ത്യാഗത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും മറുപേരാണ് ക്യൂബ. ധീരതയുടെ ഇതിഹാസങ്ങൾ ഏറെ രചിച്ചതാണ് കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലത്തെ ക്യൂബയുടെ ചരിത്രം. കഷ്ടിച്ച് 90 മെെൽ (145 കിലോ മീറ്റർ) അകലെ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക – സെെനിക ശക്തിയായ അമേരിക്കൻ സാമ്രാജ്യത്വ ഭീമന്റെ നിരന്തര കടന്നാക്രമണങ്ങളെ ചെറുത്താണ് ക്യൂബ അതിജീവനത്തിന്റെ പ്രതിരൂപമായി ഏഴ് പതിറ്റാണ്ടിനുശേഷവും ഇന്നും ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നത്. സാമ്പത്തികവും സെെനികവുമായ സമ്പൂർണ ഉപരോധമാണ് അമേരിക്ക ക്യൂബയ്ക്കുമേൽ ഇക്കാലമത്രയും അടിച്ചേൽപ്പിച്ചത്.
അപ്പോഴും ലോകത്തെവിടെയും മനുഷ്യർ പ്രകൃതി ദുരന്തങ്ങൾകൊണ്ടോ പകർച്ചവ്യാധികൾകൊണ്ടോ ദുരിതങ്ങൾ അനുഭവിക്കുമ്പോൾ ക്യൂബൻ ആരോഗ്യ പ്രവർത്തകരെ അവിടെ എത്തിച്ചുകൊണ്ട് സോഷ്യലിസ്റ്റ് ക്യൂബ മനുഷ്യത്വത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ഉറക്കെ പ്രഖ്യാപിച്ചു. കോവിഡ് 19 കാലത്ത് കരീബിയൻ കടലിൽ കുടുങ്ങിയ ബ്രിട്ടീഷ് കപ്പലിലെ രോഗബാധിതരായ കുറച്ചു മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം തുറമുഖം തുറന്നുകൊടുത്തുകൊണ്ട് ക്യൂബ സോഷ്യലിസ്റ്റ് മാനവികതയുടെ ഇതിഹാസം രചിക്കുകയായിരുന്നു. ക്യൂബയെ ആക്രമിച്ച് ഇല്ലാതാക്കാൻ തക്കംപാർത്തിരിക്കുന്ന അമേരിക്കയിലേക്കുപോലും കോവിഡ് കാലത്തും കത്രീന ചുഴലിക്കൊടുങ്കാറ്റ് നാശംവിതച്ചപ്പോഴുമെല്ലാം ആരോഗ്യ പ്രവർത്തകരെ അയയ്ക്കാൻ ക്യൂബ സന്നദ്ധമായി മുന്നോട്ടുവന്നെങ്കിലും ക്യൂബയിലെ ആരോഗ്യ പ്രവർത്തകരെപോലും യാങ്കി ഭീകരന് ഭയമായിരുന്നതുമൂലം നിഷേധിക്കപ്പെട്ടു. സ്വന്തം ജനത മരിച്ചുവീഴുമ്പോഴും സാമ്രാജ്യത്വ കഴുകന് ക്യൂബയെ കീഴ്പ്പെടുത്തുക എന്നതല്ലാതെ മറ്റൊരു ചിന്തയുമുണ്ടായില്ല.
നവഫാസിസ്റ്റായ ട്രംപ് അമേരിക്കയിൽ അധികാരത്തിലെത്തിയതോടെ ക്യൂബയ്ക്കുനേരെയുള്ള ആക്രമണം കൂടുതൽ തീവ്രമാക്കി. ട്രംപിനും അമേരിക്കൻ ഭരണവർഗത്തിനും വേണ്ടത് കമ്പോളത്തിന്റെ, മൂലധനത്തിന്റെ സ്വച്ഛന്ദവിഹാരത്തിനായി ക്യൂബ തുറന്നുകൊടുക്കണമെന്നതുമാത്രമാണ്. ക്യൂബൻ ഭരണാധികാരികളും ക്യൂബൻ ജനതയും അവിടെ നിലനിൽക്കുന്ന സോഷ്യലിസ്റ്റ് ഭരണക്രമം ഇല്ലാതാക്കാൻ തയ്യാറായില്ലെങ്കിൽ ആ ജനതയെ ഒന്നടങ്കം തകർക്കുമെന്ന പിടിവാശിയിലാണ് അമേരിക്ക. പട്ടിണിക്കിട്ടും രോഗചികിത്സയ്ക്കുവേണ്ട ഉപകരണങ്ങളും മരുന്നും തടഞ്ഞും സമ്മർദ്ദത്തിലാക്കി തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ക്യൂബയെ കൊണ്ടുവരാനുള്ള നീക്കം നടക്കില്ലെന്നു കണ്ട ട്രംപ് ഭരണകൂടം സെെനികമായ ആക്രമണത്തിനു തയ്യാറെടുക്കുകയാണ്.
