Monday, July 27, 2026

ad

Homeകവര്‍സ്റ്റോറിവിഴിഞ്ഞം പദ്ധതിയുടെ പ്രാധാന്യം

വിഴിഞ്ഞം പദ്ധതിയുടെ പ്രാധാന്യം

ഡോ. ജയകുമാർ

ദെെവത്തിന്റെ സ്വന്തംനാടിന് പ്രകൃതി കനിഞ്ഞുനല്‍കിയ വരദാനമാണ് അറബിക്കടലിന്റെ തീരത്തുള്ള മനോഹര മത്സ്യബന്ധന ഗ്രാമമായ വിഴിഞ്ഞം. കേരള വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്നതും ഇതേ വിഴിഞ്ഞം തന്നെ. ഒരുകാലത്ത് ലോകത്തിന്റെ കടല്‍ സഞ്ചാരനിയമം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക ശക്തിയായിരുന്നു ഇന്ത്യയും കേരളവും. ഈജിപ്തുമായി നേരിട്ടുള്ള വ്യാപാരം ലോകത്തെങ്ങുമുള്ള കച്ചവടക്കാരെ കേരളത്തിലേക്ക് ആകര്‍ഷിച്ചിരുന്നു. ഇത്തരമൊരു തിരിച്ചുവരവിന് ഇന്ത്യയെ പ്രാപ്തമാക്കാന്‍ പര്യാപ്തമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി.

തീരക്കടലില്‍തന്നെ 18 മുതല്‍ 20 മീറ്റര്‍ വരെ ആഴം ലഭ്യമാകുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും അനുകൂല ഘടകം. കണ്ടെയ്നര്‍ വഴിയുള്ള ആഗോള വിപണന സാധ്യതകള്‍ക്കായി വിഴിഞ്ഞം തുറമുഖം വഴിമാറാന്‍ പോവുകയാണ്. രാജ്യത്തിനു മുഴുവന്‍ പ്രയോജനപ്പെടുന്നതും ഒരുതരത്തിലുമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്തതുമാണ് പദ്ധതി. ഇന്ത്യയെ ലോകത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ കഴിയുന്ന പദ്ധതി ഇന്നലെകളില്‍ നഷ്ടപ്പെട്ട സാധ്യതകള്‍ തിരിച്ചുപിടിക്കാന്‍ നമ്മെ പ്രാപ്തരാക്കും.

ചരിത്രം
കേരള സര്‍വകലാശാലയിലെ ഗവേഷകസംഘം നടത്തിയ പഠനത്തില്‍ എ.ഡി. 620ല്‍ വിഴിഞ്ഞം പ്രധാന തുറമുഖമായിരുന്നുവെന്നത് കണ്ടെത്തിയിട്ടുണ്ട്. റോമിലെയും മെസപ്പൊട്ടേമിയയിലെയും സഞ്ചാരികള്‍ അവരുടെ കുറിപ്പുകളില്‍ വിഴിഞ്ഞത്തെ പരാമര്‍ശിക്കുന്നുണ്ട്. എ. ഡി. ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട, അജഞാതനായ നാവികന്റെ ‘പെരിപ്ലസ് ഓഫ് എറിത്രിയന്‍ സീ’ എന്ന യാത്രാവിവരണത്തിലും വിഴിഞ്ഞത്തെക്കുറിച്ച്- പരാമര്‍ശമുണ്ട്.

ചൈന, ഇറാന്‍, തുര്‍ക്കി, പേര്‍ഷ്യ തുടങ്ങിയ ഇടങ്ങളില്‍നിന്നും മൂന്നാം നൂറ്റാണ്ടില്‍ വിഴിഞ്ഞം തുറമുഖത്തേക്ക് വ്യാപാര കപ്പലുകള്‍ അടുത്തതിന്റെ തെളിവുകളും ഇവിടത്തെ ഗവേഷണത്തില്‍ കണ്ടെത്താനായി. ഡച്ച്, ബ്രിട്ടീഷ് വ്യാപാരികള്‍ അവശേഷിപ്പിച്ച തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.

