Tuesday, June 16, 2026

ad

Homeകവര്‍സ്റ്റോറിക്യൂബ വഴിത്തിരിവിൽ

ക്യൂബ വഴിത്തിരിവിൽ

വിജയ് പ്രഷാദ്

ധുനിക ചരിത്രത്തിലെ ഏറ്റവുമധികം പ്രയാസം നിറഞ്ഞ സന്ദർഭത്തിലൂടെയാണ് ക്യൂബ ഇന്നു കടന്നുപോകുന്നത്. ക്യൂബയിലെ ജനങ്ങൾ ഇന്ധനം, ഔഷധം, വൈദ്യുതി, ഭക്ഷണം എന്നിവയുടെ ക്ഷാമംമൂലം കൊടുംയാതനയിലാണ്. അവശ്യസാധനങ്ങൾ ലഭിക്കുന്നതിനുള്ള നീണ്ട വരികൾ രാജ്യത്തെവിടെയും കാണാം. സമ്പൂർണ പവർകട്ട് നിത്യജീവിതത്തെ തടസ്സപ്പെടുത്തുന്നു. സ്ഥിരമായൊരു ജീവിതത്തിനായുള്ള പോരാട്ടത്തിലാണ് യുവജനങ്ങൾ; അതേസമയം പഴയ തലമുറക്കാർ ക്യൂബൻ ജനത നേരിട്ട മുൻകാല പ്രതിസന്ധികളെക്കുറിച്ച് ഓർത്തെടുക്കുന്നു; ഇതിലും രൂക്ഷമായ പ്രതിസന്ധികളെ ക്യൂബ അതിജീവിച്ചിട്ടുണ്ടെന്ന കാര്യം അവർക്ക് നല്ല ബോധ്യമുണ്ട്. ഇപ്പോഴത്തെ ക്യൂബൻ സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് സാമ്പത്തിക സൂചകങ്ങളിലേക്കോ വാർത്താ തലവാചകങ്ങളിലേക്കോ ഉള്ള ഒന്നു കണ്ണോടിച്ചു നോക്കിയാൽ മാത്രം മതിയാവില്ല. അമേരിക്കയുടെ നിയമവിരുദ്ധ ഉപരോധത്തിന്റെ ചരിത്രത്തിൽനിന്നും ക്യൂബൻ ജനതയുടെ ചെറുത്തുനിൽപ്പിൽനിന്നും, ലോകമെങ്ങുമുള്ള വികസ്വര അവികസിത രാജ്യങ്ങളിലുടനീളം ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ പരിവർത്തനങ്ങളിൽനിന്നും മാറ്റിനിർത്തിക്കൊണ്ട് ക്യൂബയുടെ ഇന്നത്തെ യാഥാർത്ഥ്യത്തെ കാണാനാവില്ല.

ആറു പതിറ്റാണ്ടിലേറെയായി അമേരിക്ക ക്യൂബയ്‌ക്കെതിരെ സാമ്പത്തികമായ കടന്നാക്രമണം തുടരുകയാണ്. ഈ ഉപരോധത്തെ രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള വെറും ശത്രുതയായി മാത്രം കാണാനാവില്ല; ആധുനിക ചരിത്രത്തിലെ, ഏറ്റവുമധികം കാലം നീണ്ടുനിന്ന, ഒരുപാട് ദുരിതങ്ങൾക്കിടയാക്കിയ അതിവിപുലമായ ഉപരോധമാണിത്; അന്താരാഷ്ട്ര നിയമങ്ങളെ പാടേ ലംഘിക്കുന്നതുമാണ് ക്യൂബയ്‌ക്കെതിരായ ഈ ഉപരോധം. ക്യൂബൻ ഗവൺമെന്റിനുമേൽ സമ്മർദ്ദം ചെലുത്താൻ മാത്രമല്ല, ഇതുകൊണ്ടുദ്ദേശിക്കുന്നത്; മറിച്ച് ക്യൂബൻ സമൂഹത്തിന്റെ ഭൗതികാടിത്തറയെയാകെ ഞെരിച്ചമർത്തലാണ്, ശ്വാസംമുട്ടിക്കലാണ് ലക്ഷ്യം. എന്നിട്ടും ക്യൂബ നിലനിൽക്കുകതന്നെയാണ്. അളവറ്റ പ്രയാസങ്ങളുണ്ടായിട്ടും ക്യൂബ പൊതുജനാരോഗ്യത്തോടും വിദ്യാഭ്യാസത്തോടും സ്വന്തം പരമാധികാരത്തോടുമെല്ലാമുള്ള പ്രതിബദ്ധത സംരക്ഷിക്കുന്നുണ്ട്; താരതമ്യങ്ങളില്ലാത്തത്ര ഇതുപോലുള്ള സമ്മർദ്ദങ്ങളെ ചുരുക്കം ചില രാജ്യങ്ങൾക്കു മാത്രമേ അതിജീവിക്കാനാകൂ. എന്നാൽ, ഇന്ന് വൈരുദ്ധ്യങ്ങൾക്ക് മുൻപെന്നത്തെക്കാൾ മൂർച്ചയേറിയിരിക്കുകയാണ്. ബാഹ്യ ശത്രുത മാത്രമല്ല ഇന്ന് ക്യൂബൻ വിപ്ലവം നേരിടുന്നത്; മറിച്ച് മാറിവരുന്ന ആഗോള സമ്പദ്ഘടനയും കാലാവസ്ഥാ സമ്മർദ്ദങ്ങളും ജനസംഖ്യയിലെ ഇടിവും മുൻകാല വിശ്വാസങ്ങൾക്കു സംഭവിച്ച ശെെഥില്യവുമെല്ലാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തളർച്ചയെയും നേരിടേണ്ടതായി വരുന്നു.

അതിനാൽ ക്യൂബൻ പ്രശ്നം, ആ ദ്വീപ് രാഷ്ട്രം പ്രതിസന്ധിയെ നേരിടുകയാണോയെന്നതല്ല. നിസ്സംശയമായും പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. എന്തുതരത്തിലുള്ള പ്രതിസന്ധിയാണിത് എന്നതാണ് ചോദ്യം; ഏതെല്ലാം ശക്തികളാണ് അത് സൃഷ്ടിച്ചതെന്നും ഇപ്പോഴത്തെ ദുർഘടാവസ്ഥയിൽ നിന്നും കരകയറാനുള്ള പുതിയ സാധ്യതകൾ എന്തെങ്കിലുമുണ്ടോ എന്നതുമാണ്.

