Tuesday, June 23, 2026

ad

Homeകവര്‍സ്റ്റോറിപരാജയത്തിന്റെ 
സാമൂഹിക–രാഷ്ട്രീയ കാരണങ്ങൾ

പരാജയത്തിന്റെ 
സാമൂഹിക–രാഷ്ട്രീയ കാരണങ്ങൾ

പി കെ ബിജു

കേരള നിയമസഭയിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അപ്രതീക്ഷിതമായ പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്.
1. മാറുന്ന ദേശീയ–സാര്‍വ്വദേശീയ 
സാഹചര്യം
2. കേരളീയ സമൂഹത്തില്‍ വന്നിട്ടുള്ള 
വലിയ തോതിലുള്ള മാറ്റം
3. ആശയരംഗത്തെ പ്രശ്നങ്ങള്‍

1. മാറുന്ന ദേശീയ– സാര്‍വദേശീയ സാഹചര്യം
ലോകമുതലാളിത്തം ആഗോളവല്‍ക്കരണനയങ്ങള്‍ അതിശക്തമായി ലോകത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ലോകമെങ്ങും കോര്‍പ്പറേറ്റ് അധിനിവേശം ശക്തിപ്പെട്ടുവരികയാണ്. ലോകവ്യാപകമായി തൊഴിലാളി / കര്‍ഷക മേഖലകള്‍ വലിയ പ്രതിസന്ധിയിലേക്ക് മാറിയിരിക്കുകയാണ്. ഇതിനെതിരായി ഉയര്‍ന്നുവരുന്ന കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധങ്ങള്‍ക്കുനേരെ കടുത്ത ആക്രമണമാണ് മുതലാളിത്തം നടത്തുന്നത്. ഈ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിന് ഇടതുപക്ഷ ആശയങ്ങള്‍ ശക്തിപ്പെടാതിരിക്കാന്‍ വലിയ പരിശ്രമം നടത്തുന്നു. ലോകത്ത് ഇടതുപക്ഷ ആശയങ്ങള്‍ക്ക് സ്വീകാര്യതയും ശക്തിയും വര്‍ദ്ധിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് കോര്‍പ്പറേറ്റ് മുതലാളിത്തം പരിശ്രമിക്കുന്നത്. വലതുപക്ഷ ആശയങ്ങളെ ലോകാത്തെമ്പാടും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. വലതുപക്ഷ ഭരണകൂടങ്ങള്‍ക്കെതിരായിട്ടുള്ള തൊഴിലാളികളുടെയും കൃഷിക്കാരുടെയും ശക്തമായ പ്രക്ഷോഭങ്ങള്‍ ഇടതുപക്ഷത്തെ സ്വാഭാവികമായും കരുത്താര്‍ജിപ്പിക്കേണ്ടതാണ്. എന്നാല്‍, ലോകചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷത്തിന് മുന്നേറ്റം ഉണ്ടാകാതിരിക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ / വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ ഇടതുപക്ഷ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുക എന്ന നയമാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി വലതുപക്ഷത്തിന് തിരിച്ചടി നേരിടുന്ന രാജ്യങ്ങളില്‍പോലും ഇടതുപക്ഷത്തിനു പകരം തീവ്ര വലതുപക്ഷമാണ് കരുത്താര്‍ജിക്കുന്നത്. അടുത്തകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ ജപ്പാന്‍, ഹംഗറി, ബ്രിട്ടണ്‍, ബൊളീവിയ, അര്‍ജന്റീന ഇവിടെയെല്ലാം തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നത് ഇതാണ് കാണിക്കുന്നത്. സ്വത്വവാദപരവും വംശീയവുമായ ആശയങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഇതിനാണ് ആ രാജ്യങ്ങളില്‍ വലിയ സ്വീകാര്യത ലഭിക്കുന്നത്.

