ചിന്തിക്കുന്നത് ഭീകരവാദ പ്രവർത്തനമായിക്കഴിഞ്ഞിരിക്കുന്നു. തലച്ചോറ് അപകടമാണെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. അതും സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ. സ്വാതന്ത്ര്യത്തെ, കുനിയാത്ത ശിരസ്സും ഭയരഹിതമായ മനസ്സുമായി നിർവചിച്ച ടാഗോറിന്റെയും ഏറ്റവും അവസാനത്തെ മനുഷ്യനെയും കാണാനുള്ള കരുതലായി വിഭാവനം ചെയ്ത ഗാന്ധിയുടെയും, തന്റെ രക്തസാക്ഷിത്വത്തിനുശേഷം താൻ ഉയർത്തിപ്പിടിച്ച ആശയം നറുമണം പടർത്തി രാജ്യമാകെ പടരുമെന്നു വിശ്വസിച്ച ഭഗത് സിങ്ങിന്റെയും മണ്ണിൽ നിന്നും മറ്റൊരാക്രോശം നമ്മൾ കേൾക്കുകയാണ് – ‘ദിമാഗി നക്സൽ’.
തങ്ങൾക്കനുകൂലമായി ചിന്തിക്കാത്ത ആരും വിചാരണ ചെയ്യപ്പെടേണ്ടവരാണ് എന്ന അപകടകരമായ ആഹ്വാനംകൂടി പ്രധാനമന്ത്രിയുടെ ഈ പരാമർശത്തിലുണ്ട്. എല്ലാ ചോദ്യങ്ങളും കുറ്റകൃത്യങ്ങളായി മാറും. സംശയങ്ങൾപോലും വിലക്കപ്പെടും. അന്വേഷണത്തിന്റെ ആദ്യപടികളാണ് ഇവ. അറിവുല്പാദനത്തിലേക്ക് നയിക്കേണ്ട അന്വേഷണങ്ങളെ അതിന്റെ മുളയിലേതന്നെ നുള്ളിക്കളയുന്ന ഫാസിസ്റ്റ് ഭീകരതയുടെ പ്രവണതകളെ കാണാതിരുന്നുകൂട.
വിദ്യാർത്ഥികളും യുവജനങ്ങളും നയിച്ച ഉജ്ജ്വലമായ ജന്തർമന്തർ സമരത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ വിഷലിപ്തമായ ആരോപണം ഉയരുന്നത്. തൊട്ടുപിന്നാലെ തന്നെ രാജ്യത്തെ സർവകലാശാലകളിലെ വിദ്യാർത്ഥികളുമായി സംസാരിക്കാനായി കേന്ദ്രമന്ത്രിമാർ പോകുന്ന പരിപാടിയും പ്രഖ്യാപിക്കപ്പെട്ടു. ജന്തർമന്തർ സമരത്തിലൂടെ മുഖം നഷ്ടപ്പെട്ട കേന്ദ്രസർക്കാരിന്റെ ഒരഭ്യാസം മാത്രമായി ഇതിനെ കാണാനാകില്ല. സർവകലാശാലകളിലേക്ക് തങ്ങളുടെ അജൻഡ കുത്തിക്കയറ്റാനുള്ള ശ്രമങ്ങൾക്ക് കേന്ദ്രമന്ത്രിമാരെത്തന്നെ നേരിട്ട് ചുമതലപ്പെടുത്തിയിരിക്കുന്നുവെന്ന് കാണണം.
