Monday, July 27, 2026

ad

Homeകവര്‍സ്റ്റോറിഇന്ത്യൻ സമ്പദ്ഘടനയ്ക്ക് നിർണായകം

ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് നിർണായകം

ടി ബാലകൃഷ്ണൻ

ദ്യം നമുക്ക് ഒരു കഥ പറയാം. കഥ നടന്നത് 1980കളിലാണ്. വിനോദസഞ്ചാരവകുപ്പ് ആഭ്യന്തര വിനോദസഞ്ചാരകേന്ദ്രമായി തിരുവനന്തപുരത്തെ ഒരു ചെറിയ കടലോരഗ്രാമമായ വേളിയെ വികസിപ്പിക്കുകയായിരുന്നു; അപ്പോള്‍ ഒരു പ്രശ്നം ഉയര്‍ന്നുവന്നു. വേളി കായലിലെ ജലനിരപ്പ് വ്യതിചലിച്ചുകൊണ്ടിരിക്കുന്നു; രണ്ട് ഘടകങ്ങളാണ് അതിനുകാരണമായത്. ഒന്ന് പൊഴി അടഞ്ഞിരിക്കുമ്പോള്‍ കരയില്‍നിന്ന് ഒഴുകിവരുന്ന മഴവെള്ളമാണ്; രണ്ട് പൊഴി മുറിയുമ്പോള്‍ കടലില്‍ നിന്നെത്തുന്ന കടല്‍ വെള്ളവും. ജലനിരപ്പ് സ്ഥിരമായി ഒരേ നിലയില്‍ നില്‍ക്കാത്തതുമൂലം ചെറിയ ടൂറിസ്റ്റു ബോട്ടുകള്‍ക്ക് വിനോദസഞ്ചാരികളെ കയറ്റാനും ഇറക്കാനും ഒരു സ്ഥിരം ബോട്ടുജെട്ടി ഉപയോഗിക്കാന്‍ കഴിയില്ല.

സമര്‍ഥനായ ഒരു എഞ്ചിനീയറും ഒപ്പം സംരംഭകനുമായ പൂവാര്‍ നാരായണനും അദ്ദേഹത്തിന്റെ വാസ്തുശില്‍പ്പിയായ യൂറോപ്യന്‍ സുഹൃത്തും ഇതിനൊരു പരിഹാരം കണ്ടെത്തി. മുങ്ങിപ്പോകാതെ വെള്ളത്തിനുമുകളില്‍ പൊങ്ങിക്കിടക്കുന്ന ആദ്യത്തെ ജെട്ടി അവര്‍ നിര്‍മിച്ചു; വെള്ളം താഴുമ്പോഴായാലും ഉയരുമ്പോഴായാലും ജലനിരപ്പ് പരിഗണിക്കാതെതന്നെ വര്‍ഷത്തില്‍ എല്ലാക്കാലത്തും ഈ ജെട്ടി ഉപയോഗിക്കാന്‍ കഴിയും. ജെട്ടി വെള്ളത്തിനുമുകളില്‍ പൊങ്ങിക്കിടക്കുന്ന (ഫ്ളോട്ടിങ്) ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് പിന്നീട് വേളിയില്‍തന്നെ ഒരു ഫ്ളോട്ടിങ് നടപ്പാലവും ഒടുവില്‍ ഒരു ഫ്ളോട്ടിങ് റെസ്റ്റോറന്റും നിര്‍മിച്ചു. അതിവേഗം വിപുലീകരിക്കാനാവുന്ന പല ഘടകങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന സ്ട്രക്ചറുകളാണിവ (മോഡുലാര്‍ സ്ട്രക്ചര്‍). ഫ്ളോട്ടിങ് ഹോട്ടലുകളും ഫ്ളോട്ടിങ് വില്ലേജുകള്‍പോലും നിര്‍മിക്കുന്നതിന് ഈ സാങ്കേതികവിദ്യയെ പിന്നെയും കൂടുതല്‍ വികസിപ്പിക്കുവാന്‍ വിനോദസഞ്ചാരവകുപ്പിന് താല്‍പ്പര്യമുണ്ടായിരുന്നു. സിആര്‍ഇസഡ് (CRZ) ചട്ടങ്ങള്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ക്കുള്ള കൃത്യമായ പരിഹാരമാകുമായിരുന്നു അത്; ഈ അര്‍ധ സ്ഥിര സ്ട്രക്ചറുകള്‍ നദിയിലോ കായലിലോ കടലിലോ എവിടെ വേണമെങ്കിലും നിര്‍മിക്കാന്‍ കഴിയുകയും ചെയ്യും.