ഉപരോധം
1959ലെ വിപ്ലവത്തിനുശേഷം ക്യൂബയ്ക്കുമേൽ അമേരിക്ക അടിച്ചേൽപ്പിച്ച ഉപരോധമാണ് ക്യൂബൻ സാമ്പത്തിക ജീവിതത്തിന്റെ ഘടനാപരമായ കേന്ദ്ര വസ്തുതയായി ഇപ്പോഴും നിലനിൽക്കുന്നത്. അമേരിക്ക പലപ്പോഴും നടത്തുന്ന വിശദീകരണം തങ്ങൾ കപ്പലുകളെ തടഞ്ഞുവെച്ച് പരിശോധിക്കുന്നതേയുള്ളൂവെന്നാണ്; ചെറിയ തോതിലുള്ള വ്യാപാര നിയന്ത്രണം മാത്രമാണ് തങ്ങൾ നടപ്പിലാക്കുന്നത് എന്നാണ്. അതിനാണ് കപ്പലുകൾ തടഞ്ഞുവെച്ച് പരിശോധിക്കുന്നതെന്നാണ്. വാസ്തവത്തിൽ, ആഗോള സമ്പദ്ഘടനയിൽനിന്നും ക്യൂബയെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ധനപരവും വാണിജ്യപരവും നയതന്ത്രപരവുമായ സമ്മർദ്ദം ചെലുത്തുന്നതിനുള്ള സമഗ്രമായ ഒരു സംവിധാനമെന്ന നിലയിലാണ് ഈ ഉപരോധം പ്രവർത്തിക്കുന്നത്.

ഉപരോധത്തിനു കാരണമായത് ക്യൂബൻ വിപ്ലവം തന്നെയാണ്. ക്യൂബയിൽ അധികാരത്തിലെത്തിയ വിപ്ലവ ഗവൺമെന്റ് അമേരിക്കൻ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ ദേശസാൽക്കരിക്കുകയും സ്വതന്ത്രമായി സോഷ്യലിസ്റ്റ് പാതയിലൂടെ മുന്നേറാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് ക്യൂബയ്‌ക്കെതിരെ അമേരിക്ക സംഘടിതമായും ആക്രമണാത്മകമായും നീങ്ങാൻ തുടങ്ങിയത്. വ്യാപാര നിയന്ത്രണങ്ങളെന്ന പേരിൽ അമേരിക്ക കപ്പൽ ഗതാഗതം, ബാങ്കിങ്, നിക്ഷേപം, സാങ്കേതികവിദ്യാ കൈമാറ്റം, ടൂറിസം, അന്താരാഷ്ട്ര വായ്പയെടുക്കൽ എന്നിവയെയെല്ലാം ബാധിക്കുന്ന വിധത്തിലുള്ള കടുത്ത ഉപരോധമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എന്താണ് ഇതിനുപിന്നിലുള്ള ലക്ഷ്യമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പിൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ലെസ്റ്റർ മല്ലോറി 1960ൽ ഗവൺമെന്റിനു നൽകിയ മെമ്മോറാണ്ഡത്തിൽ നിന്ന് വ്യക്തമാകും; മല്ലോറിയുടെ വാദം, സാമ്പത്തിക ഞെരുക്കമുണ്ടായാൽ അതുപയോഗിച്ച് ‘‘പട്ടിണിയും സാമ്പത്തികമായ ദുരിതങ്ങളുമുണ്ടാക്കാനും അങ്ങനെ ഭരണം അട്ടിമറിക്കാനും കഴിയു’’മെന്നാണ്. ആ യുക്തി തന്നെയാണ് ഇപ്പോഴും അമേരിക്ക പിന്തുടരുന്നത്.

കേവലമായ ഭൗമരാഷ്ട്രീയാടിസ്ഥാനത്തിൽ മാത്രം ഇതിനെക്കുറിച്ച് ചർച്ചചെയ്യുന്നത് ഉപരോധത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് പലപ്പോഴും തെറ്റിദ്ധാരണ സൃഷ്ടിക്കാറുണ്ട്. എന്നാൽ ഉപരോധം ഏർപ്പെടുത്തുന്നത് ഒരിക്കലും അമൂർത്തമായിട്ടല്ല. അവ നിത്യജീവിതത്തെ ബാധിക്കുന്നത് ക്ഷാമത്തിലൂടെയും ഒഴിവാക്കലുകളിലൂടെയും നിഷേധിക്കലുകളിലൂടെയുമാണ്. വൈദ്യുതി പശ്ചാത്തല സൗകര്യങ്ങൾക്കായുള്ള (Electrical Infrastructure) സ്പെയർപാർട്ടുകൾ ക്യൂബയ്ക്ക് അനായാസം വാങ്ങാൻ കഴിയില്ല. രോഗ ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും (medical equipments) ഔഷധങ്ങളും ലഭിക്കുന്നതിലും ആ രാജ്യം കടുത്ത തടസ്സങ്ങൾ നേരിടുകയാണ്. അമേരിക്ക ശിക്ഷിക്കുമെന്ന ഭയംമൂലം ക്യൂബൻ പണമിടപാടുകൾ പ്രോസസ് ചെയ്യാൻ വിദേശ ബാങ്കുകൾ മടിക്കുന്നു. തുറമുഖങ്ങളിൽ നങ്കൂരമിടുന്ന കപ്പലുകൾ പിന്നീട് അമേരിക്കൻ തുറമുഖങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ അവയ്ക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നിത്യോപയോഗത്തിനുവേണ്ട അവശ്യസാധനങ്ങൾ വാങ്ങുന്നതുപോലും ചെലവേറിയതാകുന്നു; അതുതന്നെ ധനപരമായ നിയന്ത്രണങ്ങൾ മൂലം വളരെ വൈകി മാത്രമേ ലഭിക്കുകയുള്ളൂ.

ഡൊണാൾഡ് ട്രംപിന്റെ ഒന്നാം ഗവൺമെന്റിന്റെ കാലത്ത് ഇത്തരം അനന്തരഫലങ്ങൾ വളരെ വേഗം രൂക്ഷമായി. നിലവിലുള്ളതിനുപുറമേ പുതുതായി ഇരുന്നൂറിലേറെ ശിക്ഷാ നടപടികൾ അടിച്ചേൽപ്പിക്കപ്പെട്ടു. പണം കൈമാറ്റം, ടൂറിസം, കപ്പൽ ഗതാഗതം, ഇന്ധന ലഭ്യത എന്നിവയ്ക്കുമേലെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അമേരിക്ക തയ്യാറാക്കിയിട്ടുള്ള ഭീകരതയ്ക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ വീണ്ടും ക്യൂബയെ ഉൾപ്പെടുത്തി; ബാങ്കിങ്ങിനെയും അന്താരാഷ്ട്ര വ്യാപാരത്തെയും സംബന്ധിച്ച കാര്യങ്ങളിൽ പ്രായോഗികമായി വിനാശകരമായ അനന്തരഫലങ്ങൾക്കിടയാക്കുന്നതാണ് ആ പട്ടികയിൽ പേരു വരുന്നത്. ഇതെല്ലാം പിൻവലിച്ച് സാധാരണ നില പുനഃസ്ഥാപിക്കുമെന്ന് ബെെഡൻ തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ വാഗ്ദാനം നൽകിയിരുന്നെങ്കിലും അധികാരത്തിലെത്തിയശേഷം കാര്യമായ മാറ്റമൊന്നും വരുത്താൻ തയ്യാറായില്ല. ഇതിന്റെ അനന്തരഫലമായി കോവിഡ് –19 മഹാമാരിയും ആഗോള വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയിരുന്ന കാലത്ത് സാമ്പത്തിക സമ്മർദ്ദം വലിയ തോതിൽ ശക്തിപ്പെടുകയാണുണ്ടായത്.

