Tuesday, July 21, 2026

ad

Homeകവര്‍സ്റ്റോറിഹിന്ദുധർമത്തിന്റെ കോർപ്പറേറ്റ് യുക്തി

ഹിന്ദുധർമത്തിന്റെ കോർപ്പറേറ്റ് യുക്തി

കെ എൻ ഗണേശ്‌

യോദ്ധ്യയിലെ രാമക്ഷേത്രത്തിൽ 200 കോടിയിലധികം രൂപയുടെ കൊള്ള നടന്നത് അഖിലേന്ത്യാ തലത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്. ക്ഷേത്രം നിയന്ത്രിക്കുന്ന ട്രസ്റ്റിന്റെ സെക്രട്ടറിയായ ചംപത് റായിയെയും ട്രസ്റ്റംഗമായ അനിൽ മിശ്രയെയും മാറ്റിനിർത്തി ക്ഷേത്രത്തിന്റെ പരികർമികളായ 15 ഓളം പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. ക്ഷേത്രത്തിലെ ജീവനക്കാരായ മറ്റ് 24 പേർ അവധിക്ക് അപേക്ഷിച്ചിരിക്കുന്നു. 70 ഓളം ചെറുതും വലതുമായ മോഷണങ്ങൾ നടന്നതായും റിപ്പോർട്ടുകൾ വരുന്നു. തുളസിദാസിന്റെ രാമചരിതമാനസും മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ പെടുന്നു.

2024 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടന്നത്. അതിന് മുഖ്യകാർമികനായിരുന്നത് പ്രധാനമന്ത്രി തന്നെയായിരുന്നു. അതിനു ശേഷം ഏതാണ്ട് 5 കോടി പേർ ക്ഷേത്രത്തിൽ ആരാധന നടത്തിയെന്നാണ് അവകാശപ്പെടുന്നത്. കാണിക്കയായും സംഭാവനയായും കോടിക്കണക്കിന് രൂപ ക്ഷേത്രത്തിൽ വന്നിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ ഇത്രയധികം ധനസമാഹരണം നടത്താൻ മറ്റൊരു ക്ഷേത്രത്തിനും കഴിഞ്ഞിട്ടുണ്ടാവില്ല. ക്ഷേത്രം നിയന്ത്രിക്കുന്ന വിശ്വഹിന്ദുപരിഷത്തിന്റെ ധനശേഷിയും ഇതിൽനിന്നു വ്യക്തമാണ്.

അയോദ്ധ്യയിലെ രാമക്ഷേത്രം ഒരു ഭരണകൂടനിർമിതിയാണ്. ബാബറി മസ്ജിദിന്റെ ധ്വംസനത്തിനുശേഷം രാംലല്ല വിഗ്രഹത്തെ കേന്ദ്രീകരിച്ച് ഒരു ക്ഷേത്രം നിർമിക്കുകയെന്നത് ബി ജെപിയുടെ പ്രഖ്യാപിത നിലപാടായിരുന്നു. ഇതിനാവശ്യമായ ധനസമാഹരണം നടത്തി ക്ഷേത്രനിർമാണം പൂർത്തിയാക്കിയത് മോദി സർക്കാണ്. വിശ്വഹിന്ദുപരിഷത്ത് തങ്ങൾക്ക് വിട്ടുനൽകണമെന്ന് 1984 ൽ ആവശ്യപ്പെട്ട മൂന്നു ദേവാലയങ്ങളിൽ ആദ്യത്തേതായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. മറ്റു രണ്ടെണ്ണം, മഥുരയിലെ ഷാഹി ഈദ്ഗാഹും വാരാണസിയിലെ ഗ്യാൻവാപി പള്ളിയും, ഇപ്പോഴും തർക്കവിഷയങ്ങളാണ്.

