വർഗീയത എങ്ങനെയാണ് നിലനിൽക്കുന്നത്, അതിന്റെ ഉദാഹരണമെന്താണ്? ഇന്ത്യൻ രാഷ്‌ട്രീയത്തെ അവലോകനം ചെയ്യുന്ന ആർക്കും തെല്ലും സംശയമില്ലാതെ ഇൗ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കും. നമ്മളോടൊപ്പം ജീവിക്കുന്ന മനുഷ്യർ അപകടകാരികളാണെന്ന ഭയം സൃഷ്ടിച്ചാണ് വർഗീയത വളരുകയും നിലനിൽക്കുകയും ചെയ്യുന്നതെന്ന് ഈ ചോദ്യത്തിന് ഉത്തരമായി പറയാം. അയോധ്യയാണ് അതിന്റെ ഉദാഹരണമെന്നും കൂട്ടിച്ചേർക്കാം. കാരണം, ഭയരാഷ്ട്രീയത്തിന്റെ ആയുധപ്പുരയിൽ നിന്ന് സംഘപരിവാർ കണ്ടെടുത്ത ഏറ്റവും വലിയ ആയുധമാണ് അയോധ്യ.
ആ ആയുധം ഉപയോഗിച്ച് നേടിയ വിജയത്തിലൂടെ ആർഎസ്‌എസ് രാജ്യം ഭരിക്കുന്നു. എന്നാൽ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ അയോധ്യയെ സംഘപരിവാർ വെറും ആയുധമായി മാത്രമാണ് ഉപയോഗിച്ചതെന്ന് വിശ്വാസികൾ മനസ്സിലാക്കി. കൃത്യമായി പറഞ്ഞാൽ, വർഗീയശക്തികൾക്ക് മതവും ദൈവവും തങ്ങളുടെ സ്വാർത്ഥലക്ഷ്യങ്ങൾ നേടാനുള്ള ആയുധങ്ങൾ മാത്രമാണെന്ന് രാമക്ഷേത്രത്തിലെ ശതകോടികളുടെ വെട്ടിപ്പിലുള്ള ആർഎസ്എസ് പങ്ക് തെളിയിക്കുന്നു.
രാഷ്‌ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി 1992 ഡിസംബർ ആറിനാണ് സംഘപരിവാറുകാർ ബാബറി മസ്‌ജിദ് ഇടിച്ചുനിരത്തിയത്. ബാബറിയുടെ താഴികക്കുടങ്ങൾ തകർന്നുവീണ അതേ മണ്ണിൽ 2024 ജനുവരി 22ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാംലല്ലയുടെ പ്രതിഷ്ഠ ഉയർന്നു. ഇൗ കാലയളവിനുള്ളിൽ അയോധ്യയെന്ന മൂർച്ചയുള്ള ആയുധമുപയോഗിച്ച് രാജ്യവ്യാപകമായി സ്വാധീനം വർധിപ്പിക്കാനാണ് ആർഎസ്എസ് നേതൃത്വം ശ്രമിച്ചത്. എന്നാൽ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടുവർഷം തികഞ്ഞപ്പോൾ തന്നെ അയോധ്യയിൽ സമർപ്പിക്കപ്പെട്ട സംഭാവനകൾ അപഹരിക്കപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവന്നു. സംഘപരിവാറിന്റെ ആശിർവാദത്തോടെയായിരുന്നു ക്ഷേത്രത്തിലെ ശതകോടികളുടെ കൊള്ള.
അഴിമതിയിൽ തുടങ്ങി അഴിമതിയിൽ
തുടരുന്ന അയോധ്യ
രാമക്ഷേത്രം കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിക്കഥകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ക്ഷേത്ര നിർമാണത്തിനായുള്ള ഭൂമി ഏറ്റെടുപ്പ് മുതൽ, പ്രാണപ്രതിഷ്ഠ വരെയുള്ള ചടങ്ങുകളിൽ അഴിമതി നടന്നു. ഇതിന്റെയെല്ലാം ചൂടാറുന്നതിനുമുൻപാണ് സംഭാവനക്കൊള്ളയുടെ വിവരങ്ങളും പുറത്തുവന്നത്. അതിലേക്ക് വഴിവെച്ചത് 2024 മുതൽ ലഭിച്ച സംഭാവനകളുടെ ഓഡിറ്റ് റിപ്പോർട്ട് ആണുതാനും. ബാങ്ക് അക്കൗണ്ടിലെ തുകയും ലഭിച്ച പണവും തമ്മിൽ വലിയ പൊരുത്തക്കേടാണ് ഓഡിറ്റർമാർ കണ്ടെത്തിയത്.
