സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവു നൽകി അത് ബജറ്റിലൂടെ സൂത്രത്തിൽ ഒളിച്ചുകടത്താനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ ശ്രമം പ്രതിപക്ഷം കയ്യോടെ പിടികൂടിയിരിക്കുകയാണ്. യുഡിഎഫിന്റെ ഇന്ദിരാഗ്യാരന്റിയിലും പ്രകടനപത്രികയിലും പറഞ്ഞതും ജനങ്ങൾക്കു നൽകിയതുമായ വാഗ്ദാനങ്ങൾ പലതും പാലിക്കാൻ ബജറ്റിൽ പ്രഖ്യാപനമുണ്ടായില്ല. ആദ്യ ബജറ്റിൽ തന്നെ ക്ഷേമപെൻഷൻ കൂടുമെന്ന് പറഞ്ഞത് ബജറ്റിലുണ്ടായില്ല. കോളേജ് വിദ്യാർഥിനികൾക്കുള്ള 1000 രൂപ പ്രതിമാസ സഹായവാഗ്ദാനത്തെക്കുറിച്ചും മൗനം. പ്രതിപക്ഷത്തിരിക്കുമ്പോൾ പെട്രോൾ-–ഡീസൽ നികുതിയിളവു ചെയ്യണമെന്ന ആവശ്യവും ഭരണത്തിലെത്തിയപ്പോൾ ഓർക്കുന്നില്ല. ജനങ്ങൾക്കു കൊടുത്ത വാഗ്ദാനങ്ങൾ മറന്നെങ്കിലും ഇന്ത്യയിലെ മുഖ്യ മദ്യകുത്തകകൾക്കു നൽകിയ വാക്ക് മുഖ്യമന്ത്രി മറന്നില്ല. അവർക്കു നൽകിയ വാഗ്ദാനം പാലിക്കാൻ എന്തൊരുത്സാഹം, എന്തൊരാവേശം.
മദ്യക്കമ്പനിക്ക് നികുതിയിളവു സംബന്ധിച്ച ഫയൽ 2023 ഫെബ്രുവരി 23 മുതൽ, എൽഡിഎഫ് ഭരണകാലത്ത് മൂന്നരവർഷം അനക്കമറ്റുകിടന്നതാണ്, മൂന്നരവർഷം ചത്തുകിടന്ന ഫയൽ വി ഡി സതീശൻ മുഖ്യമന്ത്രിയായി മൂന്നാം ദിനം ഉയിർത്തെഴുന്നേറ്റു. മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തത് 2026 മെയ് 18ന്; ഈ ഫയൽ കണ്ണുതുറന്നത് മെയ് 21ന് വെെകുന്നേരം 3.59ന്. പിന്നീട് ശരവേഗത്തിലൊരു കുതിപ്പാണ്. പല തട്ടുകൾ കടന്ന് അന്നുതന്നെ വെെകിട്ട് 6.33 ന് മുഖ്യമന്ത്രിക്ക് കിട്ടി! ഇരുപത്തിനാല് ദിവസം മുഖ്യമന്ത്രി ഫയൽ കയ്യിൽ വച്ചു; ആരേയും അറിയിച്ചില്ല. സുപ്രധാന നയപരമായ വിഷയമായിട്ടും ആരുമായും കൂടിയാലോചിച്ചില്ല– സ്വന്തം പാർട്ടിയോടോ മുന്നണിയോടോ സംസ്ഥാന എക്-സെെസ് മന്ത്രിയോടോ പോലും. യുഡിഎഫിന്റെ മദ്യനയം രൂപീകരിച്ചിട്ടില്ല. പ്രഖ്യാപിതമായ നയമാകട്ടെ ഘട്ടംഘട്ടമായുള്ള മദ്യനിരോധനവുമാണ്. വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്-ക്കുമെന്ന് യുഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞിട്ടില്ലല്ലോ എന്ന് വി എം സുധീരൻ തന്നെ മുഖ്യമന്ത്രിയോട് ചോദിക്കുന്നു. എന്തായാലും വീര്യംകുറഞ്ഞ മദ്യത്തിന് 251 ശതമാനത്തിൽ നിന്ന് നികുതി 120 ശതമാനമായി കുറയ്ക്കുന്നു. 