Friday, September 11, 2026

ad

Homeകവര്‍സ്റ്റോറിഅമിതാധികാര പ്രവണതയെ ചെറുത്തവർ

അമിതാധികാര പ്രവണതയെ ചെറുത്തവർ

പി എം മനോജ്

രിഫ് മുഹമ്മദ് ഖാൻ ഗവർണായിരുന്നപ്പോൾ അദ്ദേഹവും അന്നത്തെ എൽഡിഎഫ് സർക്കാരും തമ്മിൽ വിവിധ വിഷയങ്ങളിൽ ശക്തമായ തർക്കങ്ങൾ നിലനിന്നിരുന്നു. അത്തരം എല്ലാ സന്ദർഭങ്ങളിലും ഗവർണറെ പിന്തുണച്ചുകൊണ്ടാണ് ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശൻ നിലപാട് സ്വീകരിച്ചിട്ടുള്ളത്. ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 ഭേദഗതി ചെയ്യാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ അതിൽ ഗവർണർ ഒപ്പുവെക്കരുതെന്ന് സതീശൻ പരസ്യമായി ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ ഒരു വിധിയുടെ സാങ്കേതികത്വത്തിൽ പിടിച്ച് സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാൻ ഗവർണർ ആവശ്യപ്പെട്ടപ്പോൾ, ആ നിലപാട് സ്വാഗതാർഹമാണെന്നും എൽഡിഎഫ് സർക്കാർ നടത്തിയ എല്ലാ വി സി നിയമനങ്ങളും നിയമവിരുദ്ധമാണെന്നും ഗവർണറുടെ നടപടിയെ ശക്തമായി പിന്തുണയ്ക്കുന്നു എന്നുമാണ് വി ഡി സതീശൻ പറഞ്ഞത്. എൽഡിഎഫ് സർക്കാർ സർവകലാശാലകളിൽ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ തടയാനുള്ള മിശിഹാ ആണ് ചാൻസലറായ ഗവർണർ എന്നതായിരുന്നു സതീശന്റെ നിലപാട്.

സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്നതും വി സി നിയമന സെർച്ച് കമ്മിറ്റിയുടെ ഘടന മാറ്റുന്നതും സംബന്ധിച്ച ബിൽ നിയമസഭ പാസാക്കിയപ്പോൾ ഗവർണർ ഒപ്പിടാതെ തടഞ്ഞുവച്ചു. അന്ന് സർവകലാശാലകളെ പൂർണമായും എകെജി സെന്ററിന്റെ നിയന്ത്രണത്തിലാക്കാനും പാർട്ടി നിയമനങ്ങൾ നിർബന്ധപൂർവം നടത്താനുമാണ് സർക്കാർ ബില്ലുകൾ കൊണ്ടുവന്നത് എന്നും അതിൽ ഗവർണർ ഒപ്പിടരുത് എന്നുമാണ് സതീശൻ പറഞ്ഞത്. കേന്ദ്രം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം നീതിരഹിതമായി തടഞ്ഞുവെച്ച് കടമെടുപ്പ് പരിധി വെട്ടിക്കുറച്ച ഘട്ടങ്ങളിൽ സർക്കാരിനെതിരെ രാഷ്ട്രീയ പ്രതികരണവുമായി ഗവർണർ മുന്നോട്ടുവന്നു. അത്തരം ഘട്ടങ്ങളിലെല്ലാം ഗവർണറെ പിന്തുണച്ചുകൊണ്ട് എൽഡിഎഫ് സർക്കാരിനെ രാഷ്ട്രീയമായി ആഞ്ഞടിക്കാനാണ് അന്നത്തെ പ്രതിപക്ഷം ശ്രമിച്ചത്.

ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലത്ത് രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഗവർണർ പദവി സംസ്ഥാന സർക്കാരുമായുള്ള നിരന്തര സംഘർഷത്തിന്റെ കേന്ദ്രമായി മാറിയില്ല. ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് സ്ഥിതി മാറി. സർവകലാശാലകളിലെ ചാൻസലർ പദവിയുടെ ദുരുപയോഗം, സെനറ്റ് നിയമനങ്ങൾ, ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കൽ, ഓർഡിനൻസുകൾ സംബന്ധിച്ച തർക്കങ്ങൾ, നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട സംഭവങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ ഗവർണർ–സർക്കാർ ബന്ധം തുറന്ന ഭരണഘടനാസംഘർഷത്തിലേക്ക് നീങ്ങി.

