Tuesday, June 23, 2026

ad

Homeകവര്‍സ്റ്റോറിനിയമസഭാ തിരഞ്ഞെടുപ്പ് വിധിയും കാര്‍ഷിക മേഖലയും

നിയമസഭാ തിരഞ്ഞെടുപ്പ് വിധിയും കാര്‍ഷിക മേഖലയും

വത്സൻ പനോളി (കേരള കര്‍ഷകസംഘം 
സംസ്ഥാന സെക്രട്ടറി)

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പരാജയപ്പെടുകയായിരുന്നില്ല. എല്‍ ഡി എഫ് ഭരണം അട്ടിമറിക്കപ്പെടുകയായിരുന്നു. 1957 ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് ഗവണ്‍മെന്റ് നടപ്പാക്കിയ ഭൂപരിഷ്കരണ നടപടിയിലൂടെ ഭൂ അധികാരം നഷ്ടപ്പെട്ട ജാതി–ജന്മി – നാടുവാഴി വിഭാഗത്തിന്റെ പിന്മുറക്കാരും കോര്‍പ്പറേറ്റ് നയം നടപ്പിലാക്കുന്ന കോണ്‍ഗ്രസ് – ബിജെപി രാഷ്ട്രീയ ശക്തികളും അവരെ പിന്തുണയ്ക്കുന്ന പുത്തന്‍ പണക്കാരും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും ഒത്തുചേര്‍ന്ന് നടത്തിയ പുതിയ കാലത്തെ ‘വിമോചന സമര’മാണ് 2026 ലെ തിരഞ്ഞെടുപ്പു വിധിയില്‍ പ്രകടമായത്.

സ്വാതന്ത്ര്യ സമരകാലത്തെ ‘കൃഷിഭൂമി കര്‍ഷകന്’ എന്ന മുദ്രാവാക്യം സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നടപ്പിലാക്കിയ ഏക സംസ്ഥാനമാണ് കേരളം. പകലന്തിയോളം മണ്ണിനോട് മല്ലടിച്ച് വരുമാനമുണ്ടാക്കുകയും ആ സമ്പത്തെല്ലാം ജന്മിമാര്‍ കൈക്കലാക്കുകയും ചെയ്തിരുന്ന കാലം, പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ദരിദ്ര ജനലക്ഷങ്ങള്‍ക്ക് ഒരുതുണ്ട് ഭൂമിയോ അന്തിയുറങ്ങാന്‍ സ്വന്തമായൊരു കൂരയോ ഇല്ലാതിരുന്ന ആ കാലത്ത് അവര്‍ക്കെല്ലാം സ്വന്തമായി ഭൂമി നല്‍കാന്‍ നിയമമുണ്ടാക്കിയ ഇഎംഎസ് സര്‍ക്കാരിനെ, ഭൂഉടമകളുമായി സന്ധിയിലേര്‍പ്പെട്ട ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ പ്രതിനിധിയായ കേന്ദ്ര സർക്കാർ രണ്ടു വര്‍ഷത്തിനകം പിരിച്ചു വിടുകയായിരുന്നു. തൂടര്‍ന്ന് ഭൂപരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന കര്‍ഷക–കര്‍ഷകത്തൊഴിലാളി സമരങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് 1970 ഓടുകൂടി സിപിഐ ഉള്‍പ്പെട്ട വലതുപക്ഷ ഗവണ്‍മെന്റ് ഭൂപരിഷ്കാര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിതമായത്. സിപിഐ ഉള്‍പ്പെട്ട ഗവണ്‍മെന്റായിട്ടും ഭൂപരിഷ്കാര നിയമത്തില്‍ ജന്മിമാര്‍ക്ക് അനുകൂലമായി ഇഷ്ടദാനവകുപ്പ് (6c) ഉള്‍ച്ചേര്‍ത്താണ് നിയമം നടപ്പിലാക്കിയത്. ഇതിന്റെ ഫലമായി ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും, പട്ടികജാതി വിഭാഗത്തിനും ലഭിക്കേണ്ടുന്ന മിച്ചഭൂമിയുടെ അളവ് വലിയ തോതില്‍ കുറയുകയുണ്ടായി. പിന്നീട് ഇടയ്ക്കിടയ്ക്ക് അധികാരത്തില്‍ വന്നപ്പോഴെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് കൊണ്ടുവരുന്ന കേരളത്തിലെ മുഴുവന്‍ ദരിദ്ര ജനവിഭാഗത്തിനും കേരളത്തിനാകെയും വികസനത്തിനു വേണ്ടിയുള്ള പുരോഗമനാത്മക നടപടികള്‍ മാറിവരുന്ന വലതുപക്ഷസര്‍ക്കാരുകള്‍ അട്ടിമറിക്കുന്നതുമാണ് കേരളം കണ്ടത്. എന്നാല്‍ കേരളചരിത്രം തിരുത്തി പത്തുവര്‍ഷം നീണ്ട ഇടതുഭരണം കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളുടെ വളര്‍ച്ചയ്ക്കും പശ്ചാത്തല മേഖലയിലെ സമൂല മാറ്റത്തിനും ഇടയാക്കി. ഇതില്‍ അസഹിഷ്ണുക്കളായ പിന്തിരിപ്പന്‍ ശക്തികള്‍ ഒറ്റക്കെട്ടായി നടത്തിയ നിഗൂഢരാഷ്ട്രീയ നീക്കത്തിലൂടെയും ചില പ്രത്യേക ഡീലുകളിലൂടെയുമാണ് എല്‍ഡിഎഫിനെ 2026ല്‍ പരാജയപ്പെടുത്തിയത്.