131 ശതമാനത്തിന്റെ ഭീമമായ ഇളവ് ! സ്വാഭാവികമായും ദുരൂഹത തോന്നുമല്ലോ. ചോദ്യങ്ങളുയരും. പ്രതിപക്ഷം നിയമസഭക്കകത്തും പുറത്തും ഈ നടപടിയെ ചോദ്യം ചെയ്തു. യുഡിഎഫ് മുന്നണിക്കകത്തും അഭിപ്രായവ്യത്യാസങ്ങളുയർന്നു. ആദ്യം വി എം സുധീരനും പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വിയോജിപ്പുമായി രംഗത്തിറങ്ങി. സതീശനെ മുഖ്യമന്ത്രിയാക്കാൻ രാഹുൽഗാന്ധിയോട് ശുപാർശ ചെയ്തയാൾ എന്നു മനോരമ പറയുന്ന സുധീരനെപ്പോലെതന്നെ അക്കാര്യത്തിൽ ഓവർ ടെെം പണിയെടുത്ത ലീഗിനും പ്രതികരിക്കേണ്ടി വന്നു. ലീഗിന്റെ സംസ്ഥാന പ്രസിഡന്റിനുതന്നെ മദ്യനികുതിയിളവു മൂലമുണ്ടായ ആശങ്കകൾ ദുരീകരിക്കണമെന്ന് ഗത്യന്തരമില്ലാതെ പറയേണ്ടി വന്നു. സമസ്തയും കെസിബിസിയും വിയോജിപ്പറിയിച്ചു. സിറാജും സുപ്രഭാതവും വിമർശനമുന്നയിച്ചു. താമരശ്ശേരി ബിഷപ്പും ഓർത്തഡോക്സ് സഭയും എതിർത്തു. രമേശ‍് ചെന്നിത്തലയും എക്-സെെസ് മന്ത്രി ലിജുവും തങ്ങളൊന്നും അറിഞ്ഞില്ലെന്നും മുഖ്യമന്ത്രിയുടെ മാത്രം തീരുമാനമാണെന്നും ഭംഗ്യന്തരേണ പറഞ്ഞ് സ്വന്തം കെെകൾ ശുദ്ധമാക്കി. മലയാള മനോരമയും ഏഷ്യാനെറ്റും പോലുള്ള ചില മാധ്യമങ്ങൾ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും കാര്യങ്ങൾ അവരുടെ പിടിയിൽ നിന്നില്ല. ജനത്തിന് കാര്യങ്ങൾ പിടികിട്ടി.
അപ്പോൾ പുതിയ ന്യായീകരണങ്ങളുമായി വരികയാണ്. ബജറ്റ് പാസ്സാക്കിയാലും യുഡിഎഫ് മദ്യനയമനുസരിച്ചേ വിൽക്കണോ വേണ്ടയോ എന്നു തീരുമാനിക്കൂ എന്ന വിചിത്രന്യായമാണിപ്പോൾ ഉയർത്തുന്നത്. നിയമസഭ പാസ്സാക്കുന്ന ബജറ്റിലെ നികുതി നിർദേശം യുഡിഎഫ് നയത്തിന്റെ പേരിൽ നടപ്പാക്കില്ല എന്ന് ! ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന ന്യായീകരണമാണിത്. നിയമസഭ പാസ്സാക്കുന്ന നിയമപ്രാബല്യമുള്ള ബജറ്റിനു മുകളിലാണോ യുഡിഎഫ് മദ്യനയം? വിൽക്കേണ്ടെന്ന് പറഞ്ഞാൽ കോടതിയിൽ പോയാൽ അഞ്ചുമിനിട്ടുകൊണ്ട് വിൽപ്പനാനുമതി ലഭിക്കില്ലേ? നുണകൾ അഴിച്ചുവിട്ട് അധികാരത്തിലെത്തിയവർ ഇപ്പോൾ അഴിമതിക്ക് ന്യായീകരണം കണ്ടെത്താൻ പുതിയ നുണകൾ നിർമിച്ചു വിതരണം ചെയ്യുകയാണ്.
