ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർഎസ്എസ് നടത്തുന്ന കടന്നാക്രമണങ്ങളെക്കുറിച്ച് ഇപ്പോൾ നമുക്കേവർക്കും സുപരിചിതമാണ്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്കതിലും വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എബിവിപിക്ക് കാര്യമായ പിന്തുണയൊന്നും ലഭിക്കുന്നുമില്ല. എന്നിട്ടും, ആർഎസ്എസും ബിജെപിയും ഈ സ്ഥാപനങ്ങളിലേക്ക് വീണ്ടും വീണ്ടും കടന്നുവരികയും വിദ്യാർത്ഥികളെ ‘രാജ്യവിരുദ്ധരെ’ന്ന് ആക്ഷേപിക്കുകയും തങ്ങളുടെ ഫാസിസ്റ്റ് ആശയങ്ങൾ ഈ സ്ഥാപനങ്ങൾക്കുമേൽ ബലമായി അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് ആർഎസ്എസും ബിജെപിയും നമ്മുടെ കലാലയങ്ങളിൽ നിരന്തരമായ ഇത്തരം കടന്നാക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്? കാരണം, മികവിന്റെ സ്ഥാപനങ്ങളെ സ്വന്തം കൈപ്പിടിയിലൊതുക്കുകയെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. അവർ കേവലമൊരു ഭൗതികശക്തിയല്ല. അവർക്ക് കൃത്യമായ ബൗദ്ധിക അജൻഡയുണ്ട്; അത് നിയോഫാസിസ്റ്റ് പ്രവണതകളുടെ കാതലായ വശവുമാണ്. അക്കാദമിക് രംഗത്തും നയരൂപീകരണ മേഖലയിലും മൊത്തത്തിൽ സമൂഹത്തിലാകെയും തങ്ങളുടെ വിഭാഗീയ അജൻഡ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സർവകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങളെ പ്രയോജനപ്പെടുത്തുകയാണ് ആർഎസ്എസിന്റെ ഉദ്ദേശ്യം. അതുകൊണ്ടാണ് ഏതുവിധേനെയും ഈ സർവകലാശാലകളുടെ നിയന്ത്രണം കൈക്കലാക്കുകയെന്നത് ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാകാത്ത ഒന്നായി മാറുന്നത്; അതായത് രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളുടെ നിയന്ത്രണം കൈക്കലാക്കുന്നതു വഴി അവരുടെ ആശയങ്ങൾക്ക് ചോദ്യംചെയ്യപ്പെടാനാകാത്തവിധമുള്ള സാധുത ലഭിക്കുന്നു.
അതുകൊണ്ടുതന്നെയാണ് ജാദവ്‌പൂർ സർവകലാശാല പോലെയുള്ള ഇടങ്ങൾ അവരെ പരാജയപ്പെടുത്തുന്നത്. ഈ സർവകലാശാലാ ഇടങ്ങൾ ദശകങ്ങളായി സംവാദത്തിന്റെയും ചർച്ചയുടെയും വിയോജിപ്പുകളുടെയും ഗൗരവപൂർണ്ണമായ വിചിന്തനങ്ങളുടെയും വേദിയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലടക്കം സജീവമായ പങ്കുവഹിക്കാൻ അവയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പോരാട്ടഭൂമിക എല്ലാ കാലത്തും പരസ്പരവിരുദ്ധമായ ആശയങ്ങളെയും ആദർശങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. കൃത്യവും നിരന്തരവുമായ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അറിവിന്റെ വ്യത്യസ്തധാരകളെ ഉൾക്കൊള്ളുന്നതുകൊണ്ടാണ് ജാദവ്‌പൂർ സർവകലാശാല പോലെയുള്ള സ്ഥാപനങ്ങൾ ഇന്നത്തെ നിലയിൽ അറിയപ്പെടുന്നത്. അധികാരത്തിലിരിക്കുന്നവർ അടിച്ചേൽപ്പിക്കുന്ന ആഖ്യാനങ്ങളെ കണ്ണുമടച്ച് സമ്മതിച്ചുകൊടുക്കുകയായിരുന്നില്ല ഈ സ്ഥാപനങ്ങളൊന്നുംതന്നെ. എന്താണോ പറയുന്നത് അതിന്റെ പൊരുൾ സംവാദങ്ങളിലൂടെ ഇവിടങ്ങളിലെ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
ആർഎസ്എസും ബിജെപിയും ഏറ്റവും കൂടുതൽ ഭയക്കുന്നതും സംവാദത്തെയാണ്, തുറന്ന ചർച്ചകളെയാണ്. കാരണം തങ്ങളുടെ പ്രത്യയശാസ്ത്രപരമായ ആഖ്യാനങ്ങളെല്ലാംതന്നെ യുക്തിരാഹിത്യത്തിലും അശാസ്ത്രീയതയിലും കെട്ടിപ്പടുത്തതാണെന്ന് അവർക്ക് നന്നായി അറിയാം. ആ ആഖ്യാനങ്ങൾ പിന്തിരിപ്പനും അശാസ്ത്രീയവും വർഗീയവും ജാതീയവും പുരുഷാധിപത്യപരവും തീർച്ചയായും മനുഷ്യവിരുദ്ധവുമാണ്. അപ്പോൾപിന്നെ എന്താണവർ ചെയ്യുക? പരക്കെ അറിയപ്പെടുന്നൊരു ഫ്രഞ്ച് പഴമൊഴിയുണ്ട്, അതായത്, നിങ്ങൾക്ക് ഒരു നായയെ കൊല്ലണമെങ്കിൽ അതിന് ഒരു മോശം പേര് നൽകുക. യുക്തിസഹമായ മാർഗങ്ങളിലൂടെ വിദ്യാർഥികളെ തങ്ങളാഗ്രഹിക്കുന്ന നിലയിലേക്ക് കൊണ്ടുവരുവാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ അവർ ആദ്യം ചെയ്തത് സർവകലാശാല ഇടങ്ങളെ ‘രാജ്യവിരുദ്ധ’ വികാരം വളർത്തുന്ന കേന്ദ്രങ്ങളായി മുദ്രചാർത്തുകയാണ്.
പൊതുസമൂഹത്തിനു മുന്നിൽ ഇത്തരം സർവകലാശാലകളുടെ പ്രതിച്ഛായ തകർക്കുന്നതിനുവേണ്ടി തങ്ങളുടെ പ്രചരണായുധങ്ങളായ മാധ്യമങ്ങളിലൂടെ വേണ്ടുവോളം വിഷംതുപ്പിയതിനുശേഷം സർവകലാശാല ഇടങ്ങൾക്കുമേലും അവിടങ്ങളിലെ വിദ്യാർത്ഥികൾക്കുനേരെയും ഇക്കൂട്ടർ ഭൗതികമായ ആക്രമണം അഴിച്ചുവിടുന്നു. അവർ അങ്ങനെ ചെയ്യുന്നത്, ഈ വിദ്യാർത്ഥികളെല്ലാവരുംതന്നെ “തുക്കഡെ തുക്കഡെ ഗ്യാങ്ങുകളാണ്” എന്ന് വിശ്വസിക്കുവാൻ തുടങ്ങിയിരിക്കുന്ന സമൂഹത്തിലെ ഒരു വിഭാഗം അവരുടെ ചെയ്തികളെ സാധൂകരിക്കുമെന്ന് കരുതിയാണ്. ഈ പ്രക്രിയയിൽ, അവർ വിയോജിപ്പുയർത്തുന്ന ശബ്ദങ്ങളെ ഒതുക്കുകയും ഭയത്തിന്റേതായ ഒരന്തരീക്ഷം സൃഷ്ടിക്കുകയും ക്രമേണ വിയോജിക്കുന്നവർ ഒഴിഞ്ഞുപോയ ഇടങ്ങൾ കൈക്കലാക്കുകയും ചെയ്യുന്നു. ഒരിക്കൽ സർവകലാശാലകൾ പിടിച്ചടക്കിയാൽപിന്നെ, നിലവിൽ സ്ഥാപിച്ചിട്ടുള്ളതും അംഗീകൃതവുമായ സ്ഥാപനങ്ങളിലൂടെ, കാര്യമായ ചെറുത്തുനിൽപ്പൊന്നുമില്ലാതെതന്നെ യുക്തിരഹിതവും അശാസ്ത്രീയവുമായ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ അവർക്ക് എളുപ്പം സാധിക്കും.
