നൂറ്റാണ്ടുകൾക്കുമുമ്പ് സ്പാനിഷ് കോളനി ആയിരുന്ന കാലം മുതൽ അനവധി കടുത്ത വെല്ലുവിളികൾ ‘ക്യൂബ’ അഭിമുഖീകരിച്ചിട്ടുണ്ട്. അവയെ അതിജീവിച്ചിട്ടുമുണ്ട്. എന്നാൽ ഇക്കഴിഞ്ഞ മെയ് 20ന് അമേരിക്കൻ ഭരണകൂടം സോഷ്യലിസ്റ്റ് ക്യൂബയ്ക്കുമേൽ ഒരു കടന്നാക്രമണത്തിന് പരസ്യമായി നീക്കം പ്രഖ്യാപിച്ചിരിക്കുന്നു. ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരായാണ് നടപടികൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എങ്കിലും ലക്ഷ്യം സോഷ്യലിസ്റ്റ് ക്യൂബയെ തകർക്കുക എന്നതുതന്നെയാണ്.
മൂന്നുപതിറ്റാണ്ടുമുൻപ്, 1996ൽ നടന്ന ഒരു സംഭവത്തെ മുൻനിർത്തിയാണ് ഇപ്പോൾ ഡൊണാൾഡ് ട്രംപ് ഭരണകൂടം റൗൾ കാസ്ട്രോയ്-ക്കും ക്യൂബയ്-ക്കും നേരെ ആക്രമണപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
1996 ഫെബ്രുവരി 24നാണ് ക്യൂബയുടെ അന്തരീക്ഷത്തിലേക്ക് നിയമവിരുദ്ധമായി കടന്നുകയറിയ രണ്ടു ചെറുവിമാനങ്ങൾ ക്യൂബൻ വേ-്യാമസേനയുടെ വെടിവെയ്പിൽ തകർക്കപ്പെട്ടത്. ‘ബാക്ക് ചാനൽ ടു ക്യൂബ’: ദി ഹിഡൻ ഹിസ്റ്ററി ഓഫ് നെഗോഷിയേഷൻസ് ബിറ്റുവിൻ വാഷിങ്ടൺ ആന്റ് ഹവാന (വില്യം എം ലിയോ ഗ്രാൻഡെയും പീറ്റർ കോംബ്ലുവും ചേർന്നെഴുതിയത്) എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കപ്പെട്ടതുപോലെ ദീർഘമായ ഒരു വർഷക്കാലം തുടർച്ചയായി ക്യൂബൻ വേ-്യാമാതിർത്തി കടന്ന് പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്ന ഒരു അട്ടിമറിസംഘം, ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചുപോരുകയായിരുന്നു. അന്താരാഷ്ട്ര വേ-്യാമയാന നിയമങ്ങൾ നിരന്തരം ലംഘിക്കുന്നത് ഇനിയും ആവർത്തിച്ചാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ക്യൂബ വ്യക്തമാക്കിയിരുന്നു. പ്രതേ-്യകിച്ച് പ്രഖ്യാപിക്കാതെ തന്നെ പെെലറ്റുമാരെ ആദ്യം പഠിപ്പിക്കുന്ന ആകാശ നിയമമാണ്, അനുമതി കൂടാതെ മറ്റൊരു രാജ്യത്തിന്റെ വേ-്യാമാതിർത്തി കടക്കാൻ പാടില്ല എന്നത്.
ഈ പ്രകോപനപരമായ കടന്നുകയറ്റവും അതിനെത്തുടർന്നുള്ള വെടിവെയ്പും നാല് ക്യൂബൻ അമേരിക്കൻ ചാവേറുകളുടെ മരണവും ആരാണ് ക്ഷണിച്ചുവരുത്തിയത്? ഒട്ടേറെ ക്യൂബാവിരുദ്ധ അട്ടിമറി പ്രവർത്തനങ്ങളും, ഫിദൽ കാസ്ട്രോയെ വധിക്കാനുള്ള ഒരു പ്രത്യക്ഷ ആക്രമണപദ്ധതിയും സർവോപരി 1961ലെ കുപ്രസിദ്ധമായ ‘ബേ ഓഫ് പിഗ്സ്’ എന്നറിയപ്പെടുന്ന, അമേരിക്കൻ സിഐഎ ആസൂത്രണം ചെയ്ത അട്ടിമറി പദ്ധതിയുമൊക്കെയായി നേരിട്ടു ബന്ധമുള്ള ജോസ് ബസുൾട്ടോ തന്നെയായിരുന്നു 1996ലെ വിവാദസംഭവങ്ങളിലും നേരിട്ടു പങ്കെടുത്ത അത് ആസൂത്രണം ചെയ്ത വ്യക്തി.
