നൂറ്റാണ്ടുകൾക്കുമുൻപ്, കൃത്യമായി പറഞ്ഞാൽ 1528ൽ, മുഗൾ ചക്രവർത്തിയായിരുന്ന ബാബറിന്റെ കാലത്ത് നിർമിക്കപ്പെട്ട കേവലമൊരു മതനിർമിതി, 20–ാം നൂറ്റാണ്ടിൽ ഇന്ത്യയെന്ന വൈവിധ്യങ്ങൾനിറഞ്ഞ ഒരു രാജ്യത്തിന്റെ ഭൂതവും ഭാവിയും വർത്തമാനവും എന്നേയ്‌ക്കുമായി മാറ്റിമറിക്കാൻ കാരണമെന്താണ്? ശ്രീരാമ ജന്മഭൂമിയെന്ന് കരുതപ്പെടുന്ന പ്രദേശത്തുനിന്ന് മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ പൊളിച്ചുനീക്കണമെന്ന തീവ്രഹിന്ദുത്വവാദികളുടെ രാഷ്‌ട്രീയ പദ്ധതിയെ എൺപതുകളിൽ ചെറുത്തുതോൽപ്പിച്ച ഹിന്ദുക്കൾ ആ നിലപാടിൽനിന്ന് പിന്മാറിയതെന്തുകൊണ്ടാണ്? 1992ലെ ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ ഇൗ രാജ്യത്തിന്റെ സാമൂഹിക –രാഷ്‌ട്രീയ ചർമത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവായി ബാബ്‌റിയുടെ മിനാരങ്ങൾ തകർന്നുവീണതെങ്ങനെയാണ്..? കുപ്രചരണങ്ങളും അപനിർമിതികളും പേശീബലവും മാത്രമല്ല, വർഗീയ കലാപങ്ങളും ചേർന്ന് ജന്മം നൽകിയ ആർഎസ്‌എസിന്റെ രാമനെ എങ്ങനെയാണ് നിർദോഷികളായ സാധാരണ ഹിന്ദുക്കൾ അവരുടെ രാമനെന്ന് തെറ്റിദ്ധരിക്കുന്നത്? ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനം പിടിച്ചെടുക്കാനാണ് സംഘപരിവാരവും ബിജെപിയും 1984ൽ രാമജന്മഭൂമി പ്രസ്ഥാനം ആരംഭിച്ചതെന്ന് എല്ലാവർക്കുമറിയാം. 2019ൽ വൈരുദ്ധ്യങ്ങളും ചരിത്രനിരാസങ്ങളും ന ഒരു സുപ്രീംകോടതി വിധിയിലൂടെ അയോധ്യയിൽ പ്രതിഷ്‌ഠിക്കപ്പെട്ടത് ആർഎസ്‌എസിന്റെ രാഷ്‌ട്രീയ രാമനാണ്, സാധാരണക്കാരായ ഹിന്ദുക്കളുടെ രാമനല്ല.
