Monday, July 27, 2026

ad

Homeവിശകലനംഞങ്ങളിപ്പോഴും ഇവിടെത്തന്നെയുണ്ട്

ഞങ്ങളിപ്പോഴും ഇവിടെത്തന്നെയുണ്ട്

ഒരു ക്യൂബൻ സർജൻ

ക്യൂബയെ തൊടരുത്

ഞാൻ ഹവാനയിൽനിന്നുള്ള ഒരു സർജനാണ്. എന്റെ പേര് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് ഞാനെന്റെ ഗവൺമെന്റിനെ ഭയക്കുന്നതുകൊണ്ടല്ല.

കഴിഞ്ഞ മാസം ഞാൻ, പെർഫൊറേറ്റഡ് പെപ്റ്റിക് അൾസർ ബാധിച്ച വയസായ ഒരാളെ ഓപ്പറേഷൻ ചെയ്തിരുന്നു. സർജറി വിജയകരമായി പൂർത്തിയായി. സങ്കീർണതകളൊന്നും കൂടാതെ വയർ തുന്നിക്കെട്ടി. ആ സമയത്ത് ആന്റിബയോട്ടിക്കുകൾ ഞങ്ങൾക്ക് ലഭ്യമായിരുന്നു. എന്നാൽ രോഗിയെ അബോധാവസ്ഥയിൽ നിന്നുണർത്താനുള്ള ഇൻട്രാവെനസ് ക്രിസ്റ്റലോയ്ഡ് ഫ്ളൂയിഡ് ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നില്ല. സൊലൂഷനുകളിൽവച്ച് ഏറ്റവും അടിസ്ഥാനപരമായി ആവശ്യമായ ഒന്നായിരുന്നു അത്. ഇത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതും മിക്കവാറുമെല്ലാ ജീവനുകളും രക്ഷിക്കുന്നതിന് ഏറ്റവും അത്യന്താപേക്ഷിതവുമാണ്. നിലവിൽ ഇതിന്റെ സ്റ്റോക്കുണ്ട്. പക്ഷേ ഇത് നിർമിക്കുന്നത് 500 കിലോമീറ്റർ അകലെയുള്ള സാന്റിയാഗോ ഡി ക്യൂബയിലാണ്. പെട്രോൾ ലഭ്യമല്ലാതിരുന്നതിനാൽ സമയത്ത് ആ സൊലൂഷൻ ഹവാനയിലേക്കെത്തിക്കാനായില്ല. ഒടുവിൽ അത് എത്തിച്ചപ്പോഴേക്കും ആ രോഗി മരിച്ചിരുന്നു.

രാഷ്ട്രീയം ചർച്ച ചെയ്യുന്നതിനുമുമ്പ്, ഇവിടെ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യം എന്താണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

ഇനി, എന്റെ സുഹൃത്തിന്റെ മകളായ രണ്ടു വയസ്സുള്ള പെൺകുട്ടിയെക്കുറിച്ച് നിങ്ങളോടുപറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. രണ്ടാഴ്ച മുമ്പ്, അവൾക്ക് ഗുരുതരമായ കുടൽരോഗം ബാധിച്ചു. ദിവസം 20 പ്രാവശ്യം ഛർദ്ദിച്ചു. വളരെ വേഗം നിർജലീകരണം സംഭവിച്ചു. പെട്ടെന്നുതന്നെ അവളുടെ മാതാപിതാക്കൾ അവളെ ഹവാനയിലെ, കുട്ടികളുടെ ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ മതിയായ അളവിൽ ഇൻട്രാവെനസ് ഫ്ളൂയിഡ് ഉണ്ടായിരുന്നില്ല. ചരിത്രപരമായി, പീഡിയാട്രിക് ഹോസ്-പിറ്റലുകളായിരുന്നു മരുന്നിന് ഷോർട്ടേജുകളുണ്ടാകുന്ന ഏറ്റവും മോശമായ അവസ്ഥയിൽപോലും, ഞങ്ങളുടെ അവസാന അഭയകേന്ദ്രം. ഞങ്ങളുടെ ഏറ്റവും കാഠിന്യമേറിയ വർഷങ്ങളിൽപോലും കുട്ടികളെ സംരക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. ആ രാത്രിയിൽ ഞങ്ങൾക്ക് ഹോസ്പിറ്റൽ ഡയറക്ടർ മാത്രമായിരുന്നു പരിശുദ്ധ സ്വർണമെന്നപോലെ ഓരോ കുപ്പി ഫ്ളൂയിഡും ഉപയോഗിക്കാനുള്ള അനുമതി നൽകിയത്. വെറും ഉപ്പും വെള്ളവും മാത്രമായിരുന്നുവെങ്കിലും അതിന് സ്വർണത്തിന്റെ മൂല്യമുണ്ടായിരുന്നു. പക്ഷേ അത് ഏതാനും ബോട്ടിലുകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

ഇപ്പറഞ്ഞവയെല്ലാം ഒറ്റപ്പെട്ട ദുരന്തങ്ങളല്ല. അവ ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ട അനന്തരഫലങ്ങൾ തന്നെയാണ്.