1959ലെ ക്യൂബൻ വിപ്ലവവിജയത്തിനുശേഷം വിപ്ലവത്തെ മഹാഭൂരിപക്ഷം ജനതയും സ്വാഗതം ചെയ്തപ്പോൾ ഒരു ചെറുന്യൂനപക്ഷം മറ്റൊരു നിലപാട് സ്വീകരിച്ചു. അവിടെയുണ്ടായിരുന്ന അമേരിക്കൻ പാവഭരണകൂടത്തിന്റെ തലവനായ സേ-്വച്ഛാധിപതി ഫുൾജൻസിയോ ബാറ്റിസ്റ്റയുടെ അനുകൂലികളായിരുന്ന ഒരു ചെറുവിഭാഗം നാടുവിട്ടു. ക്യൂബൻ ദ്വീപിനെ തൊട്ടു ചേർന്നുകിടക്കുന്ന അമേരിക്കയിലെ ഫ്ളോറിഡയിലെ മയാമിയിലും സമീപപ്രദേശങ്ങളിലും തമ്പടിച്ച് ക്യൂബൻ വിപ്ലവത്തെ അട്ടിമറിക്കാനുള്ള പ്രതിവിപ്ലവ ശ്രമങ്ങൾ തുടർച്ചയായി അവർ നടത്തിപ്പോന്നു. വിപ്ലവനേതാവ് -ഫിദൽ കാസ്ട്രോയെ വധിക്കുവാൻതന്നെ സിഐഎ നേരിട്ടും മാഫിയാസംഘങ്ങളെ ചുമതലപ്പെടുത്തിയും 600ലധികം ശ്രമങ്ങൾ നടത്തിയത് രേഖകൾസഹിതം പുറത്തുവന്നിട്ടുണ്ട്. ഇത്തരം പദ്ധതികളിൽ വ്യക്തിപരമായി പങ്കെടുത്തിട്ടുള്ള ഭീകരപ്രവർത്തകരായ ജോസ് ബുസുൾട്ടോ ആണ് ക്യൂബൻ വേ-്യാമാതിർത്തി ഭേദിച്ച് തുടർച്ചയായി സംഘർഷമുണ്ടാക്കിയ ആക്രമണസംഘത്തിന് നേരിട്ട് നേതൃത്വം നൽകിയത്. ഒപ്പമുണ്ടായിരുന്ന രണ്ടു ചെറുവിമാനങ്ങൾ വെടിവയ്പിൽ നിലംപതിച്ചെങ്കിലും ബസുൾട്ടോയുടെ വിമാനം പ്രശ്നമില്ലാതെ തിരികെപ്പോയി.

തങ്ങളുടെ രാജ്യത്തിന്റെ വേ-്യാമാതിർത്തി ആവർത്തിച്ച് ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് 1996ൽ അന്നത്തെ പ്രസിഡന്റ് ഫിദൽ കാസ്ട്രോ ആവർത്തിച്ച് മുന്നറിയിപ്പുനൽകിയിരുന്നു. ഇതു സംബന്ധിച്ച് അമേരിക്കൻ ഭരണസിരാകേന്ദ്രമായ വെള്ളക്കൊട്ടാരവും (White House) വിദേശകാര്യ വകുപ്പും ഫെഡറൽ എവിയേഷൻ വകുപ്പും (FAA) ചർച്ചകൾ നടത്തിയതിന്റെ തെളിവുകളുമുണ്ട്. Brothers to the Rescue എന്ന പേരിൽ പ്രവർത്തിക്കുന്ന ബസുൾട്ടോയുടെ ക്യൂബാവിരുദ്ധ സംഘത്തെ നിയന്ത്രിച്ചില്ലെങ്കിൽ ഉളവാകാവുന്ന സംഭവവികാസങ്ങൾ സംബന്ധിച്ച സാധ്യത ഒരു ഇ മെയിൽ സന്ദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഈ വെടിവച്ചിടൽ സംഭവത്തിന് ഒരു മാസം മുമ്പ് റിക്കോർഡു ചെയ്യപ്പെട്ട ആ സന്ദേശം ഇപ്രകാരമാണ്: Worst Case Scenario is that one of these days the Cubans will shoot down one of these planes and the FAA better have all its ducks in a row.’’
അന്താരാഷ്ട്ര വേ-്യാമയാന നിയമങ്ങളുടെ നിരന്തരലംഘനം ഒരുപക്ഷേ, ആ ചെറുവിമാനങ്ങൾ വെടിവച്ചിടുന്നതിലേക്ക് നയിച്ചേക്കും എന്ന് അമേരിക്കൻ അധികൃതർതന്നെ ചർച്ചചെയ്തിരുന്നു. അതിന്റെ വ്യക്തമായ തെളിവാണ് മുകളിൽ ഉദ്ധരിച്ചിട്ടുള്ള ഇ–മെയിൽ സന്ദേശം. എന്നുവച്ചാൽ സിഐഎയുടെ ഒത്താശയോടെ ക്യൂബയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന വേ-്യാമാതിർത്തി ലംഘനം ആവർത്തിച്ചുനടത്തിയ ചെറുവിമാനങ്ങളെ ഗത്യന്തരമില്ലാതെ വെടിവച്ച് താഴെ വീഴ്-ത്തേണ്ടിവന്ന സംഭവമാണ് (30 വർഷം മുമ്പു നടന്നത്) ഇപ്പോൾ റൗൾ കാസ്ട്രോയെ കുറ്റവാളി എന്നു പ്രഖ്യാപിക്കാൻ അമേരിക്ക ഉപയോഗിക്കുന്നത്.
അക്കാലത്ത് ക്യൂബയുടെ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു, ഇപ്പോൾ 95 വയസ്സു തികഞ്ഞ ജനറൽ റൗൾ കാസ്ട്രോ (ജന്മദിനം ജൂൺ 3 ആണ്). ഇത്തരത്തിൽ അന്താരാഷ്ട്ര നിയമങ്ങൾ അവഗണിക്കുകയും തന്നിഷ്ടം നിയമമാണെന്ന് വാശി പിടിക്കുകയും ചെയ്യുന്ന ഡൊണാൾഡ് ട്രംപ് റൗൾ കാസ്ട്രോയെ ലക്ഷ്യം വയ്ക്കുമ്പോൾ യഥാർഥത്തിൽ പശ്ചിമാർദ്ധ ഗോളത്തിലെ ഒരേയൊരു സോഷ്യലിസ്റ്റ് രാഷ്ട്രത്തെയാണ് അവർ വകവരുത്തുവാൻ ഉദ്ദേശിക്കുന്നത്.
ഈ വർഷം ജനുവരി 3ന് വെന-സേ-്വലയിൽ കടന്നാക്രമണം നടത്തിയ അമേരിക്കൻ സെെനികർ ആ രാജ്യത്തിന്റെ സമുന്നതനായ ഭരണാധികാരി നിക്കളോസ് മദുറോയേയും അദ്ദേഹത്തിന്റെ ജീവിതപങ്കാളി സീലിയ ഫ്ളോറസിനെയും പിടികൂടി അമേരിക്കയിൽ എത്തിച്ച് ഒരു വിചാരണാപ്രഹസനം നടത്തുകയാണ് എന്നു നമുക്കറിയാം. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട്, ഒരു ആഗോള കുറ്റവാളി രാഷ്ട്രത്തിന്റെ സ്വഭാവമാണ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ അമേരിക്ക പ്രകടിപ്പിക്കുന്നത് എന്ന വസ്തുത പകൽപോലെ വ്യക്തം.
