നമ്മുടെ ഭരണഘടനയുടെ ദൗർബല്യങ്ങളിലൊന്നാണ് ഗവർണർ പദവി. ബ്രിട്ടീഷ് ഭരണ കാലത്ത് നിലനിന്നതും ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ പറഞ്ഞിട്ടുള്ളതുമായ ഒരു പദവിയാണ് ഇത്. ഈ നിയമപ്രകാരം സർവ്വാധികാരിയായ ബ്രിട്ടീഷ് രാജാവിന്റെ ഇന്ത്യയിലെ പ്രതിനിധിയാണ് ഗവർണർ ജനറൽ; സംസ്‌ഥാനങ്ങളിലെ അദ്ദേഹത്തിന്റെ പ്രതിനിധിയാണ് ഗവർണർ.
നമ്മുടെ ഭരണഘടനയിലും ഗവർണറെക്കുറിച്ചു പറയുമ്പോൾ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലെ അതേ വാചകങ്ങൾ ഉപയോഗിച്ചിരിക്കുന്നു എന്നത് ഒരു വൈരുധ്യമാണ്. സംസ്‌ഥാനങ്ങളുടെ എക്സിക്യൂട്ടിവ് അധികാരം ഗവർണറിലാണ് ഭരണഘടനയും നിക്ഷിപ്തമാക്കിയിരിക്കുന്നത്; ഗവർണറെ ഉപദേശിക്കുക എന്നതാണ് ഭരണഘടന പ്രകാരം മുഖ്യമന്ത്രി അധ്യക്ഷനായ സംസ്‌ഥാന മന്ത്രിസഭയുടെ ചുമതല. ജനങ്ങൾ വോട്ടുചെയ്തു. തിരഞ്ഞെടുത്ത നിയമസഭയോട് കൂട്ടുത്തരവാദിത്തമുള്ള മന്ത്രിസഭയുടെ ജോലി കേവലം ഉപദേശിക്കുക മാത്രമാണോ എന്ന് നമുക്ക് അമ്പരക്കാവുന്നതേയുള്ളൂ. അതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ അധ്യക്ഷനായ ഡോ ബി ആർ അംബേദ്‌കർ നൽകിയ മറുപടി തൃപ്തികരമായി ഈ ലേഖകന് ഒരിക്കലും തോന്നിയിട്ടില്ല. ഗവർണർക്ക് യാതൊരു തരത്തിലുള്ള എക്സിക്യൂട്ടീവ് അധികാരങ്ങളുമില്ല എന്നദ്ദേഹം ആവർത്തിച്ചു പറഞ്ഞു; മന്ത്രിസഭയുടെ ഉപദേശമനുസരിച്ചുമാത്രം പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്‌ഥനാണെന്നും അദ്ദേഹം പറഞ്ഞു. വിശാലാർത്ഥത്തിൽ അധികാരം ഒരു സ്‌ഥാപനത്തിലും കേന്ദ്രീകരിക്കാതിരിക്കാനാണ് ഇത്തരമൊരു സംവിധാനമെന്നും അദ്ദേഹം പറയുന്നുണ്ട്. അപ്പോഴും ഉപയോഗിച്ച വാചകങ്ങൾ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലെ അതേ വാചകങ്ങൾ തന്നെയാണ് എന്നതാണ് കൂടുതൽ കുഴപ്പിക്കുന്ന വസ്തുത. ആ വ്യവസ്‌ഥ അധികാരത്തിന്റെ ദുർവിനിയോഗത്തിനു കാരണമാകുമെന്ന് മുൻകൂട്ടി കാണാൻ ഭരണഘടനാനിർമാണസഭയ്ക്ക് കഴിഞ്ഞില്ല എന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമായ കാര്യമാണ്.