ദൗര്‍ഭാഗ്യവശാല്‍ ഭരണമാറ്റം ഉണ്ടാവുകയും തുടര്‍ന്ന് കാഴ്ചപ്പാടിലും മാറ്റമുണ്ടാവുകയും ചെയ്തു. എന്നാല്‍ നാരായണന്‍ തന്റെ സാങ്കേതികവിദ്യയില്‍ വിശ്വസിക്കുകയും ഫ്ളോട്ടിങ് ഹോട്ടലുകള്‍ നിര്‍മിക്കുകയും ചെയ്തു; പിന്നീട് അദ്ദേഹം ഫ്ളോട്ടിങ് സോളാര്‍ പാടങ്ങള്‍ നിര്‍മിച്ചു; ഇതിനൊന്നും അദ്ദേഹത്തിന് സര്‍ക്കാര്‍ സഹായമുണ്ടായില്ല. സമുദ്രങ്ങളിലെ ജലനിരപ്പ് ഉയരുന്നതിന്റെയും പ്രളയങ്ങളുടെയും മറ്റും വെല്ലുവിളികള്‍ നേരിടുന്നതിന് ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാങ്കേതികവിദ്യകളില്‍ ഒന്നായി മാറിയിരിക്കുകയാണിത്. ശാന്തസമുദ്രത്തിലെ ദ്വീപുകളും കൊറിയയെപ്പോലെയുള്ള വ്യാവസായിക ഭീമന്മാരും ആഗോളതലത്തില്‍ അതുപയോഗിക്കുകയാണ്. കടലില്‍ വേലിയേറ്റത്തിലും വേലിയിറക്കത്തിലും ഒരേപോലെ ജലനിരപ്പിനു മുകളില്‍ പൊങ്ങിനില്‍ക്കുന്നതിന് കേരളത്തിലെ അതേ മോഡുലാര്‍ സ്ട്രക്ചറുകള്‍ തന്നെയാണ് അവരെല്ലാം ഉപയോഗിക്കുന്നത്.

എന്നാല്‍ നമ്മളാകട്ടെ നമ്മുടെ ആ മുന്നേറ്റത്തെ പിന്തുടര്‍ന്ന് ഭാവിയിലേക്കുള്ള സാങ്കേതികവിദ്യയുടെ ആദ്യപഥികരാകുന്നതില്‍ നമുക്കുണ്ടായിരുന്ന മുന്‍കൈ നഷ്ടപ്പെടുത്തി. പല സ്ഥലങ്ങളിലും പല കാര്യങ്ങളിലും ഇത് മുന്‍പ് സംഭവിച്ചിട്ടുണ്ട്; ഇപ്പോഴും അതുതന്നെയാണ് സംഭവിക്കുന്നത്. നമ്മുടെ രാജ്യത്ത് ആസൂത്രണത്തോടും വികസനത്തോടുമുള്ള സമീപനത്തില്‍ മാറ്റംവരേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാകണം; എവിടെയും എല്ലാ കാര്യങ്ങളിലും പുതിയ ആശയങ്ങളെ നാം സ്വീകരിക്കണം.

