‘കേരളത്തിന്റെ ധനസ്ഥിതി: ഒരു അവസ്ഥാ വിവരണം’
എന്ന റിപ്പോർട്ടിന്റെ വിമർശനാത്മക വിശകലനം.
പ്ലാനിങ് ബോർഡ് അംഗങ്ങളായിരുന്ന ജിജൂ പി അലക്സ്, പി കെ ജമീല, വി നമശിവായം, വി കെ രാമചന്ദ്രൻ,
ആർ രാംകുമാർ, മിനി സുകുമാർ
എന്നിവർ ചേർന്ന് തയ്യാറാക്കിയത്
മുഖവുര
കേരളത്തിലെ പുതിയ യുഡിഎഫ് സർക്കാർ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ഒരു “അവസ്ഥാ വിവരണം” (സ്റ്റാറ്റസ് റിപ്പോർട്ട്) നിയമസഭയിൽ സമർപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള തികച്ചും നിഷ്-പക്ഷവും വസ്തുനിഷ്ഠവുമായ ഒരു വിലയിരുത്തലായാണ് ‘വിദഗ്ധർ’ അടങ്ങുന്ന ഒരു സമിതി തയ്യാറാക്കിയ ഈ റിപ്പോർട്ട് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കപ്പെട്ടത്.
റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെക്കവെ, മുൻകാലങ്ങളിൽ പുറത്തിറക്കാറുള്ള ‘ധവളപത്രങ്ങളും’ (വൈറ്റ് പേപ്പറുകൾ) നിലവിലെ ഈ റിപ്പോർട്ടും തമ്മിലുള്ള വ്യത്യാസം മുഖ്യമന്ത്രി വി ഡി സതീശൻ എടുത്തുപറയുകയുണ്ടായി. അദ്ദേഹത്തിന്റെ വാദപ്രകാരം, മുൻകാല ധവളപത്രങ്ങൾ കേവലം ‘രാഷ്ട്രീയ രേഖകൾ’ മാത്രമായിരുന്നപ്പോൾ, പുതിയ സ്റ്റാറ്റസ് റിപ്പോർട്ട് കക്ഷിരാഷ്ട്രീയ ചിന്തകൾക്കതീതമായ, ശാസ്ത്രീയവും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമായ, ഒരു സാങ്കേതിക രേഖയാണ്.
എന്നാൽ, മുഖ്യമന്ത്രിയുടെ ഈ വേർതിരിവ് തുടക്കത്തിൽത്തന്നെ തെറ്റാണെന്ന് പറയേണ്ടിവരും. ധനകാര്യവുമായി ബന്ധപ്പെട്ട ഒരു രേഖയും രാഷ്ട്രീയത്തിന് പുറത്തല്ല. ഒരു സർക്കാരിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകളും വികസനം, പൊതുജനക്ഷേമം, വിപണി, പൊതുചെലവുകൾ, നികുതി വ്യവസ്ഥ, പൊതുസ്ഥാപനങ്ങൾ, ഭരണകൂടത്തിന്റെ പങ്ക് എന്നിവയെക്കുറിച്ചുള്ള ചില പ്രത്യേക സങ്കൽപ്പങ്ങളെയും മുൻവിധികളെയുമൊക്കെയാണ് അടിസ്ഥാനമാക്കുന്നത്. ഒരു റിപ്പോർട്ടിൽ എന്ത് അളക്കണം, എന്തിനാണ് മുൻഗണന നൽകേണ്ടത്, ഏതാണ് ഒഴിവാക്കേണ്ടത് എന്നതിലൊക്കെ വ്യക്തമായ താല്പര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ, ഈ സ്റ്റാറ്റസ് റിപ്പോർട്ട് രാഷ്ട്രീയപരമാണോ അല്ലയോ എന്നതല്ല ചോദ്യം; മറിച്ച് ഏതുതരം രാഷ്ട്രീയമാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത് എന്നതാണ് യഥാർത്ഥ ചോദ്യം.
കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് തികച്ചും ഏകപക്ഷീയമായ ഒരു വ്യാഖ്യാനമാണ് ഈ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്. സംസ്ഥാനം നേരിടുന്ന പ്രധാന സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം അമിതമായ പൊതുചെലവുകളും പൊതുസ്ഥാപനങ്ങളുടെ കാര്യക്ഷമതയില്ലായ്മയും, പൊതുമേഖലാ സ്ഥാപനങ്ങളുടെ തുടർച്ചയായ നഷ്ടവും അനാവശ്യമായ കടമെടുപ്പും ധനകാര്യ അച്ചടക്കമില്ലായ്മയുമാണെന്ന് റിപ്പോർട്ട് വാദിക്കുന്നു. ഇതിനുള്ള പരിഹാരമായി റിപ്പോർട്ട് മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങളാകട്ടെ സ്വകാര്യ നിക്ഷേപങ്ങളെ അമിതമായി ആശ്രയിക്കൽ, പൊതു ആസ്തികൾ വാണിജ്യവൽക്കരിക്കൽ (അസറ്റ് മോണിറ്റൈസേഷൻ), പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനഃസംഘടനയും ഓഹരി വിറ്റഴിക്കലും, സബ്‌സിഡികൾക്കുപകരം നേരിട്ടുള്ള പണമിടപാട് (ഡി.ബി.ടി) ഏർപ്പെടുത്തൽ, പൊതുജനപ്രാധാന്യമുള്ള സേവനങ്ങളെ വാണിജ്യ തത്ത്വങ്ങളിലേക്ക് മാറ്റൽ എന്നിവയൊക്കെയാണ്.
സമകാലിക കേരളം നേരിടുന്ന ധനകാര്യ വെല്ലുവിളികൾ യാഥാർത്ഥ്യമാണ്, അവയെ തള്ളിക്കളയാനാവില്ല. എന്നാൽ ഈ പ്രതിസന്ധികൾ അമിതമായ ക്ഷേമപ്രവർത്തനങ്ങൾ കൊണ്ടോ വികസന ആവശ്യങ്ങൾക്കായി നടത്തിയ കടമെടുപ്പുകൊണ്ടോ ഉണ്ടായതല്ല. കേന്ദ്ര സർക്കാരിന്റെ വർദ്ധിച്ചുവരുന്ന സാമ്പത്തിക കേന്ദ്രീകരണ നയങ്ങൾ, സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേലുള്ള കടന്നുകയറ്റങ്ങൾ, കഴിഞ്ഞ ദശകത്തിൽ കേരളം നേരിടേണ്ടിവന്ന തുടർച്ചയായ സാമ്പത്തിക ആഘാതങ്ങൾ, ഒപ്പം ഉന്നതമായ ജനക്ഷേമ-വികേന്ദ്രീകരണ സംവിധാനങ്ങൾ നിലനിർത്താനുള്ള അനിവാര്യമായ ആവശ്യങ്ങൾ എന്നിവയുടെയൊക്കെ സംയുക്ത ഫലമാണ് ഈ പ്രതിസന്ധി. ഈ രണ്ട് വ്യാഖ്യാനങ്ങൾ തമ്മിലുള്ള വ്യത്യാസം യഥാർത്ഥത്തിൽ കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തികച്ചും വ്യത്യസ്തമായ രണ്ട് കാഴ്ചപ്പാടുകളെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഈ കുറിപ്പിലൂടെ, സ്റ്റാറ്റസ് റിപ്പോർട്ടിലെ വാദങ്ങളെ സൂക്ഷ്മമായി പരിശോധിക്കാനും കേരളത്തിന്റെ പൊതുധനകാര്യത്തെ സമീപിക്കേണ്ട ബദൽ വിശകലന ചട്ടക്കൂട് അവതരിപ്പിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങളുടെ കാഴ്ചപ്പാടിൽ പൊതുസ്ഥാപനങ്ങൾ സർക്കാരിന് ഒരു ബാധ്യതയല്ല; മറിച്ച് കേരളത്തിന്റെ ചരിത്രപരമായ വികസന നേട്ടങ്ങളുടെ അടിത്തറയാണ്.
I. ധനകാര്യ വിവരണങ്ങളുടെ രാഷ്ട്രീയം
ഒരു മുൻഗാമി
2026-നു മുമ്പ്, അതായത് 2011-ൽ അധികാരമേറ്റ യുഡിഎഫ് സർക്കാരും സമാനമായ രീതിയിൽ ഒരു ‘ധവളപത്രം’ പുറത്തിറക്കിയിരുന്നു. ധനകാര്യ കണക്കുകളെ തങ്ങൾക്ക് അനുകൂലമായ രീതിയിൽ വളച്ചൊടിച്ച് കേരളത്തിന്റെ പൊതുധനകാര്യത്തെക്കുറിച്ച് വികലമായൊരു ചിത്രം നിർമിക്കാനാണ് അന്നും ശ്രമം നടന്നത്. 2006–-2011 കാലഘട്ടത്തിലെ എൽഡിഎഫ് സർക്കാരിന്റെ ധനവിനിയോഗത്തെ മോശമായി ചിത്രീകരിക്കാനും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചത് അവരാണെന്ന് കുറ്റപ്പെടുത്താനുമാണ് ആ ധവളപത്രം ശ്രമിച്ചത്.
ഇതിനു മറുപടിയായി 2011 ജൂലൈയിൽ എൽഡിഎഫ് ഒരു ‘ബദൽ ധവളപത്രം’ പുറത്തിറക്കി. സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ നിഷേധിക്കുകയല്ല; മറിച്ച്, ഔദ്യോഗിക ധവളപത്രം എങ്ങനെയൊക്കെയാണ് ചില കണക്കുകൾമാത്രം തിരഞ്ഞെടുത്ത് വ്യാഖ്യാനിച്ചതെന്നും, പെരുപ്പിച്ചു കാണിച്ചതെന്നും, വിശാലമായ സാമ്പത്തിക പശ്ചാത്തലത്തെ മനഃപൂർവ്വം വിസ്മരിച്ചതെന്നും ചൂണ്ടിക്കാണിക്കാനാണ് ബദൽ ധവളപത്രം ശ്രമിച്ചത്. 2011-ലെ ആ ബദൽ ധവളപത്രത്തിന്റെ ഉള്ളടക്കം ഇന്നത്തെ സാഹചര്യത്തിലും ഏറെ പ്രസക്തമാണ്.
കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ അസമത്വങ്ങളെയും നിയോലിബറൽ സാമ്പത്തിക പരിഷ്കാരങ്ങൾ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ എങ്ങനെയൊക്കെ ചുരുക്കുന്നു എന്നതിനെയും കൃത്യമായി വിശകലനം ചെയ്യാൻ ഔദ്യോഗിക ധവളപത്രത്തിന് കഴിഞ്ഞിരുന്നില്ല എന്ന് അതിൽ വാദിച്ചിരുന്നു. സംസ്ഥാനങ്ങളുടെ ചെലവുകൾ നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും കേന്ദ്രീകരണ നയങ്ങളിലൂടെ സംസ്ഥാനങ്ങളെ വെറും ‘അലങ്കാര നഗരസഭകളുടെ’ (glorified municipalities) പദവിയിലേക്ക് കേന്ദ്രം തരംതാഴ്-ത്തുന്നതിനെ അത് അടിവരയിട്ടു കാണിച്ചു. പതിനഞ്ചു വർഷങ്ങൾക്കുമുമ്പ് പറഞ്ഞ ആ വരികൾ ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ പ്രവാചകസമാനമായി അനുഭവപ്പെടുന്നു.
ധനകാര്യ സൂചകങ്ങളെ ഒരിക്കലും ഒറ്റതിരിച്ച് വിലയിരുത്താനാകില്ല. കടം, കമ്മി, ചെലവ് അനുപാതങ്ങൾ തുടങ്ങിയ സൂചകങ്ങൾക്ക് അർത്ഥമുണ്ടാകുന്നത് അവയെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച, സാമൂഹിക നേട്ടങ്ങൾ, പൊതുനിക്ഷേപം, കേന്ദ്ര വിഹിതം, വിശാലമായ വികസന ലക്ഷ്യങ്ങൾ എന്നിവയോട് ചേർത്തു വായിക്കുമ്പോൾ മാത്രമാണ്. ഈ വശങ്ങൾ നാം വിസ്മരിച്ചാൽ, നമ്മുടെ ധനകാര്യ വിശകലനം കേവലം ഒരു ‘അക്കൗണ്ടിങ് വ്യായാമം’ മാത്രമായി ചുരുങ്ങും; ഒരു യഥാർത്ഥ ‘സാമ്പത്തിക വിശകലനം’ ആകില്ല. ഇതേ പ്രശ്നം തന്നെയാണ് 2026-ലെ ഈ ഔദ്യോഗിക സ്റ്റാറ്റസ് റിപ്പോർട്ടിലും ആവർത്തിച്ചിരിക്കുന്നത്.
രണ്ട് ചട്ടക്കൂടുകൾ, രണ്ട് ഭാവികൾ
2026-ലെ ഔദ്യോഗിക സ്റ്റാറ്റസ് റിപ്പോർട്ട് പിന്തുടരുന്ന വിശകലന ചട്ടക്കൂട് എന്താണ്? ഈ രേഖ ഭരണകൂടത്തിന്റെ പങ്കിനെസംബന്ധിച്ച് ഒരു പ്രത്യേക നിയോലിബറൽ കാഴ്ചപ്പാടിലാണ് ഉറച്ചുനിൽക്കുന്നത്. ഈ സങ്കൽപ്പമനുസരിച്ച്, സർക്കാരിന്റെ പ്രാഥമിക ചുമതല ധനകാര്യ അച്ചടക്കം പാലിക്കുക, വിപണിയിലെ തടസ്സങ്ങൾ കുറയ്ക്കുക, സ്വകാര്യ നിക്ഷേപത്തിന് സൗകര്യമൊരുക്കുക, സേവനങ്ങളുടെ ‘കാര്യക്ഷമമായ’ വിതരണം ഉറപ്പാക്കുക എന്നിവ മാത്രമാണ്. ഇവിടെ പൊതുചെലവുകളെ ഒരു ‘ബാധ്യത’യോ ‘നഷ്ടം’ മാത്രമായോ ആണ് കാണുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ വിലയിരുത്തുന്നത് അവയുടെ വാണിജ്യപരമായ ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. കടമെടുപ്പിനെ ഒരു വലിയ ബാധ്യതയായി മാത്രം കണക്കാക്കുന്നു. ക്ഷേമപദ്ധതികൾ നടപ്പിലാക്കേണ്ടത് അവ സാമ്പത്തികമായി ലാഭകരമാണെങ്കിൽ മാത്രമാണെന്നും ഈ നയം വാദിക്കുന്നു.