1949 ഡിസംബർ 22 ന് രാത്രി മസ്‌ജിദിനുള്ളിൽ ഒളിച്ചുകടത്തപ്പെട്ട രാമവിഗ്രഹമായിരുന്നു അയോധ്യ പദ്ധതിയുടെ നിർണായക വഴിത്തിരിവ്. എടുത്ത് പുഴയിലെറിയാൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പറഞ്ഞ അതേ വിഗ്രഹം, പിൽക്കാലത്ത് രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തിന്റെ അബോധ മനസിനുള്ളിൽ സംഘപരിവാറിന്റെ വിധ്വംസക രാഷ്‌ട്രീയം ഒളിച്ചുകടത്തുന്നതിനുള്ള ആയുധമായി മാറി. അർദ്ധരാത്രിയിൽ ഒളിച്ചുകടത്തപ്പെട്ട വിഗ്രഹം മസ്‌ജിദിനുള്ളിൽ സ്വയം വെളിപ്പെട്ടുവെന്ന കുപ്രചരണമാണ് വിഎച്ച്‌പിയും സംഘപരിവാറും പിന്നീട് മെനഞ്ഞെടുത്തത്. വർഗീയ അസ്വസ്ഥത പടർന്നതോടെ ഫൈസാബാദിന്റെ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന മലയാളി കെ കെ നായർ ബാബറി മസ്ജിദ് പൂട്ടി സീൽവെച്ചു. പ്രിയ ദത്ത് റാമിനെ റിസീവറായും നിയമിച്ചു. ദിവസത്തിൽ രണ്ടുതവണ പൂജ നടത്താൻ പുരോഹിതന് അനുവാദം നൽകിയതോടെ നൂറ്റാണ്ടുകളായി തുടർന്ന തൽസ്ഥിതി കീഴ്‌മേൽ മറിഞ്ഞു. 1950 ജനുവരിയിൽ ഗോണ്ട നിവാസിയായ ഗോപാൽ സിംഗ് വിശാരദ് ആണ് പൂജയ്‌ക്ക് അനുവാദമാവശ്യപ്പെട്ട് ആദ്യ കേസ് നൽകിയത്. പിന്നീട് 1959 ൽ നിർമോഹി അഖാഡയും 1961ൽ ഉത്തർപ്രദേശ് സുന്നി മുസ്ലീം വഖഫ് ബോർഡും കേസ് നൽകി. 1989 ജൂലൈയിൽ മറ്റൊരു കേസും ഫയൽ ചെയ്യപ്പെട്ടു. നാല് കേസുകളും കീഴ്-കോടതിയിൽനിന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിലേക്ക് പിന്നീട് മാറ്റപ്പെട്ടു.
അന്ന് പുഴയിലെറിഞ്ഞൂവെങ്കിൽ എന്ന് നെടുവീർപ്പിടുന്നവരുടെ നിരാശാബോധം എത്രമേൽ ആഴവും അർഥവുമുള്ളതാണെന്ന് വർത്തമാനകാല ഇന്ത്യയുടെ രാഷ്‌ട്രീയദിശ സാക്ഷ്യപ്പെടുത്തുന്നു. 1992ൽ മിനാരങ്ങൾ തകർത്തിറങ്ങിപ്പോകവേ അക്രമികളായ കർസേവകർ വിളിച്ച ‘മഥുര,കാശി ബാക്കി ഹേ ’(മഥുരയും കാശിയും ബാക്കിയാണ്) എന്ന മുദ്രാവാക്യം ഇപ്പോഴും നമ്മുടെ ജനാധിപത്യ ജീവിതത്തിനുമേൽ തൂങ്ങിക്കിടക്കുന്ന വാളാണ്.
റാം–ജാനകി രഥയാത്ര എന്ന തുടക്കം
അയോധ്യയെ വിശാലമായ രാഷ്‌ട്രീയ പദ്ധതിയായി ഏറ്റെടുക്കുകയും അതിനെ തീവ്രവൽക്കരിക്കുകയും ചെയ്‌തത് റാം–-ജാനകി രഥയാത്രയിലൂടെ വിശ്വഹിന്ദു പരിഷത്താണ് . രാഷ്ട്രീയ മതമായി ഹിന്ദൂയിസത്തെ പ്രതിഷ്‌ഠിക്കാനുളള ആദ്യ സംഘടിതശ്രമം.
സംഘപരിവാർ രാഷ്‌ട്രീയ പദ്ധതിയുടെ ഭാഗമായി ആ ദൗത്യമേറ്റെടുക്കാൻ വിഎച്ച്‌പി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 1984 ഏപ്രിൽ 7, 8 തീയതികളിൽ ഡൽഹിയിൽ ചേർന്ന ആദ്യ ‘ധർമ്മ സൻസദ്’ അയോധ്യ തിരിച്ചുപിടിക്കാൻ തീരുമാനിച്ചു; അതിന്റെ ഭാഗമായാണ് ഈ യാത്ര.