വിഷ്‌ണുവും ശിവനും ത്രിമൂർത്തികളിൽപെടുന്ന ദേവതകളാണ്. രാമൻ അവതാരപുരുഷനാണെങ്കിലും രാമഭക്തിക്ക് മറ്റു ദേവതകളോളം വ്യാപ്തിയില്ല. എന്നാൽ ഉത്തരേന്ത്യയിൽ രാമഭക്തിക്ക് വൻതോതിൽ പ്രചാരമുണ്ട്. രാമനവമിയുടെ ചടങ്ങുകൾ, രാംലീല ഉത്സവം, രാംചരിത മാനസ് പോലുള്ള കൃതികളുടെ പ്രചാരം തുടങ്ങി രാമഭക്തി വ്യാപിപ്പിക്കുന്ന നിരവധി രൂപങ്ങളുണ്ട്. ഇവ എന്തുകൊണ്ടാണ് പ്രചരിച്ചത് എന്നതും അന്വേഷിക്കേണ്ടതാണ്. തുർക്കികളും അഫ്ഗാൻമാരും മുഗളരും ഇന്ത്യയിൽ വന്നപ്പോൾ ഏക സ്വഭാവമുള്ള ഒരു “ഹിന്ദു’ മതത്തെയല്ല അവർ ഇവിടെ കണ്ടത്. വ്യത്യസ്ത ദേവതകളും ആരാധനാ സമ്പ്രദായങ്ങളുമുള്ള തദ്ദേശീയ ജനതയെയാണ്. ഇവയിൽ ഒരു ധർമരാഷ്ട്രത്തെ സൃഷ്ടിച്ച ദേവത രാമനായിരുന്നു. അതുകൊണ്ട് സൂഫികളുടെ സ്വാധീനത്തിൽ വളർന്നു വന്ന മധ്യകാലഭക്തി പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച് കബീർ, റഹീമിനെയും രാമനെയും തുലനാത്മകമായ ദേവതകളായാണ് കണ്ടത്. 16 –-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ജീവിച്ച തുളസീദാസ് തന്റെ രാമചരിത മാനസിൽ വർണാശ്രമ ധർമത്തിന്റെ പ്രയോക്താവായി തന്നെ രാമനെ ചിത്രീകരിച്ചു. പിന്നീട് മറാത്തകളടക്കം വളർന്നുവന്ന തദ്ദേശീയരാഷ്ട്രങ്ങളിലെല്ലാം ഈ ധർമ്മരാഷ്ട്ര സങ്കല്പം നിലനിന്നതായി കാണാം.

ഈ ധർമ്മരാഷ്ട്ര സങ്കല്പം ഇസ്ലാമിക സുൽത്താനത്തിനും പദ് ഷാഹിക്കും എതിരായിരുന്നു. പിന്നീട് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലമർന്നപ്പോഴും ജനങ്ങൾക്കിടയിൽ ഈ ധർമരാഷ്ട്ര സങ്കല്പം പ്രചരിച്ചതായി കാണാം. മുസ്ലീം വിരുദ്ധതയും അതിന്റെ ഭാഗമായിരുന്നു. ജനങ്ങളിലെ മതപരമായ വിഭജനം വംശീയ വിഭജനമായി കണ്ട ബ്രിട്ടീഷ് ഭരണാധികാരികൾ ഒളിഞ്ഞും തെളിഞ്ഞും ഈ പ്രവണതകളെ പ്രോത്സാഹിപ്പിച്ചു. അഫ്ഗാനിസ്താനിൽ സൂക്ഷിച്ചതായി പറയപ്പെട്ട സോമനാഥക്ഷേത്രത്തിന്റെ കവാടം തിരികെ കൊണ്ടുവരാൻ ബ്രിട്ടീഷ് ഭരണാധികാരികൾ നടത്തിയ ശ്രമം ഉദാഹരണമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ രൂപം കൊണ്ട ഹിന്ദുധർമം ഏതെങ്കിലും വിധത്തിൽ വൈദിക പാരമ്പര്യത്തിലോ ഇന്ത്യൻ സാംസ്‌കാരിക സംഭാവനകളിലോ അധിഷ്ഠിതമായിരുന്നില്ല. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഹിന്ദുമതമായി കണക്കാക്കപ്പെട്ട വർണാശ്രമ ധർമത്തിലാണ് ഊന്നിയത്. ഇക്കാലത്ത് പ്രചരിപ്പിക്കപ്പെട്ട ബ്രിട്ടീഷ് കൊളോണിയൽ ചരിത്രരചനയും ഇതേ ആശയംതന്നെയാണ് പ്രചരിപ്പിച്ചത്. രാമൻ ഈ ആശയത്തിന്റെ പ്രധാന ചിഹ്നമായി മാറിയതിൽ അത്ഭുതപ്പെടാനില്ല. ഭഗവദ്ഗീതയിലെ കൃഷ്ണൻ മറ്റൊരു ചിഹ്നമായിരുന്നു.