1980-കൾ മുതൽ ആഗോളതലത്തിൽ പിടിമുറുക്കിയ ‘നിയോലിബറൽ നയങ്ങളുടെ’ (Neoliberal Policy Paradigm) ഭാഗമാണിത്. വിപണി അധിഷ്ഠിത സംവിധാനങ്ങൾ, സ്വകാര്യവൽക്കരണം, സാമ്പത്തിക യാഥാസ്ഥിതികത്വം, സർക്കാരിന്റെ ഇടപെടലുകൾ കുറയ്ക്കൽ എന്നിവയ്ക്കാണ് ഈ നയം മുൻഗണന നൽകുന്നത്. എന്നാൽ കഴിഞ്ഞ മൂന്നോ നാലോ പതിറ്റാണ്ടുകളായി വികസ്വര രാജ്യങ്ങളിൽ ഈ നയം വൻ പരാജയവും ദുരന്തവുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആവർത്തിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധികൾ, വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ, കാലാവസ്ഥാ വ്യതിയാനം, പൊതുജനാരോഗ്യ അടിയന്തരാവസ്ഥകൾ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവയുടെ വെളിച്ചത്തിൽ ലോകബാങ്കും ഐഎംഎഫും (IMF) പോലുള്ള ആഗോള സ്ഥാപനങ്ങൾ പോലും തങ്ങളുടെ പഴയ നവലിബറൽ കുറിപ്പടികളെ പുനഃപരിശോധിക്കാൻ നിർബന്ധിതരായിക്കൊണ്ടിരിക്കുകയാണ്. പൊതുനിക്ഷേപം, വ്യവസായ നയങ്ങൾ, ഭരണകൂടത്തിന്റെ തന്ത്രപരമായ ഇടപെടലുകൾ, സാർവത്രിക സാമൂഹിക സുരക്ഷ എന്നിവയുടെ പ്രാധാന്യം ആഗോളതലത്തിൽ തന്നെ ഇന്ന് പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്.
ഇത്തരം ഇടുങ്ങിയ സാമ്പത്തിക യാഥാസ്ഥിതികത്വത്തിനെതിരെയുള്ള ഏറ്റവും ശക്തമായ തെളിവ് ലഭ്യമാകുന്നത് കേരളത്തിന്റെ തനതായ വികസന അനുഭവത്തിൽ നിന്നാണ്. പ്രതിശീർഷ ചെലവുകളുടെ കാര്യത്തിൽ ഇന്ത്യയിലെ സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്കുയരുന്നതിനു വളരെ മുമ്പുതന്നെ ഉയർന്ന സാക്ഷരത, കുറഞ്ഞ ശിശുമരണ നിരക്ക്, ഉയർന്ന ആയുർദൈർഘ്യം, താരതമ്യേന കുറഞ്ഞ ദാരിദ്ര്യം എന്നിവ കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ഈ നേട്ടങ്ങൾ വിപണി ശക്തികളുടെ ഉത്-പന്നമല്ല. മറിച്ച്, മുകളിൽനിന്നും താഴെ നിന്നും ഉണ്ടായ ശക്തമായ ‘പൊതു ഇടപെടലുകളുടെ’ (public action) ഫലമാണ്. ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യ സംവിധാനങ്ങൾ, ഭക്ഷ്യസുരക്ഷാ പദ്ധതികൾ, സാമൂഹിക ക്ഷേമ ഇടപെടലുകൾ, ജനാധിപത്യ വികേന്ദ്രീകരണം എന്നിവയെല്ലാം ഈ പൊതു ഇടപെടലിന്റെ ഭാഗങ്ങളാണ്. ചുരുക്കത്തിൽ, സാമ്പത്തിക യാഥാസ്ഥിതികർ ‘ബാധ്യതകൾ’ എന്നു വിളിക്കുന്ന ഇതേ പൊതുചെലവുകളുടെ ഉത്-പന്നമാണ് കേരളത്തിന്റെ സാമൂഹിക നേട്ടങ്ങൾ.
കേരളത്തിന്റെ ഈ ചരിത്ര പശ്ചാത്തലത്തിൽ, പൊതുധനകാര്യത്തെക്കുറിച്ച് കുറച്ചുകൂടി വിശാലമായ ഒരു കാഴ്ചപ്പാട് നമുക്കാവശ്യമുണ്ട്. അർത്ഥവത്തായ പൊതുചെലവുകൾ എന്നത് ബജറ്റിലെ വെറുമൊരു വകമാറ്റലല്ല, മറിച്ച് അതൊരു ‘നിക്ഷേപം’ കൂടിയാണ് എന്ന് നാം അംഗീകരിക്കണം. വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം വിദഗ്ധരായ മനുഷ്യവിഭവശേഷിയെ സൃഷ്ടിക്കുന്നു; ആരോഗ്യമേഖലയിലെ നിക്ഷേപം തൊഴിലാളികളുടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നു; പോഷകാഹാര രംഗത്തെ നിക്ഷേപം മനുഷ്യന്റെ ശേഷികളെ വികസിപ്പിക്കുന്നു; പ്രാദേശിക അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപം സാമ്പത്തിക വളർച്ചയ്ക്കുള്ള സാഹചര്യം ഒരുക്കുന്നു. ഇത്തരം നിക്ഷേപങ്ങളുടെ ഗുണഫലങ്ങൾ സർക്കാരിന്റെ പെട്ടെന്നുള്ള ലാഭനഷ്ട കണക്കുകളിൽ കണ്ടെന്നുവരില്ല. എന്നാൽ അവ വരുംതലമുറകളിലെ സാമൂഹിക, -സാമ്പത്തിക പുരോഗതിയായി പ്രതിഫലിക്കും. ഈ വികസന ഫലങ്ങളെ നാം അവഗണിച്ചാൽ, കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള നമ്മുടെ വിശകലനം അപൂർണമായി തുടരും.
യഥാർത്ഥ ചോദ്യം എന്താണ്?
ഔദ്യോഗിക സ്റ്റാറ്റസ് റിപ്പോർട്ട് അനുസരിച്ച്, നമ്മുടെ മുന്നിലുള്ള ചോദ്യം ഇതാണ്: കേരളത്തിന് അതിന്റെ ക്ഷേമപദ്ധതികളും പൊതുമേഖലാ സ്ഥാപനങ്ങളും വികസന സ്ഥാപനങ്ങളും, വികേന്ദ്രീകരണ ചട്ടക്കൂടും ഇനിയും താങ്ങാൻ കഴിയുമോ? എന്നാൽ ഞങ്ങൾ വിശ്വസിക്കുന്നത് ചോദിക്കേണ്ട യഥാർത്ഥ ചോദ്യം ഇതല്ല, മറിച്ച്: ‘കേരളത്തിന്റെ പുതിയ സാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമവും വികസനവും നിരന്തരം വർദ്ധിപ്പിച്ചുകൊണ്ട് നമ്മൾ എങ്ങനെ സാമ്പത്തിക വളർച്ച കൈവരിക്കും?’ എന്നതാണ്.
ഇന്നത്തെ കേരളം സങ്കീർണമായ ഒരു സാമൂഹിക-, സാമ്പത്തിക പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനം പുതിയ സാമ്പത്തിക വളർച്ചാസ്രോതസ്സുകൾ കണ്ടെത്തേണ്ടതുണ്ട്, ഒപ്പംതന്നെ അതിന്റെ ഉന്നതമായ സാമൂഹിക വികസന നേട്ടങ്ങളെ നിലനിർത്തുകയും വേണം. ഇതിനുപുറമെ, കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന പ്രായമായവരുടെ ജനസംഖ്യ (demographic ageing), പുതിയ സാങ്കേതികവിദ്യകളുടെ വരവ് തുടങ്ങിയ പുതിയ വികസന വെല്ലുവിളികളെ നേരിടുകയും വേണം. അതുകൊണ്ടുതന്നെ, സാമൂഹിക സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഉല്പാദനപരമായ നിക്ഷേപങ്ങൾ വിപുലീകരിക്കുകയാണ് മുന്നോട്ടുള്ള വഴി. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ സ്വയംഭരണത്തെ തടസ്സപ്പെടുത്തുന്ന നിയോലിബറൽ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ ദൗത്യം നിർവ്വഹിക്കേണ്ടത്. നിർഭാഗ്യവശാൽ, ഈ വെല്ലുവിളികളെക്കുറിച്ചോ മുന്നോട്ടുള്ള വഴികളെക്കുറിച്ചോ ഔദ്യോഗിക റിപ്പോർട്ടിൽ ഒന്നും തന്നെയില്ല. റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിന്റെ വികസന മാതൃകയെ ഘട്ടംഘട്ടമായി ഉപേക്ഷിക്കുമെന്നുള്ള സൂചനകൾ നൽകുക മാത്രമാണ്.
സാമ്പത്തിക ഭദ്രതയുടെ പേരിൽ കേരളം പിന്തുടർന്നുപോന്ന ക്ഷേമരാഷ്ട്ര സങ്കല്പനത്തെ തകർക്കരുത് എന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു. അതുകൊണ്ട് മുൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച ദീർഘവീക്ഷണമുള്ളതും പുരോഗമനപരവുമായ തന്ത്രങ്ങളുമായി മുന്നോട്ടുപോകാനാണ് യുഡിഎഫ് സർക്കാരിനോട് ഞങ്ങൾക്ക് നിർദ്ദേശിക്കാനുള്ളത്.
II. സാമ്പത്തിക പ്രതിസന്ധിയുടെ
യഥാർത്ഥ കാരണങ്ങൾ
ദുരന്തങ്ങളും ഫെഡറൽ പ്രതിസന്ധികളും
നികുതി വരുമാനത്തിലെ കുറവ്, അമിതമായ പൊതുചെലവുകൾ, വർദ്ധിച്ചുവരുന്ന കടം, ബജറ്റ് ഇതര കടമെടുപ്പുകൾ എന്നിവ കാരണം കഴിഞ്ഞ ദശകത്തിൽ കേരളത്തിന്റെ സാമ്പത്തിക നില വഷളായെന്നാണ് സ്റ്റാറ്റസ് റിപ്പോർട്ട് വാദിക്കുന്നത്. ഈ നിഗമനങ്ങൾ അങ്ങേയറ്റം തെറ്റായ വിവരങ്ങളാണ് നൽകുന്നത്. ഇത് ഭരണപരമായ വീഴ്ചകൾക്കുമാത്രം അടിവരയിടുകയും ഘടനാപരമായ പരിമിതികളെയും അസാധാരണമായ ചരിത്ര സാഹചര്യങ്ങളെയും മനഃപൂർവ്വം ചെറുതായി കാണിക്കുകയും ചെയ്യുന്ന ഒരു ആഖ്യാനമാണ് നിർമിക്കുന്നത്.
യാഥാർത്ഥ്യമെന്താണ്? 2016–-17 നും 2025-–26 നും ഇടയിലുള്ള കാലഘട്ടം ആധുനിക കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധവും കഠിനവുമായ ഒന്നായിരുന്നു.
2016 നവംബറിലെ നോട്ടുനിരോധനം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേൽപ്പിച്ചു. സംസ്ഥാനത്തെ പണമിടപാടുകളുടെ ആധിപത്യവും വലിയൊരു വിഭാഗം അസംഘടിത തൊഴിലാളികൾ പണത്തെ ആശ്രയിക്കുന്നതുമാണ് കാരണം. നോട്ട് എക്സ്ചേഞ്ച് പ്രക്രിയയിൽനിന്ന് സഹകരണ ബാങ്കുകളെയും പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളെയും ഒഴിവാക്കിയത് ലക്ഷക്കണക്കിന് നിക്ഷേപകർക്ക് അവരുടെ സ്വന്തം ഫണ്ടുകളിലേക്കുള്ള പ്രവേശനം നിഷേധിച്ചു. 2017ൽ ജി.എസ്.ടി (GST) നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങൾക്ക് തങ്ങളുടെ വലിയൊരു നികുതി അധികാരം കേന്ദ്രത്തിന് വിട്ടുകൊടുക്കേണ്ടി വന്നു. ജി.എസ്.ടി നഷ്ടപരിഹാര ചട്ടക്കൂടിന്റെ അടിസ്ഥാനമായിരുന്ന 14 ശതമാനം വാർഷിക വരുമാന വളർച്ച കൈവരിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞതുമില്ല. 2026 വരെ കേന്ദ്രം ഈടാക്കുന്ന കോമ്പൻസേഷൻ സെസ് തുടരുമ്പോഴും, 2022 ജൂലൈയ്ക്കുശേഷം ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കിയത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഐ.ജി.എസ്.ടി (IGST) സെറ്റിൽമെന്റ് സംവിധാനത്തിലെ പ്രശ്നങ്ങളും അടുത്തിടെ വരുത്തിയ നികുതി നിരക്ക് ഏകീകരണങ്ങളും കാരണം സംസ്ഥാനത്തിന് വൻ വരുമാന നഷ്ടമാണുണ്ടായത്. കേരളം ഉയർന്ന നികുതിയുള്ള ഉല്പന്നങ്ങൾ കൂടുതൽ ഉപഭോഗം ചെയ്യുന്ന സംസ്ഥാനമായതിനാൽ ഈ നിരക്ക് കുറയ്ക്കൽ കേരളത്തെയാണ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത്.
2018 ആഗസ്തിൽ സംസ്ഥാനം നേരിട്ട അതിശക്തമായ പ്രളയം ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു. ഇത് സംസ്ഥാനത്തുടനീളം ഏതാണ്ട് 35,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കി. പതിനായിരക്കണക്കിന് വീടുകൾ തകർന്നു, അടിസ്ഥാനസൗകര്യങ്ങൾക്ക് വലിയ നാശനഷ്ടമുണ്ടായി, കാർഷിക മേഖല തകർന്നു. ഈ തകർച്ചയിൽനിന്ന് സർക്കാർ പുനർനിർമാണം നടത്തിവരുന്നതിനിടയിലാണ് 2019-ൽ വീണ്ടും കടുത്ത പ്രളയമുണ്ടായത്. ഈ രണ്ട് പ്രകൃതിദുരന്തങ്ങളും പൊതുധനകാര്യത്തിന്മേൽ ഉണ്ടാക്കിയ സമ്മർദ്ദം ചെറുതല്ല. തകർന്ന റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, കുടിവെള്ള സംവിധാനങ്ങൾ, പൊതു കെട്ടിടങ്ങൾ എന്നിവയെല്ലാം അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തുകയോ പുനർനിർമിക്കുകയോ ചെയ്യണമായിരുന്നു.
ഈ രണ്ട് ദുരന്തങ്ങളിൽനിന്നും സംസ്ഥാനം കരകയറുന്നതിന് തൊട്ടുമുമ്പാണ് 2020 മാർച്ചിൽ കോവിഡ് –-19 മഹാമാരി ആഞ്ഞടിക്കുന്നത്. സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും പൂർണമായും സ്തംഭിച്ചു. ചെറുകിട സംരംഭങ്ങൾക്ക് കനത്ത നഷ്ടമുണ്ടാവുകയും ടൂറിസം മേഖല പൂർണമായും തകരുകയും ചെയ്തു. പൊതുജനാരോഗ്യ സംവിധാനങ്ങളെ സജ്ജമാക്കുക, ഭക്ഷ്യവിതരണ ശൃംഖല ശക്തിപ്പെടുത്തുക, ക്ഷേമപദ്ധതികൾ വ്യാപിപ്പിക്കുക എന്നിവയായിരുന്നു സർക്കാരിന്റെ മുന്നിലെ അടിയന്തര ദൗത്യങ്ങൾ. സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ഒരു വലിയ ഉത്തേജക പാക്കേജ് (countercyclical economic package) പ്രഖ്യാപിക്കേണ്ടി വന്നു. ലോകത്തെ എല്ലാ രാജ്യങ്ങളും ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ഉയർന്ന കടമെടുപ്പിലൂടെയാണ് പ്രതിസന്ധികളെ മറികടന്നത്.
ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് കേന്ദ്ര സർക്കാർതന്നെ രണ്ടു വർഷത്തേക്ക് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിൽ ഇളവു നൽകിയിരുന്നു. മഹാമാരിയുടെ സമയത്ത് ഒരു സർക്കാർ, കർശനമായ സാമ്പത്തിക യാഥാസ്ഥിതികത്വം പാലിക്കണമെന്ന് പറയുന്നത് തികച്ചും അമാനുഷികവും ജനവിരുദ്ധവുമാണ്. യുഡിഎഫ് സർക്കാർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അണിയറപ്രവർത്തകർക്ക് ഇതെല്ലാം നന്നായറിയാം. എന്നാൽ തങ്ങളുടെ വിശകലന ചട്ടക്കൂടിൽ ഇവയെ ഉൾപ്പെടുത്താൻ അവർ തയ്യാറായിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ദശകം വെറുമൊരു സാമ്പത്തിക തകർച്ചയുടെ കഥ മാത്രമാണ്. പക്ഷേ ഈ കാലയളവിലെ ചെലവുകൾ സർക്കാരിന്റെ ആഡംബരമായിരുന്നില്ല, മറിച്ച് ജനങ്ങൾക്കുവേണ്ടിയുള്ള അനിവാര്യമായ ആവശ്യമായിരുന്നു എന്ന സത്യം അവർ മറച്ചുവെക്കുന്നു. യഥാർഥത്തിൽ, എൽഡിഎഫ് സർക്കാരിന്റെ സാമ്പത്തിക നിലപാട് സംസ്ഥാനത്തിന്റെ ചരിത്രപരമായ പൊതു ഇടപെടലുകളുടെ തുടർച്ചയായിരുന്നു. അതിനുപകരമായി കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിൽ സംസ്ഥാനത്ത് വലിയ സാമൂഹിക, -സാമ്പത്തിക തകർച്ച ഉണ്ടാകുമായിരുന്നു.
കണക്കുകളെ കൃത്യമായി വായിക്കുമ്പോൾ
കഴിഞ്ഞ ദശകത്തിൽ കേരളം കൈവരിച്ച ഒരു വലിയ സാമ്പത്തിക നേട്ടത്തെക്കുറിച്ച് സ്റ്റാറ്റസ് റിപ്പോർട്ട് പൂർണമായും മൗനം പാലിക്കുന്നു. സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനം 2017–-18 ലെ 83,020 കോടി രൂപയിൽ നിന്ന് 2025–-26 ൽ 1,37,083 കോടി രൂപയായി വർദ്ധിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട സംഭാവന സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനമായിരുന്നു (SOTR). ഇത് 46,460 കോടി രൂപയിൽ നിന്ന് 83,730 കോടി രൂപയായി ഉയർന്നു. ഇതിന്റെ ഫലമായി, 2021-–22 നും 2022–-23 നും ഇടയിൽ, ആകെ നികുതി വരുമാനത്തിൽ സ്വന്തം നികുതി വരുമാനത്തിന്റെ അനുപാതത്തിൽ 79 ശതമാനത്തോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കുമിടയിൽ കേരളം ഏഴാം സ്ഥാനത്തെത്തി. ഈ വരുമാന വളർച്ചയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ആകെ ചെലവുകൾ 2017-–18 ലെ 1,10,238 കോടി രൂപയിൽ നിന്ന് 2025-–26 ൽ 1,92,456 കോടി രൂപയായി ഉയർത്താൻ കഴിഞ്ഞത്. റവന്യൂ-ധനക്കമ്മി അനുപാതങ്ങളിലുണ്ടായ മാറ്റങ്ങൾ ഇത്തരം വലിയ ആഘാതങ്ങളുടെയും അതിനുശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിന്റെയും സ്വാഭാവിക പ്രതിഫലനങ്ങൾ മാത്രമാണ്. സംസ്ഥാനത്തിന്റെ ഈ സാമ്പത്തിക ഉണർവിനെക്കുറിച്ച് സ്റ്റാറ്റസ് റിപ്പോർട്ടിൽ ഒരിടത്തും പറയുന്നില്ല. അവർ കാണുന്നത് കേന്ദ്ര സർക്കാർ നിശ്ചയിച്ച പരിധിക്കപ്പുറം ഉയർന്നിട്ടില്ലാത്ത കടത്തിന്റെ കണക്കുകൾ മാത്രമാണ്.
കടത്തിന്റെ കണക്കുകൾമാത്രം പരിശോധിക്കുന്നതുകൊണ്ട് വലിയ കാര്യമില്ല. എന്തുകൊണ്ടാണ് കടം വർദ്ധിച്ചതെന്നും ആ പണം എന്തിനാണ് ഉപയോഗിച്ചതെന്നുമാണ് ചോദിക്കേണ്ടത്. കടമെടുക്കുന്ന പണം ആസ്തികൾ സൃഷ്ടിക്കാതെയും ഉല്പാദനശേഷി സംരക്ഷിക്കാതെയും കേവലം ദൈനംദിന ഉപഭോഗത്തിന് മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ റിപ്പോർട്ടിലെ ആശങ്ക ന്യായീകരിക്കാം. എന്നാൽ, അടിസ്ഥാനസൗകര്യ വികസനം, ദുരന്താനന്തര പുനർനിർമാണം, പൊതുജനാരോഗ്യ സംവിധാനങ്ങൾ, അടിയന്തര സാഹചര്യങ്ങളിലെ സാമൂഹിക സുരക്ഷ എന്നിവയ്ക്കാണ് വായ്പ ഉപയോഗിക്കുന്നതെങ്കിൽ ആ വിലയിരുത്തൽ മാറേണ്ടതുണ്ട്. 2018-ന് ശേഷമുള്ള കാലഘട്ടത്തെ പ്രളയാനന്തര പുനർനിർമാണവും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെടുത്താതെ വിശകലനം ചെയ്യാൻ കഴിയില്ല.
ഈ യാഥാർത്ഥ്യങ്ങളെ റിപ്പോർട്ട് മറച്ചുവെക്കുന്നത് അത് ധനകാര്യ കണക്കുകളെ കേവലമൊരു അക്കൗണ്ടന്റിന്റെ കണ്ണിലൂടെ മാത്രം കാണുന്നതുകൊണ്ടാണ്. സാമ്പത്തിക ഫലങ്ങളെ ഭരണനിർവഹണവുമായി മാത്രം ബന്ധിപ്പിക്കുന്നതും തെറ്റാണ്. നികുതി ട്രെൻഡുകൾ, കേന്ദ്ര വിഹിതം, മാക്രോ-ഇക്കണോമിക് സാഹചര്യങ്ങൾ, വായ്പാ നിയന്ത്രണങ്ങൾ, അപ്രതീക്ഷിത ആഘാതങ്ങൾ തുടങ്ങി നിരവധി ഘടകങ്ങളാണ് ധനകാര്യ ഫലങ്ങളെ നിർണയിക്കുന്നത്. ഭരണനിർവഹണം പ്രധാനമാണ്; എന്നാൽ അതിന്റെ വിജയം അളക്കേണ്ടത് ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ജനക്ഷേമം, വരുമാന വളർച്ച എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്.
മഹാമാരിയും പൊതുചെലവിന്റെ
രാഷ്ട്രീയവും
കോവിഡ് മഹാമാരിയുടെ കാലത്ത് കേരളത്തിൽ പൊതുചെലവുകൾ വഹിച്ച നിർണ്ണായക പങ്കിനെക്കുറിച്ച് സ്റ്റാറ്റസ് റിപ്പോർട്ടിൽ യാതൊരു ചർച്ചയുമില്ല. വിപണി ശക്തികൾക്ക് ചെയ്യാൻ കഴിയാത്തത് എന്തൊക്കെയാണെന്ന് തെളിയിക്കുന്നതായിരുന്നു മഹാമാരിക്കാലം. സ്വകാര്യ മേഖലയ്ക്ക് പൊതുജനാരോഗ്യ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ല, സ്വകാര്യ വ്യാപാരികൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായില്ല, സ്വകാര്യ കമ്പനികൾക്ക് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് സഹായം നൽകാനായില്ല. സർക്കാരിന് മാത്രമേ അടിയന്തര ആരോഗ്യ പരിരക്ഷയും ക്വാറന്റൈൻ സംവിധാനങ്ങളും സൗജന്യ ഭക്ഷ്യവിതരണവും സംഘടിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ടെസ്റ്റിംഗ് ലാബുകൾ, കമ്യൂണിറ്റി കിച്ചണുകൾ, ക്ഷേമ പെൻഷനുകൾ, കിറ്റുകൾ എന്നിവയ്ക്കായി വലിയ തുക സംസ്ഥാനം ചെലവഴിച്ചു. ഇതിനുപുറമെ, ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ചെയ്യാത്ത രീതിയിൽ 20,000 കോടി രൂപയുടെ വലിയൊരു സാമ്പത്തിക ഉത്തേജക പാക്കേജ് കേരളം പ്രഖ്യാപിച്ചു. സമ്പദ്‌വ്യവസ്ഥയിൽ പണലഭ്യതയും ഡിമാൻഡും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ ഇടപെടൽ.
ഇതു വഴി, രണ്ടുമാസത്തെ ക്ഷേമ പെൻഷൻ മുൻകൂറായി ഗുണഭോക്താക്കൾക്ക് നൽകി. പെൻഷൻ ഇല്ലാത്ത കുടുംബങ്ങൾക്ക് സഹായമായി 1,320 കോടി രൂപ വകയിരുത്തി (കുടുംബത്തിന് 1,000 രൂപ വീതം). സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിന് 100 കോടി രൂപയും, 20 രൂപയ്ക്ക് സബ്‌സിഡി ഭക്ഷണം നൽകുന്ന ജനകീയ ഹോട്ടലുകൾക്കായി 50 കോടി രൂപയും മാറ്റിവെച്ചു. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 500 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. കുടുംബശ്രീ വഴി വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 2,000 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുടെ വിപുലീകരണത്തിനായി മറ്റൊരു 2,000 കോടി രൂപ മാറ്റിവെച്ചു. ഒടുവിൽ, സർക്കാരിന്റെ 2020 ഏപ്രിൽ വരെയുള്ള എല്ലാ കുടിശ്ശികകളും തീർക്കുന്നതിനായി 14,000 കോടി രൂപ വകയിരുത്തി. ഇവയെല്ലാം നേരിട്ടുള്ള സർക്കാർ ചെലവുകളായിരുന്നു.
ഇതിനുപുറമെ ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് ഫിറ്റ്നസ് ചാർജുകളിൽ ഇളവ് നൽകി, യാത്രാ വാഹനങ്ങൾക്ക് നികുതി ഇളവ് നൽകി, തിയേറ്ററുകളുടെ വിനോദ നികുതി കുറച്ചു. ഇത്തരം സജീവമായ സാമ്പത്തിക നയങ്ങൾ കാരണമാണ് മഹാമാരിക്കാലത്ത് വലിയൊരു സാമൂഹിക തകർച്ചയിൽനിന്ന് കേരളത്തെ രക്ഷിക്കാൻ കഴിഞ്ഞത്. സാമ്പത്തിക കണക്കപ്പിള്ളമാർ ചെലവുകൾ മാത്രം രേഖപ്പെടുത്തുമ്പോൾ, ഒരു വികസന കാഴ്ചപ്പാട് അതിന്റെ സാമൂഹിക ഗുണഫലങ്ങളെയാണ് വിലയിരുത്തുക. മഹാമാരിക്കാലത്ത് കേരളം എടുത്ത ഉയർന്ന കടത്തെ ജനങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക പ്രതിരോധശേഷിക്കുമായി നടത്തിയ ഒരു വലിയ ‘സാമൂഹിക നിക്ഷേപമായി’ (social investment) വേണം കാണാൻ. സാമ്പത്തിക ഭദ്രതയുടെ യാഥാസ്ഥിതിക നയം മാത്രം പിന്തുടർന്നിരുന്നെങ്കിൽ കേരളത്തിലെ ജനജീവിതം പൂർണമായും തകരുമായിരുന്നു.
റവന്യൂ ശേഷിയും ജി.എസ്.ടി ഘടകവും
കേരളത്തിന്റെ സ്വന്തം നികുതി വരുമാനം ജിഎസ്ഡിപി (GSDP) യുമായി താരതമ്യം ചെയ്യുമ്പോൾ ദേശീയ ശരാശരിയേക്കാൾ കുറവാണെന്ന് സ്റ്റാറ്റസ് റിപ്പോർട്ട് ദീർഘമായി ചർച്ച ചെയ്യുന്നുണ്ട്. ഇത് വസ്തുതാപരമായി ശരിയാണെങ്കിലും വിശകലനപരമായി അപൂർണമാണ്. ജി.എസ്.ടിയുടെ വരവോടെ സംസ്ഥാനങ്ങളുടെ ധനകാര്യ അന്തരീക്ഷം പൂർണമായും മാറിമറിഞ്ഞു എന്ന യാഥാർത്ഥ്യം ഇത് വിസ്മരിക്കുന്നു. ജി.എസ്.ടി വന്നതോടെ സംസ്ഥാന വാറ്റ് (VAT), കേന്ദ്ര വില്പന നികുതി, ലക്ഷ്വറി ടാക്സ്, എൻട്രി ടാക്സ്, വിനോദ നികുതി, പരസ്യ നികുതി, ലോട്ടറി-ചൂതാട്ട നികുതി തുടങ്ങി സംസ്ഥാനങ്ങളുടെ സ്വന്തം നികുതി വരുമാനത്തിന്റെ ഭാഗമായിരുന്ന പല നികുതികളും ഇല്ലാതായി. അവയെല്ലാം ജി.എസ്.ടിയിൽ ലയിപ്പിച്ചു. ചുരുക്കത്തിൽ, ജി.എസ്.ടി സമ്പ്രദായം കേന്ദ്രത്തിന്റെ നികുതി അധികാരങ്ങളെ ശക്തമാക്കുകയും സംസ്ഥാനങ്ങളെ കേന്ദ്രവിഹിതത്തിനും നഷ്ടപരിഹാര സംവിധാനങ്ങൾക്കും മുന്നിൽ കൈനീട്ടുന്നവരാക്കി മാറ്റുകയും ചെയ്തു. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായതുകൊണ്ട് ജി.എസ്.ടി നടപ്പിലാക്കിയാൽ കേരളത്തിന് വലിയ നേട്ടമുണ്ടാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ യഥാർത്ഥ അനുഭവം കൂടുതൽ സങ്കീർണമായിരുന്നു. ഉപഭോഗ രീതികളിലെ മാറ്റങ്ങൾ, ഭരണപരമായ ക്രമീകരണങ്ങൾ എന്നിവ വരുമാനത്തെ ബാധിച്ചു. ജി.എസ്.ടി നഷ്ടപരിഹാരവും നിർത്തലാക്കപ്പെട്ടു. ഇവയൊന്നും സംസ്ഥാന തലത്തിൽ എടുത്ത നയപരമായ തീരുമാനങ്ങളല്ല, എന്നാൽ സ്റ്റാറ്റസ് റിപ്പോർട്ട് ചിന്തിക്കുന്നത് നേരെ തിരിച്ചാണ്.