ഉപരോധത്തിന്റെ ഗതിക്രമം എങ്ങനെയെന്ന്, ഉപരോധം എങ്ങനെയാണ് രാജ്യത്തെ ബാധിക്കുന്നതെന്ന് പ്രത്യേകിച്ചും വ്യക്തമായി വെളിപ്പെടുത്തുന്നതാണ് ഇന്ധന പ്രതിസന്ധി. ക്യൂബയ്ക്ക് ആവശ്യമായ ഇന്ധനത്തിൽ വലിയൊരു ഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്; ക്യൂബയിലേക്ക് എണ്ണ കൊണ്ടുവരുന്ന കപ്പൽ ശൃംഖലയെ ഉപരോധം ടാർജറ്റ് ചെയ്യുകയുമുണ്ടായി. തൽഫലമായുണ്ടായ ഇന്ധനക്ഷാമം സമ്പൂർണ പവർകട്ടിനും ഗതാഗതം താറുമാറാക്കുന്നതിനും വ്യാവസായിക ഉത്പാദനം ഇടിയുന്നതിനും ഇടയാക്കി. പവർകട്ട് അസൗകര്യം മാത്രമല്ല; അത് ആശുപത്രികൾ, ശീതീകരണ സംവിധാനം, വാർത്താവിനിമയം എന്നിവയെയെല്ലാം ബാധിക്കുന്ന എന്തിന് ദൈനംദിന ജീവിതത്തിന്റെ തന്നെ താളംതെറ്റിക്കുന്നതാണ്. വൈദ്യുതി വിതരണ ശൃംഖല ആവർത്തിച്ച് തകരാറിലാകുമ്പോൾ, സാമൂഹ്യമായ പ്രതിസന്ധികൾ കുമിഞ്ഞുകൂടുന്നു.

ഒരുകാലത്ത് ക്യൂബയുടെ ഏറ്റവും പ്രമുഖമായ വിദേശ നാണയ സ്രോതസ്സായിരുന്ന ടൂറിസത്തിനും കനത്ത ആഘാതമാണ് ഏറ്റത്. മഹാമാരിയെ തുടർന്ന് സന്ദർശകരുടെ എണ്ണം കുത്തനെ ഇടിഞ്ഞിരുന്നു; എന്നാൽ അമേരിക്കയുടെ ഉപരോധത്തിന്റെ ഭാഗമായി യാത്രാ നിയന്ത്രണവും ധനവിനിമയ നിയന്ത്രണവും ഏർപ്പെടുത്തിയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ക്യൂബ വലിയതോതിൽ ഇറക്കുമതി ചെയ്യുന്ന ചരക്കുകളെ ആശ്രയിക്കുന്നതുമൂലം വിദേശ നാണയ വരുമാനം കുറയാനിടയാക്കി. അത് നിത്യോപയോഗസാധനങ്ങളുടെ യടക്കം ക്ഷാമം നേരിടുന്നതിനിടയാക്കുന്നു. വിലക്കയറ്റം അതിരൂക്ഷമാകുന്നു. അനൗപചാരിക ഡോളർ സമ്പദ്ഘടന വിപുലമാകുന്നു. സാമൂഹിക അസമത്വം വളരുന്നു.

ഉപരോധം, കുടിയേറ്റം വീണ്ടും രൂക്ഷമാക്കി. നിരവധി ക്യൂബക്കാർ, പ്രത്യേകിച്ചും യുവ പ്രൊഫഷണലുകൾ, ക്യൂബ വിട്ടുപോകുന്നത് അവർ വിപ്ലവാശയങ്ങളും ആദർശങ്ങളും ഉപേക്ഷിക്കുന്നതുകൊണ്ടല്ല, മറിച്ച് സ്ഥിരമായി സാമ്പത്തിക ഉപരോധം നേരിടുന്ന സാഹചര്യത്തിൽ സുസ്ഥിരമായ ഒരു ഭാവി കരുപ്പിടിപ്പിക്കാനുള്ള അവരുടെ പോരാട്ടമാണ് അതിനിടയാക്കുന്നത്. ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരും സാങ്കേതിക വിദഗ്ധരുമെല്ലാം വലിയതോതിൽ രാജ്യം വിട്ടു പോവുകയാണ്. വിപ്ലവം സൃഷ്ടിച്ച വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങൾ തന്നെയാണ് വിദഗ്ധ തൊഴിലാളികളുടെ പുറത്തേക്കുള്ള ഒഴുക്കിന് സൗകര്യമൊരുക്കുന്നത് എന്നതാണ് വേദനാജനകമായ ഒരു വൈരുദ്ധ്യം.

എന്നിരുന്നാലും ഉപരോധം കേവലമൊരു സാമ്പത്തികമായ ഏർപ്പാട് മാത്രമല്ല. അത് പ്രത്യയശാസ്ത്രപരം കൂടിയാണ്. സോഷ്യലിസത്തിന്റെ വികാസത്തിന് അവശ്യം വേണ്ട ഭൗതിക സാഹചര്യങ്ങൾ നിഷേധിച്ചുകൊണ്ട് സോഷ്യലിസം അസാധ്യമായ ഒന്നാണെന്ന് വരുത്തിത്തീർക്കാനാണ് അമേരിക്കൻ സാമ്രാജ്യത്വം ശ്രമിക്കുന്നത്. ഭക്ഷണമായാലും ഇന്ധനമായാലും ഔഷധമായാലും ഇങ്ങനെ ഏത് കാര്യത്തിൽ കുറവുണ്ടായാലും അതിനെ രാഷ്ട്രീയ ആയുധമാക്കുകയാണ് ചെയ്യുന്നത്. ഉപരോധംമൂലം സൃഷ്ടിക്കപ്പെടുന്ന വീഴ്ചകളെ സോഷ്യലിസം സ്വതവേ തന്നെ അപ്രായോഗികമാണെന്നതിന്റെ തെളിവായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഉപരോധം പ്രാവർത്തികമാക്കപ്പെടുന്നത് ഇല്ലായ്മകളും ദുരിതങ്ങളും സൃഷ്ടിച്ചു കൊണ്ടുമാത്രമല്ല, മറിച്ച് അതിന് മറ്റൊരു ആഖ്യാനം നൽകുകയെന്ന യുദ്ധരീതിയും കൂടി സൃഷ്ടിക്കപ്പെടുകയാണ്.

