ഹിന്ദുമതത്തെയും വിശ്വാസത്തെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുമെന്ന അവകാശവാദത്തോടെയാണ് ആർഎസ്‌എസും അവരുടെ രാഷ്ട്രീയരൂപമായ ബിജെപിയും ഇന്ത്യയിൽ അധികാരത്തിലെത്തുന്നത്. അന്നന്നത്തെ അന്നത്തിനായി കഠിനമായി അദ്ധ്വാനിക്കുന്ന പാവപ്പെട്ടവരുടെയും നാളത്തേക്ക് എന്തെങ്കിലും മിച്ചംപിടിക്കണമെന്ന് ആഗ്രഹിക്കുന്ന ഇടത്തരക്കാരുടെയും വോട്ടുകൾ സമാഹരിക്കാൻ ബിജെപിയുടെ പക്കലുള്ള ഏറ്റവും വലിയ ആയുധവും ഹിന്ദുദേശീയവാദമാണ്. അതിന്റെ ഏറ്റവും വലിയ പ്രതീകങ്ങളിൽ അയോധ്യയിൽ രാമക്ഷേത്രത്തിന്റെ മറവിൽ നടക്കുന്ന വലിയ തട്ടിപ്പുകളെയും കുംഭകോണങ്ങളെയും കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അതുകൊണ്ടുതന്നെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ അലകളും ചലനങ്ങളുമാണ് സൃഷ്ടിച്ചിട്ടുള്ളത്.
രാജ്യത്തെ മുഴുവൻ ഹിന്ദുമതവിശ്വാസികളുടെയും സംരക്ഷകരെന്ന് അവകാശപ്പെടുന്ന ആർഎസ്‌എസിന്റെയും ബിജെപിയുടെയും യഥാർഥ മുഖവും അജൻഡയും വ്യക്തമാക്കുന്നതാണ് രാമക്ഷേത്രത്തിൽ അരങ്ങേറിയ തീവെട്ടിക്കൊള്ളകൾ. അയോധ്യയിലെ ‘തർക്കഭൂമി’യായ 2.77 ഏക്കറിൽ രാമക്ഷേത്രം നിർമിക്കാമെന്ന 2019 നവംബറിലെ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ പ്രധാനവിധി വന്നതു മുതൽ അയോധ്യ ആർഎസ്‌എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ, സാന്പത്തിക,വാണിജ്യ താൽപര്യങ്ങളുടെ സംഗമവേദിയായി മാറി. സുപ്രീംകോടതി വിധിക്കു പിന്നാലെ രാമക്ഷേത്രത്തിന്റെ നിർമാണം, ഭരണനിർവഹണം തുടങ്ങിയ കാര്യങ്ങൾക്ക് ചുക്കാൻപിടിക്കാൻ കേന്ദ്രസർക്കാർ ‘രാമജൻമഭൂമി തീർഥക്ഷേത്ര ട്രസ്‌റ്റ്’ രൂപീകരിച്ചു. ക്ഷേത്രത്തിന്റെ നിർമാണമേൽനോട്ടത്തിനുപുറമേ ക്ഷേത്രത്തിന്റെ ഭരണവും പരിപാലനവും നടത്തുക, സംഭാവനകളും സ്വത്തുക്കളും കൈകാര്യം ചെയ്യുക, അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങിയ സുപ്രധാന ചുമതലകളും ട്രസ്‌റ്റിന് നൽകിയിരുന്നു. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ ട്രസ്‌റ്റിൽ ഉണ്ടായിരുന്നെങ്കിലും ആർഎസ്‌എസ്, വിഎച്ച്‌പി നേതാക്കളാണ് ട്രസ്‌റ്റ് നിയന്ത്രിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്രമിശ്രയായിരുന്നു ക്ഷേത്രനിർമാണ കമ്മിറ്റിയുടെ ചെയർമാൻ.