കടത്തിന്റെ സുസ്ഥിരത:
കൂടുതൽ ശരിയായ ചോദ്യം
പൊതുധനകാര്യത്തിൽ കടത്തിന്റെ ചോദ്യം ഒരിക്കലും കേവലമായ അക്കങ്ങളിൽ മാത്രം ഒതുക്കി നിർത്താറില്ല. സംസ്ഥാനത്തിന് ആകെ 5 ലക്ഷം കോടി രൂപയുടെ കടമുണ്ടെന്ന് പറഞ്ഞാൽ മാത്രം ആ കടം സുസ്ഥിരമാണോ അല്ലയോ എന്ന് പറയാൻ കഴിയില്ല. സാമ്പത്തിക ചരിത്രവും സമകാലിക നയങ്ങളും നമുക്കു കാണിച്ചുതരുന്നത് ലോകമെമ്പാടുമുള്ള സർക്കാരുകൾ വികസന ആവശ്യങ്ങൾക്കായി കടമെടുപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ്. കടം വാങ്ങി നടത്തുന്ന ചെലവുകളിലൂടെയാണ് അടിസ്ഥാനസൗകര്യങ്ങൾ, വിദ്യാഭ്യാസ വിപുലീകരണം, പൊതുജനാരോഗ്യ പുരോഗതി, വ്യവസായ വളർച്ച എന്നിവയെ സർക്കാരുകൾ പിന്തുണയ്ക്കുന്നത്. സാമ്പത്തിക വളർച്ച സ്തംഭിക്കുകയോ, വരുമാനം പൂർണമായി ഇല്ലാതാവുകയോ, കടമെടുത്ത പണം വകമാറ്റി നശിപ്പിക്കുകയോ ചെയ്യുമ്പോഴാണ് കടം ഒരു ‘ബാധ്യത’യായി മാറുന്നത്. എന്നാൽ, ഭാവിയിൽ ഉല്പാദനശേഷി വർദ്ധിപ്പിക്കുന്ന നിക്ഷേപങ്ങൾക്കായി അവ ഉപയോഗിക്കുമ്പോൾ കടം പൂർണമായും സുസ്ഥിരമാണ്.
ഇവിടെയാണ് ഔദ്യോഗിക റിപ്പോർട്ടിന് തെറ്റുപറ്റിയത്. അത് കടത്തെ നയപരമായ പരാജയത്തിന്റെ തെളിവായി മാത്രം കാണുന്നു. ബജറ്റ് കമ്മി കുറയ്ക്കുക എന്നത് പരമമായ ലക്ഷ്യമായി കാണുന്ന നവലിബറൽ ചിന്താഗതിയുടെ ഉദാഹരണമാണിത്. എന്നാൽ കമ്മി എന്നത് സ്വാഭാവികമായി നല്ലതോ ചീത്തയോ അല്ല. സാമ്പത്തിക മാന്ദ്യം, ദുരന്തങ്ങൾ, പൊതു അടിയന്തര സാഹചര്യം എന്നിവ നേരിടുമ്പോൾ ഉയർന്ന കമ്മി അനിവാര്യവും ഉചിതവുമാണ്. കമ്മി കുറയ്ക്കൽ ഒരു ലക്ഷ്യമായി കാണുന്ന സാമ്പത്തിക യാഥാസ്ഥിതികത്വത്തിന്റെ ക്ലാസിക് വാദമാണ് യുഡിഎഫ് ഗവൺമെന്റിറക്കിയ സ്റ്റാറ്റസ് റിപ്പോർട്ട്.
III. കടുത്ത സമ്മർദ്ദത്തിലായ
ധനകാര്യ ഫെഡറലിസം
സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള
കേരളത്തിന്റെ പോരാട്ടം
കേരളത്തിന്റെ ധനസ്ഥിതിയിലുണ്ടാകുന്ന തിരിച്ചടികൾ മനസ്സിലാക്കാൻ സാമ്പത്തിക കേന്ദ്രീകരണവും നവലിബറൽ പരിഷ്കാരങ്ങളും അതിന് എത്രത്തോളം കാരണമാകുന്നുണ്ടെന്ന് 2011-ലെ എൽഡിഎഫ് ‘ബദൽ ധവളപത്രം’ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. 2011-നു ശേഷം ഈ രണ്ട് പ്രശ്നങ്ങളും കൂടുതൽ ഗുരുതരമായി മാറിയിട്ടുണ്ട്. അന്നത്തെ ചോദ്യവും ഇപ്പോൾ മാറിമറിഞ്ഞിരിക്കുന്നു. കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ എന്നതല്ല ഇപ്പോഴത്തെ ചോദ്യം. മറിച്ച്, വൻതോതിൽ കേന്ദ്രീകരിക്കപ്പെട്ട ഒരു സാമ്പത്തിക വ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ട് ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് തനതായ സാമ്പത്തിക വളർച്ചയും വികസന തന്ത്രങ്ങളും പിന്തുടരാൻ കഴിയുമോ എന്നതാണ് യഥാർത്ഥ ചോദ്യം.
ഇവിടെ ‘ലംബമായ ധനകാര്യ അസമത്വം’ (Vertical Fiscal Imbalance – VFI) എന്ന ആശയം മനസ്സിലാക്കേണ്ടതുണ്ട്. ഒരു ഭരണകൂടത്തിന്റെ ചെലവഴിക്കാനുള്ള ഉത്തരവാദിത്വം അതിന്റെ വരുമാന സ്രോതസ്സുകളേക്കാൾ വളരെക്കൂടുതൽ ആയിരിക്കുമ്പോഴാണ് ലംബമായ ധനകാര്യ അസമത്വം ഉണ്ടാകുന്നത്. ഇന്ത്യയിലാകെ പൊതുചെലവിന്റെ 67 ശതമാനവും നിർവ്വഹിക്കുന്നത് സംസ്ഥാന സർക്കാരുകളാണ്, എന്നാൽ ആകെ നികുതി വരുമാനത്തിന്റെ 33 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾക്ക് സ്വന്തമായി പിരിച്ചെടുക്കാൻ അധികാരമുള്ളത്. ഈ വലിയ അസമത്വം നിലനിൽക്കുമ്പോഴും, സമീപവർഷങ്ങളിൽ സംസ്ഥാനങ്ങളുടെ നികുതി അധികാരങ്ങൾ കൂടുതൽ വെട്ടിക്കുറയ്ക്കപ്പെട്ടു. വിവിധ പഠനങ്ങൾ കാണിക്കുന്നത് കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ ലംബമായ ധനകാര്യ അസമത്വം വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ്. സാമൂഹിക നിക്ഷേപം, വികേന്ദ്രീകരണം, പൊതുസേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന കേരളത്തിന്റെ വികസന മാതൃകയ്ക്ക് ഈ വർദ്ധിച്ചുവരുന്ന അസമത്വം കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്.
ഇതിനു പ്രധാന കാരണം ജി.എസ്.ടി വ്യവസ്ഥയാണ്. സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി വരുമാനം ലഭിക്കുന്നുണ്ടെങ്കിലും സ്വതന്ത്രമായി നികുതി നയം രൂപീകരിക്കാനുള്ള അവരുടെ അധികാരം ഇല്ലാതായി. ഉപഭോഗ രീതികൾ, സേവന മേഖലയുടെ ആധിപത്യം, പ്രവാസികളുടെ സാന്നിധ്യം എന്നിവ കാരണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മറ്റ് വലിയ ഉല്പാദന സംസ്ഥാനങ്ങളിൽ (manufacturing states) നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു ഏകീകൃത ദേശീയ നികുതി എല്ലാ സംസ്ഥാനങ്ങൾക്കും ഒരേപോലെ ഗുണം ചെയ്യുമെന്ന അനുമാനം തെറ്റാണെന്ന് അനുഭവം തെളിയിച്ചു. വരുമാന പ്രതിസന്ധിയുണ്ടാകുമ്പോൾ പരോക്ഷ നികുതി നിരക്കുകളിൽ മാറ്റംവരുത്താൻ പോലും സംസ്ഥാനങ്ങൾക്ക് അധികാരമില്ല. ജി.എസ്.ടിയുടെ തുടക്കത്തിൽ നഷ്ടപരിഹാര സംവിധാനങ്ങൾ ഉണ്ടായിരുന്നതിനാൽ ഈ പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കപ്പെട്ടിരുന്നു, എന്നാൽ നഷ്ടപരിഹാരം 2022-ൽ അവസാനിച്ചു. 2022-നുശേഷവും സംസ്ഥാനങ്ങളിലെ വരുമാന വളർച്ച പ്രതീക്ഷിച്ച 14 ശതമാനത്തിലെത്തിയില്ല. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന എൽഡിഎഫ് സർക്കാരിന്റെ ആവശ്യങ്ങൾ കേന്ദ്രം പൂർണമായും തള്ളി. 2026-ലെ ഈ ഔദ്യോഗിക സ്റ്റാറ്റസ് റിപ്പോർട്ടാകട്ടെ കേന്ദ്രത്തിന്റെ ഈ നിലപാടിനോട് യോജിച്ചുകൊണ്ട് ഇതൊരു അടഞ്ഞ അധ്യായമായി കാണാനാണ് ശ്രമിക്കുന്നത്. എന്നാൽ ജി.എസ്.ടി വരുത്തിയ ഈ വലിയ സാമ്പത്തിക നഷ്ടങ്ങൾ പരിഹരിക്കാനുള്ള പോരാട്ടവും അവകാശവാദങ്ങളും നമ്മൾ തുടരണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ലംബമായ ധനകാര്യ അസമത്വം വർദ്ധിക്കാനുള്ള രണ്ടാമത്തെ കാരണം കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിൽ സംസ്ഥാനങ്ങൾക്ക് വിഭജിച്ചു നൽകേണ്ട തുകയുടെ (Divisible pool) അളവ് കുറയുന്നതാണ്. കഴിഞ്ഞ ദശകത്തിൽ സെസുകളും സർചാർജുകളും വൻതോതിൽ വർദ്ധിപ്പിച്ചുകൊണ്ടാണ് കേന്ദ്രം ഇത് ചെയ്തത്. ഭരണഘടനയനുസരിച്ച് സെസുകളും സർചാർജുകളും സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല, അവ പൂർണമായും കേന്ദ്രത്തിന് മാത്രമവകാശപ്പെട്ടതാണ്. ഇതിന്റെ ഫലമായി കേന്ദ്ര നികുതി വരുമാനത്തിന്റെ വലിയൊരു പങ്ക് ഈ ഡിവിസിബിൾ പൂളിന് പുറത്തായി. 2009–-10 നും 2023-–24 നും ഇടയിൽ സെസുകളിലൂടെയും സർചാർജുകളിലൂടെയും കേന്ദ്രം 36.6 ലക്ഷം കോടി രൂപയാണ് പിരിച്ചെടുത്തത്. ഇത് ഫെഡറൽ വ്യവസ്ഥയ്ക്കുള്ളിലെ അധികാര സന്തുലിതാവസ്ഥയെ ബാധിക്കുന്ന വലിയൊരു പ്രശ്നമാണ്. ദേശീയ തലത്തിൽ നികുതി വരുമാനം വർദ്ധിക്കുമ്പോൾ അതിന്റെ ആനുകൂല്യങ്ങൾ സംസ്ഥാനങ്ങൾക്ക് ആനുപാതികമായി ലഭിക്കുന്നില്ല. കേന്ദ്രത്തിന്റെ വരുമാനത്തിൽ വളർച്ചയുണ്ടാകുമ്പോഴും കേരളം പോലുള്ള സംസ്ഥാനങ്ങൾ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലാകുന്നത് അതുകൊണ്ടാണ്.
കടമെടുപ്പ് നിയന്ത്രണങ്ങളും കിഫ്ബിയും (KIIFB)
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിക്കു മേൽ, പ്രത്യേകിച്ച് സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ (SPVs) വഴിയുള്ള വായ്പകൾക്കു മേൽ, കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന വിപരീത നിലപാടുകൾ ഫെഡറലിസത്തിന് വലിയ വെല്ലുവിളിയാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) എടുത്ത വായ്പകളെ ബജറ്റ് ഇതര വായ്പകളായി (Off-budget borrowing) കണക്കാക്കുമെന്നും അത് സംസ്ഥാന സർക്കാരിന്റെ ആകെ പൊതുകടത്തിന്റെ ഭാഗമായി കൂട്ടുമെന്നും കേന്ദ്രം തീരുമാനിച്ചു. ഈ നിയന്ത്രണം 2021 മുതലുള്ള മുൻകാല പ്രാബല്യത്തോടെ (retrospective effect) നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഇതോടെ കേരളത്തിന് വിപണിയിൽ നിന്നു കൂടുതൽ കടമെടുക്കാനുള്ള ശേഷി പൂർണമായും തടസ്സപ്പെട്ടു.
1999ൽ കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി സ്ഥാപിതമായത്. 2016-ൽ എൽഡിഎഫ് സർക്കാർ പുനഃസംഘടിപ്പിച്ച കിഫ്ബി, വിപണിയിൽ നിന്ന് വിഭവങ്ങൾ സമാഹരിച്ച് വലിയ അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് പണം നൽകാൻ ലക്ഷ്യമിടുന്നു. അതായത്, കിഫ്ബി ഒരു സ്വതന്ത്ര നിയമപരമായ ചട്ടക്കൂടിനു കീഴിലാണ് പ്രവർത്തിക്കുന്നത്. അതിന്റെ കടമെടുപ്പുകൾ സംസ്ഥാന ബജറ്റിന്റെ നേരിട്ടുള്ള ഭാഗമല്ല. ഈ വായ്പകളെ സംസ്ഥാനത്തിന്റെ ധനക്കമ്മിയുടെ ഭാഗമായി മുദ്രകുത്തുന്നത് കേരളത്തിന്റെ സാമ്പത്തിക സ്വയംഭരണത്തിന്മേലുള്ള കടന്നുകയറ്റമാണ്.
വിരോധാഭാസമെന്നു പറയട്ടെ, കേന്ദ്ര സർക്കാർ തന്നെ വലിയ തോതിൽ ഇത്തരം ബജറ്റിതര മാർഗങ്ങൾ (Extra-Budgetary Resources – – EBR) ഉപയോഗിക്കുന്നുണ്ട്. 2023 ലെ കണക്കനുസരിച്ച്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സമാഹരിച്ച ആകെ ഇ.ബി.ആർ (EBR) 3 ലക്ഷം കോടി രൂപ കവിഞ്ഞിരുന്നു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (FCI) ഭക്ഷ്യ സബ്‌സിഡികൾക്കായി ഇത്തരത്തിൽ വായ്പയെടുത്തിട്ടുണ്ട്. കിഫ്ബിയുടെ വിഭവ സമാഹരണ തന്ത്രം, എൻഎച്ച്എഐ (NHAI) യിലേക്കുള്ള പെട്രോളിയം സെസ് കൈമാറ്റത്തിൽ നിന്നോ ഹരിത അടിസ്ഥാനസൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള കൽക്കരി സെസിൽ നിന്നോ എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
ധനശാസ്ത്രത്തിലും ധനകാര്യത്തിലും ഒരു സർക്കാരിന്റെ നേരിട്ടുള്ള കടവും അതിന്റെ ‘ബാധ്യതകളും’ (Contingent Liabilities) തമ്മിൽ വ്യക്തമായ വ്യത്യാസങ്ങളുണ്ട്. കടമെടുത്ത സ്ഥാപനം പണം തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽമാത്രമേ ഗ്യാരന്റി നൽകിയ വായ്പ ഔദ്യോഗിക സർക്കാർ കടമായി രേഖപ്പെടുത്തുകയുള്ളൂ. ഈ അടിസ്ഥാന തത്ത്വങ്ങൾ നിലനിൽക്കെ, കെ.എസ്.ഇ.ബി.എൽ (KSEBL), കിൻഫ്ര (KINFRA), കെഫോൺ (KFON) തുടങ്ങിയ വരുമാനമുണ്ടാക്കുന്ന സ്ഥാപനങ്ങൾക്കു നൽകിയ വായ്പകൾ കിഫ്ബിയുടെ മാത്രം ബാധ്യതയാണ്. ദേശീയപാതാ വികസനത്തിനായി കേരളം നൽകിയ വിഹിതംപോലും ഒടുവിൽ ഉപയോക്തൃ ചാർജുകളിലൂടെ (user charges) കേന്ദ്രമാണ് തിരിച്ചുപിടിക്കുന്നത്; ഇത് കേരളവുമായി പങ്കിടുന്നില്ല. അതേസമയം വിഴിഞ്ഞം പദ്ധതിക്കായി കേന്ദ്രം നൽകിയ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന് കേരളത്തോട് കേന്ദ്രം ആവശ്യപ്പെടുന്നു താനും. എയർ ഇന്ത്യ സ്വകാര്യവത്കരിക്കുന്നതിനുമുമ്പ് അതിന്റെ വലിയൊരു പങ്ക് ബാധ്യതകളും ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ ‘എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിംഗ് ലിമിറ്റഡ്’ എന്ന പേരിലൊരു കമ്പനി രൂപീകരിച്ചിരുന്നു. എന്നാൽ വൈദ്യുതി ബോർഡിന്റെ നഷ്ടവും ബാധ്യതകളും സംസ്ഥാന സർക്കാരിന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ചുരുക്കത്തിൽ, കേന്ദ്രം സ്വന്തം കാര്യത്തിൽ പിന്തുടരുന്ന നിയമങ്ങളല്ല സംസ്ഥാനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത്. ഈ ഇരട്ടത്താപ്പ് ശക്തമായി ചെറുക്കപ്പെടണം.
