Friday, September 11, 2026

ad

Homeകവര്‍സ്റ്റോറികണ്ണൂർ സർവകലാശാല സംഘിവൽക്കരണത്തിന് കളമൊരുക്കുന്ന യുഡിഎഫ് സർക്കാർ

കണ്ണൂർ സർവകലാശാല സംഘിവൽക്കരണത്തിന് കളമൊരുക്കുന്ന യുഡിഎഫ് സർക്കാർ

കെ അനുശ്രീ

‘ചെറുപ്പത്തിലേ പിടികൂടുക’ എന്ന ഫാസിസത്തിന്റെ പ്രധാന തന്ത്രമാണ് നരേന്ദ്ര മോദി ഗവൺമെന്റും സംഘപരിവാറും വിദ്യാഭ്യാസ മേഖലയിൽ പ്രയോഗിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെല്ലാം കവർന്നുകൊണ്ട് പൂർണമായും ജനാധിപത്യവിരുദ്ധമായി നടത്തുന്ന ഈ കടന്നുകയറ്റങ്ങൾ സൃഷ്ടിക്കാൻ പോവുന്ന ദൂരവ്യാപക വിപത്തിനെ ശക്തമായി ചെറുക്കേണ്ടതിന്റെ പ്രാധാന്യം സമീപകാലത്തെ നിരവധി അനുഭവങ്ങൾ നമുക്ക് കാണിച്ചുതരുന്നുണ്ട്. മതനിരപേക്ഷ–പുരോഗമന ഉള്ളടക്കവും ശാസ്‌ത്രാവബോധവും ചരിത്രത്തോടുള്ള ശരിയായ സമീപനവും രൂപപ്പെടേണ്ട വിദ്യാഭ്യാസ മേഖലയെ വരേണ്യവർഗത്തിനുമാത്രം പ്രാപ്യമാക്കുന്ന പുതിയ ശൈലി കേരളത്തിലും നടപ്പിൽവരുത്താനാണ് കേന്ദ്ര സർക്കാർ ശ്രമം. എൽഡിഎ-ഫ‍് സർക്കാരിന്റെ കാലത്ത് ഗവർണറെ ഉപയോഗപ്പെടുത്തി നടത്തിയ രാഷ്ട്രീയ ഇടപെടലുകളെ ബഹുജന വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെയും നിയമ പോരാട്ടത്തിലൂടെയുമാണ് നാം നേരിട്ടത്. സർവകലാശാലകളുടെ ചാൻസലർ പദവികൂടി വഹിക്കുന്ന ഗവർണർ തന്റെ രാഷ്ട്രീയ അജൻഡ യാതൊരു മറയുമില്ലാതെ നടപ്പിലാക്കാൻ ശ്രമിക്കുകയായിരുന്നു. വിവിധ സമിതികളിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ ബിജെപി -– ആർഎസ്എസുകാരെ തിരുകിക്കയറ്റിയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവരെ അയോഗ്യരാക്കിയും ബില്ലുകൾ വൈകിപ്പിച്ചും മറ്റും വിദ്യാഭ്യാസ മേഖലയുടെ കാവിവൽക്കരണത്തിന് കളമൊരുക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങിയത്.

