Tuesday, July 21, 2026

ad

Homeകവര്‍സ്റ്റോറിഹേ റാം! എന്താണിവിടെ നടക്കുന്നത് !

ഹേ റാം! എന്താണിവിടെ നടക്കുന്നത് !

ആർ സീത

രാമന്റെ പേരിൽ, അയോധ്യയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയാനായി ആർഎസ്എസ് നടത്തിയ കൂട്ടക്കൊലകൾക്കും ഒഴുക്കിയ ചോരപ്പുഴകൾക്കും കണക്കില്ല. അങ്ങനെ സൃഷ്ടിക്കപ്പെട്ട വർഗീയ ചേരിതിരിവിന്റെ പിൻബലത്തിലാണ് ആർഎസ്എസിന്റെ രാഷ്ട്രീയമുഖമായ ബിജെപി അധികാരം പിടിച്ചത്.

രാജ്യത്തെ ക്ഷേത്രങ്ങളുടെ ഭരണവും നിയന്ത്രണവും വിശ്വാസികൾക്കായിരിക്കണം, അതായത്, വിശ്വാസികളുടെ സംഘടനയെന്ന നിലയിൽ തങ്ങൾക്കായിരിക്കണം എന്നതും ആർഎസ്എസിന്റെ എക്കാലത്തെയും ആവശ്യമാണ്. അങ്ങനെ മത വിശ്വാസികളെ തടുത്തുകൂട്ടി അവരെ തങ്ങൾക്കുപിന്നിൽ അണിനിരത്തി അധികാരം പിടിക്കുകയെന്ന ഫാസിസ്റ്റ് തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്.

എന്നാൽ അധികാരം കെെക്കലാക്കൽ മാത്രമല്ല, ക്ഷേത്രങ്ങളുടെ ഭണ്ഡാരത്തിൽ കുമിഞ്ഞുകൂടുന്ന അളവറ്റ സ്വത്ത് കൊള്ളയടിക്കുകയെന്നതും ആർഎസ്എസിന്റെ ലക്ഷ്യങ്ങളിലൊന്നായി ഇപ്പോൾ പകൽപോലെ വെളിവായിരിക്കുന്നു. 2024 ജനുവരിയിലാണല്ലോ അയോധ്യയിലെ രാമക്ഷേത്രം മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി രാജ്യത്തെ ഹിന്ദുമതവിശ്വാസി സമൂഹത്തിനായി തിരക്കിട്ട് തുറന്നുകൊടുത്തത് – അതായത് കഷ്ടിച്ച് രണ്ടരവർഷമേ ആകുന്നുള്ളൂ. ലോക്-സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനുള്ള തന്ത്രമായാണ് തിരക്കിട്ടുള്ള ക്ഷേത്രം തുറന്നുകൊടുക്കലിനെ ലോകം കണ്ടത്. അതുമാത്രമല്ല, രാജ്യത്താകെയുള്ള രാമഭക്തരുടെ കീശയിലെ പണം ആർഎസ്എസിന്റെയും അതിന്റെ കെെകാര്യകർത്താക്കളുടെയും കീശയിലാക്കാനുള്ള തത്രപ്പാടും അതിനുപിന്നിൽ പതിയിരിക്കുന്നുണ്ടായിരുന്നു.

ഒട്ടേറെ വിവാദങ്ങൾക്കിടയാക്കിയിട്ടുള്ള 2019ലെ അയോധ്യ വിധിന്യായംതന്നെ വിശ്വാസത്തെ ആസ്പദമാക്കിയുള്ളതായിരുന്നല്ലോ. അതായത്, രാജ്യത്ത് നിലനിൽക്കുന്ന നിയമമായിരുന്നില്ല ആ വിധിയുടെ അടിസ്ഥാനമെന്നർഥം. ആ വിധിന്യായത്തിൽ രാമക്ഷേത്രം നിർമിക്കുന്നതിനും ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നതിനുമായി ഒരു ട്രസ്റ്റ് രൂപീകരിക്കാൻ സുപ്രീംകോടതി യൂണിയൻ ഗവൺമെന്റിനോട് നിർദേശിച്ചിരുന്നു. പക്ഷേ, അങ്ങനെ രൂപീകരിക്കപ്പെടുന്ന ട്രസ്റ്റ് സ്വകാര്യ ട്രസ്റ്റായിരിക്കണമോ പബ്ലിക് ട്രസ്റ്റായിരിക്കണമോയെന്ന് ആ വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നില്ല. ഈ വിധിന്യായത്തിന്റെ മറപറ്റി 2020ൽ ഒരു സ്വകാര്യ ട്രസ്റ്റ് രൂപീകരിക്കാനാണ് മോദി ഗവൺമെന്റ് തീരുമാനിച്ചത്. ആർഎസ്എസിലെയും വിശ്വഹിന്ദുപരിഷത്ത് ഉൾപ്പെടെയുള്ള പരിവാർ സംഘടനകളിലെയും ആളുകളെ ഉൾപ്പെടുത്തിയാണ് ആഭ്യന്തര മന്ത്രാലയം സ്ഥാപക ട്രസ്റ്റിന് രൂപംനൽകിയത്.