നമ്മുടെ രാജ്യം പൊടുന്നനെ ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിയതാണെന്ന് കരുതരുത്. രാജ്യത്തെ കാമ്പസുകളെ അകത്തുനിന്ന് പിടിച്ചെടുക്കാനും കോർപ്പറേറ്റ്-ഹിന്ദുരാഷ്ട്ര പദ്ധതിയുടെ ആയുധങ്ങളാക്കി അവയെ മാറ്റാനുമുള്ള ശ്രമം ആരംഭിച്ചിട്ട് ചുരുങ്ങിയത് ഒരു ദശകമെങ്കിലുമായി. അവയ്ക്ക് പല മുഖങ്ങൾ ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കടുത്ത ആർഎസ്എസ് അനുകൂലികളെയും ഹിന്ദുത്വവാദികളെയും കുത്തിനിറയ്ക്കുകയായിരുന്നു ആദ്യത്തെ നീക്കം. തങ്ങൾ ഉദ്ദേശിക്കുന്ന ഉള്ളടക്കപരവും ഘടനാപരവുമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ അതിനുതകുന്ന കൂട്ടർ കാമ്പസുകളിൽ ഉണ്ടായിരിക്കണമെന്ന് അവർക്ക് അറിയാമായിരുന്നു. കേരളത്തിൽ ഗവർണറെ ഉപയോഗിച്ച് നടത്താൻ ശ്രമിച്ചതും ഇതുതന്നെയാണ്. കാമ്പസുകളിൽ ഏതു വിഷയം ചർച്ചചെയ്യപ്പെടണം എന്നതു മുതൽ ഏതൊക്കെ വിഷയങ്ങളിൽ ഗവേഷണങ്ങൾ ആകാം എന്നതു വരെ സംഘപരിവാരത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് തീരുമാനിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ അവർ നീക്കി. അതിനനുസരിച്ചുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ അവർ നിരന്തരം മെനക്കെട്ടു. ഭയത്തിന്റെയും നിരോധനത്തിന്റെയും ചുറ്റുപാടുകൾ കാമ്പസുകളെ വരിഞ്ഞുമുറുക്കി.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണ് അവർ ആദ്യം ഈ അട്ടിമറി ശ്രമം നടത്തിയത്. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ വലിയ പ്രതിഭകൾ ചെയർമാന്മാരായിരുന്ന എഫ് ടി ഐ ഐയിലേക്ക് ഗജേന്ദ്ര ചൗഹാനെന്ന കടുത്ത ആർഎസ്എസുകാരനായ ടി വി സീരിയൽ നടനെ നിയമിച്ചത് ആറു മാസത്തോളം നീണ്ടുനിന്ന വിദ്യാർഥി സമരത്തിന് വഴിവെച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മുഴുവൻ രാഷ്ട്രീയ യജമാനന്മാരെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾകൊണ്ട് നിറച്ചിരിക്കുകയാണ് ഗജേന്ദ്ര ചൗഹാൻ. എഫ് ടി ഐ ഐയ്ക്കുശേഷം അദ്ദേഹത്തിന് ലഭിച്ച നിയമനം ഏറെ ചർച്ചചെയ്യപ്പെട്ടിട്ടില്ല. ബിജെപി യുടെ ഹരിയാന സർക്കാർ അദ്ദേഹത്തെ പണ്ഡിറ്റ് ലക്ഷ്മി ചന്ദ് യൂണിവേഴ്സിറ്റി ഓഫ് പെർഫോമിങ് ആൻഡ് വിഷ്വൽ ആർട്സിന്റെ വൈസ് ചാൻസലറായി നിയമിച്ചു. ഇതേ ഹരിയാന സർക്കാർ ഉന്നത വിദ്യാഭ്യാസ കൗൺസിൽ അദ്ധ്യക്ഷനായി നിയമിച്ചത് മറ്റൊരു ആർ എസ് എസ് ആശയപ്രചാരകൻ ബികെ കുതിയാലയെയായിരുന്നു.