നമ്മുടെ സംസ്കാരത്തില്‍ തുറമുഖങ്ങള്‍ക്കുള്ള പങ്ക്
മാനവ ചരിത്രത്തിലേക്കൊന്നു തിരിഞ്ഞുനോക്കിയാല്‍ നമ്മുടെ സംസ്കാരത്തില്‍ തുറമുഖങ്ങള്‍ക്കുള്ള പങ്ക് ബോധ്യപ്പെടും. വായു സര്‍വവ്യാപിയായിരിക്കെ ഏതെങ്കിലുമൊരു പ്രദേശത്ത് പാര്‍പ്പുറപ്പിക്കാന്‍ ആളുകള്‍ നോക്കുന്ന ഏറ്റവും മുഖ്യമായ ഘടകം ജലലഭ്യതയാണ്. ആദ്യകാലങ്ങളില്‍ മനുഷ്യര്‍ പാര്‍പ്പുറപ്പിച്ചിരുന്നത് നദീതീരത്തോ കടല്‍ത്തീരത്തോ ആണെന്നത് ആശ്ചര്യകരമേയല്ല. നമ്മുടെ ആധുനികചരിത്രം ആരംഭിക്കുന്നതും കടല്‍ത്തീരത്തെ പാര്‍പ്പിടപ്രദേശങ്ങളില്‍ നിന്നാണ്. സാഹസികരായ യൂറോപ്യന്‍ കച്ചവടക്കാര്‍ ആദ്യകാലത്ത് തങ്ങളുടെ വ്യാപാരകേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് തെരഞ്ഞെടുത്തത് നദീമുഖങ്ങളോ ചെറുകിട സ്വാഭാവിക തുറമുഖങ്ങളോ ആണ്. ആദ്യം അവര്‍ തുറമുഖങ്ങള്‍ പണിതു; അവിടെനിന്ന് യൂറോപ്യന്‍ വ്യാപാരികളുടെ കൂട്ടത്തില്‍ വിജയിച്ച് മുന്നിലെത്തിയ ഇംഗ്ലീഷുകാര്‍ കൊല്‍ക്കത്ത, മുംബൈ, മദ്രാസ് എന്നീ വന്‍നഗരങ്ങള്‍ വികസിപ്പിച്ചു. ഏറെക്കുറെ ഇതേകാലത്തുതന്നെ കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി തുറമുഖങ്ങളും ഇംഗ്ലീഷുകാര്‍ വികസിപ്പിച്ചിരുന്നു; പക്ഷേ കേരളത്തിലെ ഈ തുറമുഖങ്ങള്‍ ചെന്നൈ നഗരത്തെയോ മുംബൈ നഗരത്തെയോ കൊല്‍ക്കത്ത നഗരത്തെയോ പോലെ വന്‍നഗരങ്ങളായി മാറാത്തതെന്തുകൊണ്ട്? ഉത്തരം ലളിതമാണ്. വാസ്തവത്തില്‍ തുറമുഖങ്ങള്‍ തുടക്കം മാത്രമാണ്; അവ ഒരിക്കലും ഫിനിഷിങ് പോയിന്റുകളായിരുന്നില്ല. തുറമുഖങ്ങള്‍ വന്‍നഗരങ്ങളായി വികസിപ്പിക്കുന്നതിന് ആവശ്യംപോലെ വിശാലമായ പശ്ചാത്തലപ്രദേശങ്ങളും വേണം. ഈ മൂന്ന് വന്‍നഗരങ്ങള്‍ക്കും വളരെ വലിയ കാര്‍ഷിക–വ്യാവസായിക അടിത്തറയുണ്ട്. (മുഖ്യമായും കൈത്തറി വ്യവസായമാണുള്ളത്); അതാണ് വ്യാപാരത്തിന്, പ്രത്യേകിച്ചും അന്താരാഷ്ട്രവ്യാപാരത്തിന് സൗകര്യമൊരുക്കിയത്. നമ്മുടെ തുറമുഖങ്ങള്‍ക്കും വളരെയേറെ വിലപിടിപ്പുള്ള വ്യാപാര ചരക്കുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ ഉണ്ടായിരുന്നു; പക്ഷേ അത് വന്‍നഗരങ്ങള്‍ പണിയാന്‍വേണ്ടത്ര അളവില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ നമുക്ക് ആ സാധ്യത നഷ്ടപ്പെട്ടു. കച്ചവടം മാത്രമല്ല തുറമുഖങ്ങള്‍ കൊണ്ടുവന്നത്; മറിച്ച് അത് ജനങ്ങളെ ഒരുമിപ്പിക്കുകയും വന്‍ സമ്പത്തും വന്‍നഗരങ്ങളും സൃഷ്ടിക്കുകയും ചെയ്തു.