1990കളില്‍ ഇന്ത്യയിലും ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കപ്പെട്ടു. കോണ്‍ഗ്രസ് തുടങ്ങിവച്ച ആഗോളവല്‍ക്കരണ നയം ബിജെപി അതിശക്തമായി മുന്നോട്ടുകൊണ്ടുപോവുകയാണ്. രാജ്യത്തിന്റെ ഭരണത്തെ നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. വിരലിലെണ്ണാവുന്ന കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി രാജ്യത്തിന്റെ നയങ്ങള്‍ മാറ്റിയെഴുതുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. തൊഴിലാളികളെയും കൃഷിക്കാരെയും ദുര്‍ബല ജനവിഭാഗങ്ങളെയും ചൂഷണംചെയ്ത് ഒരു ചെറു ന്യൂനപക്ഷം വരുന്ന കോര്‍പ്പറേറ്റുകളെ അതിസമ്പന്നരാകാന്‍ ഇന്ത്യന്‍ ഭരണ വര്‍ഗ്ഗം സഹായിച്ചുകൊണ്ടിരിക്കുകയാണ്. ഏഴര പതിറ്റാണ്ടുകൊണ്ട് രാജ്യം നേടിയെടുത്ത സമ്പത്ത് ചുളുവിലയ്ക്ക് കോര്‍പറേറ്റുകള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്. ഈ നയങ്ങള്‍ക്കെതിരായിട്ടുള്ള പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്താനാണ് ഇന്ത്യയിലെ ഭരണവര്‍ഗ്ഗം വര്‍ഗീയത അതിശക്തമായി രാജ്യത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ശരിയായ രാഷ്ട്രീയത്തിലൂടെ മാത്രമേ ഇത് തുറന്നുകാണിക്കാനും എതിര്‍ക്കാനും സാധിക്കൂ. ആഗോളവത്കരണ നയങ്ങളും സാങ്കേതികവിദ്യയുടെ വളര്‍ച്ചയും ഒരു ആഗോള സാഹചര്യം നമ്മുടെ രാജ്യത്തും സൃഷ്ടിച്ചിട്ടുണ്ട്. ചിന്തയും യുക്തിയും ഉപയോഗിച്ച് കാര്യങ്ങളെ വിശകലനം ചെയ്യുന്നതിനുപകരം വൈകാരികമായ അന്തരീക്ഷം സൃഷ്ടിക്കുന്ന സമീപനം കൂടിയാണ് അത്. ശക്തമായ രാഷ്ട്രീയവത്കരണത്തിന്റെ അഭാവത്തില്‍ ഇത്തരം ചിന്താഗതികള്‍ സമൂഹത്തില്‍ ശക്തിപ്പെടുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലുകളും കാഴ്ചപ്പാടുകളും പുതിയ തലമുറയിലും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് മനസ്സിലാക്കി ഇടപെടാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

