കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ, അതിലുപരി അധഃസ്ഥിതരും അശരണരും ചൂഷിതരുമായ ജനസഞ്ചയത്തിന്റെ അതുല്യ നേതാവായ വി എസ് അച്യുതാനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷമായി. അടിസ്ഥാനജനവിഭാഗത്തിന്റെ മുന്നേറ്റത്തിനായി ഒരായുസ്സ് മുഴുവൻ പോരാടി ചരിത്രത്തിന്റെ ഭാഗമായ പോരാളിയായിരുന്നു വി എസ്. രാജ്യത്തെ കർഷക–-കർഷകത്തൊഴിലാളികളുടെ പോരാട്ടങ്ങൾക്ക്, കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ-്-ക്ക് നേതൃത്വം നൽകിയ അദ്ദേഹം നിസ്വവർഗത്തിന്റെ ഹൃദയത്തിൽ എന്നെന്നും ജീവിക്കുമെന്നതിൽ സംശയമില്ല. സാധാരണപ്രവർത്തകൻ മുതൽ പി ബി അംഗംവരെയായും ഒരു ദശാബ്‌ദത്തിലധികം പാർടി സംസ്ഥാനസെക്രട്ടറിയായും പ്രവർത്തിച്ച വി എസ് മികച്ച പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായിരുന്നു. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു.
പതിനേഴാം വയസ്സിലാണ് വി എസ് കമ്യൂണിസ്‌റ്റ് പാർടി അംഗമായത്. കേരളത്തിൽ കമ്യൂണിസ്‌റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പി കൃഷ്‌ണപിള്ളയുടെ സ്വാധീനത്തിലാണ് വി എസും കമ്യൂണിസ്‌റ്റ് കർഷകത്തൊഴിലാളി പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടത്. പാർടി അംഗമായ ഉടൻതന്നെ കർഷകത്തൊഴിലാളി മേഖലയിലായിരുന്നു പ്രവർത്തനം. കുട്ടനാട്ടിൽ അടിമസമാനമായ ജീവിതം നയിച്ച, ഫ്യൂഡൽ മാടമ്പിമാരുടെ മർദനങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ കർഷകത്തൊഴിലാളികളെ അവകാശബോധമുള്ളവരാക്കി പോരാട്ടപാതയിലേക്ക് നയിക്കുന്നതിൽ വി എസ് ചെറുതല്ലാത്ത പങ്കുവഹിച്ചു. തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ രൂപീകരിച്ചായിരുന്നു തുടക്കം. പാടശേഖരങ്ങളിൽ ജന്മിമാരുടെ കൊള്ളപ്പിരിവുകൾക്കെതിരെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ വലിയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ഇതോടൊപ്പം സർ സിപിയുടെ അമേരിക്കൻ മോഡലിനെതിരെ ഈ മേഖലയിലെ ജനങ്ങളെ സംഘടിപ്പിക്കുന്നതിനും വി എസ് മുന്നിലുണ്ടായിരുന്നു. പുന്നപ്ര–-വയലാർ സമരത്തെ രക്‌തത്തിൽ മുക്കിക്കൊല്ലാൻ അന്നത്തെ ഭരണകൂടം ശ്രമിച്ചപ്പോൾ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാൻ മുന്നിൽനിന്ന സഖാക്കളിലൊരാളായിരുന്നു വി എസ്. 1960 കളിൽ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിൽ ഉയർന്നുവന്ന റിവിഷനിസത്തിനെതിരെ പൊരുതുന്നതിലും നിർണായക പങ്കുണ്ടായിരുന്നു. 1964 ൽ കമ്യൂണിസ്‌റ്റ് പാർടിയുടെ നാഷണൽ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിവന്ന 32 പേരിൽ ഒരാളായിരുന്നു വി എസ്.
കേരളത്തിലെ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ ജീർണത തുറന്നുകാണിച്ചതിൽ വലിയ പങ്ക് വി എസിനുണ്ട്. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരുകൾ കൈക്കൊണ്ട മൃദുഹിന്ദുത്വ നയത്തിനെതിരെയും നിയോലിബറൽ നയത്തിനെതിരെയും ശക്തമായ പോരാട്ടമാണ് വി എസ് നടത്തിയത്. മതനിരപേക്ഷതയുടെ കാവലാളായും വി എസ് പ്രവർത്തിച്ചു. നെഹ്റുവിന്റെ മതനിരപേക്ഷ ബോധ്യങ്ങളെ ഉദാഹരിച്ച് വി എസ് പല വേദികളിലും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും നരസിംഹറാവുവും മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ കാട്ടിയ ശുഷ്കാന്തിയില്ലായ്മയെ തുറന്നുകാണിക്കുകയും ചെയ്തു. വർഗീയതയോട് ഒരു വിട്ടുവീഴ്ചക്കും വി എസ് തയ്യാറായിരുന്നില്ല. അത് ഭൂരിപക്ഷ വർഗീയതയായാലും ന്യൂനപക്ഷ വർഗീയതയായാലും അവയെ തുറന്ന് എതിർക്കുന്ന സമീപനമാണ് വി എസിന് ഉണ്ടായിരുന്നത്.