അടിസ്ഥാനസൗകര്യ വികസനത്തിന് പണം കണ്ടെത്തുന്നതിനായി സംസ്ഥാനത്തിന്റെ സുസ്ഥിരമായ വരുമാന സ്രോതസ്സുകളെ ഈ രീതിയിൽ ഉപയോഗിക്കുന്നത് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ധനകാര്യ തന്ത്രമാണ്. ഭാവി വരുമാനത്തെ മുൻകൂട്ടി ഉപയോഗിക്കാതെ ഒരു വലിയ പ്രൊജക്ട് ഫിനാൻസിങ്ങും സാധ്യമല്ല. വ്യക്തിഗത വായ്പകൾക്കുമുതൽ വലിയ സ്വകാര്യ കമ്പനികളുടെ അടിസ്ഥാന സൗകര്യ പദ്ധതികൾക്കുവരെയും ബാധകമായിട്ടുള്ള ബാങ്കിങ്ങിന്റെ അടിസ്ഥാന സവിശേഷതയാണിത്. കേന്ദ്ര സർക്കാർ ഇപ്പോൾ ഈ സ്രോതസ്സിനെ എഫ്.ആർ.ബി.എം (FRBM) നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ കേരള സർക്കാർ ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു; വിഷയം ഇപ്പോൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുമാണ്. എന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തിന്മേലുള്ള ഈ പുതിയ കടന്നുകയറ്റത്തിനെതിരെ സംസ്ഥാനത്തെ പ്രതിരോധിക്കാൻ യുഡിഎഫ് സർക്കാരിന്റെ സ്റ്റാറ്റസ് റിപ്പോർട്ടിൽ യാതൊരു ശ്രമവുമില്ല. റിപ്പോർട്ടിന്റെ ഈ മൗനവും അതിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
കേന്ദ്രാവിഷ്‌കൃത പദ്ധതികളും (CSS)
നയപരമായ കേന്ദ്രീകരണവും
സംസ്ഥാന ലിസ്റ്റിലുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാർ നേരിട്ടു നടത്തുന്ന വലിയ തോതിലുള്ള ചെലവഴിക്കലുകൾ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഒന്നാമതായി, ആർട്ടിക്കിൾ 246 അനുസരിച്ച് സംസ്ഥാനങ്ങൾക്ക് ഭരണഘടന നൽകിയിട്ടുള്ള അധികാരം ഇല്ലാതാകുന്നു. രണ്ടാമതായി, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ (CSS) കടുത്ത നിബന്ധനകളോടെയാണ് സംസ്ഥാനങ്ങൾക്കുള്ള ഗ്രാന്റുകൾ കേന്ദ്രം നൽകുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും ഒരേപോലെ ബാധകമാകുന്ന രീതിയിൽ കേന്ദ്ര മന്ത്രാലയങ്ങൾ തയ്യാറാക്കുന്ന ഈ പദ്ധതികളുടെ സാമ്പത്തിക ബാധ്യതയുടെ വലിയൊരു ഭാഗവും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. സംസ്ഥാനങ്ങളുടെ തനതായ ആവശ്യങ്ങളെയും മുൻഗണനകളെയും തള്ളിക്കളഞ്ഞുകൊണ്ടും, ഫണ്ടുകൾ തടഞ്ഞുവെച്ചുകൊണ്ടും, നിർബന്ധിത കേന്ദ്ര ബ്രാൻഡിങ്ങുകൾ ഏർപ്പെടുത്തിക്കൊണ്ടും ഈ പദ്ധതികൾ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെ പൂർണണമായും തകർക്കുന്നു. ഇത്തരം നിബന്ധനകൾ സഹകരണ ഫെഡറലിസത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണ്.
പദ്ധതി ചെലവുകളുടെ 40 ശതമാനമോ അതിൽ കൂടുതലോ വഹിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രത്തിലെ ഭരണകക്ഷിയുടെ പ്രചാരണ വാഹനങ്ങളാക്കി മാറ്റാൻ മോടി സർക്കാർ നിർബന്ധിക്കുന്നു. തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തിലെ ഭരണകക്ഷിക്ക് വോട്ടുചെയ്താൽ മാത്രമേ കൂടുതൽ ഫണ്ട് ലഭിക്കൂ എന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത് (‘ഇരട്ട എഞ്ചിൻ സർക്കാർ’). ഇതിനുപുറമെ, സംസ്ഥാനങ്ങൾ സ്വന്തമായി രൂപകൽപ്പന ചെയ്ത് വർഷങ്ങളായി ഫണ്ട് നൽകി ജനകീയമാക്കിയ പല പദ്ധതികളും കേന്ദ്രം ഏറ്റെടുത്ത് തങ്ങളുടെ പേരിൽ റീബ്രാൻഡ് ചെയ്യുന്നു. സംസ്ഥാനം മുടക്കിയ സാമ്പത്തികവും ഭരണപരവുമായ അധ്വാനത്തിന്റെ ക്രെഡിറ്റ് കേന്ദ്രം തട്ടിയെടുക്കുകയാണിവിടെ. ഇത്തരം രീതികൾ ഫെഡറൽ വിരുദ്ധ-ം മാത്രമല്ല, പൂർണമായും ജനാധിപത്യ വിരുദ്ധവുമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് പകരം സംസ്ഥാനങ്ങൾ പൂർണമായും രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുന്ന പദ്ധതികൾ വരണം. ഇതിനായി ഈ പദ്ധതികൾക്കായി ചെലവഴിക്കുന്ന തുക പൂർണ്ണമായും സംസ്ഥാനങ്ങൾക്ക് കൈമാറുകയാണ് വേണ്ടത്.
ചുരുക്കത്തിൽ, സാമ്പത്തിക ഇടത്തിനായുള്ള കേരളത്തിന്റെ പോരാട്ടം വെറുമൊരു ബജറ്റ് വർദ്ധനവിനു വേണ്ടിയുള്ളതല്ല, മറിച്ച് തനതായ ഒരു വികസന തന്ത്രം പിന്തുടരാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതാണ്. മുൻകാല നയരൂപകർത്താക്കൾക്ക് കൂടുതൽ നയപരമായ സ്വാതന്ത്ര്യം ഉണ്ടായിരുന്നതുകൊണ്ടാണ് സാമൂഹിക മേഖലയിൽ കേരളത്തിനു വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത്. കേന്ദ്രീകരണ നയങ്ങൾ കാരണം ആ ഇടമാണ് ഇപ്പോൾ നഷ്ടപ്പെടുന്നത്. യുഡിഎഫ് സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട് ഈ കാര്യങ്ങളിലൊക്കെ പൂർണമായും മൗനംപാലിക്കുകയാണ്.
IV. മൂലധന രൂപീകരണവും
അടിസ്ഥാനസൗകര്യ വെല്ലുവിളികളും
പല ദശകങ്ങളായി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളി, സാമൂഹിക മേഖലയിലെ വലിയ നേട്ടങ്ങൾക്കൊപ്പം അടിസ്ഥാനസൗകര്യ വികസനം (infrastructure development) മുന്നോട്ടുപോയില്ല എന്നതാണ്. ഭൂമിയുടെ ദൗർലഭ്യം, പരിസ്ഥിതി ലോലത, ചിതറിക്കിടക്കുന്ന ജനവാസ രീതികൾ, പരിമിതമായ സാമ്പത്തിക വിഭവങ്ങൾ എന്നിവ ഇതിന്റെ ചരിത്രപരമായ കാരണങ്ങളാണ്. ഇതിന്റെ ഫലമായി ഒരു വലിയ വൈരുദ്ധ്യം രൂപപ്പെട്ടു. വികസിത രാജ്യങ്ങൾക്ക് സമാനമായ സാമൂഹിക അടിത്തറ കേരളത്തിനുണ്ടായിരുന്നെങ്കിലും, അതിനനുസരിച്ചുള്ള ഗതാഗത സൗകര്യങ്ങൾ, വ്യവസായ പാർക്കുകൾ, നഗര സൗകര്യങ്ങൾ എന്നിവ ഇവിടെ വികസിച്ചില്ല. ഈ കുറവുകൾ പരിഹരിക്കാൻ വൻതോതിലുള്ള മൂലധന ചെലവുകൾ ആവശ്യമായിരുന്നു. എന്നാൽ, പരമ്പരാഗത ബജറ്റ് വിഭവങ്ങൾ അതിന് ഒട്ടും പര്യാപ്തമായിരുന്നില്ല. പ്രത്യേകിച്ച് 2000-ത്തിന്റെ ആദ്യദശകത്തിന്റെ തുടക്കത്തിൽ കേന്ദ്രം കടുത്ത സാമ്പത്തിക ഫിസ്കൽ നിയമങ്ങൾ കൊണ്ടുവന്നതോടെ ഈ വെല്ലുവിളി കൂടുതൽ രൂക്ഷമായി.
പരമ്പരാഗത ബജറ്റ് പ്രക്രിയയിലൂടെ അടിസ്ഥാനസൗകര്യ പദ്ധതികളെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനുപകരം, അവയെ മുൻകൂട്ടി നടപ്പിലാക്കാനുള്ള ഒരു തന്ത്രമെന്ന നിലയിലാണ് കിഫ്ബി ഉയർന്നുവന്നത്. 2016-–17 നും 2024-–25 നും ഇടയിൽ 34,824 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി ധനസഹായം നൽകിയത്. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, കായിക സമുച്ചയങ്ങൾ, വിവരസാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ പാർക്കുകൾ എന്നിവയിലെല്ലാം വലിയ നിക്ഷേപങ്ങൾ നടന്നു. ഇവയെല്ലാം ദീർഘകാല വികസന ശേഷി ശക്തിപ്പെടുത്തുന്ന ഭൗതിക ആസ്തികളാണ്. കിഫ്ബിയെ വിലയിരുത്തുമ്പോൾ, അതിന്റെ ബാധ്യതകളും ആസ്തികളും ഒരുപോലെ പരിശോധിക്കണം. എന്നാൽ ഔദ്യോഗിക റിപ്പോർട്ട് അതിന്റെ ബാധ്യതകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനെ വെറുമൊരു സാമ്പത്തിക ബാധ്യതയായി മാത്രം ചിത്രീകരിക്കുകയും കിഫ്ബി പരിഹരിക്കാൻ ശ്രമിച്ച വലിയ അടിസ്ഥാനസൗകര്യ പ്രതിസന്ധിയെ പൂർണമായും അവഗണിക്കുകയും ചെയ്യുന്നു. കിഫ്ബി പണം കടമെടുത്തോ ഇല്ലയോ എന്നതല്ല ചോദ്യം, മറിച്ച് ഇത്തരമൊരു സംവിധാനമില്ലാതെ കേരളത്തിന് അതിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമായിരുന്നോ എന്നതാണ് യഥാർത്ഥ ചോദ്യം.
മൂലധന രൂപീകരണത്തിന്റെ തെളിവുകൾ
സമീപകാല പഠനങ്ങൾ കഴിഞ്ഞ ദശകത്തിലെ കേരളത്തിന്റെ നിക്ഷേപ തന്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (NIPFP) നടത്തിയ പഠനമനുസരിച്ച്, 2015-ൽ പ്ലാനിങ് കമ്മീഷൻ നിർത്തലാക്കുകയും സംസ്ഥാന പ്ലാനിങ് ബോർഡുകളെ ദുർബലപ്പെടുത്തുകയും ചെയ്തതിനുശേഷം ഇന്ത്യയിലെ പല വലിയ സംസ്ഥാനങ്ങളിലും ആകെ ചെലവിൽ മൂലധന ചെലവിന്റെ (capital expenditure) പങ്ക് കുറയുകയാണുണ്ടായത്. പ്ലാൻ, നോൺ-പ്ലാൻ വേർതിരിവുകൾ ഇല്ലാതാക്കുന്നതോടെ നിക്ഷേപത്തിനായി കൂടുതൽ വിഭവങ്ങൾ ലഭ്യമാകുമെന്ന നവലിബറൽ അനുമാനം തെറ്റാണെന്ന് ഇത് തെളിയിച്ചു. പല സംസ്ഥാനങ്ങളിലും ഇത് വിപരീത ഫലമാണുണ്ടാക്കിയത്.
എന്നാൽ, കേരളം ഇതിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു മാതൃകയാണ് കാണിച്ചതെന്ന് എൻ.ഐ.പി.എഫ്.പി (NIPFP) പഠനം വ്യക്തമാക്കുന്നു. ആസൂത്രണ സ്ഥാപനങ്ങളെ ഉപേക്ഷിക്കുന്നതിനുപകരം കേരളം അവയെ നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു. തൽഫലമായി, 2016–-17 നുശേഷം മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തിന്റെ മൂലധന ചെലവുപ്രകടനം വളരെ ശക്തമായിരുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട 18 സംസ്ഥാനങ്ങളുടെ ശരാശരി മൂലധന ചെലവ് വിഹിതം 2012–-13 നും 2016–-17 നും ഇടയിലുള്ള 12.8 ശതമാനത്തിൽ നിന്ന് 2017-–18 നും 2021–-22 നുമിടയിൽ 11.3 ശതമാനമായി കുറഞ്ഞു. 2022-–23, 2023–-24 വർഷങ്ങളിൽ ഇത് 12.2 ശതമാനമായിരുന്നു. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ, ആകെ ചെലവിലെ മൂലധന ചെലവിന്റെ ശരാശരി വിഹിതം 2012–-13 നും 2016-–1-7 നും ഇടയിലുള്ള 6.3 ശതമാനത്തിൽ നിന്ന് 2017-–18 നും 2021–-22 നും ഇടയിൽ 7.5 ശതമാനമായി വർദ്ധിച്ചു. 2022-–23, 2023–-24 വർഷങ്ങളിൽ ഇത് 8.2 ശതമാനമായി ഉയർന്നു. കേരളത്തിന്റെ റെക്കോർഡുകളെ ചെറുതാക്കി കാണിക്കാനുള്ള തിടുക്കത്തിൽ സ്റ്റാറ്റസ് റിപ്പോർട്ട് ഈ വലിയ നേട്ടങ്ങളെ പൂർണ്ണമായും അവഗണിക്കുകയാണ് ചെയ്തത്.