ജെ എൻ യു പിടിച്ചെടുക്കാനായിരുന്നു ഐഐടി ഡൽഹിയിലെ ഹോസ്റ്റൽ വാർഡനായുള്ള അഡ്മിനിസ്-ട്രേറ്റീവ് പരിചയം മാത്രമുള്ള ജഗദീഷ് കുമാറിനെ വൈസ് ചാൻസലർ ആക്കുന്നത്. വിദ്യാർത്ഥികളിൽ രാജ്യസ്നേഹം പകരാൻ കാമ്പസിൽ മിലിട്ടറി ടാങ്കുകൾ സ്ഥാപിക്കണമെന്ന് മാസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ കീഴടങ്ങില്ലെന്നു കണ്ടപ്പോൾ ജെ എൻ യുവിൽ സമരങ്ങൾതന്നെ നിരോധിക്കാനുള്ള നീക്കം ആരംഭിച്ചു. ഇതെഴുതുമ്പോൾ പോലും യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ സമരംചെയ്തു എന്ന ‘കുറ്റ’ത്തിന് ആ സർവകലാശാലയിൽനിന്നും സസ്പെൻഷൻ നേരിടുകയാണ്.
അക്കാദമിക് കൗൺസിലിന്റെ അധികാരവും ജെ എൻ യു ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സ്റ്റാറ്റ്യൂട്ട് 27 (2) നിഷ്കർഷിക്കുന്ന ഫാക്കൽട്ടി നിയമനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ലംഘിച്ചാണ് നൂറിലേറെ പുതിയ നിയമനങ്ങൾ വി സി ജഗദീഷ് കുമാർ നടത്തിയത്. പല ഡിപ്പാർട്ടുമെന്റുകളിലും നിയമിക്കപ്പെട്ടവർ ആ വിഷയങ്ങളിൽ അക്കാദമിക് പരിശീലനംപോലും ലഭിക്കാത്ത ആളുകളായിരുന്നു. ഒരു ഘട്ടത്തിൽ ഡൽഹി ഹൈക്കോടതി തന്നെ ഈ നിയമനങ്ങൾക്കെതിരെ രംഗത്തുവന്നു. ജെ എൻ യുവിലെമ്പാടും ബിജെപി ഭക്തരെ കുത്തിനിറച്ചതിനു ശേഷമാണ് ജഗദീഷ് കുമാറിന് യു ജി സി ചെയർമാനായി സ്ഥാനക്കയറ്റം ലഭിച്ചത്. ആവിടെയിരുന്ന് ‘ഒരു രാജ്യം. ഒരു സംസ്കാരം, ഒരു ഭാഷ, ഒരു മതം’ പദ്ധതിയോടൊപ്പം ‘ഒരു രാജ്യം ഒരു പരീക്ഷ, ഒരു പാഠ്യ പദ്ധതി’ കൂടി നടപ്പിലാക്കാനാണ് തന്റെ ഉദ്ദേശ്യം എന്ന് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റേതുൾപ്പടെ ബിജെപിയുടെ തിരഞ്ഞെടുപ്പു വിജയങ്ങളിലെല്ലാം ആദ്യം ആഹ്ലാദിക്കുന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹത്തെ കാണാൻ കഴിയും.
തങ്ങൾക്ക് വേണ്ടപ്പെട്ടവരെ സുപ്രധാന പദവികളിലേക്ക് നിയമിക്കുക മാത്രമല്ല, തങ്ങളുടെ ആവശ്യങ്ങൾക്ക് വിധേയപ്പെടാത്തവരെ നിരന്തരം വേട്ടയാടുകയും അവരോട് പകപോക്കുകയും ചെയ്യാനും ഭരണകൂടം തന്നെ നേതൃത്വം നൽകി. മൂന്ന് ഐ ഐ എം ഡയറക്ടർമാർക്കാണ് ആർഎസ്എസ് വത്കരണത്തിൽ എതിർപ്പു പ്രകടിപ്പിച്ച് രാജിവെക്കേണ്ടിവന്നത്. ഐ ഐ എം കൊൽക്കത്തയുടെ ഡയറക്ടർമാരായിരുന്ന അഞ്ജു സേത് 2021 ലും ഉത്തം കുമാർ സർക്കാർ 2023 ലും റായ്-പൂരിലെ ഡയറക്ടർ കകാനി കഴിഞ്ഞ വർഷവും ആർ എസ് എസ് ഇടപെടലുകളെത്തുടർന്ന് പുറത്തുപോകാൻ നിർബന്ധിതരായി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജീവൻ എന്നു പറയാവുന്ന സ്വതന്ത്രമായ അന്വേഷണങ്ങളുടെയും ചർച്ചകളുടെയുമെല്ലാം അന്തരീക്ഷത്തിൽ ഭയം നിറയ്ക്കാനാണ് ആർഎസ്എസ് ഭരണകൂടം നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. സ്വകാര്യ സർവകലാശാലകളുടെ കാര്യവും വ്യത്യസ്തമല്ല. അശോക യൂണിവേഴ്സിറ്റിയിലെ സഭ്യസാച്ചി ദാസിന് രാജിവെക്കേണ്ടി വന്നത് ബി ജെ പിയുടെ 2019 ലെ തിരഞ്ഞടുപ്പ് വിജയത്തെ വിമർശനാത്മകമായി പരിശോധിക്കുന്ന പ്രബന്ധം തയ്യാറാക്കിയതിനായിരുന്നു. അതിരൂക്ഷമായ ആക്രമണം അദ്ദേഹത്തിനു നേരിടേണ്ടി വന്നു. അതിനു മുന്നിൽ സർവകലാശാല നിശബ്ദത പാലിച്ചതിൽ പ്രതിഷേധിച്ചാണ് സുപ്രസിദ്ധ അക്കാദമിക് പണ്ഡിതരായ ഭാനു പ്രതാപ് മേത്തയും അരവിന്ദ് സുബ്രമണ്യനും ഉൾപ്പെടെയുള്ള അധ്യാപകർകൂടി രാജിവെച്ചത്. മോദിയെ ദൈവത്തിന്റെ പുനർജനി എന്നു വിശേഷിപ്പിച്ച ലോകേഷ് ചന്ദ്രയെയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസിന്റെ തലപ്പത്തേക്ക് 2016 ൽ നിയമിച്ചത്. മോദി സർക്കാർ അക്കാദമിക് മേഖലയിൽ നടത്തുന്ന തീവ്രമായ ഇടപെടലുകൾക്കെതിരെ രംഗത്തുവന്നവരിൽ നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ ഉൾപ്പെടെയുള്ളവരെയും കാണാം. നളന്ദ സർവകലാശാലയുടെ വൈസ് ചാൻസലറായി രണ്ടാം തവണ തുടരേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു.
ജെ എൻ യുവിൽ ജഗദീഷ് കുമാറിനുശേഷം ചുമതലയേറ്റ ശാന്തിശ്രീ പണ്ഡിറ്റിന്റെ ആദ്യത്തെ വാഗ്ദാനങ്ങളിലൊന്ന്, വരാനിരിക്കുന്ന മുന്നൂറ്റി അൻപതിലേറെ നിയമനങ്ങൾ അക്കാദമിക് മെറിറ്റിൽ ഊന്നിയവ ആയിരിക്കും എന്നായിരുന്നു. എന്നാൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തിയാണ് പിന്നീട് ജെ എൻ യുവിൽ നടന്ന നിയമനങ്ങളെന്ന് ദ റിപ്പോർട്ടേഴ്സ് കളക്ടീവ് എന്ന സ്വതന്ത്ര സ്ഥാപനം അവരുടെ അന്വേഷണങ്ങളെ ഉദ്ധരിച്ച് പുറത്തുകൊണ്ടുവന്നിരുന്നു. അവർക്ക് ലഭ്യമായ വിവരങ്ങളിൽ നിന്നു തന്നെ ചുരുങ്ങിയത് ഏഴ് നിയമനങ്ങളിലെങ്കിലും ഗുരുതരമായ അട്ടിമറി നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ആവശ്യമായ യോഗ്യതയും മെറിറ്റും ഇല്ലാതിരുന്നതിനാൽ വിഷയ വിദഗ്ധരുടെ പാനൽ തള്ളിക്കളഞ്ഞ അപേക്ഷകർ അന്തിമ നിയമനം നേടുന്ന പല അനുഭവങ്ങൾ ഉണ്ടായി. ജെ എൻ യുവിലെ തന്നെ വർഷങ്ങളുടെ അക്കാദമിക് അനുഭവവും യോഗ്യതയുമുള്ള അധ്യാപകരുടെ പ്രമോഷൻ തടയുകയും ആ സ്ഥാനങ്ങളിലേക്ക് അവരുടെ നാലിലൊന്ന് യോഗ്യത പോലുമില്ലാത്ത ആളുകളെ പുറമേനിന്ന് നിയമിക്കുകയും ചെയ്തു.