സംഘപരിവാറിലുണ്ടായ മുറുമുറുപ്പ് സംഭവം പുറംലോകത്തെയറിയിച്ചു. സമൂഹമാധ്യമങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും കൊള്ളയെ സംബന്ധിച്ച റിപ്പോർട്ടുകൾ പ്രചരിച്ചു. തുടർന്ന്, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയതോടെ അഴിമതി ചർച്ചയായി. സംഭാവനയായി ലഭിച്ച കോടിക്കണക്കിന് രൂപയാണ് ക്ഷേത്രത്തിൽനിന്ന് അപഹരിക്കപ്പെട്ടത്. അതോടൊപ്പം ആഭരണങ്ങൾ, പാത്രങ്ങൾ സ്വർണം-–വെള്ളി എന്നിങ്ങനെ എണ്ണിത്തിട്ടപ്പെടുത്താനാകാത്ത പലതും മോഷണം പോയി. ഇതിന്റെയെല്ലാം ചോദ്യമുന നീണ്ടതാകട്ടെ ആർഎസ്‌എസ് നേതൃത്വത്തിലേക്കും.
ആർഎസ്‌എസ് അറിയാതെ
ഇലയനങ്ങാത്ത രാമക്ഷേത്രം
ആർഎസ്‌എസിന്റെ കൺവെട്ടത്തുള്ള സ്ഥലമാണ് അയോധ്യ. നരേന്ദ്ര മോദി സർക്കാർ രൂപീകരിച്ച സംഘപരിവാർ നിയന്ത്രിക്കുന്ന ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ ഭരണനിർവഹണം നടത്തുന്നത്. ട്രസ്റ്റിലെ അംഗങ്ങളെ ഉൾപ്പെടെ നിയമിച്ചത് ആർഎസ്‌എസിന്റെ ഇംഗിതമനുസരിച്ചാണ്. ചംപത്ത് റായി, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെയാണ് ക്ഷേത്ര ഭരണം നടത്താൻ സംഘപരിവാർ നിയോഗിച്ചത്. മൂവരുമറിയാതെ ഒരിലപോലും രാമക്ഷേത്രത്തിൽ അനങ്ങില്ല.
ട്രസ്റ്റ് ജനറൽ സെക്രട്ടറിയാണ് ചംപത്ത് റായി. വിഎച്ച്‌പിയുടെ വൈസ് പ്രസിഡന്റുമാണ് അയാൾ. ജയ് ശ്രീറാം വിളിയുടെ പശ്ചാത്തലത്തിൽ ബാബറി മസ്‌ജിദ് ഇടിച്ചുനിരത്തുന്പോൾ ആർഎസ്‌എസ് നേതാക്കളുടെ ഒരു കൈപ്പാടകലെ നിന്നയാൾ. ‘അയോധ്യയുടെ സഞ്ചരിക്കുന്ന വിജ്ഞാനകോശം’ എന്നാണ് ഇയാൾക്ക് സംഘപരിവാർ ചാർത്തി നൽകിയ വിശേഷണം. അയോധ്യയിലെ ഭൂമിതർക്കങ്ങളും സ്വത്തുരേഖകളും ഇടവഴികളുംപോലും റായിക്ക് മനഃപാഠമാണെന്ന് സംഘപരിവാറുകാർ പറയുന്നു. അതിനാൽ തന്നെ ചംപത്ത് റായ് അറിയാതെ ഈ കൊള്ള നടക്കില്ലെന്ന ആരോപണം ആദ്യം മുതൽ ശക്തമാണ്. ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളാണ് തുടക്കം മുതൽ ലഭിച്ചതും. സംഭാവനക്കൊള്ള നടന്നിലട്ടില്ല എന്നായിരുന്നു ആദ്യ ഘട്ടത്തിലെ റായിയുടെ വാദം. എന്നാൽ, പിന്നീടത് അന്വേഷണ സംഘത്തിനുമുന്നിൽ അയാൾക്ക് തിരുത്തേണ്ടി വന്നു.