2. കേരളീയ സമൂഹത്തില്‍ വന്നിട്ടുള്ള 
വലിയ തോതിലുള്ള മാറ്റം
കേരളത്തിലെ സാമൂഹ്യ വികാസത്തിന് ഇടതുപക്ഷം നല്‍കിയ പങ്ക് വളരെ വലുതാണ്. ഭൂപരിഷ്കരണം, അധികാര വികേന്ദ്രീകരണം തുടങ്ങിയ ഭരണ നടപടികള്‍ കേരളത്തിന്റെ സാമൂഹ്യ വളര്‍ച്ചയ്ക്കിടയാക്കിയ പ്രധാനപ്പെട്ട ഇടപെടലുകളാണ്. ഇത് നമ്മുടെ സംസ്ഥാനത്ത് സാമൂഹിക വികാസമുണ്ടാക്കുകയും ഇടത്തരക്കാരായ വിഭാഗങ്ങള്‍ ശക്തിയാര്‍ജ്ജിച്ചുവരാന്‍ ഇടയാക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ ജനസംഖ്യ ഗ്രാമങ്ങളെ കവച്ചുവെക്കുന്ന വിധത്തില്‍ വികസിച്ചുവരുന്നതിന് പിന്നില്‍ ഇത്തരമൊരു സാമൂഹ്യ ഇടപെടലുണ്ട്. ഇടത്തരം വിഭാഗത്തിന്റെ മുന്‍ഗണനകള്‍ വ്യത്യസ്തമാണ്. ഇതു മനസ്സിലാക്കി അവരെ ഇടതുപക്ഷത്തോടൊപ്പം അടിയുറപ്പിച്ചു നിര്‍ത്തുന്നതിന് പ്രത്യേകമായ ശ്രദ്ധചെലുത്തേണ്ടതാണ്. പാര്‍ട്ടി പരിപാടി ചൂണ്ടിക്കാണിക്കുന്നതുപോലെ, ഈ വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കുന്നതിന് പ്രധാനപ്പെട്ട പങ്ക് നിര്‍വഹിക്കാന്‍ കഴിയുന്നത് സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനത്തിലാണ്. സാംസ്കാരിക രംഗം ശക്തിപ്പെടുത്തുകയും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇടത്തരം വിഭാഗങ്ങളെ പാര്‍ട്ടിക്കൊപ്പം അണിനിരത്തുന്ന പ്രവര്‍ത്തനം നടത്തുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം ഇടത്തരം വിഭാഗത്തെ വളരെ വേഗം സ്വാധീനിക്കാന്‍ കഴിയുന്ന ജാതിമത വര്‍ഗീയ ശക്തികളും പിന്തിരിപ്പൻ ശക്തികളും അവിടെ കേന്ദ്രീകരിക്കുകയും അവരുടെ രാഷ്ട്രീയ നിലപാടുകളില്‍ ഇടപെടുകയും അവരെ വലതുപക്ഷവല്‍ക്കരിക്കുകയും ചെയ്യും. ഇത് മനസ്സിലാക്കിയാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനം സാംസ്കാരിക മേഖലയിലെ കാഴ്ചപ്പാട് അംഗീകരിച്ചുകൊണ്ടുള്ള ഒരു സാംസ്കാരിക രേഖ തയ്യാറാക്കിയത്.അതിന്റെ അടിസ്ഥാനത്തില്‍ ഇടത്തരക്കാരെ സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിയണം.

ഇടത്തരം കര്‍ഷക വിഭാഗമാണ് വലതുപക്ഷത്തിന്റെ പ്രധാന സ്വാധീനമേഖല. ഇടത്തരം കര്‍ഷക മേഖലയില്‍ ഇടതുപക്ഷം സജീവമായി ഇടപെടല്‍ നടത്തിയിട്ടുണ്ടെങ്കിലും അവയെ രാഷ്ട്രീയ പിന്തുണയാക്കി മാറ്റാനായിട്ടില്ല. കര്‍ഷകത്തൊഴിലാളി നമുക്കൊപ്പം പൊതുവില്‍ അണിനിരന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളി മേഖലയില്‍ മുന്‍പ് ലഭിച്ചത്ര പിന്തുണ ഉണ്ടാക്കാനായിട്ടില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ അടിത്തറ പരമ്പരാഗത തൊഴില്‍ മേഖലയാണ്. കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ മേഖലകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ആധുനികമായ യന്ത്ര സംവിധാനങ്ങളും മറ്റും ആവിര്‍ഭവിച്ചതോടുകൂടി ഈ മേഖലയെ പഴയപോലെ നിലനിര്‍ത്തുകയെന്നത് പ്രയാസകരമായിത്തീര്‍ന്നു. എന്നാല്‍ സാമ്പത്തിക പരിമിതികളുണ്ടായിട്ടും പരമ്പരാഗത തൊഴില്‍ മേഖലയെ സംരക്ഷിക്കുന്ന ശക്തമായ ഇടപെടല്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയെങ്കിലും അവയെല്ലാം നിലവിലുള്ള പ്രതിസന്ധികളെ പൂര്‍ണമായും മുറിച്ചുകടക്കാന്‍ പര്യാപ്തമായിരുന്നില്ല. പരമ്പരാഗത തൊഴിലാളി മേഖലയില്‍ ഉണ്ടായ ഈ ദൗര്‍ബല്യം നമ്മുടെ ശക്തമായ വര്‍ഗ്ഗപരമായ അടിത്തറയെ ദുര്‍ബലപ്പെടുത്തുന്ന സ്ഥിതി യുണ്ടാക്കി.