ബിഹാറിലെ സിതാർമഹിയിൽ നിന്ന് അയോധ്യയിലേയ്‌ക്ക് നടത്തിയ രഥയാത്ര പിന്നീട് ഡൽഹിയിൽ എത്തിച്ചേരും വിധമായിരുന്നു രൂപകൽപ്പന ചെയ്‌തത്. അയോധ്യയിൽനിന്ന് രാജ്യത്തിന്റെ ഭരണസിരാകേന്ദ്രം കുടികൊള്ളുന്ന ഡൽഹിയിലേക്ക് യാത്ര നീട്ടിയതും നിഗൂഢമായ രാഷ്‌ട്രീയ സന്ദേശമായിരുന്നു. ഹിന്ദുക്കളിൽ ഹിന്ദുത്വ അവബോധം സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ആ യാത്ര. ചക്രവർത്തിയായിരുന്ന വിക്രമാദിത്യൻ ഏകദേശം 2100 വർഷങ്ങൾക്കുമുമ്പ് അയോധ്യയിൽ ശ്രീരാമന്റെ ജന്മസ്ഥലത്ത് മഹത്തായ ക്ഷേത്രം പണിയുകയും, ദേശീയ നായകനും മാതൃകയും എന്ന നിലയിൽ ശ്രീരാമന്റെ ഓർമ്മകളെ മഹത്വപ്പെടുത്തുന്നതിനും ശാശ്വതമാക്കുന്നതിനുമായി അത് ശ്രീരാമന് സമർപ്പിക്കുകയും ചെയ്തു. പ്രചരണമുണ്ടായി. തുടർന്ന് നടത്തിയ കുപ്രചരണങ്ങൾ ഇപ്രകാരമാണ്: പ്രകൃതിയുടെ വ്യതിയാനങ്ങൾ ബാധിച്ച പഴയ ക്ഷേത്രങ്ങൾക്ക് പകരമായി വ്യത്യസ്ത സമയങ്ങളിൽ കൂടുതൽ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടു, ഏകദേശം 11–-12 നൂറ്റാണ്ടുകളിൽ ഗഹദ്വാല കാലഘട്ടം വരെ ബാബറി ക്ഷേത്രം നിലനിന്നു; 1528-ൽ ‘മുഗൾ അധിനിവേശക്കാര’നായ ബാബറിന്റെ കമാൻഡറായ മിർ ബാക്കി ഈ ക്ഷേത്രം തകർക്കാൻ പുറപ്പെട്ടു; ക്ഷേത്രത്തെ കൊള്ളക്കാരിൽനിന്ന് രക്ഷിക്കാൻ ശ്രീരാമ ഭക്തർ (ഭക്തർ) നടത്തിയ ആദ്യ യുദ്ധം 15 ദിവസം നീണ്ടുനിന്നു. ക്ഷേത്രം കീഴടക്കാൻ കഴിയാതെ വന്ന അധിനിവേശക്കാർ പീരങ്കികൾ ഉപയോഗിച്ച് അത് നശിപ്പിച്ചു. ഏകദേശം 176,000 രാമഭക്തർ ജീവൻ ബലിയർപ്പിച്ചു; തകർക്കപ്പെട്ട ക്ഷേത്ര സ്ഥലത്ത് മസ്‌ജിദ് ബലമായി സ്ഥാപിക്കപ്പെട്ടു; ഹിന്ദു ധർമ്മത്തിനെതിരെ ഇസ്ലാമിന്റെ വിജയത്തിന്റെയും ‘ഇസ്ലാമിന്റെ ശക്തി’ ഹിന്ദുസ്ഥാനെ കീഴടക്കിയതിന്റെയും പ്രതീകമായാണ് ബാബർ ഈ ഘടന നിർമ്മിച്ചതെന്നും സംഘകേന്ദ്രങ്ങൾ നിർബാധം പ്രചരണമഴിച്ചുവിട്ടു.