പക്ഷേ ജാദവ്‌പൂർ ശക്തമായി ചെറുത്തുനിന്നു. ഓരോ തവണയും ജാദവ്‌പൂരിലേക്ക് നുഴഞ്ഞുകടക്കാനും അതിന്റെ ആത്മാവിനെ കടന്നാക്രമിക്കാനും അവർ വരുമ്പോഴും ജാദവ്‌പൂർ സർവകലാശാല അതിനെ ധീരമായി ചെറുത്തു. ബംഗാളിലെ തൃണമൂൽ കോൺഗ്രസ് വാഴ്ചക്കാലത്ത് ജാദവ്‌പൂർ സർവകലാശാലയിൽ എസ്എഫ്ഐയോ അല്ലെങ്കിൽ ഭരണകൂടവിരുദ്ധ നിലപാടുള്ള മറ്റേതെങ്കിലും കൂട്ടായ്മകളോ ആണ് തുടർച്ചയായി ജയിച്ചുകൊണ്ടിരുന്നത്. ജാദവ്‌പൂർ സർവകലാശാലയിലെ വിദ്യാർത്ഥികളെക്കുറിച്ചും അവരുടെ കുഴപ്പംപിടിച്ചതും അച്ചടക്കമില്ലാത്തതുമായ സ്വഭാവത്തെക്കുറിച്ചും കുറ്റംപറയുവാൻ കോൺഗ്രസിനും ഏറെയുണ്ടായിരുന്നു. സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ കടന്നാക്രമിക്കുന്ന കാര്യത്തിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും ഏതാണ്ട് ഒരേ നിലപാടാണ് കൈക്കൊണ്ടിരുന്നത്! തൃണമൂൽ കോൺഗ്രസ് വിദ്യാർത്ഥികളെ അച്ചടക്കമില്ലാത്തവരായി ചിത്രീകരിക്കുകയും അവരെ “മെരുക്കുവാൻ” ശ്രമിക്കുകയും ചെയ്തു; പക്ഷേ സർവകലാശാലയെ ‘രാജ്യവിരുദ്ധ’ പ്രവർത്തനങ്ങളുടെ കേന്ദ്രമായി അവർ മുദ്രകുത്തിയിരുന്നില്ല എന്നതാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ, ഉടനടിയോ അല്ലെങ്കിൽ വൈകിയോ, ഭരണത്തിന്റെ ഉന്നതതലങ്ങളിലിരിക്കുന്നവർ പുത്തൻ ആവേശത്തോടൂകൂടി ജാദവ്‌പൂരിനെ കടന്നാക്രമിക്കുമെന്നുള്ളത് വ്യക്തമായിരുന്നു.
തങ്ങളുടെ പ്രശ്നവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് ആഗസ്ത് 19ന് എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികൾ ജനറൽബോഡി യോഗം ചേർന്നു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ ഭരണകാലത്ത് പശ്ചിമബംഗാളിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ കൃത്യമായി നടത്തിയിരുന്നില്ല. വർഷങ്ങളായി ജാദവ്‌പൂരിലും വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാ വിദ്യാർഥി യൂണിയനുകളും ഔദ്യോഗികമായി പിരിച്ചുവിടപ്പെട്ടിരുന്നു. പക്ഷേ അതിനൊന്നും തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി ഒരു ജനറൽബോഡി യോഗത്തിന് ആഹ്വാനം ചെയ്യുന്നതിൽനിന്നും വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാനായില്ല. വിദ്യാർത്ഥികൾ യോഗം നടത്തവെ ഏതാനും എബിവിപി ഗുണ്ടകൾ സ്ഥലത്ത് എത്തുകയും ഈ ജനറൽബോഡി യോഗം നിയമവിരുദ്ധമാണെന്ന് പറഞ്ഞ് വിദ്യാർത്ഥികളുടെ മെക്കിട്ടുകയറുകയും ചെയ്തു. വടിയുമായി എത്തിയവർ വിദ്യാർഥികളെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. യാതൊരു അടിസ്ഥാനവുമില്ലാതെ എബിവിപി ഗുണ്ടകൾ നടത്തിയ ഈ പ്രകോപനം ഇരുപക്ഷവും തമ്മിലുള്ള വാക്കുതർക്കത്തിലേക്ക് നയിച്ചു. മുൻപ് ലൈംഗികാതിക്രമ കേസിൽ ജയിലിലായിട്ടുള്ള ഗവേഷക വിദ്യാർത്ഥിയായിരുന്നു ആ എബിവിപി സംഘത്തിന്റെ നേതാവ്. തങ്ങളുടെ ആളുകളെ യോഗത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ മർദിച്ചുവെന്നും സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു എന്നും വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ അവർ ഉന്നയിച്ചു.