അതേസമയം തന്നെ അതിലളിത യുക്തികൾ കൊണ്ടുള്ള വിശദീകരണങ്ങൾ ഒഴിവാക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ഉപരോധം അതിനിർണായകമാണ്; എന്നാലും ക്യൂബയുടെ ബുദ്ധിമുട്ടുകൾക്കിടയാക്കുന്ന ഒരേയൊരു ഘടകം അത് മാത്രമല്ല. സോവിയറ്റ് യൂണിയനിൽനിന്നു ലഭിച്ചിരുന്ന സഹായങ്ങൾ 1990കളിൽ നിലച്ചതിനെത്തുടർന്ന് ക്യൂബ വേദനാജനകമായ ഒട്ടേറെ ക്രമീകരണങ്ങൾ വരുത്താൻ നിർബന്ധിതമായി; അതൊന്നും തന്നെ ഇക്കാലത്തിനിടയിൽ ഒരിക്കലും പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടുമില്ല. വെനസേ-്വലയിലുണ്ടായ പ്രതിസന്ധി ക്യുബയ്ക്ക് ലഭിച്ചിരുന്ന മറ്റൊരു സ്രോതസ്സിനെ കൂടി ഇല്ലാതാക്കി. ക്യൂബൻ സമ്പദ്-ഘടന ദുർബലമായിരിക്കുന്നതിനുകാരണം അവരുടെ കയറ്റുമതി ശേഷി വളരെ പരിമിതമായിരിക്കവേ തന്നെ, അവർക്കുവേണ്ട ഭക്ഷണസാധനങ്ങളുടെയും ഇന്ധനത്തിന്റെയും സിംഹഭാഗവും ഇറക്കുമതി ചെയ്യേണ്ടതായി വരുന്നു എന്നതാണ്.

ഈ പ്രശ്നങ്ങളെയൊന്നും തന്നെ ഉപരോധത്തെക്കുറിച്ച് ചിന്തിക്കാതെ, അതിൽനിന്നു വേറിട്ട് വിശകലനം ചെയ്യാൻ കഴിയില്ല. സ്ഥിരമായി ഉപരോധത്തിലായിട്ടുള്ള ഒരു രാജ്യത്തിന് സാധാരണനിലയിലുള്ള വികാസം അസാധ്യമാണ്. എല്ലാ സാമ്പത്തിക തീരുമാനങ്ങളും ഉപരോധംമൂലം നടപ്പാക്കാനാവാതെ തടസ്സപ്പെടുകയാണ്; ആസൂത്രണത്തിനായുള്ള സാധ്യതകളെയെല്ലാം അത് കുറയ്ക്കുന്നു; അതിജീവനത്തിനുവേണ്ട ചെലവുകൾ വർദ്ധിക്കുന്നു. അതുകൊണ്ടുതന്നെ, പശ്ചിമാർധഗോളത്തിലെ മറ്റൊരു സമൂഹവും സഹിക്കേണ്ടതില്ലാത്തത്ര ദുരിതം നിറഞ്ഞ സാഹചര്യത്തിലാണ് ക്യൂബ പ്രവർത്തിക്കുന്നതെന്ന് അംഗീകരിക്കാതെ ക്യൂബൻ പ്രതിസന്ധിയെക്കുറിച്ച് മനസ്സിലാക്കുക അസാധ്യമാണ്.

അതിജീവനം
ക്യൂബൻ പ്രതിസന്ധിയുടെ രൂക്ഷതയെ കുറിച്ചറിയാൻ ഉപരോധത്തെക്കുറിച്ചറിയണം; എന്നാൽ ക്യൂബ ഇതിനെയെല്ലാം അതിജീവിച്ചു മുന്നോട്ടുപോയി എന്ന ശ്രദ്ധേയമായ വസ്തുതയെ സംബന്ധിച്ച വിശദീകരണം ഇതിൽനിന്ന് ലഭിക്കുന്നില്ല. വളരെ അപൂർവം ചില സമൂഹങ്ങൾക്കു മാത്രമേ ഇത്രത്തോളം ശക്തവും നീണ്ടുനിൽക്കുന്നതുമായ ബാഹ്യ സമ്മർദ്ദങ്ങൾ നേരിട്ടിട്ടും ഇത്രയും കാലം തങ്ങളുടെ രാഷ്ട്രീയപരമാധികാരത്തെയും സാമൂഹ്യവ്യവസ്ഥയെയും സംരക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ക്യൂബയുടെ സഹനശക്തി നിലനിൽക്കുന്നത് കേവലം കാല്പനികമായ പുരാവൃത്തങ്ങളെ ആശ്രയിച്ചല്ല; മറിച്ച് വിപ്ലവം നിർമിച്ച, ആഴത്തിൽ വേരുറച്ച ചരിത്രപരവും സാമൂഹ്യവുമായ ചട്ടക്കൂടിനെ ആധാരമാക്കിയാണ്.

വിദേശ മൂലധനവും തോട്ടവിളകളും സംഘടിത കുറ്റകൃത്യങ്ങളും ആധിപത്യം പുലർത്തിയിരുന്ന തികച്ചും അസമമായ ഒരു സമൂഹത്തെയാണ് ക്യൂബൻ വിപ്ലവം സാർവത്രിക സാക്ഷരത, സാർവത്രിക ആരോഗ്യ പരിചരണം, പൊതുവിദ്യാഭ്യാസം, ദേശീയമായ അന്തസ്സും അഭിമാനവും എന്നിവയിൽ കേന്ദ്രീകരിച്ച ഒന്നായി പരിവർത്തിപ്പിച്ചത്. 1959 നു മുൻപ് ക്യൂബയിലെ ഗ്രാമീണമേഖലയിൽ മിക്കവാറും ഒരിടത്തും സ്കൂളുകളും ക്ലിനിക്കുകളും ശുചീകരണ സംവിധാനവും വൈദ്യുതിയും ഉണ്ടായിരുന്നില്ല. നിരക്ഷരത വ്യാപകമായിരുന്നു. സമ്പദ്ഘടനയുടെ സിംഹഭാഗവും അമേരിക്കൻ കുത്തക കോർപ്പറേഷനുകളുടെ കൈപ്പിടിയിൽ ഒതുക്കപ്പെട്ടിരുന്നു. ആ അവസ്ഥയെയാണ് വിപ്ലവം അടിസ്ഥാനപരമായി തന്നെ മാറ്റിമറിച്ചത്.