ശ്രീ റാം ജന്മഭൂമി തീർഥക്ഷേത്രം, ഗവൺമെന്റിൽനിന്നുള്ള ധനസഹായമോ ഭരണപരമായ പിന്തുണയോ ലഭിക്കാത്ത സ്വതന്ത്രവും സ്വയം ഭരണാധികാരമുള്ളതുമായ സംവിധാനമായാണ് പ്രവർത്തിക്കുക എന്ന നിലപാടാണ് അമിത്-ഷാ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രാലയവും സെൻട്രൽ ഇൻ-ഫർമേഷൻ കമ്മിഷനും സ്വീകരിച്ചത്. ‘സ്വയംഭരണാധികാര’മുള്ളത് എന്ന നിലയിലാണ് ഡൽഹി ഹെെക്കോടതിയും സെൻട്രൽ ഇൻഫർമേഷൻ കമ്മിഷനും ഈ ട്രസ്റ്റിന് വിവരാവകാശ നിയമം ബാധമകല്ല എന്ന് വിധിച്ചത്. ഈ വിധി ട്രസ്റ്റ് അധികൃതർക്ക് തുണയായി മാറുന്നത് ഇപ്പോഴത്തെ എസ്ഐടി അന്വേ ഷണത്തിൽ നമുക്ക് വ്യക്തമായി കാണാം.

തങ്ങൾ ‘‘എസ്ഐടിയുമായി പൂർണമായി സഹകരിക്കുകയാണെ’’ന്ന് പൊതുജന മധ്യത്തിൽ പറയുന്ന ട്രസ്റ്റ് ഭാരവാഹികൾ യഥാർഥത്തിൽ സത്യസന്ധവും പൂർണവുമായ വിവരങ്ങൾ എസ്ഐടിക്ക് കെെമാറാതിരിക്കാനുള്ള മറയാക്കി ട്രസ്റ്റിന്റെ സ്വതന്ത്ര, സ്വയംഭരണ പദവിയെ ഉപയോഗിക്കുകയാണ്. അനേ-്വഷണം നേർവഴിക്കാകാതിരിക്കാനും ഭരണപരമായ തെറ്റുകളെ മൂടിവയ്ക്കാനും അവർ ശ്രമിക്കുന്നുമുണ്ട്. സത്യസന്ധമായ വിവരങ്ങളറിയാനായി ശ്രമിക്കുന്ന അപൂർവം ചില ജേണലിസ്റ്റുകൾക്കുമുന്നിൽ കന്മതിൽ തീർക്കാനാണ് ട്രസ്റ്റ് ഭാരവാഹികൾ എസ്ഐടി അനേ-്വഷണത്തെ ഉപയോഗിക്കുന്നത്. കാണിക്കപ്പണം കൊള്ളയടിക്കപ്പെട്ടതിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്നും ഇപ്പോൾ അറസ്റ്റുചെയ്യപ്പെട്ടിട്ടുള്ള കൗണ്ടിങ് ഏജന്റുമാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിച്ചിരുന്നതെന്നും ട്രസ്റ്റിന്റെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമായിരിക്കവെയല്ല ‘മോഷണം’ നടന്നതെന്നും ഒരു സ്വകാര്യ ഏജൻസിയാണ് എസ്ബിഐക്കുവേണ്ടി പണം എണ്ണിതിട്ടപ്പെടുത്തുന്നതിന് മേൽനോട്ടം വഹിച്ചതെന്നുമാണ് ഇപ്പോൾ രാജിവെച്ചൊഴിയാൻ നിർബന്ധിതനായ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായി എസ്ഐടിക്ക് മൊഴി നൽകിയത്.

