സാമ്പത്തിക പ്രതിസന്ധിയാണ് കേന്ദ്ര-–സംസ്ഥാന സർക്കാരുകളുടെ ബജറ്റുകളുടെ ഒരടിസ്ഥാന യാഥാർത്ഥ്യം. ചെലവിന് ആവശ്യമായ വരുമാനം ഇല്ലാതാകുമ്പോഴാണല്ലോ പ്രതിസന്ധി ഉണ്ടാകുന്നത്. ആവശ്യത്തിന് വരുമാനം ഇല്ലെങ്കിൽ പിന്നെ അതിനനുസരിച്ച് ചെലവുകൾ ക്രമീകരിക്കണമെന്നതാണ് അംഗീകൃത തത്ത്വം. ചെരുപ്പിന്റെ വലുപ്പത്തിനനുസരിച്ച് കാല് മുറിക്കുന്ന ഈ നയത്തിന്റെ പ്രതിഫലനം രാജ്യത്തെ ജനങ്ങളുടെ പിന്നാക്കാവസ്ഥയിൽ തെളിഞ്ഞു കാണാം. ഏത് സാമൂഹ്യ-ക്ഷേമ ആഗോള വികസന സൂചിക എടുത്താലും ഇന്ത്യയുടെ സ്ഥാനം 100-ന് മുകളിലാണ്.
ഇതിനൊരു പ്രധാന കാരണം വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും സാമൂഹ്യസുരക്ഷയ്ക്കും വേണ്ടത്ര തുക കേന്ദ്ര-–സംസ്ഥാന സർക്കാരുകളിലെ ബജറ്റുകളിൽ വകയിരുത്താത്തതാണ്. ദേശീയ വരുമാനത്തിന്റെ 28 ശതമാനമാണ് കേന്ദ്ര-–സംസ്ഥാന സർക്കാരുകൾ മൊത്തത്തിൽ രാജ്യത്ത് ബജറ്റുകൾ വഴി ചെലവഴിക്കുന്നത്. ആഗോള ശരാശരിയാകട്ടെ 35 ശതമാനവും. വികസിത രാജ്യങ്ങളിൽ ഈ തോത് 42 ശതമാനമാണ്. വരുമാനത്തിനനുസരിച്ച് ചെലവ് ഒതുക്കിനിർത്തണമെന്ന് സർക്കാരുകളെ നിയമപരമായി നിർബന്ധിക്കുന്നതിനു വേണ്ടിയാണ് ധനഉത്തരവാദിത്വ നിയമം പാസ്സാക്കിയിട്ടുള്ളത്.
അതുകൊണ്ട് സംശയാതീതമായി ഒരു കാര്യം പറയാം. ധനപ്രതിസന്ധി ഒരു സമകാലിക യാഥാർത്ഥ്യമാണ്. ഈ പ്രതിസന്ധിക്കിടയിലും ജനങ്ങളുടെ ക്ഷേമവും വികസനവും ഉറപ്പുവരുത്താൻ കഴിയുംവിധം ധനകാര്യത്തെ എങ്ങനെ മാനേജ് ചെയ്യാമെന്നുള്ളതാണ് വെല്ലുവിളി. ഇക്കാര്യത്തിൽ കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും തികച്ചും കടകവിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചുവന്നിട്ടുള്ളത്. യുഡിഎഫ് സർക്കാർ ഇറക്കിയ ധവളപത്രത്തിലെയും വി ഡി സതീശന്റെ കന്നി ബജറ്റിലെയും നയങ്ങളുടെ വിമർശനം ഇവിടെനിന്നും ആരംഭിക്കണം.
ആന്റണി സർക്കാരിന്റെ
ചെലവുചുരുക്കൽ തന്ത്രം
കേരളത്തില്‍ ധവളപത്രമാണ് പതിവ്. 2001-ലെ രൂക്ഷമായ ധനപ്രതിസന്ധിയെക്കുറിച്ച് വിശദീകരിക്കുന്നതിനായിരുന്നു ആന്റണി സർക്കാർ ആദ്യത്തെ ധവളപത്രം ഇറക്കിയത്. ഇതിന്റെ തുടർച്ചയായി എഡിബി കരാറിലേർപ്പെട്ടു. ചെലവുചുരുക്കി ധനപ്രതിസന്ധി മറികടക്കുകയായിരുന്നു തന്ത്രം. പിന്നെ, പൊതുമേഖല സമൂലമായി സ്വകാര്യവൽക്കരിച്ച് വരുമാനം കണ്ടെത്താനും പരിപാടിയിട്ടു.
കേരളം അതുവരെ കണ്ടിട്ടില്ലാത്തവിധമുള്ള പ്രതിഷേധത്തെതുടർന്ന്, ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ഭരണച്ചെലവ് കുറയ്ക്കാനുള്ള പരിപാടി മുങ്ങി. ചൗധരി കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടത്തിലോടുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും അടിയന്തരമായി വിൽക്കാൻ പരിപാടി ഉണ്ടാക്കിയെങ്കിലും ട്രേഡ് യൂണിയനുകൾ ആ നീക്കം തടഞ്ഞു. ഓരോ ഫാക്ടറിക്കും സേവ് പ്രസ്ഥാനമുണ്ടാക്കി. ബദൽ പുനരുദ്ധാരണ പരിപാടി ആവിഷ്കരിച്ചു. അപ്പോൾ പിന്നെ മാർഗം ജനങ്ങളുടെ ആനുകൂല്യങ്ങളും വികസന പ്രവർത്തനങ്ങളും ചുരുക്കുക എന്നതായി. അങ്ങനെയാണ് 100 രൂപ ക്ഷേമപെൻഷൻ 24 മാസം കുടിശ്ശികയായത്.