അയോധ്യ രാമജന്മഭൂമിയെ “വിമോചിപ്പിക്കാൻ’’ പ്രതിജ്ഞയെടുക്കുമെന്നാണ് യാത്രയുടെ തുടക്കത്തിൽ വിഎച്ച്‌പി പ്രഖ്യാപിച്ചത്. പക്ഷേ അത് നടപ്പായില്ല. വർഗീയ നീക്കമെന്ന് തിരിച്ചറിഞ്ഞ വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ട അയോധ്യ നിവാസികൾ സംഘപരിവാരത്തെ തടയുകയായിരുന്നു. പ്രധാന റോഡുകൾ ഹിന്ദുക്കളും മുസ്ലീങളും ജൈനരും ബുദ്ധരുമെല്ലാം ഒറ്റക്കെട്ടായി തടഞ്ഞതോടെ വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ നേതൃത്വത്തിൽ എത്തിയവർക്ക് ബാബറി മസ്ജിദിലേക്ക് എത്താനായില്ല. നാട്ടുകാർ ബലംപ്രയോഗിച്ച് തടയുമെന്ന ഘട്ടമെത്തിയപ്പോൾ സത്യത്തിൽ സിംഗാളും കൂട്ടരും ഓടിപ്പോയെന്ന് പറയാം. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള സരയുവിന്റെ തീരത്ത് പ്രതിജ്ഞയെടുത്ത് വിഎച്ച്‌പിക്കാർക്ക് പിരിയേണ്ടിവന്നു. എന്നാൽ പ്രതീക്ഷ നൽകിയ ഇൗ ജനകീയ ചെറുത്തുനിൽപ്പ് പിന്നീട് അപ്രത്യക്ഷമായിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഇന്നും ബാബ്‌റി മസ്‌ജിദ് അയോധ്യയിൽതന്നെ നിലനിൽക്കുമായിരുന്നു എന്ന് കരുതുന്നവരുണ്ട്. രഥയാത്ര മുന്നോട്ടുനീങ്ങിയെങ്കിലും പിന്നെയും തടസങ്ങളുണ്ടായി. അതിൽ പ്രധാനം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കൊലപാതകമായിരുന്നു. 1984 ഒക്ടോബർ 31-ന് ഇന്ദിര കൊല്ലപ്പെടുകയും രഥയാത്രയിൽനിന്ന് രാഷ്‌ട്രീയാന്തരീക്ഷം മാറ്റിസ്ഥാപിക്കപ്പെടുകയും ചെയ്‌തതോടെ യാത്ര നിർത്തിവെയ്‌ക്കേണ്ടി വന്നു. തുടർന്ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആർഎസ്‌എസിന്റെ രാഷ്‌ട്രീയ മുഖമായ ബിജെപിക്ക് ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടതായി വന്നു. ആകെയുള്ള 543 സീറ്റിൽ വെറും രണ്ട് സീറ്റിലേയ്‌ക്ക് ഹിന്ദുത്വത്തിന്റെ പ്രത്യക്ഷരാഷ്‌ട്രീയ പ്രാതിനിധ്യം ഒതുങ്ങി.