സർക്കാർ ഉടമസ്ഥതയിലുള്ളതോ സർക്കാർ ധനസഹായം ലഭിക്കുന്നതോ അല്ലാത്ത ഒരു സ്വതന്ത്ര സംവിധാനമായതിനാൽ തങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന പബ്ലിക് അതോറിറ്റിയല്ല എന്ന വാദമാണ് ട്രസ്റ്റ് ഉയർത്തുന്നത്. സെൻട്രൽ ഇൻഫർമേഷൻ കമ്മിഷന്റെ പിന്തുണയും ഇതിനവർക്കുണ്ട്. നിയമപരമായ ഈയൊരു മറയാണ് ക്ഷേത്രത്തിന്റെ ദെെനംദിന ബാലൻസ് ഷീറ്റുകളും ലെഡ്ജർ പേജുകളും സാധനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറുകളും പരിശോധിക്കുന്നതിൽനിന്നും വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽനിന്നും മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും തടയുന്നതിന് ഉപയോഗിക്കുന്നത്. എന്നാൽ നിയമവിദഗ്ധരുടെ അഭിപ്രായത്തിൽ, പൊതുജനങ്ങൾ ബന്ധപ്പെടുന്ന മതസ്ഥാപനം പ്രവർത്തിക്കുന്നത് സ്വകാര്യ ട്രസ്റ്റിനുകീഴിലാണെങ്കിൽ, അതായത് സാധാരണഗതിയിലുള്ള നിയമപരമായ ചട്ടക്കൂടിനുപുറത്താണ് അത് പ്രവർത്തിക്കുന്നതെങ്കിൽ വിശ്വസനീയമായ ഓഡിറ്റ് സംവിധാനത്തിന്റെ സൂക്ഷ്മപരിശോധനയ്ക്ക‍് വിധേയമാക്കാൻ ബാധ്യതയുണ്ട്. കാരണം, വിശ്വാസം സ്വകാര്യവിഷയമായിരിക്കെ തന്നെ ആ വിശ്വാസത്തിന്റെ പേരിൽ പൊതുജനങ്ങളിൽ നിന്നും സമാഹരിക്കപ്പെടുന്ന തുക പൊതുഫണ്ടുതന്നെയാണ്.

പൊതുജനങ്ങൾ നൽകുന്ന സംഭാവനകൾ അഥവാ കാണിക്ക, ട്രസ്റ്റികൾ ദുരുപയോഗം ചെയ്തതായി പരാതി ഉണ്ടായപ്പോൾ ഇന്ത്യയുടെ പരമോന്നത നീതിപീഠം ഇടപെട്ടതിന്റെ അനുഭവങ്ങൾ കഴിഞ്ഞ ഒരു ദശകത്തിനകം തന്നെ ഉണ്ടായിട്ടുണ്ട്. ഒന്ന്, തമിഴ്നാട്ടിലെ പ്രസിദ്ധമായ നടരാജക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി നടത്തിയ ഇടപെടലാണ് (2014ൽ). ആ ക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത് പാരമ്പര്യാവകാശമുണ്ടായിരുന്ന പോദു ദീക്ഷിതർ ട്രസ്റ്റാണ്. അതിന് പരിപൂർണ സ്വയംഭരണാധികാരവുമുണ്ടായിരുന്നു. ഒരു ക്ഷേത്രം സ്ഥിരമായി സർക്കാരിന് ഏറ്റെടുക്കാനാവില്ലെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാനും കണക്കുകൾ ഓഡിറ്റ് ചെയ്യാനും, പൊതുജനങ്ങളിൽനിന്ന് കാണിക്കയായി ലഭിക്കുന്ന പണം ദുരുപയോഗം ചെയ്യുകയോ സാമ്പത്തിക ക്രമക്കേടുകൾ വരുത്തുകയോ ചെയ്താൽ ട്രസ്റ്റികൾക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും സർക്കാരിന് അധികാരമുണ്ടെന്നാണ് ആ കേസിൽ സുപ്രീംകോടതി വിധിച്ചത്.

രണ്ടാമത്തെ കേസ് കേരളത്തിലേതുതന്നെയാണ്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം തിരുവിതാംകൂർ രാജകുടുംബത്തിന്റെ കെെവശമായിരുന്നു. ക്ഷേത്രത്തിന്മേലും അതിലെ നിലവറകളുടെമേലും തങ്ങൾക്ക് സ്വകാര്യാവകാശമുണ്ടെന്നായിരുന്നു രാജകുടുംബത്തിന്റെ വാദം. പാരമ്പര്യമായി അവർക്കുള്ള അവകാശം അംഗീകരിക്കവെതന്നെ പൊതുജനങ്ങൾ ബന്ധപ്പെടുന്ന മതസ്ഥാപനത്തിന്മേൽ സ്വകാര്യ കുത്തകാധികാരമുള്ളതായി കണക്കാക്കാനാവില്ലെന്നാണ് സുപ്രീംകോടതി വിധിച്ചത്. അതുകൊണ്ട് ക്ഷേത്ര സ്വത്തുക്കൾക്ക് മേൽനോട്ടം വഹിക്കാനും കർശനവും സുതാര്യവും മാനദണ്ഡങ്ങളനുസരിച്ചുള്ളതുമായ ഓഡിറ്റിങ് ഉറപ്പാക്കാനും സ്വതന്ത്ര അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചു. ഇന്ത്യയിലെ സ്വത്ത് – നികുതി നിയമപ്രകാരം, സ്വത്തുക്കൾ മതഭക്തരടങ്ങുന്ന ഒരു പൊതുസംവിധാനത്തിന് സമർപ്പിക്കപ്പെടുമ്പോൾ, സ്വാഭാവികമായും അത് പബ്ലിക് റിലീജിയൻസ് ട്രസ്റ്റ് എന്ന നിർവചനത്തിൻകീഴിലെത്തും. ആ നിർവചനം അയോധ്യ ക്ഷേത്ര ട്രസ്റ്റിനും ബാധകമാണ്.