വിഎസ് സർക്കാരിന്റെ വരുമാനവർദ്ധന തന്ത്രം
2006-ൽ വിഎസ് സർക്കാർ അധികാരത്തിൽ വന്നു. അന്ന് ഞങ്ങൾ ധവളപത്രമൊന്നും ഇറക്കിയില്ല. ധനപ്രതിസന്ധി മറികടക്കാൻ ആന്റണി സർക്കാരിൽനിന്നും വളരെ വ്യത്യസ്തമായൊരു നയം ആവിഷ്കരിച്ചു. വരുമാനം വർദ്ധിപ്പിച്ച് പ്രതിസന്ധി മറികടക്കുക എന്നതായിരുന്നു നയം. ഇതിനായി വാറ്റ് നികുതി വർദ്ധിപ്പിക്കുന്നതിന് എൻട്രി ടാക്സ് ഉയർത്തി. ചെക്ക്പോസ്റ്റുകളിലെ അഴിമതി അവസാനിപ്പിച്ചു. ഫലമുണ്ടായി. ആ അഞ്ച് വർഷം നികുതി വരുമാനം 20 ശതമാനം വീതം ഉയർന്നു. പ്രതിസന്ധിക്ക് അയവുവന്നു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ നിഷ്ക്രിയത്വം
2011-ൽ വിഎസ് സർക്കാർ വിജയത്തിനടുത്ത് സീറ്റുനേടി തോൽവി ഏറ്റുവാങ്ങി പുറത്തായി. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നു. അങ്ങനെ എടുത്തുപറയത്തക്ക പ്രതിസന്ധിയൊന്നും ഇല്ലായിരുന്നെങ്കിലും യുഡിഎഫ് വീണ്ടും ധവളപത്രം ഇറക്കി.
ഇതിനു ബദലായി ഞങ്ങൾ ഒരു ഓൾട്ടറേഷൻ ധവളപത്രവും പുറത്തിറക്കി. ഔദ്യോഗിക ധവളപത്രത്തിലെ ഖണ്ഡികകൾ അതേപടി അച്ചടിക്കുക. അതിനു താഴെ കൃത്യമായ മറുപടിയും വിമർശനവും നൽകുക. ഇതായിരുന്നു രീതി. മറുപടി കുറച്ച് അക്കാദമിക് ആയിപ്പോയെന്ന് വിമർശനം വന്നു. അതുകൊണ്ട് “കള്ളം, പച്ചക്കള്ളം പിന്നെ കെ.എം മാണിയുടെ കണക്കുകളും” എന്നൊരു ചെറുഗ്രന്ഥം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കീഴിൽ ധനപ്രതിസന്ധി വീണ്ടും മുറുകി. ആദ്യ രണ്ട് വർഷം പഴയതുപോലെ നികുതി വരുമാനം 20 ശതമാനം വച്ച് ഉയർന്നു. എന്നാൽ പിന്നീട് വർദ്ധന പണ്ടത്തെപ്പോലെ 10 ശതമാനമായി തകർന്നു. കാരണം സുപ്രീംകോടതി എൻട്രി ടാക്സ് റദ്ദാക്കി. പുറത്തുനിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന സാധനങ്ങൾക്കുമേൽ നികുതി ചുമത്തുക പ്രയാസമായിത്തീർന്നു.
ഫലം വികസന പ്രവർത്തനങ്ങളിൽ പ്രതിഫലിച്ചു. പൊതുമേഖല വീണ്ടും നഷ്ടത്തിലേക്കു പോയി. ക്ഷേമ പെൻഷനുകൾ 18 മാസം കുടിശ്ശികയായി. ഉമ്മൻ ചാണ്ടി സർക്കാർ ഈ പ്രതിസന്ധി മാനേജ് ചെയ്യുന്നതിന് പ്രത്യേക തന്ത്രമൊന്നും ആവിഷ്കരിച്ചില്ല. കാര്യങ്ങൾ അനുദിനം കൂടുതൽ കൂടുതൽ വഷളാകുന്നതിന് ഈ നിഷ്ക്രിയത്വം ഇടയാക്കി.
പിണറായി സർക്കാരിന്റെ നവകേരള നയം
ഈ സാമ്പത്തിക പ്രതിസന്ധിയാണ് ആദ്യ പിണറായി സർക്കാരിനെ 2016-ൽ അധികാരത്തിലേറ്റിയത്. സാമ്പത്തിക പ്രതിസന്ധി വിശദീകരിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഒരു ധവളപത്രം പ്രസിദ്ധീകരിച്ചു. ഈ ധവളപത്രത്തിനു പിന്നാലെ അവതരിപ്പിച്ച 2016-ലെ പുതുക്കിയ ബജറ്റിൽ കേരളത്തിന്റെ വികസനത്തിന് പുതിയൊരു കാഴ്ചപ്പാടും അതിനു പിന്തുണയാകുന്ന ധനതന്ത്രവും അവതരിപ്പിച്ചു.