ഒരുകാലത്ത് അമേരിക്കയേക്കാൾ താഴ്-ന്നിരുന്ന ക്യൂബയിലെ ശിശുമരണനിരക്ക് ഇവിടുത്തെ പൊതു ആരോഗ്യസംവിധാനത്തിന്റെ തനതായ ഒരു നേട്ടമാണ്. ക്യൂബയിലെ ശിശുമരണ നിരക്ക് 1000ന് 5 എന്നത് 2019 മുതൽ 7.1 എന്ന നിലയിലേക്കുയരാൻ തുടങ്ങി. അവശ്യമരുന്നുകളിൽ മൂന്നിൽ രണ്ടു ഭാഗവും ലഭ്യമല്ലാതാവുകയോ അവയുടെ സപ്ലെെ ചുരുങ്ങുകയോ ചെയ്തു. ഡെങ്കി, ഓറോപോച്ച്, ചിക്കുൻഗുനിയ എന്നിവ പോലെയുള്ള ആർബോ വെെറസുകൾ വർധിച്ചുവരികയാണ്. ക്യൂബയുടെ തന്നെ ഔദ്യോഗിക കണക്കനുസരിച്ച് 2020 മുതൽ രാജ്യം 1.4 ദശലക്ഷത്തിലധികം മനുഷ്യരുടെ പലായനത്തിന് സാക്ഷ്യം വഹിച്ചു. അതിൽ ആയിരക്കണക്കിന് ഡോക്ടർമാരുമുണ്ട്. 65 വർഷത്തിനിടയിൽ ഈ പലായനനിരക്ക് നാമമാത്രമായിരുന്നു. 2024–25ൽ മാത്രം, അമേരിക്കൻ ഉപരോധം ക്യൂബയ്ക്ക് 7.5 ബില്ല്യൻ (7500 കോടി ഡോളർ) ഡോളറിന്റെ നഷ്ടമുണ്ടാക്കി. അമേരിക്കൻ ഉപരോധംമൂലം കഴിഞ്ഞ 65 വർഷത്തിനിടെയുണ്ടായ സഞ്ചിതനഷ്ടം 17000 കോടി ഡോളർ കടന്നു. ഇത് ഭരണംമൂലമുണ്ടായ പ്രതിസന്ധിയല്ല. ബോധപൂർവം നിർമിക്കപ്പെട്ട കെടുതിയാണ്; ഒരു രാഷ്ട്രം തകരുന്നതുവരെ പരമാവധി സാമ്പത്തിക സമ്മർദം അതിനുമേൽ ബോധപൂർവം പ്രയോഗിക്കുകയും പിന്നീട് ആ തകർച്ചയുടെ കാരണം ആ രാഷ്ട്രത്തിനുമേൽ തന്നെ ആരോപിക്കുകയും ചെയ്യുന്നു. പിന്നീട്, ഈ തകർച്ചയെ സെെനിക ഇടപെടലിനുള്ള ന്യായീകരണമായും അവർ ലക്ഷ്യമിട്ട വിഭവങ്ങൾ കയ്യടക്കാനുള്ള മാർഗമായും എടുത്തുകാട്ടുന്നു.

ക്യൂബയോടുള്ള അമേരിക്കൻ നയം ഈ രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 1960ൽ, അമേരിക്കൻ സ്റ്റേറ്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ലെസ്റ്റർ മല്ലോറി ഒരു ആഭ്യന്തര മെമ്മോറാണ്ടം (ഇപ്പോൾ അത് പൊതുജനമധ്യത്തിൽ ലഭ്യമാണ്) എഴുതി. ക്യൂബയിൽ ബോധപൂർവം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിലൂടെ, ‘‘പട്ടിണി, നിരാശ, ഗവൺമെന്റിനെ അട്ടിമറിക്കൽ’’ എന്നിവ നടപ്പാക്കുന്നതിനുള്ള വേണ്ടിയുള്ളതായിരുന്നു ആ മെമ്മോറാണ്ടം. അമേരിക്ക 1962ൽ ഉപരോധം കൊണ്ടുവന്നത്, ക്യൂബയിലെ എല്ലാ വ്യാപാരങ്ങളെയും വലയം ചെയ്യുന്നതിനാണ്. ഇത് നിയമവിരുദ്ധമായാണ് കണക്കാക്കപ്പെടുന്നത്. 65 വർഷത്തിനുശേഷവും അമേരിക്ക ഈ തന്ത്രം ഉപേക്ഷിച്ചില്ല. മാത്രവുമല്ല, അത് കുറച്ചുകൂടി പരിഷ്കരിച്ചിരിക്കുന്നു. ഭീകരവാദത്തിന്റെ സ്റ്റേറ്റ് സ്പോൺസർ എന്ന പദവി അന്താരാഷ്ട്ര ധനകാര്യസംവിധാനത്തിൽനിന്നും ക്യൂബയെ പുറത്താക്കിയിരിക്കുന്നു. ട്രാൻസാക്ഷനുകളില്ല, ബാങ്കുകളുമായി ബന്ധപ്പെടാനാകുന്നില്ല, ഞങ്ങളുമായിട്ട് ബിസിനസ് ചെയ്യുന്ന വിദേശകമ്പനികളെ ഭീഷണിപ്പെടുത്തുന്നു. ഈ അടുത്തയിടെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ക്യൂബയെ ‘‘അസാധാരണ ഭീഷണി’’ ആയി പ്രഖ്യാപിക്കുകയും ലോകത്തിലെ ഏതു രാജ്യവും ഈ ദ്വീപിലേക്ക് എണ്ണ വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഞങ്ങളുടെ ഇന്ധനവിതരണത്തെ രൂക്ഷമായി ബാധിച്ച, 2026 ജനുവരിയിലെ നാവിക ഉപരോധം, അമേരിക്കൻ ഉപരോധത്തിന്റെ ഈയടുത്തയിടെയുണ്ടായ അങ്ങേയറ്റത്തെ പ്രകടനമാണ്; ഇത് നിയമവിരുദ്ധവുമാണ്. ഈ സന്ദർഭം മുതലെടുത്ത് ക്യൂബൻ ഗവൺമെന്റിനെ അട്ടിമറിമറിക്കുന്നതിനുവേണ്ടി വ്യക്തമായി ആസൂത്രണം ചെയ്തുകൊണ്ട് അമേരിക്ക ക്യൂബയ്ക്ക് 60 ലക്ഷം ഡോളർ ധനസഹായം ഈയിടെ പ്രഖ്യാപിച്ചു. ഉപരോധംമൂലം ക്യൂബയ്ക്ക് ഒരു ദിവസം 20 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാകുന്നു. ഇതുവച്ച് നോക്കുമ്പോൾ 60 ലക്ഷം ഡോളർ എന്നത് നല്ല ഉദ്ദേശ്യത്തോടുകൂടിയുള്ളതല്ല. ഡോളറിൽ അപരവിദേ-്വഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണത്.