സത്യത്തിൽ കോടതികളാണ് ഇക്കാര്യത്തിൽ സ്പഷ്ടത വരുത്തിയതും ഗവർണർ പദവിയെ ആലങ്കാരികമായ ഒന്നാക്കി ചുരുക്കിയതും. മന്ത്രിസഭയുടെ തീരുമാനങ്ങളനുസരിച്ചു പ്രവർത്തിക്കുക മാത്രമാണ് ഗവർണറുടെ ഉത്തരവാദിത്തമെന്നും അദ്ദേഹത്തിന് വിവേചനാധികാരം പ്രയോഗിക്കാവുന്നത് അത്യധികം ദുർലഭമായ അവസരങ്ങളിലാണെന്നും വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ ഭരണാധികാരികൾക്കും ജനങ്ങൾക്കുമിടയിൽ ഇത്തരമൊരു സംവിധാനം ആവശ്യമില്ലാത്തതാണ് എന്നൊരു വാദം എന്നുമുണ്ടായിരുന്നു; എന്നാൽ ജനാധിപത്യ രീതി പിച്ചവച്ചുതുടങ്ങുന്ന ഒരു നാട്ടിൽ പലതരം നിയന്ത്രണങ്ങൾ ആശാസ്യമാണ് എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടതുകൊണ്ടുമാത്രമാണ് ആ പദവി ഭരണഘടനയിൽ നിലനിൽക്കുന്നത്.
അപ്പോഴും ഒരു കാര്യം അവശേഷിക്കുന്നു: ഭരണഘടനയുടെ 163-–ാം അനുച്ഛേദമനുസരിച്ച് മന്ത്രിസഭ ഗവർണറെയാണ് ഉപദേശിക്കേണ്ടത്; തിരിച്ചല്ല. മന്ത്രിസഭയ്ക്ക് മുന്നറിയിപ്പുനൽകാനും ഉപദേശിക്കാനും മറ്റു രീതികൾ പരീക്ഷിക്കാനും നിർദ്ദേശം നൽകാനും ഗവർണർക്കു സാധിക്കുമെന്ന് ഡോ. അംബേദ്‌കർ പറയുന്നുണ്ടെങ്കിലും ഭരണഘടനാ വ്യവസ്‌ഥകൾ അത്തരമൊരു സംവിധാനം നിർമിച്ചിട്ടില്ല. മന്ത്രിസഭയുടെ എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രി ഗവർണറെ അറിയിക്കണമെന്നും കൂടുതൽ വിവരങ്ങൾ ആവശ്യമാണെങ്കിൽ അത് മുഖ്യമന്ത്രി ഗവർണർക്ക് എത്തിക്കണമെന്നും ഒരു മന്ത്രിയുടെ തീരുമാനത്തിൽ മന്ത്രിസഭാ പുനരവലോകനം നടത്തണമെന്ന് തോന്നിയാൽ അതിനു നിർദ്ദേശം നല്കാൻ ഗവർണർക്ക് അധികാരമുണ്ടെന്നും ഭരണഘടന പറയുന്നുണ്ട്. അതോടൊപ്പം നിയമസഭ പാസാക്കുന്ന ബില്ലുകൾ പുനരവലോകനം നടത്താനായി സഭയ്ക്ക് തിരിച്ചയക്കാനും ഗവർണർക്കു അധികാരമുണ്ട്.
ഈ ഭരണഘടനാ വ്യവസ്‌ഥകൾ മൊത്തമായെടുത്താൽ തെളിഞ്ഞുവരുന്ന കാര്യം മന്ത്രിസഭയുടെയോ നിയമസഭയുടെയോ തീരുമാനം ആവശ്യമായി വരികയാണെങ്കിൽ ഒന്നുകൂടി പരിശോധിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള സംവിധാനമാണ് ഗവർണറുടേത് എന്നാണ്. നിയമസഭയിൽ ഭൂരിപക്ഷമുണ്ടെന്നു കരുതി ഏതുതരത്തിലുള്ള തീരുമാനവും ഏതു ബില്ലും പാസാക്കാം എന്നൊരവസ്‌ഥ ഭൂഷണമല്ല; സർക്കാർ സംവിധാനത്തിൽത്തന്നെ അതിനൊരു തടയിടേണ്ടതുണ്ട്. എന്നാൽ പുനരവലോകനത്തിനുശേഷവും മന്ത്രിസഭയോ നിയമസഭയോ എടുക്കുന്ന തീരുമാനമാകട്ടെ അന്തിമമായിരിക്കും; അവിടെ ഗവർണർക്കു റോളൊന്നുമില്ല. പിന്നെ അതിനെ നിയമപരമായി ചോദ്യംചെയ്യാമെന്ന് മാത്രം. ഡോ. അംബേദ്‌കർ പറഞ്ഞ നാമമാത്ര ഉപദേശത്തിന്റെ അവസരം നിലനിർത്തിക്കൊണ്ടുതന്നെ തീരുമാനങ്ങളെടുക്കാനുള്ള പൂർണ അവകാശം നിയമസഭയ്ക്കും മന്ത്രിസഭയ്ക്കുമായാണ് ഭരണഘടന ഉറപ്പിച്ചുവച്ചിട്ടുള്ളത്. അക്കാര്യത്തിൽ മറിച്ചുള്ള ഒരു വ്യാഖ്യാനത്തിനും യാതൊരു സാംഗത്യവുമില്ല.