നഗരങ്ങളുടെ പ്രാധാന്യം
എന്തുകൊണ്ടാണ് നഗരങ്ങള്‍ ഏറെ പ്രധാനപ്പെട്ടവയാകുന്നത്? നഗരവല്‍ക്കരണം നഗരങ്ങളെ സൃഷ്ടിക്കുന്നു; നഗരങ്ങള്‍ സ്വത്ത് സൃഷ്ടിക്കുന്നു; സ്വത്താകട്ടെ, സേവനങ്ങളും സൗകര്യങ്ങളും സമൃദ്ധിയും പ്രദാനം ചെയ്യുന്നു; അവ കൂടുതല്‍ പ്രവാസികളെ ആകര്‍ഷിക്കുന്നു. കുടിയേറ്റം പ്രതിഭാശാലികളെ കൊണ്ടുവരുന്നു. പ്രതിഭാശാലികളാകട്ടെ വളര്‍ച്ചയെയും മെച്ചപ്പെട്ട ജീവിതത്തെയും പരിപോഷിപ്പിക്കുന്നു. നാനാഗുണങ്ങള്‍ നിറഞ്ഞ ഒരു വൃത്തമാണിത്. ആധുനിക സമ്പദ്ഘടന നഗരകേന്ദ്രിതമാണ്. നഗരവല്‍ക്കരണമാണ് സാമ്പത്തികവളര്‍ച്ചയുടെ ആണിക്കല്ല്; സാമ്പത്തികവളര്‍ച്ചയാകട്ടെ ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും ഗവണ്‍മെന്റുകള്‍ക്ക് നികുതിയുമെത്തിക്കുന്നു. നമ്മുടെ രാജ്യത്ത് ഒരുകാലത്ത് അവജ്ഞയോടെ കണ്ടിരുന്ന നഗരവല്‍ക്കരണം, ഇന്ന് മെച്ചപ്പെട്ട ജീവിതവും സാമ്പത്തികവളര്‍ച്ചയും പുരോഗതിയും കൊണ്ടുവരുന്ന ഒന്നായി ലോകവ്യാപകമായിതന്നെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

ഇതാണ് വിഴിഞ്ഞം തുറമുഖത്തെ കേരളത്തിലെ മറ്റു തുറമുഖങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്; ചില കാര്യങ്ങളില്‍ ഇന്ത്യയിലെതന്നെ മറ്റു തുറമുഖങ്ങളില്‍നിന്നും അത് വേറിട്ടതാകുന്നു. മറ്റു തുറമുഖങ്ങള്‍ മന്ദഗതിയിലും ജൈവപരമായിത്തന്നെ ദീര്‍ഘകാലം കൊണ്ടുമാണ് വളരുന്നത്; എന്നാല്‍ തിരുവനന്തപുരത്തിന്റെയും കേരളത്തിന്റെയാകെയും മുഖച്ഛായതന്നെ മാറ്റുന്ന ക്രമാതീതമായ വളര്‍ച്ചയ്ക്കായി ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളതാണ് വിഴിഞ്ഞം തുറമുഖം; അതിനനുയോജ്യമായ പശ്ചാത്തലപ്രദേശമുള്ള ആദ്യത്തെ തുറമുഖവുമാണ് വിഴിഞ്ഞം. തുറമുഖം യാഥാര്‍ഥ്യമായതോടുകൂടി തുറമുഖത്തിന്റെ മാത്രം വളര്‍ച്ചയല്ല, നഗരത്തെയാകെത്തന്നെ വന്‍നഗരമാക്കി മാറ്റാന്‍ ആവശ്യമായ സാമ്പത്തിക ഉന്മേഷം അത് സൃഷ്ടിക്കും; കരുത്തുറ്റ ഒരു പശ്ചാത്തല മേഖലയെക്കൂടി സൃഷ്ടിക്കാനുള്ള തുടക്കവും അതോടെ ഉണ്ടാകുന്നു.