ട്രാന്‍ഷിപ്പ്മെന്റ് തുറമുഖത്തിന്റെ പ്രസക്തി
വലിയ കപ്പലുകള്‍ തുറമുഖത്തില്‍ നങ്കൂരമിട്ട് അതില്‍നിന്നും ചരക്ക് ഇറക്കി (പ്രധാനമായും കണ്ടെയ്നറുകള്‍) അവിടെ നിന്നും ചെറുകപ്പലുകളില്‍ അവ മറ്റുള്ള തുറമുഖങ്ങളില്‍ എത്തിക്കുന്നതും തിരിച്ചുമുള്ള പ്രക്രിയയ്ക്കാണ് ട്രാന്‍ഷിപ്പ്മെന്റ് എന്നുപറയുന്നത്. ഇത് തുറമുഖങ്ങളുടെ പ്രവര്‍ത്തന വ്യാപ്തിയും സജ്ജീകരണങ്ങളും അടിസ്ഥാനമാക്കി നല്‍കുന്ന പദവിയാണ്. ഇന്ത്യയില്‍ ഒരു ട്രാന്‍ഷിപ്പ്മെന്റ് തുറമുഖം ഇല്ലാത്തതിനാല്‍ സമീപ രാജ്യങ്ങളിലെ തുറമുഖങ്ങളായ കൊളംബോ, സിംഗപ്പൂര്‍, സലാല എന്നിവിടങ്ങളിലാണ് ഇത് നടത്തിവരുന്നത്. ഇതുമൂലം ഗണ്യമായ വിദേശനാണ്യ നഷ്ടം രാജ്യത്തിന് സംഭവിക്കുകയും ചെയ്യുന്നുണ്ട്. ഒരു ട്രാന്‍ഷിപ്പ്മെന്റ് തുറമുഖം ഇല്ല എന്ന കുറവാണ് വിഴിഞ്ഞത്തിലൂടെ ഇന്ത്യ നികത്തിയത്.

അയല്‍രാജ്യമായ ശ്രീലങ്കയില്‍ പോലും രണ്ട് പോര്‍ട്ടുകളുണ്ട്. അസംസ്കൃത വസ്തുക്കളുടെ ശേഖരം ഒട്ടുംതന്നെ ഇല്ലാത്ത സിംഗപ്പൂരിന്റെ വികസനം സാധ്യമാക്കിത്തീര്‍ത്തത് അവിടത്തെ ട്രാന്‍ഷിപ്പ്മെന്റ് തുറമുഖങ്ങളാണ്. ദുബായുടെ വികസനത്തിലും അവിടത്തെ തുറമുഖങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. ലോകത്ത് ഏറ്റവുമധികം ചരക്കുഗതാഗതം നടക്കുന്നത് സമുദ്രത്തിലൂടെയാണ്. അതുകൊണ്ടുതന്നെ തുറമുഖങ്ങള്‍ ആ രാജ്യങ്ങളുടെ വികസനത്തിന് നല്‍കുന്ന സംഭാവന വളരെ വലുതാണ്. തെക്കന്‍ കടലോര പ്രദേശങ്ങള്‍ രാജ്യാന്തര സമുദ്രഗതാഗത മേഖലയിലെ സുപ്രധാന കണ്ണികളായി മാറും. വന്‍ സാമ്പത്തികശക്തിയായി മാറാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ഇതു കരുതല്‍ നല്‍കും.