തോൽവിയിൽ പിന്നോട്ടുപോകാതെ അയോധ്യ പദ്ധതിയെ കൂടുതൽ തീവ്രവൽക്കരിക്കാനായിരുന്നു സംഘപരിവാർ തീരുമാനം. 1984ൽ തന്നെ അത് കൂടുതൽ രൂക്ഷമാക്കുകയും ചെയ്‌തു. 1948 ജനുവരി 30-ന് മഹാത്മാഗാന്ധി കൊല്ലപ്പെടുംവരെ ഹിന്ദുമഹാസഭയുടെ സഹോദര സംഘടനയെപ്പോലെ പ്രവർത്തിച്ച ആർഎസ്‌എസ്, അവരുമായി പ്രത്യക്ഷത്തിൽ വേർപെട്ടുവെന്ന പ്രതീതി ജനിപ്പിക്കാൻ ശ്രമിച്ചിരുന്നു. നാഥുറാം ഗോഡ്‌സെയുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനായിരുന്നു ഇത്. 1930-കൾ മുതൽ ഹിന്ദു മഹാസഭയിൽനിന്ന് പൂർണ്ണമായും വേർപിരിഞ്ഞാണ് തങ്ങൾ പ്രവർത്തിച്ചിരുന്നതെന്ന പ്രചാരണവും അവർ നടത്തിയിരുന്നു. എന്നാൽ, അയോധ്യയെന്ന സുവർണാവസരം മുതലാക്കാൻ ആർഎസ്‌എസ് തീരുമാനിച്ചുറപ്പിച്ചിരുന്നു. ബിജെപി നേതാവ് എൽ കെ അദ്വാനിയെ അയോധ്യപ്രചാരണത്തിന്റെ തലവനായി പ്രതിഷ്‌ഠിച്ചു. അതിന് ആദ്യം നിലവിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അയോധ്യപ്രസ്ഥാനത്തെ ആർഎസ്എസിന് സ്വന്തം കെെപ്പിടിയിലാക്കണമായിരുന്നു. അതിനുവേണ്ടി, ആർഎസ്‌എസിന് അയോധ്യയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ആർഎസ്എസ് കള്ളങ്ങളും കുപ്രചരണങ്ങളും അഴിച്ചുവിട്ടുകൊണ്ടേയിരുന്നു. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ആർഎസ്എസ് പ്രചാരകനായിരുന്ന – – നാനാജി ദേശ്മുഖ് – 1949ൽ വിഗ്രഹം ഒളിച്ചുകടത്തിയവരിൽ പ്രധാനിയാണെന്ന വാദമായിരുന്നു അതിൽ പ്രധാനം. അതിലൂടെ അയോധ്യ പ്രസ്ഥാനത്തിൽ മെച്ചപ്പെട്ട സ്ഥാനം നേടാനും അവർക്ക് കഴിഞ്ഞു.
2018-ൽ പുറത്തിറക്കിയ ‘ദി ആർഎസ്എസ്: എ വ്യൂ ടു ദി ഇൻസൈഡ്’ എന്ന പുസ്തകത്തിൽ രചയിതാക്കളായ വാൾട്ടർ കെ ആൻഡേഴ്സനും ശ്രീധർ ഡി ഡാംലെയും ദേശ്‌മുഖിന്റെ പങ്ക് സ്ഥാപിക്കാൻ ഒരു പരാമർശം എഴുതിചേർത്തിരുന്നു. “1949 ഡിസംബറിൽ രാമജന്മഭൂമി സ്ഥലത്ത് തുടർച്ചയായ ഭജനുകൾ അദ്ദേഹം സംഘടിപ്പിച്ചുവെന്നാണ് പറയുന്നത്.’ എന്നാലിതിന് യാതൊരു ചരിത്ര പിൻബലവും നൽകാൻ അവർക്കായിട്ടില്ല. പത്രപ്രവർത്തക നീർജ ചൗധരിയുടെ പുസ്തകമായ ‘ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ്’ എന്ന പുസ്തകത്തിലും ഇൗ മിത്തിനെ ചരിത്രമാക്കാൻ ശ്രമം നടത്തിയിട്ടുണ്ട്.
1986 ഫെബ്രുവരി 1ന് ജില്ലാകോടതി നിർദേശത്തെ തുടർന്ന് ബാബറി മസ്ജിദിന്റെ അകത്തെ കവാടം തുറന്നുനൽകിയത് നിർണായകമായി. പ്രതിഷേധസൂചകമായി മുസ്ലീങ്ങൾ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. 1987ൽ റിപ്പബ്ലിക് ദിനം ബഹിഷ്‌ക്കരിക്കാൻ കമ്മിറ്റി ആഹ്വാനം നൽകി. ആർഎസ്എസ് പാസാക്കിയ ഒരു പ്രമേയത്തിൽ മുസ്ലീങ്ങളെ ബാബറിന്റെ അനുയായികൾ എന്നാണ് വിശേഷിപ്പിച്ചത്.