ക്യൂബയുടെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്ന് അവിടത്തെ ആരോഗ്യ പരിചരണ സംവിധാനമാണ്. വിഭവങ്ങൾ ദുർലഭമായിട്ടും രോഗപ്രതിരോധത്തിലും സാർവത്രിക ആരോഗ്യ പരിചരണ ലഭ്യതയിലും ഊന്നിക്കൊണ്ടുള്ള ഏറ്റവും നൂതനമായ പൊതു ആരോഗ്യ പശ്ചാത്തലസൗകര്യം ക്യൂബ വികസിപ്പിച്ചിട്ടുണ്ട്. ഐക്യദാർഢ്യ മിഷനുകളുടെ ഭാഗമായി ക്യൂബൻ ഡോക്ടർമാർ ലോകത്തുടനീളം യാത്ര ചെയ്തിട്ടുണ്ട്. എബോള പ്രതിസന്ധിയുടെ കാലത്ത് പശ്ചിമാഫ്രിക്കയിലും ഭൂകമ്പങ്ങൾക്കും ചുഴലിക്കാറ്റുകൾക്കുംശേഷം തുടർന്ന് ലാറ്റിനമേരിക്കയിലുമെല്ലാം ക്യൂബൻ ഡോക്ടർമാരുടെ സേവനം ലഭിച്ചിട്ടുണ്ട്. കടുത്ത ബുദ്ധിമുട്ടുകൾക്കിടയിലും കോവിഡ് –19 മഹാമാരിയുടെ കാലത്ത് ക്യൂബ സ്വന്തം നിലയിൽ വാക്സിൻ വികസിപ്പിക്കുകയുണ്ടായി; അമേരിക്കയുടെ കടുത്ത ഉപരോധത്തിനിടയിലും ക്യൂബ കൈവരിച്ച ശാസ്ത്രരംഗത്തെ നേട്ടങ്ങളുടെ ആഴമാണ് ഇത് പ്രകടമാക്കുന്നത്.

അതേപോലെതന്നെ, വിദ്യാഭ്യാസവും ക്യൂബയുടെ വിപ്ലവ പ്രൊജക്ടിന്റെ കേന്ദ്രമായി മാറി. 1961 ലെ സാക്ഷരതാ ക്യാമ്പയിൻ, നാട്ടിൻപുറങ്ങളിലെ ജനങ്ങളെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതിനായി ആയിരക്കണക്കിന് യുവ വോളന്റിയർമാരെയാണ് രംഗത്തിറക്കിയത്. സർവകലാശാലകളെ അഭിവൃദ്ധിപ്പെടുത്തുകയും അവയെ വ്യാപകമാക്കുകയും ചെയ്തു. ശാസ്ത്രരംഗത്തും കലാരംഗത്തുമുള്ള സ്ഥാപനങ്ങൾ തഴച്ചുവളർന്നു. സംസ്കാരമെന്നാൽ ആഡംബരമല്ല, മറിച്ച് സാമൂഹ്യവികാസത്തിന്റെ അവശ്യഭാഗം എന്ന നിലയിലാണ് കണക്കാക്കപ്പെട്ടത്.

ഈ നേട്ടങ്ങളാണ് സാമൂഹ്യമായ അതിജീവനത്തിന്റെ മാതൃകകൾ സൃഷ്ടിച്ചത്; അവയെല്ലാം ഇന്നും പ്രസക്തമായി തുടരുന്നു. കടുത്ത ക്ഷാമത്തിനിടയിൽപോലും ക്യൂബ സാക്ഷരതയുടെയും ആയൂർദെെർഘ്യത്തിന്റെയും സാമൂഹ്യ സംഘാടനത്തിന്റെയും കാര്യത്തിൽ താരതമേ-്യന ഉയർന്ന നിലവാരം നിലനിർത്തിയിട്ടുണ്ട്. അയൽക്കൂട്ട സമിതികളും ട്രേഡ് യൂണിയനുകളും വനിതാ സംഘടനകളും പ്രാദേശിക നെറ്റ്-വർക്കുകളും ഇപ്പോഴും കൂട്ടായ അതിജീവനത്തിന്റെ സംവിധാനങ്ങളായി നിലനിൽക്കുന്നുണ്ട്.

രാഷ്ട്രീയബോധത്തിൽനിന്നാണ് പിടിച്ചുനിൽക്കാനുള്ള ശേഷി ക്യൂബ കെെവരിച്ചത്. ക്യൂബക്കാരുടെ നിരവധി തലമുറകൾ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളിലൂടെ രൂപപ്പെട്ടുവന്നതാണ്; 1959 നുമുൻപ് നിലനിന്നിരുന്ന വിദേശാധിപത്യത്തിന്റെ ഓർമകൾ പേറുന്നവരുമാണ് ക്യൂബക്കാർ. ക്യൂബയുടെ ദേശീയ പരമാധികാരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതായി വിപ്ലവം മാറിയിരിക്കുന്നു. പല ക്യൂബക്കാരെയും സംബന്ധിച്ചിടത്തോളവും സർക്കാരിനെക്കുറിച്ചുള്ള വിമർശനവും അമേരിക്കൻ ഇടപെടലിനോടുള്ള എതിർപ്പും ഒത്തുചേർന്നുനിൽക്കുന്നുണ്ട്. ഈയൊരു പ്രത്യേകത രാജ്യത്തിനുപുറത്തുള്ളവർ കാര്യമായി മനസ്സിലാക്കിയിട്ടില്ല.