നിർഭാഗ്യവശാൽ അടുത്തകാലത്തു കാണുന്ന ഒരു പ്രവണത ഗവർണർമാർ തങ്ങൾക്കില്ലാത്ത അധികാരം പ്രയോഗിക്കുകയും തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെയും അതിനോടുത്തരവാദിത്തമുള്ള മന്ത്രിസഭയുടെയും തീരുമാനങ്ങളെ പല വിധത്തിൽ അട്ടിമറിക്കുകയും ചെയ്യുന്നു എന്നതാണ്. നേരിട്ട് ഇടപെടാൻ ഭരണഘടന അനുവദിക്കാത്തതിനാൽ ഒന്നുകിൽ നിയമവ്യവസ്‌ഥയെ ദുർവ്യാഖ്യാനിച്ചും ദുരുപയോഗം ചെയ്തും തീരുമാനങ്ങൾ അലങ്കോലപ്പെടുത്തുക, അല്ലെങ്കിൽ തീരുമാനങ്ങൾ വച്ചുതാമസിപ്പിക്കുക; ദുർബലമായ മന്ത്രിസഭകളുള്ള സംസ്‌ഥാനങ്ങളിൽ ഭരണത്തിൽ നേരിട്ടിടപെടുക എന്നിവയൊക്കെയാണ് പല ഗവർണർമാരും ചെയ്യുന്നത്.
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം ഗവർണർക്കു അധികാരം ലഭിക്കുന്നത് ബ്രിട്ടീഷ് രാജാവിൽനിന്നാണ്; ഇപ്പോഴത്തെ ഗവർണർമാർക്ക് അധികാരം ലഭിക്കുന്നത് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷം എഴുതിയുണ്ടാക്കിയ ‘ഇന്ത്യക്കാരായ നാം അംഗീകരിച്ച് നമുക്കുതന്നെ സമർപ്പിച്ച’ ഭരണഘടനയിൽനിന്നാണ്. ആ ഭരണഘടനയുടെ അടിസ്‌ഥാനമാകട്ടെ, പ്രായപൂർത്തി വോട്ടവകാശവും ജനാധിപത്യ സമ്പ്രദായവുമാണ്. ബ്രിട്ടീഷ് രാജഭരണവുമായി അതിന് യാതൊരു ബന്ധവുമില്ല എന്നു മാത്രമല്ല, ആ രീതിയെ അടിമുടി എതിർക്കുന്ന സമ്പ്രദായമാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നതു താനും. എന്നുവച്ചാൽ ബ്രിട്ടീഷ് നിയമപ്രകാരം ഗവർണർക്ക് കിട്ടിയിരുന്ന അധികാരം ജനാധിപത്യ ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് നടപ്പില്ലതന്നെ. അക്കാര്യമാണ് ഗവർണമാർ മനസിലാക്കേണ്ടത്.
ഒരു കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്തെ എക്സിക്യുട്ടിവിന്റെ എല്ലാ പദവികളും സ്‌ഥാനങ്ങളും ഒന്നുകിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതോ അല്ലെങ്കിൽ സുതാര്യവും വ്യവസ്‌ഥാപിതവും തുറന്നതുമായ ഒരു തിരഞ്ഞെടുപ്പുവഴി നിയമനം നടത്തപ്പെട്ടതോ ആണ്. ഇന്ത്യൻ പ്രസിഡന്റ് മുതൽ പഞ്ചായത്ത് വാർഡ് മെമ്പർമാർ വരെയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടവരാണ്; ക്യാബിനറ്റ് സെക്രട്ടറി മുതൽ പഞ്ചായത്താപ്പീസിലെ പ്യൂൺ വരെ മുൻപറഞ്ഞ പ്രക്രിയയിലൂടെ നിയമിക്കപ്പെട്ടവരാണ്. ഇവയിൽ ഏതു പദവിയും ലഭിക്കാൻ ആർക്കും ശ്രമിക്കാം. എന്നാൽ സംസ്‌ഥാനങ്ങളുടെ എക്സിക്യൂട്ടീവ് അധികാരം നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്ന ഗവർണർ പദവിയിൽ ഒരാൾ എത്തുന്നത് തിരഞ്ഞെടുപ്പിലൂടെയോ സുതാര്യമായ നിയമനപ്രക്രിയയിലൂടെയോ അല്ല. കേന്ദ്രസർക്കാരിന്റെ ഉപദേശപ്രകാരം യാതൊരു മാനദണ്ഡവുമില്ലാതെ രാഷ്ട്രപതിയുടെ ഒരുത്തരവിലൂടെ നിയമിക്കപ്പെടുന്നവരാണിവർ. അവരുടെ നിയമന പ്രക്രിയയിൽ കേന്ദ്രസർക്കാരിനല്ലാതെ മറ്റാർക്കും റോളില്ല. നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെ ഗവർണർമാർക്ക് ദുർബലപ്പെടുത്താൻ സാധിക്കുന്നതിന്റെ ഏറ്റവും പ്രധാന കാരണമായി ഈ ലേഖകന് തോന്നുന്നത് ജനാധിപത്യപരമല്ലാത്ത അവരുടെ നിയമനപ്രക്രിയ തന്നെയാണ്.