V. പൊതുമേഖലാ സ്ഥാപനങ്ങളും
യൂട്ടിലിറ്റികളും: നവലിബറൽ നയം
ഔദ്യോഗിക സ്റ്റാറ്റസ് റിപ്പോർട്ടിലെ അഞ്ചാം അധ്യായത്തിന്റെ പേര് ‘പൊതുമേഖലാ സ്ഥാപനങ്ങളും സാമ്പത്തിക സമ്മർദ്ദവും’ എന്നാണ്. ഈ തലക്കെട്ടുതന്നെ തികച്ചും മുൻവിധി നിറഞ്ഞതാണ്. യാതൊരു തെളിവുകളും അവതരിപ്പിക്കുന്നതിനുമുമ്പുതന്നെ പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാരിന് ഒരു സാമ്പത്തിക ബാധ്യതയാണെന്ന നിഗമനത്തിലാണ് റിപ്പോർട്ട് എത്തിച്ചേർന്നിരിക്കുന്നത്. ഈ സമീപനം ഒട്ടും നിഷ്-പക്ഷമോ വസ്തുനിഷ്ഠമോ അല്ല. പകരം, ഇത് നിയോലിബറൽ ചിന്താഗതിയെയാണ് പ്രതിഫലിപ്പിക്കുന്നത്. നിയോലിബറൽ നയമനുസരിച്ച്, പൊതുമേഖലാ സ്ഥാപനങ്ങളെ വിലയിരുത്തേണ്ടത് അവയുടെ വാണിജ്യപരമായ ലാഭത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. നഷ്ടം എന്നത് കാര്യക്ഷമതയില്ലായ്മയുടെ തെളിവായും, സർക്കാർ നൽകുന്ന പിന്തുണ വിപണിയിലെ തടസ്സമായും അവർ കാണുന്നു. ഇതിനുള്ള ഏക പരിഹാരം സ്വകാര്യവൽക്കരണവും വാണിജ്യവൽക്കരണവുമാണെന്ന് അവർ വാദിക്കുന്നു.
ഈ സമീപനം പൂർണ്ണമായും തെറ്റാണ്. കേരളത്തിന്റെ വികസന ചരിത്രത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വഹിച്ച പങ്കിനെക്കുറിച്ച് മനസ്സിലാക്കുന്നതിൽ റിപ്പോർട്ട് പൂർണമായും പരാജയപ്പെടുന്നു. ഭൂരിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളും, പ്രത്യേകിച്ച് പൊതുജനപ്രാധാന്യമുള്ള സേവന സ്ഥാപനങ്ങളും (utilities) കേവലം ലാഭമുണ്ടാക്കാൻവേണ്ടി മാത്രം സ്ഥാപിച്ചതല്ല. വ്യവസായവൽക്കരണം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പ്രാദേശിക സന്തുലിതാവസ്ഥ, സാങ്കേതികശേഷി വികസനം, വിപണി ഇടപെടൽ, എല്ലാവർക്കും അത്യാവശ്യ സേവനങ്ങൾ ഉറപ്പാക്കൽ തുടങ്ങിയ വിശാലമായ സാമൂഹിക ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് അവ രൂപീകരിച്ചത്. ഇവിടെ കേന്ദ്ര സർക്കാരിന്റെതന്നെ വിലയിരുത്തൽ സംവിധാനങ്ങളനുസരിച്ച് വൈദ്യുതീകരണ കവറേജ്, കുറഞ്ഞ എ.ടി ആൻഡ് സി (AT&C) നഷ്ടം, മികച്ച കളക്ഷൻ കാര്യക്ഷമത, ഉപഭോക്തൃ സേവനം എന്നിവയിൽ കെ.എസ്.ഇ.ബി.എൽ (KSEBL) കൈവരിച്ച ഉന്നത സ്ഥാനങ്ങൾ എടുത്തുപറയേണ്ടതാണ്. സമാനമായി കെ.എസ്.ആർ.ടി.സി (KSRTC) യുടെ സർവീസുകളുടെ എണ്ണത്തിലും ഗ്രാമീണ കണക്റ്റിവിറ്റിയിലും ഈ കാലയളവിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. ഈ ചരിത്രപരമായ നേട്ടങ്ങളെ വെറും ലാഭനഷ്ട കണക്കുകളിലേക്ക് മാത്രമായി ചുരുക്കാനാകില്ല.
ലാഭനഷ്ട കണക്കുകൾ മാത്രം നോക്കിയാൽ ഒരു സർക്കാർ ആശുപത്രിയോ, പൊതുവിദ്യാലയമോ, പൊതുഗതാഗത സംവിധാനമോ ഒക്കെ സാമ്പത്തികമായി ‘നഷ്ടം’ ആണെന്നു തോന്നാം. എന്നാൽ അവയുടെ സാമൂഹിക മൂല്യം എല്ലാവർക്കും വ്യക്തമാണ്. ഇതേ തത്ത്വം തന്നെയാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്കാകെ ബാധകം.
റിപ്പോർട്ട് പലപ്പോഴും ചൈനയെ ഒരു മാതൃകയായി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ചൈനയിലെ വ്യവസായ പുരോഗതിക്കും അടിസ്ഥാനസൗകര്യ വികസനത്തിനും അടിത്തറയിട്ടത് അവരുടെ പൊതുമേഖലാ സ്ഥാപനങ്ങളും പൊതുനിക്ഷേപങ്ങളും ആസൂത്രണവുമാണ് എന്ന സത്യം റിപ്പോർട്ട് മറച്ചുവെക്കുന്നു. കേരളത്തിലാകട്ടെ, കഴിഞ്ഞ ദശകത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രൊഫഷണലിസം കൊണ്ടുവരുന്നതിനും, മികച്ച ഭരണനിർവ്വഹണത്തിനുമായി നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുകയുണ്ടായി. ഇതിന്റെ ഫലമായി ആകെ വിറ്റുവരവ് വർദ്ധിക്കുകയും ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ഉയരുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളെ പൊതുഉടമസ്ഥതയിൽ നിലനിർത്തിക്കൊണ്ടുതന്നെ അവയെ നവീകരിക്കാനും വികസന തന്ത്രങ്ങളുടെ ഭാഗമാക്കാനും കഴിയുമെന്ന് ഇത് തെളിയിക്കുന്നു. എന്നാൽ യുഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് ഈ സാധ്യതകളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് സ്വകാര്യവൽക്കരണമാണ് ഏക പോംവഴിയെന്ന് വാദിക്കുന്നു. ഇത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് അവരുടെ പ്രത്യയശാസ്ത്രപരമായ താല്പര്യം മാത്രമാണ്.
പൊതുസേവനങ്ങൾ വെറുമൊരു
കച്ചവടച്ചരക്കല്ല
പൊതുജനപ്രാധാന്യമുള്ള സേവനങ്ങളുടെ കാര്യത്തിൽ റിപ്പോർട്ട് തികച്ചും ജനവിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുപകരം (Production -linked subsidies), അർഹരായ ഗുണഭോക്താക്കൾക്ക് നേരിട്ട് പണം നൽകണം (Consumer-based subsidies) എന്നാണ് റിപ്പോർട്ട് വാദിക്കുന്നത്. വൈദ്യുതി, കുടിവെള്ളം, പൊതുഗതാഗതം തുടങ്ങിയ മേഖലകൾക്കാണ് ഈ നിർദ്ദേശം വെച്ചിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് നേരിട്ട് പണം നൽകുന്നതല്ലേ നല്ലതെന്ന് ഉപരിപ്ലവമായി ചിന്തിക്കുമ്പോൾ തോന്നാം. എന്നാൽ പൊതുസേവന വിതരണത്തിന്റെ അടിസ്ഥാന തത്ത്വത്തെത്തന്നെ അട്ടിമറിക്കുന്നതാണ് ഈ നിർദ്ദേശം. പരമ്പരാഗതമായി ഇത്തരം പൊതുസേവനങ്ങൾ ‘സാർവത്രിക ലഭ്യത’ (universal access) എന്ന തത്ത്വത്തിന്മേലാണ് പ്രവർത്തിക്കുന്നത്. അത് ചില വ്യക്തികൾക്കുമാത്രം നൽകുന്ന ആനുകൂല്യമല്ല. എന്നാൽ റിപ്പോർട്ട് പറയുന്നത് ഈ സ്ഥാപനങ്ങൾ പൂർണമായും വാണിജ്യ തത്ത്വങ്ങളിൽ പ്രവർത്തിക്കണമെന്നും, ചെലവ് തിരിച്ചുപിടിക്കുന്ന രീതിയിൽ അവർ നൽകുന്ന സേവനങ്ങളുടെ വില നിശ്ചയിക്കണമെന്നുമാണ്. ഇത് നിയോലിബറൽ നയങ്ങളുടെ പ്രധാന സവിശേഷതയാണ്.
ഈ നയങ്ങളുടെ ഭാഗമായി ലോകമെമ്പാടും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകളോട് (DBT) ഇന്നത്തെ കാലത്ത് വലിയ ആഭിമുഖ്യമുണ്ട്. സർക്കാരുകൾ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുപകരം വ്യക്തികൾക്കു പണം നൽകുകയും സേവനങ്ങൾ വിപണിയിൽ നിന്ന് വാങ്ങാൻ ആവശ്യപ്പെടുകയുമാണ് ഇതിന്റെ രീതി. എന്നാൽ ഇത്തരം സേവനങ്ങളുടെ ഗുണഫലങ്ങൾ വ്യക്തികളിൽമാത്രം ഒതുങ്ങുന്നതല്ല. കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ചെറുകിട സംരംഭങ്ങളെ സഹായിക്കുന്നു; പൊതുഗതാഗതം മലിനീകരണവും യാത്രാക്ലേശവും കുറയ്ക്കുന്നു; ശുദ്ധമായ കുടിവെള്ളം പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നു. ഈ വിശാലമായ ഗുണങ്ങളെ ഡി.ബി.ടി (DBT) വഴി മാത്രം ഉൾക്കൊള്ളാനാകില്ല. മാത്രമല്ല, സാർവത്രിക സുരക്ഷയിൽ നിന്ന് ഇത്തരം ടാർഗെറ്റഡ് ആനുകൂല്യങ്ങളിലേക്ക് മാറുമ്പോൾ പുതിയതായി അർഹരായ പലരും പുറന്തള്ളപ്പെടും. ഗുണഭോക്താക്കളെ കണ്ടെത്തുന്നത് വലിയൊരു ബ്യൂറോക്രാറ്റിക് വ്യായാമമായി മാറുകയും അപാകതകൾ വർദ്ധിക്കുകയും ചെയ്യും. ഇതോടെ പൗരർ വെറുമൊരു ഉപഭോക്താക്കളായി ചുരുങ്ങുകയും സാമൂഹിക ഐക്യദാർഢ്യം ഇല്ലാതാവുകയും ചെയ്യും. ക്ഷേമരാഷ്ട്രം വെറുമൊരു ട്രാൻസ്ഫർ സ്റ്റേറ്റായി മാറും.
ഈ ശുപാർശകൾ നടപ്പിലാക്കിയാൽ അത് വലിയ ദോഷമുണ്ടാക്കും. ഒരു വാണിജ്യ ട്രാൻസ്പോർട്ട് കമ്പനി ഒരിക്കലും ലാഭകരമല്ലാത്ത ഗ്രാമീണ റൂട്ടുകളിൽ സർവീസ് നടത്തില്ല. സ്വകാര്യ ബസുകൾ മലയോര ഗ്രാമങ്ങളിലേക്കോ ഉൾപ്രദേശങ്ങളിലേക്കോ പോകില്ല. അവിടെയാണ് പൊതുസംവിധാനങ്ങളുടെ അനിവാര്യത. വൈദ്യുതി, കുടിവെള്ളം, ഇന്റർനെറ്റ് എന്നിവയ്ക്കും ഇത് ബാധകമാണ്.
ഇന്റർനെറ്റ് മനുഷ്യാവകാശമായി കാണുന്ന ഈ കാലഘട്ടത്തിൽ കെഫോൺ (KFON) പദ്ധതിയെ സ്വകാര്യ പങ്കാളിത്തത്തോടെ വിപുലീകരിക്കണമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇത് ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ തന്ത്രപരമായ പ്രാധാന്യത്തെ മനസ്സിലാക്കാത്തതുകൊണ്ടാണ്. എല്ലാ വീടുകളിലും കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ഇന്റർനെറ്റും എംഎസ്എംഇ (MSME) യൂണിറ്റുകൾക്ക് കുറഞ്ഞ നിരക്കിൽ സേവനങ്ങളും നൽകുക എന്നതാണ് കെഫോണിന്റെ ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും ഈ കാലഘട്ടത്തിൽ ഡിജിറ്റൽ മേഖലയിൽ നിന്നുള്ള പുറന്തള്ളൽ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതുകൊണ്ടുതന്നെ കെഫോണിനെ ഒരു വാണിജ്യ സംരംഭമായല്ല, മറിച്ച് ഒരു പൊതു യൂട്ടിലിറ്റിയായാണ് കാണേണ്ടത്.
പൊതുമേഖലാ സ്ഥാപനങ്ങളെ വ്യവസായ നയവുമായി ബന്ധിപ്പിക്കാത്ത റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ യുഡിഎഫ് സർക്കാർ തള്ളിക്കളയണം. വിജയകരമായ വികസനാനുഭവങ്ങളെല്ലാം പൊതുസ്ഥാപനങ്ങളും വ്യവസായ നയങ്ങളും തമ്മിലുള്ള തന്ത്രപരമായ ഏകോപനത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. വികസിത രാജ്യങ്ങളിൽ പോലും ഹരിത ഊർജ്ജ പരിവർത്തനം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ പൊതുമേഖല വലിയ പങ്കാണ് വഹിക്കുന്നത്. കേരളത്തിനാവശ്യം പൊതുമേഖലയെ തകർക്കലല്ല, മറിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ രീതിയിൽ അതിനെ കൂടുതൽ ഉത്തരവാദിത്വമുള്ളതും നവീകരണത്തിന് പ്രാപ്തവുമാക്കുക എന്നതാണ്.
VI. ആസൂത്രണം, വികേന്ദ്രീകരണം, വികസനം
കേരളം അതിന്റെ പൊതുവിഭവങ്ങളെ എങ്ങനെയാണ് വികസന നേട്ടങ്ങളാക്കി മാറ്റിയതെന്ന സ്ഥാപനപരമായ ചട്ടക്കൂടിനെക്കുറിച്ച് സ്റ്റാറ്റസ് റിപ്പോർട്ടിൽ വലിയ പരാമർശങ്ങളൊന്നുമില്ല. ഈ റിപ്പോർട്ടിനെ സംബന്ധിച്ചിടത്തോളം ആസൂത്രണം (planning) എന്നത് കാലഹരണപ്പെട്ടതും അനാവശ്യവുമായ ഒന്നാണ്.
