Tuesday, July 21, 2026

ad

Homeകവര്‍സ്റ്റോറിസംഘപരിവാർ നേതൃത്വത്തിൽ ഭൂമിക്കൊള്ള

സംഘപരിവാർ നേതൃത്വത്തിൽ ഭൂമിക്കൊള്ള

ഗിരീഷ് ചേനപ്പാടി

2019 നവംബറിലാണല്ലോ ബാബറി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിനനുകൂലമായ വിധി സുപ്രീംകോടതിയിൽ നിന്നുവന്നത്. അതോടെ അയോധ്യയിലും പരിസരപ്രദേശങ്ങളിലും റിയൽ എസ്റ്റേറ്റിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ബിജെപിയുടെയും സംഘപരിവാർ സംഘടനകളുടെയും നേതാക്കൾ പരക്കം പാഞ്ഞു. ഗ്രാമീണരുടെ ഭൂമി അവർ വ്യക്തിപരമായി പല സ്ഥലങ്ങളിലും വാങ്ങിക്കൂട്ടി, ബിനാമി പേരുകളിൽ ഏക്കറുകണക്കിനു ഭൂമി സ്വന്തമാക്കി. അതുകൂടാതെ നേതാക്കൾ കൂട്ടായി ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ മറവിലും കോടികളുടെ ഭൂമിയിടപാടുകൾ നടത്തുകയും കൊള്ള ലാഭമടിക്കുകയും ചെയ്തു.

അയോധ്യയിലും സരയൂ നദിയുടെ തീരത്തും ഫെെസാബാദ് ജില്ലയിലാകമാനവുമാണ് ഈ രീതിയിൽ വമ്പൻ ഭൂമി കച്ചവടങ്ങൾ അരങ്ങേറിയത്. തലമുറകളായി ഈ പ്രദേശങ്ങളിൽ കൃഷി ചെയ്തു ജീവിക്കുന്ന ചെറുകിട–നാമമാത്ര കർഷകരാണ് ഏറെയും ഈ ഭൂമിക്കൊള്ളയ്ക്ക് വിധേയരായത്. ഇതിൽ ഗണ്യമായ ഒരു പങ്ക് കെെവശപ്പെടുത്തിയത് വൻകിട കുത്തയായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ആണ്. അദാനിക്കു ഭൂമി ചുളുവിലയ്ക്ക് കെെവശപ്പെടുത്താൻ ഒത്താശ നൽകിയവരിൽ ഏറെയും ബിജെപി നേതാക്കളാണ്. അതിൽ എം പിമാർ, എംഎൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ബിജെപി നേതാക്കൾ, വിവിധ സംഘപരിവാർ സംഘടനകളുടെ നേതാക്കൾ എന്നിവരെല്ലാം ഉൾപ്പെടും. ഓരോരുത്തരുടെയും ഗ്രേഡിനനുസരിച്ചാണ് കമ്മീഷൻ ലഭിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ആർഎസ്എസിന്റെയും ബിജെപിയുടെയും മറ്റു സംഘപരിവാർ സംഘടനകളുടെയും നേതാക്കൾ ഉൾപ്പെട്ട ഒരു മൾട്ടിസ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് ഹൗസിങ് സൊസെെറ്റിയാണ് ടെെംസിറ്റി. ഈ സൊസെെറ്റി കർഷകരിൽനിന്ന് ചുളുവിലയ്ക്ക് ഭൂമി വാങ്ങിയിട്ട് അദാനിക്ക് മറിച്ചുവിൽക്കുന്നു. അതിലൂടെ ദിവസങ്ങൾക്കുള്ളിൽ കോടിക്കണക്കിന് രൂപയുടെ കൊള്ളലാഭമാണ് സൊസെെറ്റിക്ക് ലഭിക്കുന്നത്.

ഒരുദാഹരണം നമുക്കു നോക്കാം. 2021 ഫെബ്രുവരിയിൽ ഗണേശ് യാദവും കണ്ഡുത്രാദേവിയാദവും ചേർന്ന് 0.56 ഹെക്ടർ ഭൂമി (ഒന്നേ കാൽ ഏക്കറിൽ കൂടുതൽ വരും) സുധാദീക്ഷിത് എന്ന വ്യക്തിക്ക് 33.53 ലക്ഷം രൂപയ്ക്ക് വിൽക്കുന്നു. രണ്ടുവർഷത്തിനുശേഷം 2023ൽ സുധാദീക്ഷിത് ഇതേ ഭൂമി ടെെംസിറ്റിക്ക് 73 ലക്ഷം രൂപയ്ക്ക് വിൽക്കുന്നു. ഇവിടെ സർക്കാർ നിശ്ചയിച്ച മാർക്കറ്റ് വില 98 ലക്ഷം രൂപയാണ്. ഭരണസ്വാധീനമുപയോഗിച്ച് നിയമ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് വ്യക്തം. ഈ ഭൂമി ഒരു മാസത്തിനുള്ളിൽ ടെെംസിറ്റി മറിച്ചുവിൽക്കുന്നു. ഒരു മാസത്തിനുള്ളിൽ ആ ഭൂമി വിറ്റ വില കേട്ടാൽ ആരും അമ്പരന്നുപോകും. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഹോം ക്വസ്റ്റ് ഇൻഫ്രാസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് (എച്ച്ഐപിഎൽ) എന്ന കമ്പനിക്കു 2.54 കോടി രൂപയ്ക്കാണ് ഈ ഭൂമി ടെെംസിറ്റി വിറ്റത്-. 2023 ഒക്ടോബറിൽ രജിസ്ട്രാർ ഒാഫ് കമ്പനീസ് നൽകിയ കത്തനുസരിച്ച്, അദാനി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് എച്ച്ഐപിഎൽ.