ക്യൂബയെക്കുറിച്ചുള്ള വാർത്തകൾ അമേരിക്കൻ പത്രങ്ങളിൽ വായിക്കാൻ ശ്രമിക്കുമ്പോൾ എല്ലായ്-പ്പോഴും കാണാറുള്ള ഒഴിവാക്കൽ എന്നെ അമ്പരപ്പിക്കാറുണ്ട്. 100 ശതമാനം ക്യൂബക്കാരെയും എല്ലാ ദിവസവും, ഓരോ മണിക്കൂറിൽപോലും ബാധിക്കുന്ന ഉപരോധത്തെ ക്കുറിച്ച് ഒരു ചെറിയ പരാമർശം, ഒരു ഉപവാക്യം, ശേഷം ‘‘ആഭ്യന്തരനയപരാജയം’’ എന്നുപറഞ്ഞുകൊണ്ട് തെറ്റായ വ്യാഖ്യാനം നടത്തും. ആണ് നടക്കുന്നത്. ഇത് നിഷ്-പക്ഷതയല്ല, സർക്കാരിന് പാദസേവ ചെയ്യുകയും അക്രമകാരിയെ സംരക്ഷിക്കുകയാണ്.

ക്യൂബയ്ക്കകത്തുനിന്നു നോക്കുമ്പോൾ ഈ ഉപരോധം എന്താണെന്നുള്ളതുകാണാം. തലസ്ഥാനത്തുപോലും പ്രതിദിനം 22 മണിക്കൂർ വരെ വെെദ്യുതി മുടങ്ങുന്നു. ഹോംവർക്ക് ചെയ്യാനാകാതെ കുട്ടികൾ ഇരുട്ടത്തിരിക്കുകയാണ്. അധ്യാപകർക്ക്, പാഠങ്ങൾ പഠിപ്പിക്കുന്നതിനുവേണ്ടിയുള്ള തയാറെടുപ്പ് നടത്താനാകുന്നില്ല. വെെദ്യുതി കിട്ടാതിരിക്കുകയും വീട്ടിൽ ഗ്യാസ് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോൾ കുടുംബങ്ങൾ വീടിനുപുറത്ത് അടുപ്പുകൂട്ടി ആഹാരം പാകം ചെയ്യുന്നു. പിന്നെ, ഓരോ അമേരിക്കക്കാരനും മനസിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം സംഭവിക്കുന്നുണ്ട്. ഇവിടെ എല്ലാവരും ഒറ്റക്കെട്ടായി മാറുന്നു എന്നതാണത്. ഒരു പ്രദേശത്തെ മുഴുവനാളുകൾക്കും വേണ്ടി കുടുംബങ്ങൾ പാചകച്ചുമതലകൾ മാറിമാറി നിർവഹിക്കാൻ തുടങ്ങിയിരിക്കുന്നു. തങ്ങൾക്കുള്ളത് മറ്റുള്ളവർക്കുകൂടി പങ്കുവയ്ക്കുകയും എല്ലാവരും കഴിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇതൊരു ഗവൺമെന്റ് പരിപാടിയല്ല. പരസ്പരം പട്ടിണി കിടക്കാനനുവദിക്കാത്ത ഒരു ജനതയുടെ കരുതലാണിത്.