ഇവിടെനിന്നാണ് യഥാർത്ഥ അക്രമം തുടങ്ങുന്നത്. പ്രദേശത്തെ ബിജെപി എംഎൽഎ ആശുപത്രിയിലേക്ക് പാഞ്ഞെത്തി; ജാദവ്‌പൂർ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്താൻ തുടങ്ങി. സംഭവം നടക്കുന്ന സമയത്ത് ആ പ്രദേശത്തെങ്ങും ഇല്ലാതിരുന്ന എസ്എഫ്ഐ നേതാക്കളെയും സിപിഐഎം നേതാക്കളെയും അവർ കുറ്റപ്പെടുത്തുവാൻ തുടങ്ങി; ക്യാമ്പസിൽ ‘രാജ്യവിരുദ്ധ’ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞ് ഇടതുപക്ഷ ശക്തികൾക്കെതിരായി ഭീഷണി ഉയർത്തുകയും ചെയ്തു. മാധ്യമങ്ങൾക്കു മുന്നിൽ നിന്ന് അവർ വിളിച്ചുപറഞ്ഞു – “ഈ രാത്രി മുഴുവൻ താണ്ഡവം നടക്കും ’’. വീണ്ടുവിചാരമില്ലാത്തതും നിരുത്തരവാദപരവും പ്രകോപനപരവുമായ അവരുടെ പ്രസംഗത്തെ തുടർന്ന്, വലിയൊരു വിഭാഗം ആർഎസ്എസ് – ബിജെപി ഗുണ്ടകൾ ജാദവ്‌പൂർ സർവകലാശാലയിൽ പ്രവേശിക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും അഴിഞ്ഞാടുകയും ചെയ്തു.
ഗുണ്ടകൾ മുഴുവൻ ക്യാമ്പസിനുപുറത്തുള്ള ബിജെപിക്കാരായിരുന്നു. അവർക്ക് ഈ ക്യാമ്പസുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ജനങ്ങളെ വിരട്ടാൻ ബിജെപി ഉപയോഗിച്ചിരുന്ന അജാനുബാഹുക്കളായിരുന്നു അവർ. ആഗസ്റ്റ് 20ന് അർദ്ധരാത്രിയിൽ അവരെ കൂട്ടത്തോടെ അഴിച്ചുവിട്ടത്, ജാദവ്‌പൂർ സർവകലാശാല ക്യാമ്പസ് വളപ്പാകെ ഇളക്കിമറിക്കാനും നാശംവിതയ്ക്കാനും അതുവഴി വിദ്യാർഥികളുടെ മനസ്സിൽ സ്വാഭാവികമായ ഭയം ജനിപ്പിക്കാനുമായിരുന്നു. കയ്യിൽ കിട്ടിയ എല്ലാ ബാനറുകളും ഫ്ലക്സുകളും അവർ വലിച്ചുകീറി. ഒട്ടനവധി സർവകലാശാല ആസ്തികൾക്ക് കേടുവരുത്തി. എസ്എഫ്ഐ അടക്കമുള്ള വിവിധ സംഘടനകളുടെ പതാകകൾ കത്തിച്ചു. അക്രമത്തിനിടയിൽ പെട്ടുപോയ സാധാരണ വിദ്യാർത്ഥികളെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിലേക്ക് തള്ളിക്കയറ്റുകയും അവർക്കുനേരെ കല്ലെറിയുകയും ചെയ്തു. നിയന്ത്രണംവിട്ട അക്രമിസംഘം ഒന്നുമറിയാത്ത ചില വിദ്യാർത്ഥികളെ യാതൊരു ദയവുമില്ലാതെ തല്ലിച്ചതച്ചു. അക്രമികൾക്കു മാർഗ്ഗനിർദേശം നൽകുകയും അവർക്കുവേണ്ട പ്രോത്സാഹനം കൊടുക്കുകയും ചെയ്തത് സർവകലാശാലയ്ക്കകത്തു തന്നെയുള്ള ചില വ്യക്തികളാണെന്നും അക്കൂട്ടത്തിൽ നിലവിൽ ആർഎസ്എസിന്റെ അധ്യാപക സംഘടനയുടെ തലവനായിട്ടുള്ള, സർവകലാശാലയിലെ മുൻ വൈസ് ചാൻസലറും ഉൾപ്പെടുന്നുണ്ടെന്നും പിന്നീട് കണ്ടെത്തുകയുണ്ടായി.