എന്നാൽ, അവയ്‌ക്കൊന്നിനും സംസ്ഥാന സർക്കാർ നൽകിയ മറുപടി ഗവർണറുടെ ഭരണഘടനാപരമായ സ്ഥാനത്തെ നിഷേധിക്കുന്നതായിരുന്നില്ല. ഗവർണറുടെ അധികാരം ഭരണഘടന അംഗീകരിക്കുന്നിടത്തോളം സർക്കാർ അതിനെ അംഗീകരിച്ചു. ആ അധികാരം ഭരണഘടനയുടെ പരിധി കടന്ന് ഉപയോഗിക്കപ്പെടുന്നു എന്ന് തോന്നിയിടത്ത് അതിനെ ചോദ്യംചെയ്യുകയും ചെയ്തു. അതായിരുന്നു ജനാധിപത്യപരമായും നിയമപരമായും എൽഡിഎഫ് സർക്കാർ സ്വീകരിച്ച സമീപനം.

ഭരണഘടനാപരമായ സന്തുലിതാവസ്ഥ, നിയമസഭയുടെ പരമാധികാരം, ഫെഡറൽ തത്വങ്ങൾ എന്നിവ മുറുകെപ്പിടിച്ചുകൊണ്ട് ഗവർണറുടെ അധികാരപരിധികളെയും ചുമതലകളെയുംകുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച ഏതാനും കത്തുകൾ ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ആ കത്തുകൾ ഓരോന്നും വ്യക്തവും ദൃഢവുമായ സർക്കാർ നിലപാടാണ് മുന്നോട്ടുവെക്കുന്നത്.

ഭരണഘടനാപരമായ പരമാധികാരവും അധികാര വിഭജനവും (Checks and Balances) സംബന്ധിച്ച കത്തിൽ കോടതികൾ ഒരു നിയമം റദ്ദാക്കുന്നതുവരെ നിയമനിർമാണ സഭകൾ കാത്തിരിക്കേണ്ടതില്ലെന്നും തെറ്റുകൾ തിരുത്താനുള്ള അധികാരം നിയമസഭയ്ക്കുണ്ടെന്നും ലോകായുക്ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട് അസന്ദിഗ്ധമായി അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുന്നുണ്ട്. ഓർഡിനൻസ് ഇറക്കാനുള്ള അധികാരം ഭരണഘടനാപരമാണ് എന്നും ഗവർണറെ രേഖാമൂലം ഓർമിപ്പിച്ചു.

കണ്ണൂർ സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട്, ഭരണഘടനയുടെ ആർട്ടിക്കിൾ 165 പ്രകാരം സർക്കാരിനും ഗവർണർക്കും നിയമോപദേശം നൽകാൻ ബാധ്യസ്ഥനായ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയത് ചാൻസലറുടെ അധികാരത്തിന്മേലുള്ള സമ്മർദ്ദമായി കാണാനാവില്ലെന്ന് മറ്റൊരു കത്തിലൂടെ ഗവർണറെ ഓർമിപ്പിച്ചു.

ലോകായുക്ത വിഷയത്തിൽ പ്രതിപക്ഷത്തിന്റെയോ ഗവർണറുടെയോ ആരോപണങ്ങൾ അടിസ്ഥാനരഹിതമായ ഭാവനകൾ മാത്രമാണെന്ന് വസ്തുതകളും വകുപ്പുകളും (Section 2(d) Lok Ayukta Act, Section 8 RPA Act മുതലായവ) ഉദ്ധരിച്ച് അക്കമിട്ട് നിരത്തിയാണ് മറുപടി നൽകിയത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

വാദങ്ങളിൽ ഒരിടത്തും വ്യക്തിപരമായ അവഹേളനങ്ങളിലേക്ക് കടക്കാതെ, അങ്ങേയറ്റം മാന്യമായ ഭാഷയിൽ ഭരണഘടനയുടെ അനുച്ഛേദങ്ങൾ എടുത്തുപറഞ്ഞ് ഗവർണറെ ഭരണഘടനാപരമായ അതിരുകൾ ഓർമിപ്പിക്കുന്നു. ഭരണഘടനാ സ്ഥാപനമായ ഗവർണർ പദവിയോട് ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും നിയമസഭയുടെയും അവകാശങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കൃത്യമായ ജനാധിപത്യ-ഫെഡറൽ സന്ദേശമാണ് മുഖ്യമന്ത്രിയുടെ ഈ കത്തുകൾ മുന്നോട്ടുവെച്ചത്.

ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് ഗവർണർ–സർക്കാർ സംഘർഷം ഏറ്റവും പ്രകടമായ മറ്റൊരു മേഖലയായിരുന്നു ഓർഡിനൻസുകളിലും നിയമസഭ പാസാക്കിയ ബില്ലുകളിലും ഗവർണർ തീരുമാനം വൈകിപ്പിച്ച നടപടി. മന്ത്രിസഭ അംഗീകരിച്ച് സമർപ്പിക്കുന്ന ഓർഡിനൻസുകളിൽ ഭരണഘടനാപരമായ നടപടിക്രമം പാലിച്ച് തീരുമാനമെടുക്കുക എന്നത് ഗവർണറുടെ ഉത്തരവാദിത്വമാണ്. ഭരണനിർവഹണം സുഗമമായി മുന്നോട്ടുപോകേണ്ട സാഹചര്യത്തിൽ തീരുമാനമെടുക്കാതെ നീട്ടിവയ്ക്കുന്നത്, അതുവഴി ഓർഡിനൻസുകൾ കാലഹരണപ്പെടുന്ന സ്ഥിതിയുണ്ടാക്കുന്നത്, ഭരണപ്രക്രിയയെത്തന്നെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ്. അതുകൊണ്ട് “ഓർഡിനൻസുകൾ പഠിക്കാൻ സമയം വേണം” എന്ന വിശദീകരണം സ്വാഭാവികമായും ചോദ്യംചെയ്യപ്പെട്ടു. ഒരിക്കൽ വിശദമായി പരിശോധിച്ച് അംഗീകരിച്ച അതേ നിയമനടപടികൾ വീണ്ടും അടിയന്തരമായി പരിശോധിക്കേണ്ട പുതിയ വിഷയങ്ങളല്ലെന്ന നിലപാടിലാണ് എൽഡിഎഫ് സർക്കാർ ഉറച്ചുനിന്നത്.

പുതിയതായി ഒന്നും പഠിക്കാനില്ലെന്ന് സർക്കാർ വാദിച്ചിരുന്ന ഓർഡിനൻസുകളുടെ കാര്യത്തിൽ തീരുമാനം വൈകിപ്പിച്ച അതേ കാലത്ത്, നിയമസഭ പാസാക്കിയ ചില ബില്ലുകളും ദീർഘകാലം ഗവർണറുടെ പരിഗണനയിൽ കിടന്നു. നിയമസഭ പാസാക്കിയ നിയമനിർമാണത്തിൽ തീരുമാനമെടുക്കാതെ അനിശ്ചിതകാലം കാത്തിരിപ്പിക്കുക എന്നത് നിയമസഭയുടെ ജനാധിപത്യ അധികാരവും മന്ത്രിസഭയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വവും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയമാണ്. ഗവർണർക്ക് ഭരണഘടന നൽകുന്ന അധികാരം അംഗീകരിക്കുമ്പോഴും, ആ അധികാരം ഭരണഘടനയുടെ ലക്ഷ്യത്തിനും ജനാധിപത്യപരമായ ഭരണനടപടികളുടെ തുടർച്ചയ്ക്കും അനുസൃതമായി വിനിയോഗിക്കണം എന്നതായിരുന്നു പിണറായി സർക്കാരിന്റെ വാദം. ഗവർണറുടെ വിവേചനാധികാരം ഒരു അനിയന്ത്രിത അധികാരമല്ല; ഭരണഘടനാപരമായ പരിമിതികൾക്കുള്ളിലുള്ള അധികാരമാണ്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) കേരള മന്ത്രിസഭ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും, നിയമസഭ പ്രമേയം പാസാക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. 2020 ജനുവരി 29-ന് പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ ഈ ഭാഗം ശരിയായ രീതിയിൽ ഉൾപ്പെടുത്തി.

പ്രസംഗത്തിലെ 18-–ാം ഖണ്ഡികയിലാണ് പൗരത്വ നിയമത്തിനെതിരായ പരാമർശങ്ങൾ ഉൾപ്പെട്ടിരുന്നത്. പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിനെതിരെയുള്ള വിമർശനം സർക്കാരിന്റെ നയമോ പരിപാടിയോ അല്ലെന്നും, അത് സർക്കാരിന്റെ വെറുമൊരു അഭിപ്രായം മാത്രമാണെന്നും വാദിച്ച ഗവർണർ, ഭരണഘടനാപരമായ വിവേചനാധികാരം ഉപയോഗിച്ച് ആ ഭാഗം വായിക്കില്ലെന്ന് സർക്കാരിനെ കത്തിലൂടെ അറിയിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 176 പ്രകാരം മന്ത്രിസഭ അംഗീകരിച്ച് നൽകുന്ന നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.