തുറമുഖത്തിനായുളള കാത്തിരിപ്പ്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായുള്ള കാത്തിരിപ്പിന് ഒരു തലമുറയോളം പ്രായമുണ്ട്. നമ്മുടെ നാട് ഒറ്റക്കെട്ടായി പിന്തുണ നല്‍കുകയും തീവ്രമായി ആവശ്യപ്പെടുകയും ചെയ്ത ഈ സ്വപ്നപദ്ധതിക്കുളള ആദ്യശ്രമങ്ങള്‍ തുടങ്ങിയത് 1990കളുടെ തുടക്കത്തിലായിരുന്നു. അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി എം.വി രാഘവന്‍ ആയിരുന്നു ഇതിന് ആക്കംകൂട്ടിയത്. അന്താരാഷ്ട്ര ട്രാന്‍ഷിപ്മെന്റ് ടെര്‍മിനല്‍ സ്ഥാപിക്കുകയും അതിലൂടെ വിഴിഞ്ഞത്തെ തുറമുഖ നഗരിയായി മാറ്റുന്നതിന് 4,000 കോടി രൂപയുടെ പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. തലസ്ഥാനത്തിന്റെ വ്യാവസായിക, വിനോദസഞ്ചാര മേഖലകളിലെ കുതിച്ചുചാട്ടവും പദ്ധതി ലക്ഷ്യമിട്ടിരുന്നു. കുമാര്‍ എനര്‍ജി കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു. പക്ഷേ കാര്യങ്ങള്‍ കൂടുതല്‍ മുന്നോട്ടുപോയില്ല.

ഇ കെ നായനാര്‍ സര്‍ക്കാര്‍ ഇവിടെ തുറമുഖത്തിനൊപ്പം താപവൈദ്യുതനിലയവും സ്ഥാപിക്കുന്ന പദ്ധതി തയാറാക്കി. ഇതിനായി ഹൈദ്രബാദിലെ കുമാര്‍ എനര്‍ജിയുമായി 1999ല്‍ കരാര്‍ ഒപ്പിട്ടു. നിര്‍മാണം ബി.ഒ.ടി അടിസ്ഥാനത്തിലായിരുന്നു. ആ ശ്രമവും നടന്നില്ല. 2004–ല്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനുള്ള രൂപരേഖ തയ്യാറായി. 2005 ല്‍ പി.പി.പി. (പൊതു സ്വകാര്യ പങ്കാളിത്തം) മാതൃകയില്‍ ടെന്‍ഡര്‍ വിളിക്കുകയും ചെയ്തു. സൂം ഡെവലപ്പേഴ്സ് എന്ന കമ്പനി മുന്നോട്ടുവന്നു. പ്രസ്തുത കമ്പനി അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിന് സുരക്ഷാ അനുമതി നിഷേധിക്കപ്പെട്ടു. പി.പി.പി. മാതൃകയില്‍ തന്നെ 2008ല്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചു. ഹൈദ്രബാദിലെ ലാന്‍കോ കൊണ്ടപ്പള്ളി നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിന് അന്ന് ‘ലെറ്റര്‍ ഓഫ് ഇന്റന്റ് ‘ നല്‍കി. ലാന്‍കോ ഇന്‍ഫ്രാടെക്, മലേഷ്യന്‍ കമ്പനികളിലൊന്നായ പെമ്പിനാന്‍ റെഡ്സായി എന്നീ കമ്പനികള്‍ ഈ കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. ടെന്‍ഡറില്‍ തെരഞ്ഞെടുക്കപ്പെടാതെപോയ ഒരു കമ്പനി കോടതിയെ സമീപിച്ചു. അതോടെ ഈ ശ്രമം നിയമക്കുരുക്കില്‍ വീണു.

പൊതുസ്വകാര്യ മാതൃക വിഴിഞ്ഞം തുറമുഖത്തിന് പ്രയോജനപ്പെടില്ലെന്ന വിലയിരുത്തലില്‍ 2010–12 ല്‍ ‘ഭൂവുടമ’ മാതൃകയിലേക്ക് മാറി. ലോക ബാങ്കിന്റെ സ്വകാര്യ മേഖലാ വിഭാഗമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ സഹായത്തോടെയായിരുന്നു മാറ്റം. തുറമുഖത്തിന്റെ നിര്‍മാണവും ഉടമസ്ഥതയും സര്‍ക്കാരിന്; നടത്തിപ്പ് സ്വകാര്യപങ്കാളിക്കും. പക്ഷേ, ടെന്‍ഡറില്‍ പങ്കെടുത്ത വെല്‍സ്പണ്‍ കമ്പനിയുമായിട്ട് മുന്നോട്ടുപോകുവാന്‍ സാധിച്ചില്ല.