എൽഡിഎഫ് ഗവണ്‍മെന്റ് വിഭാവനം ചെയ്ത തലസ്ഥാനമേഖല വികസനപദ്ധതി ഇന്ത്യയില്‍ മറ്റെവിടെയും ഉള്ളതിനേക്കാള്‍ വളരെയേറെ മുമ്പോട്ടുപോയി. നിരവധി പ്രൊജക്ടുകള്‍ ഉള്‍പ്പെടുന്നതാണത്; അതില്‍ ആദ്യത്തേതാണ് ഔട്ടര്‍ റിങ് റോഡ്– വിഴിഞ്ഞത്തിനടുത്തുനിന്നാരംഭിച്ച് തിരുവനന്തപുരം നഗരത്തിന്റെ കിഴക്കുഭാഗത്തുകൂടി കമാനാകൃതിയില്‍ നാവായിക്കുളത്ത് ദേശീയപാതയില്‍ വന്നുചേരുന്ന 70 മീറ്റര്‍ വീതിയുള്ള 80 കിലോമീറ്റര്‍ റോഡാണിത്. തുറമുഖത്തുനിന്നുള്ള കണ്ടെയ്നറുകളെ അതിവേഗം കൊണ്ടുപോകുന്നതിനും തുറമുഖത്തേയ്ക്കുള്ള കണ്ടെയ്നറുകൾ അതിവേഗമെത്തിക്കുന്നതിനുംമാത്രം ലക്ഷ്യമിട്ടിട്ടുള്ളതല്ല ഈ റോഡ്. ഈ ഔട്ടര്‍റിങ് റോഡിന് ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കുകയും സംസ്ഥാന സര്‍ക്കാര്‍ പ്രൊജക്ടിനായുള്ള ഭൂമിയേറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. കിഫ്ബി വഴി ഭൂമിയേറ്റെടുക്കുന്നതിനുള്ള ഫണ്ടും ലഭ്യമാക്കിയിട്ടുണ്ട്. തുടർ നടപടികളും ആരംഭിച്ചിരുന്നു.

അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്
യൂറോപ്യന്‍ രാജ്യങ്ങള്‍ വികസിത രാഷ്ട്രങ്ങളായി മാറാന്‍ 300 വര്‍ഷത്തോളമാണെടുത്തത്; അമേരിക്കയാകട്ടെ 200 വര്‍ഷവും. ജപ്പാന്‍ 75 വര്‍ഷമെടുത്തെങ്കില്‍ കൊറിയ വെറും 40 വര്‍ഷത്തോളമേയെടുത്തുള്ളൂ. എന്നാല്‍ നമ്മുടെ കണ്‍മുന്നില്‍, ചൈനയില്‍ സംഭവിച്ചതുപോലെ ഒന്ന് മാനവരാശിയുടെ ചരിത്രത്തില്‍ മുന്‍പൊരിക്കലും സംഭവിച്ചിട്ടേയില്ല; ചുരുങ്ങിയ കാലം കൊണ്ട്, വെറും 30 വര്‍ഷംകൊണ്ട് ചൈന ദശലക്ഷക്കണക്കിന് മനുഷ്യരെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റുകയും ഒപ്പം വികസിത സമൂഹം എന്ന പദവിയിലെത്തിച്ചേരുകയും ചെയ്തു.