ഭീതിദമായൊരു രാത്രിയായിരുന്നു അത്. ജാദവ്‌പൂർ ഇതിനുമുൻപും ഒട്ടേറെ അക്രമങ്ങൾക്ക് സാക്ഷ്യംവഹിച്ചിട്ടുള്ളതാണ്. പക്ഷേ ക്രൂരതയുടെ കാര്യത്തിൽ ഈ ആക്രമണം മറ്റെല്ലാ സംഭവങ്ങളെയും മറികടന്നു. ഇന്ത്യയെന്ന രാജ്യത്തിന് ഇത്രയേറെ സംഭാവന ചെയ്ത സ്ഥാപനത്തോട് ബിജെപി ഗുണ്ടകൾക്ക് യാതൊരുവിധ ആദരവുമുണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ഉദയംകൊണ്ട കോളേജായിരുന്നു ജാദവ്‌പൂർ സർവകലാശാല ആദ്യം. 20–ാം നൂറ്റാണ്ടിന്റെ ആദ്യം കോൺഗ്രസിനകത്ത് മിതവാദികളും തീവ്രവാദികളും തമ്മിലുള്ള തർക്കം നടക്കുന്ന കാലത്ത് “തീവ്രവാദി” വിഭാഗത്തിൽപ്പെട്ട, സന്ന്യാസ ജീവിതത്തിലേക്ക് വഴിമാറുന്നതിനുമുൻപ് ധീരനായ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അരബിന്ദോ ഘോഷ് ആയിരുന്നു ആ സ്ഥാപനത്തെ നയിച്ചത്. ബ്രിട്ടീഷ്-വിരുദ്ധ പോരാട്ടകാലത്ത് ഈ കോളേജ് ഒട്ടേറെ വിപ്ലവകാരികളുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയും അഭയകേന്ദ്രമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം, ദശകങ്ങൾകൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായി അതുമാറി; സയൻസിലും ഹ്യുമാനിറ്റീസിലും എൻജിനീയറിങ്ങിലും വളരെ മികച്ച ഒട്ടേറെ അക്കാദമിക് പ്രവർത്തനങ്ങൾ കാഴ്ചവച്ചു.
അക്രമം നടന്ന് തൊട്ടടുത്ത ദിവസം എവിടെയും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിന് ഇടതുപക്ഷ ആക്ടിവിസ്റ്റുകളും ജനാധിപത്യ വിശ്വാസികളും ജാദവ്‌പൂർ സർവകലാശാലയ്ക്കുസമീപം പ്രതിഷേധവുമായി അണിനിരന്നു. ഈ ജനങ്ങളെ ബിജെപിയുടെ പൊലീസ് സർവസന്നാഹങ്ങളും ഉപയോഗിച്ച് തടഞ്ഞു. അതേസമയംതന്നെ, എബിവിപി നടത്തിയ റാലിയെ ജാദവ്‌പൂർ സർവകലാശാലയുടെ ഗേറ്റുവരെയെത്താൻ അനുവദിക്കുകയും ചെയ്തു. സ്വന്തം വീടു കഴിഞ്ഞാൽ പിന്നെ തങ്ങൾക്കേറ്റവും പ്രിയപ്പെട്ട ഇടമായ സർവകലാശാലയ്ക്കുനേരെ നടക്കുന്ന ഏത് കടന്നാക്രമണത്തെയും ചെറുക്കുവാനുറച്ച് ക്യാമ്പസ-്-വളപ്പിനകത്ത് എസ്എഫ്ഐയുടെ നേതൃത്വത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. ഗേറ്റിനു പുറത്തുനിന്ന ബിജെപി എബിവിപി ഗുണ്ടകൾ ബലമായി അകത്തേക്ക് കടക്കാൻ ശ്രമിച്ചുവെങ്കിലും ഗേറ്റിനകത്ത് കൂടിയിരിക്കുന്ന വിദ്യാർത്ഥികളുടെ അംഗബലംകണ്ട് പെട്ടെന്ന് പിൻവാങ്ങി. മടങ്ങിപ്പോകുന്നതിനു മുമ്പ്, സർവകലാശാലയുടെ ഗേറ്റിനുപുറത്ത് പിടിപ്പിച്ചിരുന്ന ചരിത്രപ്രധാനമായ എംബ്ലെം അവർ ചവിട്ടിത്തകർത്തു. ആ ലോഗോ രൂപകല്പന ചെയ്തത് പ്രശസ്തനായ ചിത്രകാരൻ നന്ദലാൽ ബോസ് ആയിരുന്നു; ഇന്ത്യൻ ഭരണഘടനയുടെ മുഖചിത്രം രൂപകൽപ്പന ചെയ്ത നന്ദലാൽ ബോസ്.