1989 നവംബർ 9ന് ശിലാന്യാസം നടത്താൻ കോൺഗ്രസ് പ്രധാനമന്ത്രി രാജീവ് ഗാന്ധി വിഎച്ച്‌പിയെ അനുവദിച്ചതും നിർണായകമായി. ക്ഷേത്രത്തിലേയ്‌ക്കുള്ള പ്രധാന കാൽവയ്‌പ്പായി ഇതിനെ സംഘപരിവാർ കൊണ്ടാടി. സംഘപരിവാറിനോടുള്ള കോൺഗ്രസിന്റെ മൃദുസമീപനത്തിന്റെ തെളിവായിരുന്നു ഇൗ നിലപാട്. 1983 മാർച്ചിൽ,യുപിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ദൗ ദയാൽ ഖന്ന, ഒരു ഹിന്ദു സമ്മേളനത്തിൽ അയോധ്യ, മഥുര, കാശി എന്നിവ തിരിച്ചുപിടിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിന്റെ തുടർച്ച. രണ്ടുതവണ ഇന്ത്യയുടെ ഇടക്കാല പ്രധാനമന്ത്രിയായിരുന്ന ഗുൽസാരി ലാൽ നന്ദയെ വേദിയിലിരുത്തിയായിരുന്നു ആ പ്രഖ്യാപനം.
കലാപങ്ങളുടെ തുടക്കം
1990 സെപ്തംബർ 25ന് എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ അയോധ്യ പ്രസ്ഥാനത്തിന് പിന്തുണ തേടി ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് രഥയാത്രയാരംഭിച്ചതോടെയാണ് കലാപങ്ങളുടെ തുടക്കം. വർഗീയ കലാപങ്ങൾ ഒന്നൊന്നൊയി പൊട്ടിപ്പുറപ്പെട്ടു. എന്നാലിതിന് ഒരു വർഷം മുന്പ് മധ്യപ്രദേശിലെ ഇൻഡോറിലും കലാപമുണ്ടായി. സംഘപരിവാർ നടത്തിയ അയോധ്യ ശിലാന്യാസയാത്രക്കിടെയായിരുന്നു സംഭവം. അയോധ്യയിൽ പ്രവേശിക്കാൻ അദ്വാനിയും കർസേവകരും നടത്തിയ ശ്രമം സംഘർഷത്തിൽ കലാശിച്ചു. വിഎച്ച്‌പി പ്രവർത്തകർ മസ്‌ജിദിന് കേടുപാടുകൾ വരുത്തി. എന്നാൽ തകർക്കാൻ കഴിഞ്ഞില്ല. ആദ്യ അയോധ്യ കർസേവയെ യുപി മുഖ്യമന്ത്രി മുലായം സിങ് യാദവ് വെടിവെപ്പിലൂടെയാണ് നേരിട്ടത്. കലാപത്തിലേയ്‌ക്ക് നീങ്ങിയതോടെ വെടിവെയ്‌ക്കാൻ നിർദേശം നൽകുകയായിരുന്നു. നിർദേശം നൽകിയതിൽ ദുഃഖമുണ്ടെന്നും എന്നാൽ ഒഴിവാക്കാൻ കഴിയില്ലായിരുന്നുവെന്നും പിന്നീട് മുലായംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. വെടിവയ്-പ്പിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടുവെന്ന കള്ളക്കഥ ആർഎസ്‌എസും സംഘപരിവാറും ബോധപൂർവം പരത്തി. 75 പേരുടെ പട്ടികയും പുറത്തിറക്കി. എന്നാൽ 25 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് സർക്കാർ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വീട് തേടി മലയാളിയായ മാധ്യമപ്രവർത്തകൻ വെങ്കിടേശ് രാമകൃഷ്‌ണൻ ഒരു യാത്ര നടത്തിയിരുന്നു. കൊല്ലപ്പെട്ടുവെന്ന് സംഘപരിവാർ പ്രചരിപ്പിച്ച നാലുപേരെ അദ്ദേഹം ജീവനോടെ കണ്ടെത്തി. ഒരിക്കലും ജീവിച്ചിട്ടില്ലാത്ത ഒരു വ്യക്തിയെ സഹാറൻപൂരിൽ ജനിപ്പിച്ചതായും കൊലപ്പെടുത്തിയതായും കണ്ടെത്തി. ടൈഫോയിഡുമൂലം മരിച്ചവരെയും വാഹനാപകടങ്ങളിൽ മരിച്ചവരെയുമടക്കം ലിസ്‌റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കണ്ടെത്തി. ബിഹാറിലെ ലാലുപ്രസാദ് യാദവിന്റെ സോഷ്യലിസ്‌റ്റ് സർക്കാർ ബിഹാറിൽ പ്രവേശിച്ച രഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്‌റ്റ് ചെയ്‌തു. സമസ്‌തിപൂരിലാണ് അറസ്‌റ്റ് നടന്നത്.