ഇസ്ലാമടക്കമുള്ള അന്യമതവിരുദ്ധമായ ഹിന്ദുധർമത്തിന്റെ ആശയമാണ് ആധുനിക ഹിന്ദുപ്രസ്ഥാനങ്ങളിൽ നിലനിന്നത്. ആര്യസമാജത്തിന്റെ ശുദ്ധീകരണ പ്രക്രിയയിലും, അർദ്ധസൈനിക സാംസ്കാരിക സംഘടനയെന്ന നിലയിലുള്ള ആർ എസ് എസിന്റെ രൂപീകരണത്തിലും ഈ സ്വഭാവംകാണാം. നെഹ്‌റുവിന്റെ കാലത്ത് സ്വാധീനം ചെലുത്തിയ സെക്കുലർ ജനാധിപത്യ രാഷ‍ട്രീയം ഈ പ്രവണതയെ ഒരു പരിധിവരെ പാർശ്വവൽക്കരിച്ചു എന്നത് നേരാണ്. പക്ഷേ അന്നത്തെ ഉദ്യോഗസ്ഥരിൽപോലും ഇത് നിലനിന്നു. 1949 ലെ ബാബറി മസ്ജിദ് തർക്കത്തിൽ കെ.കെ. നായർ എന്ന ഉദ്യോഗസ്ഥൻ സ്വീകരിച്ച നിലപാടുകൾ ഇതിനു ഉദാഹരണമാണ്.

ഈ പശ്ചാത്തലം അയോദ്ധ്യയിലെ ഹിന്ദുക്ഷേത്രം സ്ഥാപിക്കുന്നതിലേക്കു നയിച്ച സംഭവങ്ങൾ മനസ്സിലാക്കുന്നതിന് വളരെ പ്രധാനമാണ്. ക്ഷേത്രം തകർത്ത് പള്ളി പണിതു എന്നത് മാത്രമായിരുന്നില്ല ഹിന്ദുത്വവാദികളുടെ ആരോപണം; മറിച്ച്, ഇന്ത്യയിലെ ഏറ്റവും മഹത്തായ ധർമരാജ്യം സൃഷ്ടിച്ച രാമന്റെ ജന്മഭൂമി തട്ടിയെടുത്തു എന്നതായിരുന്നു. ഹിന്ദുത്വവാദികളുടെ നിത്യമുദ്രാവാക്യമായ ജന്മഭൂമി സങ്കല്പവുമായി ഇതിനുള്ള ബന്ധം പ്രകടമാണ്. ഈ ജന്മഭൂമിവാദത്തിന് പുരാവസ്തു വിജ്ഞാനീയത്തിന്റെയും മറ്റും “തെളിവുകൾ’ ഹിന്ദുത്വവാദികൾ സൃഷ്ടിച്ച് ഹാജരാക്കി; ഇതെല്ലാം ഭൂമിയുടെ മേലുള്ള അവകാശം സ്ഥാപിച്ചെടുക്കാനുള്ള അടവുകൾ ആയിരുന്നു. സുപ്രീം കോടതി വിധി യിലൂടെ തർക്കസ്ഥലത്ത് ക്ഷേത്രം പണിയാനുള്ള അവകാശം സമ്പാദിച്ചതോടെ തർക്കത്തിൽ ഹിന്ദുത്വവാദികൾ വിജയിച്ചു. ദൈവവിശ്വാസം എന്നത് നിയമ സാധുതയുള്ള വാദമുഖമായി അവതരിപ്പിക്കുന്നതിലും അവർ വിജയിച്ചു.

പിന്നീട് പണിയപ്പെട്ട രാമക്ഷേത്രം പരമ്പരാഗതമായ രീതിയിൽ നിർമിക്കപ്പെട്ട ഒരു ദേവാലയമായിരുന്നില്ല. ഹിന്ദുത്വവാദികൾ വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന ഹിന്ദുരാഷ്ട്രത്തിന്റെ ആധാരശിലയായിരുന്നു. ഭരണകൂടത്തിന്റെ നേരിട്ടുള്ള കാർമ്മികത്വത്തിലാണ് ക്ഷേത്രം പണിതത്. ക്ഷേത്ര പരികർമികൾ മുഴുവൻ ഹിന്ദുത്വ ഭരണകൂടത്തിന്റെ വക്താക്കളുമായിരുന്നു. ക്ഷേത്രം പണിത ദേവസ്ഥാനത്തിന് നിയമസാധുത ഉണ്ടായിരുന്നതുകൊണ്ട് പൂർണമായും നിയമവിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനം എന്ന സ്വഭാവവും അതിനുണ്ടായി. ഇതിന്റെ ഫലമായി നടപ്പിലാക്കുന്ന ഹിന്ദുധർമത്തിന് ഭക്തർ എന്ന നിലയിൽ ജനത നൽകിയ അംഗീകാരമായി ഇവിടത്ത ഭക്തരുടെ തിരക്കിനെ കാണാം.