2017ൽ പ്രാജ്ഞ പ്രവാഹ് എന്ന ആർ എസ് എസ് സംഘടനയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദേശീയതയെ സംബന്ധിച്ച ആർഎസ്എസിന്റെ വീക്ഷണത്തിനനുസരിച്ച പദ്ധതി എങ്ങനെ നടപ്പിലാക്കാമെന്നതിനെക്കുറിച്ച് ദ്വിദിന സെമിനാർ സംഘടിപ്പിക്കപ്പെട്ടിരുന്നു. അൻപത്തിയൊന്ന് വൈസ് ചാൻസലർമാരും എഴുന്നൂറിലധികം അധ്യാപകരുമാണ് അതിൽ പങ്കെടുത്തത്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ഉൾപ്പെടെയുള്ളവരാണ് അന്ന് അവർക്ക് നിർദേശങ്ങൾ നൽകിയത്. കേരളത്തിൽ ഗവർണർ നിയമിച്ച വൈസ് ചാൻസലർമാർ നിരന്തരം ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്നതിൽ യു ഡി എഫ് സർക്കാരിന് യാതൊരു അസ്വസ്ഥതയും തോന്നില്ല. എന്നാൽ രാജ്യമാകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു പദ്ധതി സർക്കാരിന്റെ മൗനത്തിന്റെ ബലത്തിൽ കേരളത്തിലും മറയില്ലാതെ ചെയ്യാൻ അവർക്ക് ലഭിക്കുന്ന ധൈര്യം ചോദ്യംചെയ്യപ്പെടുകതന്നെ വേണം.
ജന്തർമന്തർ സമരത്തിന്റെ നാളുകളിൽ ഡൽഹിയിലെ സർവകലാശാലകളിലെല്ലാം വിദ്യാർത്ഥികളോട് സമരത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് സർക്കുലറുകൾ പുറത്തിറക്കിയിരുന്നു. ജെ എൻ യുവിലെയും ജാമിയയിലെയും ഡൽഹി യൂണിവേഴ്സിറ്റിയിലെയുമെല്ലാം വിദ്യാർത്ഥികളെ അവിടത്തെ അധികാരികൾ ഭീഷണിപ്പെടുത്തി. പലരെയും കരുതൽ തടങ്കലിൽ വച്ചു. രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും ശക്തമായ സമരങ്ങൾ ഉയർന്നുവന്നയിടങ്ങൾ കാമ്പസുകളാണ്. ജനാധിപത്യത്തിനു മേൽ ആക്രമണം ഉണ്ടായപ്പോഴെല്ലാം എല്ലാ നിരോധനങ്ങളെയും ലംഘിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. സംഘപരിവാരഭരണകൂടത്തിന് അതുണ്ടാക്കിയ അസ്വസ്ഥത ചെറുതല്ല. ഏകാധിപത്യത്തിനെതിരായുള്ള ഫൈസ് അഹ്മദ് ഫൈസിന്റെ സുപ്രസിദ്ധമായ ‘ഹം ദേഖേംഗെ’ എന്ന സമരഗാനം പാടിയതിനാണ് ഐ ഐ ടി കാൺപൂരിൽ വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾ നടത്തുന്ന ചെറിയ ചർച്ചകൾ പോലും രൂക്ഷമായ പരിശോധനയ്ക്കും സെൻസർഷിപ്പിനും വിധേയമാക്കി. അതേസമയം ഹിന്ദുത്വ അജൻഡ ഉയർത്തിപ്പിടിക്കുന്ന ഏതു പരിപാടിയും യഥേഷ്ടം നടത്താമെന്നുമായി. അത്തരം പരിപാടികൾ ഔദ്യോഗികമായിതന്നെ സ്പോൺസർ ചെയ്യപ്പെട്ടു. എം ജി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിച്ച അക്കാദമിക് കോൺഫറൻസിന്റെ പോസ്റ്ററിൽ പാറ്റയുടെ ചിത്രം പതിച്ചതിന് ഫണ്ടിംഗ് തന്നെ നിഷേധിക്കാനൊരുമ്പെട്ട വിസി എന്തിന്റെ തുടർച്ചയാണെന്ന് മനസ്സിലാക്കാമല്ലോ.