രാമ ജന്മഭൂമി വിഷയത്തിൽ എണ്ണിയാലൊടുങ്ങാത്ത കലാപ പരന്പരയ്‌ക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. തെക്കൻ ഗുജറാത്തിലെ വ്യാര, ബുൽസാർ നഗരങ്ങളും അഹമ്മദാബാദ്, ബറോഡ തുടങ്ങിയ നഗരങ്ങളും കത്തിയെരിഞ്ഞു. 1500 വർഗീയ സംഘർഷങ്ങൾ ഗുജറാത്തിൽ മാത്രമുണ്ടായി. 224 പേർ കൊല്ലപ്പെട്ടുവെന്നും ആയിരത്തോളം പേർക്ക് പരിക്കേറ്റുവെന്നുമാണ് കണക്ക്. രാജസ്ഥാനിലെ ജയ്‌പൂർ, ജോധ്‌പൂർ, നഗരങ്ങളിൽ രഥയാത്ര തുടങ്ങിയതിന് തൊട്ടുപിന്നാലെ ആസൂത്രിത കലാപം അരങ്ങേറി. ഇവിടെ ഇരുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. യുപിയിൽ നൂറോളം പേർക്ക് ജീവൻ നഷ്‌ടമായി. ഡൽഹിയിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. അസം, മഹാരാഷ്‌ട്രയിലെ ബെവാർ, ബിഹാറിലെ പട്‌ന, കർണാടകയിലെ നഗരങ്ങളായ സാഹൻ, മാണ്ഡ്യ, മടിക്കേനി, മെൈസൂർ, തുടങ്ങിയ നഗരങ്ങളിലും കലാപത്തിൽ നൂറുകണക്കിനുപേർ കൊല്ലപ്പെട്ടു.
മസ്‌ജിദ് തകർക്കപ്പെടുന്നു
കലാപങ്ങളുടെയും അക്രമങ്ങളുടെയും തുടർച്ചയെന്നോണം 1992 ഡിസംബർ 6ന് ബാബറി മസ്ജിദ് തകർക്കപ്പെട്ടു. അക്രമാസക്തരായ – കർസേവകർ കേന്ദ്ര സേനയുടെയും പൊലീസിന്റെയും തണലിൽ മന്ദിരം തച്ചുതകർത്തു. . കർസേവകർ അതിന്റെ സ്ഥാനത്ത് ഒരു താൽക്കാലിക ക്ഷേത്രം നിർമ്മിക്കുന്നു. കർസേവയ്ക്ക് മുമ്പ് ബിജെപി നേതാവ് അടൽ ബിഹാരി വാജ്പേയി, അദ്വാനി, അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗ്, വിഎച്ച്പി നേതാവ് സ്വാമി ചിന്മയാനന്ദ് തുടങ്ങിയവർ അക്രമം ഉണ്ടാകുമെന്നും ഇല്ലെന്നുമുള്ള പരസ്യ പ്രസ്‌താവനകൾ നടത്തി ആശയക്കുഴപ്പം സൃഷ്‌ടിച്ച് നിലമൊരുക്കിയിരുന്നു. ഏതാണ്ട് പകൽ നാലുമണിയോടെ അവസാന താഴികക്കുടവും നിലംപതിച്ചു. ഇതെല്ലാം നടക്കുമ്പോൾ പ്രധാനമന്ത്രിയായിരുന്ന കോൺഗ്രസിന്റെ പി വി നരസിംഹറാവു പൂജാമുറിയിൽ കതകടച്ചിരുന്നുവെന്നതാണ് ചരിത്രം. മസ്‌ജിദ് നിന്നിടത്ത് താൽക്കാലിക ക്ഷേത്രമുയർത്താനും കർസേവകരെ അനുവദിച്ചു. ഡിസംബർ 7ന് വൈകുന്നേരം വരെ കേന്ദ്രസേനയോ പൊലീസോ യാതൊരു ഇടപെടലും നടത്താതെ ആർഎസ്എസിന് എല്ലാ സൗകര്യവും ചെയ്‌തു നൽകി.