കണ്ണൂർ യൂണിവേഴ്സിറ്റിയിലും സമാനമായ ഇടപെടലുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2019 ഡിസംബറിൽ കണ്ണൂർ സർവകലാശാലയിൽ നടന്ന 80-–ാമത് ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങിനിടെ, പൗരത്വ ഭേദഗതി നിയമത്തെ (CAA) എതിർത്തുകൊണ്ട് നടന്ന പ്രക്ഷോഭങ്ങളെ അപഹസിച്ച് സംസാരിച്ച ഗവർണറുടെ പ്രസംഗത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയ പ്രമുഖ ചരിത്രകാരൻ പ്രൊഫ. ഇർഫാൻ ഹബീബിനെ തെരുവ് ഗുണ്ടയെന്ന് വിളിച്ച് ആക്ഷേപിച്ച അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ തന്റെ രാഷ്ട്രീയ നിലപാട് തുറന്നുകാട്ടുക കൂടി ചെയ്താണ് വേദിവിട്ടത്. 2022ൽ അന്നത്തെ ഇടതുപക്ഷ സർക്കാരിനെ അറിയിക്കാതെ സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള അസാധാരണമായ വിജ്ഞാപനത്തിന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറായി. പ്രമുഖ ചരിത്രകാരനും ജാമിയ മിലിയ സർവകലാശാലയിലെ മുൻ പ്രൊഫസറും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ICHR) മെമ്പർ സെക്രട്ടറിയുമൊക്കെയായി പ്രവർത്തിച്ച ഡോ. ഗോപിനാഥ് രവീന്ദ്രനായിരുന്നു കണ്ണൂർ സർവകലാശാലയിലെ അന്നത്തെ വൈസ് ചാൻസലർ. വൈസ്ചാൻസിലർക്കെതിരെ തുറന്ന പോരിന് നേതൃത്വം കൊടുത്ത ഗവർണർ സംഘപരിവാർ അനുകൂലിയായ ഒരാളെ വൈസ് ചാൻസലറായി സർവകലാശാലയുടെ തലപ്പത്ത് നിയമിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ അഭിപ്രായങ്ങൾക്ക് അവസരം നൽകാതെ സർവകലാശാലകളുടെ അക്കാദമിക നിലവാരത്തെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ തികച്ചും ഏകാധിപത്യപരമായ ഇടപെടലുകളാണ് മുൻപ് കണ്ടതെങ്കിൽ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട യുഡിഫ് സർക്കാരിന്റെ പിന്തുണയോടുകൂടിയാണ് വിദ്യാഭ്യാസ മേഖലയിൽ ഗവർണറും ആർഎസ‍്എസും വർഗീയ അജൻഡ നടപ്പിലാക്കുന്നത്.