മുന്പും ആരോപണങ്ങൾ
കാണിക്കക്കൊള്ളയ്‌ക്കും ഭൂമി കുംഭകോണത്തിനും മുന്പു തന്നെ രാമക്ഷേത്രത്തിന്റെ പേരിൽ വലിയ തട്ടിപ്പുകൾ നടക്കുന്നതായി ‘നിർമോഹി അഖാഡ’ ആരോപിച്ചിരുന്നു. രാമക്ഷേത്ര നിർമാണത്തിനുവേണ്ടി പിരിച്ച 1400 കോടി രൂപ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെ വിഎച്ച്‌പി തട്ടിച്ചതായി നിർമോഹി അഖാഡ 2017ൽ വലിയ ആരോപണം ഉന്നയിച്ചിരുന്നു. രാമക്ഷേത്ര നിർമാണത്തിനുവേണ്ടിയുള്ള നിയമപോരാട്ടത്തിലെ പ്രധാനകക്ഷിയായ ‘നിർമോഹി അഖാഡയുടെ ആരോപണം അന്ന് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ക്ഷേത്രനിർമാണത്തിനായി പിരിച്ച 1400 കോടി രൂപ ഒറ്റയടിക്ക് കാണാതായെന്നും അതിനു കണക്കില്ലെന്നും നിർമോഹി അഖാഡ വക്താവ് മഹന്ത് സീതാറാം ആരോപിച്ചു. ‘‘ഞങ്ങൾ ഭഗവാൻ രാമന്റെ സേവകരാണ്. പണത്തിനു വേണ്ടിയല്ല ഞങ്ങൾ നിലകൊള്ളുന്നത്. രാമനു വേണ്ടിയാണ്. ചില രാഷ്ട്രീയക്കാർ രാമജൻമഭൂമിയുടെ പേരിൽ ആളുകളെ കബളിപ്പിക്കുകയാണ്. ക്ഷേത്രം നിർമിക്കാനെന്ന പേരിൽ അവർ വിശ്വാസികളിൽനിന്നും നന്നായി പണം പിരിച്ചു. ആ പണം ഉപയോഗിച്ച് അവരവർക്ക് വേണ്ടി വലിയ കെട്ടിടങ്ങൾ നിർമിച്ചു’’– സീതാറാം ആരോപിച്ചു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്താൻ, മധ്യപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങളുള്ള നിർമോഹി അഖാഡയുടെ ആരോപണങ്ങൾ വരാൻ പോകുന്ന വലിയ തട്ടിപ്പുകളിലേക്കുള്ള വ്യക്തമായ സൂചനയായിരുന്നു. 2019ലെ സുപ്രീംകോടതിയുടെ അന്തിമവിധിക്കു മുന്പ് കോടതി നിയോഗിച്ച റിസീവറായിരുന്നു അയോധ്യയിലെ താൽക്കാലിക ആരാധനാലയത്തിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. അപ്പോൾ അവിടെ കാണിക്കയായി ലഭിച്ചിരുന്ന പണവും മറ്റും വിഎച്ച്‌പിക്കാരായ പൂജാരികളും നേതാക്കളും സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നതായും നിർമോഹി അഖാഡ ആരോപിച്ചിരുന്നു.
ഭൂമികുംഭകോണം
2019ലെ സുപ്രീംകോടതി വിധിക്കുപിന്നാലെ രാമക്ഷേത്രം നിർമിക്കാൻ തുടങ്ങിയതോടെ, ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടാനുള്ള നീക്കങ്ങൾ തുടങ്ങി. ക്ഷേത്രത്തിന്റെ അനുബന്ധ നിർമാണപ്രവർത്തനങ്ങൾക്ക് വലിയരീതിയിൽ ഭൂമി ആവശ്യമുണ്ടായിരുന്നതിനാൽ വളരെ വേഗം സമീപപ്രദേശങ്ങളിലെ ഭൂമി മുഴുവൻ വാങ്ങിക്കൂട്ടുകയായിരുന്നു. ഇതിനുപിന്നാലെ, ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ വലിയ തട്ടിപ്പുകളും ക്രമക്കേടുകളുമുണ്ടെന്ന ആരോപണങ്ങളുയർന്നു. നിർമാണസ്ഥലത്തു നിന്നും 300 മീറ്റർ മാത്രം അകലെ കോട്ട് രാമചന്ദർ പ്രദേശത്തെ 890 ചതുരശ്ര മീറ്റർ ഭൂമി ട്രസ്‌റ്റ് 2.5 കോടിരൂപയ്ക്ക് വാങ്ങിയിരുന്നു. 2021 ഫെബ്രുവരിയിൽ കേവലം 20 ലക്ഷം രൂപയ്‌ക്ക് വാങ്ങിയ ഭൂമിയാണ് മൂന്നുമാസത്തിനുള്ളിൽ ട്രസ്റ്റിന് 2.5 കോടിക്ക് വിറ്റത്. അയോധ്യാ മേയറും പ്രമുഖ ബിജെപി നേതാവുമായ ഋഷികേശ് ഉപാധ്യായയുടെ അനന്തരവൻ ദീപ്‌നാരായൺ ഉപാധ്യായയാണ് ചുളുവിലയ്‌ക്ക് വാങ്ങിയ ഭൂമി കൊള്ളലാഭമുണ്ടാക്കി ട്രസ്‌റ്റിന് കൈമാറിയത്. ഇൗ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും വലിയ തർക്കങ്ങൾ നിലവിലുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പിടിച്ചെടുത്തതോ സർക്കാർ ഏറ്റെടുത്തതോ ആയ ‘നസൂൽ’ ഭൂമിയാണിതെന്നും അതിന്റെ പൂർണഉടമസ്ഥാവകാശം വിട്ടുകിട്ടുന്നതു വരെ വിൽക്കാനോ കൈമാറാനോ കഴിയില്ലെന്നും അയോധ്യ സബ്‌രജിസ്‌ട്രാർ വാർത്താചാനലുകളോട് വെളിപ്പെടുത്തിയതും വിവാദമായിരുന്നു.