‘ധാർമിക ഉത്തരവാദിത്വം’ ഏറ്റെടുത്ത് അയോധ്യയിലെ തീർഥ ക്ഷേത്രത്തിലെ രണ്ട് ട്രസ്റ്റിമാർ (ട്രസ്റ്റ് ജനറൽ സെക്രട്ടറിയും അംഗവും) – ചംപത് റോയിയും അനിൽ മിശ്രയും – രാജിവെക്കാൻ നിർബന്ധിതരായി. എന്നാൽ ട്രസ്റ്റിന്റെ ട്രഷറർ ഗോവിന്ദഗിരി രാജിവെച്ചിട്ടില്ല. അയാൾ പറയുന്ന വാദം താൻ പൂനെയിലാണ് കഴിയുന്നതെന്നും അതുകൊണ്ട് കാണിക്കയുമായും അതിന്റെ എണ്ണിതിട്ടപ്പെടുത്തലുമായും നേരിട്ട് ഒരു ബന്ധവുമില്ലെന്നും താൻ നിരപരാധിയാണെന്നുമാണ്. ഓഡിറ്റ് ചെയ്യപ്പെട്ട കണക്കുകൾ ഓരോ മാസാവസാനവും പരിശോധിക്കുക മാത്രമാണ് താൻ ചെയ്യുന്നത് എന്നുമാണ് ട്രസ്റ്റിന്റെ ട്രഷറർ സ്വയം ന്യായീകരിക്കുന്നത്.

1882ലെ ഇന്ത്യൻ ട്രസ്റ്റ്സ് ആക്ടു പ്രകാരം, ട്രഷററായി ചുമതലയുള്ളയാൾക്ക് ട്രസ്റ്റിന്റെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള പരിപൂർണ ഉത്തരവാദിത്തമുണ്ടെന്നാണ് നിയമവിദഗ‍്ധർ ചൂണ്ടിക്കാണിക്കുന്നത്. താൻ വളരെ അകലെയാണെന്ന വാദം ഉയർത്തി ട്രഷറർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നതാണ് നിയമം. ട്രസ്റ്റിന്റെ സെക്രട്ടറിക്കും ട്രഷറർക്കും അംഗത്തിനും കുറ്റം ജോലിക്കാരുടെ തലയിൽ ചുമത്തി ക്രിമിനൽ നടപടികളിൽനിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നതാണ് യാഥാർഥ്യം.

ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചു എന്നതുകൊണ്ട് ചംപത് റായിയെയും അനിൽ മിശ്രയെയും, ഒപ്പം ഗോവിന്ദഗിരിയെയും രണ്ടായിരം കോടിയോളം രൂപയുടെ സ്വത്തുക്കൾ കൊള്ളയടിച്ചതിന്റെ ക്രിമിനൽ നടപടികളിൽനിന്ന് ഒഴിവാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും തണലിലും സംരക്ഷണയിലുമാണ് കുറ്റകൃത്യങ്ങളിൽ പങ്കാളികളായിട്ടും ഇവരെല്ലാം ശിക്ഷാഭയമില്ലാതെ വിലസുന്നത്.

ട്രസ്റ്റിന്റെ ഭരണഘടനപ്രകാരം ഏതെങ്കിലുമൊരു ട്രസ്റ്റി രാജിവെച്ചാൽ അത് മറ്റു നടപടിക്രമങ്ങളൊന്നുംകൂടാതെ അംഗീകരിക്കണം. അതുകൊണ്ട് സർക്കാരിനും ഭരണസമിതിയിലെ മറ്റുള്ളവർക്കും ഭരണപരമായ പരാജയം മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്ന വാദമുന്നയിച്ച് ചർച്ചയോ നടപടിയോ കൂടാതെ തലയൂരാനാണ് ശ്രമം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − 3 =

Most Popular