പിടിക്കപ്പെട്ടപ്പോൾ രക്ഷക്കായി മുഖ്യമന്ത്രി പറയുന്ന പുതിയ നുണ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്-ക്കാനുള്ള നടപടി തുടങ്ങിയത് എൽഡിഎഫ് സർക്കാരാണ്, അവർ ബാക്കി വച്ചത് തങ്ങൾ പൂർത്തിയാക്കിയെന്നേയുള്ളൂ എന്നാണ്. വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവു നൽകാൻ ഒരു ഘട്ടത്തിലും എൽഡിഎഫ് സർക്കാർ ശ്രമിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് മൂന്നര വർഷമായി ഇതിനുള്ള ഫയൽ സർക്കാർ തൊട്ടില്ല എന്നത്. വീര്യം കുറഞ്ഞ മദ്യം അനുവദിക്കാമെന്നത് എൽഡിഎഫിന്റെ മദ്യനയത്തിൽ പറഞ്ഞിരുന്നു. എന്നാൽ, നികുതിയിളവു നൽകി വിലകുറച്ചു വീര്യം കുറഞ്ഞ മദ്യം സുലഭമാക്കുന്നതിന് എൽഡിഎഫ് സർക്കാർ അനുകൂലമായിരുന്നില്ല. അതുകൊണ്ടാണ് നികുതിയിളവ് നൽകണമെന്ന കമ്പനിയുടെ ആവശ്യം എൽഡിഎഫ് സർക്കാർ പരിഗണിക്കാതിരുന്നത്. 2022–23 ലെ എൽഡിഎഫിന്റെ മദ്യനയത്തിലാണ് കാർഷികോൽപ്പന്നങ്ങളിൽ നിന്നുള്ള ഹോർട്ടി വെെൻ, അവ ഉപയോഗിച്ചുകൊണ്ടുള്ള ഹോർട്ടി ലിക്വർ, സ്പിരിറ്റുപയോഗിച്ചുള്ള വീര്യം കുറഞ്ഞ മദ്യം എന്നിവ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. കൃഷിക്കാരുടെ ഉൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കുന്നതിലൂടെ കർഷകർക്ക് മികച്ച വില ലഭ്യമാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു ഇതിനടിസ്ഥാനം. ഈ നയം എൽഡിഎഫ് ചർച്ച ചെയ‍്ത് അംഗീകരിച്ചതും തുടർന്ന് മന്ത്രിസഭ അംഗീകാരം നൽകിയതുമാണ്.