അതാരംഭിച്ചത് ദെങ് സിയാവൊ പിങ്ങിന്റെ കാലത്ത് നിര്‍മിച്ച പ്രത്യേക സാമ്പത്തികമേഖലകളോടുകൂടിയാണ്; അതാകട്ടെ തുറമുഖങ്ങളിലും അതിനു ചുറ്റുമായുമാണ്; സമ്പദ്ഘടനയുടെ വേഗത വര്‍ധിപ്പിക്കാനായി രൂപപ്പെടുത്തിയ പുതിയ നിയമപ്രകാരവും നിയമസംവിധാനത്തിനു കീഴിലുമാണ് അതുണ്ടാക്കിയത്. എൽഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് അന്തിമരൂപത്തിലെത്തിക്കഴിഞ്ഞ പ്രത്യേക നിക്ഷേപമേഖലാ നിയമം (എസ്ഐആര്‍ ആക്ട്) ആ പ്രത്യേക സാമ്പത്തികമേഖലാ നിയമത്തേക്കാള്‍ മെച്ചപ്പെട്ടതാണ്; തിരുവനന്തപുരത്തെന്നല്ല, കേരളത്തിലും ഇന്ത്യയുടെ ഇതരപ്രദേശങ്ങളിലാകെയും ഏറ്റവും മെച്ചപ്പെട്ടത് സൃഷ്ടിക്കാന്‍ ശേഷിയുള്ളതുമാണത്.

ഇതിനാവശ്യമായ മാതൃകാപരമായ ഒരു നിയന്ത്രണ ചുറ്റുപാടിന് ഗവണ്‍മെന്റ് രൂപംനല്‍കണം; മികച്ച ഭരണനിര്‍വഹണവും പശ്ചാത്തല സൗകര്യവികസനവും ഗവണ്‍മെന്റ് നടപ്പാക്കണം; തൊഴിലവസരങ്ങളും വളര്‍ച്ചയും നികുതിയുംകൂടുതല്‍ പ്രദാനം ചെയ്യുന്ന സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിലായിരിക്കണം സ്വകാര്യമേഖല ശ്രദ്ധയൂന്നേണ്ടത്. ഗവണ്‍മെന്റിനു മാത്രമായി ഈ സ്വഭാവത്തിലുള്ള ഒരു പ്രൊജക്ട് നിര്‍മിക്കാനും അതിനുവേണ്ട പണം കണ്ടെത്താനും കഴിയില്ല. ഈ മെഗാപ്രൊജക്ടിനു കീഴിലുള്ള ഓരോ ഉപപ്രൊജക്ടിലും നിക്ഷേപം നടത്താന്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ആവശ്യമാണ്. നിക്ഷേപത്തിനു സുസ്ഥിരതയും സുരക്ഷയുമാണ് പ്രഥമവും പ്രധാനവുമായി സ്വകാര്യമേഖലയ്ക്ക് വേണ്ടത്.

കഴിഞ്ഞകാലങ്ങളില്‍ നമ്മള്‍ ചില നല്ല മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്; തലസ്ഥാന നഗരവികസന പ്രൊജക്ടിനു കീഴിലുള്ള പ്രത്യേക നിക്ഷേപ മേഖല കഴിഞ്ഞകാല മാതൃകകളെക്കുറിച്ചെല്ലാം പഠിക്കുകയുണ്ടായി; തിരുവനന്തപുരം നഗരത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയുടേതായ ഒരു മാതൃക സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ട മെച്ചപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തു; മറ്റെവിടെ വേണമെങ്കിലും ഈ മാതൃകയെ പുനരാവിഷ്കരിക്കാന്‍ കഴിയും. എൽഡിഎഫ് ഗവണ്‍മെന്റ് ഈ പ്രൊജക്ടിന് വലിയ മുന്‍ഗണന നല്‍കി. എന്നാല്‍, വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഈ പ്രൊജക്ട് യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ. മറ്റൊരു തുറമുഖത്തിനു വേണ്ടിയും ഇത്രയേറെ ശ്രദ്ധയോടുകൂടി ആസൂത്രണം ചെയ്യുകയോ ഇത്രയേറെ പാരിസ്ഥിതിക പഠനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല; ഇതിന്റെ കാരണം ഇതുകൊണ്ടുണ്ടാകുന്ന നേട്ടം ആ തുറമുഖത്തിനു മാത്രമായി ഒതുങ്ങിനില്‍ക്കില്ല എന്നതാണ്; മറിച്ച് ആ നേട്ടം സംസ്ഥാനത്തിനാകെ ലഭിക്കുന്നതാണ്; സമൂഹത്തിനാകെയും അതിനപ്പുറവും നേട്ടമുണ്ടാകുന്നതുമാണ്. അതാണ് വിഴിഞ്ഞത്തെ മാതൃതുറമുഖം എന്നു വിളിക്കുന്നതിന്റെ കാരണങ്ങളിലൊന്ന്; മറ്റു തുറമുഖങ്ങളെയും കപ്പലുകളെയും പരിപോഷിപ്പിക്കുന്നു എന്നതുകൊണ്ടു മാത്രമല്ല അങ്ങനെ അറിയപ്പെടുന്നത്. വാസ്തവത്തില്‍, വിഴിഞ്ഞം തുറമുഖം രാജ്യത്തെ മറ്റു നഗരങ്ങളെയും മേഖലകളെയും കൂടി പരിപോഷിപ്പിക്കുന്നതാണ്.