ഇന്ത്യൻ ഭരണഘടനയ്-ക്കും മതനിരപേക്ഷ ഇന്ത്യക്കും കടുത്ത ആഘാതമേൽപിച്ച് സംഘപരിവാറുകാർ ബാബ്‌റി മസ്ജിദ് തകർത്തപ്പോൾ അതിനെതിരെ കേരളത്തിൽ നിന്നുയർന്ന പ്രധാന ശബ്ദങ്ങളിലൊന്ന് വി എസിന്റേതായിരുന്നു. നിയമസഭയിൽ ഉപക്ഷേപം അവതരിപ്പിച്ചുകൊണ്ട് (03–02–-93 ) ഇന്ത്യൻ റിപ്പബ്ലിക്കിനെ തകർക്കാനുള്ള ഹിന്ദുമത ഭ്രാന്തന്മാരുടെ കിരാത നടപടിയെക്കുറിച്ച് സഭ ചർച്ചചെയ്യണമെന്ന് വി എസ് ആവശ്യപ്പെട്ടു. 1949 ൽ ബാബ്റി മസ്ജിദിൽ രാമവിഗ്രഹം ഒളിച്ചു കടത്തിയതും ആയിരക്കണക്കിനാളുകളുടെ ജീവനപഹരിച്ച അദ്വാനിയുടെ രഥയാത്രയും മുതലിങ്ങോട്ട് ആർഎസ്എസും സംഘപരിവാറും നടത്തിയ വർഗീയ വിഭജന ശ്രമങ്ങളെ തുറന്നുകാട്ടിയ വി എസ് ബാബ്റി മസ്ജിദ് തകർക്കൽ പ്രസ്ഥാനത്തിന് കോൺഗ്രസ് നൽകിയ സംഭാവനകളും എടുത്തു പറഞ്ഞു. രാമപൂജ നടത്താൻ അനുവദിച്ചതും ശിലാന്യാസത്തിന് അനുമതി നൽകിയതും കോൺഗ്രസാണെന്ന് ഓർമിപ്പിച്ച വി എസ് നരസിംഹറാവു ഇന്ത്യ ഭരിക്കുമ്പോഴാണ് ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതെന്നും വ്യക്തമാക്കി. 2002 ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വംശഹത്യയെക്കുറിച്ചും പലഘട്ടങ്ങളിലും വി എസ് സംസാരിക്കുകയുണ്ടായി. മതനിരപേക്ഷതയുടെ മാറിൽ കത്തിയിറക്കുന്ന ക്രൂരതയാണ് ഗുജറാത്തിലേതെന്ന് വി എസ് അഭിപ്രായപ്പെടുകയുണ്ടായി. ഈ വംശഹത്യ നടക്കുമ്പോൾ കോൺഗ്രസ് എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യവും പല ഘട്ടങ്ങളിലും വി എസ് ഉയർത്തി.
ഫ്യൂഡൽ മാടമ്പിമാരുടെ ദുഷ്ചെയ്തികൾ എല്ലാ തീവ്രതയോടുംകൂടി അനുഭവിച്ചറിഞ്ഞ വി എസിന് ആ വ്യവസ്ഥിതിയുടെ ജീർണതകളെ വാരിപ്പുണരുന്ന ആർ എസ് എസുമായി കലഹിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ജനാധിപത്യ വാഴ്ചയിലും രാജഭക്തിയുമായി നടക്കുന്നവരെ കണക്കിന് പരിഹസിക്കാൻ കിട്ടുന്ന ഒരവസരവും വി.എസ് പാഴാക്കിയിരുന്നില്ല. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതോടെ സംഘപരിവാറിനെതിരായ വിമർശം വി എസ് കടുപ്പിച്ചു. 2016ൽ മോദി നോട്ടുനിരോധനം നടപ്പാക്കിയപ്പോൾ ആ നടപടിയെ നിശിതമായി വിമർശിച്ച് വി എസ് രംഗത്തുവരികയുണ്ടായി. ഈ പരിഷ്കാരം പൊളിഞ്ഞപ്പോൾ രാജ്യത്തെമ്പാടും മോദിക്കെതിരെ വിമർശം ഉയർന്നു. മോദിയെ രക്ഷിക്കാൻ അന്ന് ബിജെപി പടുത്തുയർത്തിയ ആഖ്യാനം രാജ്യത്തിനുവേണ്ടി വീടും കുടുംബവും പോലും ഉപേക്ഷിച്ച നിസ്വാർഥ പ്രവർത്തകനാണ് മോദിയെന്നായിരുന്നു. ഒരൊറ്റ വാചകംകൊണ്ട് വിഎസ് ഈ ആഖ്യാനത്തെ പൊളിച്ചടുക്കി. മോദി വീടും കുടുംബവും ഉപേക്ഷിച്ചതിനാൽ ആ വീടും കുടുംബവും രക്ഷപ്പെട്ടുവെന്നും രാജ്യം കുളംതോണ്ടിയെന്നുമായിരുന്നു വി എസിന്റെ കമന്റ്.