ഈ നയത്തിന്റെ അടിസ്ഥാനത്തിൽ ഇതിനാവശ്യമായ ചട്ടഭേദഗതികൾ കൊണ്ടുവരികയും ഈ ഭേദഗതികൾ നിയമസഭാ സമിതികൾ അംഗീകരിക്കുകയും ചെയ്തു. ഇങ്ങനെ സുതാര്യമായ നടപടികളിലൂടെ ഹോർട്ടിവെെൻ, ഹോർട്ടി ലിക്വർ, വീര്യം കുറഞ്ഞ മദ്യം എന്നിവ അനുവദിക്കാനുള്ള ചട്ട ഭേദഗതി വിജ്ഞാപനമായി ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഹോർട്ടിവെെൻ എന്ന പുതിയ കാറ്റഗറിക്ക് വെെനിന് നിലവിലുള്ള നികുതി നിരക്കായ 86 ശതമാനം തന്നെ നിശ്ചയിച്ച് ഉത്തരവിറക്കി. നികുതിയിളവു ചെയ്തില്ല എന്നർഥം. കാർഷിക സർവകലാശാല ഉൾപ്പെടെ നാല് അപേക്ഷകർക്ക് ഹോർട്ടിവെെൻ ഉൽപ്പാദിപ്പിക്കാനുള്ള ലെെസൻസും നൽകി. കാർഷിക സർവകലാശാല അവരുടെ ഉൽപ്പന്നം വിപണിയിലിറക്കുകയും ചെയ്തു. ഹോർട്ടിവെെനിന്റെ നിലവിലുള്ള നികുതി നിരക്ക് കുറയ്-ക്കാത്തതുപോലെ വീര്യം കുറഞ്ഞ മദ്യത്തിനും മദ്യത്തിന്റെ നിലവിലുള്ള നികുതി നിരക്കായ 251 ശതമാനത്തിൽ കുറവു വരുത്തിയില്ല. വീര്യം കൂടിയതായാലും കുറഞ്ഞതായാലും മദ്യമുണ്ടാക്കുന്നത് സ്പിരിറ്റ് ഉപയോഗിച്ചാണ്. അതിനാൽ രണ്ട് കാറ്റഗറിക്കും ഒരേ നികുതി നിരക്ക് മതിയെന്ന് അന്ന് സർക്കാർ നിശ്ചയിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്-ക്കാതിരിക്കുന്നതിന് എൽഡിഎഫ് സർക്കാരിനെ പ്രേരിപ്പിച്ച രണ്ടു കാരണങ്ങൾ കൂടിയുണ്ട്. ഒന്നാമത്തേത് നികുതി കുറച്ച്, കുറഞ്ഞ വിലയ്-ക്ക് വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കിയാൽ അതിന്റെ സാമൂഹിക പ്രത്യാഘാതം വലുതായിരിക്കുമെന്ന കാര്യം സർക്കാർ കണക്കിലെടുത്തു. നികുതി കുറച്ചാൽ സ്വാഭാവികമായും വില കുറയും. വിപണിയിൽ വീര്യം കുറഞ്ഞ മദ്യം സുലഭമാവും. റെഡി ടു ഡ്രിങ്ക് വിഭാഗത്തിലാണിതുൾപ്പെടുന്നത്. അതായത് ശീതളപാനീയം പോലെ നേരിട്ട് കഴിക്കാവുന്നതാണിത്. ചെറുപ്പക്കാരും കുട്ടികളുമെല്ലാം കുറഞ്ഞ വിലയ്-ക്കുള്ള മദ്യം ധാരാളം ഉപയോഗിക്കാനുള്ള സാധ്യത എൽഡിഎഫ് സർക്കാർ കണ്ടു. വില ഉയർത്തി നിർത്തിയാൽ മാത്രമേ ലഭ്യതയും നിയന്ത്രിക്കാനാവൂ. അതിനാലാണ് മദ്യത്തിന്റെ നികുതിയായ 251 ശതമാനത്തിൽ നിന്ന് വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കേണ്ട എന്നു തീരുമാനിച്ചത്. മറ്റൊന്ന്, ഇതിന്റെ ഫലമായി സർക്കാരിന് വരുമാനനഷ്ടമുണ്ടാവും എന്ന വാദംകൂടി കണക്കിലെടുത്തു. ഇങ്ങനെ എൽഡിഎഫ് സർക്കാർ നടപ്പാക്കാതിരുന്ന കാര്യമാണ് സത്യപ്രതിജ്ഞക്കുശേഷം മൂന്നാം നാൾ മുതൽ മുഖ്യമന്ത്രി വി ഡി സതീശൻ മുൻഗണന കൊടുത്തു നടപ്പാക്കിയത്.