******
ഇന്ത്യയിൽ എൻഡിഎയുമായി സഖ്യത്തിലല്ലാത്ത സർക്കാരുകൾ ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ ഗവർണർമാർ പിന്തുടരുന്ന രീതികൾ പ്രധാനമായും നിയമനിർമാണത്തിനുള്ള നിയമസഭയുടെ അധികാരം ഭരണഘടനാവിരുദ്ധമായ പോക്കറ്റ് വീറ്റോവഴി ഇല്ലാതാക്കുകയാണ്. അതുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ടായിട്ടുണ്ട്; പലതരം വിധികളും ഉണ്ടായിട്ടുണ്ട്. അവയുടെയും സാരാംശം നിയമനിർമാണ പ്രക്രിയയെ തടസ്സപ്പെടുത്താൻ ഗവർണർക്ക് അവകാശമില്ല എന്നാണ്; അവയ്ക്കു മറ്റു വ്യാഖ്യാനങ്ങൾ നൽകി രക്ഷപ്പെടാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും.
മറ്റൊരു വിഷയം സർവകലാശാല ചാൻസലർമാർ എന്ന നിലയിൽ അവർ നടത്തുന്ന കൈകടത്തലാണ്. നിയമനങ്ങളിലും നയങ്ങളിലും സർവകലാശാല നിയമങ്ങൾ കാറ്റിൽ പറത്തുകയും സർക്കാർ നിർദ്ദേശങ്ങൾ അവഗണിക്കുകയും സ്വന്തം താല്പര്യം നടപ്പിലാക്കുകയും ചെയ്യുന്നത് സാധാരണ പ്രകൃയയായി മാറിയിരിക്കുന്നു. ഭരണഘടനയും നിയമവും നൽകുന്ന അധികാരങ്ങൾ വച്ച് മന്ത്രിസഭയുമായി വിലപേശൽ നടത്തുന്നവരായി കേരളത്തിലടക്കം ഗവർണർമാർ അധഃപതിച്ചുകഴിഞ്ഞിരുന്നു. ജനങ്ങളോടോ നിയമസഭയോടോ ഉത്തരവാദിത്തമില്ലാത്ത ഗവർണർക്ക് എത്രകാലം വേണമെങ്കിലും ശീതയുദ്ധം നടത്താം; നിയമസഭയിലും ജനങ്ങൾക്കുമുന്നിലും ഉത്തരം പറയാൻ ബാധ്യതയുള്ള മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ ആ ആഡംബരമില്ല. ഇതുകൂടി മുതലെടുത്താണ് ഗവർണർമാർ ഭരണഘടനയുടെ സ്പിരിറ്റിനെ മൊത്തം ഇല്ലാതാക്കുന്ന പരിപാടികൾ തുടർന്നുപോരുന്നത്.
