Monday, July 27, 2026

ad

Homeവിശകലനംനാളെയുടെ പ്രതീക്ഷയാകുന്ന വിദ്യാർത്ഥി മുന്നേറ്റം

നാളെയുടെ പ്രതീക്ഷയാകുന്ന വിദ്യാർത്ഥി മുന്നേറ്റം

ജി വിജയകുമാർ

രാജ്യത്തെ വിദ്യാർത്ഥികളുടെ, ചെറുപ്പക്കാരുടെ സ്വപ്നങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംഘപരിവാറുകാരും ചവിട്ടിമെതിച്ചുകൊണ്ടിരിക്കുന്നത്. അധികാരത്തിലേറാൻ ബിജെപി ഉപയോഗിച്ച മതബിംബങ്ങളെയും അതടിസ്ഥാനമാക്കിയുള്ള ക്ഷേത്രങ്ങളെയുംപോലും കൊള്ളയടിക്കാൻ മടിക്കാത്ത സംഘപരിവാർ കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ നടത്തുന്ന പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ വിൽപന ചരക്കാക്കുന്നതിൽ അത്ഭുതപ്പെടാനില്ല. മധ്യപ്രദേശിലെ വ്യാപം കുംഭകോണത്തിൽ തുടങ്ങി നീറ്റ്, നെറ്റ്, സിബിഎസ്ഇ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയിൽവരെ സംഘപരിവാറിന്റെ കരങ്ങൾ നമുക്കു കാണാനാകും. അതുകൊണ്ടുതന്നെയാണ് ഇരുപതിലേറെ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യാനിടയാക്കിയ, ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി ഇരുളടഞ്ഞതാകാൻ കാരണമായ ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആർഎസ്എസ് / ബിജെപിക്കാരല്ലാത്ത മനുഷ്യരൊന്നടങ്കം ആവശ്യപ്പെടുന്നത്.

2014ൽ ബിജെപി അധികാരത്തിലേറിയശേഷം കഴിഞ്ഞ ഒരു ദശകത്തിലേറെ നടന്ന, കേന്ദ്ര സർക്കാർ ചുമതലയിലുള്ള പരീക്ഷാ ചോദ്യ പേപ്പർ ചോരാത്ത ഒരു വർഷമെങ്കിലുമുണ്ടോയെന്ന കാര്യം സംശയമാണ്. കഴിഞ്ഞ മൂന്നു – നാല് വർഷമായി നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ തുടർച്ചയായി ചോർന്നിട്ടുണ്ട്. ഈ വർഷമാകട്ടെ, നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന നീറ്റ് പരീക്ഷയുടേതു മാത്രമല്ല, യുജിസിയുടെ നെറ്റ് പരീക്ഷയുടെയും സിബിഎസ്ഇ പരീക്ഷകളുടെയും ചോദ്യപേപ്പറുകളും ചോർന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ആർക്കും വാങ്ങാനാവുംവിധം ഈ ചോദ്യപേപ്പറുകൾ വിൽപ്പനയ്ക്കു വയ്ക്കപ്പെട്ടിരുന്നുവെന്നതാണ് യാഥാർഥ്യം.

അതിനെതിരെ വിദ്യാർഥി പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച് എസ്എഫ്ഐ ഉൾപ്പെടെ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധപ്രക്ഷോഭം നടത്തിവരികയാണ്. ഈ ഘട്ടത്തിലാണ് രാജ്യത്തെ ചീഫ് ജസ്റ്റിസ് ഇന്ത്യയിലെ യുവജനങ്ങളെ പാറ്റകൾ എന്നു വിളിച്ച് അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന സിജെപി (കോക്ക്റോച്ച് ജനതാ പാർട്ടി) എന്ന ചെറുപ്പക്കാരുടെ പ്രതിഷേധ പ്രസ്ഥാനവും നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.

ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് അന്വേഷിക്കുകയും ആത്മഹത്യചെയ്ത വിദ്യാർഥികളോട് നീതി പുലർത്തുകയും മന്ത്രി രാജിവയ്ക്കുകയും ചെയ്യുകയെന്ന വിദ്യാർഥികളുടെ ആവശ്യം രാജ്യത്തെ ജനങ്ങളൊന്നാകെ ഏറ്റെടുത്തു. സമരം അതിവേഗം പടർന്നുപിടിച്ചു. പ്രക്ഷോഭം ആളിപ്പടരുന്നതുവരെ, ലക്ഷക്കണക്കിന് വിദ്യാർഥികൾ ഡൽഹിയിലെ തെരുവീഥികളിൽ ഒഴുകിയെത്തുന്നതുവരെ, ആ സമരത്തോട് മുഖംതിരിഞ്ഞു നിന്നിരുന്ന മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസുപോലും സമരത്തിൽ സമാന്തരമായിട്ടാണെങ്കിലും പങ്കെടുക്കാൻ നിർബന്ധിതമായി.