രക്ഷപ്പെടാനായി മുഖ്യമന്ത്രി നിയമസഭയിലെ മറുപടിയിൽ നുണകളുടെ കെട്ടഴിച്ചുവിടുകയായിരുന്നു. എൽഡിഎഫ് കേരളത്തിൽ മദ്യമൊഴുക്കി എന്നായിരുന്നു നുണകളിൽ പ്രധാനം. വാട്സാപ്പ് യൂണിവേഴ്സിറ്റികളിലൂടെ യുഡിഎഫിന്റെ സെെബർ പോരാളികൾ നടത്തുന്ന വ്യാജപ്രചാരണം മുഖ്യമന്ത്രിയെപ്പോലൊരാൾ നിയമസഭയിൽ ആവർത്തിക്കുന്നത് ലജ്ജാകരമാണ്. ഡാറ്റയും വസ്തുതകളും നമ്മുടെ മുന്നിലുണ്ടല്ലോ. നിയമസഭയിൽ തന്നെ ഈ വസ്തുതകൾ ചോദ്യങ്ങൾക്ക് മറുപടിയായും വന്നിട്ടുണ്ടല്ലോ. നമുക്ക് ആ വസ്തുതകൾ കൂടി ഒന്ന് നോക്കാം.
സംസ്ഥാനത്തെ മദ്യത്തിന്റെ ഉപഭോഗം സംബന്ധിച്ച് 15 വർഷത്തെ മദ്യ വില്പനയുടെ കണക്കുകള്‍ പരിശോധിച്ചതില്‍, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്പന ഏറ്റവും കൂടുതല്‍ നടന്നത് 2012-–13 കാലഘട്ടത്തില്‍ (244.33 ലക്ഷം കേയ്-സുകള്‍) ആണെന്ന് കാണാന്‍ സാധിക്കും. ബിയര്‍ ഉള്‍പ്പെടെയുള്ള മദ്യത്തിന്റെ കണക്ക് പരിശോധിച്ചതില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് 2015-–16 കാലഘത്തില്‍ (355.95 ലക്ഷം കേസുകള്‍) ആണെന്നും കാണുന്നു.
2011–-12 കാലയളവ് മുതല്‍ 2024–-25 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ശരാശരി ഉപഭോഗം 229.822 ലക്ഷം കേയ്സും ബിയര്‍ ഉള്‍പ്പെടെയുള്ള മദ്യത്തിന്റെ ഉപഭോഗം 341.264 ലക്ഷം കേയ്സും ആയിരുന്നു. എന്നാല്‍ 2016–-17 മുതല്‍ 2020-–21 വരെയുള്ള ഒന്നാം എൽഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ അത് യഥാക്രമം 207.32 ലക്ഷം കേയ്സ്, 322.182 ലക്ഷം കേയ്സ് എന്നിങ്ങനെയും, 2021-–22 മുതലുള്ള രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ യഥാക്രമം 213.92 ലക്ഷം കേയ്സ്, 315.26 ലക്ഷം കേയ്സ് ആയും കുറഞ്ഞിട്ടുള്ളതായി കാണാന്‍ സാധിക്കും. മേല്‍ വസ്തുതകൾ പരിശോധിക്കുന്നതില്‍ നിന്നും എൽഡിഎഫ് സര്‍ക്കാര്‍ പുതിയതായി മദ്യശാലകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അതു നിമിത്തം സംസ്ഥാനത്തെ മദ്യ ഉപഭോഗത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല എന്ന് വ്യക്തമാകും.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2014-–15 വർഷം സംസ്ഥാനത്ത് 748 ബാർ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നു. പ്രസ്തുത കാലയളവിൽ നിലവിൽ വന്ന അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിൽ ഫെെവ് സ്റ്റാർ ക്ലാസിഫിക്കേഷൻ ഉണ്ടായിരുന്ന 29 ബാർ ലൈസൻസ് ഒഴികെയുള്ളവ റദ്ദുചെയ്തിട്ടുള്ളതാണ്. എന്നാൽ ലൈസൻസ് റദ്ദുചെയ്ത ഹോട്ടലുകൾക്ക് ബിയർ & വൈൻ പാർലർ ലൈസൻസ് അനുവദിച്ചു നൽകുകയാണ് ഉണ്ടായത്. ഇത്തരത്തിൽ യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ സംസ്ഥാനത്ത് 29 ബാർ ഹോട്ടലുകളും 813 ബിയർ/വൈൻ പാർലറുകളും പ്രവർത്തിച്ചിരുന്നു. അതുപോലെ തന്നെ ഇതേ കാലയളവില്‍ ആകെ 306 വിദേശമദ്യ ചില്ലറ വില്പന ശാലകളും സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നു.