ആഴം പ്രധാന സവിശേഷത
തുറമുഖ വികസനത്തിന് ഇത്രയും പ്രകൃതിദത്തമായ സൗകര്യങ്ങള്‍ ഒത്തിണങ്ങിയ മറ്റൊരിടം ഇന്ത്യയിലില്ല. ഏറ്റവുമധികം കേവുഭാരമുള്ള കപ്പലിനുപോലും അനായാസം നങ്കൂരമിടാന്‍ കഴിയുംവിധം 18 മുതല്‍ 20 മീറ്റര്‍ വരെയാണ് ആഴം.

പാരിസ്ഥിതികാനുമതി
2014 ലാണ് തുറമുഖത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. ജനങ്ങളുടെ വാദങ്ങള്‍ കേട്ടു. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 40 ലധികം സംഘടനകളില്‍ നിന്നും മൊഴിയെടുത്തു. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ 2014 ജനുവരി 3 ന് പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. വയബിലിറ്റി ഗ്യാപ് ഫണ്ടിനായി (വിജിഎഫ്) കേന്ദ്ര ധനകാര്യ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. 2014 ഏപ്രില്‍ ഏഴിന് നല്‍കിയ അപേക്ഷയില്‍ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ്, പ്ലാനിങ് കമ്മിഷന്‍, ഷിപ്പിങ് മന്ത്രാലയം എന്നിവയുടെ സൂക്ഷ്മപരിശോധനയ്-ക്കുശേഷം 2015 ഫെബ്രുവരി മൂന്നിന് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. പദ്ധതിയുടെ 20 ശതമാനമായ 818 കോടി രൂപയാണ് വിജിഎഫ് അംഗീകരിച്ചത്. എന്നാൽ ആ തുക തിരിച്ചടയ്ക്കേണ്ട വായ്പയായാണ് സംസ്ഥാനത്തിന് നൽകിയത്.

കപ്പല്‍ചാല്‍ തൊട്ടടുത്തുതന്നെ
യൂറോപ്പിലേക്കും ഗള്‍ഫ് മേഖലകളിലേക്കുമുള്ള കിഴക്കുപടിഞ്ഞാറ് അന്തര്‍ദേശീയ കപ്പല്‍ചാലില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ (ഒരു നോട്ടിക്കല്‍ മൈല്‍ = 1.8 കിലോമീറ്റര്‍) ദൂരമേ വിഴിഞ്ഞത്തിനുള്ളൂ. കപ്പല്‍ചാലില്‍ നിന്നും തുറമുഖത്തേക്ക് അടുക്കുന്നതിനും തിരികെ പോകുന്നതിനും കുറഞ്ഞ സമയം മാത്രം മതിയെന്നതാണ് ഇതു നല്‍കുന്ന സൗകര്യം. രണ്ട് മുതല്‍ മൂന്നു മണിക്കൂറിനകത്ത് കപ്പലുകള്‍ക്ക് തുറമുഖത്തില്‍ നിന്നും കപ്പല്‍ചാലിലേക്ക് കടക്കാനാവും.

മാതൃയാനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 30 കപ്പലുകള്‍ക്ക് ഒരേ സമയം വിഴിഞ്ഞത്ത് നങ്കൂരമിടാന്‍ കഴിയും വിധത്തിലുള്ള തുറമുഖ നിര്‍മാണമാണ് ലക്ഷ്യം. വ്യാവസായിക വാണിജ്യരംഗത്ത് ഇന്ത്യയുടെ വരുംവര്‍ഷങ്ങളിലെ ആവശ്യകതയും പുരോഗതിയും നിര്‍വഹിക്കുന്നതിന് പര്യാപ്തമായിരിക്കും ഈ തുറമുഖം.