2021 മാർച്ചിൽ നടന്ന ഭൂമി ഇടപാട് ഇതിനേക്കാൾ ദുരൂഹവും വിവാദവുമായിരുന്നു. 2021 മാർച്ച് 18ന് അയോധ്യയിലെ ഒരു ഭൂമിയുടെ വിൽപ്പനയ്‌ക്കായി രണ്ട് രജിസ്‌ട്രേഷൻ രേഖകളുണ്ടാക്കി. ആദ്യ രജിസ്‌ട്രേഷൻപ്രകാരം കുസുംപാഠക് എന്ന ഉടമസ്ഥനിൽനിന്നും രവിമോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർ രണ്ടു കോടി രൂപയ്‌ക്ക് ഭൂമി വാങ്ങി. അതേദിവസം, ഏകദേശം 10–15 മിനിറ്റുകൾക്കുള്ളിൽ നടന്ന രണ്ടാമത്തെ രജിസ്‌ട്രേഷനിൽ ഇതേ ഭൂമി രവിമോഹൻ തിവാരിയും സുൽത്താൻ അൻസാരിയും രാമക്ഷേത്ര ട്രസ്‌റ്റിന് 18.5 കോടി രൂപയ്‌ക്ക് മറിച്ചുവിറ്റു. അതായത്, വെറും 15 മിനിറ്റുകൾക്കുള്ളിൽ ഭൂമിവില രണ്ടു കോടിയിൽ നിന്നും 18.5 കോടിയായി കുതിച്ചുയർന്നു. ഒറ്റദിവസം വെറും, 15 മിനിറ്റുകളുടെ ഇടവേളയിൽ ഭൂമിവില ഒന്പത് മടങ്ങിലധികം കുതിച്ചുയർന്നതിനു പിന്നിലെ ഇന്ദ്രജാലം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കി. രണ്ട് രജിസ്‌ട്രേഷനുകളിലും സാക്ഷികൾ പോലും മാറിയിട്ടില്ലെന്നും കൃത്രിമമായി ഭൂമിക്ക് വില കയറ്റി കൊള്ളലാഭമുണ്ടാക്കുകയാണെന്നും ആക്ഷേപമുയർന്നു. ഭൂമിയുടെ വിപണിമൂല്യം, സ്ഥലത്തിന്റെ പ്രാധാന്യം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് വില നിശ്ചയിച്ചതെന്നും ഇടപാടുകൾ സുതാര്യമാണെന്നുമുള്ള അവകാശവാദവുമായി ട്രസ്‌റ്റ് ഭാരവാഹികൾ രംഗത്തെത്തി.
നിർമാണച്ചെലവും കമ്മീഷനടിയും
രാമക്ഷേത്രത്തിന്റെ നിർമാണത്തിന് മൊത്തം എത്ര രൂപ ചെലവിട്ടെന്ന കാര്യത്തിൽ ഇനിയും കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. ആദ്യഘട്ട നിർമാണച്ചെലവുകൾക്ക് 1800 കോടി രൂപ വേണ്ടിവരുമെന്ന് ട്രസ്‌റ്റ് അറിയിച്ചിരുന്നു. ക്ഷേത്രസമുച്ചയവും അനുബന്ധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കാൻ 2500– 3000 കോടി രൂപവരെ ചെലവ് വരുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തുടനീളമുള്ള വിശ്വാസികളിൽ നിന്നും രാമഭക്തരിൽ നിന്നുമുള്ള സംഭാവനകളാണ് നിർമാണച്ചെലവുകൾക്ക് വിനിയോഗിച്ചത്. ‘നിധി സമർപ്പണ പ്രചരണം’ മുഖേന മൊത്തം 3,264 കോടി ലഭിച്ചതായി ക്ഷേത്രം ട്രസ്‌റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 2,370 കോടി നിർമാണപ്രവർത്തനങ്ങൾക്കും മതപരമായ ആവശ്യങ്ങൾക്കും ഉപയോഗിച്ചതായുമാണ് ട്രസ്‌റ്റ് അവകാശപ്പെടുന്നത്. ഇൗ വർഷം മാർച്ച് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് ട്രസ്‌റ്റിന്റെ പക്കൽ സംഭാവനയായി ലഭിച്ച 582 കോടി രൂപയുണ്ട്. ഇതിൽ 391 കോടി രൂപ പ്രവർത്തനച്ചെലവുകൾക്കായി വിനിയോഗിച്ചതായാണ് ട്രസ്‌റ്റ് വ്യക്തമാക്കുന്നത്. കാണിക്കക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് ട്രസ്‌റ്റ് ഏകദേശ കണക്കുകൾ പുറത്തുവിട്ടത്.