വെനസേ-്വലൻ മാതൃകയിൽ ക്യൂബയിൽനിന്ന് അതുല്യവിപ്ലവനായകനായ ജനറൽ റൗൾ കാസ്ട്രോയെ കസ്റ്റഡിയിലെടുത്ത് അമേരിക്കയിലേക്കുകൊണ്ടു പോകാനുള്ള ഭീകരവാദ ഇടപെടലിനുള്ള കളമൊരുക്കാൻ വേണ്ടിയാണ് 1996ലെ വിസ്-മൃതിയിലാണ്ട സംഭവത്തെ പൊടിതട്ടി എടുക്കുന്നത്.
1959ലെ ക്യൂബൻ വിപ്ലവ വിജയം അമേരിക്കൻ ഭരണാധികാരികളെ അമ്പരപ്പിച്ചു. എത്രയും വേഗം തങ്ങളുടെ ഉല്ലാസ ദ്വീപായിരുന്ന ക്യൂബയെ വീണ്ടും സ്വന്തം സ്വാധീനത്തിൽ തിരിച്ചുകൊണ്ടുവരുന്നതിന് സഹായകമായ അട്ടിമറി പദ്ധതികൾ സാമ്രാജ്യത്വ അമേരിക്ക തയ്യാറാക്കുകയും ചെയ്തു. അമേരിക്കയിലെ ‘മിലിറ്ററി –ഇൻഡസ്ട്രി –മീഡിയാ കോംപ്ലക്സ്’ പക്ഷേ ഉദ്ദേശിച്ച ഫലം ഇതുവരെ നൽകിയില്ല; ആറരപതിറ്റാണ്ടിലധികം പിന്നിട്ടതിനു ശേഷവും!

അതുകൊണ്ടുകൂടിയാണ് ക്യൂബയെ സ്വന്തമാക്കാനുള്ള നിഗൂഢ ഭീകരമായ അധിനിവേശ പദ്ധതി പെന്റഗണിൽ രൂപപ്പെടുത്തി നടപ്പാക്കുവാൻ അമേരിക്കയുടെ സാമ്രാജ്യത്വ ഭരണകൂടവും ‘യുദ്ധ മനോരോഗി’ എന്ന് ന്യായമായും സംശയിക്കാവുന്ന അതിന്റെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തീരുമാനിച്ചിരിക്കുന്നത്.
അമേരിക്കൻ ഭരണകൂട വ്യവസ്ഥയുടെ വ്യാജ വിചാരണയ്-ക്കു വിധേയനാക്കുവാൻ (മഡുറോ മാതൃകയിൽ) റൗൾ കാസ്ട്രോയെ തട്ടിക്കൊണ്ടുപോകാനുള്ളആക്രമണ പദ്ധതിയുടെ പരസ്യപ്രഖ്യാപനത്തിന്റെ തുടക്കമായി വേണം മെയ് 20–ാം തീയതിയിലെ അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ കുറ്റവാളിയെന്ന പ്രഖ്യാപനത്തെ കാണാൻ. ദക്ഷിണ ഫ-്ളോറിഡയിലെ ജില്ലാ കോടതിയാണ് റൗളിനും വേറെ അഞ്ചുപേർക്കുമെതിരെ കുറ്റവാളി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അമേരിക്കൻ അറ്റോർണി ജാസൺ എ റെഡിങ് ക്യുനോസസ്, അസിസ്റ്റ് അറ്റോർണിമാരായ യാർ ലോറൻ സോ ക്ലൂ കാസ്, അബ്ബീസ് ഡി വാക്സ്മാൻ, മെെക്കൽ ഇ ഗിൽവാർബ് എന്നിവർ ഒപ്പുവച്ചിട്ടുള്ള കുറ്റാരോപണരേഖ ഒരു വിധിപ്രസ്താവംപോലെ തന്നെയാണ്.
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) ഡയറക്ടർ ഇന്ത്യൻ വംശജനായ കാഷ് (പ്രമോദ്) പട്ടേൽ ആയതുകൊണ്ട് ഈ സംഭവവികാസങ്ങളിൽ ഒരു ഇന്ത്യൻ സ്പർശവും കൂടിയുണ്ട്. എത്ര വർഷങ്ങൾ കഴിഞ്ഞ ‘‘കുറ്റകൃത്യമായാലും ഞങ്ങൾ ഒരാളേയും വെറുതെവിടില്ലെന്നതിന്റെ തെളിവാണ് റൗൾ കാസ്ട്രോയ്ക്കും ഒപ്പം മറ്റ് അഞ്ച് ക്യൂബക്കാർക്കുമെതിരായ ഈ കുറ്റവിചാരണാ നടപടി എന്നാണ് കാഷ് പട്ടേൽ പ്രസ്താവിച്ചത്.
റൗൾ കാസ്ട്രോയെ കുറ്റാരോപിതനായി പ്രഖ്യാപിക്കുന്നതിന് ആറുദിവസം മുമ്പ്, മെയ് 14ന് ഹവാനയിലെ പ്രസിദ്ധമായ ‘‘ഹോസെ മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്കൻ വേ-്യാമസേനയുടെ ഒരു ബോയിങ് വിമാനം: C 40 B ക്ലിപ്പർജറ്റ് പറന്നിറങ്ങി. ഒരു സംഘം സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) ഉദ്യോഗസ്ഥർ അവരുടെ തലവൻ ജോൺ റാറ്റ്ക്ലിഫിന്റെ നേതൃത്വത്തിൽ ക്യൂബ സന്ദർശിക്കുകയായിരുന്നു.