നവകേരളം സൃഷ്ടിക്കുന്നതിന് സംസ്ഥാനത്തിന്റെ വികസന ആശയമാതൃകയിൽ (paradigm) ഒരു ചുവടുമാറ്റം അനിവാര്യമായിരുന്നു. അഭ്യസ്തവിദ്യർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വ്യവസായങ്ങൾ കേരളത്തിൽ വളർന്നുവരണം. അതിലേക്ക് സ്വകാര്യ മൂലധനത്തെ ആകർഷിക്കുന്നതിനുതകുന്ന പശ്ചാത്തലസൗകര്യം അടിയന്തരമായി സൃഷ്ടിക്കണം. ഇങ്ങനെയൊരു പുതിയ ഊന്നൽ വികസന സമീപനത്തിൽ വരുത്തുന്ന വേളയിൽ ഭൂതകാലത്തിന്റെ പുനർവിതരണ നേട്ടങ്ങൾ കൈവെടിയാൻ പാടില്ല. പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ ഗണ്യമായി ഉയർത്തണം. അതോടൊപ്പം പൊതുവിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെടുത്തുകയും വേണം.
സന്തുലിത ധനമാനേജ്മെന്റ് തന്ത്രം
മുകളിൽപ്പറഞ്ഞ കാഴ്ചപ്പാടിന് അനിവാര്യമായ ധനമാനേജ്മെന്റ് തന്ത്രമാണ് 2016-–17ലെ ബജറ്റ് മുന്നോട്ടുവച്ചത്. ചുരുക്കിപ്പറഞ്ഞാൽ ഇതിന് രണ്ട് തൂണുകളുണ്ട്. ആദ്യത്തേത്, ബജറ്റിലെ വരുമാനത്തിൽനിന്നും പരമാവധി ആനുകൂല്യങ്ങളും സംരക്ഷണങ്ങളും സാധാരണക്കാർക്ക് ലഭ്യമാക്കുക. രണ്ടാമത്തേത്, പശ്ചാത്തലസൗകര്യ വികസനത്തിനു വേണ്ടിവരുന്ന ഭീമമായ തുക ബജറ്റിന് പുറത്ത് കണ്ടെത്തുക. അങ്ങനെയാണ് ആ ബജറ്റിൽ കിഫ്ബി സംബന്ധിച്ച വിശദമായ രൂപരേഖ അവതരിപ്പിച്ചത്. മാത്രമല്ല, ആദ്യ വർഷംതന്നെ കിഫ്ബി ഏറ്റെടുക്കാൻ പോകുന്ന 20,000 കോടി രൂപയുടെ ലിസ്റ്റും അവതരിപ്പിച്ചു. അഞ്ചാം വർഷം ആയപ്പോഴേക്കും പ്രൊജക്ടുകളുടെ തുക 60,000 കോടി രൂപയായി.
അന്നത്തെ പ്രതിപക്ഷനേതാവ് ‘ആകാശകുസുമങ്ങൾ’ എന്നാണ് ഇതിനെക്കുറിച്ച് വിശേഷിപ്പിച്ചത്. എന്നാൽ, ഇന്ന് അവ യാഥാർത്ഥ്യമായിട്ടുണ്ട്. ഇന്ന് 42,000 കോടി രൂപ പദ്ധതികൾക്കുള്ള ചെലവായി കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ട്. മറ്റൊരു 40,000 കോടി രൂപയുടെ പദ്ധതികൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ബാക്കി നിൽക്കുന്നു. മറ്റൊരു 20,000 കോടി രൂപ പദ്ധതികൾ ടെണ്ടർ ചെയ്യുന്നതിന് തയ്യാറായിക്കൊണ്ടിരിക്കുന്നു.
എൽഡിഎഫ് സർക്കാരിന്റെ ഈ പുതിയ വികസനതന്ത്രത്തിനും വിജയത്തിനും ലഭിച്ച അംഗീകാരമായിരുന്നു 2021-ലെ തുടർഭരണം. പ്രകൃതിദുരന്ത-ങ്ങൾ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളെ നേരിട്ടതിലെ സമാനതകളില്ലാത്ത അനുഭവവും ജനങ്ങളിൽ ഭരണം തുടരണമെന്ന വികാരമുണ്ടാക്കി. ഇത് രണ്ട് സെറ്റുകാരിൽ വലിയ ആശങ്കയുണ്ടാക്കി.
അതിലൊന്നാമത്തേത്, കേരളത്തിലെ വലതുപക്ഷമാണ്. മൂന്നാമതൊരു തവണകൂടി ഇടതുപക്ഷം ഭരിക്കുന്നതിനെക്കുറിച്ച് അവർക്ക് ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. അതുകൊണ്ട് ഹിന്ദു-–മുസ്ലീം വർഗീയതകളുടെയും സാമുദായിക താല്പര്യങ്ങളുടെയും അതിനു പുറത്തുള്ള എല്ലാ വലതുപക്ഷക്കാരുടെയും ഏകീകരണത്തിന് ഇത് വഴിതെളിച്ചു.