കലാലയങ്ങളിൽ ആർഎസ്എസ് അക്രമ പരമ്പരകളുടെ കൂടി കാലമായിരുന്നു ഇത്. ജെ എൻ യുവിലും ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലും ഡൽഹി യൂണിവേഴ്സിറ്റിയിലും ജാദവ്പൂർ സർവകലാശാലയിലുമെല്ലാം വിദ്യാർത്ഥികളുടെ ചോരവീണു. ഒഡീഷയിലെ ഗംഗാധർ മെഹർ സർവകലാശാലയിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രൊഫസർ നിവേദിത മേനോന്റെ പ്രഭാഷണത്തിനിടയിലേക്ക് എ ബി വി പി പ്രവർത്തകർ ഇരച്ചുകയറുകയും പരിപാടി തടസ്സപ്പെടുത്തുകയും ചെയ്തു. ജെ എൻ യുവിലെ അധ്യാപികയും എഴുത്തുകാരിയുമായ നിവേദിത മേനോൻ രാജ്യദ്രോഹിയാണെന്ന് ആക്രോശിച്ചായിരുന്നു അവരുടെ ഗുണ്ടായിസം. ഐഐടി മുംബെെയിൽ പലസ്തീൻ വിഷയം പ്രതിപാദിക്കുന്ന ‘അർണാസ് ചിൽഡ്രൻ’ എന്ന ഡോക്യുമെന്ററി ചലച്ചിത്രത്തെക്കുറിച്ച് സംവിധായകനും എഴുത്തുകാരനും നാടക പ്രവർത്തകനുമായ സുധൻവാ ദേശ്പാണ്ഡെയുടെ ലക്ചർ സംഘടിപ്പിച്ചതിനെതിരെ ആർഎസ്എസിന്റെ ഭീഷണി ഉയർന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ രാംജാസ് കോളേജിൽ ‘സമരങ്ങളുടെ സംസ്കാരം’ എന്ന പേരിൽ കോൺഫറൻസ് സംഘടിപ്പിച്ചപ്പോൾ അതിനെതിരെയും ഇതേ കൂട്ടർ അക്രമണം അഴിച്ചുവിട്ടിരുന്നു. അതേ രാംജാസ് കോളേജിൽ ആർ എസ് എസിന്റെ ആദ്യത്തെ മൂന്ന് സർസംഘ്ചാലക്മാരെക്കുറിച്ച് സെമിനാർ നടത്തിയത് മാസങ്ങൾക്കു മുൻപാണ്.