വിരോധാഭാസമെന്ന് പറയട്ടെ, പശ്ചിമബംഗാളിലെ ഏറ്റവും ഒടുവിൽ നടന്ന എസ്ഐആർ പുതുക്കലിനുശേഷം പുറത്തുവന്ന വോട്ടർ പട്ടികയിൽനിന്നും ആ നന്ദലാലിന്റെ ബന്ധുക്കളും അനന്തരാവകാശികളും പുറത്താക്കപ്പെട്ടിരുന്നു. ഭരണഘടനാപരമായ അമൂല്യസൃഷ്ടികളെ വിലമതിക്കാത്ത കൂട്ടർ, നന്ദലാൽ ബോസിനെപ്പോലെ രവീന്ദ്രനാഥ ടാഗോറിനോട് അത്രമേൽ അടുത്തുനിന്നിരുന്ന ഒരു വ്യക്തിയെ കടന്നാക്രമിക്കുന്നത് സ്വാഭാവികമാണ്. ബംഗാളിൽ അധികാരത്തിലേറി നാലുമാസത്തിനകത്ത്, സുഭാഷ് ചന്ദ്ര ബോസ്, ടിറ്റു മിർ, സിധോ-കാൻഹോ, കവി സുകാന്ത ഭട്ടാചാര്യ തുടങ്ങിയ നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിലും പുരോഗമന സാമൂഹ്യ മുന്നേറ്റത്തിലും നേതൃത്വപരമായ പങ്കുവഹിച്ച മഹത് വ്യക്തിത്വങ്ങളെ ബിജെപി പലതവണ അവഹേളിക്കുകയും ഇകഴ്ത്തിക്കാണിക്കാൻ ശ്രമിക്കുകയും ചെയ്തു. അങ്ങനെയുള്ളവർ ജാദവ്‌പൂർ സർവകലാശാലയ്ക്കകത്ത് കടന്നുകയറി അവിടെ ഇളക്കിമറിച്ച് പരിശോധിച്ചതിനെ അവരുടെ മുൻകാല പ്രവൃത്തികളുടെ തുടർച്ചയായി വേണം കാണാൻ. ഇന്ത്യയുടെ പാർലമെന്റിനകത്തുവെച്ച് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി, അംബേദ്കറെ അവഹേളിക്കുന്നത് നമ്മൾ കണ്ടു. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയെ മാറ്റുവാൻ ബിജെപി ഘടകങ്ങൾ ക്രമേണ നടത്തുന്ന ശ്രമവും നമ്മൾ കണ്ടു. ജാദവ്‌പൂർ സർവകലാശാലയ്ക്കുനേരെയുള്ള ആക്രമണം കേവലം സ്വതന്ത്ര ചിന്തയ്ക്കുനേരെയുള്ള കടന്നാക്രമണമല്ല, മറിച്ച് അത് നമ്മുടെ ദേശാഭിമാന പാരമ്പര്യത്തിലെ പുരോഗമന പൈതൃകത്തിനുനേരെയുള്ള കടന്നാക്രമണം കൂടിയാണ്. സ്വാതന്ത്ര്യസമരത്തിന്റെ കാലത്ത് ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കിയ കൂട്ടരിൽ നിന്നും മറ്റെന്താണ് നമ്മൾക്ക് പ്രതീക്ഷിക്കാനാവുക!