ക്യൂബൻ ഭാഗത്തുനിന്നുള്ള ഒരു സുപ്രധാന സംഘവുമായി ജോൺ റാറ്റ്ക്ലിഫ് ചർച്ചകളിൽ ഏർപ്പെട്ടു. റൗൾ ഗ്യുല്ലാർമോ റോഡ്രിഗസ് കാസ്ട്രോ, റൗൾ കാസ്ട്രോയുടെ പേരക്കുട്ടിയും ക്യൂബൻ സംഘത്തിലെ പ്രധാന സാന്നിധ്യമായിരുന്നു. ആ സഖാവ് അമേരിക്കയുടെ വിദേശകാര്യമന്ത്രി –ക്യൂബൻ വംശജനായ മാർക്കോ റൂ-ബേ-്യായുടെ മുഖ്യസഹപ്രവർത്തകരുമായി കുറേ നാളുകളായി ക്യൂബയ്ക്കുവേണ്ടി സമാന്തരചർച്ചകൾ നടത്തി വന്നിരുന്നു. ക്യൂബ അതിന്റെ രാഷ്ട്രീയ – സാമ്പത്തികനയങ്ങൾ മാറ്റിമറിക്കണം; സോഷ്യലിസ്റ്റ് പാത ഉപേക്ഷിക്കണം എന്നതാണ് അമേരിക്കയുടെ ആവശ്യം. ക്യൂബൻ നേതൃത്വത്തിന്റെ മറുപടി അസന്ദിഗ്ധമാണ്. ‘‘അത്തരമൊരു കാര്യം നിങ്ങൾ ആലോചിക്കുകയേ വേണ്ട!’’
വെനസേ-്വലയിൽ സംഭവിച്ചതറിയാമല്ലോ എന്ന് സിഐഎ തലവൻ ക്യൂബൻ സംഘത്തെ ഒാർമിപ്പിച്ചു. മദുറോയെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട ക്യൂബക്കാരായ 32 സുരക്ഷാഭടന്മാരെ കൊന്നുവീഴ്ത്തിക്കൊണ്ടാണ് വെന-സേ-്വ
ലൻ പ്രസിഡന്റ് മദുറോയെയും പത്നിയെയും അമേരിക്ക തട്ടിക്കൊണ്ടുപോയതെന്ന കാര്യമാണ് സിഐഎ തലവൻ ഓർമ്മിപ്പിച്ചത്. വെനസേ-്വലയുടെ തലസ്ഥാനമായ കാരക്കസ്സിൽ വച്ച് 32 ക്യൂബൻ പൗരരെ വധിച്ച കുറ്റത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ക്യൂബയിലെ ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യേണ്ടതാണ് എന്ന ഒരു വാദം ക്യൂബൻ സഖാക്കൾ സിഐഎ സംഘത്തോട് പറഞ്ഞിരിക്കുമോ എന്നറിയില്ല. എന്നാൽ ആണവായുധ കൂമ്പാരമുള്ള ലോക റൗഡിക്ക് എവിടെയും എന്തുംചെയ്യാം; അതെല്ലാം ന്യായീകരിക്കപ്പെടുകയും ചെയ്യും എന്നതാണ് ഏറെ നാളുകളായി ലോക സ്ഥിതി! ഹിരോഷിമയിലും നാഗസാക്കിയിലും (പരാജയപ്പെട്ടു കഴിഞ്ഞ ജപ്പാനിലായിരുന്നു എന്ന് ഓർക്കണം) ബോംബിട്ടതിനും അമേരിക്കയ്ക്കൊരു ശിക്ഷയുമില്ല! ക്യൂബയുടെ വേ-്യാമാതിർത്തി നിരന്തരം ലംഘിച്ച രണ്ടു ചെറുവിമാനങ്ങൾ അന്താരാഷ്ട്ര നിയമമനുസരിച്ച് വെടിവച്ചു വീഴ്ത്തിയത് മഹാപാതകംപോലും!
അമേരിക്കൻ ഭീഷണിക്കുമുന്നിൽ മുട്ടുമുടക്കില്ല എന്ന് ക്യൂബ വ്യക്തമാക്കിക്കഴിഞ്ഞു. വെനസേ-്വലയിലേതുപോലെയാവില്ല ക്യൂബക്കുനേരെ നീങ്ങിയാൽ പ്രതികരണം എന്നും സിഐഎക്ക് ഒട്ടൊക്കെ അറിയാമെന്നുതോന്നുന്നു.
ഏതു നിമിഷവും അമേരിക്കൻ സെെനികസംഘങ്ങളുടെ ആക്രമണ ഭീഷണിയുടെ നിഴലിൽ കഴിയുകയാണ് ക്യൂബ എന്ന ഒരു കോടി 10 ലക്ഷം ജനങ്ങൾ മാത്രമുള്ള രാജ്യം. ആറരപതിറ്റാണ്ടായി അമേരിക്കയും മിക്കവാറും സഖ്യരാഷ്ട്രങ്ങളും ചേർന്ന് നടപ്പാക്കുന്ന യുദ്ധതുല്യമായ ഉപരോധംമൂലം കടുത്ത സാമ്പത്തികകെടുതികളാണ് ഈ ചെറുരാജ്യത്തിന് സഹിക്കേണ്ടി വരുന്നത്. അതിനുപുറമേയാണ് കൊടിയ ഇന്ധന ക്ഷാമം വ്യത്യസ്ത തോതിൽ ഒരു വർഷത്തോളമായി തുടരുന്നത്. ഇപ്പോൾ ക്യൂബയിൽ പ്രതിദിനം 22 മണിക്കൂർ വെെദ്യുതി ഇല്ല എന്നതാണ് സ്ഥിതി.