അവഗണിച്ച് തള്ളിക്കളയാനോ രാജ്യദ്രോഹികളെന്നോ വിദേശ ഇടപെടലിലൂടെ ഉയർന്നുവന്നതെന്നോ അധിക്ഷേപിച്ച് ഒറ്റപ്പെടുത്താനോ പറ്റാത്തവിധം സമരം ശക്തിപ്പെട്ടപ്പോൾ പരിഭ്രാന്തരായ ഭരണാധികാരികൾ അതിക്രൂരമായി അടിച്ചമർത്താൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. രാജ്യത്ത് നിലനിൽക്കുന്ന സർവ നിയമങ്ങളും മര്യാദകളും കാറ്റിൽ പറത്തിയാണ് ബിജെപി സർക്കാർ വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്നത്.

യൂണിഫോമും നെയിംപ്ലേറ്റുമൊന്നുമില്ലാതെ ഗുണ്ടകളെപ്പോലെയാണ് അമിത്-ഷായുടെ പൊലീസ് വിദ്യാർഥികൾക്കുനേരെ ചാടിവീണത്. അമിത്ഷായും മോദിയുമടക്കമുള്ള കേന്ദ്ര ഭരണാധികാരികളുടെ, അതിനുമപ്പുറം സംഘപരിവാറിന്റെ തന്നെ തീരുമാനവും നിർദ്ദേശവുമനുസരിച്ചാണ് പൊലീസ് ഇത്തരത്തിൽ വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത്. അതുകൊണ്ടാണല്ലോ പൊലീസിനൊപ്പം യൂണിഫോമില്ലാത്ത ആർഎസ്എസുകാരുംകൂടി വിദ്യാർഥികളെ ആക്രമിക്കാനായി എത്തിയത്.

ഇരുട്ടിന്റെ മറവിൽ ട്രക്കുകളിൽ കല്ലുമായെത്തി അവിടവിടെ കൂട്ടിയിട്ട് പൊലീസ് ക്രിമിനലുകളും ആർഎസ്എസ് ഗുണ്ടകളും ചേർന്ന് കല്ലേറ് നടത്തുകയും വിദ്യാർഥികൾ അക്രമാസക്തരായി കഴിഞ്ഞതിനാൽ ലാത്തിച്ചാർജിന് തങ്ങൾ നിർബന്ധിതരാകുകയായിരുന്നുവെന്ന പ്രചരണം അഴിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ആ ശ്രമം ഫലവത്തായില്ല. തികച്ചും നിരായുധരായി, യാതൊരു പ്രത്യാക്രമണവും കൂടാതെ കെെയും കെട്ടിനിന്ന് തല്ലുകൊള്ളുന്ന, ഇന്ത്യയിലെ ചെറുപ്പക്കാരുടെ സഹനസമരമാണ് ഡൽഹിയിൽ നാം കാണുന്നത്. തികച്ചും ജനാധിപത്യപരമായ, അക്രമരഹിതമായ, അച്ചടക്കത്തോടെയുള്ള ഒരു വിദ്യാർഥി മുന്നേറ്റമാണ് ഡൽഹിയിൽ നാം കാണുന്നത്. എന്നിട്ടും അതിനെ നേരിടാൻ ഭരണാധികാരികൾ നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റിൽപറത്തി പൊലീസിനെ ഗുണ്ടാസംഘങ്ങളെപ്പോലെ അഴിച്ചുവിട്ടിരിക്കുകയാണ്. കാട്ടാളത്തമെന്നോ പെെശാചികമെന്നോ വിശേഷിപ്പിച്ചാൽ പിശാചുക്കൾ പോലും പ്രതിഷേധിച്ചേക്കാവുന്നത്ര കൊടുംക്രൂരതകളാണ് ഡൽഹിയിൽ കാണുന്നത്. ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉപയോഗിച്ച് വിദ്യാർത്ഥികളെ നിഷ്ഠൂരമായി മർദ്ദിക്കുന്നു. പെൺകുട്ടികളെ പുരുഷ പൊലീസുകാർ ആക്രമിക്കുന്നതും ലെെംഗികമായി തന്നെ ഉപദ്രവിക്കുന്നതും വ്യാപകമാണ്. വസ്ത്രങ്ങൾ വലിച്ചുകീറുകയും സ്വകാര്യ ഭാഗങ്ങളിൽ ലാത്തി കൊണ്ട് കുത്തുകയുമെല്ലാം ചെയ്യുന്നു. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർഥികളെ നേരിടുന്നതിന് മോദി സർക്കാരിന്റെ പൊലീസ് പ്രയോഗിക്കുന്ന രീതിയാണിത്.