സാമൂഹ്യമായും സാമ്പത്തികമായും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ നമ്മുടെ കൂടി ഇടപെടലിന്റെ ഭാഗമായി സാമൂഹ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ഗ്ഗസമരം എന്നത് സാമ്പത്തികമായ സമത്വത്തിനുവേണ്ടിയുള്ള സമരത്തോടൊപ്പം തന്നെ സാമൂഹ്യനീതിക്ക് വേണ്ടിയുള്ള സമരം കൂടിയാണ് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ സാമൂഹ്യമായി ഉയര്‍ന്നുവന്നിട്ടുള്ള ഒരു ചെറു വിഭാഗം വിദ്യാസമ്പന്നരില്‍ സ്വത്വരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടുകള്‍ സജീവമായി വളര്‍ന്നുവരുന്നുണ്ട്. പുതിയ തലമുറയെ വര്‍ഗീയവാദത്തിന്റെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും ഭാഗമായി മാറ്റുന്നതിനുള്ള ശക്തമായ ഇടപെടല്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. സ്വത്വ രാഷ്ട്രീയത്തിന്റെ വക്താക്കളെ സ്ഥാനാര്‍ത്ഥികളായി കൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ യുഡിഎഫ് നടത്തിയത് ഇതിന്റെ കൂടി ഭാഗമായിട്ടാണ്. സാമൂഹ്യമായ അവശതയുടെ അടിസ്ഥാന കാരണം ഇന്ത്യയിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയാണ്. അതിന്റെ പക്ഷത്തു നില്‍ക്കുന്ന ബിജെപിക്കെതിരായുള്ള പ്രചരണമല്ല സ്വത്വവാദികള്‍ നടത്തുന്നത്.

പട്ടികജാതി / പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമിയുടെ അവകാശം പതിച്ചു നല്‍കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങളെ തകര്‍ത്തത് വലതുപക്ഷ ശക്തികളാണ്. അതിന്റെ ഫലമായി കേരളത്തിലെ പട്ടികജാതി / പട്ടികവര്‍ഗ്ഗ ഭൂ പ്രശ്നം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയാതെ പോയി. ഇത്തരം നിലപാട് സ്വീകരിച്ച ബിജെപിക്കും കോണ്‍ഗ്രസിനും എതിരായ ഒരു വിമര്‍ശനത്തിനുപോലും ഇവര്‍ തയ്യാറാകുന്നില്ല. മറിച്ച് ഈ വിഭാഗങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റുകാര്‍ക്കെതിരെ സംസാരിക്കുക എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ ബോധപൂര്‍വ്വം സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നതാണ്. ഇതു മനസ്സിലാക്കി സാമൂഹ്യമായി പുരോഗതിയിലേക്കു വന്ന വിദ്യാഭ്യാസ സമ്പന്നരായ വിഭാഗത്തിന്റെ കൂടെ പിന്തുണ ആര്‍ജ്ജിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്ക് കഴിയണം.

കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തില്‍ എപിഎല്‍ / ബിപിഎല്‍ വിഭജനം എളുപ്പമല്ല എന്ന് നമുക്കറിയാം. ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ ബിപിഎല്‍ വിഭാഗത്തിന് നല്‍കുന്നത് മറ്റു വിഭാഗങ്ങളില്‍ അസംതൃപ്തി രൂപപ്പെടുത്തുന്നതിനിടയാക്കുന്ന സ്ഥിതിയുണ്ട്. തങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ല എന്നതു മാത്രമല്ല തങ്ങളുടെ സാമ്പത്തിക വിഹിതം കൂടി മറ്റു വിഭാഗങ്ങള്‍ക്ക് അനുകൂല്യം കൊടുക്കാന്‍ നല്‍കുന്നു എന്ന പ്രചരണവും ഇവരില്‍ അസംതൃപ്തിക്ക് ഇടയാക്കുന്നുണ്ട്. ഇടതുപക്ഷം എപ്പോഴും പാവപ്പെട്ടവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടി എന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഇടത്തരക്കാരെ കൂടി ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ ആസൂത്രണം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നതാണ് ഇതിന്റെ അടിസ്ഥാനത്തില്‍ നാം തിരിച്ചറിയേണ്ടത്.