സാമ്പത്തികമായി ദുസ്സഹമായ ജീവിതസാഹചര്യം രൂപപ്പെടുംവിധം അമേരിക്ക ഉപരോധം ക്രൂരമാക്കിയിട്ടും ക്യൂബയിലെ ജനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടി സർക്കാരിനെതിരെ തിരിഞ്ഞ് കലാപമുയർത്തുന്നില്ല. അവിടെ ഭരണമാറ്റം സംഭവിക്കുമെന്ന സാമ്രാജ്യത്വ– മുതലാളിത്ത ശക്തികളുടെ കണക്കുകൂട്ടൽ പിഴക്കുകയാണ്. എന്തുകൊണ്ടാണത്? അവിടെ എല്ലാ വിഭാഗം ജനങ്ങൾക്കുമിടയിൽ ശക്തവും ക്ഷമാപൂർണവുമായ രാഷ്ട്രീയ പ്രതിരോധ പ്രവർത്തനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി–യുവജന– കർഷക– മഹിളാ–വിദ്യാർഥി– യങ് പയനിയർ സംഘടനകളും നിരന്തരം നടത്തിവരുന്നുണ്ട് എന്നതുകൊണ്ടാണ്.
ഇതിന്റെ ഭാഗമായി ഒമ്പതു പേജുള്ള ഒരു കെെപ്പുസ്തകം ക്യൂബയിലാകെ വിതരണം ചെയ്യുന്നു. ‘സെെനിക കടന്നാക്രമണത്തെ നേരിടുവാനുള്ള കുടുംബ മാർഗദർശി’ എന്ന ഈ പൗര സഹായിയിൽ ‘‘സംരക്ഷിക്കുക, ചെറുക്കുക, നിലനിൽക്കുക, അതിജീവിക്കുക’’ എന്നിങ്ങനെയാണ് ഓരോ ക്യൂബക്കാരന്റെയും കടമകളായി നിർദേശിക്കുന്നത്. ആകാശ ആക്രമണം ഉണ്ടാവുമ്പോൾ എപ്രകാരം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണം, പ്രഥമ ശുശ്രൂഷ എങ്ങനെ, അമേരിക്കൻ സെെനികർ ക്യൂബൻ ഭൂമിയിൽ കടന്നുവന്ന് ആക്രമണം നടത്തുന്ന സാഹചര്യമുണ്ടായാൽ എപ്രകാരം ഗറില്ലാ യുദ്ധം നടത്തണം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് സൂക്ഷ്മമായ നിർദേശങ്ങൾ ഉണ്ട്.
ഈ വരികൾ എഴുതുന്ന ജൂൺ 3ന് റൗൾ കാസ്ട്രോയുടെ 95–ാം ജന്മദിന സന്ദേശം അയച്ചതിനുശേഷമാണ് ഇതിന്റെ അവസാനഭാഗം പൂർത്തിയാക്കുന്നത്.
ചിലരെങ്കിലും വിപ്ലവനായകൻ ഫിദൽ കാസ്ട്രോയുടെ അനുജൻ എന്ന നിലയിൽമാത്രമാണ് റൗൾ കാസ‍്ട്രോയെപ്പറ്റി ആലോചിക്കുന്നത്. യഥാർഥത്തിൽ, ക്യൂബയുടെ വിമോചനത്തിനായി നടന്ന പോരാട്ടപരമ്പരകളിലെല്ലാം ഫിദലിനൊപ്പം സദാസമയവും ഉറച്ചുനിന്ന സാഹസിക സമരസേനാനിയാണ് റൗൾ കാസ്ട്രോ.
ആധുനിക ക്യൂബൻ വിപ്ലവത്തിന്റെ ആദ്യഘട്ടം 1953ലെ ‘മൊൺകാഡ ഗാരിസൺ’ ആക്രമണമെന്ന അത്യന്തം സാഹസികമായ സായുധപോരാട്ടത്തോടെയാണല്ലോ തുടക്കംകുറിച്ചത്. തികഞ്ഞ യുവാക്കളായിരുന്ന ഫിദലും റൗളും ക്യൂബൻ വിപ്ലവത്തിന്റെ നാടകീയമായ ഘട്ടങ്ങളിലെല്ലാം ഒരുമിച്ചാണ് പൊരുതിയത്. അന്ന് ഫിദലിന് 27 വയസ്സും റൗളിന് 22 വയസ്സും. മൊൺകാഡാ പോരാട്ടം അടിച്ചമർത്തപ്പെട്ടതിനെത്തുടർന്ന് ഫിദലും റൗളും അറസ്റ്റു ചെയ്യപ്പെട്ടു. വിചാരണവേളയിൽ ഫിദൽ നടത്തിയ വാദങ്ങൾ ‘‘ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും’’ എന്ന പേരിൽ വിശ്വവിശ്രുത ഗ്രന്ഥമായി ഇന്ന് ലഭ്യമാണ്. ഇവരുടെ മോചനത്തിനായി നടന്ന ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് ഫിദലും റൗളും മറ്റു സഖാക്കളും കുറേ നാളത്തെ ജയിൽവാസത്തിനുശേഷം വിട്ടയയ്-ക്കപ്പെട്ടു. മെക്-സിക്കോയിൽ ഒളിവിലെത്തിയ ക്യൂബൻ സംഘം അവിടെ വച്ചാണ് പിന്നീട് ലോകയുവത്വത്തിന്റെ നിത്യാവേശമായി ഉദിച്ചുയർന്ന രക്തനക്ഷത്രം ചെ ഗുവേരയുമായി സംഗമിക്കുന്നത്. ‘ചെ’യെ ഫിദലിന് പരിചയപ്പെടുത്തിക്കൊടുത്തത് റൗൾ കാസ്ട്രോ ആയിരുന്നു. പിന്നീടുള്ളത് ചരിത്രമാണല്ലോ.