ബിയർ/വൈൻ പാർലറായി മാറ്റിയ ബാർ ഹോട്ടലുകളിൽ ത്രീസ്റ്റാറോ അതിനുമുകളിലോ ക്ലാസ്സിഫിക്കേഷൻ നേടിയ ഹോട്ടലുകൾക്ക് പുതുക്കിയ അബ്കാരി പോളിസിയിലെ വ്യവസ്ഥകൾക്ക് വിധേയമായി മുൻപുണ്ടായിരുന്ന ബാർ ലൈസൻസ് പുതുക്കി നല്‍കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തിട്ടുള്ളതാണ്.
അത്തരത്തില്‍ പുതുക്കിനല്കിയതും പുതിയതായി അനുവദിച്ചതും ഉള്‍പ്പെടെ സംസ്ഥാനത്ത് നിലവില്‍ 896 ബാർ ഹോട്ടലുകളും 226 ബിയർ & വൈൻ പാർലറുകളും 335 വിദേശമദ്യ ചില്ലറ വില്പന ശാലകളും പ്രവർത്തിച്ചുവരുന്നു. മദ്യശാലകളുടെ എണ്ണത്തിലെ വര്‍ധനവ് പരിശോധിക്കുമ്പോള്‍ 2015–-16 കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്നതില്‍ നിന്നും കഴിഞ്ഞ 10 വര്‍ഷ കാലയളവില്‍ ആനുപാതികമായ വര്‍ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് കാണാന്‍ സാധിക്കും.
മദ്യശാലകളുടെ എണ്ണം കൂട്ടുന്നത് മദ്യത്തിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കാനല്ല, മറിച്ച് തിരക്കുകുറച്ച് നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി മദ്യം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2016 മുതലുള്ള എൽഡിഎ-ഫ് സര്‍ക്കാരിന്റെ നയം മദ്യവര്‍ജ്ജനത്തിലൂന്നിയ പ്രവര്‍ത്തനങ്ങളായിരുന്നു. അതിനായി മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുവേണ്ട ഘട്ടംഘട്ടമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അവലംബിച്ചിട്ടുള്ളതുമാണ്.
നുണകൾ കൊണ്ട് മുഖ്യമന്ത്രിക്കിനിയും രക്ഷപ്പെടാനാവില്ല. സ്വന്തം പാർട്ടിയെയും മുന്നണിയെയും എക്-സെെസ് മന്ത്രിയെയും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി നേരിട്ടു നടത്തിയ ഒരു ഡീലാണ് ഇപ്പോൾ തുറന്നുകാണിക്കപ്പെട്ടിരിക്കുന്നത്. അധികാരമേറ്റ് മൂന്നാംനാൾതന്നെ ഡീൽപ്രകാരമുള്ള ധാരണ പാലിക്കാനുള്ള ത്വരിതഗതിയിലുള്ള നീക്കങ്ങളാണ് അദ്ദേഹം ഗൂഢമായി നടത്തിയത്. ആർക്കാണിത്ര ധൃതി എന്നിപ്പോൾ മനസ്സിലായി. പക്ഷേ എന്തിനായിരുന്നു ഈ ധൃതി എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം പറയണം. l