എസ്.ഐ.ആര്‍ വന്നതിനുശേഷം ഓരോ മണ്ഡലത്തിലെയും വോട്ടര്‍പട്ടികയില്‍ വന്ന മാറ്റങ്ങള്‍ ഗൗരവമായി പഠനവിഷയം ആക്കണം. പല മണ്ഡലത്തിലും വന്‍തോതില്‍ വോട്ടുകള്‍ കുറയുകയും കൂടുകയും ചെയ്തത്, പല മണ്ഡലങ്ങളുടെയും രാഷ്ട്രീയ ബലാബലത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന കാര്യം ഗൗരവമായി കണ്ടുകൊണ്ട് അതിനെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയണം. വോട്ട് നഷ്ടപ്പെട്ടവരുണ്ട്, വോട്ട് ചേര്‍ക്കാന്‍ കഴിയാത്തവരുണ്ട്, അനധികൃതമായി വോട്ടേഴ്സ് ലിസ്റ്റില്‍ കടന്നുകൂടിയവരുണ്ട്. ഇത് മനസ്സിലാക്കി പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ ഇടപെടുകയും ചെയ്യുമ്പോഴാണ് ഓരോരുത്തരുടെയും വോട്ടവകാശം സംരക്ഷിക്കാനുള്ള കാര്യത്തില്‍ ശരിയായ ഇടപെടല്‍ നമുക്ക് നടത്താന്‍ സാധിക്കുക.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പത്തുവര്‍ഷക്കാലത്തെ ഭരണം കേരളത്തിന്റെ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട പങ്ക് നിര്‍വഹിച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യ വികസനം, പൊതുമേഖലകളുടെ മെച്ചപ്പെടുത്തല്‍ എന്നിവയിലെല്ലാം വമ്പിച്ച പുരോഗതി ആര്‍ജ്ജിക്കാനായിട്ടുണ്ട്. കേന്ദ്ര ബിജെപി സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കാന്‍ ശ്രമിച്ചിട്ടും എൽഡിഎഫ് സർക്കാർ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. സാധാരണക്കാര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാനും, കാലോചിതമായി വര്‍ദ്ധിപ്പിക്കാനും ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. ആരോഗ്യ / വിദ്യാഭ്യാസ മേഖലയിലുണ്ടായ വലിയ പുരോഗതി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട താല്‍പര്യമുള്ള വിഭാഗത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരുന്നു. അവര്‍ക്ക് ഇടതുപക്ഷ ഭരണം അവസാനിപ്പിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട ആവശ്യമായിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയില്‍ കുട്ടികളുടെ എണ്ണം കുറയുന്നതിന്റെ പേരില്‍ സ്കൂളുകള്‍ അടച്ചുപൂട്ടുന്ന യുഡിഎഫ് കാലത്തെ അപേക്ഷിച്ച് 11 ലക്ഷം കുട്ടികള്‍ വര്‍ദ്ധിച്ച പൊതുവിദ്യാഭ്യാസത്തെയാണ് ഇടതുപക്ഷ ഭരണം സൃഷ്ടിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി വരെയുള്ള ആരോഗ്യ രംഗത്തെ വളര്‍ച്ച പ്രതിവര്‍ഷം 13 1/2 കോടി ആളുകള്‍ക്ക് ചികിത്സ ഉറപ്പാക്കുന്ന ആതുര ശുശ്രൂഷാ കേന്ദ്രമായി നമ്മുടെ ആശുപത്രികളെ മാറ്റിയിരുന്നു. ഇത് കച്ചവടക്കണ്ണോടെ ഈ മേഖലയില്‍ ശ്രദ്ധ വെച്ചിരുന്ന സംഘടിതവും അല്ലാത്തതുമായ വിഭാഗത്തെ വലിയ തോതില്‍ ആശങ്കപ്പെടുത്തിയിരുന്നു. അത്തരം വിഭാഗങ്ങളും ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വന്നിട്ടുണ്ട്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അഴിമതിരഹിതമായ ഭരണം തുടരുന്നതിൽ വഴിവിട്ട് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ചെറിയ ന്യൂനപക്ഷം വരുന്ന സമ്പന്ന വിഭാഗങ്ങള്‍ക്ക് താല്‍പര്യമുണ്ടായില്ല.അത്തരക്കാരും ഇടതുപക്ഷ ഗവണ്‍മെന്റ ഇല്ലാതാകുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിക്കുകയുണ്ടായി.