ക്യൂബക്കാർ തങ്ങളുടെ ദ്വീപിലുടനീളം വീടിന്റെ മേൽപുരകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുകയും അവരുടെ ഊർജഭാവി സ്വന്തം കെെകളാൽ കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ഗതാഗതത്തിനും വ്യാവസായികാവശ്യങ്ങൾക്കുമായി ഗ്യാസ് ഉപയോഗിച്ചുള്ള വാഹനങ്ങളിൽ നിന്ന് ഇലക്-ട്രിക് മുച്ചക്ര വാഹനങ്ങളിലേക്ക് മാറിയിരിക്കുന്നു. ചിലർ ഹീമോ ഡയാലിസിസ് രോഗികളെ സൗജന്യമായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ആഴ്ചയിൽ പ്രത്യേക ദിവസങ്ങൾ നീക്കിവയ്ക്കുന്ന സന്നദ്ധപ്രവർത്തകരാണ്. ലിഫ്ട് ചോദിക്കുന്നവർക്ക് വാഹനം നിർത്തിക്കൊടുക്കുകയെന്നത് ദെെനംദിന ജീവിതത്തിന്റെ ഭാഗവും നിയമപരമായ ചുമതലയും ആയിരിക്കുന്നു. ഇന്ധനം വിലപിടിപ്പുള്ള ഒന്നായി മാറിയ ഈ രാജ്യത്ത് സർക്കാർ ഉദേ-്യാഗസ്ഥർ, പൊലീസ് ഓഫീസർമാർ, ഡോക്ടർമാർ, ക്യൂബൻ മിലിട്ടറിയിലെ ലെഫ്റ്റനന്റ് കേണൽമാർ, കലാകാരർ, പ്രായമുള്ളവർ, ചെറുപ്പക്കാർ ഇവരെല്ലാം ഒന്നിച്ച് സവാരി പങ്കിടുന്നു. ലെെസൻസ് പ്ളേറ്റുകളുള്ള കാറുകളിൽ യാത്രക്കാരെ കയറ്റണമെന്നത് നിയമംമൂലം ഗവൺമെന്റ് നിർബന്ധിതമാക്കിയിരിക്കുന്നു. ഒരു കവിയും ഒരു ഫാക്ടറി തൊഴിലാളിയും ഒരപരിചിതന്റെ കാറിന്റെ പിൻസീറ്റിൽ ഒന്നിച്ചിരുന്ന് യാത്ര ചെയ‍്ത് വീട്ടിലേക്കു പോകുന്നത് ഇവിടെ ഒരു അസാധാരണ കാഴ്ചയല്ല. ഇടയ്ക്ക്, വെള്ളിയാഴ്ച രാത്രികളിൽ ഞാനും എന്റെ സഹപ്രവർത്തകരും ഒന്നിച്ച് എന്തെങ്കിലും കഴിക്കാനും കുറച്ചു റം, ഡോമിനോ കളി, സംഗീതം എന്നിവ ആസ്വദിക്കാനുംവേണ്ടി ഒത്തുചേരാൻ ശ്രമിക്കാറുണ്ട്. ഞങ്ങളുടെ കുട്ടികൾ ഞങ്ങളുടെ കാലുകൾക്കിടയിലൂടെ ഓടിക്കളിക്കുകയും പാട്ടിലെ വാക്കുകളുടെ അർഥമറിയാതെ അവർ നൃത്തം ചെയ്യുകയും ചെയ്യും. എല്ലാമുണ്ടായിട്ടല്ല. എന്നാൽ എല്ലാം കാരണവുമാണ്.

കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി ഞാൻ ഡോക്ടറായി ജോലി ചെയ്യുന്നു. ഫാമിലി മെഡിസിനിലും ജനറൽ സർജറിയിലുമുള്ള യോഗ്യത നേടിയിട്ടുണ്ട്. ഹവാന നഗരകേന്ദ്രത്തിലെ ഒരു സർക്കാർ ടീച്ചിങ് ഹോസ്പിറ്റലിൽ ട്രോമ– സർജിക്കൽ അത്യാഹിതങ്ങൾ കെെകാര്യം ചെയ്യുന്ന വിഭാഗത്തിലാണ് ഞാൻ ജോലിചെയ്യുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ എന്റെ ശമ്പളം മൂന്നിരട്ടിയായി. ജീവിക്കാൻ ഇപ്പോഴും അത് പര്യാപ്തമല്ല. എന്റെ രോഗികളും അവരുടെ കുടുംബാംഗങ്ങളും ഫോണിൽ എന്നെ വിളിക്കാറുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് വർഷങ്ങൾക്കുശേഷം അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കയുണ്ടാകുമ്പോൾ, അതേക്കുറിച്ച് അവർ ഭയപ്പെടുമ്പോൾ, അവർ വിശ്വസിക്കുന്ന ഒരാളെത്തന്നെ ആവശ്യമുള്ളപ്പോഴാണ് അങ്ങനെ എന്നെ വിളിക്കുന്നത്. എന്റെ മെഡിക്കൽ ട്രെയിനികൾ കൂടുതലും ഇവിടം വിടാൻ ആഗ്രഹിക്കുന്നവരാണ് എന്ന് എനിക്ക് മനസ്സിലാക്കാവുന്നതേയുളളൂ. ഇൗ ഉപരോധം, ക്യൂബൻ വെെദ്യശാസ്ത്രത്തിന്റെ അടുത്ത തലമുറയെ ഇവിടെ നിന്നും നിഷ്കാസിതരാക്കുകയാണ്. നമ്മൾ കണ്ടിട്ടില്ലാത്തവിധം ഇപ്പോൾ കൂടുതൽ ക്യൂബക്കാർ അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പോകാൻ നിർബന്ധിതരാവുകയാണ്. ബരാക് ഒബാമയുടെ കാലത്ത് ഈ പ്രവണത അത്രകണ്ടില്ലായിരുന്നു. അമേരിക്കയിലുള്ള ക്യൂബക്കാർ നിക്ഷേപിക്കുന്നതിനായി ദ്വീപിലേക്കു മടങ്ങുകയും സ്വകാര്യ ബിസിനസുകാർ അഭിവൃദ്ധിപ്പെടുകയും ചെയ്തിരുന്ന ആ കാലം, ഞങ്ങളുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെട്ട കാലമായിരുന്നു. ആ മാറ്റം വിധിയായിരുന്നില്ല, നയത്തിന്റെ ഭാഗമായിരുന്നു.