വൈസ് ചാൻസലർ നിയമനംപോലെതന്നെ സെനറ്റും സിൻഡിക്കേറ്റും പോലുള്ള സമിതികളിലും ഈ സ്വജനപക്ഷപാതം ആവർത്തിക്കുകയാണ്. ഡോ ആരിഫ് മുഹമ്മദ്‌ ഖാൻ നിയമിച്ച കണ്ണൂർ സർവകലാശാലയുടെ നിലവിലെ വിസി ഡോ കെ കെ സാജുവിന്റെ നേതൃത്വത്തിലാണ് വർധിതവീര്യത്തോടെ ഈ രാഷ്ട്രീയഅജൻഡ നടപ്പിലാക്കുന്നത്. നിരവധിയായ മാനദണ്ഡങ്ങൾ പാലിച്ച്, വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രമുഖരെ ഉൾക്കൊള്ളിച്ച് പ്രവർത്തിച്ചുവന്നിരുന്ന കണ്ണൂർ സർവകലാശാലയുടെ സമിതികളിൽ ഇപ്പോൾ തിരുകിക്കയറ്റിയവരുടെ യഥാർത്ഥ യോഗ്യതയെപ്പറ്റി ആഴത്തിൽ അന്വേഷിക്കേണ്ടതുണ്ട്. 2024ൽ കണ്ണൂർ സർവകലാശാല സെനറ്റ് അംഗത്വത്തിനുവേണ്ടി സിൻഡിക്കേറ്റ് നാമനിര്‍ദേശം ചെയ്‌ത പതിന്നാലിൽ രണ്ടുപേരെ മാത്രമാണ് നിലനിർത്താൻ ഗവർണർ തയ്യാറായത്. മാധ്യമപ്രവർത്തകരായ വെങ്കിടേഷ് രാമകൃഷ്‌ണൻ, ശശികുമാർ, കായിക താരങ്ങളായ സി കെ വിനീത്, കെ സി ലേഖ, ഐഎസ്ആർഒ ശാസ്‌ത്രജ്ഞൻ പി കുഞ്ഞികൃഷ്‌ണൻ തുടങ്ങിയവർ ഉൾക്കൊള്ളുന്ന പട്ടികയാണ് സിൻഡിക്കേറ്റ് നിർദേശിച്ചിരുന്നത്. എന്നാൽ അതിലെ 12 പേരെയും വെട്ടിക്കൊണ്ട് ജന്മഭൂമി ലേഖകൻ യു പി സന്തോഷ്, സംഘപരിവാർ സംഘടനയായ സഹകാർ ഭാരതി ദേശീയ സമിതി അംഗം അഡ്വ. കരുണാകരൻ നമ്പ്യാർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ബിജു ഉമ്മർ, അഡ്വ ഇ ആർ വിനോദ് എന്നിവരടക്കം 12 പേരെയാണ് സെനറ്റിലേക്ക് ഗവർണർ നേരിട്ട് നാമനിര്‍ദേശം ചെയ്‌തത്. അഭിഭാഷക വിഭാഗത്തിൽനിന്ന് നോമിനേറ്റ്‌ ചെയ്‌തിരുന്നത്‌ അറിയപ്പെടുന്ന ആർഎസ്‌എസ്‌ നേതാവും സംഘപരിവാർ സംഘടനയായ സഹകാർ ഭാരതി ദേശീയസമിതി അംഗവുമായ വ്യക്തിയെയാണ്‌. മറ്റൊരാൾ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയാണ്. കായിക പ്രതിഭകളായി ഉൾപ്പെടുത്തിയത്‌ ഡിസിസി മുൻ ജനറൽ സെക്രട്ടറിയെയാണ്. സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ മണ്ഡലത്തിൽനിന്ന്‌ നോമിനേറ്റ്‌ ചെയ്‌തത്‌ കോൺഗ്രസ്‌ അധ്യാപക സംഘടനയായ കെപിഎസ്‌ടിഎയുടെ സംസ്ഥാന കമ്മിറ്റി അംഗത്തെയായിരുന്നു. വിഖ്യാതരായ ശാസ്‌ത്രജ്ഞരും മാധ്യമപ്രവർത്തകരും വ്യവസായികളും കായിക പ്രതിഭകളുമടക്കം സർവകലാശാല സമർപ്പിച്ച പട്ടികയിലെ പ്രഗത്ഭരെയെല്ലാം തഴഞ്ഞ് ആർഎസ്‌എസ്‌–കോൺഗ്രസ്‌ നേതാക്കളെ ഗവർണർ പട്ടികയിൽ കുത്തിനിറച്ചത്‌ അന്ന് വലീയ പ്രതിഷേധത്തിനിടയാക്കി.