രാമക്ഷേത്ര നിർമാണവേളയിൽ ട്രസ്‌റ്റ് അംഗങ്ങൾ വലിയരീതിയിൽ കമ്മീഷൻ അടിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ട്രസ്‌റ്റ് അംഗവും ആർഎസ്‌എസ് നേതാവുമായ അനിൽ മിശ്രയുടെ നേതൃത്വത്തിൽ നിർമാണസാമഗ്രികൾക്ക് 40 ശതമാനം വരെ കമ്മീഷൻ അടിച്ചതായി എൻജിനിയർ ദീനാനാഥ്‌വർമ വെളിപ്പെടുത്തി. എസ്‌ഐടിയുടെ അന്വേഷണപരിധിയിൽ കമ്മീഷനടിയും ഉൾപ്പെട്ടിട്ടുണ്ട്.
‘പണി തീരാതെ ഉദ്‌ഘാടനം’
2024 ജനുവരി 22ന് ‘പ്രാണപ്രതിഷ്‌ഠ’ ചടങ്ങ് നടക്കുന്പോൾ രാമക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായിരുന്നില്ല. താഴത്തെ നിലയും ഗർഭഗൃഹവും പൂർത്തിയായിരുന്നെങ്കിലും ഒന്നാം നില, രണ്ടാം നില, ക്ഷേത്രസമുച്ചയത്തിന്റെ മറ്റു പ്രധാനഭാഗങ്ങൾ തുടങ്ങിയവയുടെ പണി പൂർത്തിയായിരുന്നില്ല. പരന്പരാഗത ഹിന്ദുവിശ്വാസപ്രകാരം ക്ഷേത്രത്തിന്റെ പണി പൂർത്തിയായ ശേഷമേ പ്രാണപ്രതിഷ്‌ഠാചടങ്ങ് നടത്താൻ പാടുള്ളൂവെന്ന് മതപണ്ഡിതൻമാർ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസർക്കാർ അത് ചെവിക്കൊണ്ടില്ല. 2024 ലോക്-സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രാണപ്രതിഷ്‌ഠാചടങ്ങ് ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും രാഷ്ട്രീയ പ്രചരണവേദിയാക്കുകയായിരുന്നു. രാമക്ഷേത്രത്തെ രാഷ്ട്രീയ പ്രചരണായുധമാക്കിയതോടെ സംഘപരിവാറിന്റെയും ബിജെപിയുടെയും തനിനിറം കൂടിയാണ് പുറത്തുവന്നത്. അധികാരത്തിലേറാനും അധികാരം നിലനിർത്താനുമുള്ള തുറുപ്പുചീട്ടായാണ് അവർ രാമജൻമഭൂമി പ്രസ്ഥാനത്തെയും രാമക്ഷേത്രത്തെയും ഉപയോഗിച്ചതെന്ന ആരോപണങ്ങളെ ശരിവെക്കുന്നതു കൂടിയായിരുന്നു തിടുക്കത്തിലുള്ള ‘പ്രാണപ്രതിഷ്‌ഠാ മഹോത്സവം’.