122 രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരെ പരിശീലിപ്പിക്കുകയും ഏകദേശം 31,000 ഡോക്ടർമാരെ വാർത്തെടുക്കുകയും ചെയ്ത –ലാറ്റിനമേരിക്കൻ സ്കൂൾ ഓഫ് മെഡിസിനിലെ ELAM– വിദ്യാർഥികളെയാണ് ഞാൻ പഠിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മെഡിക്കൽ സ്കൂളായി ഇത് കണക്കാക്കപ്പെടുന്നു. വികസ്വര–അവികസിത രാജ്യങ്ങളിലെ ഗ്രാമീണ, പിന്നോക്ക സമൂഹങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഇവിടെ സൗജന്യമായി വെെദ്യശാസ്ത്രം പഠിക്കുന്നു. വളരെ പരിമിതമായ പശ്ചാത്തലങ്ങളിൽ നിന്നും വരുന്നവരാണവർ. അംഗോള, മൊസാംബിക്, ദി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നമീബീയ, സൗത്ത് ആ-ഫ്രിക്ക, ഘാന, പടിഞ്ഞാറൻ സഹാറ, കൊളംബിയ, ബൊളീവിയ, മെക്സിക്കോ, വെന-സേ-്വല, തിമൂർ ലെസ്റ്റെ, നേപ്പാൾ, നിക്കരാഗ്വ, ഡൊമനിക്ക, വിയത്-നാം, പലസ്തീൻ എന്തിന് ജർമനി, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുവരെ വരുന്നവരാണ് എന്റെ വിദ്യാർഥികൾ. പലസ്തീൻകാരിലൊരാൾ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കാമിൽനിന്നുള്ള ഒരു യുവാവാണ്. അവൻ തന്റെ 14–ാമത്തെ വയസ്സിൽ, ക്യൂബയിൽ പരിശീലനം നേടിയ തന്റെ അമ്മാവനെ കണ്ടതിനുശേഷം ഒരു ദിവസം താനും ഹവാനയിൽ പോയി വെെദ്യശാസ്ത്രം പഠിക്കുമെന്ന് അവൻ തീരുമാനിച്ചു. അങ്ങനെ, സെെനിക ഉപരോധത്തിലായിരുന്ന ഒരു പട്ടണത്തിൽനിന്നും സാമ്പത്തിക ഉപരോധത്തിലായിരുന്ന ഒരു രാജ്യത്തേക്ക് സർജറിയെക്കുറിച്ചു പഠിക്കാൻ അവൻ എത്തി. മറ്റൊരു മെഡിക്കൽ വിദ്യാർഥിനി, സർജറിയിൽ ഞാൻ പരിശീലനം നൽകിയിട്ടുള്ളതിൽ വച്ചേറ്റവും മിടുക്കരിൽ ഒരാളായവൾ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് മടങ്ങിപ്പോവുകയാണ്. മുപ്പതുവർഷത്തിലേറെയായി അവളുടെ രാജ്യം തുടർച്ചയായി യുദ്ധത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ പഠിപ്പിച്ചിട്ടുള്ള മറ്റാരെക്കാളും കഠിനമായ പരിശീലനം അവൾ നേടി; കാരണം അവളുടെ രാജ്യത്ത് അവളെ കാത്തിരിക്കുന്നത് എന്താണെന്ന് അവൾക്കറിയാം. ക്യൂബയിൽ അപൂർവമായി മാത്രം കാണുന്ന യുദ്ധത്തിന്റെ മുറിവുകളും പരിക്കുകളും അവൾ ഒറ്റയ്ക്കു കെെകാര്യം ചെയ്യുമായിരുന്നു. ഞാൻ പരിശീലനം നൽകിയിട്ടുള്ള ഏറ്റവും മികച്ച വിദ്യാർഥികളിലൊരാളായിരുന്നു അവൾ. എന്തെന്നാൽ അവളുടെ രാജ്യം അവളെ ആവശ്യപ്പെടുന്നു.

1963 മുതൽ ക്യൂബ 165 രാജ്യങ്ങളിലേക്ക് 60,5000ത്തിലേറെ ആരോഗ്യപ്രവർത്തകരെ അയച്ചിട്ടുണ്ട്. തീവ്രമായ മത്സരം നടക്കുന്ന ക്യൂബൻ മെഡിക്കൽ ദൗത്യസംഘത്തിലേക്ക് അഭിമാനത്തോടെ ഞാൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സത്യസന്ധതയോടെ എനിക്ക് നിങ്ങളോട് പറയാനാകും. വിദേശത്തെ മെഡിക്കൽ ദൗത്യം കഴിഞ്ഞ് മടങ്ങിയെത്തുന്ന ചില ക്യൂബൻ ഡോക്ടർമാർ കാറോ വീടോ വാങ്ങുന്നതിനോ മേൽക്കൂര മാറ്റുന്നതിനോ മതിയായ പണം സമ്പാദിക്കുന്നു. അവരുടെ കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതം നൽകുന്നു. 2010ൽ, എന്റെ ആദ്യത്തെ മെഡിക്കൽ ദൗത്യസമയത്ത്, ക്യൂബയിൽ എനിക്കു കിട്ടിയിരുന്ന ശമ്പളത്തിന്റെ 5 ഇരട്ടിയിലേറെ ലഭിച്ചു. അതിൽ യാതൊരു വെെരുധ്യവുമില്ല; സേവനവും അന്തസ്സും പരസ്പരം വേറിട്ടതല്ല.