അദാനിയുടെ കമ്പനികളും ബിജെപി നേതാക്കളുടെ നേതൃത്വത്തിലുള്ള സൊസെെറ്റിയും പരസ്പരം ഒത്തുകളിച്ചാണ് പാവപ്പെട്ട കർഷകരെ വഞ്ചിച്ചത്. സംഘപരിവാർ നേതാക്കളുടെ ഇംഗിതത്തിനനുസരിച്ച് നിയമവും ചട്ടവുമെല്ലാം അട്ടിമറിക്കപ്പെട്ടു.

2023 ഡിസംബർ 14ന് ഭരത് ഭൂഷൺ യാദവ് എന്ന ചെറുകിട കർഷകൻ 0.4 ഹെക്ടർ (ഒരേക്കർ) ഭൂമി 39.92 ലക്ഷം രൂപയ്ക്ക് ടെെംസിറ്റിക്ക് വിൽക്കുന്നു. കൃത്യം പതിനഞ്ചു ദിവസത്തിനുശേഷം ടെെംസിറ്റി ഈ ഭൂമി നേരത്തെ പറഞ്ഞ അദാനിയുടെ കമ്പനിയായ എച്ച്ഐപിഎല്ലിന് 1.02 കോടി രൂപയ്ക്ക് വിൽക്കുന്നു. അതായത്, 15 ദിവസത്തിനുള്ളിൽ 60 ലക്ഷത്തിലേറെ രൂപ ടെെംസിറ്റിക്ക് കൊള്ളലാഭം ലഭിച്ചുവെന്ന് സാരം.

കർഷകരെ കൊള്ളയടിക്കാൻ സംഘപരിവാർ സംഘടനകൾ ആസൂത്രിതമായ ശ്രമം നടത്തിയിട്ടുള്ളതായും മാധ്യമങ്ങൾ മുൻപേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അയോധ്യക്ഷേത്ര നഗരിയോടു ചേർന്നുള്ള മുഴുവൻ ഭൂമിയും സർക്കാർ ഏറ്റെടുക്കും, സർക്കാർ രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതികൾക്കായി കെെമാറും, സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് വില കിട്ടുന്ന കാര്യം കണ്ടറിയണം, അഥവാ വില കിട്ടിയാൽ തന്നെ നിസ്സാര വിലയേ കിട്ടൂ, അതുതന്നെ ലഭിക്കാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങണം എന്നിങ്ങനെയാണ് സംഘപരിവാർ സംഘടനകൾ ആസൂത്രിതമായി പ്രചരിപ്പിച്ചത്. ഇത് വിശ്വസിച്ച പാവപ്പെട്ട കർഷകർ കിട്ടുന്ന വിലയ്ക്ക് ഭൂമി വിൽക്കാനുള്ള പരക്കം പാച്ചിലിലായി. തങ്ങൾ കർഷകരുടെ രക്ഷകരാണെന്നാണ് അന്ന് സംഘപരിവാർ പ്രചരിപ്പിച്ചത്.

അയോധ്യ ഉൾപ്പെടുന്ന ഫെെസാബാദ് ജില്ലയിലെ ഭൂമി ഏതാണ്ട് പൂർണമായും ഇങ്ങനെ അദാനിയുടെയും മറ്റു വൻകിട കോർപ്പറേറ്റുകളുടെയും ഉടമസ്ഥതയിലായി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണക്കാർക്ക് വീടുവയ്ക്കാൻ കടുത്ത നിയന്ത്രണമാണ് ഇവിടെയുള്ളത്. എന്നാൽ, ആ നിയന്ത്രണങ്ങളൊന്നും കുത്തകകൾക്ക് ബാധകമല്ല, ബിജെപി ഭരണത്തിൻകീഴിൽ. ടൂറിസ്റ്റു പ്രോജക്ടുകളുടെ ഭാഗമായി കുത്തകകൾ ബഹുനില മന്ദിരങ്ങൾ പണിതുയർത്തിയപ്പോൾ നിയമവും ചട്ടവുമൊന്നും അവരെ തടഞ്ഞില്ല. പാരിസ്ഥിതിക ആഘാതമോ മറ്റു മാനദണ്ഡങ്ങളോ ഒന്നും പരിഗണിക്കപ്പെട്ടതേയില്ല.

അദാനി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ അയോധ്യയിൽമാത്രം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് പിടിഐ ഉൾപ്പെടെയുള്ള ഏജൻസികൾ റിപ്പോർട്ടു ചെയ്തത്. ഫെെസാബാദ് ജില്ലയിലെ കൃഷിഭൂമി മിക്കതും ഇപ്പോൾ ഏതാനും കുത്തകകളുടെ കയ്യിൽ എത്തപ്പെട്ടിരിക്കുകയാണ്. പാവപ്പെട്ട കർഷകർ പലരും നിസ്സാരവിലയ്ക്ക് ഭൂമി വിറ്റിട്ട് മറ്റു ജില്ലകളിലേക്ക് കുടിയേറാൻ നിർബന്ധിതരായിരിക്കുകയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭൂമിക്കച്ചവടങ്ങളിൽ പലതിന്റെയും ഇടനിലക്കാർ സംഘപരിവാർ നേതാക്കളും പ്രവർത്തകരുമായിരുന്നത്രേ. അക്ഷരാർഥത്തിൽ, അവയെല്ലാം ശരിക്കും ഭൂമിക്കൊള്ളകളായിരുന്നു; ബലിയാടാക്കപ്പെട്ടത് പാവപ്പെട്ട കർഷകരും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − fourteen =

Most Popular