‘ഗ്രാൻമ’ എന്ന ‘പായ-്-ക്കപ്പലിൽ’ അതിനുൾക്കൊള്ളാനാവുന്നതിലധികം (80) പോരാളികളുമായി ഫിദലും റൗളും ചെ ഗുവേരയും ക്യൂബയിൽ എത്തിച്ചേർന്നതും ‘സെയ്റാ മേസ്ത്രാ’ മലനിരകളിലെ വനാന്തരങ്ങൾ കേന്ദ്രീകരിച്ച് ഗറില്ലാ സമരവും നാട്ടുമ്പുറത്തെ ജനകീയപ്രക്ഷോഭങ്ങളും സംയോജിപ്പിച്ച് വിപ്ലവത്തെ വിജയശ്രീലാളിതമാക്കിയതും ചരിത്രത്തിലെ രക്തശോഭയുള്ള ഏടുകളാണ്. ഇത് സാധ്യമാക്കുന്നതിൽ ഫിദൽ, ചെ ഗുവേര, റൗൾ കാസ്ട്രോ, കാമിലോ സിയൻഫ-്യൂഗസ് എന്നിവർ മുഖ്യനേതൃത്വമായി പ്രവർത്തിച്ചു. റൗൾ കാസ്ട്രോ ആകട്ടെ ഫിദലിനേക്കാൾ മുന്നേ മാർക്സിസസവുമായും കമ്യൂണിസ്റ്റു പാർട്ടിയുമായും ബന്ധപ്പെട്ടു. അന്ന് ക്യൂബയിലെ കമ്യൂണിസ്റ്റ് പാർട്ടി അറിയപ്പെട്ടിരുന്നത് പോപ്പുലർ സോഷ്യലിസ്റ്റ് പാർട്ടി എന്നായിരുന്നു. അതിന്റെ യുവജനവിഭാഗം നേതാവെന്ന നിലയിൽ 1953ൽ വിയന്നയിൽ വച്ചുനടന്ന ലോകയുവജനോത്സവത്തിൽ റൗൾ കാസ്ട്രോ പങ്കെടുക്കുകയുണ്ടായി.
പശ്ചിമാർദ്ധഗോളത്തിലെ ഏക സോഷ്യലിസ്റ്റ് രാഷ്ട്രമായ ക്യൂബയെ ഉന്മൂലനം ചെയ്യുക എന്ന നിഗൂഢമായ ഉദ്ദേശ്യത്തോടെ അമേരിക്കൻ സാമ്രാജ്യത്വവും കൂട്ടാളികളും ചേർന്ന് നടത്തിപ്പോന്നിട്ടുള്ള അട്ടിമറിനീക്ക പരമ്പരകളെ ഒന്നൊന്നായി അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്ത ധീരതയുടെ പര്യായമായ ഈ ചെറുരാഷ്ട്രത്തിനെതിരെ നേരിട്ടൊരു കടന്നാക്രമണ യുദ്ധപദ്ധതിയാണ് ഒടുവിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു സമാന്തരമായി ക്യൂബയുമായി എന്തെങ്കിലും സാമ്പത്തിക– വാണിജ്യ സംയുക്ത സംരംഭങ്ങളിൽ ഏർപ്പെടുന്ന രാഷ്ട്രങ്ങൾക്കെതിരായി ‘‘സെക്കൻഡറി ഉപരോധവും’’ അമേരിക്ക പ്രഖ്യാപിച്ചിരിക്കുകയാണ്. ടൂറിസം, വേ–്യാമയാനം, ഷിപ്പിങ്, ഖനനം ഉൗർജം, ആരോഗ്യം, മരുന്നു നിർമാണം എന്നീ മേഖലകളിലും ഉപരോധം വിവരണതീതമായ പ്രതിസന്ധിയും സ്തംഭനവും സൃഷ്ടിക്കുകയാണ്. ഉദാഹരണത്തിന്, ഖനന മേഖലയിലെ വൻകിട ബഹുരാഷ്ട്ര കമ്പനിയാണ് കാനഡയിലെ ഷെറിറ്റ് ഇന്റർനാഷണൽ (Sherrit International)– പതിറ്റാണ്ടുകളായി ക്യൂബയിലെ നിക്കൽ, കോബാൾട്ട് ഖനനം നടത്തിപ്പോന്ന കമ്പനി. പുതിയ അമേരിക്കൻ നിരോധനംമൂലം അവർ ക്യൂബയിൽ നിന്ന് പിന്മാറുന്നു. ഈ സംയുക്ത സംരംഭത്തിൽ ആ കമ്പനിയുടെ നിക്ഷേപമായ 27.7 കോടി ഡോളർ കാനഡയിലെ കമ്പനി ക്യൂബയോട് മടക്കിചോദിച്ചു; സഹകരണം മതിയാക്കി പോവുകയാണ്. അമേരിക്കൻ ഉപരോധം മൂലം ക്യൂബയ്ക്ക് പ്രതിവർഷം 66,775 കോടി രൂപയ്ക്കും 76,314 കോടി രൂപയ്ക്കുമിടയ്ക്ക് (7 ബില്ല്യൺ ഡോളറിനും 8 ബില്ല്യൺ ഡോളറിനുമിടയ്ക്ക്) നഷ്ടപ്പെടുകയാണ് എന്ന് കണക്കാക്കപ്പെടുന്നു. ആറ് പതിറ്റാണ്ടിലേറെക്കാലത്തെ സഞ്ചിത നഷ്ടം 152.63 ലക്ഷം കോടി രൂപ (160 ബില്ല്യൺ ഡോളർ) യാണ്. അടുത്തു കിടക്കുന്ന രാജ്യമായ വെനസേ-്വലയിൽ നിന്നോ മെക്-സിക്കോയിൽ നിന്നോ അസംസ്-കൃത എണ്ണ കിട്ടാനും അമേരിക്കൻ ഉപരോധം തടസ്സമുണ്ടാക്കുന്നു.
ക്യൂബൻ വിമോചനപ്പോരാട്ടക്കാലത്തിനുശേഷം ജനിച്ച യുവതയുടെ പ്രതിനിധി ഡയസ് കാനലാണ് രാഷ്ട്രത്തലവനും ക്യൂബൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ഒന്നാം സെക്രട്ടറിയും. ട്രംപിന്റെ ഭീഷണിയോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘‘രാഷ്ട്രത്തിന്റെ പരമാധികാരം ചർച്ചാവിഷയമേയല്ല; ഞങ്ങൾ കീഴടങ്ങില്ല. ഞങ്ങൾ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ ഞങ്ങൾ കരുതിയിരിക്കും. ഞങ്ങൾ ഞങ്ങളുടെ ജീവൻ വിപ്ലവത്തിനു സമർപ്പിക്കുന്നു.’’