മുമ്പ്, ആരും പ്രാക്ടീസ് ചെയ്തിട്ടില്ലാത്ത സമൂഹങ്ങളിലേക്ക് ക്യൂബൻ ഡോക്ടർമാരെ എത്തിക്കുന്ന, വെ-നസേ-്വലൻ ഗവൺമെന്റിന്റെ നാഴികക്കല്ലായി മാറിയ പരിപാടിയായ ബാരിയോ അഡെൻട്രോയ്ക്കൊപ്പം ചേർന്നു പ്രവർത്തിക്കുന്ന ക്യൂബൻ സർജിക്കൽ ദൗത്യത്തിന്റെ ഭാഗമെന്ന നിലയിൽ കാരക്കാസിലെ ദരിദ്ര നഗരങ്ങളിൽ ഞാൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബൊളീവിയയുടെ ഗ്രാമീണ സമൂഹങ്ങളിൽ ഞാൻ സേവനമനുഷ്ഠിച്ചത് ഇതേ ക്യൂബൻ ബ്രിഗേഡിലൂടെയായിരുന്നു. ഒരിക്കൽ, കാരക്കാസിൽ, ബാറ്റിസ്റ്റയുടെ – സേ-്വച്ഛാധിപത്യഭരണത്തിൽ നാടുകടത്തപ്പെട്ട ഒരു ക്യൂബക്കാരന്റെ മകന്റെ ഹെർണിയ രോഗം ഞാൻ സുഖപ്പെടുത്തി. ശേഷം, അവന്റെ കുടുംബം ഒരു വെള്ളിനാണയം എന്റെ കെെയിൽ തിരുകിവച്ചു. ക്യൂബയെ സ്പെയിനിൽനിന്നും വിമോചിപ്പിക്കുന്നതിന് നേതൃത്വം നൽകിയ കവിയും വിപ്ലവകാരിയുമായ ഹൊസെ മാർട്ടിയുടെ മുഖം ആ നാണയത്തിൽ പതിച്ചിട്ടുണ്ടായിരുന്നു. 1953ൽ മാർട്ടിയുടെ ജന്മശതാബ്ദിയിൽ, ഈ കുടുംബം ദ്വീപിൽ നിന്ന് പലായനം ചെയ്ത അതേ വർഷംതന്നെ ഈ നാണയം അടിച്ചിറക്കിയിരുന്നു. അവർ ക്യൂബയിൽനിന്നു പോകുമ്പോൾ ഒപ്പം ആ നാണയവും കൊണ്ടുപോയി. പതിറ്റാണ്ടുകളോളം അവർ അത് നിധിപോലെ സൂക്ഷിച്ചു. ഇപ്പോൾ അത് ലാറ്റിനമേരിക്കയിലുടനീളം ഐക്യദാർഢ്യം കാത്തുസൂക്ഷിച്ച ക്യൂബൻ ഡോക്ടർക്ക് സമ്മാനിക്കുന്നതിന് അവർ തീരുമാനിക്കുകയായിരുന്നു.

ബൊളീവിയയിലെ യാക്വിബയിലെ ഒരു ഇടത്തരം കുടുംബത്തിലെ ഗർഭിണിയെ ഞാൻ പരിചരിച്ചു. വെെദ്യചികിത്സ വേണ്ടപ്പോൾ, കഴിയുമ്പോഴെല്ലാം ഞാൻ വീട്ടിൽ പോയി അവളെ പരിചരിച്ചു. അവൾ ഇതിനകംതന്നെ ഒരു സ്വകാര്യക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. എന്റെ ആദ്യ സന്ദർശനത്തിനുശേഷം അവളും അവളുടെ ഭർത്താവും അവളുടെ പരിചരണച്ചുമതല എന്നെ ഏൽപ്പിച്ചു. അവർക്ക് ഒരാൺകുഞ്ഞ് ജനിച്ചപ്പോൾ അവർ അവന് എന്റെ പേരിട്ടു. ഞാൻ ഒരു വീരകൃത്യവും ചെയ്തില്ല. ഞാൻ അവിടെ ചെന്നു, അവിടെ താമസിച്ചു, പരിപൂർണ ശ്രദ്ധ വേണ്ട ഒരു വ്യക്തിയായി കണ്ട് അവളെ പരിചരിച്ചു, അത്ര മാത്രം.

ഗ്വാട്ടിമാലയിൽ, ഒരു ഡോക്ടർ പോലുമില്ലാതിരുന്ന തദ്ദേശീയ സമൂഹങ്ങളിലേക്ക് ക്യൂബൻ ഡോക്ടർമാരെ അയയ്ക്കുന്ന 30 വർഷത്തോളം നീണ്ട പരിപാടി അമേരിക്കയുടെ നേരിട്ടുള്ള ഉപരോധംമൂലം നിർത്തലാക്കുകയാണ്. ഹോണ്ടുറാസ് 128 ക്യൂബൻ ഡോക്ടർമാരെ ആ രാജ്യത്തുനിന്നും പുറത്താക്കി. 7000ത്തോളം പേരുടെ അന്ധത നിവാരണത്തിനായുള്ള ചികിത്സാ പരിപാടി അതോടെ അവസാനിച്ചു. ഇതിനുമുമ്പ് ബ്രസീലിൽ 2018ലും ഇക്വഡോറിലും ബൊളീവിയയിലും 2019ലും ഇതേ രീതിയിൽ ചികിത്സാപരിപാടി റദ്ദാക്കപ്പെട്ടു. ക്യൂബൻ ഡോക്ടർമാരെ നിയമിക്കുന്നത് തുടരുന്ന ഏതൊരു സർക്കാർ ഉദേ-്യാഗസ്ഥന്റെയും വിസ റദ്ദുചെയ്യുമെന്ന് വാഷിങ്ടൺ ഭീഷണി മുഴക്കി. ബാർബഡോസ്, ട്രിനിഡാഡ് ആന്റ് ടൊബാഗോ, സെന്റ് വിൻസെന്റ് എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാർ പറഞ്ഞത്, തങ്ങളുടെ ആശുപത്രികൾ തുറന്നു പ്രവർത്തിപ്പിക്കുന്ന ക്യൂബൻ ഡോക്ടർമാരെ നഷ്ടപ്പെടുത്തുന്നതിനേക്കാൾ നല്ലത് അമേരിക്കൻ വിസ നഷ്ടപ്പെടുത്തുന്നതാണ് എന്നാണ്. രോഗികൾ തന്നെ പ്രക്ഷോഭങ്ങൾ നടത്തിയിട്ടും ഡോക്ടർമാരെ റദ്ദു ചെയ്യുകയുണ്ടായി. ഒരു ക്യൂബൻ ഡോക്ടർ അവരെ കണ്ടേക്കാം; ഒരുപക്ഷേ കണ്ടില്ലെന്നുവരാം. എന്തായാലും വാഷിങ്ടൺ ആണ് അവർക്കു വേണ്ടി തീരുമാനമെടുക്കുന്നത്!