അതേസമയം തന്നെ, ക്യൂബയുടെ അതിജീവനത്തെ കാൽപ്പനികവത്കരിക്കാനും പാടില്ല. ഓരോ ദിവസം ചെല്ലുന്തോറും അതിജീവനം ദുർബലപ്പെട്ടുവരികയാണ്. ഭക്ഷണവും വെെദ്യുതിയും ഗതാഗതവും ഔഷധങ്ങളും ലഭിക്കുന്നതിന് വേണ്ടിവരുന്ന അധ്വാനം സാധാരണ ജനങ്ങൾക്കുമേൽ താങ്ങാനാവാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. വിലക്കയറ്റംമൂലം അസമത്വം വർധിച്ചിരിക്കുന്നു. പ്രത്യേകിച്ചും ഡോളർ സ്വന്തമായി നേടാൻ കഴിയുന്നവരും സർക്കാർ ശമ്പളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരും തമ്മിലുള്ള അസമത്വം. സ്വകാര്യ ബിസിനസുകൾ വിപുലമായത്, പുതിയ സാമൂഹ്യ വിഭജനം സൃഷ്ടിച്ചിരിക്കുകയാണ്. യുവജനങ്ങൾ ബ്യൂറോക്രസിയും സാമ്പത്തികമുരടിപ്പുംമൂലം കടുത്ത അസംതൃപ്തിയിലാണ്. 2021 ലുണ്ടായ പ്രതിഷേധങ്ങൾ ഈ സംഘർഷാവസ്ഥയുടെ പ്രതിഫലനമാണ്. പ്രതിഷേധ പ്രകടനങ്ങൾ നടത്തിയവർ ഇല്ലായ്മകളോടും പവർകട്ടിനോടും വിലക്കയറ്റത്തോടും നിയന്ത്രണങ്ങളോടുമുള്ള തങ്ങളുടെ രോഷമാണ‍് പ്രകടിപ്പിച്ചത്. പ്രതിഷേധങ്ങൾ വ്യത്യസ്ത സ്വഭാവത്തിലുള്ളവയാണ്: ചില പ്രതിഷേധക്കാർ സോഷ്യലിസത്തിനുള്ളിൽ തന്നെ പരിഷ്കരണം വേണമെന്ന അഭിപ്രായക്കാരാണ്; മറ്റു ചിലരാകട്ടെ, അതിനുമപ്പുറം വിപുലമായ രാഷ്ട്രീയ എതിർപ്പ് പ്രകടിപ്പിക്കുകയാണ്; വേറെ ചിലരാകട്ടെ, സോഷ്യൽ മീഡിയയിലെ സർക്കാർ വിരുദ്ധമായ സംഘടിത കാംപെയ്നുകളുടെ സ്വാധീനവലയത്തിലാണ്. ഇത്തരം പ്രതിഷേധങ്ങളെ അടിച്ചമർത്തിക്കൊണ്ടും ഒപ്പം തന്നെ ജനങ്ങളെ അണിനിരത്തി എതിർപ്രകടനങ്ങൾ സംഘടിപ്പിച്ചുകൊണ്ടും ദേശീയ ഐക്യത്തിനായി ആഹ്വാനം ചെയ്തുമാണ് ക്യൂബയിലെ സർക്കാർ ഇതിനെയെല്ലാം നേരിടുന്നത്.

എന്നിരുന്നാലും ഈ പ്രതിഷേധങ്ങളുടെ പ്രാധാന്യം സ്ഥിതിചെയ്യുന്നത് സംഘർഷാവസ്ഥയുണ്ടാക്കുന്നുവെന്നതിലല്ല, മറിച്ച് അവക്യൂബൻ സമൂഹത്തെ വെളിപ്പെടുത്തുന്നുണ്ടെന്നതാണ്. ആളുകൾക്ക് വിപ്ലവത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നതുതന്നെ വിപ്ലവം ഇപ്പോഴും സജീവമായി നിൽക്കുന്നുവെന്നതിന്റെ തെളിവാണ്. ആത്മാഭിമാനവും പങ്കാളിത്തവും സാമൂഹ്യനീതിയും തങ്ങൾക്കുണ്ടാകണമെന്ന ആവശ്യം ഇപ്പോഴും മുന്നോട്ടുവയ്ക്കുന്നുണ്ട്. അതുകൊണ്ട്, പ്രതിസന്ധി കേവലം സാമ്പത്തികം മാത്രമല്ല, അത് രാഷ്ട്രീയമായും തലമുറയുമായും ബന്ധപ്പെട്ടതാണ്.

അതത് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പോകുന്നതിനെ വലിയ തോതിൽ ആശ്രയിച്ചുള്ളതാണ് ഇന്ന് ക്യൂബയുടെ അതിജീവനം. വ്യവസ്ഥയുടെ ഭാഗമായുള്ള ഇല്ലായ്മകൾക്ക് പരിഹാരമെന്ന നിലയിൽ ക്യൂബയിലുടനീളം നഗരമേഖലയിലെ കൃഷിയിലും പ്രാദേശിക സഹകരണ സംഘങ്ങളിലും പുനരുപയോഗിക്കാവുന്ന ഊർജത്തിലും ചെറുകിടസംരംഭങ്ങളിലുള്ള പരീക്ഷണങ്ങൾക്കുള്ള ശ്രമത്തിലാണ്. ജനവിഭാഗങ്ങൾ നിരന്തരം പുതുക്കലിൽ ഏർപ്പെട്ടിരിക്കുകയാണ്. മെക്കാനിക്കുകൾ പതിറ്റാണ്ടുകൾ പഴക്കമുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ തദ്ദേശീയമായ സ്പെയർപാർട്ടുകൾകൊണ്ട് നടത്തിക്കൊണ്ടിരിക്കുകയാണ്. കുടുംബങ്ങൾ രാഷ്ട്രാന്തരീയ പണമിടപാടുകളെ ആശ്രയിച്ചും അയൽക്കൂട്ട ഐക്യദാർഢ്യത്തിലൂടെയുമാണ് അതിജീവനം സാധ്യമാക്കുന്നത്.

ലഭ്യമായവ കൊണ്ട് പെട്ടെന്ന് കാര്യങ്ങൾ ചെയ്യാനുള്ള ക്യൂബക്കാരുടെ കഴിവിന് ചരിത്രപരമായ വേരുകളുണ്ട്. 1990കളിലെ സ്പെഷ്യൽ പീരിയഡിനെക്കുറിച്ച് പലപ്പോഴും ക്യൂബക്കാർ പരാമർശിക്കാറുണ്ട്; സോവിയറ്റ് യൂണിയന്റെ തകർച്ചയെതുടർന്ന് ക്യൂബൻ സമ്പദ്ഘടന തകർച്ച നേരിട്ടു. ഇന്ധന ഇറക്കുമതി തകർന്നടിഞ്ഞു; പൊതുഗതാഗത സംവിധാനം ഏറെക്കുറെ നാമാവശേഷമായി; പോഷകാഹാര രാഹിത്യം പടർന്നുപിടിച്ചു. എന്നിട്ടും ക്യൂബ പിടിച്ചുനിന്നത് റേഷൻ ഏർപ്പെടുത്തിയും ഒറ്റക്കെട്ടായിനിന്നുകൊണ്ടും സാഹചര്യത്തോട് പൊരുത്തപ്പെട്ടുമാണ്. ആ കാലത്തിന്റെ ഓർമകളാണ് ഇപ്പോഴത്തെ സമീപനത്തെയും രൂപപ്പെടുത്തുന്നത്. പല ക്യൂബക്കാരും വിശ്വസിക്കുന്നത് സഹനം തന്നെ ഒരു രാഷ്ട്രീയ വിജയമാണെന്നാണ്.