ഇപ്പോൾ സെനറ്റിലേക്കുള്ള വിദ്യാർത്ഥി നോമിനേഷൻ, ഡീൻമാരുടെ നോമിനേഷൻ തുടങ്ങിയവയിലും സംഘികളെ തിരുകിക്കയറ്റുകയാണ്. ഡീൻമാരിൽ നിന്നും സിൻഡിക്കേറ്റിലേക്ക് രണ്ട് സംഘപരിവാറുകാരെ ഉൾപ്പെടുത്താനും, സർവകലാശാലയുടെ സമിതികളിൽ പോലും സംഘപരിവാർ ബന്ധമുള്ളവരെ നിയോഗിക്കാനും അധികൃതർ തയ്യാറായി. സർവകലാശാലയിലെ 59 ബോർഡ് ഓഫ് സ്റ്റഡീസുകളിലേക്ക് സിൻഡിക്കേറ്റിന്റെ ശുപാർശകൾ പൂർണമായും തള്ളിക്കൊണ്ട് ചാൻസലർ നേരിട്ട് നിയമനം നടത്തി. വൈസ് ചാൻസലറുടെ നേതൃത്വത്തിൽ ആര്‍എസ്എസ് അനുകൂലിയായ ഡോ. എ പ്രവീണിന് നിയമങ്ങള്‍ മറികടന്ന് മാളവ്യ മിഷന്‍ ടീച്ചര്‍ ട്രെയിനിങ്ങിന്റെ (MMTTC) ചുമതല നല്‍കിയതും അടുത്തിടെ വലിയ വിവാദങ്ങൾക്കിടയാക്കി. യുജിസി മാര്‍ഗനിര്‍ദേശപ്രകാരം എംഎംടിടിസി കേന്ദ്രങ്ങളുടെ ഡയറക്ടറാക്കേണ്ടത് സര്‍വകലാശാല പഠനവകുപ്പിലെ പ്രൊഫസര്‍ റാങ്കിലുള്ള സീനിയര്‍ അധ്യാപകരെയാണ്. മൂന്ന് വര്‍ഷമാണ് എംഎംടിടിസി ഡയറക്ടറായിട്ടുള്ളവര്‍ക്ക് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ആ സ്ഥാനത്തേക്കാണ് പോണ്ടിച്ചേരിയില്‍നിന്നും ഒരു വര്‍ഷം ഡെപ്യൂട്ടേഷനില്‍ കണ്ണൂർ സര്‍വകലാശാലയിലേക്കെത്തിയ പ്രവീണിനെ നിയമിച്ചിരിക്കുന്നത്. ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് രാഷ്ട്രീയ താൽപ്പര്യത്തിനായി നിയമനങ്ങൾ നടത്തി സർവകലാശാലകളുടെ അക്കാദമിക നിലവാരത്തെപ്പോലും തകർക്കുന്ന ഇത്തരം ശ്രമങ്ങളെ ചെറുതായിട്ടുപോലും ചെറുക്കാൻ കേരളത്തിലെ യുഡിഫ് സർക്കാർ തയ്യാറാവുന്നില്ല എന്നതും ഗൗരവകരമാണ്.

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങു മുതൽ ആരംഭിച്ച സംഘപരിവാർ പ്രീണനം വിനാശകരമായ വിപത്തിലേക്ക് നാടിനെ നയിക്കുന്നതാണ്. ഇത്രയേറെ പ്രതിസന്ധികൾക്കിടയിലും ഈ മാസം നടന്ന സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരം നടന്ന മുഴുവൻ സീറ്റിലും എസ് എഫ് ഐ ക്ക് വിജയിക്കാനായത് വലിയ പ്രതീക്ഷ നൽകുന്ന വാർത്തയാണ്. ജനാധിപത്യപരമായി സർവകലാശാലയിലെ വിദ്യാർത്ഥികൾ വലിയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുത്ത എസ്എഫ്ഐയെ മറികടന്നുകൊണ്ട്, മത്സരിച്ചാൽ ഒരുസീറ്റിൽപോലും വിജയിക്കാനാവാത്ത കെഎസ്-യു,എബിവിപി പോലുള്ള വലതുപക്ഷ-വർഗീയ സംഘടനാ പ്രതിനിധികളെ വിവിധ സമിതികളിൽ ചട്ടവിരുദ്ധമായി തിരുകിക്കയറ്റുന്ന രീതി പൊതുസമൂഹം തിരിച്ചറിയുകതന്നെ ചെയ്യും. ഐഷി ഘോഷ് പങ്കെടുക്കേണ്ട കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ വിദ്യാർത്ഥി യൂണിയൻ പരിപാടിക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള വിസി യുടെ തീരുമാനത്തെ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി ചെറുത്തതും നാം കണ്ടതാണ്. കഴിഞ്ഞ കാലങ്ങളിൽ നാം പോരാടി നേടിയ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ മുന്നേറ്റത്തെ തകർക്കുന്ന ഇത്തരം സമീപനങ്ങളെ തുറന്നുകാട്ടേണ്ടത് വിദ്യാർത്ഥി സമൂഹത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. വിദ്യാഭ്യാസത്തിന്റെ വർഗീയവൽക്കരണം ലക്ഷ്യംവെച്ചുള്ള എല്ലാത്തരം ഇടപെടലുകളെയും ജനകീയ പ്രക്ഷോഭങ്ങളിലൂടെ തകർക്കാൻ സാധിക്കേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × two =

Most Popular