ഉപരോധങ്ങൾപോലെയുള്ള ഏകപക്ഷീയമായ ബലപ്രയോഗ നടപടികളുമായി ബന്ധപ്പെട്ട് ലോകത്തെമ്പാടും പ്രതിവർഷം ഏതാണ്ട് 5,64000 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് 2025ൽ ദി ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. തടയാൻ കഴിയുമായിരുന്ന ഈ മരണങ്ങളിൽ പകുതിയിലേറെയും 5 വയസ്സിനു താഴെയുള്ള കുട്ടികളാണ്. ഉപരോധ വാഴ്ചകളെക്കുറിച്ച് നടത്തപ്പെട്ട ഒരു പഠനത്തിൽ പറയുന്നത്, ഏറ്റവും വലിയ മരണനിരക്ക് ഉണ്ടാക്കിയിട്ടുള്ളത് അമേരിക്കൻ ഉപരോധമാണ് എന്നാണ്. 1992 മുതൽ എല്ലാ വർഷവും യുഎൻ പൊതുസഭ ക്യൂബയ്ക്കെതിരായ അമേരിക്കൻ ഉപരോധത്തെ അപലപിച്ചുകൊണ്ട് വോട്ടുചെയ്തിട്ടുണ്ട്. 2024 ഒക്ടോബറിൽ രണ്ടിനെതിരെ 187 രാഷ്ട്രങ്ങൾ ക്യൂബയ്ക്കനുകൂലമായി വോട്ടുചെയ്തു. ലോകത്തിനെതിരെനിന്ന ആ രണ്ടു രാജ്യങ്ങൾ അമേരിക്കയും ഇസ്രയേലുമാണ്.

ക്യൂബയ്ക്ക് അതിന്റേതായ വെെരുധ്യങ്ങളും പരാജയങ്ങളുമുണ്ട്. ഞങ്ങൾക്കതറിയാം. അതേക്കുറിച്ച് പലപ്പോഴും ഞങ്ങൾക്കിടയിൽ ശക്തമായ സംവാദങ്ങൾ ഉണ്ടാകാറുണ്ട്. നിയമങ്ങൾക്കായുള്ള നിർദേശങ്ങൾ നാഷണൽ അസംബ്ലിയുടെ അംഗീകാരത്തിനായി അവതരിപ്പിക്കുംമുമ്പ് ഞങ്ങൾ ഞങ്ങളുടെ തൊഴിലിടങ്ങളിലും, അയൽപ്പക്കങ്ങളുമായും ഓൺലെെനിലൂടെയും അത് ചർച്ചചെയ്യുന്നു. സർക്കാരിനുമേൽ കൂടുതൽ സാമൂഹ്യനിയന്ത്രണം നേടിയെടുക്കുന്നതിൽ ഇനിയും നമ്മൾ മെച്ചപ്പെടേണ്ടതുണ്ട്. അത്തരം വെല്ലുവിളികൾ അതാത് സമയത്ത് നമ്മൾ തന്നെയാണ് നമ്മുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഹരിക്കേണ്ടത്. ഉദാഹരണത്തിന്, അറിയപ്പെടുന്ന നിരവധി സർക്കാർ ഉദ്യോഗസ്ഥർ അഴിമതിയുടെ പേരിൽ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അതൊന്നും ഒരു വിദേശശക്തി ഞങ്ങളുടെ തകർച്ച കൃത്രിമമായി സൃഷ്ടിക്കുന്നതിനും ഞങ്ങളുടെ വിഭവങ്ങൾ പിടിച്ചെടുക്കുന്നതിനും എന്നിട്ടതിനെ വിമോചനമെന്നു വിളിക്കുന്നതിനുമുള്ള ന്യായീകരണമല്ല.