പ്രായം കണക്കിലെടുത്ത് സ്വന്തം ഭരണപരമായ നേതൃത്വചുമതലകളിൽനിന്ന് ജേ-്യഷ്ഠൻ ഫിദലിനെപ്പോലെ മാറിനിൽക്കുകയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് പാർട്ടി കോൺഗ്രസ്സിൽ നടത്തിയ വികാരനിർഭരമായ സമാപനപ്രസംഗത്തിൽ റൗൾ പറഞ്ഞ വാക്കുകൾ ശക്തവും ധീരവുമായിരുന്നു: ‘‘പുതിയ തലമുറയ്-ക്ക് മുഖ്യചുമതലകൾ ഏറ്റെടുക്കുവാൻ സമയമായി. ഞാൻ നേതൃപരമായ ഉത്തരവാദിത്വങ്ങൾ ഒഴിയുകയാണ്. എന്നാൽ രാഷ്ട്രത്തിനും വിപ്ലവത്തിനും പോരാടേണ്ട സന്ദിഗ്ധ ഘട്ടങ്ങൾ വന്നാൽ നിങ്ങൾക്കൊപ്പം അണിനിരന്നു പൊരുതുവാൻ ഒരു സായുധ വളന്റിയറായി ഞാനുമുണ്ടാവും’’.
ഇപ്പോൾ സാമ്രാജ്യത്വകഴുകൻ ആ പോരാളിയെ 95–ാം ജന്മദിനം കഴിഞ്ഞ നാളുകളിൽ ഉന്നംപിടിക്കുമ്പോൾ, വിപ്ലവ ക്യൂബയെ തകർക്കുകയാണ് ലോക സാമ്രാജ്യത്വ നായകനായ ട്രംപിന്റെ ലക്ഷ്യം എന്ന് നാം മറക്കരുത്.

അതുകൊണ്ടാണ് ക്യൂബയിൽ യുവാക്കളും കുട്ടികളും വൃദ്ധരും ഉൾപ്പെടെ സാമ്രാജ്യത്വവിരുദ്ധ റാലികളിൽ അണിനിരക്കുന്നത്. അമേരിക്കയിൽ ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ ക്യൂബൻ ഐക്യദാർ-ഢ്യ പ്രകടനങ്ങളും സമ്മേളനങ്ങളും നടക്കുന്നു. യുഎസ്എയിലെ കമ്യൂണിസ്റ്റ് പാർട്ടി ചെയർമാൻ സഖാവ് ഗസ് ഹാൾ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ക്യൂബയ്-ക്കുനേരെ അമേരിക്കൻ ഭരണകൂടം നടത്തുന്ന ആക്രമണപദ്ധതിയെ അപലപിച്ചു. ‘‘പാസ്റ്റേഴ്സ് ഫോർ പീസ്’’(സമാധാനത്തിനായി സുവിശേഷകർ) എന്ന അമേരിക്കയിലെ പ്രസ്ഥാനം ക്യൂബയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുണ്ട്.
മെയ് 22 മുതൽ 24 വരെ ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം ക്യൂബൻ ഐക്യദാർഢ-്യ പ്രവർത്തനങ്ങൾ ശക്തവും വ്യാപകവുമാക്കാൻ തീരുമാനിക്കുകയുണ്ടായി. ഇത് അടിയന്തരപ്രാധാന്യമുള്ള പ്രവൃത്തിയാണ്. കാരണം, ഇറാനുമായി ട്രംപിന്റെ ഏറ്റുമുട്ടലും സംഘർഷവും ശമിക്കുകയോ നീട്ടിവയ്ക്കപ്പെടുകയോ ചെയ്താൽ ട്രംപ് ഒട്ടും വെെകാതെ ക്യൂബയ്ക്കു നേരെ തിരിയാം. അഭിനവ ഹിറ്റ്ലറായി മാറിയിരിക്കുന്ന ട്രംപ് പരസ്യമായി പറഞ്ഞുകഴിഞ്ഞു തന്റെ സ്വപ്നം. അതിഭീമമായ, എബ്രഹാം ലിങ്കൺ എന്ന പേരുള്ള അമേരിക്കൻ വിമാനവാഹിനിക്കപ്പൽ ക്യൂബൻ തീരത്തെത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. അതോടെ ക്യൂബൻ നേതൃത്വം ഭയന്നു കീഴടങ്ങും. ഇതാണ് ട്രംപിന്റെ സ്വപ്ന പദ്ധതി.
എന്നാൽ ക്യൂബൻ ജനത ട്രംപ് കരുതുംപോലെയല്ല എന്ന് തങ്ങളെ ആക്രമിക്കുമ്പോൾ സാമ്രാജ്യത്വത്തിന് മനസ്സിലാവുമെന്നാണ് അവിടത്തെ കമ്യൂണിസ്റ്റുകാർ പ്രഖ്യാപിക്കുന്നത്.
സങ്കീർണവും നിർണായകവുമായ ദിനങ്ങളാണ് നമ്മുടെ മുന്നിൽ എന്നപോലെ ക്യൂബയ്ക്ക് മുന്നിലുമുള്ളത്. അടിയുറച്ച സാർവദേശീയ ഐക്യദാർഢ്യമാണ് ഇന്നിന്റെ ആവശ്യം. ക്യൂബ ഒറ്റയ്-ക്കല്ല. പുരോഗമന മാനവരാശി ഒപ്പമുണ്ട്.