കേന്ദ്ര സർക്കാരിന്റെ പാരവയ്പും
ധനപ്രതിസന്ധിയും
രണ്ടാമത്തെ വിഭാഗം, ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ ആയിരുന്നു. ക്ഷേമവും വികസനവും ഒരുമിച്ചുകൊണ്ടുപോകുന്ന ഇടതുപക്ഷ വികസനതന്ത്രത്തിന്റെ വിജയം സൃഷ്ടിക്കാവുന്ന രാഷ്ട്രീയ വെല്ലുവിളികളെക്കുറിച്ച് തികഞ്ഞബോധ്യം അവർക്കുണ്ടായിരുന്നു. അതിനു തടവയ്ക്കാൻ അവർ കണ്ട ഉപായം ഇടതുപക്ഷം ആവിഷ്കരിച്ച ധനതന്ത്രത്തെ അട്ടിമറിക്കുകയെന്നതായിരുന്നു. കേരളത്തിലെ വലതുപക്ഷക്കാരിൽനിന്ന് അതിന് പൂർണ്ണപിന്തുണയും ലഭിച്ചു.
എന്താണ് മോദി സർക്കാർ ചെയ്തത്? കിഫ്ബി വഴി എടുക്കുന്ന വായ്പകൾ സർക്കാർ വായ്പയെടുക്കുന്നതിനു തുല്യമാണെന്ന് അവർ വിധിച്ചു. മുൻകാല പ്രാബല്യത്തോടെ കേന്ദ്ര സർക്കാരിന്റെ തീർപ്പ് നടപ്പാക്കിയപ്പോൾ സംസ്ഥാന സർക്കാരിന് കഴിഞ്ഞ അഞ്ച് വർഷം കേന്ദ്രം അനുവദിച്ച വായ്പാപരിധി, നമുക്കവകാശപ്പെട്ടതിന്റെ ഏതാണ്ട് 60 ശതമാനമായി ചുരുങ്ങി.
ഇതിനുപുറമേ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നൽകുന്ന റവന്യു സഹായമുണ്ട്. അതും വെട്ടിക്കുറച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ റവന്യു വരുമാനത്തിന്റെ ഏതാണ്ട് 50 ശതമാനം കേന്ദ്രം നൽകുമ്പോൾ കേരളത്തിന് കഴിഞ്ഞ വർഷം ലഭിച്ചത് 27 ശതമാനം മാത്രമാണ്. ഇത് സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി രൂക്ഷമാകുന്നതിനിടയാക്കി.
ധനപ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ
ചുരുക്കത്തിൽ, ഇന്നത്തെ ധനപ്രതിസന്ധി കേന്ദ്ര സർക്കാർ രാഷ്ട്രീയലക്ഷ്യംവച്ച് ബോധപൂർവ്വം സൃഷ്ടിച്ചതാണ്. ഇതിനെ മറികടക്കാൻപറ്റുന്ന രീതിയിൽ ജി.എസ്.ടി വർദ്ധിപ്പിക്കുന്നതിന് നമുക്ക് കഴിയുമായിരുന്നില്ല. കാരണം ജി.എസ്.ടിയിലെ പഴുതുകൾ അടയ്ക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ ജി.എസ്.ടി കൗൺസിൽ ഭാഗികമായിട്ടെങ്കിലും എടുത്തത് ഭരണത്തിന്റെ അവസാനവർഷങ്ങളിലാണ്.
ഈ സ്ഥിതിവിശേഷം സന്തുലിതമായി ക്ഷേമവും വികസനവും മുന്നോട്ടുകൊണ്ടുപോകുന്ന തന്ത്രത്തെ ദുർബലപ്പെടുത്തി. ക്ഷേമകാര്യങ്ങളിൽ കുടിശ്ശിക വന്നു. ഇത് സൃഷ്ടിച്ച അസംതൃപ്തി 2024-ലെ ലോക്-സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കൊരു പ്രധാന കാരണമായിരുന്നു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിതന്നെ നിയമസഭയിൽ സംസ്ഥാനത്തിന്റെ ചെലവുകളിലെ മുൻഗണനകളിൽ മാറ്റം പ്രഖ്യാപിച്ചു. ക്ഷേമാനുകൂല്യങ്ങളുടെ കുടിശ്ശിക കൊടുത്തുതീർക്കുന്നതിനും പെൻഷൻ 400 രൂപകണ്ട് വർദ്ധിപ്പിക്കുന്നതിനും മറ്റുമുള്ള തീരുമാനമെടുത്തു. ഇത് പരാതികൾ ഗണ്യമായി കുറച്ചെങ്കിലും ചില വിഭാഗങ്ങളിൽ അതൃപ്തി തുടർന്നത് 2026-ലെ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് ഒരു കാരണമായിരുന്നു.
കിഫ്ബിയെ തകർക്കുന്ന യുഡിഎഫ് നയം
കേന്ദ്ര-–സംസ്ഥാന സർക്കാരുകൾ കിഫ്ബി പോലുള്ള പൊതുമേഖലാ ഏജൻസികൾ വഴി വായ്പയെടുത്ത് നടപ്പാക്കിക്കൊണ്ടിരുന്ന വികസന പ്രവർത്തനങ്ങൾ, ബിജെപി സർക്കാരിന്റെ നാലാം വർഷംവരെ സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കിയിരുന്നില്ലായെന്ന് ഓർക്കണം. കേന്ദ്രത്തിന്റെ ദേശീയപാത അതോറിറ്റി പോലുള്ള സ്ഥാപനങ്ങൾ എടുക്കുന്ന വായ്പയെ കേന്ദ്രത്തിന്റെ വായ്പയായി ഇന്നും കണക്കാക്കുന്നില്ല. എന്നാൽ കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കിയിരിക്കുകയാണ് കേന്ദ്രം. ഇതോടെ കിഫ്ബിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നാണ് യുഡിഎഫ് സർക്കാരിന്റെ ധവളപത്രവും ബജറ്റും പറയുന്നത്.