1990 മുതല്‍ ഗവണ്‍മെന്റ് ഉണ്ടാക്കിയ അന്തര്‍ദേശീയ വ്യാപാരക്കരാറുകളും കയറ്റിറക്കുമതി നയങ്ങളും സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യന്‍ കര്‍ഷകര്‍ക്കും മോചിതരാകാന്‍ കഴിഞ്ഞിട്ടില്ല. മോദി സര്‍ക്കാര്‍ ഇതിനു പിന്നാലെ കൃഷി, കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണം, വിതരണം എന്നീ മേഖലകളില്‍ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന സംരക്ഷണ നടപടികള്‍ നിയമഭേദഗതിയിലൂടെ പിന്‍വലിച്ചതുവഴി ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും കൃഷിക്കാരെ തീക്ഷ്ണമായ സമരങ്ങളിലേക്ക് നയിക്കാനിടയാക്കി.

ഇന്ത്യയിൽ കോണ്‍ഗ്രസ്സും – ബിജെപിയും ഭരിക്കുന്ന ഭൂരിപക്ഷം സംസ്ഥാനങ്ങളും കോര്‍പ്പറേറ്റ് അനുകൂലവും കര്‍ഷകവിരുദ്ധവുമായ നയങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ അതില്‍ നിന്നു വേറിട്ട നയം നടപ്പിലാക്കിയ സര്‍ക്കാരായിരുന്നു കഴിഞ്ഞ പത്തു വര്‍ഷം കേരളം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍.

നെല്‍കര്‍ഷകരെ നെല്‍കൃഷിയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സഹായകമായ നയം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി. കേരളത്തിന്റെ നെല്ല് ഉത്പാദന പരിമിതി കണക്കിലെടുത്ത് വയലുകള്‍ തരിശുരഹിതമാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നു. കേന്ദ്രസര്‍ക്കാര്‍ നെല്ല് സംഭരണത്തിന് കിലോഗ്രാമിന് 23 രൂപ 20 പൈസ പ്രഖ്യാപിച്ചപ്പോള്‍ കേരളം 30 രൂപ നിശ്ചയിച്ചാണ് നെല്ല് സംഭരിച്ചത്. അതായത് ഇന്ത്യയില്‍ നെല്ലിന് ഏറ്റവും കൂടുതല്‍ താങ്ങുവില എന്നു മാത്രമല്ല സര്‍ക്കാര്‍ നേരിട്ട് വിവിധ ഏജന്‍സികള്‍ വഴി കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നു. സൗജന്യ നിരക്കില്‍ വിത്തും വളവും ഉല്‍പ്പാദന ബോണസും അടക്കം നെല്‍കര്‍ഷകര്‍ക്ക് നല്‍കി വരുന്ന വിവിധ ആനുകൂല്യങ്ങള്‍ക്കു പുറമെയാണ് 6 രൂപ 80 പൈസ അധികം നല്‍കി നെല്ലു സംഭരിച്ചു വന്നത്. സംഭരിച്ച നെല്ലിന്റെ കാശ് വൈകി മാത്രം ലഭിക്കുന്നുവെന്ന പരാതി പരിഹരിക്കാന്‍ പിആര്‍എസ് ഷീറ്റ് ബാങ്കില്‍ ഹാജരാക്കിയാല്‍ തൊട്ടടുത്ത ദിവസം ബാങ്ക് അക്കൗണ്ടില്‍ പണം ലഭിക്കുന്ന സമ്പ്രദായം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നെല്ലിനുള്ള സഹായം ഒരു വര്‍ഷം കഴിഞ്ഞ് ലഭിക്കുമ്പോള്‍ അതു വരെ ബാങ്കില്‍ നിന്ന് നല്‍കിയ കാശിന്റെ പലിശയും ബാങ്കിനു നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. എന്നിട്ടും ബാങ്കുകളും മില്ല് ഉടമകളും മറ്റും ഉണ്ടാക്കുന്ന തടസ്സങ്ങളെ പെരുപ്പിച്ചു കാണിച്ച് യുഡിഎഫും ബിജെപിയും നെല്‍കര്‍ഷകരെ കബളിപ്പിക്കുകയായിരുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുകയും ചെയ്തു.