അന്താരാഷ്ട്ര ഐക്യദാർഢ്യവും വളരെ പ്രധാനപ്പെട്ട ഒന്നായി നിൽക്കുന്നു. ലാറ്റിനമേരിക്കയിലും ആഫ്ര–ിക്കയിലുമാകെയും ഏഷ്യയുടെ ചില ഭാഗങ്ങളിലും ക്യൂബയ്ക്ക് ഇപ്പോഴും ആദരവ് ലഭിക്കുന്നുണ്ട്; കോളനിവാഴ്ചയ്ക്കെതിരായ സുദീർഘമായ ഐക്യദാർഢ്യത്തിന്റെ ചരിത്രമുള്ളതുകൊണ്ടാണത്. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി വികസ്വര, അവികസിത രാജ്യങ്ങളിലുടനീളം നടന്ന വിമോചന പോരാട്ടങ്ങളെയും വികസന പദ്ധതികളെയും ക്യൂബയിലെ ഡോക്ടർമാരും അധ്യാപകരും സെെനികരും പിന്തുണച്ചിട്ടുണ്ട്. നയതന്ത്രപരമായി ഇപ്പോഴും പ്രസക്തിയുള്ള സൗമനസ്യത്തിന്റെ കലവറയെതന്നെയാണ് ഈ ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്.

മുന്നിലേക്കുള്ള സാധ്യതകൾ
ക്യൂബയുടെ ഭാവി ആശ്രയിച്ചിരിക്കുന്നത്, ആ രാജ്യത്തിന് അതിജീവനത്തിൽനിന്നും പുനരുജ്ജീവനത്തിലേക്ക് നീങ്ങാൻ കഴിയുമോയെന്നതിനെയാണ്. ഈ പരിവർത്തനം ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്; കാരണം ക്യൂബ ഒരേസമയം നിരവധി സമ്മർദങ്ങൾ നേരിടുന്നുണ്ട്; പുറത്തുനിന്നുള്ള ഉപരോധത്തിനൊപ്പം ആഭ്യന്തരമായി അപര്യാപ്തതകളും ജനസംഖ്യാപരമായ ഇടിവും കാലാവസ്ഥാ ദൗർബല്യങ്ങളും മാറിയ ലോകസമ്പദ്-ഘടനയുമെല്ലാം പ്രശ്നങ്ങളാണ്. എന്നിരുന്നാലും ക്യൂബയ്ക്കു മുന്നിൽ പുതിയ സാധ്യതകൾ നിലനിൽക്കുന്നുമുണ്ട്.

പുതുതായി ഉയർന്നുവരുന്ന വികസ്വര ലോകവുമായുള്ള ഉറ്റസൗഹൃദം ഉറപ്പാക്കലിലാണ് ഒരു സാധ്യത നിലനിൽക്കുന്നത്. അമേരിക്കൻ ആധിപത്യം ദുർബലമാവുകയും ബദൽ സാമ്പത്തിക നെറ്റ്-വർക്കുകൾ വികസിക്കുകയും ചെയ്യുന്നതോടെ ക്യൂബയ്ക്ക് വിദഗ്ധമായി കരുക്കൾ നീക്കാൻ കൂടുതൽ ഇടംകിട്ടിയേക്കാം. ചെെന, റഷ്യ, വിയത്-നാം, മെക്സിക്കോ തുടങ്ങിയ വികസ്വരരാജ്യങ്ങളുമായുള്ള ബന്ധം നിക്ഷേപവും സാങ്കേതിക വിദ്യാസഹകരണവും വ്യാപരാവസരങ്ങളും ക്യൂബയ്ക്ക് ഉറപ്പാക്കും. മേഖലാതലത്തിലുള്ളതും വികസ്വര രാജ്യങ്ങൾ തമ്മിലുള്ളതുമായ ഇനിഷേ-്യറ്റീവുകളിലെ ക്യൂബയുടെ പങ്കാളിത്തം, അമേരിക്ക അടിച്ചേൽപ്പിച്ച ഒറ്റപ്പെടുത്തലിൽ അയവു വരുത്തിയേക്കാം.

പുനരുജ്ജീവന സാധ്യതയുള്ള നിർണായകമായ ഒരു മേഖലയാണ് കൃഷി. ഫലഭൂയിഷ്ടമായ ഭൂമി സ്വന്തമായിട്ടുണ്ടായിട്ടും ആവശ്യമുള്ള ഭക്ഷണസാധനങ്ങളിൽ വലിയ പങ്കും ക്യൂബ ഇറക്കുമതി ചെയ്യുകയാണ്. കാർഷിക ആവാസ സംവിധാനം, സഹകരണകൃഷി, പ്രാദേശിക ഭക്ഷേ-്യാൽപ്പാദനം എന്നിവ വികസിപ്പിക്കുന്നതിലൂടെ ഇറക്കുമതിയിലുള്ള ക്യൂബയുടെ ആശ്രിതത്വം കുറയ്ക്കാൻ കഴിയും; അതിനൊപ്പം ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കാനും കഴിയും. സുസ്ഥിരകൃഷിയിൽ ഇതിനകം തന്നെ ക്യൂബ പ്രധാനപ്പെട്ട ചില പരീക്ഷണങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. സ്പെഷ്യൽ പീരിയഡിനെതുടർന്ന് ഈ പരീക്ഷണങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരവും ലഭിച്ചു.

ഊർജത്തിന്റെ കാര്യത്തിലും മാറി ചിന്തിക്കേണ്ടത് അടിയന്തരപ്രാധാന്യമുള്ള കാര്യമാണ്. ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങൾ ക്യൂബയെ എളുപ്പത്തിൽ ഉപരോധത്തിനും വിലക്കയറ്റത്തിന്റെ ആഘാതങ്ങൾക്കും വിധേയമാകുന്ന അവസ്ഥയിലെത്തിക്കുന്നു. പുനരുപയോഗിക്കാവുന്ന ഉൗർജ പദ്ധതികൾ, പ്രത്യേകിച്ച് സോളാർ പശ്ചാത്തല സംവിധാനവും കാറ്റിൽനിന്ന് വെെദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള സംവിധാനവും ഉപയോഗിച്ച് ക്രമേണ ഈ ആശ്രിതത്വത്തെ കുറയ്ക്കാൻ കഴിയും. ക്യൂബയിലെ കാലാവസ്ഥ പുനരുപയോഗ സാധ്യതയുള്ള ഉൗർജപദ്ധതികൾ വികസിപ്പിക്കുന്നതിന് അനുകൂലമാണ്; എന്നാൽ ആവശ്യമായ പണവും ഉപകരണങ്ങളും കണ്ടെത്തുന്നത് പ്രതിസന്ധി തന്നെയാണ്.