ഇതിൽ അത്ഭുതമില്ല. കാരണം സിഎജി പറയുന്നതിനു മുമ്പുതന്നെ ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. പശ്ചാത്തലസൗകര്യ നിർമ്മാണത്തിനാവശ്യമായ പണം ബജറ്റുവഴി കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണല്ലോ നമ്മൾ കിഫ്ബി ആവിഷ്കരിച്ചത്. സാധാരണഗതിയിൽ ബജറ്റുവഴി ഇന്ന് കിഫ്ബി ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിന് കാൽനൂറ്റാണ്ട് വേണ്ടിവന്നേക്കാം.
കിഫ്ബി ബാധ്യതയോ?
കിഫ്ബി വലിയ ബാധ്യത സംസ്ഥാന സർക്കാരിന്റെ ചുമലിൽ സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് ധവളപത്രം പറയുന്നത്. കിഫ്ബിക്ക് കേരള സർക്കാർ നിയമപ്രകാരം ഖജനാവിൽനിന്ന് നൽകാൻ വ്യവസ്ഥ ചെയ്തിട്ടുള്ള നികുതിയുടെ വിഹിതം നൽകിയാൽ മാത്രം മതിയാകും. അതിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ തിരിച്ചടയ്ക്കാൻ കഴിയുന്ന പ്രൊജക്ടുകൾ മാത്രമേ കിഫ്ബി എടുക്കൂ. ഈ ലളിതമായ സംവിധാനം തിരിച്ചറിയാൻ ധവളപത്രം തയ്യാറാക്കിയ പണ്ഡിത സുഹൃത്തുക്കൾക്ക് കഴിഞ്ഞിട്ടില്ല.
ബാധ്യതയുണ്ട്. പക്ഷേ, അതിനനുസൃതമായ ആസ്തികളുമുണ്ട്. ഈ ആസ്തികൾ സാമ്പത്തിക വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കുമ്പോൾ ബാധ്യത ഒരിക്കലും ജഡഭാരമാകില്ല. അതേസമയം, ധവളപത്രവും ബജറ്റും കിഫ്ബിയെക്കുറിച്ച് കേന്ദ്ര സർക്കാർ നടത്തിയിട്ടുള്ള എല്ലാ വിമർശനങ്ങളെയും കലവറയില്ലാതെ പിന്താങ്ങുകയാണ്. ഇത് കിഫ്ബിയുടെ അസ്തിത്വത്തെത്തന്നെ ബാധിച്ചിട്ടുണ്ട്.
നിർമാണ പ്രവൃത്തികൾ സ്തംഭനത്തിൽ
കിഫ്ബി ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 42000 കോടി രൂപയുടെ പ്രൊജക്ടുകളുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്ക ബജറ്റ് പ്രസംഗം ഉയർത്തുകയാണ്. കിഫ്ബി പൊളിച്ചെഴുതുമെന്നാണ് ബജറ്റ് പ്രഖ്യാപനം. മാറ്റങ്ങൾ വേണമെങ്കിൽ നിയമഭേദഗതി വരുത്തുക. അല്ലാതെ ധവളപത്രത്തിലും ബജറ്റ് പ്രസംഗത്തിലും ചെയ്യുന്നതുപോലെ വായിട്ടലയ്ക്കരുത്.
കാരണം കിഫ്ബി പോലുള്ള ഒരു ധനകാര്യ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയാണ് ഏറ്റവും പ്രധാനം. കിഫ്ബി നൽകുന്ന പലിശയെ സർക്കാരിന്റെ എസ്.എൽ.ആർ ബോണ്ടുമായി താരതമ്യപ്പെടുത്തുന്നത് അസംബന്ധമാണ്. ഇനി കിഫ്ബി മാർക്കറ്റിൽ വായ്പയെടുക്കാൻ ചെല്ലട്ടേ. ഒരു ശതമാനമെങ്കിലും പലിശ കൂടുതൽ കൊടുക്കേണ്ടിവരും. സർക്കാർ ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ഇങ്ങനെ തകർക്കരുത്.
നിയമവ്യവസ്ഥയ്ക്കു വിരുദ്ധമായി കിഫ്ബിയുടെ മാസാമാസമുള്ള ഗ്രാന്റ് നൽകില്ല. പകരം, ബില്ല് വരുമ്പോൾ അതിന്റെ പണം നൽകാമെന്ന് പറയുന്നത് അസംബന്ധമാണ്. ഈ വർഷം 15000 കോടി രൂപയിൽ താഴെ ബില്ല് വന്നേയ്ക്കാം. എങ്ങനെയാണ് ബജറ്റിൽനിന്നും ഇത്രയും തുക നൽകാൻ കഴിയുക? പണം കിട്ടാനുള്ള അനിശ്ചിതാവസ്ഥ ഇതിനകംതന്നെ പ്രവർത്തികളുടെ പുരോഗതിയെ ബാധിച്ചുകഴിഞ്ഞു. കിഫ്ബി പദ്ധതികളുടെ നടത്തിപ്പ് ഇതിനകം സ്തംഭനാവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞു.
