന് കമ്യൂണിസ്റ്റ് പോരാളികൾക്കു ജീവൻ ബലിയർപ്പിക്കേണ്ടിവന്ന നാടാണ് കേരളം. ആ മഹത്തായ ചരിത്രത്തെ പുച്ഛിച്ചുകൊണ്ട് രക്തസാക്ഷികളുടെ പ്രസ്ഥാനമായ സി പി ഐ എമ്മിനുമേൽ വർഗീയ ചാപ്പ കുത്താൻ ഇക്കൂട്ടർക്ക് ഒരു മടിയും ഉണ്ടായില്ല. വെള്ളം ചേർക്കാത്ത കള്ളം നിരന്തരം ആവർത്തിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുക എന്ന ഫാസിസ്റ്റ് പ്രചരണ രീതിയാണ് തിരഞ്ഞെടുപ്പ് രംഗത്ത് ഇവർ പയറ്റിയത്. ഭൂരിപക്ഷ വർഗീയതയോട് എൽഡിഎഫും സിപിഐ എമ്മും മൃദു സമീപനം സ്വീകരിക്കുന്നു എന്ന പ്രതീതി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ യുഡിഎഫിന് കഴിഞ്ഞു. എൽഡിഎഫിനുള്ള ജനപിന്തുണയിൽ കുറവുവരുന്നതിന് പ്രധാന ഘടകമായി ഇത് പ്രവർത്തിച്ചു. വസ്തുതകൾ ഉയർത്തി ഇത്തരം നുണപ്രചാരവേലയെ പ്രതിരോധിക്കാൻ നമുക്ക് വേണ്ടത്ര കഴിഞ്ഞില്ല.
ന്യൂനപക്ഷങ്ങളെ കേരളത്തിൽനിന്നും പുറന്തള്ളുന്നതിന് പിണറായി വിജയൻ കൊണ്ടുവന്ന പരിപാടിയാണ് എസ് ഐ ആർ എന്നുപോലും തിരഞ്ഞെടുപ്പ് സമയത്ത് വീടുവീടാന്തരം കയറി പ്രചരണം നടത്താൻ ഒരു മനസ്സാക്ഷിക്കുത്തും ഇവർക്കുണ്ടായിരുന്നില്ല . ഇത്തരം കല്ലുവെച്ച നുണകളാണ് തിരഞ്ഞെടുപ്പ് സമയത്ത് ഓരോ വീടുകളിലും എത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികളായി വന്നവർ “മതചര്യ അനുസരിച്ച് ജീവിക്കുന്നവരല്ലെന്നും, മതവിരുദ്ധരാണെന്നുമുള്ള’ഹീനമായ വർഗീയ പ്രചരണവും ലീഗിന്റെ നേതൃത്വത്തിൽ വ്യാപകമായി നടന്നു.
കോൺഗ്രസ് പരാജയപ്പെട്ടാൽ അവരെല്ലാം കൂട്ടമായി ബിജെപിയിൽ ചേരുമെന്നും അങ്ങനെ കോൺഗ്രസ് തകർന്നുപോകുമെന്നും ചില കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ വലിയതോതിൽ പ്രചരിപ്പിക്കപ്പെട്ടു. കോൺഗ്രസ് തകർന്നാൽ അത് മതിനിരപേക്ഷ ചേരിയെ ദുർബലപ്പെടുത്തുമെന്നും അതുകൊണ്ട് കോൺഗ്രസ് തകർന്നുപോകാതിരിക്കാൻ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കണമെന്നും ഒരുതവണ പരാജയപ്പെട്ടാലും എൽഡിഎഫിന് ഒന്നും സംഭവിക്കില്ലെന്നുമുള്ള നിലയിലായിരുന്നു പ്രചരണം. എന്നാൽ യാഥാർത്ഥ്യം വ്യത്യസ്തമാണെന്നും തിരഞ്ഞെടുപ്പിൽ വിജയിച്ച നേതാക്കളാണ് കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിൽ എത്തിയവരിൽ ഏറിയകൂറുമെന്നുമുള്ള കാര്യം ഭംഗിയായി മറച്ചുവെച്ചു.
ഒരേസമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും കൂടെ നിർത്തിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, മുൻകാലങ്ങളെപ്പോലെ ഇരു വർഗീയ സമീപനങ്ങളെയും തുറന്നുകാണിക്കാനും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാനും ഈ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം ശ്രമിച്ചുവെന്നത് അഭിമാനകരമാണ്. തെറ്റായ പ്രതീതി സൃഷ്ടിക്കുന്നതിൽ വലതുപക്ഷം കുറേയൊക്കെ വിജയിച്ചിട്ടുണ്ടാവാം. പക്ഷേ വൈകിയാണെങ്കിലും സത്യം തിരിച്ചറിയാൻ ജനങ്ങൾക്കു കഴിയുമെന്നതിൽ സംശയിക്കാനില്ല.
ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ‘കാസ’ പോലെയുള്ള സംഘടനകൾ രൂപപ്പെടുത്തിയ മുസ്ലീം വിരോധത്തിന്റെ രാഷ്ട്രീയം ഈ മേഖലയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പലസ്തീൻ പ്രശ്നത്തെപ്പോലും മതപരമായ ഒരു പ്രശ്നം എന്ന നിലയിൽ വക്രീകരിച്ച് അവതരിപ്പിച്ചു. ഇടതുപക്ഷം മുസ്ലീം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നുവെന്ന് പ്രതീതി സൃഷ്ടിക്കാനാണ് ഇവർ ശ്രമിച്ചത്. മുസ്ലീം വിരോധത്തെ മുൻനിർത്തി ബിജെപിക്ക് അനുകൂലമായ നിലപാടുകൾ കഴിഞ്ഞ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ചില ക്രൈസ്തവസഭകൾ സ്വീകരിച്ചിരുന്നു. എന്നാൽ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്സിആർഎ) ഭേദഗതി വന്നതോടെ ഇവർക്കിടയിൽ ബിജെപിക്കെതിരായ വികാരം വളർന്നു. അതിന്റെ അടിസ്ഥാനത്തിൽ അഖിലേന്ത്യാതലത്തിൽ ബിജെപിക്ക് ബദലായ പ്രസ്ഥാനം കോൺഗ്രസാണെന്ന് ധരിച്ച് യുഡിഎഫിനെ അനുകൂലിക്കുന്ന നിലപാട് അവർ സ്വീകരിച്ചു.
എല്ലാ സമുദായ സംഘടനകളുമായും സൗഹൃദപരമായ ബന്ധമാണ് എൽഡിഎഫ് സർക്കാർ പുലർത്തിയത്. ഇടനിലക്കാരുടെ ആവശ്യമില്ലാതെ വിവിധ വിഭാഗങ്ങൾക്ക് തങ്ങളുടെ ആവലാതികൾ സർക്കാരിനു മുൻപാകെ ബോധിപ്പിക്കാൻ അവസരമുണ്ടായത് എൽഡിഎഫ് ഭരണത്തിലാണ്. അതിനാൽ, എൽഡിഎഫ് ഭരണത്തെ മുൻനിർത്തി യാതൊരു അസംതൃപ്തിയും ഇത്തരം സംഘടനകൾക്കോ വിഭാഗങ്ങൾക്കോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വർഗീയലക്ഷ്യത്തോടെ യുഡിഎഫിന്റെ നേതൃത്വത്തിൽ അരങ്ങേറിയ നുണപ്രചാരവേലയുടെ വേലിയേറ്റമാണ് ഒരു വിഭാഗം വോട്ടർമാരെ സ്വാധീനിച്ചതെന്നു വ്യക്തം. l