ക്യൂബൻ പ്രവാസി സമൂഹത്തിനും സൃഷ്ടിപരമായ ഒരു പങ്കു വഹിക്കാനാകും. പതിറ്റാണ്ടുകളായി ക്യൂബയും പ്രവാസി സമൂഹവും തമ്മിലുള്ള ബന്ധത്തെ രൂപപ്പെടുത്തിയിരുന്നത് ശീതയുദ്ധകാലത്തെ ധ്രുവീകരണമാണ്. ഈ ധ്രുവീകരണമുണ്ടായിരുന്നിട്ടും ചെറുപ്പക്കാരായ ഒട്ടേറെ ക്യൂബൻ പ്രവാസികൾ തങ്ങളുടെ രാജ്യവുമായി സങ്കീർണമായ ബന്ധങ്ങൾ നിലനിർത്തി. അവർ സ്വന്തം രാജ്യത്തേക്ക് സമ്പാദ്യങ്ങൾ അയച്ചു; തങ്ങളുടെ കുടുംബങ്ങളെ താങ്ങിനിർത്തി; സാംസ്കാരികമായി രാജ്യത്തോട് ബന്ധപ്പെട്ട് നിൽക്കുകയും ചെയ്തു. ക്യൂബയും ലോകത്തെ നാനാഭാഗങ്ങളിൽ ജീവിക്കുന്ന ക്യൂബൻ പ്രവാസി സമൂഹവും തമ്മിൽ കൂടുതൽ അടുത്തിടപെട്ടുകൊണ്ടായിരിക്കണം ദേശീയ പുനരുജ്ജീവനത്തിനുള്ള ഭാവിതന്ത്രങ്ങൾക്ക് രൂപംനൽകേണ്ടത്.

ഈ വെല്ലുവിളി ക്യൂബ മാത്രം നേരിടുന്നതല്ല. ലോകത്തുടനീളം വിവിധ സമൂഹങ്ങൾ അസമത്വവും ധനവൽക്കരണവും പാരിസ്ഥിതിക തകർച്ചയും സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികളെ നേരിടുകയാണ്. അതുകൊണ്ട് ക്യൂബയുടെ അനുഭവം ആ രാജ്യത്തിനുമപ്പുറം കടന്നുപോകുന്നതാണ്. അത് മൗലികമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്: ഒരു ചെറിയ രാജ്യത്തിന് നിയോലിബറൽ മുതലാളിത്തത്തിന്റെ യുക്തിക്ക് പുറത്തുനിന്ന് സാമൂഹ്യവികാസം നടപ്പാക്കാൻ കഴിയുമോ? സ്ഥിരമായി തുടരുന്ന സാമ്പത്തികാക്രമണത്തിന്റെ സാഹചര്യത്തിൽ ഒരു ചെറിയ രാജ്യത്തിന് തങ്ങളുടെ പരമാധികാരം നിലനിർത്താൻ കഴിയുമോ? സോഷ്യലിസത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്വയം നവീകരിക്കാൻ കഴിയുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അനിശ്ചിതമായി തന്നെ നിൽക്കുകയാണ്. ക്യൂബ ഇപ്പോൾ ഒരു വഴിത്തിരിവിലാണ് എത്തിയിരിക്കുന്നത്. ഒരു പാത നയിക്കുന്നത് തളർച്ചയിലേക്കും ശിഥിലീകരണത്തിലേക്കും ജനതയുടെ ഉന്മൂലനത്തിലേക്കുമാണ്. മറ്റൊരു പാതയാകട്ടെ, കൂടുതൽ ദുഷ്കരമായ ഒന്നാണ്; എന്നാൽ പരമാധികാരത്തിലും സാമൂഹ്യമായ സൗഹാർദത്തിലും മാറിവരുന്ന ലോകത്തോട് പൊരുത്തപ്പെടുന്നതിലും ഊന്നിയുള്ള സാധ്യമായ പുനരുജ്ജീവനത്തിലേക്കുള്ളതുമാണത്.

ആ നവീകരണം നേരിടുന്ന ഏറ്റവും വലിയ തടസ്സമാണ് ഉപരോധം. ഉപരോധത്തിൻകീഴിൽ ഒരു സമൂഹത്തിനും പരിമിതിയില്ലാതെ വളരാൻ കഴിയില്ല. എന്നിരുന്നാലും ചരിത്രം വ്യക്തമാക്കുന്നത് ദേശീയ അഭിമാനബോധത്തിലും കൂട്ടായ സ്മരണയിലും വേരുറച്ചിട്ടുള്ള ഒരു രാഷ്ട്രീയ പദ്ധതിയെയും ബലപ്രയോഗം കൊണ്ടുമാത്രം ഇല്ലാതാക്കാനാവില്ലയെന്നാണ്. വിപ്ലവം എന്നാൽ ഒരു സർക്കാരെന്നതിനെക്കാളുപരിയായി മാറിയതുകൊണ്ടാണ് ക്യൂബ അതിജീവിക്കുന്നത്; സ്വാതന്ത്ര്യം, സമത്വം, ചെറുത്തുനിൽപ്പ് എന്നിവ എന്താണെന്ന് ദശലക്ഷണക്കിനാളുകൾക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു ഭാഷയായി വിപ്ലവം മാറി.

ഇന്ന്, ക്യൂബൻ ജനത പേറുന്നത് ഒരേസമയം പ്രതിസന്ധിയുടെ ഭാരത്തെയും ഒപ്പം ആ ചരിത്രത്തിന്റെ ശേഷിപ്പുകളെയുമാണ്. ക്യൂബയുടെ ഭാവി നിർണയിക്കപ്പെടുന്നത് വാഷിങ്ടണിലോ ഹവാനയിലോ മാത്രമായിരിക്കില്ല; മറിച്ച് ദൗർലഭ്യങ്ങൾക്കിടയിലും തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാനും സാമ്രാജ്യാധിപത്യത്തിന്റെയും നെെരാശ്യത്തിന്റെയും കെടുതികൾക്കപ്പുറം സാമൂഹ്യജീവിതത്തിന്റെ പുത്തൻരൂപങ്ങളെക്കുറിച്ച് സങ്കൽപ്പിക്കാനുമുള്ള, സാധാരണക്കാരായ ക്യൂബക്കാർ നിതേ-്യന നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളിലാണ് ക്യൂബയുടെ ഭാവി കുടികൊള്ളുന്നത്.

അതുകൊണ്ടുതന്നെ, ക്യൂബ പ്രതിസന്ധിയിൽപെട്ടുഴലുന്ന ഒരു രാജ്യം മാത്രമല്ല, മറിച്ച് ആധിപത്യവും പരമാധികാരവും തമ്മിലുള്ള, തകർച്ചയും അതിജീവനവും തമ്മിലുള്ള, അവസാനിപ്പിക്കലും വഴിതുറക്കലിനുള്ള സാധ്യതയും തമ്മിലുള്ള ചരിത്രപരമായ ഏറ്റുമുട്ടലിന്റെ സംഗ്രാമഭൂമിയാണത്. ആ ഏറ്റുമുട്ടലിന്റെ അനന്തരഫലം എന്തെന്ന് ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − 13 =

Most Popular