പകരം പൊള്ളയായ ബജറ്റ് വാഗ്ദാനങ്ങൾ
വികസന ആശയങ്ങളുടെ നീണ്ട വിഷ്-ലിസ്റ്റായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബജറ്റ് പ്രസംഗം. പക്ഷേ, പ്രശ്നം ഇതാണ്-. ഈ സ്വപ്ന പദ്ധതികൾക്കുള്ള പണം ബജറ്റിൽ ഇല്ല. കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ മൊത്തം ചെലവ് 2.18 ലക്ഷം കോടി രൂപയാണ്. പുതുക്കിയ ബജറ്റിൽ ഇത് 2.05 ലക്ഷം കോടി രൂപയായി കുറഞ്ഞു-– ഏതാണ്ട് 13,000 കോടി രൂപയുടെ കുറവ്.
ബജറ്റ് പ്രസംഗത്തിന് അവസാനം നൽകിയിരിക്കുന്ന പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിൽ പുതിയ പ്രഖ്യാപനങ്ങൾക്ക് അധികച്ചെലവായി വകയിരുത്തിയിട്ടുള്ളത് 1080 കോടി രൂപ മാത്രമാണ്. മാത്രമല്ല, പണം ഇല്ലാത്തതുകൊണ്ട് വമ്പൻ പ്രഖ്യാപനങ്ങൾക്ക് പലതിനും ടോക്കൺ പ്രൊവിഷനാണ് വച്ചിട്ടുള്ളത്. 2016-ലെ എൽഡിഎഫ് സർക്കാർ കിഫ്ബി രൂപീകരിച്ചതുവഴിയാണ്, ഇത്തരത്തിൽ ടോക്കൺ പ്രൊവിഷൻവച്ച് രാമേശ്വരത്തെ ക്ഷൗരം പോലെ വികസന പദ്ധതികൾ ഏറ്റെടുക്കുന്നരീതി അവസാനിപ്പിച്ചത്. ആ യുഗം യുഡിഎഫ് വീണ്ടും തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്.
പട്ടികവിഭാഗ ഫണ്ട്
ബജറ്റിലെ വികസന നിർദ്ദേശങ്ങൾ ഓരോന്നിനെയുംകുറിച്ച് ഈ ലേഖനത്തിൽ പ്രത്യേകമെടുത്ത് വിശദീകരിക്കുന്നില്ല. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ സഹായമടക്കമുള്ള സ്കീമുകൾക്കുള്ള പണം എടുത്തുമാറ്റിയിരിക്കുകയാണ്. പദ്ധതി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. പക്ഷേ, ഒരു കാര്യത്തെക്കുറിച്ചുമാത്രം വിശദീകരിക്കേണ്ടതുണ്ട്. അത് പട്ടികവിഭാഗങ്ങൾക്കുള്ള ഫണ്ട് സംബന്ധിച്ചാണ്.
എൽഡിഎഫ് സർക്കാർ പട്ടികജാതി-–പട്ടികവർഗ ഫണ്ട് വെട്ടിക്കുറച്ചൂവെന്നുള്ള ധവളപത്ര നുണ ബജറ്റും ആവർത്തിച്ചിട്ടുണ്ട്. ബാലഗോപാൽ കഴിഞ്ഞ വർഷം അവസാനം അവതരിപ്പിച്ച ബജറ്റിൽ പട്ടികജാതി ഉപപദ്ധതിക്ക് 9.81 ശതമാനവും (3507 കോടി രൂപ), പട്ടികവർഗ ഉപപദ്ധതിക്ക് 2.83 ശതമാനവും (1012 കോടി രൂപ) പ്ലാനിൽ വകയിരുത്തിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പുതുക്കിയ ബജറ്റിൽ ഈ ശതമാനത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. പക്ഷേ, പ്ലാൻ കട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പ്രത്യേക ഘടകപദ്ധതിക്കും ഗോത്ര ഉപപദ്ധതിക്കുമുള്ള ഫണ്ട് കുറയും. അത് പുനസ്ഥാപിച്ചതാണ് പട്ടികജാതി-–പട്ടികവർഗ ഉപപദ്ധതികളിലെ അധിക വകയിരുത്തലായി വീമ്പിളക്കുന്നത്. യഥാർത്ഥ തുക കഴിഞ്ഞ ബജറ്റിൽ ഉള്ളതുതന്നെ.
ഇടതുപക്ഷ സർക്കാർ പട്ടികവിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചൂവെന്ന നുണ ധവളപത്രവും വിളമ്പിയിട്ടുണ്ട്. ഇക്കണോമിക് റിവ്യൂവിന്റെ കണക്കുകൾമാത്രം പരിശോധിച്ചാൽ മതി ഈ നുണയുടെ സത്യം മനസ്സിലാക്കാൻ.
തൊഴിലുറപ്പ് പദ്ധതിക്ക് 40 ശതമാനം പണം കേരള സർക്കാർ വകയിരുത്തണമെന്നതാണ് പുതിയ ചട്ടം. ഇപ്പോൾ കേന്ദ്രം അനുവദിച്ചിരിക്കുന്ന തുക വച്ച് കണക്കുകൂട്ടുമ്പോൾ 2222 കോടി രൂപ സംസ്ഥാനം മുതൽമുടക്കണം. പക്ഷേ, ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 1422 കോടി രൂപ മാത്രമാണ്.