അസാധ്യമെന്നു 
തോന്നിയത് സാധിക്കും
1980കളുടെ തുടക്കത്തില്‍ പല കാര്യങ്ങളിലും ഇന്ത്യയും ചൈനയും സമാനമായ അവസ്ഥയിലായിരുന്നു. എന്നാല്‍ പിന്നീട് ചൈനയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ പാടേ മാറിയത് നാടകീയമായിട്ടായിരുന്നു; അവരുടെ സമ്പദ്ഘടനയുടെ വളര്‍ച്ച അഭൂതപൂര്‍വമായ വേഗത്തിലായിരുന്നു; രാഷ്ട്രീയസ്ഥിരതയും, 1970കളുടെ അവസാനം രൂപപ്പെടുത്തപ്പെട്ട പുതിയ സാമ്പത്തികമാതൃകയും സുസ്ഥിരമായതോടെ ചൈനയില്‍ സമ്പദ്ഘടന മുന്നേറാന്‍ തുടങ്ങി. അടുത്ത ചില പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ചൈന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്ഘടനയായി മാറി; അതിനൊപ്പം 100 കോടിയിലേറെ ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്നും കരകയറ്റി ഇടത്തരം വരുമാനപദവിയിലെത്തിക്കുകയും ചെയ്തു. അവര്‍ ലോകനിലവാരമുള്ള പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു; വിദ്യാഭ്യാസത്തിന്റെയും ഗവേഷണ സംഘടനകളുടെയും സ്ഥിതിയും ലോകനിലവാരത്തിലെത്തിച്ചു; ലോകം മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തവിധം തിളക്കമാര്‍ന്ന നഗരങ്ങള്‍ ചൈനയില്‍ സ്ഥാപിക്കപ്പെട്ടു. 1980കള്‍ക്കുമുന്‍പ് ആ കാലത്തെ മറ്റേതൊരു മൂന്നാം ലോകരാജ്യത്തെയുംപോലെ ചൈന ദാരിദ്ര്യത്തിലും പിന്നാക്കാവസ്ഥയിലും ആയിരുന്നുവെന്നതും നാം വിസ്മരിക്കരുത്.

ഇന്ത്യയ്ക്കാകെ മെച്ചം
എന്തുകൊണ്ടാണ് വിഴിഞ്ഞം തുറമുഖം ഇപ്പോള്‍ രാജ്യത്തിനാകെ വളരെയേറെ പ്രധാനപ്പെട്ടതായിരിക്കുന്നത്? ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യം ഇപ്പോഴത്തെ ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങിനിന്നതായിരുന്നില്ല. അത് അറേബ്യമുതല്‍ ചൈന വരെ വ്യാപിച്ചിരുന്നു. സമുദ്രസഞ്ചാരം നടത്തിയിരുന്ന ഒരു രാഷ്ട്രമെന്ന നിലയില്‍ ബ്രിട്ടന്‍ സാമ്രാജ്യത്തെ കൂട്ടിയോജിപ്പിക്കാനാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും സ്വരുക്കൂട്ടാന്‍ വേണ്ട സംവിധാനങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ വലിയ ജാഗ്രത പുലര്‍ത്തുകയും, തങ്ങളുടെ വളരെയേറെ സമയവും ഊര്‍ജവും അതിനായി ചെലവഴിക്കുകയും ചെയ്തു; ഈ മേഖലയിലെ ജനങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും തടസ്സരഹിതമായ നീക്കം ഉറപ്പാക്കുകയും ചെയ്തു.