അതേസമയം ഇത് നിയമപരമായൊരു പൊതുസ്ഥാപനമാണ് അത് ഹിന്ദുത്വവാദികളുടെ സ്ഥാപനമാണെന്നും ഇസ്ലാം മത വിരുദ്ധസ്വഭാവം, അതായത് അന്യമതവിരുദ്ധ സ്വഭാവം അതിനുണ്ടെന്നതും നേരാണ്. എന്നിരുന്നാലും, ഒരു പൊതു സ്ഥാപനമെന്ന നിലയിൽ ഭരണഘടനയോടും ജനാധിപത്യ വ്യവസ്ഥയോടുമുള്ള ബാധ്യത ആ സ്ഥാപനത്തിനുണ്ട്. ഹിന്ദു ട്രസ്റ്റ് നടത്തിയാലും പൊതു സ്ഥാപനമെന്ന നിലയിൽ അത് പൊതുമുതലാണ്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും മേൽനോട്ടത്തിനും പരിശോധനയ്-ക്കും വിധേയവുമാണ്. ആ സ്ഥാപനത്തിൽ നടക്കുന്ന കൊള്ളയിലൂടെ ഭക്തർ കാണിക്ക വെച്ച പൊതുമുതലാണ് മോഷ്ടിക്കപ്പെടുന്നത്. അതിനെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനസമക്ഷം കൊണ്ടുവരാൻ ക്ഷേത്രപരികർമികൾ ബാധ്യസ്ഥരാണ്. കാണിക്ക വെച്ച മുതൽ പൊതുമുതലായതുകൊണ്ടുതന്നെ അതുമായി ബന്ധപെട്ട എല്ലാ ശിക്ഷാവിധികൾക്കും അവർ വിധേയരുമാണ്. ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം രാമഭക്തിയും വിശ്വാസവുമെല്ലാം സമ്പത്തും അധികാരവും നേടാനുള്ള ഉപാധികളാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.

മറ്റൊന്നുംകൂടി ഇവിടെ പ്രധാനമാണ്. കോടതി വിധി വഴി പൊതുമുതൽമുടക്കിൽ രൂപപ്പെട്ടുവന്ന ഈ സ്ഥാപനത്തിന് അവകാശപ്പെടാവുന്ന പാരമ്പര്യമോ കീഴ്‌വഴക്കങ്ങളോ ഒന്നുമില്ല. ശബരിമല കോടതി വിധി കീഴ്-വഴക്കങ്ങളുടെ പേരിൽ ചില ആളുകൾ ചോദ്യം ചെയ്തത് നമുക്ക് അറിയാവുന്നതാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് പറയാവുന്ന കീഴ്-വഴക്കം രാമായണം എന്ന കാവ്യവും ഹിന്ദുധർമവുമാണ്. അതായത് പ്രാദേശിക കീഴ്‌വഴക്കങ്ങളോ ആചാരങ്ങളോ ഇല്ല എന്നർഥം. അപ്പോൾ അയോദ്ധ്യയിലെ രാമക്ഷേത്രം ഒരു ഹിന്ദു രാഷ്ട്രീയ സ്ഥാപനമാണ്. ഇവിടെ നടക്കുന്ന മോഷണവും അഴിമതിയുമെല്ലാം രാഷ്ട്രീയ പ്രാധാന്യമുള്ളതുമാണ്.

ഇതു സൂചിപ്പിക്കുന്ന മറ്റൊരു കാര്യവുമുണ്ട്. ശബരിമലയിലെ ആചാര പ്രശ്നത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുമ്പോൾ സംഭവിച്ച സംഘർഷം എങ്ങനെ വിശ്വാസം ഒരു രാഷ്ട്രീയ പ്രശ്നമാകുമെന്നതിന്റെ തെളിവാണ്. രാമക്ഷേത്രത്തിൽ ആചാരലംഘനമല്ല സംഭവിച്ചത്; നഗ്നമായ കൊള്ളയാണ്. ഹിന്ദുധർമത്തിനനുസരിച്ചു പ്രവർത്തിക്കുന്ന ക്ഷേത്രവും നിയോ ലിബറൽ കാലത്ത് കോർപ്പറേറ്റ് കമ്പോള യുക്തിക്ക് അതീതമല്ല എന്നാണ് ഇത് കാണിക്കുന്നത്. പുതിയ സമൂഹഘടനയിൽ ഉണ്ണികൃഷ്ണൻ പോറ്റിമാരും ചംപത് റായിമാരും ഒരേ രീതിയിൽ ചിന്തിക്കുന്നവരാണ് എന്നർത്ഥം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 2 =

Most Popular