ജീവനക്കാർക്ക് ശമ്പള പരിഷ്കരണവുമില്ല, അഷേ-്വർഡ് പെൻഷനുമില്ല, ക്ഷാമബത്ത കുടിശ്ശികയുടെ ഗഡുക്കളുമില്ല.
വരുമാനം എവിടെ?
കേരളത്തിലെ ധനപ്രതിസന്ധിക്ക് പ്രതിവിധിയായി തിരഞ്ഞെടുപ്പുകാലത്ത് വി.ഡി. സതീശൻ പറഞ്ഞിരുന്നത്, 25,000 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിക്കുമെന്നാണ്. എന്നാൽ 2026-–27-ലെ ബജറ്റിൽ കുടിശ്ശിക പിരിക്കുന്നതിനുപകരം 2017-–18-ന് മുമ്പ് നികുതി നിർണ്ണയം നടത്തിയ 2 ലക്ഷം രൂപ വരെയുള്ള എല്ലാ കുടിശ്ശികയും ഒഴിവാക്കിയിരിക്കുകയാണ്. എന്താണോ പറഞ്ഞത് അതിനു നേർവിപരീതമാണ് ഇപ്പോൾ വി ഡി സതീശൻ ചെയ്തിരിക്കുന്നത്. പ്രളയ സെസിനും ആംനസ്റ്റി പ്രഖ്യാപിച്ചു.
സ്വർണ്ണത്തിൽനിന്ന് 15000 കോടി രൂപയെങ്കിലും പിരിച്ചെടുക്കുമെന്നാണ് വീമ്പിളക്കിക്കൊണ്ടിരുന്നതെങ്കിലും ബജറ്റിൽ അതിനെക്കുറിച്ചൊന്നും മിണ്ടാട്ടമേയില്ല. ഐ.ജി.എസ്.ടി ചോർച്ച ഒഴിവാക്കുന്നതിന് ഒരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കൃഷിക്കാരുടെ ഹോർട്ടി വൈനിന് കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച നികുതിയിളവ് ഡിസ്റ്റിലറികളുടെ വീര്യംകുറഞ്ഞ മദ്യത്തിനും ബാധകമാക്കിക്കൊണ്ട് അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണ്.
കടപ്പേടി വികസനവിരുദ്ധം
കേന്ദ്ര സർക്കാരിൽനിന്നും അർഹതപ്പെട്ടത് നിയമപരമായും രാഷ്ട്രീയമായും പോരടിച്ചുവാങ്ങാനുള്ള നിലപാട് ധവളപത്രത്തിലും ബജറ്റിലും ഇല്ല. തനത് വരുമാനം ഉയർത്താനുള്ള ഒരു പരിപാടിയും മുന്നോട്ടുവച്ചിട്ടില്ല. കടപ്പേടിയാണ് പറഞ്ഞുപരത്തുന്നത്. പിന്നെങ്ങനെയാണ് വികസനവും ക്ഷേമവും മുന്നോട്ടുകൊണ്ടുപോവുക?
നിയമപരമായി അനുവദനീയമായ കൈവായ്പകൾ ആർബിഐയിൽനിന്ന് സംസ്ഥാന ട്രഷറി, എടുക്കുന്നതുപോലും വലിയ ആപത്തായിട്ടാണ് കാണുന്നത്. മുൻ വർഷങ്ങളിൽ ട്രഷറി റിസർവ് ബാങ്കിൽ നിന്ന് ഓരോ വർഷവും എത്ര ദിവസം വെയ്സ് ആൻഡ് മീൻസ് വായ്പകളിൽ ആയിരുന്നു, എത്ര മാസം അവസാനം ട്രഷറി ബാലൻസ് മൈനസ് (–) ആയിരുന്നു എന്നുള്ളതെല്ലാം വളരെ വിശദമായി ധവളപത്രത്തിൽ പരിശോധിക്കുന്നുണ്ട്. അതൊക്കെ എന്തോ വലിയ അപകടത്തിന്റെ സൂചനകളായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ശുദ്ധ അസംബന്ധമാണിത്. സംസ്ഥാന സർക്കാരിന്റെ കമ്പോള വായ്പയേക്കാൾ 2-3 ശതമാനം കുറഞ്ഞ പലിശയ്ക്കാണ് റിസർവ്വ് ബാങ്കിൽ നിന്ന് 6000-ത്തിൽപ്പരം കോടി രൂപയുടെ വെയ്സ് ആൻഡ് മീൻസ് വായ്പകൾ ലഭിക്കുന്നത്. അത് എന്തിനു കേരളം വേണ്ടെന്നുവയ്ക്കണം?
കേരളം കടക്കെണിയിലാണെന്ന ആഖ്യാനത്തെ പരിപൂർണ്ണമായും നിരാകരിച്ചുകൊണ്ടു മാത്രമേ വികസനത്തെ മുന്നോട്ടുകൊണ്ടുപോകാനാകൂ. സാമ്പത്തികശാസ്ത്രവിധിപ്രകാരം വായ്പയുടെ പലിശ നിരക്ക് ജിഡിപി വളർച്ചാ നിരക്കിനേക്കാൾ താഴ്ന്നതാണെങ്കിൽ ഒരു രാജ്യം കടക്കെണിയിലല്ല. ഇതിനു വിരുദ്ധമായി ആര് എന്തു പറഞ്ഞാലും അത് സാമ്പത്തിക കൂടോത്രമാണ്.