ഒടുവിൽ സഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിവാദമായ പാരഗ്രാഫ് പൂർണമായി വായിച്ചു. വായിക്കുന്നതിന് മുൻപ് ‘‘ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും, സർക്കാരിന്റെ നയപരമായ തീരുമാനമല്ലെന്ന് ഞാൻ ഇപ്പോഴും കരുതുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് ഇത് വായിക്കുന്നത്’’ എന്നും അദ്ദേഹം സഭയിൽ പ്രസ്താവിച്ചു. വായിക്കില്ല എന്ന കാർക്കശ്യത്തിൽ നിന്ന്, വായിപ്പിക്കുന്നതിലേക്കും , മുഖ്യമന്ത്രി പറഞ്ഞാൽ താൻ വായിക്കാൻ ബാധ്യസ്ഥനാണ് എന്ന് സമ്മതിക്കുന്നതിലേക്കും ആരിഫ് മുഹമ്മദ് ഖാന് അന്ന് എത്തേണ്ടിവന്നു.

പതിനഞ്ചാം കേരള നിയമസഭയുടെ അവസാന ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നയപ്രഖ്യാപന പ്രസംഗത്തിൽ വരുത്തിയ തിരുത്തലാണ് രണ്ടാമത്തെ വിഷയം. മന്ത്രിസഭ അംഗീകരിച്ച് നൽകിയ കരട് പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധങ്ങളെക്കുറിച്ചും, ഗവർണർ ഒപ്പിടാതെ പിടിച്ചുവെച്ച ബില്ലുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെക്കുറിച്ചും പരാമർശങ്ങൾ ഉണ്ടായിരുന്നു.

ഗവർണർ ചില തിരുത്തലുകൾ വരുത്താൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ മാറ്റമില്ലാതെയാണ് അന്തിമ കരട് നൽകിയത്. അസ്വാഭാവിക നടപടിയെന്നോണം പ്രസംഗ വേളയിൽ ഗവർണർ സ്വമേധയാ മാറ്റങ്ങൾ വരുത്തി.

കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾ സാമ്പത്തിക ഫെഡറലിസത്തെ തകർക്കുന്നു എന്ന ഭാഗം ഒഴിവാക്കി. നിയമസഭ പാസാക്കിയ ബില്ലുകൾ രാജ്ഭവൻ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച പരാമർശം വായിക്കാതെ വിട്ടു. നികുതി വിഹിതം ഔദാര്യമല്ല, അവകാശമാണ് എന്ന ഭാഗത്ത് സ്വമേധയാ “My government considers’ (സർക്കാർ കരുതുന്നു) എന്ന് കൂട്ടിച്ചേർത്തു.

ഗവർണർ പ്രസംഗം പൂർത്തിയാക്കി സഭ വിട്ടയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗമാണ് സഭയുടെ ഔദ്യോഗിക രേഖയായി മാറേണ്ടതെന്നും, ഗവർണർ വരുത്തിയ മാറ്റങ്ങളോ ഒഴിവാക്കലുകളോ സഭാരേഖകളിൽ ഉൾപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു.

ഭരണഘടനാതത്വങ്ങളും സഭയുടെ മുൻകാല കീഴ്‌വഴക്കങ്ങളും അനുസരിച്ച് മന്ത്രിസഭ അംഗീകരിച്ച് നൽകിയ പ്രസംഗത്തിന്റെ മൂലരൂപം (അംഗങ്ങൾക്ക് വിതരണം ചെയ്ത പ്രിന്റ് കോപ്പി) സഭയുടെ ഔദ്യോഗിക നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കപ്പെടുകയും, സ്പീക്കർ എ എൻ ഷംസീർ ഇതിന് സാധുത നൽകുകയും ചെയ്തു.

ഭരണഘടനയുടെ അനുച്ഛേദം 163, 176 എന്നിവയനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ‘സഹായവും ഉപദേശവും’ (Aid and Advice) അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. മന്ത്രിസഭ അംഗീകരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ സ്വന്തം നിലയ്ക്ക് കൂട്ടിച്ചേർക്കലുകളോ ഒഴിവാക്കലുകളോ വരുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന വസ്തുതയാണ് അന്നത്തെ സർക്കാർ ഈ നിലപാടിലൂടെ ഉറപ്പിച്ചത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 3 =

Most Popular