നിയമയുദ്ധവും വിചിത്ര വിധിയും
2019ലാണ് ചരിത്രനിരാസത്തിന്റെ മകുടസമാനമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. പള്ളി പൊളിച്ചിടത്ത് ക്ഷേത്രം നിർമിക്കാൻ അനുവദിച്ച സുപ്രീംകോടതി വിധി വൈരുദ്ധ്യങ്ങളാൽ നിറഞ്ഞതായിരുന്നു. പള്ളി തകർത്തത് ക്രിമിനൽ നടപടിയാണെങ്കിലും ആരെയും ശിക്ഷിച്ചില്ല. താൻ ഇൗശ്വരനോട് പ്രാർഥിച്ചാണ് വിധി തയ്യാറാക്കിയതെന്ന്, വിധി എഴുതിയെന്ന് കരുതപ്പെടുന്ന ഒരു ജഡ്‌ജി പിന്നീട് വെളിപ്പെടുത്തി. ബെഞ്ചിനെ നയിച്ച ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയ് പിൽക്കാലത്ത് രാജ്യസഭാംഗമായി. ജസ്‌റ്റിസ് അബ്‌ദുൾ നാസറിന് ഗവർണർ പദവിയാണ് വിരമിച്ചശേഷം ലഭിച്ചത്. അതേസമയം മസ്‌ജിദിനായി അനുവദിച്ച 15 ഏക്കർ അയോധ്യനഗരത്തിന് പതിനഞ്ചുകിലോമീറ്റർ അകലെയാണ്. ഇന്നും മസ്‌ജിദ് നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യപൂജാരിയായി അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്റെ പ്രാണപ്രതിഷ്‌ഠ നടത്തിയതിനും രാജ്യം സാക്ഷിയായി. മതനിരപേക്ഷ രാഷ്‌ട്രത്തിന്റെ പ്രധാനമന്ത്രി ഒരു മതത്തിന്റെ മാത്രം വക്താവായി മാറുന്ന അസ്വസ്ഥജനകമായ കാഴ്‌ച! കലണ്ടറിലെ വെറുമൊരു തീയതിയല്ല, ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമെന്നാണ് മോദി അന്ന് പറഞ്ഞത്. ആർഎസ്‌എസ് വിഭാവനം ചെയ്‌ത ഹിന്ദുരാഷ്‌ട്രത്തിലേയ്‌ക്ക് അധികദൂരമില്ലെന്ന സന്ദേശമാണ് മോദി നൽകിയത്. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ അയോധ്യമണ്ഡലത്തിൽ ബിജെപി തോറ്റുവെങ്കിലും ഹിന്ദുത്വത്തിന്റെ ക്രൗര്യത്തിന് ഇന്നും കുറവില്ല. അയോധ്യയിൽ തീരുന്ന രാഷ്‌ട്രീയ പദ്ധതിയുമല്ല അവരുടേത്. അന്ന് കർസേവകർ മുഴക്കിയതുപോലെ കാശിയും മഥുരയും ബാക്കിയാണ്. l



