Tuesday, June 30, 2026

ad

Homeആമുഖംആമുഖം

ആമുഖം

1970കളിലെ ആഗോള മുതലാളിത്തംകടുത്ത പ്രതിസന്ധി നേരിട്ടു; അതിനെതുടർന്ന് ഇനിമേൽ ജനക്ഷേമനടപടികളും പൊതുമേഖലാ സംവിധാനവും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമവ്യവസ്ഥകളും കെെവെടിഞ്ഞുകൊണ്ടു മാത്രമേ മുതലാളിത്തത്തിന് പിടിച്ചുനിൽക്കാനാവൂവെന്ന സമീപനത്തിൽ ആഗോള മൂലധനം എത്തിച്ചേർന്നു. അതോടെ മുതലാളിത്തം അതിന്റെ നെറ്റിക്കണ്ണും ദംഷ്ട്രകളും വീണ്ടും പുറത്തെടുക്കാനാരംഭിച്ചു. അങ്ങനെയാണ് നിയോലിബറലിസത്തിന്റെ വരവുണ്ടായത്. ചിലിയിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ അലൻഡെയുടെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിച്ചുകൊണ്ട്, ചോരപ്പുഴയൊഴുക്കി സ്ഥാപിച്ച പിനോഷെയുടെ സേ-്വച്ഛാധിപത്യവാഴ്ചയിൻകീഴിലായിരുന്നു നിയോലിബറലിസത്തിന്റെ അരങ്ങേറ്റം. സ്വകാര്യവത്കരണവും അധ്വാനിക്കുന്നവന്റെ അവകാശനിഷേധവുമായിരുന്നു അതിന്റെ മുഖമുദ്ര.

1980കളോടെ നിയോലിബറലിസം മുതലാളിത്ത ലോകത്തിന്റെയാകെ അംഗീകൃത സാമ്പത്തിക–രാഷ്ട്രീയദർശനമായി മാറി. ഇന്ത്യയിലും 1980ൽ അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധിയുടെ രണ്ടാം വരവിൽ ഐഎംഎഫ് വായ്പ വാങ്ങുന്നതിനുള്ള കണ്ടീഷനാലിറ്റിയുടെ പേരിൽ ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. ഒപ്പം തീവ്ര വർഗീയതയുടെ അഴിഞ്ഞാട്ടത്തിനും ഭരണവർഗം കളമൊരുക്കി. ജനങ്ങളുടെ, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഐക്യം തകർത്തും സേ-്വച്ഛാധിപത്യപരമായ സമീപനത്തിലൂടെയും മാത്രമേ നിയോലിബറൽ ചൂഷണം നിർബാധം നടപ്പാക്കാനാകൂയെന്ന ആഗോളാനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് തീവ്രവർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കപ്പെട്ടത്.

1980കളുടെ ഒടുവിലുണ്ടായ രൂക്ഷമായ ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 1991ൽ നരസിംഹറാവു -–മൻമോഹൻ സിങ് കൂട്ടുകെട്ടിൽ കോൺഗ്രസ് ഗവൺമെന്റ് ഇന്ത്യയുടെ ഔദേ-്യാഗിക നയമായി നിയോലിബറലിസത്തെ നെഞ്ചേറ്റുകയായിരുന്നു. തുടർന്ന് അധികാരത്തിലേറിയ ഗവൺമെന്റുകളൊന്നും അതിൽ നിന്നു പിന്നോട്ടുപോകാൻ തയ്യാറായില്ല. ഐക്യമുന്നണി ഗവൺമെന്റും ഒന്നാം യുപിഎ ഗവൺമെന്റും ഇടതുപക്ഷ പിന്തുണ അവയ്ക്കനിവാര്യമായതുകൊണ്ട് ചില്ലറ വിട്ടുവീഴ്ചകൾക്ക് തയ്യാറായി. അതുപോലും മൂലധനശക്തികൾക്ക് സഹിക്കാനാകുന്നതായിരുന്നില്ല. 2014ൽ മോദി ഗവൺമെന്റ് വന്നതോടെ എല്ലാ സീമകളും ലംഘിച്ചുള്ള നിയോലിബറലിസത്തിന്റെ അരങ്ങുവാഴ്ച തുടങ്ങി.

കേരളത്തിൽ 1990കൾ മുതൽ യുഡിഎഫ് അധികാരത്തിലെത്തിയപ്പോഴെല്ലാം ഈ നയങ്ങൾ നടപ്പാക്കാനുള്ള തീവ്രയജ്ഞത്തിലായിരുന്നു. സംഘടിത തൊഴിൽ മേഖലകൾക്കും പൊതുമേഖലയ്ക്കും നേരെയുള്ള കടന്നാക്രമണത്തിലായിരുന്നു യുഡിഎഫ് കേന്ദ്രീകരിച്ചത്. 1996ലെയും 2006ലെയും 2016–26ലെ യും എൽഡിഎഫ് ഭരണം ഇൗ നയത്തിനെതിരായ ബദൽ ഉയർത്തിയുള്ള ചെറുത്തുനിൽപ്പായിരുന്നു.

2026ൽ വി ഡി സതീശന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയിട്ടുള്ള യുഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാരിന്റെ ബദൽ നയങ്ങളുടെ ഭാഗമായി കെെവരിച്ച നേട്ടങ്ങളാകെ തകർക്കാനുള്ള നീക്കമാണ് തുടക്കത്തിൽതന്നെ നടത്തുന്നത്. പത്തുവർഷംകൊണ്ട് തങ്ങൾക്ക് ‘നഷ്ട’പ്പെട്ടതൊക്കെ മുതലും പലിശയുംകൂടി തിരിച്ചുപിടിക്കാനുള്ള അത്യാർത്തിയിലാണ് മൂലധനശക്തികൾ. മോദിയുടെ ശക്തമായതാങ്ങോടുകൂടി വി ഡി സതീശൻ അതിനുള്ള നീക്കമാണ് നടത്തുന്നത്. അധികാരത്തിലേറിയ ആദ്യ മാസംതന്നെ പുറത്തിറക്കിയ ‘ധവളപത്ര’വും ‘ബജറ്റും’ ജനവിരുദ്ധ നിയോലിബറൽ അജൻഡയുടെ ഉറഞ്ഞുതുള്ളലാണ്.

ഈ വിഷയമാണ് ഈ ലക്കത്തിലെ കവർ സ്റ്റോറി. ജിജൂ പി അലക്സ്, പി കെ ജമീല, വി നമശിവായം, വി കെ രാമചന്ദ്രൻ, ആർ രാംകുമാർ, മിനി സുകുമാർ എന്നിവർ ചേർന്നു തയ്യാറാക്കിയ വിമർശനാത്മക പഠനത്തിനൊപ്പം ഡോ. ടി എം തോമസ് ഐസക്, എം ബി രാജേഷ്, അഭിലാഷ് എസ്, പ്രതീഷ് പ്രകാശ് എന്നിവരും എഴുതുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − 14 =

Most Popular