പക്ഷേ എന്തൊക്കെ സംഭവിച്ചാലും ജാദവ്‌പൂർ അതിന്റെ നിലപാടിൽ നിന്നും പിന്നോട്ടുപോവുകയില്ല. തങ്ങളുടെ മഹത്തായ സ്ഥാപനത്തെ ഫാസിസ്റ്റ് ആർഎസ്എസിന്റെ പിടിയിൽനിന്നും രക്ഷിക്കുന്നതിന് വ്യത്യസ്ത കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുള്ള വിദ്യാർത്ഥികളും അധ്യാപകരും ഒന്നിച്ച് കൈപിടിച്ച് തെരുവിലണിനിരക്കുകയാണ്. ഫണ്ടുകൾ തടഞ്ഞുവെച്ചും അടിസ്ഥാനസൗകര്യ വികസനത്തിനുള്ള വിഹിതം നൽകാതെയും കുറച്ചുകാലമായി ജാദവ്‌പൂർ സർവകലാശാലയുടെ കഴുത്തിലെ കുരുക്ക് മുറുക്കുവാൻ ആർഎസ്എസും ബിജെപിയും കിണഞ്ഞുപരിശ്രമിക്കുകയാണ്. അതു നൽകുന്ന സന്ദേശം വ്യക്തമാണ്, ഒന്നുകിൽ അവർക്ക് വഴങ്ങിക്കൊടുക്കുക അല്ലെങ്കിൽ സ്വയം മരണംവരിക്കുക. എന്നാൽ ഒരേ ശബ്ദത്തിൽ ജാദവ്‌പൂർ പ്രഖ്യാപിക്കുന്നു, ഇനിയും കടന്നുകയറാൻ അവരെ അനുവദിക്കില്ല! പൊതു ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സർവകലാശാലയ്ക്ക് അവിടുത്തെ കോഴ്സുകൾ ഏതൊക്കെ വേണമെന്ന് നിശ്ചയിക്കാനുള്ള സ്വയംഭരണാധികാരം ഉണ്ട്. ജാദവ്‌പൂറിന്റെ ജനാധിപത്യ പാരമ്പര്യത്തെ അത്രയെളുപ്പം കീഴ്പ്പെടുത്താൻ ഗവൺമെന്റിനു കഴിയില്ല. ജാദവ്‌പൂർ ഇപ്പോഴും ചെറുത്തുനിൽക്കുകയാണ്.
ജാദവ്‌പൂർ സർവ്വകലാശാല പോലെയുള്ള ഇടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഉറച്ചുനിൽക്കുവാൻ കേരളത്തിലെ ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. അതിപ്പോൾ ഒരു വിദ്യാഭ്യാസ സ്ഥാപനം തന്നെയാകണമെന്നില്ല. അതൊരു വായനശാലയോ, ഒരു കോഫി ഹൗസോ, തൊഴിലാളികൾ ഒത്തുചേരുന്ന ഇടമോ എന്തുമാകാം. സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഏതൊരിടവും ഇന്നത്തെ സ്വേച്ഛാധിപത്യവാഴ്ചയ്ക്കെതിരായ പ്രതീക്ഷയുടെ പൊൻകിരണമാണ്. രാജ്യത്തെ പുതുതലമുറയുടെയിടയിൽ ബിജെപിക്ക് അടിത്തറ നഷ്ടപ്പെടുവാൻ തുടങ്ങിയിരിക്കുന്നു. വെറുപ്പിന്റെയും പുറന്തള്ളലിന്റെയും രാഷ്ട്രീയത്തെ, ഉപജീവനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ജനങ്ങൾ ശക്തമായി ചെറുക്കുന്നു. അധികം വൈകാതെതന്നെ, ബിജെപി ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും പരാജയം രുചിച്ചറിയും.
നമ്മുടെ പരമാധികാര മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്കിനെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള ജനങ്ങളുടെ യാത്രയിൽ അവരെ ഏകോപിപ്പിക്കുന്നതിൽ സുപ്രധാനമായൊരു പങ്കുവഹിക്കുവാൻ ജാദവ്‌പൂർ പോലെയുള്ള ഇടങ്ങൾക്ക് കഴിയും. l