3. ആശയരംഗത്തെ പ്രശ്നങ്ങള്‍
വലതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രത്തെ തുറന്നുകാട്ടുന്നതിലും ഇടതുപക്ഷ ആശയം പ്രചരിപ്പിക്കുന്നതിലും വലിയ തോതിലുള്ള പോരായ്മയാണ് നിലനില്‍ക്കുന്നത്. ജനകീയ ജനാധിപത്യ വിപ്ലവം എന്താണ് എന്ന് മനസ്സിലാക്കാനും അത് പ്രായോഗികമാക്കാനുമുള്ള പ്രവര്‍ത്തനമാണ് നമ്മുടെ ലക്ഷ്യമെന്നും പാര്‍ട്ടിയിലാകെ എത്തിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പു കാലത്ത് നാം മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങളായ “എല്‍ഡിഎഫ് വരും എല്ലാം ശരിയാകും”, “കേരളം അതിദാരിദ്ര്യമുക്തം” എന്നിവയൊക്കെ മുതലാളിത്ത ഭരണകൂടമുള്ള ഇന്ത്യയില്‍ ഫെഡറല്‍ സംസ്ഥാനമായ കേരളത്തിലെ എല്‍ഡിഎഫിന് ലഭിക്കുന്ന അധികാരം ഉപയോഗിച്ചുകൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവും എന്ന മിഥ്യാബോധം രൂപപ്പെടുന്നതിനിടയാക്കി. വിപ്ലവം അനിവാര്യമായ ഒന്നാണെന്ന ബോധം വികസിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഇതിനെ മറികടക്കാന്‍ കഴിയൂ. ആ പരിമിതിയുടെ ഭാഗമായിട്ടാണ് നമ്മുടെ സര്‍ക്കാരുകള്‍ ഇടതുപക്ഷ ഭരണവും സോഷ്യലിസ്റ്റ് ഭരണവും നടത്താന്‍ തയ്യാറാകുന്നില്ല എന്ന നിലയിലുള്ള ധാരണ ചില പാര്‍ട്ടി സഖാക്കളില്‍ രൂപം കൊള്ളുന്നതിനിടയാക്കിയത്. ഇന്ത്യയിലെ സംസ്ഥാന ഭരണം നടത്തുന്ന ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ക്കുള്ള സാധ്യതകളും പരിമിതികളും മനസ്സിലാക്കിയെങ്കില്‍ മാത്രമേ ഇടതുപക്ഷ ഭരണം ലഭിക്കുന്നതു കൊണ്ടു മാത്രം തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ ആവുന്നതാണ് എന്ന ബോധത്തില്‍ നിന്നും സഖാക്കളെ മാറ്റിയെടുക്കാന്‍ കഴിയുകയുള്ളൂ. ഇതാണ് വലതുപക്ഷത്തിന് ഞങ്ങളാണ് യഥാര്‍ത്ഥ ഇടതുപക്ഷം എന്ന പ്രചരണം നടത്താന്‍ സഹായകമായത്.