ഹൊസെ മാർട്ടിയുടെയും ഫിദലിന്റെയും ചെഗുവേരയുടെയും കാമിലോ സിയൻഫ്യൂ ഗസിന്റെയും ഫ്രാങ്ക് പയസിന്റെയും വീര മാതൃക പിന്തുടരാൻ അവരുടെ പിന്മുറക്കാരായ ഇന്നത്തെ ക്യൂബൻ പോരാളികൾ തയ്യാറാവുമെന്നു തന്നെയാണ് നാം പ്രതീക്ഷിക്കുന്നത്.
പ്രസിദ്ധ ചിന്തകനും കഥാകാരനുമായ പോൾ സക്കറിയ കുറേ നാൾ മുമ്പ് ക്യൂബ സന്ദർശിക്കുകയുണ്ടായി, അമേരിക്കൻ ഉപരോധം സൃഷ്ടിക്കുന്ന പ്രയാസങ്ങൾ ഉണ്ടായിരുന്നെങ്കിലും അവിടെ കണ്ട ജീവിതത്തിന്റെ സവിശേഷതകൾ അദ്ദേഹം എടുത്തുപറഞ്ഞു. കള്ളന്മാരില്ലാത്ത സമൂഹം; പൊതുവെ സമത്വം നിലനിൽക്കുന്നു; കറുത്തവർക്കും വെള്ളക്കാർക്കുമിടയിൽ വിവേചനമില്ല. മുതലാളിത്ത വ്യവസ്ഥയുടെ ചില ഘടകങ്ങളെ ന്യായീകരിക്കാറുള്ള താനിക്ക്, ക്യൂബയിൽ കണ്ടതാണ് സോഷ്യലിസമെങ്കിൽ അതിനോട് യോജിപ്പേ ഉള്ളൂ എന്ന് അദ്ദേഹം പറയുകയുണ്ടായി.
പ്രശസ്ത മാധ്യമപ്രവർത്തകനായ എൻ പി ഉല്ലേഖിന്റെ ‘‘Mad About Cuba” എന്ന വിഖ്യാതരചന നമ്മോടുപറയുന്നതും ഇതേ വസ്തുത തന്നെയാണ്; വളരെ വിശദമായ വിശകലനങ്ങളോടെ.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകത്തെ ഏതുരാഷ്ട്രത്തിനുമെതിരെ താരിഫ് യുദ്ധവും സായുധാക്രമണവും സംഘടിപ്പിക്കുന്നതിനുള്ള മനോനിലയിലാണ്. ഇതിന്റെ ഭാഗമായി ക്യൂബയ്ക്കുനേരെ നടത്തുവാൻ കോപ്പുകൂട്ടുന്ന കടന്നാക്രമണ പദ്ധതി പല നിലയ്-ക്ക് ലോകരാഷ്ട്രീയത്തിൽ ഒരു നിർണായക വഴിത്തിരിവാകും.
ട്രംപിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം ഇറാനിൽനിന്ന് തലയൂരിക്കഴിഞ്ഞാൽ (ഇറാനെ കീഴ്പ്പെടുത്തിക്കഴിഞ്ഞാൽ എന്നാണ് ട്രംപിന്റെ മനോഗതം) അടുത്തത് ക്യൂബയുടെ ‘മോചനം’ എന്നാണ്. ഇപ്പോഴത്തെ പ്രസിഡന്റ് മിഗേ-്വൽ ഡയസ് കാനലിനെയും കുടുംബാംഗങ്ങളെയും മുൻ പ്രസിഡന്റും ക്യൂബൻ വിപ്ലവ നായകരിൽ ഒരാളുമായ റൗൾ കാസ്ട്രോയെയും കുടുംബാംഗങ്ങളെയും പിടിച്ചുകെട്ടിക്കൊണ്ടുപോകുമെന്നുമാണ് ഈ സാമ്രാജ്യത്വ ഗുണ്ടയുടെ പുതിയ വെളിപാട്. ക്യൂബയെയും അവിടത്തെ ജനങ്ങളെയും തകർക്കാനുള്ള നീക്കത്തിലാണ് സാമ്രാജ്യത്വം. വെനസേ-്വലയിൽ നടത്തിയ കടന്നാക്രമണത്തെപോലെ ക്യൂബയെ കീഴ്പ്പെടുത്താമെന്നത് ട്രംപിന്റെയും മാർക്കോ റൂബിയയുടെയും വെറും വ്യാമോഹം മാത്രമാണ്. ക്യൂബൻ ജനത ഒറ്റക്കെട്ടായിനിന്ന് അത് ചെറുക്കുക തന്നെ ചെയ്യും. ക്യൂബ ഒരിക്കലും മുട്ടുമടക്കില്ല. ലോകത്താകെയുള്ള ജനാധിപത്യ വിശ്വാസികൾ ക്യൂബൻ ജനതയ്ക്കൊപ്പം ഉറച്ചുനിൽക്കുകതന്നെ ചെയ്യും.
ക്യൂബയെ തൊടരുത്, റൗളിനെ തൊടരുത് എന്ന് ആവുന്നത്ര ഉച്ചത്തിൽ അലറിപ്പറയുന്ന ഐക്യദാർഢ്യ പ്രസ്ഥാനം നഗരങ്ങളിലും ഗ്രാമങ്ങളിലും ഫ-ാക്ടറികളിലും യൂണിവേഴ്സിറ്റികളിലും കോളേജുകളിലും സ്കൂളുകളിലും വായനശാലകളിലും കളിസ്ഥലങ്ങളിലും കലാസാംസ്കാരിക വേദികളിലും പാടങ്ങളിലും പറമ്പുകളിലും ഉയർന്നുവരണം. സാമ്രാജ്യത്വവിരുദ്ധവികാരവും വിചാരവും, ചുരുട്ടിയ മുഷ്ഠിയായി എവിടെയും ഉയരണം.
‘ഹസ്താ ലാ വിക്ടോറിയ സിയം ബ്രേ! ’
വെൻ സെറമോസ്, വിവ ക്യൂബ, വിവ റൗൾ !! വിജയംവരെയും മുന്നോട്ട്. l