കേരളത്തിൽ ഇപ്പോഴിത് പുതിയ തലത്തിലേക്കു കടന്നിരിക്കുകയാണ്. സർക്കാർ നാമനിർദ്ദേശം ചെയ്തവരെ വെട്ടിമാറ്റി സർവകലാശാല സെനറ്റിലേയ്ക്ക് നിയമനം നടത്തിയ ഗവർണർ സംസ്‌ഥാന പൊലീസ് സേനയുടെ തലവനെ വിളിച്ചുവരുത്തുന്ന അവസ്ഥവരെയുണ്ടായി. വാർത്തകൾ പ്രകാരം ഒരു സർവകലാശാലയിൽ നടന്ന സംഭവത്തെ അങ്ങേയറ്റം വക്രീകരിച്ചു നടത്തിയ പ്രചാരണത്തിന്റെ അടിസ്‌ഥാനത്തിൽ കേസെടുക്കാനും അദ്ദേഹം നിർദ്ദേശിച്ചു. പലതരത്തിലും അപകടകരമായ ഒരു പ്രവണതയാണത്. ഗവർണർക്ക് മുഖ്യമന്ത്രിയിൽനിന്നും വിവരം തേടാം; പക്ഷേ ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്താൻ അദ്ദേഹത്തിന് അവകാശമില്ല എന്നും അദ്ദേഹം മനസിലാക്കണം.
അതിലും ഗുരുതരമായ കാര്യം കേസെടുക്കാൻ നിർദ്ദേശം നൽകി എന്ന വാർത്തയാണ്. കോടതികൾ ആവർത്തിച്ചു പറഞ്ഞിട്ടുള്ള കാര്യമാണ്. കേസന്വേഷണം അതുമായി ബന്ധപ്പെട്ട ഏജൻസികൾ നടത്തുന്ന പ്രൊഫഷണൽ പണിയാണ്; അതിൽ രാഷ്ട്രീയ നേതൃത്വത്തിന് നേരിട്ടിടപെടാൻ ഒരു പഴുതുമില്ല എന്നത്. അപ്പോഴാണ് സംസ്‌ഥാന ഭരണാധികാരികൂടിയായ ഗവർണർ കേസുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പൊലീസ് സേനയുടെ തലവനെ വിളിച്ചുവരുത്തി നൽകി എന്ന വാർത്ത വരുന്നത്.
സംസ്‌ഥാന ഗവൺമെന്റിനെ നിയന്ത്രിക്കുന്നത് ഏതു രാഷ്ട്രീയ കക്ഷിയോ ആവട്ടെ, അവരതു ചെയ്യുന്നത് ജനങ്ങളുടെ ഇച്ഛപ്രകാരമാണ്. അതാണ് ഭരണഘടനാവ്യവസ്‌ഥ. അതിൽ അവർക്കു വീഴ്ചപറ്റിയിട്ടുണ്ടെങ്കിൽ അവർ അതിനുത്തരം പറയേണ്ടത് ജനങ്ങളോടാണ് ; അതിൽ തീരുമാനമെടുക്കേണ്ടതും ജനങ്ങളാണ്. ഗവർണറുടെ തീരുമാനം തെറ്റിയാൽ അയാൾക്ക് ആരോടും ഉത്തരവാദിത്തം പറയേണ്ടതില്ല, അങ്ങനെയൊരു സംവിധാനം നമ്മുടെ നിയമവ്യവസ്‌ഥയിലില്ല. ഇല്ല എന്നു മാത്രമല്ല, ഗവർണറായിരിക്കുമ്പോൾ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും നിയമപരിരക്ഷയുണ്ട് താനും.
അതുകൊണ്ടുതന്നെ സ്വന്തം ബൗണ്ടറിയ്ക്കപ്പുറത്തും കേരളത്തിലെയും മറ്റെല്ലാ സംസ്‌ഥാനങ്ങളിലെയും ഗവർണർമാർ നടത്തുന്ന കളികളെല്ലാം ഫൗളാണ്. അവരതു നിർത്തണം; ഇല്ലെങ്കിൽ നിർത്തിക്കാനും ഭരണഘടനയിൽ അതിനാവശ്യമായ മാറ്റങ്ങൾ വരുത്താനുമുള്ള രാഷ്ട്രീയ പരിപാടി ഉണ്ടാകണം. ജനാധിപത്യ വിദ്വേഷികളായ ഉന്നതാധികാരികളെക്കൊണ്ട് ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നതിലെ വൈരുധ്യം എല്ലാവരും തിരിച്ചറിയണം; അതില്ലാതാക്കണം.
ജനാധിപത്യത്തെ അട്ടിമറിക്കാൻ ഒരു സംവിധാനം അതിൽത്തന്നെ ഉണ്ടെന്നുളളത് നമ്മുടെ ഭരണഘടനയുടെ ഒരു ദൗർബല്യമാണ്; അത് തിരുത്തപ്പെടേണ്ടതുണ്ട്. l