ഡൽഹിയിലെ ജന്തർമന്തറിലോ പാർലമെന്റ് സ്ട്രീറ്റിലോ മാത്രം ഒതുങ്ങിനിൽക്കുന്ന ഏതാനും ആയിരങ്ങൾ മാത്രം പങ്കെടുക്കുന്ന സമരമല്ല ഇത്. ന്യൂഡൽഹിയിലെ പ്രധാന നഗരവീഥികളിലെല്ലാം നിറഞ്ഞു കവിയുന്ന ലക്ഷങ്ങളുടെ മഹാപ്രവാഹമാണ്. നിതേ-്യന രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ ഡൽഹിയിലേക്ക് ഒഴുകിയെത്തുകയാണ്. ഏതെങ്കിലുമൊരു സംഘടനയുടെ നിറംനൽകാൻ പോലുമാകാത്തവിധം വിപുലമാണത്. അത് ഇന്ത്യയിലെ വിദ്യാർഥി സമൂഹമാകെ അണിനിരക്കുന്ന ഒന്നാണ്; ഇന്ത്യൻ ജനതയുടെയാകെ പിന്തുണയാർജിച്ച് മുന്നേറുന്ന ഒന്നാണ്. തുടക്കത്തിൽ വിദ്യാർഥികൾക്ക് പിന്തുണയുമായി ലഡാക്കിലെ പൗരാവകാശ പ്രക്ഷോഭകനായ സോനം വാങ്ചുക് ഐക്യദാർ-ഢ്യം പ്രകടിപ്പിച്ച് നിരാഹാര സമരത്തിൽ ഏർപ്പെടുകയായിരുന്നു. എന്നാൽ ഇരുപതിലേറെ ദിവസം നീണ്ടുനിന്ന വാങ്ചുക്കിന്റെ നിരാഹാരസമരത്തെയും സർക്കാർ അതിഭീകരമായാണ് നേരിട്ടത്. സമരപ്പന്തലിലേക്ക് പെട്ടെന്ന് പൊലീസ് ഇരച്ചെത്തി വാങ്ചുക്കിനെ വെള്ളത്തുണികൊണ്ട് പൊതിഞ്ഞ് ബലമായി പൊക്കിയെടുത്തുകൊണ്ടുപോകുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ഡോക്ടർമാർ വിലക്കിയിട്ടും ഈ രീതിയിൽ അദ്ദേഹത്തെ കൊണ്ടുപോകുകയായിരുന്നു. അത്രമാത്രം ഹീനമായാണ് മോദി ഗവൺമെന്റ് രാജ്യത്തെ വിദ്യാർത്ഥികൾക്കുവേണ്ടി സമരരംഗത്തിറങ്ങിയ ഒരു ആക്ടിവിസ്റ്റിനോട് പെരുമാറിയത്.

ഇന്ന് ഇന്ത്യയിലുടനീളമുള്ള സിനിമ–സാഹിത്യ–സാംസ്കാരിക രംഗങ്ങളിലുള്ളവരാകെ ഈ സമരത്തിന് പിന്തുണയുമായി എത്തുന്നു. അതുകണ്ട് വിരണ്ട സംഘപരിവാറിന്റെ മരണപ്പിടച്ചിലാണ് മലയാള സിനിമാ നടൻ ടൊവിനൊയുടെ വീടിനുമുന്നിൽ യുവമോർച്ചക്കാർ നടത്തിയ ആക്രമണത്തിൽ കണ്ടത്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയടക്കം നേതൃനിരയാകെ സമരം തുടങ്ങിയ നാൾ മുതൽ വിദ്യാർഥികൾക്കൊപ്പം സമരവേദിയിൽ സ്ഥിരസാന്നിധ്യമാണ്.

സമരത്തിനു ലഭിക്കുന്ന വർധിച്ചുവരുന്ന ജനപിന്തുണ ശ്രദ്ധേയമാണ്. ഭക്ഷണവും കുടിവെള്ളവുമെല്ലാം എത്തിക്കുന്നതിന് പ്രത്യേകിച്ചൊരു സംഘാടനവുമില്ലാതെ ജനങ്ങൾ സ്വമേധയാ മുന്നോട്ടുവരുന്നതാണ് കാണുന്നത്. ചെറുത്തുനിൽപ്പുയർത്തുന്ന മനുഷ്യർക്ക് ഭക്ഷണവും വെള്ളവുമെത്തിക്കുന്ന കുറേയധികം മനുഷ്യർ; മാനവികതയുടെ മഹത്തായ സന്ദേശമാണ് ഇത് നൽകുന്നത്. ഈ മുന്നേറ്റത്തിനു സമാനമെന്നു പറയാനാവുന്നത് ഐതിഹാസികമായ കർഷകസമരത്തെയും പൗരത്വ പ്രക്ഷോഭത്തെയുമാണ്. കർഷകസമരം മോദി സർക്കാരിനെ മുട്ടുകുത്തിച്ചതുപോലെ വിദ്യാർഥികളുടെ ഈ മുന്നേറ്റവും ലക്ഷ്യത്തിലെത്താതിരിക്കില്ല. അത്രയേറെ നിശ്ചയദാർഢ്യമാണ് വിദ്യാർഥി സമൂഹവും അവർക്കൊപ്പം നിൽക്കുന്ന ജനതയും പ്രകടിപ്പിക്കുന്നത്. ഈ സമരം വിജയിക്കേണ്ടത്, ലക്ഷ്യം കാണേണ്ടത് ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. നമുക്കുമേൽ ഇരുൾ പടരാതിരിക്കണമെങ്കിൽ, ഈ വിദ്യാർഥി മുന്നേറ്റത്തെ വിജയിപ്പിച്ചേ തീരൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − eleven =

Most Popular