ആസൂത്രണ ബോർഡിനെ സംരക്ഷിക്കുക
ഇന്ത്യയിലെ നവലിബറൽ നയങ്ങളുടെ വലിയൊരു ചുവടുവെപ്പായിരുന്നു 2015-ൽ പ്ലാനിങ് കമ്മീഷൻ നിർത്തലാക്കിയത്. വിപണി അനുകൂലികൾ ഈ തീരുമാനത്തെ വലിയ വിജയമായി ആഘോഷിച്ചു. ആസൂത്രണം എന്നത് പഴയ കാലത്തിന്റെ അവശിഷ്ടമാണെന്ന് അവർ ചിത്രീകരിച്ചു. പ്ലാനിങ് കമ്മീഷൻ ഇല്ലാതായതോടെ പ്ലാൻ, നോൺ-പ്ലാൻ വ്യത്യാസങ്ങളും ഇല്ലാതായി. ഇത് കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നായിരുന്നു വാദം. എന്നാൽ ഇതിന്റെ ഫലമായി പല സംസ്ഥാനങ്ങളിലും മൂലധന ചെലവുകൾ കുറയുകയാണുണ്ടായതെന്ന് മുൻപ് വ്യക്തമാക്കിയല്ലോ. എന്നാൽ കേരളം ഇതിൽ നിന്നും വ്യത്യസ്തമായി ആസൂത്രണ ബോർഡിനെ നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു. വികസന മുൻഗണനകളുടെ അടിസ്ഥാനത്തിലാണ് ഇവിടെ ചെലവുകൾ നിശ്ചയിക്കപ്പെട്ടത്. അതുകൊണ്ടു തന്നെയാണ് ആസൂത്രണം നിക്ഷേപങ്ങൾക്ക് തടസ്സമല്ല, മറിച്ച് അതിന്റെ മുൻവ്യവസ്ഥയാണ് എന്ന് ഞങ്ങൾ പറയുന്നത്.
ഈ സാഹചര്യത്തിൽ, കേരള സംസ്ഥാന ആസൂത്രണ ബോർഡിനെ വെറുമൊരു ‘തിങ്ക് ടാങ്ക്’ (think tank) അഥവാ ഒരു ‘ചിന്താസംഘം’ മാത്രമായി ചുരുക്കണമെന്ന റിപ്പോർട്ടിന്റെ ശുപാർശ ഈ സ്ഥാപനത്തിന്റെ പങ്കിനെക്കുറിച്ചുള്ള കടുത്ത അറിവില്ലായ്മയാണ് കാണിക്കുന്നത്. പഞ്ചവത്സര-വാർഷിക പദ്ധതികൾ രൂപീകരിക്കുക, സാമ്പത്തിക അവലോകനം (Economic Review) തയ്യാറാക്കുക, പദ്ധതി നിർവ്വഹണം നിരീക്ഷിക്കുക, വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുക, വികേന്ദ്രീകരണ സെല്ലിലൂടെ തദ്ദേശ സ്ഥാപനങ്ങളെ പിന്തുണയ്ക്കുക തുടങ്ങി സംസ്ഥാനത്തിന്റെ വികസന ചാലകശക്തിയായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. അതിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നത് ദീർഘകാല വികസന മുൻഗണനകളെ ഏകോപിപ്പിക്കുന്ന സംവിധാനത്തെ തകർക്കും. പ്ലാനിങ് കമ്മീഷനു പകരമായി വന്ന നിതി ആയോഗ് (NITI Aayog) ഒരു പല്ലുമില്ലാത്ത വെറും ഉപദേശക സമിതിയായി മാറിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. അതിന് വിഭവങ്ങൾ വിതരണം ചെയ്യാനോ വകുപ്പുകളെ ഏകോപിപ്പിക്കാനോ ഉള്ള ശേഷിയില്ല. അതിന്റെ ഫലമായി കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഇന്ത്യയിലെ പൊതുനിക്ഷേപങ്ങൾ പൂർണ്ണമായും ചിതറിപ്പോവുകയാണുണ്ടായത്.
സംസ്ഥാന തലത്തിൽ ആസൂത്രണ ബോർഡിനെ തിങ്ക് ടാങ്കാക്കി മാറ്റുന്നത്, നിതി ആയോഗിന്റെ പരാജയപ്പെട്ട പരീക്ഷണം ഇവിടെയും ആവർത്തിക്കലാകും. പുതിയ നൂറ്റാണ്ടിന്റെ വെല്ലുവിളികളായ കാലാവസ്ഥാ വ്യതിയാനം, പ്രായമാകുന്ന ജനസംഖ്യ, സാങ്കേതിക പരിവർത്തനം എന്നിവ നേരിടാൻ വിപണിയ്-ക്കാവില്ല, അതിന് ശക്തമായ ആസൂത്രണം തന്നെ വേണം.
ജനകീയാസൂത്രണ പ്രസ്ഥാനത്തെ
ശക്തിപ്പെടുത്തുക
1990-കളിലും 2000-ത്തിന്റെ ആദ്യദശകത്തിന്റെ തുടക്കത്തിലും കേരളത്തിന്റെ ആസൂത്രണ ചരിത്രത്തിലെ ഏറ്റവും നൂതനമായ വശം ജനാധിപത്യ വികേന്ദ്രീകരണമായിരുന്നു. ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണങ്ങളിലൊന്നായിരുന്നു കേരളത്തിലെ ‘ജനകീയാസൂത്രണ പ്രസ്ഥാനം’. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ വലിയൊരു പങ്ക് യാതൊരു നിബന്ധനകളുമില്ലാതെ (untied format) തദ്ദേശ സ്ഥാപനങ്ങൾക്ക് വിട്ടുകൊടുത്തു. അതുവഴി, വികസനം മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുന്നതിനുപകരം ജനങ്ങളുടെ പങ്കാളിത്തത്തോടെ താഴെ നിന്ന് രൂപപ്പെടുത്തുന്ന ഒന്നായി മാറി. എന്നാൽ ഈ സ്റ്റാറ്റസ് റിപ്പോർട്ടിൽ വികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഒന്നും തന്നെയില്ല. സംസ്ഥാന ധനകാര്യ കമ്മീഷൻ (Finance Commission) റിപ്പോർട്ടുകളെക്കുറിച്ച് അത് മിണ്ടുന്നില്ല.
തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ട് നൽകുന്നതിലുള്ള വിമുഖത കാരണം റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത് ‘മുനിസിപ്പൽ ബോണ്ടുകളെ’ (municipal bonds) കുറിച്ചാണ്.
മുനിസിപ്പൽ ബോണ്ടുകൾവഴി ബജറ്റിനെ ആശ്രയിക്കാതെ നഗരങ്ങൾക്ക് പണം കണ്ടെത്താമെന്നത് ഉപരിപ്ലവമായി തോന്നാം. എന്നാൽ, അന്താരാഷ്ട്ര അനുഭവങ്ങൾ കാണിക്കുന്നത് ഇത് തികച്ചും വിപണി-യധിഷ്ഠിതമായ ഒരു ചതിക്കുഴിയാണെന്നാണ്. സംസ്ഥാനത്തിന്റെ കടഭാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന റിപ്പോർട്ട് തദ്ദേശ സ്ഥാപനങ്ങളെ കടക്കെണിയിലാക്കാൻ ഇത്തരം ബോണ്ടുകൾ ശുപാർശ ചെയ്യുന്നത് വിരോധാഭാസമാണ്. ബോണ്ട് വിപണിയിലെ പ്രവേശനം പൂർണ്ണമായും ക്രെഡിറ്റ് റേറ്റിങ്ങിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ക്രെഡിറ്റ് റേറ്റിങ്- ഉയരണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ തനത് വരുമാനം വർദ്ധിപ്പിക്കണം. അതിനായി അവർക്ക് ഉയർന്ന ഉപയോക്തൃ ചാർജുകളും, സ്വത്ത് നികുതിയും ഏർപ്പെടുത്തേണ്ടി വരും. അതായത്, പൊതുസേവനങ്ങളെ പൂർണമായും വാണിജ്യവൽക്കരിക്കേണ്ടി വരും. ഇത് തദ്ദേശ സ്ഥാപനങ്ങളെ ജനങ്ങളോടല്ല, മറിച്ച് സാമ്പത്തിക വിപണിയോട് ഉത്തരവാദിത്തമുള്ളവരാക്കി മാറ്റും. ജനങ്ങളുടെ സാമൂഹിക ആവശ്യങ്ങൾക്കുപകരം വിപണിയുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകാൻ അവ നിർബന്ധിതമാകും. ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ പരിശോധിക്കാൻ റിപ്പോർട്ട് തയ്യാറാകുന്നില്ല. നമുക്ക് ആവശ്യം ഈ സ്ഥാപനങ്ങളെ കൂടുതൽ ജനകീയമായി നവീകരിക്കുകയാണ്, അല്ലാതെ വിപണിക്ക് പണയംവെക്കലല്ല.
പട്ടികജാതി/പട്ടികവർഗ/ഒ.ബി.സി/
ന്യൂനപക്ഷ ക്ഷേമ ഫണ്ടുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ
ഔദ്യോഗിക സ്റ്റാറ്റസ് റിപ്പോർട്ടിൽ ഗുരുതരമായ ഒരു വിവരപ്പിശകുണ്ട്. പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി, ന്യൂനപക്ഷ ക്ഷേമത്തിനായി മാറ്റിവെച്ച പദ്ധതി വിഹിതത്തെക്കുറിച്ചാണത്. ഈ വിഹിതം 2017–-18 ലെ 9.24 ശതമാനത്തിൽ നിന്ന് 2025-–26 ൽ 3.85 ശതമാനമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട് വാദിക്കുന്നത്. എൽഡിഎഫ് സർക്കാർ ഭരണഘടനാപരമായ ക്ഷേമ ഉടമ്പടികളെ അവഗണിച്ചതിന്റെ തെളിവായി ഇതിനെ അവർ അവതരിപ്പിക്കുന്നു. ഈ വാദം തികച്ചും തെറ്റാണെന്ന് ഞങ്ങൾ അടിവരയിട്ട് വ്യക്തമാക്കുന്നു.
സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കിയവർ കണക്കുകൾ കൂട്ടിയതിലെ ശാസ്ത്രീയമായ പിഴവാണ് ഈ തെറ്റായ നിഗമനത്തിനു കാരണം. എൽഡിഎഫ് സർക്കാർ സംസ്ഥാന പ്ലാൻ വിഹിതത്തിന്റെ 9.81 ശതമാനം പട്ടികജാതി ഉപപദ്ധതിക്കായും (SCSP) 2.83 ശതമാനം ഗോത്രവർഗ ഉപപദ്ധതിക്കായും (TSP) കൃത്യമായി മാറ്റിവെച്ചിട്ടുണ്ട്. ഫിനാൻസ് അക്കൗണ്ട്സിലെ ‘സംസ്ഥാന പദ്ധതി ചെലവിന്റെ’ (State Plan Expenditure) അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. എന്നാൽ സ്റ്റാറ്റസ് റിപ്പോർട്ട് ഈ തുകയെ ‘ആകെ പ്ലാൻ ചെലവുമായി’ (Gross Plan Expenditure) ആണ് താരതമ്യം ചെയ്തത്. ഈ ഗ്രോസ് പ്ലാനിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതവും ഉൾപ്പെടുന്നുണ്ട്, എന്നാൽ അതിൽ തദ്ദേശ സ്ഥാപനങ്ങളുടെ ചെലവുകൾ ഉൾപ്പെടുത്തിയിട്ടുമില്ല. തെറ്റായ ഒരു അടിത്തറ (denominator) ഉപയോഗിച്ച് കണക്കുകൂട്ടിയപ്പോഴാണ് ഈ തുക വലിയ രീതിയിൽ കുറഞ്ഞതായി തോന്നുന്നത്.
സംസ്ഥാന പദ്ധതി ചെലവിനെ കൃത്യമായ അടിത്തറയാക്കി നമ്മൾ കണക്കുകൂട്ടിയാൽ തികച്ചും വ്യത്യസ്തമായ യഥാർത്ഥ ചിത്രം കാണാം. 2017-–18 ൽ പട്ടികജാതി/പട്ടികവർഗ/ഒ.ബി.സി/ന്യൂനപക്ഷ ക്ഷേമത്തിനായി ആകെ 3,130 കോടി രൂപയാണ് ചെലവഴിച്ചത്. ഇത് സംസ്ഥാന പദ്ധതി ചെലവിന്റെ 10.47 ശതമാനമായിരുന്നു. 2018-–19 ൽ ഇത് 12.44 ശതമാനമായി ഉയർന്നു, അതിനുശേഷം 2023-–24 വരെ 8.4 ശതമാനം മുതൽ 8.8 ശതമാനം വരെയുള്ള സുസ്ഥിരമായ നിരക്കിൽ തുടർന്നു. 2024-–25 ൽ ഇത് 8.62 ശതമാനമായിരുന്നു. അതായത് എൽ.ഡി.എഫ് സർക്കാരിന് ഈ പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിൽ കൃത്യമായ പ്രതിബദ്ധതയുണ്ടായിരുന്നുവെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് പറയുന്ന, 9.24 ൽ നിന്ന് 3.85 ലേക്കുള്ള തകർച്ച ഒരു കള്ളക്കഥ മാത്രമാണ്. ധനകാര്യ ബുക്കിങ്ങിൽ വരുത്തിയ സാങ്കേതിക മാറ്റങ്ങളെ നയപരമായ മാറ്റങ്ങളായി റിപ്പോർട്ട് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.
VII. ആസ്തി വാണിജ്യവൽക്കരണവും
പുതിയ നിയോലിബറൽ അജൻഡയും
വിഭവ സമാഹരണത്തിനായി റിപ്പോർട്ട് മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങളായ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, പബ്ലിക്–-പ്രൈവറ്റ് പാർട്ണർഷിപ്പുകൾ (PPP), സഹകരണ മേഖലയിലെ വിഭവങ്ങൾ ഉപയോഗിക്കൽ, ആസ്തികൾ വാണിജ്യവൽക്കരിക്കൽ (asset monetisation) എന്നിവയെല്ലാം നവലിബറൽ അജൻഡയുടെ ഭാഗമാണ്.
ആസ്തി വാണിജ്യവൽക്കരണം: ഇന്നത്തെ
ചെലവിനായി ഭാവിയെ വിൽക്കൽ
പൊതു ആസ്തികളായ ഭൂമിയും മറ്റും വാണിജ്യപരമായി ഉപയോഗിച്ച് വരുമാനമുണ്ടാക്കണമെന്നാണ് റിപ്പോർട്ട് പറയുന്നത്. പൊതു ആസ്തികൾ വെറുതെ കിടക്കരുത് എന്നതിൽ തർക്കമില്ല. എന്നാൽ, നിയോലിബറൽ നയത്തിൽ ഇതിന്റെ അർത്ഥം താല്കാലിക സാമ്പത്തിക ലാഭത്തിനായി പൊതു ആസ്തികളുടെ നിയന്ത്രണം സ്വകാര്യ മുതലാളിമാർക്ക് വിട്ടുകൊടുക്കുക എന്നതാണ്. ഇതിന്റെ ഫലമായി പെട്ടെന്ന് സർക്കാരിന് വരുമാനം ലഭിക്കുമെങ്കിലും ഭാവി തലമുറകൾക്ക് ആ ആസ്തികളുടെ മേലുള്ള അവകാശവും അതിൽ നിന്നുള്ള വരുമാനവും എന്നെന്നേക്കുമായി നഷ്ടപ്പെടും. കേരളത്തിലെ വ്യവസായ എസ്റ്റേറ്റുകൾ, സ്കൂളുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ, പൊതു ഭൂമി എന്നിവയെല്ലാം തലമുറകളുടെ അധ്വാനത്തിലൂടെയും പൊതുനിക്ഷേപത്തിലൂടെയും നിർമിക്കപ്പെട്ടതാണ്. അവയെ വെറും സാമ്പത്തിക മൂല്യമായി മാത്രമല്ല, സാമൂഹിക മൂല്യമായി തന്നെ കാണണം. വ്യവസായങ്ങളുടെ നവീകരണം, ‘പച്ചപ്പുനിറഞ്ഞ’ വ്യവസായ പദ്ധതികൾ (green industrial projects) തുടങ്ങിയ ബദൽ സാധ്യതകളെക്കുറിച്ച് റിപ്പോർട്ട് പൂർണമായും മൗനംപാലിക്കുന്നു.
