എട്ട് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള കേരള യൂണിവേഴ്സിറ്റി ഇന്ത്യയിലെ മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സർവകലാശാലകളിലൊന്നാണ്. അതിനെ തകർക്കാനും ആർഎസ്എസ് അജൻഡ നടപ്പാക്കാനുമുള്ള ആസൂത്രിത നീക്കമാണ് ചാൻസലർ കൂടിയായ ഗവർണർ നടത്തിക്കൊണ്ടിരിക്കുന്നത്. ആർഎസ്എസ് പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുന്നയാളെന്നതിലുപരി സർവകലാശാലയുടെ വെെസ് ചാൻസലറാകാൻ വേണ്ട, യുജിസി മാനദണ്ഡപ്രകാരമുള്ള അക്കാദമിക യോഗ്യതകളില്ലാത്ത മെഡിക്കൽ കോളേജ് അധ്യാപകനായ ഡോ. മോഹനൻ കുന്നുമ്മലിനെ വെെസ് ചാൻസലറാക്കുന്നതിൽ തുടങ്ങുന്നു സർവകലാശാലയെ തകർക്കാനുള്ള ഈ ആസൂത്രിതനീക്കം.
ഈ വെെസ് ചാൻസലർ സർവകലാശാലയുടെ മികവ് വർധിപ്പിക്കാനെന്നല്ല, ഇന്നത്തെ നിലയിൽ തുടരാനുള്ള നടപടികൾ പോലുമല്ല ഇതിനകം കെെക്കൊണ്ടിട്ടുള്ളത്. തുടക്കത്തിൽതന്നെ തിരഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റുമായി ഏറ്റുമുട്ടാനും സർവകലാശാലാ ഭരണത്തെയാകെ അരാജകാവസ്ഥയിലും സ്തംഭനാവസ്ഥയിലുമാക്കാനുമാണ് നീക്കം നടത്തിയത്. സിൻഡിക്കേറ്റിന്റെ അനുമതിയില്ലാതെ സർവകലാശാല ആസ്ഥാനത്തെ സെനറ്റ് ഹാൾ ആർഎസ്എസ് പരിപാടി നടത്താൻ വിട്ടുകൊടുക്കുകയും അതിനെ എതിർത്ത സർവകലാശാല രജിസ്ട്രാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ് ഈ ഏറ്റുമുട്ടലിന് തുടക്കംകുറിച്ചത‍്.
കഴിഞ്ഞ 80 വർഷത്തിനിടയിൽ ഒരു വെെസ്ചാൻസലറും സ്വീകരിച്ചിട്ടില്ലാത്ത പുതിയ കീഴ്-വഴക്കങ്ങൾ ആർഎസ്എസ് താൽപര്യപ്രകാരം സർവകലാശാലയിൽ കൊണ്ടുവരികയാണ് ഡോ. മോഹനൻ കുന്നുമ്മൽ. അതിലൊന്നാണ് സർവകലാശാല നടത്തുന്ന പരിപാടികളിൽ ‘വന്ദേമാതരം’ പൂർണ രൂപത്തിൽ ആലപിക്കണമെന്നത്. വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും ജീവനക്കാരിൽനിന്നും ശക്തമായ പ്രതിഷേധമുയർന്നിട്ടും അതിൽനിന്ന് പിന്നോട്ടുപോകാൻ ഗവർണറും അദ്ദേഹത്തിന്റെ നോമിനിയായ വെെസ് ചാൻസലറും തയ്യാറായിട്ടില്ല.
സെനറ്റിലേക്കു വിവിധ രംഗങ്ങളിലുള്ളവരെ നോമിനേറ്റ് ചെയ്യാനുള്ള സിൻഡിക്കേറ്റ് നിർദ്ദേശങ്ങളും വി സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗവർണർ നിഷേധാത്മക നിലപാടാണ് തുടരുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയശേഷം ഗവർണറുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങൾ നടപ്പാക്കാനും കഴിയുന്നു. അങ്ങനെ സർവകലാശാലയുടെ ഭരണപരവും അക്കാദമികവുമായ കാര്യങ്ങളിൽ ആർഎസ്എസിന് അനുകൂലമായ നിലയാണ് ഇപ്പോഴുള്ളത്.
പ്ലസ്ടുവിന് മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ ചേർന്ന യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ വെെസ് ചാൻസലർ തന്റെ ആർഎസ്എസ് വിധേയത്വം പ്രകടമാക്കാനും മറന്നില്ല. അതിനോടുള്ള വിദ്യാർഥികളുടെ പ്രതികരണം അനുകൂലമല്ലാതായതോടെ അദ്ദേഹം വീണിടത്തുകിടന്നുരുളുകയാണുണ്ടായത്. l