ചംപത്ത് റായിയെ പോലെ ഉത്തർപ്രദേശിലെ മുതിർന്ന ആർഎസ്‌എസ് പ്രചാരകനാണ് അനിൽ മിശ്രയും. ചംപത്ത് റായ് എൺപതുകൾ മുതൽ പള്ളിപൊളിക്കൽ പ്രസ്ഥാനത്തിൽ സജീവമാണെങ്കിൽ അനിൽ മിശ്ര തൊണ്ണൂറുകളുടെ തുടക്കംമുതൽ അതിന്റെ ഭാഗമാണ്; ട്രസ്റ്റിലെ മുതിർന്ന അംഗവുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയപ്പോൾ ‘യജമാൻ’ (ആതിഥേയൻ) സ്ഥാനത്തിരുന്നത് സംഘപരിവാറുകാരൻ അനിൽ മിശ്രയാണ്. ഗോപാൽ റാവുവും ട്രസ്റ്റിലുൾപ്പെട്ടത് ആർഎസ്‌എസ് പ്രതിനിധിയായി തന്നെ. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിലെ ചക്രം ചലിപ്പിച്ചതു പോലും ഇൗ മൂന്ന് ആർഎസ്‌എസുകാരടങ്ങിയ സംഘമാണ്.
ചട്ടങ്ങൾ കാറ്റിൽപ്പറത്തി,
സിസിടിവി ദൃശ്യങ്ങൾ എവിടെ?
ആകെ എട്ട് പേരാണ് കേസിൽ അറസ്റ്റിലായത്. പ്രതിപ്പട്ടികയിലുൾപ്പെട്ടവരെല്ലാം മുകളിൽ പറഞ്ഞ മൂവരുടേയും അടുത്ത ബന്ധുക്കളോ വിശ്വസ്‌തരോ ആണ്. ചംപത്ത് റായിയുടെ വലംകൈയായും ഡ്രൈവറായും പ്രവർത്തിച്ച ടിന്നു യാദവും ഇതിലുൾപ്പെടും. ചട്ടങ്ങൾ പാലിക്കാതെ ടിന്നുവാണ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ താക്കോൽ സൂക്ഷിച്ചത്. താക്കോൽക്കൂട്ടം ടിന്നുവിന്റെ കയ്യിൽ എങ്ങനെയെത്തി എന്നന്വേഷിച്ചാൽതന്നെ റായിയുടെ പങ്ക് വ്യക്തമാകും. അതിനാൽ ആ രീതിയിലുള്ള അന്വേഷണത്തിന് എസ്‌ഐടി മുതിർന്നില്ല. സംഭാവനയെണ്ണൽ വിഭാഗത്തിൽ ടിന്നു തന്റെ ബന്ധുവും കേസിലെ മറ്റൊരു പ്രതിയുമായ മനീഷ് കുമാർ യാദവിനെ നിയമിക്കുകയും ചെയ്തിരുന്നു.
അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുപ്രകാരം കാണിക്കവഞ്ചിയിൽ നിന്ന് എഴുപതോളം തവണ പണം മോഷ്ടിച്ചതായും വസ്ത്രങ്ങളിലും ഷൂസിലും അത് ഒളിപ്പിച്ചു കടത്തിയെന്നും വ്യക്തമാകുന്നു. അനിൽ മിശ്ര ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ക്രമക്കേട് നടക്കുന്നുണ്ടെന്ന് പരാതി നൽകിയതിനെത്തുടർന്ന്, ട്രസ്റ്റ് അക്കൗണ്ടന്റ് സ്ഥാനത്തുനിന്ന് ചംപത്ത് റായ് നീക്കിയെന്ന പരാതിയുമായി മഹിപാൽ സിങ് എന്ന മുൻ ജീവനക്കാരൻ രംഗത്തെത്തി. ചംപത്ത് റായി പീഡിപ്പിച്ചുവെന്നും ഇയാൾ പറയുന്നു. സംഭാവനയായി ലഭിക്കുന്ന സ്വർണം – വെള്ളി ആഭരണങ്ങളുടേയും പാത്രങ്ങളുടേയും കണക്കുകൾ ആർക്കുമറിയില്ലെന്നും മഹിപാൽ വിളിച്ചുപറഞ്ഞു. എന്നാൽ മഹിപാലിന്റെ ആരോപണങ്ങൾ കേൾക്കാൻപോലും ആരും തുനിഞ്ഞില്ല.