രണ്ടാം ലോകയുദ്ധത്തിനുശേഷം ലോക മുതലാളിത്തം അവരുടെ സ്വാധീനം നിലനിര്‍ത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇടതുപക്ഷ സ്വാധീനം ദുർബലപ്പെടുത്തുന്നതിനും വേണ്ടി രൂപപ്പെടുത്തിയ ഒന്നാണ് ഉത്തരാധുനിക എന്ന ആശയം. ഉത്തരാധുനികതയും സ്വത്വരാഷ്ട്രീയവും നമ്മുടെ സമൂഹത്തില്‍ വലിയതോതില്‍ വേരുപിടിച്ച ഒന്നായി മാറിയിട്ടുണ്ട്. മാര്‍ക്സിസ്റ്റ് സമീപനം കാലഹരണപ്പെട്ടതാണെന്നും സ്വത്വരാഷ്ട്രീയമാണ് ഒരോ വിഭാഗത്തിന്റെയും പ്രശ്നം പരിഹരിക്കാന്‍ വേണ്ടതെന്നുമുള്ള ആശയം പുരോഗമനപരം എന്ന നിലയില്‍ വലിയ തോതിൽ നമ്മുടെ സമൂഹത്തിലും പ്രചരിപ്പിക്കുകയാണ്.

കേരളത്തിലെ അക്കാദമിക രംഗത്തും സാംസ്കാരിക മേഖലയിലുമെല്ലാം ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്ന ഇത്തരം ആശയങ്ങളും ഇടതുപക്ഷത്തിനെതിരായിട്ടുള്ള പ്രവര്‍ത്തനത്തിന് ആക്കംകൂട്ടാന്‍ ഉപയോഗിച്ചിട്ടുണ്ട്. മാര്‍ക്സിസ്റ്റ് ആശയം സര്‍വ്വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും നല്ല നിലയില്‍ പ്രചരിപ്പിക്കുക എന്നത് ഈ കാലഘട്ടത്തില്‍ നാം ഏറ്റെടുക്കേണ്ട വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. വര്‍ഗീയതയെ എതിര്‍ക്കുന്നത് മതവിശ്വാസത്തെ എതിര്‍ക്കുന്നതാണ് എന്ന പ്രചരണം നടത്തി വിശ്വാസികളെ നമുക്കെതിരായി തിരിച്ചുവിടാനുള്ള ബോധപൂര്‍വ്വമായിട്ടുള്ള പരിശ്രമവും നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. സംഘപരിവാറിന്റെ നിലപാടുകളെ എതിര്‍ത്താല്‍ അത് ഹിന്ദുവിരുദ്ധമാണെന്നും മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും തുറന്നു കാണിച്ചാൽ അത് മുസ്ലീം വിരുദ്ധമാണെന്നുമുള്ള ഒരു നറേഷന്‍ ബോധപൂര്‍വ്വം ആശയരംഗത്ത് വലതുപക്ഷ മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളും പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെ തുറന്നുകാട്ടുകയെന്നത് എല്ലാതരത്തിലുള്ള വര്‍ഗീയതയ്ക്കുമെതിരായിട്ടുള്ള പോരാട്ടത്തില്‍ പ്രധാനമാണ്. അതിലൂടെ മാത്രമേ മതവിശ്വാസികളെക്കൂടി യോജിപ്പിച്ച് വര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടം നടത്താൻ നമുക്ക് സാധിക്കൂ. മതനിരപേക്ഷ ഉള്ളടക്കമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ ഇതിലൂടെ മാത്രമേ കഴിയൂ. നമ്മുടെ ആശയങ്ങള്‍ ശരിയായ വിധത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നില്ല എന്ന പരിമിതിയെ മറികടന്നുകൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കുക എന്നത് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ സവിശേഷമായി ഇടപെടല്‍ നടത്താന്‍ നമുക്ക് സാധിക്കണം. അതിലൂടെ മാത്രമേ ഇടതുപക്ഷത്തിനെതിരായി, “യഥാര്‍ത്ഥ ഇടതുപക്ഷം തങ്ങളാണ്” എന്ന വലതുപക്ഷത്തിന്റെ തെറ്റായ പ്രചരണത്തെ മറികടക്കാനും യഥാര്‍ത്ഥ ഇടതുപക്ഷ ആശയത്തെ നമ്മുടെ സമൂഹത്തില്‍ വേരുപിടിപ്പിക്കാനും സാമൂഹ്യ പുരോഗതിക്കുവേണ്ടി ഉപയോഗിക്കാനും കഴിയൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × three =

Most Popular