കേന്ദ്ര ഗവണ്‍മെന്റ് നയത്തിന്റെ ഫലമായി റബ്ബറിന് ഉല്പാദന ചെലവുമായി പൊരുത്തപ്പെട്ട വില ലഭിക്കാത്ത സാഹചര്യത്തിലാണ് വില സ്ഥിരതാഫണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കി നിശ്ചിത വിലയ്ക്ക് സംഭരിക്കുന്ന സാഹചര്യമുണ്ടായത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വില സ്ഥിരതാഫണ്ട് 140 രൂപ ആയിരുന്നത് 200 രൂപ വരെ ഉയര്‍ത്തുകയുണ്ടായി. ടയര്‍ നിര്‍മാണ കുത്തകകൾ മാര്‍ക്കറ്റില്‍ കൃത്രിമ വിലയിടിവ് സൃഷ്ടിച്ച് റബ്ബര്‍ കര്‍ഷകരെ ചൂഷണം ചെയ്യുമ്പോള്‍ വലിയ ആശ്വാസമായിരുന്നു ഈ നടപടി. എന്നാല്‍ യുഡിഎഫും ചില മതപുരോഹിതന്മാരും കിലോഗ്രാമിന് 300 രൂപ നല്‍കാത്തതു കൊണ്ടും യുഡിഎഫ് പ്രകടന പത്രികയില്‍ 300 രൂപ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയതിനാലും മലയോര കര്‍ഷക വോട്ടുകള്‍ യുഡിഎഫിന് നല്‍കണമെന്ന് പ്രചരിപ്പിക്കുകയുണ്ടായി. ഇതും ഫലം കണ്ടു.

രാജ്യത്താകമാനം കര്‍ഷക ആത്മഹത്യകള്‍ പെരുകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ കര്‍ഷക ആത്മഹത്യയില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കുന്ന സാഹചര്യം രൂപപ്പെടുത്തുകയുണ്ടായി. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ഉണ്ടായിരുന്ന ഇടുക്കിയിലും വയനാട്ടിലും പ്രത്യേക സിറ്റിംങ് വെച്ച് നിലവിലുള്ള അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനായി. 200 കോടിയിലധികം രൂപയാണ് ഇതുവഴി കര്‍ഷകര്‍ക്ക് സഹായമായി ലഭിച്ചത്.

നാളികേരവും പതിനാറിനം പച്ചക്കറികളും സംഭരണ വില നിശ്ചയിച്ച് സംഭരിച്ചതിനാല്‍ നമ്മുടെ സംസ്ഥാനത്ത് ഈ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും കടുത്ത വിലത്തകര്‍ച്ചയുണ്ടായില്ല. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി നമ്മള്‍ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. തക്കാളി കിലോക്ക് അഞ്ചു രൂപ പോലും കർഷകന് കിട്ടാത്ത അവസ്ഥയാണുള്ളത്. സവാളയും ഉരുളക്കിഴങ്ങുമെല്ലാം മഹാഭൂരിപക്ഷം കർഷകരും ബാങ്ക് വായ്പയെടുത്താണ് കൃഷി ചെയ്തത്. കൃഷി ചെലവിന്റെ പകുതിപോലും വില കിട്ടാതെ ആയിരക്കണക്കിനു കര്‍ഷകരാണ് നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നത്. എല്ലാ അര്‍ത്ഥത്തിലും ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ നഗരപ്രദേശങ്ങളിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരം രണ്ട് കറവപ്പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് 36000 രൂപ സഹായം ലഭിക്കുന്ന പദ്ധതി നടപ്പിലാക്കിയത് ക്ഷീരകര്‍ഷക മേഖലയില്‍ വലിയ ആശ്വാസമായി.

വന്യജീവി ആക്രമണങ്ങളില്‍ മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം കേരളത്തില്‍ രൂക്ഷമായിരുന്നു. 1972 ലെ കേന്ദ്രനിയമമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഏറെയൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പരിമിതികള്‍ക്കുള്ളിൽനിന്നുകൊണ്ട് ഒട്ടേറെ ഇടപെടലുകള്‍ പിണറായി സര്‍ക്കാര്‍ നടത്തുകയുണ്ടായി.