രാജ്യത്ത് ബി ജെ പിയുടെ ഭരണം അവസാനിച്ചുകഴിഞ്ഞാൽ ഇക്കാലത്തിനിടയിൽ അവർ ചെയ്തുകൂട്ടിയ പല കാര്യങ്ങളും തിരുത്താനാകുമെങ്കിലും രണ്ട് കാര്യങ്ങളിൽ അത് അസാധ്യമായിരിക്കുമെന്ന് പ്രഭാത് പട്നായ്ക് അഭിപ്രായപ്പെടുന്നുണ്ട്. ഒന്ന്, ചരിത്രപരമായതും പുരാവസ്തുപരമായതുമായ നിർമിതികൾക്ക് സംഭവിച്ച നാശമാണ്. ബാബറി മസ്ജിദ് മുതൽ ആരംഭിക്കുന്ന എത്രയോ ഉദാഹരണങ്ങൾ. മറ്റൊന്ന് നമ്മുടെ കാമ്പസുകൾക്ക് വരുത്തിയ പരിക്കുകളാണ്. അവ എളുപ്പത്തിൽ തിരുത്താനാകുന്നതല്ല. പതിറ്റാണ്ടുകളുടെ പരിശ്രമത്തിന്റെയും പ്രഗത്ഭരായ ഒരു വലിയനിര മനുഷ്യരുടെ സമർപ്പണത്തിന്റെയുമെല്ലാം ഉത്പന്നമാണ് ഇന്ത്യയിലെ സർവകലാശാലകൾ. വളരെ ഗൗരവത്തോടെയും ഉയർന്ന അക്കാദമിക് മികവോടെയും ഗവേഷണങ്ങളെയും അധ്യാപനത്തെയും സമീപിക്കുന്ന സർവകലാശാലകൾ കെട്ടിപ്പടുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു മൂന്നാം ലോക സമൂഹത്തിൽ ഇത്തരം സ്ഥാപനങ്ങൾ സാധ്യമാക്കുന്നത് അങ്ങേയറ്റം പ്രയാസമേറിയ കാര്യമാണെന്നും ഇന്ത്യയിൽ അതിനു സാധിച്ചിട്ടുണ്ടെന്നും പ്രഭാത് പട്നായക് ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ, ‘‘ഒരു സർവകലാശാല എന്നത് അധ്യാപനം നടക്കുന്ന ഒരുകൂട്ടം കെട്ടിടങ്ങളല്ല; ഏത് കോച്ചിംഗ് സെന്ററിലും ഇവ ഉണ്ടായിരിക്കാം. എല്ലാത്തിനുമുപരി, സർവകലാശാല ചിന്തയെ വിലമതിക്കുന്ന ഒരു ഇടമാണ്. ചിന്തയെ വിലമതിക്കുന്ന ധാർമ്മികത സൃഷ്ടിക്കുന്നതിന് സമയമെടുക്കും. ഒരു മൂന്നാം ലോക സമൂഹത്തിൽ അത്തരം ഇടങ്ങൾ സൃഷ്ടിക്കുന്നത് പ്രത്യേകിച്ചും ബുദ്ധിമുട്ടാണ്. അത്തരം കുറച്ച് ഇടങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതിന്റെ ബഹുമതി ഇന്ത്യയ്ക്കാണ്’’.
ഗൗരവമായ ചിന്തകളൊന്നുമില്ലാത്ത ഫാസിസ്റ്റ് സംഘടനകൾക്ക് ഗൗരവമായ ചിന്തകളോട് ബഹുമാനവുമില്ല. ഗൗരവമായ ചിന്തകൾക്കായി രാജ്യത്ത് നിലനിൽക്കുന്ന ചുരുക്കം ചില ഇടങ്ങൾ ആസൂത്രിതമായി നശിപ്പിക്കാൻ ബിജെപി സർക്കാർ തീരുമാനിച്ചതിൽ അതിശയിക്കാനില്ല. സർവകലാശാലകൾക്കെതിരായ അവരുടെ ആക്രമണം രാജ്യത്തിന് എണ്ണമറ്റ നാശനഷ്ടങ്ങൾ വരുത്തും.
ഒരാളെ ആക്രമിക്കുന്നതിന് അയാൾ ചിന്തിക്കുന്നുവെന്ന കാരണംതന്നെ ധാരാളം എന്ന സാഹചര്യത്തിലേക്ക് രാജ്യം നീങ്ങുകയാണ്. കേരളത്തിൽ സർവകലാശാലകളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആർഎസ്എസ് അജൻഡകൾക്കു മുന്നിൽ പൂർണമായും കീഴടങ്ങുന്ന യു ഡി എഫ് സർക്കാർ ഈ അപകടത്തിലേക്കാണ് നമ്മുടെ കാമ്പസുകളെയും തള്ളിവിടുന്നത്. l