കൊളംബൊ ആഴക്കടല്‍ പോര്‍ട്ട് ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ നിര്‍മിക്കപ്പെട്ടത് ശ്രീലങ്കയ്ക്കുവേണ്ടി മാത്രമായിരുന്നില്ല; മറിച്ച് ഉപഭൂഖണ്ഡത്തിനാകെയും അതിനപ്പുറമുള്ളവയ്ക്കുംകൂടി വേണ്ടിയായിരുന്നു–ഇന്ത്യയ്ക്കും പാകിസ്താനും ബംഗ്ലാദേശിനും മാലിദ്വീപിനും അവയ്ക്കപ്പുറമുള്ള രാജ്യങ്ങള്‍ക്കുംകൂടി വേണ്ടിയായിരുന്നു. വന്‍കിട മാതൃകപ്പലുകള്‍ ഈ ആഴക്കടല്‍ തുറമുഖത്ത് അടുക്കുകയും ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലുമാകെയുള്ള ആഴം കുറഞ്ഞ തുറമുഖങ്ങളില്‍ അടുക്കാന്‍ കഴിയുന്ന ചെറുകിട കപ്പലുകളിലേക്ക് കയറ്റുന്നതിനായി മാതൃകപ്പലുകളിലെ ചരക്കിറക്കുകയും ചെയ്യുന്നു. അവര്‍ ആധുനിക ഓയില്‍ ടെര്‍മിനലുകളും എണ്ണ ശുദ്ധീകരണ സംവിധാനങ്ങളും ഗള്‍ഫിലും സിംഗപ്പൂരിലും സൃഷ്ടിച്ചു; ഈ മേഖലയുടെയാകെ വളര്‍ച്ചയ്ക്കാവശ്യമായ ഇന്ധനം ലഭ്യമാക്കാനാണ് അത് അവര്‍ ചെയ്തത്. ഉപഭൂഖണ്ഡത്തിന്റെ ട്രാന്‍സ്പോര്‍ട്ടേഷന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബ്രിട്ടീഷുകാര്‍ അവിഭക്ത ഇന്ത്യയില്‍ ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍ നെറ്റ്-വര്‍ക്കും പണികഴിപ്പിച്ചു. ഈ കേന്ദ്രങ്ങളും അനുബന്ധ സംവിധാനങ്ങളും ഈ മേഖലയ്ക്കാകെ ഏറെ പ്രയോജനകരമായി. എന്നാല്‍, കൊളോണിയല്‍ കാലത്തിനുശേഷം ഈ മേഖലയില്‍ പുതിയ സ്വതന്ത്രരാജ്യങ്ങള്‍ ഉയര്‍ന്നുവന്നത് തടസ്സരഹിതമായ കണക്ടിവിറ്റിയിലും മേഖലയുടെ സാമ്പത്തികമായ ഉദ്ഗ്രഥനത്തിലും സ്തംഭനാവസ്ഥയുണ്ടാക്കി. കൂടുതല്‍ ജനസംഖ്യയും വലിയ സമ്പദ്ഘടനയുമുള്ള ഇന്ത്യയില്‍ നമ്മുടേതായ ഒരു ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ നമുക്കാവശ്യമുണ്ട്; ലോകനിലവാരമുള്ള എണ്ണശുദ്ധീകരണശാലകളും ആധുനിക റെയില്‍വേ ശൃംഖലയും നമുക്ക് ആവശ്യമാണ്. ഇവയെല്ലാം സംഭവിച്ചുകൊണ്ടിരിക്കവെതന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ പങ്ക് സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. l

(ചിന്തയുടെ 2022 ഡിസംബർ 23 
ലക്കത്തിൽ പ്രസിദ്ധീകരിച്ച 
ലേഖനത്തിന്റെ പ്രസക്തഭാഗം)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − 3 =

Most Popular