സ്വകാര്യ നിക്ഷേപത്തെ ആകർഷിക്കാനുള്ള
നിയോലിബറൽ തന്ത്രത്തിന്റെ പരിധികൾ
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ നിക്ഷേപങ്ങളെ ശക്തമായി പ്രോത്സാഹിപ്പിക്കണമെന്നാണ് റിപ്പോർട്ട് പറയുന്നത്. സാമ്പത്തിക വളർച്ചയിൽ സ്വകാര്യ നിക്ഷേപങ്ങൾക്ക് പങ്കുണ്ടെന്നതിൽ സംശയമില്ല. എന്നാൽ ചോദ്യം അതല്ല, മറിച്ച് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ആധുനിക വ്യവസായങ്ങളിലേക്ക് നമ്മൾ എങ്ങനെയാണ് സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കുന്നത് എന്നതാണ്.
റിപ്പോർട്ടിലെ ശുപാർശകളിൽ ഒന്നുമാത്രമാണ് വ്യക്തമായിട്ടുള്ളത്: വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുക എന്നത്. വലിയ കോർപ്പറേറ്റ് കമ്പനികൾക്ക് എല്ലാ ലാഭവും ഉറപ്പുനൽകുകയും കുത്തക വാടക (monopoly rents) നൽകുകയും ചെയ്യുന്ന 1991-ലെ പഴയ നയമാണിത്. ഇത്തരം പരീക്ഷണങ്ങൾ മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പരാജയപ്പെട്ടതാണെന്ന് നമുക്കറിയാം. ഇത് ചെറുകിട സംരംഭകരുടെ ചെലവ് ഭാരം വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ.
കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് സർക്കാർ സ്വകാര്യ നിക്ഷേപങ്ങളെ വളരെ സന്തുലിതമായ രീതിയിലാണ് സമീപിച്ചത്. ‘സംരംഭക വർഷം’ പദ്ധതിയും സ്റ്റാർട്ടപ്പ് സംരംഭങ്ങളും വഴി വലിയ തോതിൽ സ്വകാര്യ മൂലധനത്തെ ആകർഷിക്കാനും യുവാക്കൾക്കിടയിൽ ഒരു പുതിയ സംരംഭക സംസ്കാരം വളർത്തിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്തെ പിന്തുണയും വിജയിച്ച സംരംഭങ്ങളെ കൂടുതൽ വളർത്താനുള്ള പദ്ധതികളും (Mission 1000) ഇതിന്റെ ഭാഗമായിരുന്നു. വികസന ഭരണകൂടത്തിന്റെ പങ്ക് വെറുമൊരു ‘സഹായി’ (facilitator) ആകുക എന്നതല്ല, മറിച്ച് സ്വകാര്യ താല്പര്യങ്ങളെ പൊതു വികസന ലക്ഷ്യങ്ങളുമായി കോർത്തിണക്കുക എന്നതാണ്.
VIII. കേരളത്തിന്റെ വികസന ഭരണകൂടത്തെ
പുനരുജ്ജീവിപ്പിക്കൽ
കേരളത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെ സംരക്ഷിക്കണമെന്ന് അവകാശപ്പെടുമ്പോഴും, ആ നേട്ടങ്ങളെ നിലനിർത്തുന്ന സ്ഥാപനപരമായ അടിത്തറയെത്തന്നെ തകർക്കാനാണ് സ്റ്റാറ്റസ് റിപ്പോർട്ടിലെ ശുപാർശകൾ ശ്രമിക്കുന്നത്. കേരളത്തിന്റെ സാമൂഹിക മാതൃക ഉണ്ടായത് മുനിസിപ്പൽ ബോണ്ടുകൾ കൊണ്ടോ, ആസ്തി വിൽപന കൊണ്ടോ, ഡി.ബി.ടി കൊണ്ടോ അല്ല; മറിച്ച് പൊതുസ്ഥാപനങ്ങൾ, സാർവത്രിക സേവനങ്ങൾ, ജനാധിപത്യ ആസൂത്രണം, സാമൂഹിക നിക്ഷേപം എന്നിവയിലൂടെയാണ്. ധനകാര്യ ഉത്തരവാദിത്വവും നിയോലിബറൽ പരിഷ്കാരങ്ങളും തമ്മിലുള്ള തെരഞ്ഞെടുപ്പല്ല നമ്മുടെ മുന്നിലുള്ളത്, അതൊരു വ്യാജ വേർതിരിവാണ്. യഥാർത്ഥ പുരോഗമന നയം പൊതുസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, പൊതുനിക്ഷേപങ്ങൾ വിപുലീകരിക്കുക, പൊതുമേഖലയെ നവീകരിക്കുക, വികേന്ദ്രീകരണം ശക്തമാക്കുക, സാർവത്രിക ക്ഷേമം സംരക്ഷിക്കുക എന്നിവയാണ്.
ധനകാര്യ ഫെഡറലിസം തിരിച്ചുപിടിക്കുക
സമീപവർഷങ്ങളിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശം വൻതോതിൽ തകർക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ പ്രധാന ഇര കേരളമാണ്. എന്നാൽ കേന്ദ്രം ഏർപ്പെടുത്തുന്ന ഈ സാമ്പത്തിക കേന്ദ്രീകരണത്തെ ചോദ്യംചെയ്യാൻ യുഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് തയ്യാറാകുന്നില്ല. കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്ക് വിഭജിച്ചു നൽകണമെന്ന് എൽഡിഎഫും മറ്റ് പല സംസ്ഥാന സർക്കാരുകളും ശക്തമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ 16-–ാം ധനകാര്യ കമ്മീഷൻ ഇത് 41 ശതമാനമായാണ് നിശ്ചയിച്ചത്. നിലവിൽ സംസ്ഥാനങ്ങളുമായി പങ്കിടാത്ത സെസുകളും സർചാർജുകളും, ഡിവിസിബിൾ പൂളിൽ ഉൾപ്പെടുത്തണമെന്ന് നമ്മൾ ആവശ്യപ്പെടണം. ജനസംഖ്യാ നയം കൃത്യമായി നടപ്പിലാക്കി ജനസംഖ്യാ വളർച്ച നിരക്ക് കുറച്ചതിന് കേരളത്തെ ശിക്ഷിക്കുന്ന രീതിയിലാണ് നിലവിലെ ധനകാര്യ കമ്മീഷൻ ഫോർമുല പ്രവർത്തിക്കുന്നത്. ഇത് ജനസംഖ്യാപരമായ വലിയൊരു അനീതിയാണ് (demographic injustice). കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സംസ്ഥാനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ നമ്മൾ ശക്തമായി നിലകൊള്ളണം.
പുതിയ പൊതുനിക്ഷേപ തന്ത്രം
കേരളത്തിന് 21-–ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു പൊതുനിക്ഷേപ തന്ത്രം അടുത്ത ഘട്ടത്തിൽ ആവശ്യമുണ്ട്. ഈ ദിശയിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ തുടങ്ങിവെച്ച നടപടികൾ തുടരണം. ഉദാഹരണത്തിന്, കാലാവസ്ഥാ വ്യതിയാനം ഒരു വലിയ ഭീഷണിയാണെങ്കിലും അതൊരു വലിയ അവസരം കൂടിയാണ്. ഹരിത ഊർജ്ജം, ഇലക്-ട്രിക് വാഹനങ്ങൾ, പരിസ്ഥിതി സൗഹൃദ നിർമാണം എന്നിവയിൽ രാജ്യത്തിന് മാതൃകയാകാൻ കേരളത്തിന് കഴിയണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി, സെമികണ്ടക്ടർ ഡിസൈൻ, സോഫ്റ്റ്‌വെയർ വികസനം തുടങ്ങിയ അത്യാധുനിക മേഖലകളിൽ കേരളത്തിന്റെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള മനുഷ്യവിഭവശേഷിയെ ഉപയോഗപ്പെടുത്തണം. ഇവയൊന്നും വെറുതെ വിപണി ശക്തികളിലൂടെ ഉണ്ടാകില്ല; അതിനു ശക്തമായ സർക്കാർ പിന്തുണ വേണം. നമ്മുടെ പ്രായമാകുന്ന ജനസംഖ്യയ്ക്കായി മികച്ച ആരോഗ്യ-വയോജന പരിചരണ സംവിധാനങ്ങൾ ഒരുക്കണം. കാർഷിക-തീരദേശ മേഖലകളെ മൂല്യവർദ്ധിത വ്യവസായങ്ങളുമായി ബന്ധിപ്പിക്കണം. ഇതിനായി പ്രൊഡ്യൂസർ കോഓപ്പറേറ്റീവുകളെയും പൊതുനിക്ഷേപങ്ങളെയും പിന്തുണയ്ക്കണം.
പൊതുമേഖലയെ പുനർവിഭാവനം ചെയ്യുക
പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കുന്നതിനുള്ള വലിയൊരു പദ്ധതി എൽഡിഎഫ് സർക്കാർ ആരംഭിച്ചിരുന്നു. സ്വകാര്യവൽക്കരണത്തിന്റെയും വാണിജ്യവൽക്കരണത്തിന്റെയും എളുപ്പവഴികൾ ഉപേക്ഷിച്ച് ഈ നവീകരണ പ്രക്രിയ തുടരുകയാണ് വേണ്ടത്. ഡിജിറ്റലൈസേഷൻ, ഓട്ടോമേഷൻ, ഗവേഷണ പങ്കാളിത്തം എന്നിവ പൊതുമേഖലയുടെ ഭാഗമാകണം. പുനരുപയോഗ ഊർജ്ജം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ലോജിസ്റ്റിക്സ് തുടങ്ങിയ പുത്തൻ മേഖലകളിലേക്ക് പൊതുമേഖല കടന്നുചെല്ലണം. കെഫോൺ (KFON) പോലുള്ള കമ്പനികൾക്ക് തന്ത്രപരമായ പ്രാധാന്യം നൽകണം. സാർവത്രിക ഡിജിറ്റൽ കണക്റ്റിവിറ്റി എന്നത് വികസനത്തിന്റെ പ്രധാന ചാലകശക്തിയാണ്. അതുകൊണ്ട് കെഫോണിനെ ഒരു വാണിജ്യ സംരംഭമായല്ല, തന്ത്രപരമായ ഒരു പൊതു ആസ്തിയായാണ് കാണേണ്ടത്.
സാർവത്രിക ക്ഷേമം (Universal Welfare)
യുഡിഎഫിന്റെ റിപ്പോർട്ടും ഞങ്ങളുടെ ബദൽ കാഴ്ചപ്പാടും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ക്ഷേമപ്രവർത്തനങ്ങളോടുള്ള സമീപനത്തിലാണ്. ഞങ്ങൾ ക്ഷേമച്ചെലവുകളെ സർക്കാരിന്റെ സാമ്പത്തിക ബാധ്യതയായി കാണുന്നില്ല. അതൊരു തെറ്റായ സാമ്പത്തിക വായനയാണ്. സാമൂഹിക വികസനത്തിന്റെ ചട്ടക്കൂടിൽ ക്ഷേമം എന്നത് സാമ്പത്തിക വളർച്ചയ്ക്കുള്ള അടിസ്ഥാനസൗകര്യമാണ് (Economic Infrastructure). പദ്ധതികളുടെ സാർവത്രിക സ്വഭാവം (universal character) നിലനിർത്തിക്കൊണ്ടുതന്നെ അവയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. ഡി.ബി.ടി (DBT) കൾ ഒരിക്കലും സാർവത്രിക സേവനങ്ങൾക്ക് പകരമാകരുത്. പൗരർക്ക് അവരുടെ സാമൂഹിക അവകാശങ്ങൾ തുടർന്നും ലഭിക്കണം, അവരെ വെറും ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന ഗുണഭോക്താക്കളായി തരംതാഴ്-ത്തരുത്. ക്ഷേമരംഗത്തെ സാർവത്രികത ഒരിക്കൽ ഇല്ലാതായാൽ അത് തിരിച്ചുപിടിക്കുക അസാധ്യമായി മാറും.
21-–ാം നൂറ്റാണ്ടിലെ ജനാധിപത്യ ആസൂത്രണം
കേരളത്തിന്റെ ഏറ്റവും വലിയ സ്ഥാപനപരമായ കരുത്ത് അതിന്റെ ആസൂത്രണ വ്യവസ്ഥയാണ്. പുതിയ നൂറ്റാണ്ടിന്റെ വെല്ലുവിളികളായ കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ലിംഗസമത്വം, പ്രാദേശിക സന്തുലിതാവസ്ഥ എന്നിവയെല്ലാം കോർത്തിണക്കുന്ന ഒരു പുതിയ ആസൂത്രണ ചട്ടക്കൂടാണ് നമുക്ക് ആവശ്യം. അതിനായി തിങ്ക് ടാങ്കുകൾ പോരാ, ആസൂത്രണ ബോർഡിനെ കൂടുതൽ ശക്തമാക്കുകയാണ് വേണ്ടത്. വികേന്ദ്രീകരണത്തെ കൂടുതൽ ശക്തമാക്കുകയെന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും വികസന ശേഷിയെയും വർദ്ധിപ്പിക്കുക എന്നാണർത്ഥം, അല്ലാതെ അവയെ മുനിസിപ്പൽ ബോണ്ടുകൾ വഴി വിപണിക്ക് പണയംവെക്കലല്ല.
ഉപസംഹാരം
കേരളത്തിന്റെ ഭാവി നിലകൊള്ളുന്നത് ഉല്പാദനപരമായ പരിവർത്തനത്തെ സാമൂഹിക സുരക്ഷയുമായും, സാമ്പത്തിക വളർച്ചയെ ജനാധിപത്യ ആസൂത്രണവുമായും, ധനകാര്യ ഉത്തരവാദിത്വത്തെ പൊതു ലക്ഷ്യങ്ങളുമായും കോർത്തിണക്കുന്നതിലാണ്. വികസന ഭരണകൂടത്തിന്റെ വ്യാപ്തി കുറയ്ക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ സ്റ്റാറ്റസ് റിപ്പോർട്ടിലെ നിർദ്ദേശങ്ങളെ ഞങ്ങൾ പൂർണമായും തള്ളിക്കളയുന്നു. ശാസ്ത്രീയവും സാങ്കേതികവുമായ ഉന്നത ശേഷികളോടെ, എല്ലാവരെയും ഉൾക്കൊള്ളുന്നതും പരിസ്ഥിതിസൗഹൃദവുമായ പുതിയൊരു വികസന മാതൃകയാണ് കേരളം പടുത്തുയർത്തേണ്ടത്. ഈ വലിയ ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഔദ്യോഗിക സ്റ്റാറ്റസ് റിപ്പോർട്ട് ഒട്ടും സഹായകരമല്ല. l