റോഡ്, റെയില്‍, വ്യോമഗതാഗത സാമീപ്യം
തുറമുഖത്തെ പ്രധാന റോഡ്, റെയില്‍, വ്യോമഗതാഗത പാതകളുമായി ബന്ധപ്പെടുത്താന്‍ ബുദ്ധിമുട്ടില്ലെന്നത് മറ്റൊരു പ്രത്യേകതയാണ്. തലസ്ഥാനത്തുനിന്നും 16 കിലോമീറ്റര്‍ അകലെയാണെങ്കിലും സേലത്തേക്കും കന്യാകുമാരിയിലേക്കും പോകുന്ന ദേശീയ പാത 66–ല്‍ നിന്നും കേവലം രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം. റെയില്‍പാതയാകട്ടെ വെറും 10.7 കിലോമീറ്റര്‍ മാത്രം അകലെയും. 15 കിലോമീറ്റര്‍ മാത്രം അകലെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഈ സൗകര്യങ്ങള്‍ സ്വാഭാവികമായും ഒത്തുവന്നത് വിഴിഞ്ഞത്തെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റുന്നതിനു അനുകൂല ഘടകങ്ങളാണ്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ വ്യാവസായിക, രാഷ്ട്രീയ, സാങ്കേതിക പ്രാധാന്യവും, ദ്രുതവേഗത്തില്‍ വളരുന്ന വിവരസാങ്കേതിക മേഖലയും ഈ അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ മുന്നേറ്റത്തിന് പിന്തുണ നല്‍കുന്ന ഘടകങ്ങളാണ്. നിര്‍ദ്ദിഷ്ട തിരുവനന്തപുരം മെട്രോപൊളിറ്റന്‍ നഗര പദ്ധതി പ്രദേശത്താണ് വിഴിഞ്ഞം തുറമുഖവും ഉള്‍പ്പെടുന്നത്.

വികസനം ഇങ്ങനെ
♦ ഒന്നാം ഘട്ടം: ആദ്യ നാല് വര്‍ഷം, ആകെ 3100 മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി. 18,000 ടിഇയു വരെയും അതിന് മുകളിലും ശേഷിയുള്ള കപ്പലുകളില്‍ വരുന്ന കണ്ടെയ്നറുകള്‍ തീരത്ത് ഇറക്കിവയ്ക്കുന്നതിനായി 800 മീറ്റര്‍ നീളമുള്ള സ്ഥലസൗകര്യം. ഒരു വര്‍ഷം പത്തു ലക്ഷം ടിഇയു ശേഷിയുള്ള കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യം. 500 മീറ്റര്‍ വരെ വീതിയുള്ള കണ്ടെയ്നര്‍ യാര്‍ഡുകള്‍.

♦ രണ്ടാം ഘട്ടം: 400 മീറ്റര്‍ നീളത്തില്‍ ബെര്‍ത്ത് നിര്‍മാണം. ശേഷി പത്തു ലക്ഷത്തില്‍നിന്നും 15 ലക്ഷം ടിഇയുവായി ഉയര്‍ത്തി.

♦ മൂന്നാംഘട്ടം: കടല്‍ഭിത്തി നിര്‍മാണം 750 മീറ്റര്‍ കൂടി നീട്ടല്‍, ബെര്‍ത്ത് നീളം 400 മീറ്റര്‍, ശേഷി 22 ലക്ഷം ആയി ഉയര്‍ത്തല്‍.

♦ നാലാംഘട്ടം: 400 മീറ്റര്‍ നീളത്തില്‍ ബെര്‍ത്ത് നിര്‍മിക്കല്‍, ശേഷി 30 ലക്ഷം ടിഇയു ആയി ഉയര്‍ത്തല്‍. l

(വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് 
ലിമിറ്റഡിന്റെ മുൻ സിഇഒ ആണ് ലേഖകന്‍. ചിന്തയുടെ 2022 ഡിസംബർ 23 ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രസക്തഭാഗമാണിത്)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 5 =

Most Popular