ഇറാനിൽനിന്ന് പുറത്തുകടക്കാൻ കഴിഞ്ഞാൽ അടുത്തത് ക്യൂബ തന്നെയെന്ന് ട്രംപും അയാളുടെ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയൊയും പ്രഖ്യാപിച്ചു കഴിഞ്ഞു. വെനസേ-്വലൻ പ്രസിഡന്റ് മദുറൊയെയും ജീവിതപങ്കാളിയെയും പിടിച്ചുകെട്ടിക്കൊണ്ടുപോയി അമേരിക്കൻ ജയിലിലടച്ചതുപോലെ റൗൾ കാസ്ട്രോയെയും ഇപ്പോഴത്തെ ക്യൂബൻ പ്രസിഡന്റ് മിഗേ-്വൽ ഡയസ് കാനലിനെയും കുടുംബാംഗങ്ങൾക്കൊപ്പം തട്ടിക്കൊണ്ടുപോയി അമേരിക്കൻ കാരാഗൃഹത്തിലടയ്ക്കുമെന്നാണ് ഇപ്പോൾ ട്രംപ് വീരവാദം മുഴക്കുന്നത്. പക്ഷേ, ഇത് ട്രംപിന്റെ ഒരു വ്യാമോഹം മാത്രമാണ്. റൗളിനും ഡയസ് കാനലിനും ഒപ്പം ക്യൂബൻ ജനതയൊന്നാകെ ഈ സാമ്രാജ്യത്വ റൗഡിയ്ക്കെതിരെ ആയുധമെടുത്ത് പൊരുതുമെന്ന കാര്യം ഉറപ്പാണ്. ഈ ജനതയെയാകെ കൊന്നൊടുക്കിയല്ലാതെ, കരീബിയൻ സമുദ്രത്തെ ചോരയിൽ ചുവപ്പിച്ചല്ലാതെ അവരുടെ നേതാക്കളെ കൊണ്ടുപോകാനാവില്ലെന്നതാണ് ക്യൂബൻ ജനതയുടെ ദൃഢനിശ്ചയം. 1961ൽ പ്രസിഡന്റ് കെന്നഡിയുടെ കാലത്ത് ക്യൂബയെ തകർക്കാൻ ‘ബേ ഓഫ് പിഗ്സ്’ ആക്രമണത്തിനു തുനിഞ്ഞ അമേരിക്കൻ സാമ്രാജ്യത്വത്തെ തുരത്തിയോടിച്ചത് –ഫിദലും ചെ ഗുവേരയും റൗളും ഉൾപ്പെടെയുള്ള നേതാക്കൾക്കുപിന്നിൽ ക്യൂബൻ ജനത ആയുധമെടുത്തണിനിരന്നാണ്. ആ ചരിത്രം ആവർത്തിക്കുമെന്നുറപ്പാണ്. 95 വയസ്സു കഴിഞ്ഞ റൗളും പുതുതലമുറക്കാരനായ ഡയസ് കാനലും ആയുധമെടുത്ത് പോരാട്ടത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
പട്ടിണിക്കിട്ടും ഇന്ധനവും ചികിത്സയും നിഷേധിച്ചുമൊന്നും കീഴ്പ്പെടുത്താനാവാത്തതാണ് ക്യൂബയിലെ വിപ്ലവ ജനതയുടെ മനോവീര്യം. ലോകമാസകലമുള്ള പുരോഗമനവാദികളുടെ പിന്തുണയും അവർക്കൊപ്പമാണ്. റൗൾ കാസ്ട്രോയെ തൊടാൻ, ക്യൂബയെ തൊടാൻ മുന്നോട്ടുവെച്ച കാല് പിന്നോട്ടുവലിക്കുന്നതാണ് ട്രംപിനു നല്ലത്. അല്ലെങ്കിൽ വിയത്-നാമിൽനിന്ന് തോറ്റു തുന്നംപാടി രായ്ക്കുരാമാനം ഓടി രക്ഷപ്പെട്ട നിക്-സന്റെ അനുഭവമായിരിക്കും ട്രംപിനും ഉണ്ടാവുക.
ഈ വിഷയത്തെ ആധാരമാക്കിയാണ് ഈ ലക്കം കവർസ്റ്റോറി. എം എ ബേബി, പ്രൊഫ. കെ എം സീതി, ഡോ. മുബാറക്ക് സാനി, വിജയ് പ്രഷാദ്, മിഗേ-്വൽ ഡയസ് കാനൽ, ലൂയി ആൽബെർട്ടൊ പോർച്ചുവാണ്ടോ എന്നിവരാണ് ലേഖകർ.
വിപ്ലവ ക്യൂബ സാമ്രാജ്യത്വത്തിനു മുന്നിൽ മുട്ടുമടക്കില്ല.
Let Cuba Live! l