കാട്ടുപന്നികളുടെ ആക്രമണത്തില്‍ വിലപ്പെട്ട നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ സാധ്യമാകുന്ന നിയമനടപടികള്‍ സ്വീകരിക്കുകയുണ്ടായി. കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങുന്ന പന്നിക്കൂട്ടങ്ങളെ വെടിവെച്ചു കൊല്ലാന്‍ സാധ്യമാകുംവിധം തടസ്സമാകുന്ന എല്ലാ വ്യവസ്ഥകളും എടുത്തു കളഞ്ഞു. അതു സംബന്ധിച്ച് ഉത്തരവിടാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറുകയും ചെയ്തു. മിക്ക പഞ്ചായത്തുകളിലും നിയോഗിക്കപ്പെട്ട ഷൂട്ടര്‍മാരുടെ പ്രവർത്തനം ജനങ്ങള്‍ക്ക് ഏറെ ആശ്വാസം ലഭിക്കുകയുണ്ടായി.

കടുവ – ആന തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതി ഉണ്ടായിരുന്നു. ഇത്തരം മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങാതിരിക്കാന്‍ റെയില്‍ ഫെന്‍സിങ്, ഹാങ്ങിങ് ഫെന്‍സിങ്, കൻമതിലുകള്‍ എന്നിവ നിര്‍മിച്ചെങ്കിലും ഇവ അപര്യാപ്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനം – വന്യജീവി നിയമത്തില്‍ കാതലായ മാറ്റം വരുത്താന്‍ സഹായിക്കുന്ന നിയമഭേദഗതി നിയമസഭ പാസാക്കുകയുണ്ടായി. ഇത് ഗവര്‍ണര്‍ ഒപ്പിട്ട് പ്രസിഡന്റിന്റെ അംഗീകാരത്തിന് അയച്ചിരിക്കുകയാണ്. അംഗീകാരം കിട്ടിയാല്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യജീവികളെ വേട്ടയാടാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും. എന്നാല്‍ ഈ നിയനം എത്രയും വേഗം നടപ്പാക്കിക്കിട്ടാന്‍ വേണ്ടി കേരളത്തില്‍ നിന്നുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും പാര്‍ലമെന്റ് അംഗങ്ങൾ ചെറുവിരലനക്കിയില്ല. കേരളത്തിലാകെ ഇത്തരം വന്യമൃഗ ആക്രമണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഭാഗമാണെന്നു പ്രചരിപ്പിക്കുകയും മലയോരമേഖലകളില്‍ എൽഡിഎഫ് സര്‍ക്കാരിനെതിരെ സമരം സംഘടിപ്പിക്കുകയുമാണ് അവര്‍ ചെയ്തത്.

ഇപ്പോഴെന്താണവസ്ഥ ? യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ ഏഴു പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനം മന്ത്രി ഇരകളെ പരിഹസിക്കാനാണ് തയ്യാറായത്. എന്നിട്ടും വലതുപക്ഷ മാധ്യങ്ങള്‍ക്കും അതിനുനേരെ കണ്ണടച്ചു. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ച് യു ഡി എഫും ബിജെപിയും ചില മതമേധാവികളും എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിരെ കള്ളപ്രചാരവേല നടത്തുകയും വലതുമാധ്യമങ്ങള്‍ അവ ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ മലയോര മേഖലയിലെ മണ്ഡലങ്ങളില്‍ യുഡിഎഫിന് വലിയ വിജയം നേടാനായി.

നെല്ല് സംഭരണത്തില്‍ മില്ലുടമകള്‍ സ്വീകരിക്കുന്ന നടപടികള്‍ ഉള്‍പ്പെടെ പരിഹരിക്കാനും സംഭരണത്തിലെ അപാകതകള്‍ ഇല്ലാതാക്കാനും കഴിഞ്ഞില്ല. കര്‍ഷകക്ഷേമ നിധി ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കാതിരുന്നതും കര്‍ഷകപെന്‍ഷനുള്ള അപേക്ഷകള്‍ പരിഗണിക്കപ്പെടാതിരുന്നതും കര്‍ഷകരില്‍ അസംതൃപ്തി ഉണ്ടാക്കിയിരുന്നു. കൃഷിഭവനുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതും സര്‍ക്കാര്‍ പദ്ധതികള്‍ കര്‍ഷക പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ ശ്രദ്ധിക്കാത്തതും പോരായ്മയായി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + eleven =

Most Popular