സിസിടിവിയുടെ സാന്നിധ്യത്തിലാണ് സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തുന്നത്. 180 ദിവസം സൂക്ഷിക്കേണ്ട സിസിടിവി ദൃശ്യങ്ങൾ 40 മുതൽ 45 ദിവസംവരെ മാത്രമാണ് നിലനിർത്തിയത്. 40 ദിവസത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് 70 തവണ പണം കടത്തിയതായി കണ്ടെത്തിയത്. എങ്കിൽ, ബാക്കി 140 ദിവസത്തെ ദൃശ്യങ്ങളിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടാകും എന്ന ചോദ്യം ഭയപ്പെടുത്തുന്നതാണ്. വിശ്വാസികൾ സമർപ്പിച്ച വിലപിടിപ്പുള്ള ഉപഹാരങ്ങൾ എവിടെയെന്ന ചോദ്യത്തിന് ഒരുഘട്ടത്തിലും ഉത്തരം നൽകാൻ ട്രസ്റ്റിനായിട്ടില്ല. ചോദിച്ചവരെ ശകാരം കൊണ്ടാണ് ട്രസ്റ്റ് അംഗങ്ങൾ നേരിട്ടത്. ക്ഷേത്രനിർമാണ വേളയിൽ അനിൽ മിശ്ര ഉൾപ്പെടെയുള്ള ട്രസ്റ്റികൾ നിർമാണ സാമഗ്രികൾക്കുൾപ്പെടെ കമ്മീഷൻ വാങ്ങിയെന്ന ആരോപണവും സംഭാവനക്കൊള്ളയോടൊപ്പം ഉയർന്നു. ഇവരുടെ മനോഭാവം എന്തെന്ന് ഇൗ ആരോപണത്തിലൂടെ വ്യക്തമാണ്. പ്രാണപ്രതിഷ്ഠയ്‌ക്കുശേഷം വൻതോതിൽ സ്വത്ത് സന്പാദിച്ച് കോടീശ്വരൻമാരായി മാറിയവരും പ്രതിപ്പട്ടികയിലുണ്ട്.
അന്വേഷണത്തിലെ ഒളിച്ചുകളി
ആസൂത്രിത കുറ്റകൃത്യങ്ങളാണ് അയോധ്യയിൽ നടക്കുന്നതെന്ന് തെളിവുകളിൽ നിന്ന് വ്യക്തമാണ്. ട്രസ്റ്റികളുടെ പിന്തുണയില്ലാതെ ഇങ്ങനെ സംഭവിക്കില്ലെന്നതും വ്യക്തമാണ്. എന്നാൽ, ചംപത്ത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നീ വന്പൻസ്രാവുകളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പോയിട്ട്, ഇവരുടെ വീടുകൾ റെയ്‌ഡ് ചെയ്യാൻപോലും ബിജെപി സർക്കാർ നിയന്ത്രിക്കുന്ന അന്വേഷണ സംഘം തയ്യാറായിട്ടില്ല. അതെന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം വിഷയത്തിലെ ആർഎസ്‌എസിന്റെ ഭയത്തെ പ്രതിഫലിപ്പിക്കുന്നു. റായി, മിശ്ര, റാവു എന്നിവരെ തൊട്ടാൽ അന്വേഷണം തങ്ങളിലേക്കും എത്തുമെന്നാണ് ആർഎസ്‌എസ് നേതൃത്വം ഭയപ്പെടുന്നത്.