അതുപോലെതന്നെ സംഘപരിവാറിന്റെ ഗോസംരക്ഷണ രാഷ്ട്രീയത്തെയും വി എസ് നഖശിഖാന്തം എതിർത്തു. പശുവിനെ ഗോമാതാവ് എന്ന് വിളിച്ചാണ് ആർ എസ് എസ് രാജ്യത്തെമ്പാടും ന്യൂനപക്ഷ വേട്ടയ്-ക്ക് കളമൊരുക്കിയത്. പശു മാതാവാണെങ്കിൽ പശുവിന്റെ ഇണയായ കാള നിങ്ങളുടെ അച്‌ഛനാണോ എന്ന ചോദ്യത്തിലൂടെയാണ് വി എസ് സംഘപരിവാറിനെ നേരിട്ടത്. പശു മാതാവാണെങ്കിൽ മാതാവിന്റെ മൂക്കിൽ ആരെങ്കിലും കയറിട്ട് നിയന്ത്രിക്കാൻ ശ്രമിക്കുമോ എന്ന ചോദ്യവും വി എസ് ഉയർത്തുകയുണ്ടായി. ആർഎസ്എസ് ബീഫിനെതിരെ രംഗത്തുവന്നപ്പോൾ ഏതുഭക്ഷണം കഴിക്കണമെന്നത് ഓരോ മനുഷ്യന്റെയും അവകാശമാണെന്നും കേരളത്തിന്റെ മണ്ണിൽ ബീഫ് രാഷ്ട്രീയമുയർത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ലെന്നും വി എസ് സംശയത്തിന് ഇടമില്ലാതെ വ്യക്തമാക്കി. പാഠപുസ്തകങ്ങളിൽ സംഘപരിവാർ രാഷ്ട്രീയത്തിന് അനുകൂലമായ മാറ്റങ്ങൾ വരുത്തിയതിനെതിരെയും വി എസ് രംഗത്തുവരികയുണ്ടായി. ചരിത്രം എന്ന രീതിയിൽ അസംബന്ധങ്ങളാണ് പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നും ഇതനുവദിക്കില്ലെന്നും അദ്ദേഹം പലവേദികളിലും പറയുകയുണ്ടായി. ക്ഷേത്രങ്ങൾ ആർ എസ് എസിന്റെ ആയുധപരിശീലന കേന്ദ്രങ്ങളാക്കുന്നതിനെതിരെ മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷനേതാവായിരുന്നപ്പോഴും ഒരേ സ്വരത്തിൽ എതിർക്കാനും വി എസ് തയ്യാറായി. വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും ഹിന്ദുത്വത്തിന്റെ സങ്കുചിത അറയിൽ അടയ്ക്കാൻ സംഘപരിവാർ നടത്തിയ ശ്രമങ്ങൾക്കെതിരെയും വി എസ് വിട്ടുവീഴ്ചയില്ലാതെ പോരാടി. ദെെവത്തിനല്ല, മനുഷ്യർക്ക് പ്രഥമ പരിഗണന നൽകിയവരാണ് ശ്രീനാരായണ ഗുരുവും വിവേകാനന്ദനും എന്നു പറഞ്ഞ വി എസ് ഇരുവരും ജാതിഭ്രാന്തിനെതിരെ നടത്തിയ പോരാട്ടങ്ങളെ എടുത്തുകാട്ടുകയും ചെയ്തു.
അതോടൊപ്പം ഇസ്ലാമിക വർഗീയതക്കെതിരെയും വി എസ് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയ പോപ്പുലർ ഫ്രണ്ട് നടപടിയെ നിശിതമായി വിമർശിച്ച വി എസ് ഫ്രീഡം പരേഡ് പരിപാടിക്കെതിരെയും രംഗത്തു വന്നു.
ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന ജനാധിപത്യ, മതനിരപേക്ഷ, സാമൂഹ്യ നീതിയിലധിഷ്ഠിതമായ ഫെഡറൽ റിപ്പബ്ലിക്കിനുവേണ്ടി അവസാനശ്വാസംവരെയും പൊരുതിയ ധീരനായ കമ്യൂണിസ്റ്റാണ് വി എസ്. മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ ഈ കറുത്ത ശക്തികൾക്കെതിരെ വി എസ് നടത്തിയ പോരാട്ടം നമുക്ക് ആവേശംപകരും. അദ്ദേഹത്തിന്റെ ഓർമയിൽ നിന്നുയരുന്ന ഊർജം ഈ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്താനുള്ള പോരാട്ടത്തിൽ നമുക്ക് ശക്തിപകരും. l