‘കുടിയിറക്കപ്പെട്ട ആയിരങ്ങൾ’
രാമക്ഷേത്ര നിർമാണവും നഗരവികസനപദ്ധതികളും തുടർന്നുണ്ടായ അയോധ്യയിലെ ‘റിയൽ എസ്‌റ്റേറ്റ് വസന്ത’വും ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുന്നതിനും ഉപജീവനം മുടങ്ങുന്നതിനും കാരണമായി. റോഡ് വീതി കൂട്ടൽ ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികൾ 4,000ത്തോളം വീടുകളെയും കടകളെയും 40,000ത്തോളം ആളുകളെയും വലിയരീതിയിൽ ബാധിച്ചു. തലമുറകളായി അയോധ്യയിൽ ജീവിച്ചിരുന്ന, കച്ചവടം ചെയ്‌തും കൂലിപ്പണിയെടുത്തും കുടുംബം പുലർത്തിയിരുന്ന ആയിരങ്ങൾ തെരുവാധാരമായി. വീടുകൾ നഷ്ടപ്പെട്ടവർക്ക് പകരം വീട് കെട്ടുന്നതിനും ഉപജീവനവഴി അടഞ്ഞവർക്ക് ബദൽമാർഗം കണ്ടെത്തുന്നതിനും ആവശ്യമായ നഷ്ടപരിഹാരം ലഭിച്ചില്ല. 2019ലെ സുപ്രീംകോടതി വിധിയോടെ അയോധ്യയിൽ ഭൂമി വാങ്ങുന്നതിന് വിഐപികളുടെ പ്രവാഹമായിരുന്നു. അമിതാഭ്‌ബച്ചൻ ഉൾപ്പടെയുള്ള പ്രമുഖർ അർദ്ധരാത്രി റിയൽഎസ്‌റ്റേറ്റ് ഇടപാടുകാരെ ബന്ധപ്പെട്ട് ‘സരയൂതീരത്തെ ഭൂമി’ വേണമെന്ന് ആവശ്യപ്പെടുന്ന തരത്തിലേക്ക് അയോധ്യയിലെ മണ്ണിന് വില കൂടി. അയോധ്യ മേയറുടെ അനന്തരവനെപ്പോലെ ആർഎസ്‌എസുമായും ബിജെപിയുമായും ഉറ്റബന്ധമുള്ളവരായിരുന്നു അയോധ്യയിലെ ‘ റിയൽഎസ്‌റ്റേറ്റ് വസന്ത’ത്തിന്റെ മുഖ്യ ഗുണഭോക്താക്കൾ.
ഫലശ്രുതി
രാമക്ഷേത്രത്തെ മറയാക്കി നടത്തിയ തീവെട്ടിക്കൊള്ളകൾ ആ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന എട്ടോ പത്തോ ജീവനക്കാരുടെ ചുമലിൽ കെട്ടി തടിയൂരാനാണ് സംഘപരിവാറും ബിജെപിയും കഠിനമായി പ്രയത്നിക്കുന്നത്. എന്നാൽ, ഉത്തർപ്രദേശിലും രാജ്യത്തുടനീളവും തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ ഹിന്ദുവിശ്വാസികൾക്കിടയിൽ വലിയ അവിശ്വാസവും രോഷവും സൃഷ്ടിച്ചിട്ടുണ്ട്. രാമജൻമഭൂമി പ്രസ്ഥാനത്തിന്റെ പ്രമുഖവക്താവും ബാബ്‌റി മസ്‌ജിദ് ഗൂഢാലോചന കേസിലെ പ്രതിയും ബജ്‌റംഗ്‌ദൾ സ്ഥാപക നേതാവുമായ വിനയ് കത്യാറിനെ പോലെയുള്ളവർതന്നെ ‘അയോധ്യ മൊത്തം കൊള്ളക്കാരുടെ പക്കലാണെന്ന്’ പറയുന്ന അവസ്ഥയിലേക്ക് സാഹചര്യങ്ങൾ വഷളായി. യുപി സർക്കാർ നിയോഗിച്ച എസ്‌ഐടിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ‘വന്പൻസ്രാവുകൾക്ക്’ രക്ഷപ്പെടാൻ അവസരമൊരുക്കുമെന്ന ആക്ഷേപം ശക്തമാണ്. നിഷ്‌പക്ഷമായ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചെവിക്കൊണ്ടിട്ടില്ല. രാമക്ഷേത്രത്തിലെ ആരോപണങ്ങൾ ‘ഹിന്ദുവിരുദ്ധ’രുടെ കുപ്രചരണമാണെന്ന പതിവു പല്ലവിയാണ് ബിജെപിയും ആർഎസ്‌എസും ഇക്കുറിയും ആയുധമാക്കുന്നത്. എന്നാൽ, അതിലൂടെ മാത്രം കോടിക്കണക്കിന് വിശ്വാസികളിലുണ്ടായ വലിയ രോഷം മറികടക്കാനാകില്ല. അടുത്ത വർഷം നടക്കാൻ പോകുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തീർച്ചയായും അതിന്റെ ശക്തമായ അലയടികളുണ്ടാകും. അത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രധാന മുഖങ്ങളായ ആർഎസ്‌എസിന്റെയും ബിജെപിയുടെയും ഭാവിയെ തന്നെ മാറ്റിമറിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. l