മറ്റെല്ലാം മറന്നാലും ഒരുകാര്യം ഓർക്കുക. ഒരു സംസ്ഥാനത്തിനും ജിഡിപിയുടെ 3 ശതമാനത്തിനപ്പുറം വായ്പയെടുക്കാനാവില്ല. കേന്ദ്രം അനുവദിക്കില്ല. അതുകൊണ്ട് ഇന്ത്യയിൽ ഒരു സംസ്ഥാനവും കടക്കെണിയിലാകാനും പോകുന്നില്ല. ഈ കടപ്പേടിക്കാർ നാടിന്റെ വികസനത്തെ അട്ടിമറിക്കുകയാണ്.
യുഡിഎഫിന്റെ പോംവഴി – സ്വകാര്യവൽക്കരണം
പകരം എന്തെന്ന് ഇപ്പോഴും യുഡിഎഫ് നേതാക്കൾക്ക് ധാരണയില്ല. പ്രത്യേക പ്രൊജക്ടുകൾക്ക് റവന്യു വരുമാനം ഉറപ്പുവരുത്തുന്ന പ്രത്യേക എസ്.പി.വികൾ, പൊതു-സ്വകാര്യ പങ്കാളിത്തം, മുനിസിപ്പൽ ബോണ്ടുകൾ തുടങ്ങിയവയൊക്കെയാണ് പരാമർശിക്കപ്പെടുന്നത്. ഇങ്ങനെയെല്ലാം എടുക്കുന്ന വായ്പകൾ ബാധ്യതയൊന്നും സൃഷ്ടിക്കുന്നില്ലായെന്നു വാദിക്കാത്തതു ഭാഗ്യം.
സ്വകാര്യവൽക്കരണമാണ് അവർ കണ്ടെത്തിയിരിക്കുന്ന കുറുക്കുവഴി. പൊതുമേഖലാ സ്ഥാപനങ്ങളുടെമേലാണ് വാൾ വീഴുക. സ്വകാര്യമൂലധനത്തെ കേരളത്തിലെ വ്യവസായ മേഖലയിലേക്ക് ആകർഷിക്കണമെന്നതിൽ രണ്ടു പക്ഷമില്ല. പക്ഷേ, അതിന് അനിവാര്യമായ പശ്ചാത്തലസൗകര്യങ്ങൾ നമ്മൾ മുൻകൈയെടുത്ത് സൃഷ്ടിച്ചേ തീരൂ. അതിനുള്ള വിഭവസമാഹരണത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് കിഫ്ബിയെ ഫലത്തിൽ ഇല്ലായ്മ ചെയ്യുന്നതിനുള്ള നീക്കം ഗവൺമെന്റ് നടത്തിയിരിക്കുന്നത്.
പശ്ചാത്തലസൗകര്യ വികസനത്തിനുപോലും സ്വകാര്യ നിക്ഷേപകരെ ആശ്രയിക്കുന്ന സമീപനത്തിലേക്കുള്ള ചുവടുമാറ്റം വളരെ വ്യക്തമാണ്. കെഎംഎംഎലി-നെ കേന്ദ്രീകരിച്ചുള്ള ഇടതുപക്ഷത്തിന്റെ റെയർ എർത്ത് ഇടനാഴി എന്ന ആശയത്തിനു പകരം സ്വകാര്യ കുത്തകകളെ ആശ്രയിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ റെയർ എർത്ത് നയത്തിലേക്ക് കേരളം നീങ്ങുകയാണ്. മിഷൻ സമുദ്രയും സ്വകാര്യപങ്കാളിത്തത്തിനാണ് ഊന്നൽ നൽകുന്നത്. ഹെൽത്ത് ആൻഡ് സയൻസ് സിറ്റിയും ഇതേ മാതൃകയിലുള്ളതാണ്. രണ്ടാം ഭൂപരിഷ്കരണവും ഇതിന് അകമ്പടി സേവിക്കലാണ്.
പ്ലാനിംഗ് ബോർഡിനെ ഒരു തിങ്ക് ടാങ്ക് ആക്കി മാറ്റാനാണ് “നെഹ്റൂവിയൻ സോഷ്യലിസ്റ്റു”കളുടെ ശ്രമം. നെഹ്റു തുടങ്ങിവച്ച ആസൂത്രണ സമ്പ്രദായം ഇന്ന് കേരളത്തിൽ മാത്രമാണ് നിലനിൽക്കുന്നത്. അത് മോദിയുടെ നിതി ആയോഗ് രീതിയിലേക്ക് പരിവർത്തനം ചെയ്യുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
ഒരുകാര്യം തീർച്ചയാണ്. ഈ സ്വകാര്യവൽക്കരണ നീക്കങ്ങളെയും ക്ഷേമപദ്ധതികൾ വെട്ടിക്കുറയ്ക്കുന്നതിനെയും അംഗീകരിക്കപ്പെട്ട പശ്ചാത്തലസൗകര്യ നിർമാണ പ്രൊജക്ടുകൾ വേണ്ടെന്നുവയ്ക്കുന്നതിനെയും ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെയും ആന്റണി സർക്കാരിന്റെ കാലത്തെന്നപോലെ ജനങ്ങൾ നഖശിഖാന്തം ചെറുത്തുതോൽപ്പിക്കും. l