ഞാൻ ഇവിടെ തുടരുന്നത് എന്തുകൊണ്ടാണെന്ന് ആളുകൾ ചോദിക്കുന്നു. അതിനുള്ള ഉത്തരം സങ്കീർണമല്ല. ഞാനൊരു ദേശസ്നേഹിയാണ്. വെറുമൊരു ലേബൽ എന്ന നിലയിലല്ല, മറിച്ച് ഒരു ജീവിതം എന്ന നിലയിലാണ്. എന്റെ കടമ, എന്റെ വീടിന്റെ മുൻവാതിലിലോ എന്റെ ആശുപത്രിയുടെ കവാടത്തിലോ എന്റെ രാജ്യത്തിന്റെ അതിർത്തിയിലോ അവസാനിക്കുന്നില്ല. എല്ലാവർക്കുമായി അവകാശപ്പെട്ട ഒരു രാജ്യത്തിലാണ് എനിക്ക് വിശ്വാസം. അല്ലാതെ പ്രതേ-്യകാവകാശമുള്ള ചുരുക്കം ചിലരുടെയല്ല. നമ്മളെല്ലാവരും കാണുന്നതിനേക്കാൾ വലുതായ ഒന്നിൽ ഞാൻ വിശ്വസിക്കുന്നു: ലാഭത്തിന്മേലല്ല, മറിച്ച് സാമൂഹ്യനീതിയിലും അന്തസ്സിലും ഓരോ മനുഷ്യരോടുമുള്ള ബഹുമാനത്തിലും കെട്ടിപ്പടുത്ത ഒരു സമൂഹത്തിന്റെ സാധ്യതയിലാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മളിലോരോരുത്തരുടെയും ഉള്ളിൽത്തന്നെയുള്ള സഹജമായ സാമർഥ്യം, നെെപുണ്യം, പ്രാഗൽഭ്യം, പ്രതിഭ എന്നിവയെ പുഷ്ടിപ്പെടുത്താനും പരസ്പരം സ്വതന്ത്രമായി പങ്കിടാനും അനുവദിക്കുന്ന ഒരു ആഗോള സമൂഹത്തിൽ ഞാൻ വിശ്വസിക്കുന്നു. നമ്മൾ ഇവിടെ കെട്ടിപ്പടുക്കുന്ന സമൂഹത്തിൽ, അത് അപൂർണവും ഉപരോധിക്കപ്പെട്ടത് ആണെങ്കിൽപോലും, ഞാൻ വിശ്വസിക്കുന്നു. എന്റെ രാജ്യത്തെക്കുറിച്ച് ഒരു ചുക്കുമറിയാത്ത വിദേശിയായ ഒരു രാഷ്ട്രീയക്കാരൻ, എന്റെ കുട്ടി ആഹാരം കഴിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ പാടില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നു. ഒരു വിദേശശക്തിക്കും ഈ ദ്വീപിൽ പ്രവേശിക്കാനും ഇവിടുത്തെ ജനങ്ങളെ വിശപ്പുകൊണ്ട് പൊള്ളിക്കാനും എന്നിട്ടതിനെ വിമോചനം എന്നു വിളിക്കാനും അവകാശമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ മാതൃരാജ്യത്തിന്റെ ചെറുത്തുനിൽപ്പിന് എന്തെല്ലാം ആവശ്യമാണോ അതെല്ലാം ഞാൻ നൽകും. ഇത് ധീരതയല്ല. പുലർച്ചെയിൽ എന്നെ കിടക്കയിൽനിന്ന് ഉണർത്തുന്ന അതേ ബോധ്യമാണ്. ഭയപ്പാടോടെ ഒരു രോഗി അർധരാത്രി എന്നെ ഫോണിൽ വിളിക്കുമ്പോൾ മറുപടി പറയാൻ എന്നെ പ്രേരിപ്പിക്കുന്ന അതേ ബോധ്യമാണ്; രണ്ടാഴ്ച മുമ്പ്, ഗ്യാസിനു ക്ഷാമമുണ്ടായിരുന്നപ്പോൾ പെട്രോളിനായി 23 മണിക്കൂർ എന്നെ ക്യൂവിൽ നിർത്തിയ അതേ ബോധ്യമാണ്.

ക്യൂബ, ആരെങ്കിലും വന്ന്, രക്ഷിക്കാൻ കാത്തുനിൽക്കുന്ന ഒരു രാജ്യമല്ല. ക്യൂബ, ബുദ്ധിയും തന്റേടവും മഹാമനസ്കതയും ഉൗർജസ്വലതയുമുള്ള ജനതയുടെ നാടാണ്. കഴിഞ്ഞ 62 വർഷമായി അവർ മുതലാളിത്തത്തിന്റെ വിപണിയാകാൻ തയ്യാറാകാതെ ഉറച്ചുനിന്നു. എന്റെ ശസ്ത്രക്രിയ അതിജീവിച്ച വൃദ്ധനാണ് ഞങ്ങൾ. മതിയായ ഐവി ഫ്ളൂയിഡില്ലാതെ നിർജ്ജലീകരണം സംഭവിച്ച 2 വയസ്സുള്ള കുട്ടിയാണ് ഞങ്ങൾ. അത്യപൂർവ വിഭവങ്ങൾ ലഭിക്കാൻ എല്ലാവരും അർഹരായിരിക്കുമ്പോഴും അത് എങ്ങനെ അനുവദിക്കണമെന്ന് തീരുമാനിക്കുന്ന ഡോക്ടറും ആശുപത്രി ഡയറക്ടറുമാണ് ഞങ്ങൾ. ക്യൂബ നൽകിയ ക്ലിനിക്കൽ ഉപകരണങ്ങളുമായി, യുദ്ധംകൊണ്ട് മുറിവേറ്റ തന്റെ രാജ്യത്തെ സുഖപ്പെടുത്താൻ വീട്ടിലേക്കു മടങ്ങുന്ന കോംഗോളിയൻ ഡോക്ടറാണ് ഞങ്ങൾ; കാരക്കാസിലെ ഒരു മേശവലിപ്പിൽ പതിറ്റാണ്ടുകളായി മാർട്ടി നാണയം സൂക്ഷിച്ചുവച്ചിരുന്ന, അതു നൽകാൻ ഒരു കാരണത്തിനായി കാത്തിരുന്ന ക്യൂബൻ പ്രവാസിയാണ് ഞങ്ങൾ. പിൻ സീറ്റു പങ്കിടുന്ന അപരിചിതരാണ് ഞങ്ങൾ. ഞങ്ങളിപ്പോഴും ഇവിടെത്തന്നെയുണ്ട്. ഇപ്പോഴും പഠിപ്പിക്കുന്നു. ഞങ്ങൾ ഇപ്പോഴും ശസ്ത്രക്രിയ നടത്തുന്നു. ഞങ്ങൾ കൂട്ടായി വിറകടുപ്പിൽ ആഹാരം പാകംചെയ്യുന്നു. ഇപ്പോഴും വെള്ളിയാഴ്ച രാത്രികളിൽ ഞങ്ങളുടെ കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്നു… l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 − 9 =

Most Popular