തട്ടിപ്പ് പുറത്തുവരാതിരിക്കാൻ ആദ്യം മുതൽക്കുതന്നെ ബിജെപി നേതൃത്വം ശ്രമിച്ചു. സംഭാവനക്കൊള്ള നടന്നുവെന്ന ആരോപണം ശക്തമായിട്ടും ദിവസങ്ങൾ കഴിഞ്ഞാണ് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഉത്തർപ്രദേശ് പൊലീസ് തയ്യാറായത്. സംഘപരിവാറിൽ നിന്നുയർന്ന ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യംപോലും പരിഗണിക്കപ്പെട്ടില്ല. വിരമിച്ച ജഡ്‌ജിമാരുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യവും തള്ളപ്പെട്ടു. ബിജെപിയുടെ മുതിർന്ന നേതാവ് രജനീഷ് സിങ് ഉൾപ്പെടെയുള്ളവർ ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും ഫലമുണ്ടായില്ല. അഴിമതിയെ സംബന്ധിച്ച് സംഘപരിവാറിൽ നിന്നുയർന്ന ഒരു ആരോപണം മാത്രമാണിത്. ആർഎസ്‌എസ് സഹയാത്രികരായ മതനേതാക്കൾപോലും വലിയ വിമർശനമാണുയർത്തുന്നത്. ഇൗ വിമർശനങ്ങളെത്തുടർന്ന് സമ്മർദം ശക്തമായതോടെ യുപി സർക്കാർ മൂന്നംഗങ്ങളടങ്ങിയ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുകയായിരുന്നു.
രാജ്യത്ത് പ്രതിപക്ഷ പാർട്ടികളിലെ ഏതെങ്കിലുമൊരു നേതാവിനെതിരെയോ, അല്ലെങ്കിൽ സംഘപരിവാർ രാഷ്ട്രീയത്തോട് വിയോജിക്കുന്നവർക്കെതിരെയോ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വ്യാജ ആരോപണം ഉയർന്നാൽ പോലും മണിക്കൂറുകൾക്കകം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെയും സിബിഐ ഉദേ-്യാഗസ്ഥരെയും അയച്ച് റെയ്ഡും അറസ്റ്റും നടത്തുന്ന മോദി സർക്കാരാണ് രാജ്യം ഭരിക്കുന്നത്. എന്നാൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ ശതകോടികളുടെ സാമ്പത്തിക ക്രമക്കേടും, കണക്കില്ലാത്ത സ്വർണം– വെള്ളി വെട്ടിപ്പും നടന്നിട്ടും ഈ അന്വേഷണ ഏജൻസികളൊന്നും അയോധ്യയുടെ അതിർത്തി കടക്കാൻ പോലുമുള്ള ധൈര്യം കാണിച്ചിട്ടില്ല.
മൗനവ്രതം
പ്രധാനമന്ത്രിയുടെ ഓഫീസാണ് മൂവരേയും ട്രസ്റ്റിലെത്തിച്ചത്. ഇവരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയാണ് നിലവിലെ അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ. കാണിക്ക എണ്ണിതിട്ടപ്പെടുത്താൻ നിയമിച്ച ചില ജീവനക്കാരുടെ അഴിമതി മാത്രമായി വിഷയത്തെ ലഘൂകരിക്കാൻ കേന്ദ്രസർക്കാരും യുപി സർക്കാരും ശ്രമിക്കുന്നു. മൂവരും പ്രതിചേർക്കപ്പെട്ടാൽ വിശ്വാസസംരക്ഷകരെന്ന മുഖംമൂടി പാടെ അഴിഞ്ഞുവീഴുമോയെന്ന ആശങ്ക ആർഎസ്‌എസിനുണ്ട്.
അയോധ്യയെന്ന ആയുധമുപയോഗിച്ച് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിൽ വീണ ചോര കുടിച്ചാണ് ആർഎസ്‌എസ്, മോദിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിച്ചത്. എന്നാൽ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന സംഭാവനക്കൊള്ളയിൽ ഒരക്ഷരം ഉരിയാടാൻ മോദി തയ്യാറായിട്ടില്ല. ആർഎസ്‌എസ് തലവൻ മോഹൻ ഭഗവതും മൗനം ആചരിക്കുന്നു. ബാബറി മസ്‌ജിദ് പൊളിച്ചും അയോധ്യയെ ആയുധമാക്കിയും അധികാരം പിടിച്ചവരാണ് ഇന്ന് അതേ അയോധ്യയിലെ കൊള്ളയുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത്. ഏതാനും ജീവനക്കാരുടെ മോഷണത്തിന്റെ കഥയല്ല ഇതെന്ന് ഇൗ മൗനത്തിൽ നിന്നുതന്നെ വ്യക്തമാണ്. സംഘപരിവാറിന്റെ വിശ്വാസരാഷ്ട്രീയത്തിന്റെ മുഖംമൂടിയാണ് ഇൗ കൊള്ളയിലൂടെ അഴിഞ്ഞുവീഴുന്നത്. l



